എൻ്റെ ജാനൂട്ടി അങ്ങനാ, ആരുടെ മുമ്പിലും എൻ്റെ തലകുനിയാൻ അവൾ സമ്മതിക്കില്ല അവൾക്കറിയാം..

എൻ്റെ മുല്ലമൊട്ടു പല്ലുള്ള പെണ്ണ്
(രചന: ബെസ്സി ബിജി)

“ജാനൂട്ടീ……. നമുക്കൊന്ന് നാട്ടിൽ പോയാലോ?”

“എന്താപ്പോ ഇങ്ങനെ………. ഈ ഇരുപത്തഞ്ച് വർഷം കഴിഞ്ഞപ്പോൾ…… എല്ലാവരേയും ഓർമ്മ വന്നോ…… “

“ഓർമ്മയൊക്കെ എന്നും ഉണ്ട് ജാനൂട്ടീ…..നമ്മളും ഈ ലോകത്ത് സന്തോഷമായി ജീവിക്കുന്നുണ്ട് എന്ന് എല്ലാവരേയും കാണിക്കണ്ടേ മോളേ….. പ്രത്യേകിച്ചും ഈ അവാർഡ് പ്രഖ്യാപിച്ചപ്പോഴെങ്കിലും..”

“ആരെ കാണിക്കാനാ ഡെന്നിച്ചാ…… ഈ ഇരുപത്തഞ്ച് വർഷമായിട്ട് നമ്മൾ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നന്വോഷിക്കാത്ത നമ്മുടെ സ്വന്തക്കാരെയോ….. “

അവൾ ചിരിക്കണോ കരയണോ എന്നറിയില്ലാത്ത ഒരവസ്ഥയിലായിരുന്നു.

“നമ്മൾക്ക് നമ്മൾ മാത്രം മതി……. എനിക്ക് ഡെന്നിച്ചനും…… ഡെന്നിച്ചന് ഈ ജാനൂട്ടിയും…… അത് മതി. “

സന്തോഷം കൊണ്ട് അവൻ്റെ കണ്ണുകൾ നിറഞ്ഞു….. അവളെ പിടിച്ച് അടുത്തിരുത്തി അവളുടെ നെറുകയിൽ ഒരു ചുടുചുംബനം കൊടുത്തു…..

“എൻ്റെ ജാനൂ…..”

“അല്ലെങ്കിലും ഈ ഡെന്നിച്ചൻ ഇങ്ങനാ… സന്തോഷം വരുമ്പോഴും കരയും, ദു:ഖം വരുമ്പോഴും കരയും……… ” അവൾ മുല്ലമൊട്ടു പോലെ വെളുത്ത പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട് എഴുന്നേറ്റ്  അടുക്കളയിലേക്ക് പോയി………

എൻ്റെ ജാനൂട്ടി അങ്ങനാ…… ആരുടെ മുമ്പിലും എൻ്റെ തലകുനിയാൻ അവൾ സമ്മതിക്കില്ല. അവൾക്കറിയാം നാട്ടിൽ ചെന്നാൽ എൻ്റെ വീട്ടുകാർ സ്വീകരിക്കില്ലാന്ന്…………

മനസ്സിൽ ഇപ്പോഴും മിന്നിമറയുന്നുണ്ട്……കറൻസി നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി അലമാരിയിൽ അടുക്കി അടുക്കി വെക്കുന്ന അപ്പ.. ….

മുറ്റത്തൊന്ന് ഇറങ്ങി കളിച്ചാൽ ആകാശം ഇടിഞ്ഞു വീണ പോലെ………” നിനക്കെന്താ ഡെന്നീ ഭ്രാന്തുണ്ടോ…… ഈ ചെളിയിലിങ്ങനെ കളിച്ച് നല്ല ഉടുപ്പൊക്കെ വൃത്തികേടാക്കാൻ………. പോയിരുന്നു പഠിച്ചേ………”എന്നാക്രോശിക്കുന്ന മമ്മി……

ബ്യൂട്ടി പാർലറുകൾ കയറിയിറങ്ങി ഞങ്ങളാണ് ‘മിസ് യൂണിവേഴ്സ് ‘എന്ന രീതിയിൽ നടക്കുന്ന രണ്ട് ചേച്ചിമാർ. അവർക്കിളയതായി ഇത്തിരി പ്രായ വ്യത്യാസത്തിൽ ഉണ്ടായ ഞാൻ….

ചുമരിൽ വരച്ചതിനും, കളിപ്പാട്ടം പൊട്ടിച്ചതിനും തേവൻ്റെ മോൾ ജാനുവിനോട് ചങ്ങാത്തം കൂടിയതിനും “നിനക്കെന്താ ഭ്രാന്തുണ്ടോ ഡെന്നീ “എന്ന ചോദ്യം മാത്രം………..

വളർച്ചയുടെ ഓരോ ഘട്ടത്തിലും വീട്ടിൽ നിന്നും പല അരുതുകളും കേട്ടു മടുത്ത എനിക്ക് ഈ സമൂഹത്തിൽ നിന്നു തന്നെ ഒളിച്ചോടണം എന്ന് തോന്നിയ നിമിഷത്തിലെപ്പോഴോ സങ്കടങ്ങളെല്ലാം ജാനുവിനോട് തുറന്നു പറഞ്ഞു.

കുടികിടപ്പുകാരൻ്റെ മകളായിരുന്നിട്ടും അവളൊരു നല്ല കൂട്ടുകാരിയായിരുന്നു.

എൻ്റെ  ഉള്ളിലെ സംഘർഷങ്ങളെല്ലാം പങ്കുവച്ചപ്പോൾ……..

“വീഴ്ചകൾ എക്കാലത്തേയും വീഴ്ചകളല്ല….. നാളെ നിൻ്റെ ദിവസവും വരും “എന്ന് പറഞ്ഞ് പോസിറ്റീവായി ചിന്തിക്കാൻ പഠിപ്പിച്ചവൾ………. വെറും ഒരു പത്താം ക്ലാസ്കാരിക്ക് ഇത്ര വിവരം എവിടുന്നുണ്ടായി എന്നതിശയിച്ചിരുന്ന ദിനങ്ങൾ…

ഞങ്ങളുടെ സൗഹൃദത്തെ ആദ്യം തെറ്റായി വ്യാഖ്യാനിച്ചത് ജാനുവിൻ്റെ  പ്രീയപ്പെട്ട അമ്മാവനായിരുന്നു.

കുടികിടപ്പുകാരൻ്റെ മകളെ മാളിക വീട്ടിൽ കയറ്റാനുള്ള കുതന്ത്രം. അവളെ വീട്ടിൽ കെട്ടിയിട്ട് തല്ലി സമ്മതിപ്പിക്കുകയായിരുന്നു.

എത്ര പെട്ടെന്നാണ് ഇതെല്ലാം നാട്ടിലും വീട്ടിലും പാട്ടായത്. അപ്പയുടേയോ മമ്മിയുടേയോ…. ചേച്ചിമാരുടെയോ ഒരു സ്വാന്തനിപ്പിക്കൽ കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി പോകില്ലായിരുന്നു.

എല്ലാവരും ‘പുകഞ്ഞ കൊള്ളി പുറത്ത് ‘എന്ന ഭാവത്തിൽ വാതിലുകൾ കൊട്ടിയടച്ചു.

ജാനുവിൻ്റെ വീട്ടുകാർ രണ്ട്‌ കൈയ്യും നീട്ടി സ്വീകരിച്ചെങ്കിലും അവരുടെ ഉദ്ദേശം അവൾ നിഷ്കരുണം നിഷേധിച്ചു.

‘ഡെന്നിച്ചൻ എനിക്കൊരു സുഹൃത്ത് മാത്രമാണ്…. അവൻ്റെ ആവശ്യങ്ങൾ നിറവേറ്റണ്ടത്  നമ്മുടെ കടമയാണ്. ‘

“ശരി… അവനിവിടെ കിടക്കാം……പക്ഷേ ചിലവിനുള്ളത് നീ തന്നെ ഉണ്ടാക്കണം…… ഞങ്ങളിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട…. “

വീട്ടിൽ ഉത്തരവാദിത്വങ്ങൾ ഒന്നും ചെയ്യാതെ കാളകളിച്ച് നടന്ന ഞാൻ….. എൻ്റെ വയറ് നിറക്കാൻ അവൾ അടുത്ത വീട്ടിൽ പാത്രം കഴുകാൻ പോയപ്പോൾ എന്നിലെ പൗരുഷം ഉണർന്നു.

ആദ്യ ദിവസങ്ങളിൽ അവളുടെ അച്ഛനോടൊപ്പം പറമ്പിൽ പണിക്ക് പോയി, കൈകൾ രണ്ടും പൊട്ടി തിണർത്ത് ഭക്ഷണം കഴിക്കാൻ പറ്റാതിരിക്കുമ്പോൾ വിളമ്പി ഉരുട്ടി വായിൽ വച്ച് തന്ന് കൊണ്ടിരുന്ന എൻ്റെ ജാനു…….. .

പക്ഷേ അന്ന് ഞാനാ കൊച്ചു കുടിലിൽ സുഖമായുറങ്ങി. അരുതുകളൊന്നുമില്ലാത്ത വീട്…

“അവനാ തേവൻ്റെ വീട്ടിൽ അന്തികിടപ്പും തുടങ്ങിയല്ലോ……എന്തൊരു ജന്മം…. വല്ല നല്ല കുടുംബത്തിൽ നിന്നും പെണ്ണും കെട്ടി സുഖമായി ജീവിക്കാനുള്ളതിന്…… പൊട്ടൻ…… “

“ആ പെണ്ണിനെ കണ്ടില്ലേ…. കറുത്തിരുണ്ട്, പൊക്കവും കുറഞ്ഞ് മുടിയും ഇല്ലാതെ….ആ തേവനെ പോലെ തന്നെ….. അവരാ ചെക്കനെ വല്ല കൂടോത്രവും കൊടുത്ത് മയക്കിയതായിരിക്കും….. “

അന്നുവരെ അവളുടെ ചിരിക്കുമ്പോൾ മുല്ലമൊട്ടു പോലെ വെളുത്ത് കാണുന്ന പല്ലുകളും അവളിലെ പോസിറ്റീവ് ചിന്താഗതികളും മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ…….

അവൾ കറുത്തതാണെങ്കിലും കറുപ്പിനേഴഴകില്ലേ.. അവളുടെ വിടർന്ന കണ്ണുകളും……. കറുത്തതെങ്കിലും നിഷ്കളങ്കമായ മുഖവും, ആത്മാർത്ഥതയുള്ളതും സ്മൂത്തായതുമായ സംസാരം……………..

അതെ ജാനുവിൻ്റെ അമ്മാവൻ പറഞ്ഞത് പോലെ…. അവളെ ഇനിയാരും കെട്ടില്ല….. ഞാൻ കാരണം അവളുടെ ജീവിതവും നശിപ്പിച്ചു……

ഡെന്നിയുടെ മനസ് വായിച്ച ജാനു….. “വേണ്ട ഡെന്നിച്ചാ…… നമുക്കിങ്ങനെയൊക്കെ കഴിഞ്ഞാൽ മതി…… “

“അല്ല ജാനൂ…. എൻ്റെ സങ്കടങ്ങൾ എനിക്ക് പങ്ക് വെക്കണം… നിന്നോട് മാത്രം…. എൻ്റെ സന്തോഷം നിൻ്റേത് കൂടി ആവണം…. എൻ്റെ മോഹങ്ങക്ക് ചിറകുകൾ തുന്നി തരാൻ നീ എന്നെ മാത്രം കേക്കണം….. അതിന് നമുക്കീ നാട് വിട്ട് പോകണം, വീട്ടുകാരെ വിട്ട് പോകണം…… പറ്റിയാൽ ഇന്ന് തന്നെ….. “

ഞാനിതവളോട് പറയുമ്പോൾ ഒരു ചെറുപുഞ്ചിരിയോടെ അവൾ തലമുടിയിലൂടെ സാവധാനം വിരലോടിക്കുന്നുണ്ടായിരുന്നു.

എല്ലാവരും കറുത്ത് തടിച്ച് വിരൂപി എന്ന് പറഞ്ഞെങ്കിലും ഞാനവളെ സൂഷ്മമായൊന്ന് നോക്കി…..

നിറം കുറച്ച് കുറവാണ്. കാണാൻ അത്ര വലിയ സുന്ദരിയൊന്നും അല്ല……അവളുടെ ചെറിയ കണ്ണുകൾ വികസിക്കുന്നത് കാണാൻ എന്ത് രസമാണ്……കുട്ടിത്തം നിറഞ്ഞ കറുത്ത മൃദുലമായ ചുണ്ടുകൾ രക്തം കൂടുതലായി നിറഞ്ഞ് വിഭ്രംജിതമായിരിക്കുന്നത് നോക്കിയിരിക്കാൻ തോന്നിപോകുന്നു……

എന്തുകൊണ്ടാണ് എനിക്കവളോട് മാത്രം വല്ലാത്ത അടുപ്പം തോന്നുന്നത്…… മണിക്കൂറുകളോളം സംസാരിച്ചിട്ടും മതിവരാത്തത്, എന്തുകൊണ്ടാണ് ജാനുവിനോടൊപ്പമുള്ള നിമിഷങ്ങൾ ഒരിക്കലും അവസാനിക്കരുതേ എന്നെൻ്റെ മനസ്സ് ആഗ്രഹിക്കുന്നത്…….

അതെ, ജാനൂ ഞാൻ നിന്നെ സ്നേഹിക്കുന്നു…….. എൻ്റെ ആത്മാവിലും ഹൃദയത്തിലും സ്നേഹിക്കുന്നു………

“ഡെന്നിച്ചാ….. നമ്മുടെ മതം, ജീവിത ശൈലികൾ എല്ലാം വ്യത്യസ്ഥമാണ്. നമുക്കുണ്ടാവുന്ന കുട്ടികൾ……. അവരീ സമൂഹത്തിൽ എന്തെല്ലാം സഹിക്കേണ്ടി വരും….. വേണ്ട….നമുക്കിത് ഇവിടെ നിർത്താം… “

പാവം ജാനു…. സ്വന്തം പ്രണയം ഏതെല്ലാമോ അരുതുകളാൽ തുറന്ന് പറയാനാകാതെ അതവളുടെ മനസ്സിനെ വീർപ്പുമുട്ടിക്കുന്നത് എനിക്ക് കാണാമായിരുന്നു.

“ജാനൂ….. നിന്നെ ഞാൻ പ്രേമിച്ചത് കണ്ണുകൾ കാരണമല്ല, കാതുകൾ കാരണമാണ്.”

മക്കളുണ്ടാവില്ലാ എന്നറിഞ്ഞപ്പോൾ നീ ദു:ഖിച്ചു.. പക്ഷേ എൻ്റെ കുഴപ്പം കൊണ്ടാണെന്നറിഞ്ഞപ്പോൾ നിനക്കെങ്ങനെ അത് നല്ലതായി തോന്നി….

അതെ, നീ പറഞ്ഞത് ശരിയാണ്. സങ്കര സന്തതി എന്ന് പറഞ്ഞ് നമ്മുടെ മക്കളെ കുട്ടുകാർ കളിയാക്കി മാറ്റി നിർത്തിയാലോ….നിൻ്റെ ആ എണ്ണ കറുപ്പാണോ പെണ്ണേ നിന്നെക്കൊണ്ടെല്ലാം പോസിറ്റീവായി ചിന്തിപ്പിക്കുന്നത്…..

നിന്നെ കിട്ടിയതുകൊണ്ടല്ലേ ജാനൂ എനിക്ക് ഞാനായി ജീവിക്കാൻ സാധിച്ചത്., ഇപ്പോൾ ദേ ഒരു സാഹിത്യ അക്കാദമി അവാർഡും എന്നെ തേടി എത്തിയിരിക്കുന്നു. നീ പറഞ്ഞതുപോലെ എൻ്റെ ദിവസം എത്തിയിരിക്കുന്നു.

മനുഷ്യനെ മയക്കുന്ന കറുപ്പാണ് പ്രണയം എന്നാരോ പറഞ്ഞത് എത്ര ശരിയാണ് ജാനു…..

ഈ മുല്ലമൊട്ടു പല്ലുള്ള എൻ്റെ പ്രണയിനിയുടെ സാമീപ്യം അടുത്തുള്ളപ്പോൾ അവയ്ക്ക് സുഗന്ധമുണ്ട്, ദൈവീകതയുടെ സ്പർശമുണ്ട്….

മക്കളില്ലാത്തതിൻ്റെ ദു:ഖമുണ്ടെങ്കിലും ഇനിയുമുണ്ടൊരു ജന്മമെങ്കിൽ എനിക്കീ മുല്ലമൊട്ടു പല്ലുള്ള പെണ്ണ് തന്നെ ഇണയായാൽ മതി…….. തുണയായാൽ മതി…..

Leave a Reply

Your email address will not be published. Required fields are marked *