കൊച്ചു പുസ്തകം
(രചന: Vipin PG)
മഴ തകര്‍ത്ത് പെയ്യുകയാണ്. കരണ്ട് ഇല്ല. അമ്മ ഉറങ്ങീട്ടുമില്ല. അമ്മ ഉറങ്ങിയാലെ എന്തെങ്കിലും നടക്കൂ. പതിവില്ലാതെ നേരത്തെ ചോറ് ചോദിച്ചതില്‍ തന്നെ അമ്മയ്ക്ക് എന്തോ സംശയമുള്ളത് പോലെ തോന്നി.
കാരണം ആ സംശയത്തിന്റെ ഒരംശം മുഖത്ത് കണ്ടിരുന്നു. അമ്മ ഉറങ്ങുന്നത് വരെ ഉറങ്ങാതെ കിടന്നു. അമ്മ ഉറങ്ങുന്നത് അറിയാന്‍ പറ്റും. അമ്മ കൂര്‍ക്കം വലിക്കും. വലിയ താമസമുണ്ടായില്ല. അമ്മയുടെ കൂര്‍ക്കം വലി കേട്ട് തുടങ്ങി.
ഞാന്‍ പതിയെ എഴുന്നേറ്റു മണ്ണെണ്ണ വിളക്ക് കത്തിച്ചു. ശബ്ദമുണ്ടാക്കാതെ ബാഗ് തുറന്നു. ബയോളജി ടെക്സ്റ്റ് ബുക്കിന്റെ ഇടയില്‍ വച്ച കൊച്ചു പുസ്തകം കൈയ്യില്‍ എടുത്തു. മുത്തുച്ചിപ്പി.
ഇതിനു പ്രത്യേകത രണ്ടാണ്. ഒന്ന് പിള്ളേരെ കൊരിത്തരിപ്പികാനുള്ള കഥകള്‍. രണ്ടു കളര്‍ ഫുള്‍ ചിത്രങ്ങള്‍.
ചിത്രങ്ങളാണ് എന്റെ മെയിന്‍. കഥ വായിക്കാന്‍ ഇഷ്ടമല്ല. ഇതിലെ കഥകള്‍ വായിച്ചാല്‍ വഴി തെറ്റി പോകുമെന്നാണ് ഈ ബുക്ക് തന്ന ചേട്ടായി പറഞ്ഞെ.
മുത്തുച്ചിപ്പി തുറന്ന് പേജുകള്‍ ഒന്നൊന്നായി മറിച്ചു. എഴുതിയതൊന്നും വായിച്ചില്ല… നല്ല കളര്‍ ഫുള്‍ ചിത്രങ്ങള്‍. ചിത്രങ്ങളില്‍ മുഴുകി ഇരിക്കുമ്പോഴതാ വാതില്‍ ,മുട്ടുന്ന ശബ്ദം. അമ്മയാണ്,, അമ്മ എണീറ്റോ. ബുക്ക് പെട്ടെന്ന് ബാഗില്‍ തന്നെ വച്ച് ഞാന്‍ വാതില്‍ തുറന്നു.
“ എന്തെ”
“ എന്താ വെളിച്ചം കാണുന്നെ.. വിളക്ക് ഊതീലെ”
“ ഒറക്കം വന്നില്ല.. ബുക്ക് വായിക്കലായിരുന്നു”
“ ഏത് ബുക്ക്”
ആ ചോദ്യത്തില്‍ ഒന്ന് ഞെട്ടിയെങ്കിലും പതറാതെ പിടിച്ചു നിന്നു.
“ ബയോളജി”
“ മീറ്റിംഗ് വന്നപ്പോ ഹിന്ദിക്ക് പുറകോട്ടാന്നല്ലേ ടീച്ചര്‍ പറഞ്ഞെ.. ഹിന്ദി എടുത്ത് പഠിക്ക്”
ആ എന്നൊരു മറുപടി മാത്രം പറഞ്ഞ് ഞാന്‍ വാതിലടച്ചു. എന്നിട്ട് ബാഗ് തുറന്ന് ഹിന്ദി ടെക്സ്റ്റ് എടുത്ത് അതിന്റെയുള്ളില് ഈ ബുക്ക് വച്ചു. സമയം കടന്നു പോയതറിഞ്ഞില്ല.
“ വിളക്ക് ഊതെടാ,, ബാക്കി നാളെ പഠിക്കാം”
എന്ന് അമ്മ ഉറക്കെ വിളിച്ചു പറഞ്ഞപ്പോഴാണ് സമയം നോക്കിയത്. ഇന്നത്തെ വായന ശരിയായില്ല. നാളെ എന്തെങ്കിലും പറഞ്ഞ് സ്കൂള്‍ ലീവാക്കാം. എന്നിട്ട് സമാധാനത്തില്‍ ഇരുന്ന് വായിക്കാം.
നേരം വെളുത്തപ്പോള്‍ തൊട്ട് ഇല്ലാത്ത ചുമ ചുമച്ച് ചുമയാണെന്ന് വരുത്തി. എനിക്ക് ചുമ വന്നാല്‍ പോകാന്‍ പാടാണ്.
നിര്‍ത്താതെ ചുമയ്ക്കും. അങ്ങനെ ഇന്ന് പോണ്ട എന്ന് പറഞ്ഞ് അമ്മ പണിക്ക് പോയി. അന്നത്തെ ദിവസം കളര്‍ഫുള്‍ ആയിരുന്നു. അന്ന് പകല്‍ മുഴുവന്‍ ആ ബുക്കുമായി നടന്നു.
വെള്ളം വേണ്ട ഭക്ഷണം വേണ്ട. അന്ന് ആ പതിനാലു കാരന് അവന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ദിവസങ്ങളില്‍ ഒന്നായി. അമ്മ വരുന്നെന്നു മുന്നേ ബുക്ക് എടുത്ത് ബയോളജി ടെക്സ്റ്റ് ന്റെ ഉള്ളില്‍ തന്നെ വച്ചു.
പക്ഷെ വൈകിട്ട് അമ്മയെ കൂടാതെ അമ്മാവനും അമ്മാവന്റെ മോളും വീട്ടില്‍ വന്നു. ഞാനും അവളും സമപ്രായക്കാരാണ്. വന്നു കയറിയ സമയം തൊട്ട് അവള് സ്കൂളിലെ കാര്യങ്ങള്‍ പറഞ്ഞ് തുടങ്ങി.
കേള്‍ക്കാതെ നിവര്‍ത്തിയില്ല. ഞാന്‍ ഓരോന്നിനും മൂളിക്കൊടുത്തു. ഓരോ അതിന്റെ ഇടയില്‍ ഉപദേശി അമ്മാവന് വന്ന് ഉപദേശവും തുടങ്ങി.
മോനെ നീ അങ്ങനെ ചെയ്യാന്‍ പാടില്ല നീ ഇങ്ങനെ ചെയ്യാന്‍ പാടില്ല,,, വഴി തെറ്റിക്കാന്‍ പലരും ശ്രമിക്കും,, അതിനൊന്നും നിന്ന് കൊടുക്കാന്‍ പാടില്ല.
ഉപദേശം നീണ്ടപ്പോള്‍ ഉള്ളു കത്താന്‍ തുടങ്ങി. അമ്മാവന് എന്ത് പറയുന്നോ അതിന്റെ നേരെ വിപരീതമാണ് കാര്യങ്ങള്‍. പെട്ടെന്ന് തലയില്‍ ആണിയടിച്ച പോലെ അവള് കേറി വന്നു
“ ഡാ,, നിന്റെ ബയോളജി ടെക്സ്റ്റ് ഒന്ന് തന്നെ”
ബയോളജി എന്ന് കേട്ടപ്പോള്‍ ചങ്ക് കത്തി പോയി. എങ്ങനെയെടുക്കും. അമ്മാവന് റൂമിലുണ്ട്. കൈ വിറയ്ക്കാന്‍ തുടങ്ങി.
കാലു വിറയ്ക്കാന്‍ തുടങ്ങി. എടുക്കാണ്ട് നിവര്‍ത്തിയില്ല. ബാഗ് തുറന്ന ഞാന്‍ ബയോളജി ടെക്സ്റ്റ് തുറന്ന് കഥാ ബുക്ക് മെല്ലെ എടുത്ത് മാറ്റി. എന്നിട്ട് വല്ലാത്തൊരു ചിരിയും വാരിത്തേച്ച് ടെക്സ്റ്റ് അവള്‍ക്ക് കൊടുത്തു.
“ ഈ മരപ്പട്ടിക്ക് വേറൊരു ടെക്സ്റ്റും ചോദിക്കാന്‍ കണ്ടില്ലേ” അവള് ബയോളജി ടെക്സ്റ്റ് കൊണ്ട് പോയി. തൊട്ട് പുറകെ അമ്മാവന്
“ നല്ല ബാഗാണല്ലോ.. എവിടുന്നാ മേടിച്ചേ”
“ ഇരിട്ടീന്ന്”
ആരെന്ത് ചോദിച്ചാലും ഞെട്ടനാണല്ലോ വിധി എന്റെ ദൈവമേ. ഇവര്‍ക്ക് വരാന്‍ കണ്ട ദിവസം.
കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ ചോറ് തിന്നാന്‍ വിളിച്ചു. ചെന്നിരുന്ന പാടെ അമ്മയുടെ ചോദ്യം
“ ചുമ കുറഞ്ഞോ”
“ അതിന് ഇവന് ചുമയുണ്ടോ”
അമ്മാവന്റെ വക
“ നീ ചുമക്കുന്നത് ഒന്നും കേട്ടില്ലല്ലോ”
അവളുടെ വക
“ കുറഞ്ഞു”
ആ ഒരൊറ്റ വാക്കില്‍ ഞാന്‍ നിര്‍ത്തി. എന്റെ ദൈവമേ ഈ രാത്രിയോന്നു വെളുത്ത് കിട്ടിയാല്‍ ഇവരെ പറഞ്ഞ് വിടായിരുന്നു.
ചോറ് തിന്ന് അമ്മാവനും ഞാനും ഒരുമിച്ചു കിടന്നു. അന്ന് രാത്രി തന്നെ രണ്ടു തവണ അമ്മാവന് കഥാ ബുക്ക് കണ്ടു പിടിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു.
മതി മറന്ന് ആഘോഷിച്ച ഒരു പകലിനു ശേഷം ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു രാത്രിയും അന്ന് തന്നെ കിട്ടി. തിരിഞ്ഞു കിടന്നു മറിഞ്ഞു കിടന്നു.
ഉറക്കം വരുന്നില്ല. എങ്ങനെയെങ്കിലും നേരം വെളുത്താല്‍ സ്കൂളില്‍ പോകണം. ഈ സാധനം തിരിച്ചു കൊടുത്താല്‍ പ്രശ്നം തീര്‍ന്നു.
സാധാരണ എഴുന്നേല്ക്കുന്നതിനെക്കാള് നേരത്തെ എഴുന്നേറ്റ ഞാന്‍ സ്കൂളില്‍ പോകാനുള്ള സകല പരിപാടികളും ഓടി നടന്നു ചെയ്യുകയാണ്. പക്ഷെ മാമന്റെ മോള് ഇതുവരെ കിടന്നിടത്ത് നിന്ന് എഴുന്നേറ്റില്ല.
ഇവള്‍ക്ക് ഇതെന്താ പറ്റിയെ ഇവള് സ്കൂളില്‍ പോകുന്നില്ലേ എന്നൊക്കെ ചിന്തിച്ചു വന്നപ്പോഴാണ് ഇന്ന് ശനിയാഴ്ചയാണ് എന്ന് അമ്മയുടെയും മാമന്റെയും സംസാരത്തില്‍ നിന്ന് മനസ്സിലായത്. ഞാന്‍ നിന്ന് കത്താന്‍ തുടങ്ങി.
ഇവള് ചിലപ്പോള്‍ ഇനി നാളെ വൈകിട്ടെ പോകൂ. അതല്ല ശരിക്കും പ്രശ്നം. ഈ ബുക്ക് തന്ന ചേട്ടായിക്ക് ഇത് പിറ്റേന്ന് കൊടുക്കാമെന്നു പറഞ്ഞതാണ്. എന്റെ ദൈവമേ ആകെ പെട്ടല്ലോ.
എന്ത് ചെയ്യുമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോള്‍ അതാ ബുക്ക് തന്ന ചേട്ടായി സൈക്കിളും കൊണ്ട് റോഡില്‍ വന്നു നില്ക്കുന്നു.
ഞാന്‍ പെട്ടെന്ന് റോഡിലേയ്ക്ക് ഓടി ചെന്നു. ഉണ്ടായ സംഭവം മുഴുവന്‍ പറഞ്ഞു. വിശ്വാസമാകും വിധം മാമന്റെ മോള് മുറ്റത്തൂടെ നടന്നു വരുന്നത് ചേട്ടായി കാണുകേം ചെയ്തു.
“ ഞാന്‍ കുറച്ചു കഴിയുമ്പോ വരും.. നീ അത് എങ്ങനേലും എനിക്ക് എടുത്ത് തരണം.. അത് വേറെ ഒരാള്‍ക്ക് കൊടുക്കാനുള്ളതാണ്”
അതിന്റെ ഇടയില്‍ അമ്മയും അമ്മാവനും പണിക്ക് പോയി. ഇനി അവളാണ് സീന്‍. ഞാന്‍ റൂമില്‍ കയറി ചേട്ടായി വരുന്നതും നോക്കിയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ പുറത്ത് റോഡില്‍ ബെല്ലടി ശബ്ദം കേട്ടു. ബാഗില്‍ നിന്ന് കഥാ ബുക്ക് എടുത്ത ഞാന്‍ അത് ഷര്‍ട്ടിന്റെ ഉള്ളില്‍ ഇട്ട് കൊണ്ട് പുറത്തിറങ്ങി. അവളതാ മുന്നില്‍ നില്ക്കുന്നു.
“ എന്താടാ”
“എനിക്ക് ട്യൂഷന് പറഞ്ഞ് തരുന്ന ചേട്ടായിയാ,, ഞാന്‍ പോയി കണ്ടിട്ട് വരാം”
“ അതിനു നീ ട്യൂഷന് പോകുന്നുണ്ടോ”
“ എപ്പോഴും പോകില്ല… സം സംശയമുള്ളത് ചോദിച്ചാല്‍ ചേട്ടായി നോട്ട്സ് തരും.. അത് പഠിച്ചാ മതി.. ഞാന്‍ പോയിട്ട് വരാം”
അവളുടെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ ഇറങ്ങി ഓടി.
റോഡില്‍ ചെന്ന് ആരും കാണാതെ ബുക്ക് കൊടുത്തു.ചേട്ടായി സമാധാനത്തോടെ അതുംകൊണ്ട് പോയി. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അവള് പുറകിലുണ്ട്.
അവള് എന്നെ നോക്കി ഒരു ചിരി ചിരി ചിരിച്ചു. അതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. ഒറ്റയ്ക്ക് കിട്ടുമ്പോഴും ആള്‍ക്കൂട്ടത്തിലും പലപ്പോഴും അവള് ആ ചിരി ചിരിക്കാറുണ്ട്.