ഞാനും പ്രവാസിയുടെ ഭാര്യ
(രചന: സഫി അലി താഹ)
രാവിലെ തുടരെയുള്ള മൊബൈലിന്റെ കരച്ചിൽ കേട്ടാണ് ബിജു ഉണർന്നത്. വെള്ളിയാഴ്ചയാണ് ഒന്നുറങ്ങാൻ സമ്മതിക്കില്ല എന്ന് പിറുപിറുത്ത് കൊണ്ടാണ് ഫോൺ അറ്റൻഡ് ചെയ്തത്.
“ഹലോ ഏട്ടാ….” ഭാര്യയാണ് . “ഷീബ നിനക്കു അറിയില്ലേ ഇന്ന് വെള്ളിയാഴ്ചയാണ്…. ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ”…… എന്ന് പറഞ്ഞു ഫോൺ വെച്ചു……..
അയലത്തെ കുശുമ്പ് പറയാനോ, ബ്യൂട്ടി പാർലറിൽ ഫേഷ്യലിന് ക്യാഷ് തികഞ്ഞില്ല എന്ന് പറയാനോ ആകും……
അല്ലാതെ കുറെ നാളുകൾ കൊണ്ട് സുഖമാണോ, എന്ത് കഴിച്ചു എന്ന് വരെ ചോദിക്കില്ല. അതിനു മുൻപ് എന്ത് സ്നേഹമുള്ള പെണ്ണായിരുന്നു. എന്ന് മനസ്സിൽ ആലോചിച്ചു കൊണ്ട് വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു.
നാട്ടിൽ ഇന്റീരിയർ ഷോപ്പ് നടത്തുമ്പോൾ സുഹൃത്ത് മനു ആണ് ഇവിടെ ജോലിശരിയാക്കിയത്.നാട്ടിൽ നിൽക്കുമ്പോൾ തന്നെ ഗൾഫിൽ ജോലിയുള്ളവരുടെ ഭാര്യമാർ എന്ത് നന്നായാണ് ജീവിക്കുന്നത് എന്ന് അവൾ എപ്പോഴും പറയുമായിരുന്നു.
ഞാൻ ദുബായിൽ എത്തിജോലിയിൽ കയറി പൈസ അയച്ചു തുടങ്ങിയപ്പോൾ അവളും “നന്നായി ജീവിക്കാൻ തുടങ്ങി “അത്ര തന്നെ
രണ്ടു മൂന്നു മണിക്കൂർ കൂടി ഉറങ്ങിയിട്ട്…. എണീറ്റു കുളിച്ചു ചായയും ഉണ്ടാക്കി കയ്യിൽ എടുത്തുകൊണ്ടു ഷീബയെ വിളിച്ചു….. മൂന്നാം തവണ അവൾ ഫോൺ എടുത്തു.
“ഞാൻ രാവിലെ വിളിച്ചപ്പോൾ എന്താണ് കട്ട് ചെയ്തത് ?”
എന്ന് തുടങ്ങി കുറെ പരാതികൾ, അമ്മയുടെയും അച്ഛന്റെയും കുറ്റങ്ങൾ. എല്ലാം തീർന്നപ്പോൾ ബിജു ചോദിച്ചു
“രാവിലെ എന്തിനാ വിളിച്ചത് ?”
“അതോ ഇവിടെ റെസിഡൻസ് അസോസിയേഷൻ ടൂർ പ്ലാൻ ചെയ്തേക്കുന്നു ഒരാൾക്ക് 8000 രൂപയാണ്..ഞാനും പൊയ്ക്കോട്ടേ ”
അതുകേട്ടപ്പോൾ ഞാൻ മനസ്സിൽ ചിരിച്ചു…. കാശിനു വേണ്ടിയെങ്കിലും അവൾ വിളിക്കുമല്ലോ എന്ന് സമാധാനിക്കുകയും ചെയ്തു.!
കുറെ നേരം അങ്ങനെ ഇരുന്നു . അവന്റെ ജീവിതം എന്താണ് ദൈവമേ.ഇങ്ങനെ എന്ന് ആലോചിച്ചു. ഇന്റീരിയർ വർക്ക് ആണ് പണി.എത്ര അധ്വാനിക്കാനും മടിയില്ല.
പക്ഷെ സ്നേഹത്തോടെ ഒന്ന് സംസാരിക്കുകയെങ്കിലും ചെയ്തെങ്കിൽ…
ഇവൾക്ക് കൂടിയല്ലേ ഞാൻ ഇവിടെ ഇങ്ങനെ കഷ്ടപ്പെടുന്നത്…….. അവസാനം ചിന്തകൾക്ക് കടിഞ്ഞാണിട്ടുകൊണ്ട് ഒരു കാര്യം അവൻ തീരുമാനിച്ചു.
ഫോൺ എടുത്തു അവളെ വിളിച്ചു…” താൻ ടൂർ പോകണ്ട”….. അവൾ കുറെ ദേഷ്യം കാണിച്ചു എല്ലാം കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു “താൻ റെഡി ആയിക്കോളൂ ദുബായിൽ വരാൻ ഈ മാസം അവസാനം.”…. അവൾക്കു വലിയ സന്തോഷമായി. വിസ റെഡിയാക്കി അയച്ചു…..
അവൾ വളരെ സന്തോഷത്തോടെ ദുബായിലെത്തി.കാറിലിരിക്കുമ്പോഴും ……അവനോടു സ്നേഹത്തോടെ ഒന്ന് മിണ്ടുക പോലും ചെയ്യാതെ ദുബായിൽ അവൾക്കു കാണേണ്ട സ്ഥലങ്ങളെ കുറിച്ച് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
പിറ്റേന്ന് വെളുപ്പിന് ബിജു പണിക്കു പോകാൻ അലാറം വെച്ചിരുന്നു. ആ ശബ്ദം കേട്ടു അവൾ കൂടി ഉണർന്നു…. ” ഏട്ടന് ഇപ്പോഴേ പോകണോ ?
“ചോദ്യം കേട്ടു ചിരി വന്നു പോയി.
“ഒന്നും കഴിച്ചില്ലല്ലോ”
“ഇവിടെ ദോശയും ചട്ണിയും ഉണ്ടാക്കാൻ എനിക്ക് ടൈം കിട്ടില്ല “
എന്ന് പറഞ്ഞു, വാതിൽ അകത്തു നിന്ന് പൂട്ടിക്കോളൂ എന്ന് കൂടി പറഞ്ഞിട്ട് അവൻ ഇറങ്ങി നടന്നു.
ഷീബ എണീറ്റു.കുളിച്ചു വന്നു ഫ്രിഡ്ജ് തുറന്നപ്പോൾ അവൾക്കു കഴിക്കാൻ കുബ്ബൂസും കറിയും ഒക്കെ ഉണ്ടായിരുന്നു. കുബ്ബൂസ് കഴിച്ചു തുടങ്ങിയപ്പോൾ അവൾ വിചാരിച്ചു നാളെ മുതൽ എന്തെങ്കിലും വെച്ച് ഉണ്ടാക്കണം.
അവിടെ ഇരുന്ന സാധനങ്ങൾ കൊണ്ട് അവൾ ഉച്ചക്ക് ഊണ് ശെരിയാക്കി. കുറെ പ്രാവശ്യം വിളിച്ചു ബിജുവിനെ. അവൻ ഫോൺ എടുത്തില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ തിരികെ വിളിച്ചു.
“ഡ്യൂട്ടി സമയത്തു മൊബൈൽ ഉപയോഗിക്കാൻ കഴിയില്ല ഷീബതാൻ വല്ലതും കഴിച്ചോ ?”ഇല്ല ഷീബ മറുപടി നൽകി “ഏട്ടൻ വന്നിട്ട് കഴിക്കാമെന്നു കരുതി “എനിക്ക് ഇപ്പോൾ വരാൻ കഴിയില്ല താൻ കഴിച്ചോളൂ “അതും പറഞ്ഞു ബിജു ഫോൺ വെച്ചു.
സത്യത്തിൽ ഓരോ ദിവസം കഴിയുമ്പോഴും അവൾ അസ്വസ്ഥയായികൊണ്ടിരുന്നു.കഴിക്കുക ഉറങ്ങുക എന്ന പ്രക്രിയകൾ മാത്രം ആവർത്തിച്ചു കൊണ്ടിരുന്ന ദിനങ്ങൾ. ഒറ്റയ്ക്കു ഇരുന്നു മടുത്തു.
ഒരു ജോലിയെ കുറിച്ച് ബിജുവിനോട് അവൾ ആലോചിച്ചു.അവൾക്ക് പെട്ടെന്ന് തന്നെ ജോലി ശരിയായി ബിജുവിന്റെ കമ്പനിയിൽ തന്നെ ആയിരുന്നു.
ബിജു പോയി രണ്ടു മണിക്കൂറിനു ശേഷം ഷീബയ്ക് പോയാൽ മതിയായിരുന്നു.
അവൾ ജോലി തുടങ്ങി കുറെ സമയം കഴിഞ്ഞിട്ടും ബിജുവിനെ കാണുന്നില്ല. ലഞ്ച് സമയത്തു അവൾ അവനെ അന്വേഷിച്ചു. അവിടെ അടുത്ത് തന്നെ ഒരു ബിൽഡിങ്ങിൽ ആണ് അവനു പണിയെന്നു അറിഞ്ഞു. അവൾ ഇറങ്ങി അവന്റെ അടുത്തേക്ക് പോയി.
അവൾ അടുത്ത് കണ്ട സുഹൃത്ത് മനുവിനോട് ബിജുവിനെ അന്വേഷിച്ചു അവൻ മുകളിലേക്ക് കൈ ചൂണ്ടി കാണിച്ചു. അവൾ അങ്ങോട്ട് നോക്കിയപ്പോൾ കണ്ട കാഴ്ച മൂന്നാം നിലയിൽ ജനലിൽ തൂങ്ങി എന്തോ വർക്ക് ചെയ്യുന്ന ബിജു.അവൾക്കു തല കറങ്ങി പോയി.
അവൾ നേരത്തെ റൂമിലെത്തി.അന്ന് ആദ്യമായി അവൻ വരാൻ അവൾ കാത്തിരുന്നു. അവൾ അവനെ കുറിച്ച് ആലോചിച്ചു, വെളുപ്പിന് ഒന്നും കഴിക്കാതെ പോയി,
സമയത്തു ഒരു നേരം പോലും ആഹാരം കഴിക്കാതെ ഇത്രയും അപകടം പിടിച്ച പണി ചെയ്തു കൊണ്ടാണല്ലോ ദൈവമേ ഞാൻ ചോദിക്കുന്ന പൈസയും സാധനങ്ങളും എനിക്ക് അയക്കുന്നത്,
എന്നിട്ടും ഞാൻ ചെയ്യുന്നത് എന്താണ് കിട്ടുന്ന ക്യാഷ് എല്ലാം ആവശ്യമില്ലാത്ത കാര്യങ്ങൾക്കു ചെലവ് ചെയ്തു, വിളിക്കുമ്പോൾ സ്നേഹത്തോടെ ഒന്ന് സംസാരിക്കുക പോലും ചെയ്തിട്ടില്ല, എന്നിട്ട് എന്നോട് ഇന്നുവരെ ഒരു പരാതിയോ പിണക്കമോ കാണിച്ചിട്ടില്ല……..
ആലോചിച്ചു കൊണ്ടിരുന്നപ്പോൾ കാളിങ് ബെൽ ശബ്‌ദിച്ചു,ബിജു ഇന്ന് നേരത്തെ എത്തി. പുറത്തു പോകാം എന്ന് രാവിലെ പറഞ്ഞിരുന്നു.
എന്റെ ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധിക്കുന്ന അദ്ദേഹത്തെ എത്ര സ്നേഹിച്ചാലാണ് മതിയാകുക എന്നൊക്കെ ചിന്തിച്ചു കൊണ്ട് വാതിൽ തുറന്നു. ബിജു റൂമിൽ കയറി കഴിഞ്ഞപ്പോൾ ഷീബ അവനെ ചുറ്റിപിടിച്ചു പൊട്ടിക്കരഞ്ഞു.
“പെട്ടെന്ന് റെഡിയാകൂ പുറത്തേക്ക് പോകണ്ടേ? “എന്നവൻ പറഞ്ഞപ്പോൾ ” പുറത്തു പോകുന്നില്ല എന്നും ഏട്ടനോടൊപ്പം ഇവിടെ ഇരിക്കാനാണ് ഇഷ്ടമെന്നുമവൾ മറുപടി പറഞ്ഞു” ചായയും ചൂട് ദോശയും മുട്ട ഓംലെറ്റും കൊണ്ടു കൊടുത്തു .
പിന്നേ നാളെ നാളെമുതൽ ജോലിക്ക് പോകുന്നില്ലെന്നും അവൾ പറഞ്ഞു. ഏട്ടനുഭക്ഷണമുണ്ടാക്കി ഞാൻ ഇവിടെ ഇരുന്നുകൊള്ളാം.
കുറച്ചു നാളായി തോന്നാത്ത സ്നേഹം അവളോട് അവനു തോന്നി……..
ജീവിതം തിരിച്ചു കിട്ടിയ പോലെ. അന്നുമുതൽ ബിജുവിന്റെ ഓരോ രൂപയും മൂല്യം ഏറെയുള്ളതാണ് എന്നവൾ തിരിച്ചറിഞ്ഞു. ബിജുവിന്റെ സ്നേഹനിധിയായ പഴയ ഷീബയെ തിരിച്ചു കിട്ടിയതിൽ അവനും സന്തോഷിച്ചു…..