എന്നിട്ടും പഴി എന്റെ ഭാര്യയ്ക്ക് ആയിരുന്നു, അവനു സ്വന്തം അമ്മയേക്കാൾ വലുത് ഭാര്യയാണെന്നാണ്..

മാലാഖയും രാജകുമാരിയും
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)

അരുൺ എന്ത് പറ്റി നീ എന്തോ വിഷമത്തിലാണോ എന്താ ഇത്രയും ചിന്തിയ്ക്കാൻ….

ഒന്നുമില്ല ജോസഫ് ചേട്ടാ…

അതല്ല കഴിഞ്ഞ എട്ടു വർഷമായി നിന്നെ കാണുന്നു ഒരുമിച്ചു ഈ മുറിയിൽ കഴിയുന്നു. സുഖവും ദുഃഖവും നമ്മൾ ഒരുമിച്ചു പങ്കിട്ടു…

അത് കൊണ്ട് നീ എന്തെങ്കിലുമുണ്ടെങ്കിൽ പറയൂ നമുക്ക് പരിഹാരമുണ്ടാക്കാം..

നീ എന്റെ കൂടെ വരും മുൻപ് എത്രയോ മലയാളികൾ എന്റെ കൂടെ താമസിച്ചു . ചിലർ വേറെ സ്ഥലങ്ങളിലേയ്ക്ക് ജോലി മാറിപ്പോയി. മറ്റു ചിലർ ഈ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങി .

അങ്ങനെ ഒറ്റപ്പെടലുമായി ജീവിയ്ക്കുന്ന സമയത്താണ് നീ വന്നത് സത്യം പറയാം അരുൺ നീ കൂട്ടിനു ഇല്ലായിരുന്നെങ്കിൽ ഞാനും നാട്ടിലേയ്ക്ക് മടങ്ങിയേനെ..

ജോസഫ് ചേട്ടാ വേറെ ഒന്നുമല്ല ഞാൻ ഒന്നും ഒളിച്ചു വെച്ചതുമല്ല..

എന്റെ സ്വന്തം ചേട്ടന്മാർ പോലും ഏട്ടനെപ്പോലെ എന്നെ സ്നേഹിച്ചിട്ടില്ല… കാരണം അവർക്കൊന്നും എന്നെ ആവശ്യമില്ല എന്റെ പണം മാത്രം മതി..

ഞാൻ അങ്ങോട്ട്‌ ചെല്ലുമ്പോൾ എല്ലാവരുടെയും സ്വീകരണം നല്ലതായിരിയ്ക്കും കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ

എല്ലാവർക്കും ഞാൻ വീണ്ടുമൊരു അധികപ്പറ്റാകും അപ്പോൾ പെട്ടെന്ന് ഇങ്ങോട്ട് പോന്നാൽ മതിയെന്ന് തോന്നും….

ഈ എട്ടു വർഷം കൊണ്ട് കുടുംബം രക്ഷപ്പെട്ടു.. പെങ്ങളുടെ കല്യാണം കഴിഞ്ഞു ചേട്ടന് സ്വന്തമായി ഒരു വർക്ക്‌ ഷോപ്പ് ഇട്ടു കൊടുത്തു…..

എല്ലാവർക്കും എല്ലാം കൊടുത്തു കഴിഞ്ഞപ്പോൾ ഞാൻ എനിക്കായി കാത്തിരുന്നവളെ കല്യാണം കഴിച്ചു
അതോടു കൂടി കുടുംബത്തിൽ
എല്ലാവർക്കും ഞാൻ വെറുക്കപ്പെട്ടവനായി…..

അമ്മയും അച്ഛനും നഷ്ടപ്പെട്ട എനിക്ക് ഈ ജീവിതത്തിൽ അവൾ കൂടി ഇല്ലായിരുന്നുവെങ്കിലുള്ള അവസ്ഥ ചിന്തിയ്ക്കാൻ കൂടി പറ്റുമായിരുന്നില്ല… അത്രയും നല്ലവളാണ് എന്റെ ഗൗരി….

ചേട്ടന് അറിയാമോ.. മൂന്ന് വർഷങ്ങൾ കഴിഞ്ഞു ഞാൻ നാട്ടിലേയ്ക്ക് പോയിട്ട്

എന്റെ മോളുടെ മുഖം അവളുടെ പേരിടൽ ചടങ്ങിന് കണ്ടതാണ് പിന്നീട് അവളെയൊന്നു നേരെ കാണാൻ പറ്റിയിട്ടില്ല….

അവൾക്കായി വാങ്ങി വെച്ചിരിയ്ക്കുന്ന കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും ആഭരങ്ങളുമാണ് ഒരു ബോക്സ്‌ നിറയെ.

ഇത്തവണ നാട്ടിൽ പോകണമെന്ന് കരുതിയിരുന്നപ്പോളാണ് കഷ്ടകാലം വൈറസിന്റെ രൂപത്തിൽ വന്നത് അതോടെ ആ ആഗ്രഹവും ഉപേക്ഷിച്ചു..

ഇനി നാട്ടിൽ പോയാൽ തന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞാലേ എനിക്ക് അവളെയൊന്നു കാണാനും എടുത്തൊന്ന് ലാളിക്കാനും ഉമ്മ കൊടുക്കാനും പറ്റൂ…..

ചേട്ടന് അറിയാമോ ഇന്ന് ഗൗരിയുടെയും മോളുടെയും പിറന്നാളാണ്..

അവർക്കൊപ്പം വേണം എന്ന് ഞാൻ ആഗ്രഹിച്ച ദിവസം. എല്ലാം നഷ്ടമായി..

സാരമില്ലെടാ ഇതൊക്കെ നമ്മൾ പ്രവാസികളുടെ ജീവിതത്തിൽ പതിവാണ്. എന്റെ കുടുംബത്തിലെ പല ചടങ്ങുകൾക്കും എനിക്ക് പങ്കെടുക്കാൻ പറ്റിയില്ല..

എന്തിനാ കൂടുതൽ പറയുന്നത്. അമ്മച്ചിയുടെ മരിയ്ക്കും മുൻപ് ഒന്ന് കാണാൻ കൂടി എനിക്ക് കഴിഞ്ഞിട്ടില്ല.. എല്ലാം വിധി….

എന്നിട്ടും പഴി എന്റെ ഭാര്യയ്ക്ക് ആയിരുന്നു അവനു സ്വന്തം അമ്മയേക്കാൾ വലുത് ഭാര്യയാണെന്നാണ് നാട്ടിൽ പെങ്ങളുമാർ പറഞ്ഞു നടക്കുന്നത്.. നമ്മുടെ ജീവിതം നമുക്കല്ലേ അറിയൂ….

എന്തായാലും നീ സമാധാനമായി ഇരിയ്ക്കൂ. ഭാര്യക്കും മോൾക്കും അസുഖങ്ങൾ ഒന്നുമില്ലാതെ ആരോഗ്യത്തോടെയിരിക്കാൻ പ്രാർത്ഥിക്കൂ..

എന്നിട്ട് ആ മൊബൈൽ എടുത്തു അവരെയൊന്നു വിളിക്കൂ..

ശരിയാണ് ഏട്ടാ ചിലപ്പോൾ ഭക്ഷണം കൂടി കഴിയ്ക്കാതെ എന്റെ വിളിയും കാത്തിരിക്കുന്നുണ്ടാവും ഗൗരിയും മോളും..

ഇത് തന്നെയാടാ നിനക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും നല്ല സമ്പാദ്യം നിന്നെ മനസ്സിലാക്കുന്ന നിനക്കായി കാത്തിരിക്കുന്ന രണ്ടു മനസ്സുകൾ.. അവരുടെ സ്നേഹത്തോളം. വരില്ല വേറെയൊന്നും..

അത് ശരിയാണ് . ഈ കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിൽ നിന്നും തിരിച്ചു നാട്ടിലെത്തുമ്പോൾ ആകെയുള്ള ഒരു ആശ്വാസം അതാണ് എന്റെ മാലാഖയും രാജകുമാരിയും..

അത് തന്നെ ഞാൻ നേടിയ ഏറ്റവും വലിയ പുണ്യവും…

അച്ഛന്റെ രാജകുമാരി അധികം വൈകാതെ നിനക്കുള്ള ചോക്ലേറ്റും കുട്ടിയുടപ്പുകളും സമ്മാനങ്ങളുമായി അച്ഛന് നിന്റെ അരികിൽ പറന്നെത്തും..

Leave a Reply

Your email address will not be published. Required fields are marked *