ചേട്ടായീ ഇന്ന് നമ്മുടെ ആനിവേഴ്സറിയല്ലേ, മറുപടി കാണാ തായപ്പോൾ അവൾ റൂമിലേക്ക്..

മുട്ടപപ്പ്സ്
(രചന: ഷെർബിൻ ആന്റണി)

തരുമോ…..

ങേ…. നിങ്ങളെന്താ മനുഷ്യാ പറയുന്നത്.

ഒന്ന് തരുമോന്ന്….. മനഃസമാധാനം തരുമോന്ന്.

കെട്ട്യോനാണ് പോലും ?കെട്ടിയോൻ, നിങ്ങൾക്കെന്തങ്കിലും ഉത്തരവാദിത്വമുണ്ടോ മനുഷ്യാ…..?

നിനക്കത് പറഞ്ഞാൽ മതിയല്ലോ. ഇവിടെ മനുഷ്യൻ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പെടുന്ന പാട്.

ആ… അതെനിക്കറിയാം ഫേസ് ബുക്കിൻ്റെം വാട്ട്സപ്പിൻ്റേം രണ്ട് അറ്റമല്ലേ നിങ്ങളിപ്പോൾ കൂട്ടി മുട്ടിക്കാൻ നോക്കുന്നത്. ഏത് നേരം നോക്കിയാലും ഫോണില് കുത്തല് ഇച്ചിരി കൂടുന്നുണ്ട്.

ശ്ശെടാ….ഇവള് പറഞ്ഞ് പറഞ്ഞ് വേറെ വിഷയത്തിലാക്കാണല്ലോ പോകുന്നത്. പണിയില്ലെങ്കിലും വീട്ടിൽ നിന്നാൽ എട്ടിൻ്റെ പണിക്കിട്ടുമെന്ന് മനസ്സിലായി.

കുറച്ച് നേരത്തിനുശേഷം എന്തോ ഓർത്തത് പോലെ അവൾ അടുക്കളയിൽ നിന്ന് വിളിച്ചു ചേട്ടാ… ചേട്ടായീയേ….

ആ വിളിക്കേട്ടാലേ അറിയാം എന്തോ കാര്യം സാധിക്കാനാണെണ്.

അല്ലേൽ അവൾ എടോ മനുഷ്യാ വാടോ പോടോന്നും ഞാൻ കേൾക്കാതെ പോടാന്നുമൊക്കെയാണ് പറയാറ്. കേൾക്കാത്തത് പോലിരിക്കുന്നതാണ് ബുദ്ധി.

ചേട്ടായീ….ഇന്ന് നമ്മുടെ ആനിവേഴ്സറിയല്ലേ….?മറുപടി കാണാ തായപ്പോൾ അവൾ റൂമിലേക്ക് വന്ന് കുണുങ്ങി നിന്നു.

അയ്ന്….

ചേട്ടായി എനിക്കെന്താ വാങ്ങിച്ച് തരുന്നത്….?

ങാ….കുന്തം.

കുന്തമോ… ഞാനെന്താ ലുട്ടാപ്പിയാണോ…?

എടീ മനുഷ്യനിവിടെ പണീം വേലേം കൂലീം ഇല്ലാതിരിക്കാൻ തുടങ്ങിയിട്ട് നാളെത്രയായെന്നറിയോ….?

കഴിഞ്ഞ പ്രാവശ്യം ഇതെല്ലാം ഉണ്ടായിട്ടിവിടെ മലത്തിയ പോലാണ്. വൈകിട്ട് ഒരു കിലോ മത്തി മേടിച്ചിട്ട് ഉലത്താൻ പറഞ്ഞ മനുഷ്യനാണ്.

നിങ്ങളല്ലാതെ ആരെങ്കിലും വിവാഹ വാർഷികത്തിൻ്റന്ന് മത്തി കൂട്ടുമോ മനുഷ്യാ….? നിമിഷ നേരം കൊണ്ടവൾ ഉഗ്രരൂപിണിയായി ജ്വലിച്ചു.

ഇവളിത് വരെ മറന്നില്ലേ ഇതൊന്നും…!യെടി നീ നോക്കിക്കോ ഇത്തവണ ഞാൻ പൊരിക്കും.

എന്ത് മത്തിയോ….?

അല്ലെടി ഇത്തവണ ഞാൻ കുഴി മന്തീം കൊണ്ടേ വരൂ….നീയാണേ സത്യം. അത് പറഞ്ഞിട്ടവളുടെ തലയിൽ കൈ വെക്കാൻ ചെന്നപ്പോൾ അവളോടി അടുക്കളയിൽ കേറി.

അടുത്താഴ്ചയിൽ പണി ഉണ്ടായിരുന്നെങ്കിൽ ആരോടെങ്കിലും ധൈര്യായിട്ട് കടം ചോദിക്കാമായിരുന്നു. ഇതിപ്പോ ഉറപ്പില്ലാത്ത സ്ഥിതിക്ക് ചോദിക്കാനും വയ്യ.

എന്തായാലും പുറത്തേക്കൊന്ന് ഇറങ്ങി നോക്കാം. ബൈക്കിലേക്കിരുന്നതും ശൂ…ശൂന്നൊരു ശബ്ദം.

ദൈവമേ പാമ്പാണോ വാർഷികത്തിൻ്റെ അന്ന് വെൻ്റിലേറ്ററിൽ കിടക്കേണ്ടി വരുമോ….

പേടിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് പമ്മി പമ്മി പുറകിൽ നിക്കുന്ന അമ്മച്ചിയെ ആയിരുന്നു.

ഇന്നാടാ ഇത് കൊണ്ട് പോയി എന്താന്ന് വെച്ചാൽ വാങ്ങിച്ച് അവൾക്ക് കൊടുക്ക്. പിന്നേ ഞാൻ തന്നതാന്ന് അവളോട് പറയണ്ടട്ടാ.

കൈയ്യില് കൊണ്ട് വന്ന് ചുരുട്ടിക്കൂട്ടിയ നോട്ട് വെച്ച് തന്നിട്ട് അമ്മച്ചി പോകാൻ നേരം പറഞ്ഞു കൂടെ ഒരു മുട്ട പപ്പ്സ് കൂടി വാങ്ങിക്കണേന്ന്.

ഇവരെപ്പോഴും കീരിയും പാമ്പും പോലായിരുന്നല്ലോ ഇവർക്കിതെന്നാ പറ്റി ആലോചിച്ചിട്ട് ഒരു പിടുവത്തവും കിട്ടാതെ ഞാൻ കിക്കറടിച്ചു.

തിരിച്ച് കേറി വരുമ്പോൾ കണ്ണില് പാമോയിലും ഒഴിച്ച് അവൾ കാത്ത് നില്പുണ്ടായ്ര്ന്ന് സിറ്റൗട്ടില്.

കൈയ്യിലെ കിറ്റ് കണ്ടതും അവൾ വാ പൊളിച്ച് നിന്നിട്ട് ചോദിച്ചു ഈശ്വരാ ഇന്നും മത്തി തന്നാണോ….?

അത് കേട്ട് കലി കയറിയ ഞാൻ പറഞ്ഞു മത്തിയല്ലടി നിൻ്റപ്പൻ മത്തായി വാങ്ങിച്ച് തന്ന മന്തിയാടി ഇത്.

കിറ്റും വാങ്ങി അകത്ത് പോയിട്ടവളത് തുറന്ന് നോക്കി. ആഹഹ….നല്ല സ്മെല്ല്. ഇതെന്താ കൂടെ വേറൊരു പൊതി…?

അത് നിനക്കൊരു സസ്പൻസായിക്കോട്ടേന്ന് കരുതി.

ചെറിയ പൊതി തുറന്നതും അവളുടെ മുഖം വാടി. ഇതെന്താ ഒരണ്ണമേ മേടിച്ചുള്ളൂ…..?

അത് ചെയ്ഞ്ച് ഇല്ലാത്തത് കൊണ്ട് വാങ്ങിയതാടി.

പപ്പ്സെനിക്ക് ഒത്തിരി ഇഷ്ട്ടാ, രണ്ടെണ്ണം കൂടി വാങ്ങാര്ന്നില്ലേ…?

നീ കഴിച്ചോ എനിക്ക് വേണ്ട.

അതല്ല മനുഷ്യാ ഇങ്ങടെ അമ്മയ്ക്കിത് പെരുത്തിഷ്ട്ടാ. ഞാൻ ഒറ്റയ്ക്ക് തിന്നാലേ രാത്രി വല്ല വയറിളകി കിടക്കേണ്ടി വരും. അവര് എന്നെ പ്രാകും. ഇത് കൊണ്ട് പോയി എൻ്റെ അമ്മായമ്മയ്ക്ക് കൊടുക്കട്ടേ.

അവളതും കൊണ്ട് പോയി അമ്മയുടെ അടുത്തേക്ക് പോയപ്പോൾ ഞാൻ മറ്റേ സിൽമേലേ ശങ്കാരാടിയുടെ ഡയലോഗ് ഓർത്ത് ചിരിച്ച് പോയി.

പ്രഥമാ ദൃഷ്ട്ഷിയാൽ ശത്രുക്കളാണെങ്കിലും ഇവർക്കിടയിൽ ഒരു അന്തർ ധാരയുണ്ടെന്ന്…..

Leave a Reply

Your email address will not be published. Required fields are marked *