കല്യാണത്തിന് നല്ല ചിലവില്ലേ കൂടാതെ മോളൂട്ടിയുടെ കാര്യം വരുന്നു, ഇതൊക്കെ പറഞ്ഞു അവളേ..

വീട്ടുകാരി
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)

“ഗോപേട്ടാ  ഒന്നിങ്ങു വന്നേ….. രാവിലേ അടുക്കളയിൽ നിന്നും മീനൂട്ടിയുടെ വിളി…

എന്താ മീനൂട്ടി…?

അവിടേ എന്തെടുക്കുവായിരുന്നു..ഗോപേട്ടാ “

ഇന്ന് ഞായറാഴ്ച അല്ലേ മീനൂട്ടി ഞാൻ വണ്ടിയൊന്നു ഒന്ന് കഴുകുവായിരുന്നു…. ആൾക്കാർ കയറി ഇരിയ്ക്കുന്നതല്ലേ.. വൃത്തി വേണ്ടേ…

എന്നോട് പറയണ്ടേ ഏട്ടാ ഞാനും സഹായിക്കില്ലേ..

നിനക്ക് അടുക്കളയിൽ പിടിപ്പതു പണിയില്ലേ പിന്നേ കുഞ്ഞിനെ നോക്കണം അത് കൊണ്ടു ഞാൻ
വിളിച്ചില്ല..

അത് പോകട്ടേ നീയെന്താ വിളിച്ചത്.. കാര്യം പറയൂ.

ഗോപേട്ടാ ഇന്നലേ മാധവൻ മാമൻ ഇവിടേ വന്നിരുന്നു ശ്രേയയുടെ കല്യാണം വിളിക്കാൻ. ഇന്നലെ ഏട്ടൻ  താമസിച്ചല്ലേ വന്നത് അതാണ് പറയാതിരുന്നത്..  ഗോപേട്ടന്റെ  ഒരേയൊരു മാമാനല്ലേ നമുക്ക് പോകേണ്ടേ.. പോരാത്തതിന് മുറപ്പെണ്ണും…

അതെന്താ മീനൂട്ടി നീയൊരു അർത്ഥം വെച്ചു സംസാരിയ്ക്കുന്നതു അവൾ എനിക്ക് കുഞ്ഞ് പെങ്ങളാണ്.. അങ്ങനെയുള്ള ബന്ധം മാത്രമേ ഞങ്ങൾ തമ്മിലുള്ളൂ നിനക്കറിഞ്ഞു കൂടേ

അതെനിക്കറിയാം ഏട്ടാ ഞാൻ ചുമ്മാ പറഞ്ഞതല്ലേ…. ഞാൻ പറയാൻ വന്നത് അതല്ല..

പിന്നേ എന്താണ്‌..?

അതേ ഗോപേട്ടാ  നമ്മൾ രണ്ടു ദിവസം മുന്നേ അങ്ങ് ചെല്ലണമെന്നാണ് മാമൻ പറഞ്ഞിട്ട് പോയത്.. ഞാൻ അവളുടേ നാത്തൂനല്ലേ..

അതിനെന്താ നമുക്ക് രണ്ടു ദിവസം മുമ്പേ പോകാം.. . നീ വിഷമിക്കണ്ട..

അങ്ങനെ വെറും കയ്യോടെ പോകാൻ പറ്റുമോ മോളൂട്ടിയുടെ കല്യാണത്തിന് മാമൻ  വേണ്ട സഹായം ചെയ്തതാണ്… കാശായും അല്ലാതെയും.. അപ്പോൾ നമ്മളും തിരിച്ചു  ചെയ്യണ്ടേ …

മാമൻ വളരേ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നു നമുക്കറിഞ്ഞൂടെ…

അത് ശരിയാണ് ” മോളൂട്ടി “( എന്റെ പെങ്ങൾ അനു  ) അവളേ മീനൂട്ടി അങ്ങനെയാണ്
വിളിക്കുന്നത്‌.. ഞാനും മോളൂട്ടി എന്ന് തന്നെയാണ് വിളിക്കുന്നത്‌..

അവളേ ഞാൻ കല്യാണം കഴിച്ചു കൊണ്ടു വരുമ്പോൾ മോളൂട്ടി പത്തിൽ പഠിക്കുവാണ്…..

പിന്നേ അങ്ങോട്ട്‌ അവളുടെ അമ്മയും ചേച്ചിയുമെല്ലാം മീനൂട്ടി ആയിരുന്നു  എനിക്ക് ഒന്നും ശ്രദ്ധിക്കേണ്ടി വന്നിട്ടില്ല എല്ലാം അവൾ നോക്കിക്കോളും…… മോളൂട്ടി ഏഴിൽ പഠിക്കുമ്പോളാണ് അമ്മ മരിയ്ക്കുന്നതു.. കുഞ്ഞിലേ തന്നേ  ഞങ്ങളുടെ അച്ഛൻ മരിച്ചിരുന്നു.

മീനൂട്ടി അവളും എന്നെപ്പോലെയാണ് ഒരു അനാഥ
പെൺകുട്ടിയായിരുന്നു.ആകെയുണ്ടായിരുന്ന അച്ഛൻ അവളേ വിട്ടു പിരിഞ്ഞിട്ട് വർഷം മൂന്നായി.. . അത് കൊണ്ട് ബന്ധങ്ങളുടെ വില അവൾക്ക് നന്നായി അറിയാം  അതാണ് മീനൂട്ടി….

ഗോപേട്ടാ എന്താണ്‌ ആലോചിയ്ക്കുന്നത്
ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ .നിങ്ങളുടെ അമ്മാവന്റെ മകളാണ് അഞ്ചും പത്തുമൊന്നുമില്ല ഈയൊരു കുട്ടിയേയുള്ളൂ നമ്മൾ വേണ്ടത് ചെയ്യണം..

നിനക്ക് കല്യാണത്തിന് പോകാൻ സാരീ എടുക്കണ്ടേ… നീയൊന്നു മിന്നി തിളങ്ങണ്ടേ മീനൂട്ടി…. ഞാൻ ഒരു അത്താഴപട്ടിണിക്കാരന്റെ ഭാര്യയാണ് കുറച്ചു തിളക്കം മതി..

അതുകൊണ്ട് എനിക്ക് സാരിയൊന്നും വേണ്ടാ..
മോളൂട്ടിയ്ക്കു എടുത്തോളൂ  കൂടേ ഏട്ടനും എടുക്കണം. ഡ്രസ്സ്‌.. എനിക്ക്ഏട്ടൻ കഴിഞ്ഞ ഓണത്തിനല്ലേ സാരി  എടുത്തത്  അതിനു ഒരു കുഴപ്പവുമില്ല ഞാൻ അത് ഉടുത്തോളാം..

മോളൂട്ടിയ്ക്ക് എടുക്കണോ അവൾക്കെടുക്കാൻ ഇപ്പോൾ അവളുടെ ഭർത്താവുണ്ട്.  . നമ്മൾ ചെയ്യേണ്ടാ……. നിനക്ക് ഞാൻ മാത്രമേയുള്ളൂ…

എന്ന്‌ കരുതി നമുക്കൊരു കടമയുണ്ട് ഏട്ടാ.. അവൾക്കും ഒരു സന്തോഷമായിക്കോട്ടെ… കല്യാണം കഴിച്ചു വിട്ടാൽ പിന്നേ ഉത്തരവാദിത്വം തീർന്നു എന്നാണോ വിചാരം.. ഇനിയും ഒരുപാട് കടമകൾ നമുക്കുണ്ട്.. കിടക്കുന്നേയുള്ളൂ..

അറിയാല്ലോ ആദ്യത്തെ പ്രസവം പെണ്ണിന്റെ വീട്ടുകാരാണ്  നോക്കേണ്ടത്.. ഇങ്ങോട്ട് വിളിച്ചു കൊണ്ടു വരണം…. ഞാൻ അവളുടെ അമ്മയാണ്…
സാമ്പത്തികം നോക്കി ഇരിയ്ക്കാൻ പറ്റില്ല..

എന്നേ വിളിച്ചുകൊണ്ടു പോകാനും നോക്കാനും ആരുമില്ലായിരുന്നു ആ വേദന എനിക്കറിയാം….

നീ ഇങ്ങനെയൊന്നും പറയാതെ  മീനൂട്ടി.. നിനക്ക് ഞാനുണ്ടായിരുന്നല്ലോ.. എന്നാലും ഏത് പെൺകുട്ടിയും ആ സമയത്തു അമ്മയുടെ തണൽ ആഗ്രഹിയ്ക്കും ഗോപേട്ടാ…. അതെനിക്കറിയാം..

പറഞ്ഞു പറഞ്ഞു നീ സങ്കടപ്പെടാതെ. മീനൂട്ടി എല്ലാ കാര്യവും നടക്കും ശ്രേയയുടെ കല്യാണവും മോളൂട്ടിയുടെ പ്രസവവും എല്ലാം ഭംഗിയാകും..

നീ ഒരു ചായ ഇട്ടോണ്ട് വാ.. പതിവ് കിട്ടിയിട്ടില്ല

ശോ ഞാൻ അത് മറന്നു ദാ ഇപ്പോൾ വരാം ഏട്ടാ…. അവൾ ചായയെടുക്കാൻ പോയി…

ഒരു ധൈര്യത്തിന് പറഞ്ഞുവെങ്കിലും കാശിന്റെ കാര്യം ആലോചിച്ചപ്പോൾ ടെൻഷൻ ആയി.. വണ്ടിയുടെ ഈ മാസത്തെ തവണ അടച്ചിട്ടില്ല.. രണ്ടാഴ്ചയായിട്ട് ഓട്ടം തീരേ കുറവാണ്.. ആകേ ഇനി കൈയിലുള്ളത് ആയിരം രൂപയാണ്..

കല്യാണത്തിന് നല്ല ചിലവില്ലേ .  കൂടാതെ മോളൂട്ടിയുടെ കാര്യം വരുന്നു… ഇതൊക്കെ പറഞ്ഞു അവളേ ടെൻഷനാക്കേണ്ട എന്ന്‌ കരുതിയാണ് മിണ്ടാതിരുന്നത്… ഏട്ടാ ഇന്നാ ചായ കുടിച്ചിട്ട് വേഗം കുളിച്ചു വന്നോളൂ നല്ല പുട്ടും പഴവും ചെറുപയർ പുഴുങ്ങിയതുമുണ്ട്…….

പിന്നേ ഉച്ചക്ക് കുറച്ചു ഇറച്ചി വാങ്ങിക്കണം കേട്ടോ.. ഇവിടേ പച്ചക്കറിയൊന്നുമില്ല… ഞായറാഴ്ച . വൈകുന്നേരം അവളേയും മോളെയും കൂട്ടി ഒരു കറക്കവുമുണ്ട്.. അപ്പോൾ ആയിരം രൂപയുടെ കാര്യത്തിലും തീരുമാനമായി..

ഗോപേട്ടാ  എന്താ ആലോചിയ്ക്കുന്നത്?

ഏയ്യ് ഒന്നുമില്ല മീനൂട്ടി ഇറച്ചി വാങ്ങാം……

അയ്യോ കുഞ്ഞ് ഉണർന്നുവെന്ന് തോന്നുന്നു
ഞാനങ്ങോട്ടു ചെല്ലട്ടേ.. അവള് കരയും…. വേഗം കുളിച്ചിട്ടു  വരണേ…… അവൾ അകത്തേയ്ക്ക് ഓടി.. അങ്ങനെ ഇറച്ചി കൂട്ടി ശാപ്പാടും അടിച്ചു അന്നത്തെ ഞായറാഴ്ച ആഘോഷിച്ചു.. കൂടേ കുഞ്ഞിനേയും അവളേയും കൂട്ടി ഒരു ചെറിയ കറക്കം..

കൈയ്യിൽ മിച്ചം നൂറു രൂപ.. കലക്കി… രാത്രിയിൽ നെഞ്ചോടു ചേർന്ന് കിടക്കുമ്പോൾ.. അവൾ എന്നോട് ചോദിച്ചു…… എന്താ ഏട്ടാ ഒരു വിഷമം..

ഏയ്യ് ഒന്നുമില്ല മീനൂട്ടി നിനക്ക് തോന്നുന്നതാണ്… നീയുറങ്ങിക്കോളൂ.. രാവിലേ പതിവുപോലെ ചോറും പൊതി തന്ന കൂട്ടത്തിൽ വേറൊരു പൊതിയും കൂടി അവൾ എനിക്ക് നീട്ടി..

ഇതെന്താ മീനൂട്ടി..?

ഏട്ടൻ തുറന്നു നോക്കൂ..

ഞാൻ ആ പൊതി മെല്ലേ തുറന്നു.. അതിൽ അവളുടേ കുറച്ച് ആഭരണങ്ങളായിരുന്നു… കൂടേ കുറച്ചു രൂപയും… മീനൂട്ടി ഇത് നിന്റെ ആഭരണങ്ങൾ അല്ലേ.. ഇത് വിൽക്കണ്ടാ നിന്റെ അച്ഛന്റെ വിയർപ്പല്ലേ ഈ ആഭരണങ്ങൾ..

അതിന് ഇതൊക്കെ ഇങ്ങനെ വെച്ചോണ്ടിരുന്നിട്ട് എന്തു ഗുണം ഗോപേട്ടാ.. ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക് ഉപകരിയ്ക്കണ്ടേ……

എന്നാലും ഇതിനകം കുറേ ആഭരണങ്ങൾ പണയത്തിലാണ് ഇനിയും.. ഇതും കൂടി…

അതൊന്നും സാരമില്ല ഏട്ടാ എനിക്കും കുഞ്ഞിനും വേണ്ടി നിങ്ങൾ ഒഴുക്കുന്ന വിയർപ്പിനോളം വിലയില്ല ഈ സ്വർണത്തിന്…

എന്നാലും എന്റെ ബുദ്ധിമുട്ടുകൾ നീ അറിയുന്നുണ്ടല്ലോ മീനൂട്ടി…

ഭർത്താവിന്റെ നെഞ്ചോടു ചേർന്നു കിടക്കുന്ന  ഭാര്യയ്ക്ക്. അയാളുടെ ഹൃദയത്തിന്റെ താളം അറിയാൻ കഴിയും…. ഇന്നലേ ഗോപേട്ടന്റെ മനസ്സ് അത്ര മാത്രം വേദനിച്ചിരുന്നുവെന്ന് എനിക്ക് മനസ്സിലായി..

വേഗം ഈ സ്വർണം വിറ്റോ പണയം വെച്ചോ കല്യാണത്തിന് കാശ് റെഡിയാക്കൂ… പിന്നേ മോളൂട്ടിയുടെ കാര്യത്തിൽ ടെൻഷൻ വേണ്ട അവളെന്റെ മോളാണ്. അവൾക്ക് വേണ്ടി ഞാൻ കരുതിയിട്ടുണ്ട്..

ഞാനവളെ നെഞ്ചോടു ചേർത്ത് പിടിച്ചു. നീയാണെന്റെ ഹൃദയ താളം മീനൂട്ടി… ഒന്ന് വിടൂ ഗോപേട്ടാ ആരെങ്കിലും കാണും….

അതിരിയ്ക്കട്ടേ ഈ കാശ് നീയെങ്ങനെ സമ്പാദിച്ചു… ജോലിയൊന്നുമില്ലല്ലോ നിനക്ക്..?

അതോ. അത് ഞാൻ ഇടയ്ക്ക് ഗോപേട്ടന്റെ പോക്കറ്റിൽ നിന്നും ചൂണ്ടുന്നതാണ് എന്നിട്ട് അരിപ്പെട്ടിയിൽ സൂക്ഷിച്ചു വെയ്ക്കും…

ഇങ്ങനെയൊക്കെ സൂക്ഷിച്ചു വെച്ചിട്ടാണ് ഞാൻ  ചിലപ്പോൾ പാലിനും പത്രത്തിനും കാശ്,, കൊടുക്കുന്നത്…. അറിയാമോ…

എന്റെ  സമ്പാദ്യശീലം ഇപ്പോൾ  ഉപകാരമായില്ലേ..
വണ്ടിയുടെ തവണ ഇന്ന് തന്നേ
അടച്ചോളൂ.. മറക്കണ്ട…

അമ്പടി കേമി.. നീ ഒരൊന്നൊന്നര
ഭാര്യയാണ്.. നല്ല ഒന്നാന്തരം വീട്ടുകാരി..

ഒന്ന് ജീവിയ്ക്കാൻ എന്തൊക്കെ പാടു പെടണം ഏട്ടാ..

മതി.. മതി… ബാക്കിയുള്ള കാര്യങ്ങൾ വൈകുന്നേരം.. പറയാം.. മീനൂട്ടി ഞാനിറങ്ങുന്നു….

പിന്നേ വൈകുന്നേരം നേരത്തേ വരണം മോളൂട്ടിയ്ക്കും ഏട്ടനും ഡ്രസ്സ്‌ വാങ്ങാൻ
പോകണം.. മറക്കല്ലേ…….

മറക്കില്ല വേഗം വരാം.. വൈകുന്നേരം അവളുമായി
പുറപ്പെടുമ്പോൾ ഞാൻ തീരുമാനിച്ചിരുന്നു.. പുതിയ ഒരു സാരി അവൾക്കും വാങ്ങാൻ.. കല്യാണം കഴിഞ്ഞ അന്ന് മുതൽ അടുക്കളയിൽ കിടന്നു ചൂടും പുകയും കൊള്ളുവല്ലേ…

ഒരു ദിവസമെങ്കിലും അവളുമൊന്നു തിളങ്ങട്ടെ… അല്ലെങ്കിൽ പിന്നേ ഞാൻ എങ്ങനെയാണ്  അവളുടേ  നല്ല ഭർത്താവ്  ആകുന്നത്…  അതല്ലേ അതിന്റെയൊരു ഇത്.. ഏത്…..

Leave a Reply

Your email address will not be published. Required fields are marked *