എത്ര നാളാണ് ഇങ്ങനെ ഒറ്റക്ക് ജീവിക്കുന്നത് മോളെ, ഇനിയെങ്കിലും ഒരു ജീവിതം വേണ്ടേ..

(രചന: ശൈവ രുദ്ര)

എത്ര നാളാണ് ഇങ്ങനെ ഒറ്റക്ക് ജീവിക്കുന്നത് മോളെ…. ഇനിയെങ്കിലും ഒരു ജീവിതം വേണ്ടേ ന്റെ കുട്ടിക്ക്… എത്ര നാള് അമ്മ ഉണ്ടാവും അതു കഴിഞ്ഞ ന്റെ കുട്ടിക്ക് ആരാ പിന്നെ ഉള്ളേ…..

അമ്മയുടെ സ്ഥിരം പദം പറച്ചിൽ ഇന്നും ഒരു മാറ്റവും ഇല്ലാതെ നടന്നു… എല്ലാം കേട്ട് മൗനം ആയി ഒരു ചെറു പുഞ്ചിരി അമ്മക്കായി നൽകി അവൾ…..
അതേ, 5 കൊല്ലം കടന്നു പോയിരിക്കുന്നു…. പക്ഷെ ഇന്നും ആ മുറിപ്പാടുകൾ ഉണങ്ങാതെ ഉള്ളിൽ അവശേഷിക്കുന്നു….

പേടി ആണ് ഇന്നും സ്നേഹിക്കാൻ.. സ്നേഹം നടിക്കുന്നവരാണ് ഈ ലോകത്ത് ഇന്നു അധികവും…. അവർക്കിടയിൽ ആത്മാർഥമായി സ്നേഹിച്ചു പരാജയപ്പെട്ട താൻ ഇനിയും ആ സാഹസത്തിനു മുതിരാൻ ആണ് അമ്മ പറയുന്നത്….

വയ്യ.. ഇനിയും തോറ്റു പോവാൻ വയ്യ… പ്രണയം എന്ന പദത്തിനോട് പോലും ഇന്നു ഭയമാണ്…. തന്റെ ഉള്ളിലെ പ്രണയത്തെ അവൻ ജീവനോടെ ചുട്ടെരിച്ചിരിക്കുന്നു….

ഇന്നും അതിന്റെ കനലുകൾ അവശേഷിക്കേ ഇനിയും ഒരു പ്രണയത്തിനെ എങ്ങനെ ഉൾക്കൊള്ളാൻ ആകും തനിക്ക്… ഒരു പക്ഷെ ഇനി വരുന്ന ആൾ എത്ര ആത്മാർഥമായി സ്നേഹിച്ചാലും നഷ്ടപ്പെടുമോ എന്ന ഭയം മാത്രം ആയിരിക്കും ഉള്ളിൽ…

അങ്ങനെ വരുമ്പോൾ ഞാൻ എങ്ങനെ അയാളെ ആത്മാർഥമായി സ്നേഹിക്കും…
കഴിയില്ല…. ഇനി ഒരു പ്രണയവും എന്നിൽ തളിർക്കാൻ കഴിയാത്ത വിധം നീ എന്റെ മനസ്സിനെ എന്തിനു കൊന്നു കളഞ്ഞു????

എന്തായിരുന്നു ഞാൻ നിന്നോട് ചെയ്ത തെറ്റ്????
ഉത്തരം അറിയില്ല… നീ പറഞ്ഞതും ഇല്ല…. ഇതൊന്നും അറിയാതെ എന്റെ ഉള്ളിലെ കനൽ അണയുകയും ഇല്ല…..

ഒരുമിച്ച് കളിച്ചു വളർന്നവൻ.. പ്രിയപ്പെട്ട കൂട്ടുകാരൻ… എന്തും തുറന്നു പറയുന്നവൻ.. എന്നെ ഞാനായി അറിയുന്നവൻ…. എന്നാണ് അവനിൽ മാറ്റങ്ങൾ വന്നത് എന്നു അറിയില്ല…കൂട്ടുകാരിയിൽ നിന്നും ഞാൻ അവനു മാറ്റാരെല്ലാമോ ആയി മാറിയത് എന്നാണെന്നും അറിയില്ല…

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി എന്നെ വഴക്ക് പറഞ്ഞത്… ക്ലാസ്സിലെ മറ്റൊരു ആൺകുട്ടിയോട് അടുത്ത് ഇടപഴകിയതിനു… ഈ ഒരു കാരണത്താൽ മുഖം വീർപ്പിച്ചു മിണ്ടാതെ നടന്നു.. അന്നും എന്തു കൊണ്ടാണ് എന്നു അവൻ പറഞ്ഞില്ല…

പിന്നീട് ചെറിയ ഒരു വഴിക്കിന്റെ പേരിൽ ഞാൻ മിണ്ടാതെ നടന്നപ്പോൾ കണ്ണ് നിറച്ചു പിന്നാലെ നടന്നവൻ….

പതിവ് പോലെ അവധി ദിവസം അമ്പലത്തിൽ പോയി മടങ്ങുമ്പോൾ ആലിന്റെ ചുവട്ടിൽ വെച്ചു ആദ്യമായി ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോൾ.. ഞെട്ടലായിരുന്നു…

ഞാൻ ഒരിക്കലും അങ്ങനെ കണ്ടിരുന്നില്ല അവനെ.. ഇഷ്ട്ടമല്ലെന്നു മുഖത്തു നോക്കി പറഞ്ഞപ്പോൾ നിറഞ്ഞ കണ്ണുകൾ മറച്ചു നടന്നു പോയത്  ഇന്നും ഓർമയിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്…

പിന്നീട് അങ്ങോട്ട്‌ എത്ര അവഗണിച്ചിട്ടും നിഴലുപോലെ പിന്നാലെ നടന്നവനോട് എന്നോ എന്റെ ഉള്ളിലും ഇഷ്ട്ടം തോന്നി തുടങ്ങിയിരുന്നു….

അവൻ എന്നോട് ഇഷ്ട്ടം പറഞ്ഞ അതേ ആലിൻചുവട്ടിൽ വെച്ചു ഒരു വർഷത്തിന് ശേഷം എന്റെ ഇഷ്ട്ടം പറഞ്ഞപ്പോൾ സന്തോഷം കൊണ്ടു ആ മുഖം വിടർന്നത് ഞാൻ കണ്ടിരുന്നു….
അന്നുമുതൽ എന്റെ പുലരി തുടങ്ങുന്നതും രാവ് മയങ്ങുന്നതും നിന്റെ ഓർമ്മകൾക്കൊപ്പം ആയിരുന്നു….

നിന്റെ സ്നേഹത്തിൻ മഷിയാൽ നീ കുറിച്ച ഓരോ വരികളും ഞാൻ പകർത്തിയത് എന്റെ നെഞ്ചിലേക്കായിരുന്നു….

3 കൊല്ലം നിഴലും നിലാവും പോലെ നാം കഴിഞ്ഞിരുന്ന ദിനങ്ങൾ ഇന്നും ന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു….

വീട്ടിൽ അറിഞ്ഞ് അച്ഛന്റെയും അമ്മാവന്റെയും തല്ലുകൾ വാങ്ങുമ്പോളും നീ തന്ന പ്രണയത്തിൻ ഉർജ്ജം ആയിരുന്നു എന്നിൽ… നിനക്കു വേണ്ടി എല്ലാം സഹിച്ചു മുന്നേറി…

പഠിത്തം കഴിഞ്ഞു നീ ജോലിക്കായി ബാംഗ്ലൂർ പോകുന്ന അന്ന്… നീ പറഞ്ഞ വാക്കുകൾ ആയിരുന്നു മുന്നോട്ടുള്ള ദിവസങ്ങളെ തള്ളിനീക്കാൻ കൂട്ടിനുണ്ടായിരുന്നത്…

ഒരു വർഷം കഴിഞ്ഞു നീ വരും എന്നെ നിന്റെ ജീവിതത്തിലേക്ക് കൂട്ടാൻ എന്നു എന്റെ കണ്ണിൽ നോക്കി നീ പറഞ്ഞത് ഇന്നും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്….

പിന്നെ എന്നു മുതൽ ആണ് നീ എന്നിൽ നിന്നും അകന്നത്… വിളികളും കത്തുകളും കുറഞ്ഞു തുടങ്ങിയ നാളുകളിൽ നീ പറഞ്ഞു ജോലി തിരക്കുകൾ ആണെന്ന്… നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടിയാണെന്ന്.. അതു ഞാൻ വിശ്വസിച്ചു… നീ വരുന്നതും നോക്കി കാത്തിരിന്നു…

ജോലി കിട്ടി ഒരു കൊല്ലം കഴിഞ്ഞു നീ നാട്ടിൽ വരുന്ന വിവരം നിന്റെ കൂട്ടുകാരിൽ നിന്നും അറിയേണ്ടി വന്നപ്പോളും ഞാൻ കരുതി നീ തിരക്കിനിടയിൽ മറന്നതാവും എന്നു… അന്നും സന്തോഷിച്ചു ഞാൻ എന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കുവാൻ പോകുന്നു എന്നോർത്ത്…..

നീ വന്നത് കൂടെ ഒരു പെൺകുട്ടിക്കൊപ്പം ആയിരുന്നു എന്ന് അമ്മ പറഞ്ഞപ്പോളും കൂടെ ജോലി ചെയ്യുന്നതാവും എന്നു അശ്വസിച്ചു ഞാൻ… നിന്നെ കാണാൻ കൊതിച്ചു ഓടി വന്ന ഞാൻ കണ്ടത് ഞാൻ സ്വന്തം ആക്കാൻ ആഗ്രഹിച്ച താലിയണിഞ്ഞു  നിൽക്കുന്ന നിന്റെ അവകാശിയെ ആണ്….

കണ്ണുകൾ പെയ്തൊഴിഞ്ഞതു കൊണ്ടു വ്യക്തമായി കാണാൻ കഴിഞ്ഞില്ല ആ മുഖം….
ആ നിമിഷം മരിച്ചു മണ്ണടിഞ്ഞത് ഞാൻ ആയിരുന്നു… എന്റെ സ്വപ്‌നങ്ങൾ ആയിരുന്നു.. എരിഞ്ഞു തീർന്നത് നിന്നോടുള്ള എന്റെ പ്രണയം ആയിരുന്നു….

എവിടെയാണ് ഞാൻ തോറ്റു പോയത്…. എവിടെയാണ് എന്റെ സ്നേഹം നിനക്കന്യമായി പോയത്… അറിയില്ല…..

ആരായിരുന്നു നിനക്ക് ഞാൻ??? എന്നോടുള്ള നിന്റെ സ്നേഹം സത്യം എന്നു കരുതിയ ഞാൻ വിഡ്ഢിയായിരുന്നോ???

അറിയില്ല.. ഇന്നും…. ഉത്തരങ്ങൾ നീ  നൽകിയതും ഇല്ല…. എന്റെ പ്രണയം സത്യമായിരുന്നു… അതു മൊട്ടിട്ടതും എരിഞൊടുങ്ങിയതും നിന്നിൽ മാത്രമായിരുന്നു….

നിന്നെ പ്രണയിച്ച എന്റെ മനസ്സിനെ നീ എന്തിനു കൊന്നുകളഞ്ഞു… അതും അറിയില്ല….

ഒന്നു മാത്രം അറിയാം.. ഇനിയുമൊരു പ്രണയം തളിർക്കില്ലെന്നിൽ… നീ തന്ന മുറിപ്പാടുകൾ ഉണങ്ങുകയും ഇല്ല…. നിന്നെ ഞാൻ വെറുത്തിട്ടില്ല.. ശപിച്ചിട്ടും ഇല്ല ഈ നിമിഷം വരെ.. എന്തെന്നാൽ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു അത്രമാത്രം…….. ഇന്ന് നീ എന്നിൽ വെറും ഓർമ്മകൾ മാത്രമാണ്…

ഇന്നെന്റെ സ്വപ്നങ്ങളിൽ നീയില്ല… തോൽക്കുവാൻ വയ്യ എനിക്കു… അതിനാൽ ഞാൻ ഇന്നു തനിയെ പൊരുതുന്നു.. ഉയരങ്ങളൾ കീഴടക്കാൻ ഒരുങ്ങുന്നു…. ജീവിതത്തിൽ ഒരു കൂട്ട് നിർബന്ധം അല്ലെന്നു നീ എന്നെ പഠിപ്പിച്ചു….

ചിലർ അങ്ങനെയാണ്… ജീവിതത്തിലേക്ക് കടന്നു വരും നമ്മുടെ ലോകം അവരായി മാറും… ഒടുവിൽ ഒരുദിനം ഒന്നും പറയാതെ നടന്നകലും….. നീയും അതിൽ ഒരാൾ മാത്രം…

Leave a Reply

Your email address will not be published. Required fields are marked *