ശിവാനി
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)
ഡാ പ്രസാദേ… നീ ഒന്ന് ഇങ്ങ് വന്നേ…
എന്താണ് അമ്മേ കാര്യം…
എന്താ നിങ്ങളുടെ തീരുമാനം..
എന്താ അമ്മേ…?
നാട്ടുകാരും ബന്ധുക്കളും ചോദിച്ചു തുടങ്ങി കല്യാണം കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞു……
മരുമകൾക്ക് വിശേഷം ഒന്നുമില്ലേ എന്ന്… ഞാൻ ഓരോ കാര്യങ്ങൾ പറഞ്ഞു മടുത്തു ഇപ്പോൾ ആർക്കും ചെവിയും മുഖവും കൊടുക്കാതെ നടക്കുവാണ്…
“ഇത് പൊതുവേ നാട്ടുകാരുടെ ഒരു സ്വഭാവമാണമ്മേ സ്വന്തം വീട്ടിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിലും മറ്റുള്ളവന്റെ ജീവിതത്തിൽ കയറി അഭിപ്രായം ചോദിയ്ക്കലും ഉപദേശങ്ങളും…
നീ എന്തിനാണ് അവരെ കുറ്റംപറയുന്നത് ഉണ്ടല്ലോ ഇവിടേ ഒരാൾ നിന്റെ ഭാര്യ നർത്തകി… അവളോട് ചെന്ന് പറ….
അമ്മയെന്തിനാണമ്മേ എന്ത്
പറഞ്ഞാലും അവളേ കുറ്റപ്പെടുത്തുന്നത്…
ഓഹ് ഭാര്യയെക്കുറിച്ച് പറഞ്ഞപ്പോൾ
നിനക്ക് കൊണ്ടോ..നീയാണ് അവളുടേ എല്ലാ തോന്ന്യാസങ്ങൾക്കും കൂട്ട് നിൽക്കുന്നത്..
അവൾ എന്ത് തോന്ന്യാസം കാണിച്ചെന്നാണ് അമ്മ പറയുന്നത് നൃത്തം പഠിയ്ക്കുക അതവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു…
അതാണ് ഞാൻ അവളുടേ ആഗ്രഹങ്ങൾക്ക് എതിര് നിൽക്കാതിരുന്നത്..
“എന്റെ കൂടേ പോരുമ്പോൾ അവൾക്ക് ഒരു ആവശ്യമേ ഉള്ളായിരുന്നു അവൾക്ക് മുടങ്ങിപ്പോയ നൃത്തം പഠിക്കണമെന്ന് മാത്രം…
“അമ്മയ്ക്കറിയാമോ..
“എന്നിട്ടും എനിക്കും അമ്മയ്ക്കും വേണ്ടി അവളുടെ ആഗ്രഹങ്ങൾ മാറ്റി വെയ്ക്കാമെന്ന്
അവൾ പലതവണ എന്നോട് പറഞ്ഞതാണ്..
“ഞാനാണ് അതിന് തടസ്സം നിന്നത്..
” അവളുടെ പഠനം തുടർന്നു അമ്പലത്തിൽ അരങ്ങേറ്റം അത് കഴിഞ്ഞു മതി ഒരു കുട്ടിയെന്നു എന്റെ തീരുമാനം അവൾ സമ്മതിയ്ക്കുകയായിരുന്നു..
അല്ലാതെ ശിവാനി ഈ കാര്യത്തിൽ തെറ്റുകാരിയല്ല അവളുടേ മനസ്സും തുടിയ്ക്കുന്നുണ്ട് ഒരു കുഞ്ഞിനായി..
“ഇനി നാല് മാസം കൂടിയല്ലേയുള്ളൂ അമ്മേ അരങ്ങേറ്റത്തിന് അത് വരേ ഒന്ന് ക്ഷമിക്കൂ..
ഞാൻ ഇനി ഒന്നും പറയുന്നില്ല എനിക്കും വയസ്സായി വരുകയാണ് അത് രണ്ടാളും ഓർത്താൽ നല്ലത്.
ഞാൻ അടുക്കളയിൽ നിന്നു പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ വരാന്തയിൽ കണ്ണീർ തുടച്ചു കൊണ്ട് ശിവാനി…
അയ്യേ താൻ എന്തിനാടോ കരയുന്നത് അതിന് മാത്രം എന്ത് സംഭവിച്ചു ഇവിടെ..
ഞാൻ എല്ലാം കേട്ടിരുന്നു ഏട്ടാ…
എന്തിനാണ് എനിയ്ക്ക് വേണ്ടി ഏട്ടൻ ഇങ്ങനെ അമ്മയോട് വഴക്കിടുന്നത്…
ഒന്നുമില്ലടോ താൻ വിഷമിക്കാതെ..
എന്നാലും ഏട്ടാ അമ്മ പറഞ്ഞത് കാര്യമല്ലേ
“ഏട്ടൻ എന്റെ ഇഷ്ടങ്ങൾക്കു കൂട്ട് നിന്നപ്പോൾ അമ്മയേ മറന്നു ആ മനസ്സിലേ ആഗ്രഹങ്ങൾ മറന്നു..
“അമ്മയ്ക്കും ഒരുപാട് ആഗ്രഹമില്ലേ ഏട്ടാ ഒരു കുഞ്ഞിനെ താലോലിയ്ക്കാൻ..?
അത് തെറ്റാണോ ഏട്ടാ…
അത് തെറ്റെന്നു ഞാൻ പറഞ്ഞില്ലല്ലോ അമ്മയുടെ ആഗ്രഹങ്ങൾ പോലേ തന്നേ എനിക്ക് നിന്റെ ഇഷ്ടങ്ങളും പ്രധാനമാണ്………
എന്നാലും ഇനിയും അമ്മയേ വിഷമിപ്പിക്കാൻ എനിക്ക് വയ്യ. എന്റെ വീട്ടുകാരെ ഉപേക്ഷിച്ചു ഞാൻ ഏട്ടനൊപ്പം ഈ വീട്ടിലേയ്ക്ക് വന്നപ്പോൾ ഒരു മോളേ പോലേ എന്നേ സ്നേഹിച്ച അമ്മയാണ്…
” ഇപ്പോൾ അമ്മയ്ക്ക് എന്നോട് എന്തോ അകൽച്ച ഇന്നാണ് എനിയ്ക്ക് കാരണം മനസ്സിലായത്..
“നമുക്ക് അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാം ഏട്ടാ അത് കഴിഞ്ഞു മതി എന്റെ അരങ്ങേറ്റം.. നീ എന്താണ് ശിവാനി പറയുന്നത് ഇതിനാണോ നമ്മൾ ഇത്രയും കഷ്ടപ്പെട്ടത്……
” നീ എന്റെ കൂടേ വരുമ്പോൾ നിന്റെ ആവശ്യം അതായിരുന്നല്ലോ നിനക്ക് നൃത്തം പഠിക്കണം നിന്റെ വീട്ടിൽ അതിന് സമ്മതിച്ചിരുന്നില്ലല്ലോ..
“എല്ലാം ശരിയാണ് ഏട്ടാ എന്നാൽ ഇപ്പോൾ എനിയ്ക്ക് വലുത് എന്റെ അമ്മയുടെ മനസ്സിലേ ആഗ്രഹങ്ങളാണ്… ഞാൻ തീരുമാനിച്ചു കഴിഞ്ഞു…
“അവൾ മുഖം തുടച്ചു അകത്തേയ്ക്ക് കയറിപ്പോയി…
ശിവാനി… ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു… നീ ഇങ്ങനെ പിണങ്ങേണ്ട… നിന്റെ ഒരു ഇഷ്ടങ്ങൾക്കും ഞാൻ എതിരല്ല..
“എന്നാലും നിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നില്ലേ നൃത്തം പഠിക്കുക എന്നത്…
നിനക്കറിയാമോ ശിവാനി എന്റെയുള്ളിലും ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു..
“പക്ഷേ അതൊന്നും നിന്നേ അടിച്ചേൽപ്പിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല ഇന്ന് വരേ..” കാരണം എന്റെ ലക്ഷ്യം നിന്റെ ഇഷ്ടങ്ങൾ അത് വഴി നിന്റെ ഉയർച്ച അത് മാത്രമായിരുന്നു.. എന്റെ ഇഷ്ടങ്ങൾക്കെന്നും ഞാൻ രണ്ടാം സ്ഥാനമാണ് നൽകിയിരുന്നത്…
ഏട്ടാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് ഏട്ടന് സങ്കടമായോ…?
അമ്മയുടെ മനസ്സ് വേദനിയ്ക്കുന്നതു എനിക്ക് കാണാൻ കഴിയില്ല.
നിന്റെ മനസ്സ് എനിക്കറിയാം ശിവാനി എന്നാലും നമ്മളൊരുമിച്ചു ഒരുപാട് സ്വപ്‌നങ്ങൾ കണ്ടതല്ലേ …
അതിൽ മുഴുവനും തന്റെ ഭാവിയായിരുന്നു താൻ അരങ്ങുകൾ കീഴടക്കുന്നത് ഇതെല്ലാം നമ്മൾ കണ്ട സ്വപ്നങ്ങളല്ലേ..
നിന്റെ കഴിവുകൾ അത് ലോകം കാണേണ്ടതല്ലേ… അതെല്ലാം വെറും സ്വപ്‌നങ്ങൾ ആയി മാറുകയാണോ..?
സാരമില്ല തന്റെ ഇഷ്ടങ്ങൾ പോലെ നടക്കട്ടേ കാര്യങ്ങൾ..
ഒരിയ്ക്കലുമില്ല മോനേ.. അമ്മ അങ്ങോട്ട് കടന്ന് വന്നു.. “നിങ്ങൾക്കറിയാല്ലോ ഈ അമ്മ ഒരു നാട്ടിൻപുറത്തുകാരിയാണെന്നു അതിന്റെയൊരു അറിവേ അമ്മയ്ക്കുള്ളൂ.. അത് കൊണ്ടാണ് അമ്മ അങ്ങനെ പറഞ്ഞത്….
മോളേ ശിവാനി നീ എനിയ്ക്ക് മരുമകളല്ല മകൾ തന്നെയാണ്.. എന്റെ മകൻ എനിയ്ക്ക് തന്ന പുണ്യം.. മകളുടെ ഇഷ്ടങ്ങൾ അമ്മ മനസ്സിലാക്കണം….
അമ്മേ…
അത് കൊണ്ട് അമ്മ ഒരു കാര്യം പറയാം മോള് മോളുടെ ഇഷ്ടങ്ങൾ അത് നേടിയെടുക്കണം അത് കഴിഞ്ഞു മതി മറ്റെന്തും അതാണ് നിന്റെയീ അമ്മയുടെ ആഗ്രഹം..
നിന്റെ സ്വപ്‌നങ്ങൾ നേടാൻ എന്നും ഇവൻ നിനക്ക് കൂട്ടുണ്ടാവും മോള് വിഷമിക്കണ്ട… നീ ഒരുപാട് ഉയരങ്ങളിൽ എത്തും..
കണ്ടില്ലേ ശിവാനി.. അമ്മയുടെ സ്നേഹം.. ഇനിയും നിനക്കെന്താ പ്രശ്നം.. ധൈര്യമായി ആ ചിലങ്കകൾ കാലിൽ അണിയൂ.. ആ കാലിനു എന്നും ചിലങ്കകൾ അലങ്കാരമാകട്ടെ…
നിന്നോളം പ്രതിഭയുള്ള ഒരു കലാകാരിയേ ലോകം അറിയണം അത് നിന്നെക്കാളുപരി ഈ നാടിന്റെ ആവശ്യമാണ്.. ഈശ്വരന്റെ തീരുമാനം അതാണ്.. അവൾ എന്റെ തോളിലേയ്ക്ക് ചായ്ഞ്ഞു…