ഉള്ള ജോലിയും കളഞ്ഞു വീട്ടിൽ ഇരിക്കുന്ന ഭർത്താവിനെ നോക്കി നെടുവീർപ്പിട്ടു പ്രേമ, പറയാൻ മാത്രം വലിയ ജോലി..

(രചന: J. K)

ഉള്ള ജോലിയും കളഞ്ഞു വീട്ടിൽ ഇരിക്കുന്ന ഭർത്താവിനെ നോക്കി നെടുവീർപ്പിട്ടു പ്രേമ…..

പറയാൻ മാത്രം വലിയ ജോലി ഒന്നും ആയിരുന്നില്ല… ഒരു ഹോട്ടലിൽ ആയിരുന്നു..

എന്നാലും പഠിക്കുന്ന രണ്ട് മക്കളും വയ്യാത്ത അച്ഛനും ഉള്ളിടത്ത് അതും ഒരാശ്വാസം ആയിരുന്നു…

പ്രേമക്കു അംഗനവാടിയിൽ സഹായിയുടെ ജോലി ആണ് അതും താൽക്കാലികം…

അവിടെ നിന്നും കിട്ടുന്ന വരുമാനവും പിന്നെ രണ്ടു കറവ ഉള്ള പശുക്കളും ഉള്ളോണ്ട് തട്ടി മുട്ടി പോകുന്നു.. ഒപ്പം ചെറുതെങ്കിലും സോമന്റെയും വരുമാനം അത്യാവശ്യമായിരുന്നു അവിടെ.

മഴക്കാലത്ത് ചോരുന്ന വീട് ഒന്നു പുതുക്കി പണിതതിന്റെ കടം ഇപ്പോഴും വിട്ടിട്ടില്ല…

അതും അച്ഛന്റെ അസുഖത്തിന് ചികിത്സയും മക്കളുടെ ആവശ്യങ്ങളും ചിട്ടിയും എല്ലാം കൂടി കഴിഞ്ഞാൽ പിന്നെ മിച്ചം ഒന്നും കാണില്ല അതിനിടയിലാണ് ഹോട്ടലിൽ കള്ളുകുടിച്ച് കയറിച്ചെന്നു ജോലിയും കളഞ്ഞു അയാൾ ഇവിടെ വന്നു നിൽക്കുന്നത്….

പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല എന്നതുകൊണ്ടുതന്നെ പ്രേമ മിണ്ടാൻ പോയില്ല….ഹോട്ടലിലെ ജോലി പോയിട്ടും കുടിക്കാൻ പൈസ കിട്ടുന്നുണ്ട് സോമന്… എന്നും വൈകുന്നേരമായാൽ നാലുകാലിൽ കയറിവരുന്നത് കാണാം..

പ്രമയെ ഇത്തിരി ഭയമുണ്ട് അതുകൊണ്ടുതന്നെ വലിയ പ്രശ്നമില്ല കുടിച്ചു വന്ന് അവിടെ എവിടെലും കിടന്ന് ഉറങ്ങിക്കോളും…. വിവാഹം കഴിക്കുമ്പോൾ ദുബായിലാണ് ജോലി എന്ന് പറഞ്ഞായിരുന്നു വന്നത്..

അതുകൊണ്ട് തന്നെയാണ് കെട്ടിച്ചു വിട്ടത് വിവാഹം കഴിഞ്ഞ് ഒരു തവണ പോയി പിന്നെ പോയിട്ടില്ല… പോയിട്ടും വലിയ പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല നാട്ടിലേക്ക് ഒരു രൂപ പോലും അയാൾ അയച്ചില്ല…

അയാളുടെ വീട്ടിൽ അമ്മയും വിവാഹം കഴിച്ചിട്ടും അവിടെനിന്ന് ബന്ധം പിരിഞ്ഞു വന്നു നിൽക്കുന്ന ഒരു പെങ്ങളും അവരുടെ രണ്ട് കുട്ടികളും ആണ് ഉണ്ടായിരുന്നത് അവരുമായി ഒത്തു പോകാത്തതുകൊണ്ട് സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ചു പോന്നു പ്രേമ…

വയ്യാതെ കിടക്കുന്ന അമ്മയെയും അച്ഛനെ നോക്കാൻ കഴിയില്ല എന്ന് പറഞ്ഞു ആങ്ങള പഴയ ഇടിഞ്ഞു പൊളിയാറായ തറവാട് അവൾക്ക് നൽകി വേറെ വീട് വെച്ചു മാറി…

നാട്ടിലെത്തിയ സോമനും അവരുടെ കൂടെ കൂടി…

ഇതിനിടയിൽ രണ്ട് ആൺകുട്ടികളും..

പഴകിദ്രവിച്ച വീടിന്റെ ഓരോ ഭാഗമായി ഇടിഞ്ഞു വീഴാൻ തുടങ്ങി.. ഇനി പുതുക്കി പണിയാതെ ആ വീട്ടിൽ താമസിക്കാൻ കഴിയില്ലായിരുന്നു അതുകൊണ്ടുതന്നെയാണ് കിട്ടുന്ന ഇടത്തു നിന്നെല്ലാം കടംവാങ്ങി വീട് പുതുക്കിപ്പണിത് താമസിക്കാമെന്ന രൂപത്തിൽ ആക്കി മാറ്റിയത്….

നാട്ടിൽ വന്ന് ആദ്യകാലത്തൊന്നും അയാൾ ഒരു ജോലിക്കും പോയില്ല

നാലോ അഞ്ചോ ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ ഒരു കൈത്തൊഴിലും അറിയില്ല അങ്ങനെ ഒരാൾക്ക് നാട്ടിൽ എന്ത് ജോലി കിട്ടാൻ ആണ്…. അതുകൊണ്ട് തന്നെ പ്രേമം ആരോടൊക്കെയോ പറഞ്ഞപ്പോൾ ഒരു ഹോട്ടലിൽ സപ്ലയർ ആയിട്ട് ജോലി കിട്ടി…

അന്നത്തെ ചെലവ് കഴിഞ്ഞ് 300 രൂപ കിട്ടും…

അത് വലിയൊരു അനുഗ്രഹമായിരുന്നു…
പക്ഷേ അയാൾ അതിലും ശരിയായി പോകില്ല… പലയിടത്തുനിന്നും കുറെ പ്രശ്നങ്ങൾ ഉണ്ടാക്കി പോരും… ഒടുവിൽ അവിടെ ജോലി ആക്കി കൊടുത്തവർ പ്രേമക്ക് ശത്രുക്കളായി മാറും അങ്ങനെ കുറേ അനുഭവിച്ചു പ്രേമ….

ഒടുവിൽ അന്ത്യശാസനം നൽകിയാണ് ഈ പറഞ്ഞ ഹോട്ടലിൽ കൊണ്ടാക്കിയത് ഇനി അവിടെ നിന്നും പോന്നാൽ പിന്നെ വേറെ മാർഗം ഇല്ലാ എന്ന് ആവും വിധം അയാളെ പറഞ്ഞു മനസ്സിലാക്കിയതാണ്..

എന്നിട്ടാണ് അവിടെയും പ്രശ്നം ഉണ്ടാക്കി വീട്ടിൽ വന്നിരിക്കുന്നത്… ജോലിയില്ലാതെ ഒരു അഭയാർത്ഥി യെ പോലെ അവിടെ നിൽക്കാൻ അയാൾക്ക് ഒരു നാണവും ഇല്ല….

ഇനി അയാളോട് ഒന്നും പറയില്ല എന്ന് പ്രേമ തീരുമാനിച്ചതായിരുന്നു പറഞ്ഞിട്ട് പ്രയോജനമില്ല എന്ന് അറിയുന്നത് കൊണ്ട്… അതുകൊണ്ടുതന്നെ അയാളോട് മിണ്ടാനെ പോകാറില്ല…..

കൂടുതൽ അധ്വാനിച്ച് എല്ലാത്തിനുമുള്ള പണം അവൾ തന്നെ കണ്ടെത്തി… വീട് പുതുക്കി പണിയാൻ എടുത്ത ലോൺലേക്ക് തിരിച്ചടയ്ക്കാനുള്ള പണം ഒരു കുടുക്കയിൽ ആണ് ഇട്ട് വച്ചിരുന്നത്…

അടുത്തമാസം ഇനി എന്തെങ്കിലും കാരണം കൊണ്ട് പണം കിട്ടാതെ വന്നാലോ എന്ന് കരുതി കൃത്യം പണം ആയിരുന്നില്ല അവൾ അതിൽ ഇട്ടിട്ട് ഉണ്ടായിരുന്നത് മിച്ചം പിടിച്ചു കൂടുതൽ പണം ഇട്ടിരുന്നു….

അതിലെ പണം കുറഞ്ഞു വരുന്നത് പോലെ തോന്നി… ഇതുവരെയും എണ്ണി തിട്ടപ്പെടുത്താതെ ഏകദേശം ഒരു രൂപം വെച്ച് ആയിരുന്നു അതിലിട്ടിരുന്നത്..

സോമൻ എടുക്കുന്നുണ്ടോ എന്ന് സംശയം തോന്നി അവിടെ നിന്നും മാറ്റി വച്ചു നോക്കി..
ഇത്തവണ എണ്ണിത്തിട്ടപ്പെടുത്താൻ മറന്നില്ല…

ഉണ്ട് അതിലെ പണം കുറഞ്ഞുവരുന്നുണ്ട്..

പ്രേമയ്ക്ക് സങ്കടവും ദേഷ്യവും ഒക്കെ തോന്നി സ്വന്തമായി ഒരു ജോലിക്ക് പോവില്ല ബാക്കിയുള്ളവർ ഒരു നേരം പോലും വെറുതെ ഇരിക്കാതെ കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ കട്ട് എടുത്ത് കുടിച്ചു വരികയും ചെയ്യുന്നു….

ഒന്നും മിണ്ടാതെ അന്നും അവൾ പരിപാടിയിലേക്ക് ജോലിക്കായി പോയി അംഗനവാടിയിലേക്ക് ഇറങ്ങി..

ഇന്ന് ഇത്തിരി നേരത്തെ ഇറങ്ങണം എന്ന് പറഞ്ഞിരുന്നു ടീച്ചരോട് അവൾ… അങ്ങനെ നേരത്തെ തിരികെ വീട്ടിലേക്ക് പോന്നു അപ്പോഴാണ് കവലയിൽ നിന്ന് അടി ഉണ്ടാകുന്ന അയാളെ അവൾ കണ്ടത്….

ഉടുതുണി പോലും ഇല്ലാതെ, കേട്ടാൽ അറക്കുന്ന തെറിയും വിളിച്ചു അയാൾ…

നുരഞ്ഞു പൊന്തി വന്ന ദേഷ്യം അജി അവൾ വീട്ടിലേക്ക് നടന്നു അയാൾ വരുന്നവരെയും കാത്തിരുന്നു…. ഏറെ താമസിയാതെ അയാളെത്തി… കള്ളുകുടിച്ച് ബോധമില്ലാതെ നാലുകാലിൽ…

കരുതിവച്ചിരുന്ന ഉലക്ക പുറത്തെടുത്തു അവൾ…അവൾ തളർന്നു വീഴും വരെ അയാളെ പൊതിരെ തല്ലി… കയ്യിലെയും കാലിന്റെയും ഒക്കെ എല്ല് ഒടിഞ്ഞു തൂങ്ങി….

അവൾ തന്നെ അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സിച്ചു…. എല്ലാം മാറി നടക്കാം എന്നായപ്പോൾ ഒരു ജോലിയും മേടിച്ചു കൊടുത്തു….ഇനി അയാൾ തങ്ങളുടെ കൂടെ വേണ്ട എന്നും ഇറങ്ങിക്കൊള്ളാനും പറഞ്ഞു അതിനുശേഷം….

ഇനി ആവർത്തിക്കില്ല കുടിക്കില്ല എന്നൊക്കെ ആണയിട്ട് പറഞ്ഞു അയാൾ പക്ഷേ അതൊന്നും കേൾക്കാൻ അവൾ കൂട്ടാക്കിയില്ല…

അയാളോട് അവിടെ നിന്നും ഇറങ്ങാൻ പറഞ്ഞു ഒറ്റക്കാലിൽ നിന്നു….

അയാൾക്ക് കൂടുതലായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല കാരണം അത് അവളുടെ വീട് ആയിരുന്നു അവിടെ അധ്വാനിച്ചു കൊണ്ടുവരുന്നതും അവൾ ആയിരുന്നു അയാൾക്ക് അവിടെ ഒരു സ്ഥാനവും ഇല്ല എന്ന സത്യം അയാൾ തിരിച്ചറിഞ്ഞു….

ഒപ്പം ഇത്രയും നാളും അവളെപ്പറ്റിച്ചു ജീവിച്ചതിൽ കുറ്റബോധവും….

പടിയിറങ്ങി പോകുമ്പോൾ അയാളുടെ മിഴികൾ നനയുന്നുണ്ടായിരുന്നു ഇത്രയും നാളും ഒരു മനുഷ്യനെ പോലെ അല്ലാതെ ഒരു മൃഗത്തെ പോലെ ജീവിച്ചതിൽ…

അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല കുറെ അവസരങ്ങൾ തന്നതാണ് നന്നാവാൻ….. നന്നായില്ല മാത്രവുമല്ല അവൾക്ക് ദ്രോഹവും ചെയ്തു ഇനിയും അവളുടെ കരുണയ്ക്കായി കാത്തു നിൽക്കുന്നത് ശരിയല്ല… അതുകൊണ്ട് നടന്നകന്നു…

ജീവിതം അങ്ങനെയാണ് എപ്പോഴും ഒരു രണ്ടാം ചാൻസ് കിട്ടിക്കൊള്ളണമെന്നില്ല നമുക്ക്… അതുകൊണ്ടുതന്നെ സ്വയം ഒന്ന് ഇരുത്തി ചിന്തിക്കുക എന്തൊരു കാര്യത്തിലും ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന്….

Leave a Reply

Your email address will not be published. Required fields are marked *