നമുക്ക് ഇവിടെ വെച്ച് പിരിയാം ലൈഫ് ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ് ഇനി..

കൃഷ്ണന്റെ പ്രിയ
(രചന: Vidhun Chowalloor)

നമുക്ക് ഇവിടെ വെച്ച് പിരിയാം ലൈഫ് ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ് ഇനി അതിനിടയിൽ താനും വേണ്ട എല്ലാം നമുക്ക് ഇവിടെ നിർത്താം അതാ നമുക്ക് രണ്ട് പേർക്കും നല്ലത്.

എന്താ തന്റെ പ്രശ്നം എന്താണെങ്കിലും എന്നോട് പറ നമുക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം വിഷമിക്കാതെ കാര്യം പറ

എന്നെ എന്റെ പാട്ടിന് വിട്ടേക്ക് ഇപ്പോൾ നീ ആണ് എന്റെ ഏറ്റവും വലിയ പ്രശ്നം

മുഖത്തടിച്ച പോലെ ഉള്ള അവളുടെ വാക്കുകൾ എന്നെ നിരാശനാക്കി
എന്തോ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല ഇങ്ങോട്ട് നോക്കിയാലും അവളും അവളുടെ വാക്കുകളും എന്റെ മനസ്സിനെ മുറിവേൽപ്പിച്ചു

ക്യാമ്പസിലെ എല്ലാവരുടെയും മുന്നിൽ ചെറുതായ പോലെ ഒരു തോന്നൽ ഇവിടെ ഉള്ള ഓരോ മണൽതരികൾക്കും അറിയാം ഞാൻ അവളെ എത്ര
മാത്രം സ്നേഹിച്ചിരുന്നു എന്ന്….

കുറച്ചു ദിവസത്തേക്ക് കോളേജിന്റെ പടി ചവിട്ടില്ല എന്നുറപ്പിച്ചു ഹോസ്റ്റലിൽ തന്നെ ഇരുന്നു….

ഭയങ്കര ബോർ അടി ഒറ്റക്കിരുന്നു മടുത്തു ഫോൺ എടുത്തപ്പോൾ വോൾപേപ്പർ ആയി കിടക്കുന്ന അവളുടെ ഫോട്ടോ ആണ് കണ്ടത്

ഒരറ്റ ഏറുകൊടുത്തു ഫോൺ ഭിത്തിയിൽ അടിച്ചു കഷ്ണങ്ങൾ ആയി തെറിച്ചു രണ്ട് ദിവസം കഴിഞ്ഞാൽ ഓണം അവധിയാണ്

അമ്മയെ കാണാൻ തോന്നുന്നു
സന്തോഷം വരുമ്പോൾ ആരെയും കുറിച്ച് ഓർക്കാറില്ല പക്ഷെ സങ്കടം വന്നാൽ ആദ്യം ഓർക്കുന്നത് അമ്മയെ ആണ് കുഴപ്പം ഇല്ല പോട്ടെ എന്ന് അമ്മ പറയുമ്പോൾ ഉള്ള ഒരു സുഖം അത് മറ്റെവിടെയും കിട്ടില്ല

ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തു നാട്ടിലേക്ക് പോയി അവിടെ കൂടാം ഇവിടെ ഇനി എന്ത്…

കൂട്ടുക്കാർ മുറിയിലേക്ക് കയറി വന്നു . അളിയാ ചട്ടിയും കുട്ടയും ആയി എവിടെ പോവുന്നു നാട് വിടുകയാണോ…

ഇല്ലെടാ ഓണം അല്ലെ നാട്ടിൽ പോവാം എന്ന് വെച്ചു ഒരു മടുപ്പ്

അല്ലെങ്കിലും ഈ പെണ്ണുങ്ങൾ ഇങ്ങനെ ആണ് വിശ്വസിക്കാൻ കൊള്ളില്ല

അത് എന്താ നിനക്ക് നിന്റെ അമ്മയെ വിശ്വാസം ഇല്ലെ

ഒറ്റവാക്കിൽ അവന്റെ വായ് അടഞ്ഞു
എന്തോ അവളെ കുറിച്ച് മറ്റാരും കുറ്റം പറയുന്നത് എനിക്ക് ഇഷ്ട്ടം അല്ല……

ന്ന ശരി…. വന്നിട്ട് കാണാം….

പാതിരാത്രിയായി വീട്ടിൽ എത്തുമ്പോൾ
ആരെയും വിളിച്ചു ശല്യ പെടുത്താൻ തോന്നിയില്ല ഉമ്മറത്തു തന്നെ കിടന്നു
യാത്രയുടെ ഷിണം എന്നെ ഉറക്കത്തിൽ തളച്ചു

ആയ്യോാ അമ്മേ…. കള്ളൻ കള്ളൻ….

കള്ളൻ നിന്റെ തന്ത….. അനുജത്തിക്ക് കാലത്ത് തന്നെ ഒന്ന് കൊടുത്തു കണ്ടാൽ കീരിയും പാമ്പും ആണ് ഞങ്ങൾ

എഴുന്നേറ്റു നോക്കിയപ്പോൾ അച്ഛൻ തൊട്ടടുത്തുഇരുന്ന് പേപ്പർ വായിക്കുന്നുണ്ട് ഞാൻ നോക്കിയില്ല ഒന്നും അറിയാത്ത പോലെ ഉള്ളിലേക്ക് നടന്നു

അതെ എവിടെ പോവുന്നു…. കോളേജിൽ നിന്ന് പുറത്താക്കിയോ

കുരിപ്പ് വിടാനുള്ള ലക്ഷണം ഇല്ല…

നീ നിന്റെ കാര്യം നോക്കിയാൽ മതി
ഞാൻ ബാഗ് സോഫയിൽ ഇരിക്കുന്ന അവളുടെ മുകളിലേക്ക് ഇട്ടു….

നോക്കിയേ അമ്മാ ഈ ചെക്കൻ കാണിക്കുന്നത്

അവൾ അലറി വിളിക്കാൻ തുടങ്ങി

ആ വന്നു തുടങ്ങി അവൻ…… അവളോട്‌ ഗുസ്തി പിടിക്കാതെ കുളിച്ചു വന്ന് വലതും കഴിക്കാൻ നോക്ക് അപ്പു
ചെക്കന്റെ ഒരു കോലം മുടി താടി……

അന്നേ ഞാൻ പറഞ്ഞതാണ് ഇവിടെ അടുത്തുള്ള കോളേജിൽ വലതും ചേർത്താൽ മതി എന്ന് എൻജിനീയറിങ് പഠിക്കാൻ ഭാഷ അറിയാത്ത നാട്ടിൽ പോയാൽ കോലം അല്ല ആൾ തന്നെ മാറും ഇവനെ പറഞ്ഞിട്ട് എന്താ കാര്യം എല്ലാത്തിനും കൂട്ട് പിടിക്കാൻ ഒരാളുണ്ടലോ മക്കൾക്ക്

ഒരു ചിരിയുമായി ഞാൻ അച്ഛനെ നോക്കി .ഞാൻ ഉള്ളിൽ പോയി കുളി കഴിഞ്ഞു കണ്ണാടിക്ക് മുന്നിൽ നിന്ന് എന്നെ നോക്കി .

അമ്മേ ഏട്ടന്റെ ഫോൺ പൊട്ടി…

കുരിപ്പ് എന്റെ ബാഗ് പരിശോധന തുടങ്ങി… ഞാൻ ഓടിപോയി ബാഗും ഫോണും വാങ്ങി.

ഇതെങ്ങനെ പൊട്ടി…..

കൈയിൽ നിന്ന് താഴെ വീണ്….

ഇങ്ങനെയോ… ആരോ എറിഞ്ഞു പൊട്ടിച്ച പോലെ ഉണ്ട്..

നിനക്ക് എന്താ എന്റെ ഫോൺ അല്ലെ

ഫോൺ നിന്റെയാണ് പക്ഷെ കാശ് എന്റെ അച്ഛന്റെ ആണ് എനിക്ക് ഒരെണ്ണം വാങ്ങിതരാൻ പറഞ്ഞപ്പോൾ എന്തായിരുന്നു ബഹളം അല്ലെങ്കിലും ഞങ്ങൾ പെണ്ണ് കുട്ടികൾക്ക് ഒരു വിലയും ഇല്ല

ആനക്ക് എന്തിനാടി ഫോൺ
അന്റെ ചെക്കനെ വിളിക്കാനാണോ

അവളുടെ തലയിൽ ഒരെണ്ണം കൊടുത്തു
ഞാൻ മുറിയിലേക്ക് പോയി
ചുമ്മാ കിടന്നു….

വീട്ടിൽ വന്നത് നന്നായി അല്ലെങ്കിൽ ഓരോന്ന് ആലോചിച്ചു വട്ടായിഇരുന്നേനെ. കുരിപ്പ് ക്ലാസ്സിൽ പോയി അമ്മ അമ്മയുടെ ജോലിയിൽ മുഴുകി

അച്ഛന് നാളെ ഒരു മീറ്റിങ് ഉണ്ട് ആൾ അതിന്റെ തിരക്കിലാണ് .ഓർമകളിലെ കനലുകൾ കത്തിതുടങ്ങി ഞാൻ അതിൽ എരിയാനും .രണ്ട് ദിവസമായി മുറിയിൽ അടച്ചിട്ടിരിപ്പാണ്. അനുജത്തി വന്ന് എന്തെങ്കിലും കുറുമ്പ് കാണിച്ചു പോവും ഞാൻ അത് കാണാതെ ഇരുന്നു

എന്താ ഏട്ടാ എന്ത് പറ്റി ഇങ്ങനെ…..
അസുഖം വലതും ഉണ്ടോ…. ആകെ കുറച്ചു ദിവസമേ നിന്നോട് അടികൂടാൻ പറ്റു ഇങ്ങനെ ഇരിക്കാതെ വാ
അടികൂടാം….

ഞാൻ ഒന്ന് ചിരിച്ചു….

എന്തോ പന്തിയില്ല എന്ന് അമ്മയ്ക്കും തോന്നി ഒരിക്കലും അടങ്ങി ഇരിക്കാത്ത എന്നെ ഇങ്ങനെ കണ്ട് അമ്മയ്ക്കും വിഷമം…

മൂഡോഫ് ആവുമ്പോൾ ജീവൻ പകരാൻ
യാത്രകളേക്കാൾ നല്ല മരുന്നില്ല . അച്ഛന്റെ തിയറി അമ്മ പ്രയോഗിച്ചു

ഓണം അമ്മ വീട്ടിൽ… ചെറുപ്പത്തിൽ എന്നോ പോയതാണ് ഞാൻ പിന്നെ പല തിരക്കുകളിൽ പെട്ട് ആ പോക്ക് മുടങ്ങി
പറയാൻ ഒരുപാട് കാരണങ്ങൾ അച്ഛന്റെ ട്രാൻസ്ഫർ ഞങ്ങളുടെ പഠിപ്പ്
അങ്ങനെ അങ്ങനെ….

അവരെ വിഷമിക്കണ്ട എന്ന് കരുതി ഞാനും സമ്മതിച്ചു

അച്ഛൻ വരില്ല മീറ്റിങ് പിന്നെ ചെയർമാനോടൊപ്പം വിസിറ്റിംഗ് ആൾ ബിസി .ഞാനും അമ്മയും പിന്നെ കുരിപ്പ് അമ്മു എന്റെ അടുത്താണ് ഇരിക്കുന്നത്
അടി കൂടാനുള്ള സൗകര്യം കണക്കിൽ എടുത്താവും.

ഒരു നാട്ടിൻ പുറം കഥകളിൽ വായിച്ചറിഞ്ഞ പോലെ ഉള്ള സ്ഥലങ്ങൾ
പടിപ്പുരയും കടന്നു ചെന്നാൽ വലിയ നാലുകെട്ട് വീട് ചുറ്റും വയൽ കാവും കുളവും

കാഴ്ചകളുടെ നിറങ്ങൾ കണ്ണിൽ ഒപ്പിയെടുത്തു ഞാനും അമ്മുവും നടന്നു
അമ്മ തന്നെയാണ് മുന്നിൽ പഴയ എന്തോ തിരിച്ചു കിട്ടിയ സന്തോഷം അമ്മയുടെ മുഖത്തു ഞങ്ങൾ കണ്ടു .

അമ്മ ചെറുപ്പത്തിൽ ഓടിനടന്ന കുറുമ്പ് കാണിച്ച കഥകളെ കുറച്ചു അമ്മ വാചാലയായി

അമ്മക്ക് വയസ് കുറഞ്ഞപോലെ…
ഞങ്ങൾക്ക് തോന്നി… ആ വലിയ കൂട്ടുകുടുംബത്തിലേക്ക് പുതിയ അതിഥികളായി ഞങ്ങൾ. പരിചയം ഇല്ലാത്ത സ്ഥലമായതുകൊണ്ട് തന്നെ ഞങ്ങൾക്ക് കൂട്ടായി രണ്ട് കൂട്ടുക്കാർ അനന്തുവും മീനാക്ഷിയും

ചെറിയമ്മയുടെ മക്കൾ

വയസുകൊണ്ട് അനന്ദു മൂത്തതാണ്
മീനാക്ഷി എന്നേക്കാൾ ചെറുത്
അമ്മുവിന് ചേച്ചിയും

രണ്ട് ദിവസം കൊണ്ട് തന്നെ ഞങ്ങൾ കട്ട കൂട്ടായി ഫുൾ ടൈം ഞങ്ങൾ ഒരുമിച്ച് രാത്രിയെ പകലാക്കി ഞങ്ങൾ തകർത്തു നടന്നു

പാടത്തും തൊടിയിലും ശലഭങ്ങളെ പോലെ പാറിപ്പറന്നു നടന്നു

കുറച്ചു ദൂരെ മുളകൂട്ടങ്ങൾക്കിടയിൽ ഒരു വലിയ പാറ കൃഷ്ണന്റെ കാൽ അടി പതിഞ്ഞ പുണ്യസ്ഥലം

കേട്ടതും അമ്മുവിന് ഒരാഗ്രഹം കാണണം എന്ന്

അനന്തുവിനോട് ഞാൻ കാര്യം പറഞ്ഞു
മീനാക്ഷിയും സപ്പോർട്ട് ചെയ്തു
കാര്യങ്ങൾ ആരും അറിയാതെ പ്ലാൻ ചെയ്യാൻ ഞങ്ങൾ തുടങ്ങി

വീട്ടിൽ പറയാതെ പറഞ്ഞാൽ ചിലപ്പോൾ പോക്ക് നടക്കില്ല അധികം ആൾ താമസമില്ലാത്ത സ്ഥലം ആണ്. ചില കുറുക്ക് വഴികൾ ഉണ്ട്
അതിലൂടെ അവിടേക്ക് വേഗം എത്താം
പക്ഷെ നടന്ന് പോയാൽ എത്തുന്ന കാര്യം നാളെ നോക്കിയാൽ മതി

ഒരു രണ്ട് സൈക്കിൾ അനന്തു സംഘടിപ്പിച്ചു കാലത്ത് തന്നെ ഞങ്ങൾ ഇറങ്ങി .ഞാൻ അമ്മുവിനെയും അനന്ദു മീനാക്ഷിയെയും പിന്നിൽ ഇരുത്തി ചവിട്ടാൻ തുടങ്ങി

എന്റെ അമ്മുവിന് നല്ല ഒരു അമ്മിക്കലിന്റെ ഭാരം ഉണ്ട് കാണുന്ന പോലെ അല്ല അവൾ .ഇടവാഴികളും പുൽമേടുകളും താണ്ടി ആ വലിയ പാറക്ക് മുന്നിൽ ഞങ്ങൾ എത്തി

ചുറ്റും മുളകളാൽ മൂടിയിരിക്കുന്നു
ഇളം കാറ്റിനെ കൂട്ട് പിടിച്ചു മുളകൾ താളം പിടിക്കുന്നു. കുറച്ചു കഷ്ടപ്പെട്ട് ഞങ്ങൾ മുകളിലേക്ക് വലിഞ്ഞു കയറി ഒരു വിധത്തിൽ മുകളിൽ എത്തി. ഒരുപാടാഗ്രഹിച്ചു എന്ത് പ്രാത്ഥിചാലും അടക്കും എന്ന് മീനാക്ഷി അമ്മുവിനോട് പറഞ്ഞു

ആഗ്രഹങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞോ എന്ന് ഞാനും മുകളിൽ ഏതോ ഒരു പെണ്ണ് കുട്ടി നിന്ന് പ്രാത്ഥിക്കുന്നുണ്ട് ഞങ്ങൾ അടുത്ത് പോയി അമ്മു കണ്ണടച്ച് പ്രാത്ഥിക്കാൻ തുടങ്ങി….

ഞാൻ കണ്ണടക്കും മുൻപ് അവൾ എനിക്ക് നേരെ തിരിഞ്ഞു

കൃഷ്ണപ്രിയ……..

ഇവൾ എന്താ ഇവിടെ………??????

കണ്ണിൽ ഇരുട്ട് കയറി ഇത്രയും നാൾ വെളിച്ചമായി ഞാൻ കണ്ടത് ചില കാരണങ്ങൾ കൊണ്ട് ഞാൻ തന്നെ കറുപ്പിൽ ഒളിപ്പിച്ചു…. അല്ല അവൾ തന്നെയാണ് കാരണം. ഇനി ദൈവത്തിനോട് എന്ത് പറയാൻ
ഞാൻ തിരിഞ്ഞു അമ്മു കൈയിൽ പിടിച്ചു നിർത്തി

ഏട്ടാ നിൽക്ക്…. പ്രിയ എന്നെ നോക്കുന്നതുകൊണ്ട് തന്നെ എന്റെ നോട്ടം മറ്റു പലയിടങ്ങളിലേക്ക് ആയി ഞാൻ തിരിച്ചു .അനന്ദു പോയി അവളോട്‌ സംസാരിക്കുന്നുണ്ട് ഞാൻ ശ്രദിക്കാൻ പോയില്ല

അവൾ അവനോട് ചിരിച്ചു സംസാരിക്കുന്നത് കണ്ട് എനിക്ക് സഹിക്കുന്നില്ല എന്തൊക്കെ പറഞ്ഞാലും ഞാൻ ജീവനായി കൊണ്ട് നടന്നവൾ അല്ലെ എന്നാലും എന്തിനായിരിക്കും എന്നെ വേണ്ടാ എന്ന് പറഞ്ഞത്..

വാ ഒരാളെ പരിചയപ്പെടുത്തി തരാം
നമ്മുടെ ബന്ധു ആണ് ഞങ്ങളെ അവിടേക്ക് വിളിച്ചു

ആ ബെസ്റ്റ് പ്രിയ എന്റെ ബന്ധു കൂടി ആണോ എന്നാൽ അടിപൊളി…. അമ്മു എന്റെ കൈയിൽ പിടിച്ചു അവരുടെ അടുത്തേക്ക് നടന്നു

അമ്മുവിനെ പ്രിയ നോക്കുന്നുണ്ട്
ഞാൻ ഫോട്ടോ കാണിച്ചു കൊടുത്തിട്ടുണ്ട് പ്രിയക്ക് എന്റെ കുരിപ്പിനെ പിന്നെ അവളുടെ കുറുമ്പ് വാശി എന്നോട് ഉള്ള ഇഷ്ട്ടം
എല്ലാം പ്രിയക്ക് അറിയാം .അമ്മു മുന്നിലോട്ട് വലിക്കുമ്പോളും പിന്നിലേക്ക് ഓടാൻ തോന്നുന്നു ഇവളെ കാണാതിരിക്കാൻ വേണ്ടിയാണ് അവിടം വിട്ട് ഇവിടെ വന്നിരിക്കുന്നത്

അടുത്തെത്തി അനന്ദു പരിചയപെടുത്താൻ തുടങ്ങി .വിഥു + അമ്മു വലിയമ്മയുടെ മകൾ
ഓണം കൂടാൻ വന്നതാണ് തറവാട്ടിൽ
ഇത് കൃഷ്ണപ്രിയ അച്ഛന്റെ ബന്ധത്തിൽ ഉള്ളതാണ് തറവാടിന്റെ അടുത്ത് തന്നെയാണ് വീട് ഇപ്പോൾ ബാംഗ്ലൂരിൽ എഞ്ചിനീറിങ് പഠിക്കുന്നു പഠിക്കാൻ മിടുക്കിയാണ് പ്രിയ

അവളെ കുറച്ചു ഇവൻ എന്തിനാ ഇങ്ങനെ പറയുന്നത് എന്നാണ് എന്റെ ആലോചന

അമ്മു പോയി കൈ കൊടുത്തു
പരിചയപെട്ടു……

അമ്മൂ എന്താ പ്രാത്ഥിച്ചത്
മീനാക്ഷി ചോദിച്ചു

അച്ഛനും അമ്മയ്ക്കും പിന്നെ ഇവന്റെ ചൂട്‌ മാറാൻ പിന്നെ എന്തോ വിഷമം ഉണ്ട് ഏട്ടന് അതും മാറണം പഴയപോലെ എന്നോട് അടി കൂടാൻ ഉത്സാഹം വരണം
ഉത്തരവാദിത്തം വരണം അങ്ങനെ എല്ലാം ഇവൻ…….. ഇവനാണ് എനിക്ക് എല്ലാം

ഞാൻ അമ്മുവിനെ നോക്കി നിന്നു
എന്തൊക്കെ പറഞ്ഞാലും അവൾ എന്റെ സ്വന്തം അനുജത്തി ആണ് എന്റെ വിഷമത്തിൽ അവളും വിഷമിക്കുന്നുണ്ട് എന്നോർത് എനിക്ക് സങ്കടം വന്നു

ഹോ.. അപ്പോൾ ഏട്ടൻ പൂനാരാ അനുജത്തിക്ക് വേണ്ടിയാണോ പ്രാത്ഥിച്ചത് എന്ന് എന്നോട് മീനാക്ഷി ചോദിച്ചു .ഞാൻ നോക്കി നിന്നത് പ്രിയയെ ആണ് ആ ദേഷ്യത്തിൽ ഞാൻ പറഞ്ഞു . എനിക്ക് ദൈവത്തിൽ വിശ്വാസം ഇല്ല അതുകൊണ്ട് പ്രാത്ഥിക്കാൻ ഒന്നും ഇല്ല

അപ്പോൾ നീ എനിക്ക് വേണ്ടി പ്രാത്ഥിച്ചില്ല അമ്മു സങ്കടത്തോടെ പറഞ്ഞു .ആനക്ക് വേണ്ടി എന്തിനാ ഞാൻ പ്രാത്ഥിക്കുന്നത് നിനക്ക് വേണ്ടി ജീവിക്കാനാണ് എനിക്കിഷ്ട്ടം… ഞാൻ അമ്മുവിനെ സമാധാനിപ്പിച്ചു

എല്ലാവരും പ്രിയയിലേക്ക് തന്നെ മടങ്ങി

അനന്ദു പറഞ്ഞു തുടങ്ങും മുൻപ് ഞാൻ അമ്മുവിനോട് പറഞ്ഞു

വാ പോവാം അമ്മ അന്വേഷിക്കും

ഇവന് ഇത്രയും പെട്ടന്ന് ഉത്തരവാദിത്തം വന്നോ പ്രാത്ഥന ഇപ്പോൾ തന്നെ ഫലിച്ചോ എന്ന മട്ടിൽ അമ്മു അന്തം വിട്ട് എന്നെ നോക്കി .കാരണം എനിക്കും ആ കൃഷ്ണനും പിന്നെ പ്രിയക്കും മാത്രം അറിയാം. ഞാൻ അമ്മുവിനെ കൂട്ടി താഴെക്ക് ഇറങ്ങി. അനന്ദുവും മീനാക്ഷി ഞങ്ങളെ നോക്കി നിന്നു പെട്ടന്ന് എന്ത് പറ്റി എന്ന ഭാവത്തിൽ

നിൽക്ക് ഞങ്ങളും വരാം തനിക്ക് വഴി അറിയില്ലലോ .ഞാൻ വന്ന വഴിക്കൾ ഒന്നും ചത്താലും മറക്കില്ല പ്രിയയെ നോക്കി ഞാൻ പറഞ്ഞു. എന്താണ് എന്ന് ആർക്കും മനസിലാവുന്നില്ല പക്ഷെ കലിപ്പിൽ ആണ് എന്ന് മാത്രം അവർ അറിഞ്ഞു . കുരിപ്പിനെ പിന്നിൽ ഇരുത്തി
ഞാൻ സൈക്കിൾ വേഗത്തിൽ ചവിട്ടാൻ തുടങ്ങി.

ഡാ പതുക്കെ പോ…. അത് പോട്ടെ നിനക്ക് ശരിക്കും വഴി അറിയുമോ അത് ആദ്യം പറ

അപ്പോൾ നിനക്ക് ഓർമ്മ ഇല്ല…
ഞാൻ അമ്മുവിനോട് ചോദിച്ചു

എനിക്കോ…. ഞാൻ ഇപ്പോൾ പറഞ്ഞു എനിക്ക് അറിയാം എന്ന് നീയല്ലേ പറഞ്ഞത്

നീ ഒന്ന് അടങ്ങി ഇരുന്നാൽ മതി
വീട്ടിൽ ഞാൻ കൊണ്ട് പോയി എത്തിക്കാം

അത് എനിക്ക് അറിയാം പക്ഷെ എന്ന് ആണ് എന്ന് കൂടി നീ പറയണം

മിണ്ടാതെ ഇരിക്ക് കുരിപ്പേ…

ദേഷ്യത്തിന്റെ നോട്ടത്തിൽ എല്ലാ വഴികളും എനിക്ക് ഒന്നായി തോന്നി
ഉറപ്പില്ലെങ്കിലും ഞാൻ ഉറപ്പിച്ചു കൊണ്ട് പോയി

ഒന്നര മണിക്കൂർ ആയി ഇപ്പോൾ
പോവാൻ ഒരുമണിക്കൂർ സമയം എടുത്തു വഴി കറക്റ്റ് ആണ്…. നിനക്ക് ഇതെല്ലാം എങ്ങനെ സാധിക്കുന്നു
കുരിപ്പ് ട്രോളാൻ തുടങ്ങി

സമയം ഇരുട്ടാൻ തുടങ്ങി ഞാൻ ഒറ്റക്ക് ആണെങ്കിൽ കുഴപ്പമില്ല ഇത് ഇപ്പോൾ അമ്മു കൂടെ ഉണ്ട് അറിയാത്ത സ്ഥലം
പരിചയമില്ലാത്ത ആളുകൾ എന്ത് ചെയ്യും….

ഒരു ലൈറ്റ് പോലും ഇല്ലാത്ത വഴികൾ അല്ലെ അമ്മു നമ്മുടെ നാട് തന്നെയാണ് നല്ലത് അല്ലെ

ഇത്രയും നാൾ ഇതല്ല നീ പറഞ്ഞത്
ഇവിടം സ്വാർഗം ആണ് തേങ്ങയാണ് മാങ്ങയാണ് ഇപ്പോ എന്ത് പറ്റി പെട്ടന്ന് പെട്ടന്ന് നീ മാറുന്നു എന്താ കാര്യം
എന്നോട് പറ….. എനിക്ക് പറ്റും എങ്കിൽ ഞാൻ സഹായിക്കാം

ആദ്യം വീട് കണ്ടു പിടിക്കട്ടെ എന്നിട്ട് പറയാം

മ്മ് ok…

കുറച്ചു ആളുകൾ കൂടി നിൽക്കുന്നു
ഞാൻ അവരോട് സ്ഥലം ചോദിച്ചു
രണ്ട് കിലോമീറ്റർ മുന്നിൽ എത്തി എന്ന് ആൾ പറഞ്ഞപ്പോൾ ആണ് എനിക്ക് മനസിലായത്. മട്ടും ഭാവവും കണ്ട് എനിക്ക് വഴി അറിയില്ല എന്ന് മനസിലായ ഒരാൾ കൂടെ വന്നു .ഞാൻ വേണ്ട എന്ന് പറഞ്ഞു

എന്റെ വീട് അതിന് അടുത്താണ്
കുമാരൻ എന്നാ പേര് ഇതേ പ്രായത്തിൽ ഉള്ള ഒരു പെണ്ണ് കൂട്ടി എനിക്കും ഉണ്ട് അധികം വർത്താനം ഒന്നും വേണ്ട പിന്നാലെ വാ

ആൾ ടോർച് അടിച്ചു വഴി കാണിച്ചു കൊണ്ട് കൂടെ വന്നു കൃഷിക്കാരൻ ആണെന്ന് തോന്നുന്നു നടത്തത്തിന് നല്ല സ്‌പീഡ് ഞാൻ സൈക്കിൾ തള്ളി കൊണ്ട് പിന്നാലെ നടന്നു കൂടെ അമ്മുവും കുറച്ചു സമയത്തിന് ശേഷം
തറവാട്ടിൽ എത്തി

എല്ലാവരും ഉമ്മറത്തു തന്നെ ഉണ്ട്
അനന്ദു മീനാക്ഷി ഒരു വിചാരണ കഴിഞ്ഞ കുറ്റവാളികളെ പോലെ അവിടെ തന്നെ ഉണ്ട്

അമ്മ ഓടി വന്നു അമ്മുവിനെയും എന്നെയും കെട്ടി പിടിച്ചു അമ്മ കരയുന്നുണ്ട്

എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല
എന്റെ വാശിയാണ് എല്ലാ കുഴപ്പങ്ങൾക്ക് കാരണം

ആ സുധആയിരുന്നോ നിന്റെ മക്കൾ ആണോ നല്ല ധൈര്യം ആണ് രണ്ടിനും
ഒരു പേടിയും ഇല്ല പീടിക കവലയിൽ വെച്ചാണ് എന്റെ കൈയിൽ കിട്ടിയത് ഇവിടുത്തെ കുട്ടികൾ ആണ് എന്ന് പറഞ്ഞപ്പോൾ എനിക്ക് മനസിലായില്ല
നീ വന്ന കാര്യം എനിക്ക് അറിയിലായിരുന്നു

രണ്ട് ദിവസം മുൻപ് ആണ് വന്നത്
കുമാരേട്ടന് സുഖം തന്നെ അല്ലെ
എന്തായാലും ഇവരെ ദൈവം ആണ് ഏട്ടന്റെ കൈയിൽ തന്നെ എത്തിച്ചത്…..

മ്മ് അപ്പോൾ വിശേഷം ഒന്നും താൻ അറിഞ്ഞില്ല അല്ലെ ഭാനു…… അവൾക്ക് വയ്യ ഡോക്ടർമാർ എന്തൊക്കെയോ പറഞ്ഞു ഇനി കട്ടിൽ വിട്ട് അവൾക്ക് ഒരു ലോകം ഇല്ല എന്ന് അതും ദൈവത്തിന്റെ കളി തന്നെയാണ് ഞാൻ പോവുന്നു വീട്ടിൽ മോൾ മാത്രമേ ഉള്ളൂ

തിരക്ക് പിടിച്ച് ആൾ പോയി

അല്ല എന്താ ഭാനു അമ്മക്ക് പറ്റിയത്

അമ്മ ഞങ്ങളുടെ കാര്യം വിട്ട് അടുത്തത് പിടിച്ചു

ഒരു വശം തളർന്നു കിടപ്പിലാണ്
കഴിഞ്ഞ മാസം ആണ് സംഭവം നടന്നത്
വിധി….. കുമാരേട്ടൻ അതിൽ തകർന്നു പോയി പിന്നെ അവരുടെ മോൾ ചിരിച്ചു കളിച്ചു നടന്ന അവളെ ഇങ്ങനെ കാണുമ്പോൾ സങ്കടം വരും പാവം കുട്ടി

പ്രിയ മോളെ നീ കണ്ടോ പഴയ ആ ചെറിയ കുട്ടി ഒന്നും അല്ല വലുതായി ഇപ്പോൾ അമ്മയെ പോലെ തന്നെ നല്ല ഭംഗി പഠിക്കാൻ മിടുക്കി നീ നാളെ അവരെ പോയി ഒന്ന് കണ്ടോ
അടുത്ത വരവിന് ചിലപ്പോൾ…..

മ്മ് നാളെ തന്നെ പോയി കാണണം
അമ്മ ഞങ്ങളെയും കൂട്ടി അകത്തേക്ക് പോയി. അനന്ദു നോക്കുന്നില്ല നല്ല ദേഷ്യം ഉണ്ട് മുഖം കണ്ടാൽ തന്നെ അറിയാം. പിറ്റേന്ന് ഉറക്കം എഴുന്നേറ്റു കാലിന് നല്ല വേദന ഉണ്ട് ഒരുപാട് നടന്നു പട്ടി ആയതുകൊണ്ട് ആണ് ഒത്തിവെച്ച് താഴെക്ക് ഇറങ്ങി

അമ്മുവും മീനാക്ഷിയും അനന്ദുവും ഇരുന്ന് എന്തൊക്കെയോ പറയുന്നു
ഞാൻ അവിടെ പോയി ഇരുന്നു
ഒന്നും മിണ്ടുന്നില്ല ആരും പിണക്കം ആണ്….. ന്ന പിന്നെ ഞാൻ എന്തിന് മിണ്ടണം. ഞാനും മിണ്ടാതെ ഇരുന്നു

എണീറ്റോ…. വേഗം കുളിച്ചു റെഡി ആയി വാ ഒരിടം വരെ പോണം അമ്മ വന്നു പറഞ്ഞു

ഈ കാലും വെച്ച് ഞാൻ ഇല്ല വയ്യ അതാ

അതൊന്നും പറഞ്ഞാൽ പറ്റില്ല
പിന്നെ അധികം ദൂരം ഒന്നും ഇല്ല അഞ്ചുവീട് അപ്പുറം ഇന്നലെ വന്ന ആ ചേട്ടന്റെ വീട്ടിൽക്ക് ആണ് അമ്മു നീയും വാ….

കുളിച്ചു റെഡിയായി അവിടേക്ക് പോയി
ഇന്നലെ കണ്ട ആ ചേട്ടൻ അവിടെ തെങ്ങിന് തടം എടുക്കുന്നുണ്ട് ഞങ്ങളെ കണ്ടതും അത് നിർത്തി
അടുത്തേക്ക് വന്നു

ഭാനു ചേച്ചി….

ഭാനു നിനക്ക് ഇന്ന് വിരുന്ന്ക്കാർ ഉണ്ട് ട്ടോ

അവൾ അകത്തുണ്ട് നിങ്ങൾ കയറിക്കോ ഞാൻ കാൽ കഴുകി വരാം

വാതിൽ തുറന്നു ഞങ്ങൾ അകത്തു കയറി ഒരു മുറിയിൽ ഒരു ചേച്ചി കിടക്കുന്നു . എണ്ണയുടെയും കുഴമ്പിന്റെയും മണം ആ മുറിക്ക് ഉണ്ടായിരുന്നു അമ്മ അടുത്തിരുന്നു സംസാരം തുടങ്ങി

നിന്റെ മോൻ ആണോ…

മ്മ് അതെ

വലിയ ചെക്കൻ ആയി അല്ലെ…

കുട്ടികൾ വളരാൻ അത്രക്ക് സമയം ഒന്നും വേണ്ട പ്രിയ മോൾ എവിടെ ഞാൻ കണ്ടിട്ട് കാലം ഒരുപാട് ആയി

അവൾ പാൽ കൊണ്ട് കൊടുക്കാൻ പോയി ഇപ്പോൾ വരും അവൾ വന്നാൽ ഇതൊക്കെ പതിവ് ആണ് ഇവിടെ എന്നെ കൊണ്ട് ഒന്നിനും സമ്മതിക്കില്ല
കുമാരേട്ടൻ പറഞ്ഞു കൊണ്ട് കടന്നു വന്നു

ആ ചേച്ചി എന്നെ അടുത്തേക്ക് വിളിച്ചു
കൈയിൽ പിടിച്ചു എന്നെ നോക്കി
ഞാൻ ഒരുപാട് എടുത്തു കൊണ്ട് നടന്നിട്ടുണ്ട് നല്ല വാശി ആയിരുന്നു ചെറുപ്പത്തിൽ കുറെ എന്നെ ഓടിച്ചിട്ടുണ്ട്
ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു

വാശിക്ക് ഒന്നും ഇന്നും കുറവില്ല
അതൊക്കെ ഇന്നും അവന്റെ കൈയിൽ ഉണ്ട് അമ്മ എനിക്കിട്ട് താങ്ങി

ചായ എടുക്കട്ടെ.. അകത്തുനിന്ന് ഒരാൾ

ആ പ്രിയ മോൾ വന്നോ ആദ്യം ഒന്ന് ഇവിടെ വാ ഞാൻ ഒന്ന് കാണട്ടെ അമ്മ പ്രിയയെ വിളിച്ചു

കൃഷ്ണ പ്രിയ ഇത് അവളുടെ വീട് ആണ്
ഞാൻ മിണ്ടാതെ അവളെ നോക്കി നിന്നു

അടുത്തിരുത്തി എന്തൊക്കെയോ അമ്മ പറയുന്നുണ്ട് അമ്മക്ക് പറ്റിയ മരുമകൾ ആണ് എന്റെ സെലക്ഷൻ തെറ്റിയില്ല
സത്യം പറഞ്ഞാൽ അവളെ പെണ്ണ് കാണാൻ പോയ ഒരു ഫീൽ അവളുടെ കൈകൊണ്ട് തന്നെ ചായ കുടിച്ചു അമ്മക്ക് ഒരുപാട് ഇഷ്ട്ടം ആയി എനിക്കും അവിടെ നിന്ന് പാതി നിർത്തിയ സ്വപ്നം വീണ്ടും കാണാൻ തുടങ്ങി ഞാൻ .

ഇതെല്ലാം ശ്രദിച്ചു കുരിപ്പ് അവിടെ നിൽക്കുന്നുണ്ട് എന്റെ അടുത്ത് വന്ന് പറഞ്ഞു .വായ്നോട്ടം നിർത്തിക്കോ
ഞങ്ങളുടെ മാനം കളയരുത് പ്ലീസ്.

ഞാൻ ഒന്ന് ചിരിച്ചു… അവിടെ നിന്ന് പുറത്ത് ഇറങ്ങി വീടിന് ചുറ്റും നടന്നു പ്രിയ ജനിച്ചു വളർന്ന വീട് ആണ് തെങ്ങ് എല്ലാം നന്നായി കായ്ച്ചു തന്നെ നിൽക്കുന്നുണ്ട് അച്ഛൻ അങ്ങനെയാണ് നോക്കുന്നത്

അതെ പിന്നിൽ നിന്ന് ഒരു ശബ്ദം

പ്രിയ ആണ് ഞാൻ അവളെ നോക്കി…

ഫോണിന് എന്ത് പറ്റി ഞാൻ എത്ര വിളിച്ചു എന്തിനാ എന്നെ ഇത്ര വിഷമിപ്പിച്ചത്

കൊള്ളാം ഇതൊക്കെ ഞാൻ പറയണ്ട ഡയലോഗ് ആണ് ഇവൾ എന്നോട് പറയുന്നു

ഫോൺ പൊട്ടി.. അതാ കിട്ടാഞ്ഞത്..

ഇവിടെ വെച്ച് കാണും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല എന്തായാലും നന്നായി
സോറി….. ഞാൻ അന്ന്…

ഏയ്‌ വേണ്ട എനിക്കറിയാം താൻ എന്താ പറയാൻ പോവുന്നത് എന്ന് തന്റെ വിഷമത്തിന്റ കാരണം എല്ലാം എനിക്ക് അറിയാം ഇനി താൻ പറഞ്ഞു ബോർ ആക്കണ്ട പ്രിയയുടെ അമ്മക്ക് വരെ അറിയാം എനിക്ക് വാശി കൂടുതൽ ആണ് എന്ന് ഞാൻ വിഷമിപ്പിച്ചു എങ്കിൽ സോറി ഞാൻ വാശി കുറക്കാൻ നോക്കാം എന്താ.

ആ നിങ്ങൾ ഇവിടെ നിൽക്കുകയാണോ
വാ പോവാം… പിന്നെ പ്രിയ മോൾ വാ എന്റെ കൂടെ മീനാക്ഷിക്ക് സാരി കൊണ്ട് വന്നിട്ടുണ്ട് ഞാൻ കൂട്ടത്തിൽ ഒരെണ്ണം കൂടുതൽ വെച്ചു അത് തനിക്ക് ഇരിക്കട്ടെ സാരി എടുക്കാൻ ഉള്ള പ്രായം ആയി അമ്മ പറഞ്ഞു.

അച്ഛാ ഞാൻ പോയി വരാം പ്രിയ സമ്മതം വാങ്ങി ഞങ്ങളുടെ കൂടെ വന്നു. പെണ്ണ് കാണൽ കഴിഞ്ഞു ഇനി പുടവ കൊടുക്കൽ ആണ് ഞാൻ മനസ്സിൽ ആലോചിച്ചു .അമ്മ അകത്തേക്ക് സാരി എടുക്കാൻ പോയി .

അനന്ദു… മീനാക്ഷി… അമ്മു…. പ്രിയ
എല്ലാവരോടും ആയി ഞാൻ പറഞ്ഞു
നമ്മുക്ക് നാളെ ആ അമ്പലത്തിലേക്ക് ഒന്നുകൂടെ പോയാലോ എനിക്ക് ഒന്നും പ്രാത്ഥിക്കാൻ പറ്റിയില്ല

അതിന് നിനക്ക് ദൈവത്തിൽ വിശ്വാസം ഇല്ല എന്ന് പറഞ്ഞിട്ട് അമ്മു എന്നോട് ചോദിച്ചു

എന്തോ ഇപ്പോ ഒരു വിശ്വാസം വാ പോവാം അനന്ദു എനിക്ക് വഴി അറിയില്ല അതാ …

എല്ലാവരും ചിരിച്ചു ഒപ്പം ഞാനും പ്രിയയെ നോക്കി ചിരിച്ചു കുരിപ്പിന് എല്ലാം മനസിലായ പോലെ എന്നെയും പ്രിയയെയും നോക്കുന്നുണ്ടായിരുന്നു….

വാശിക്ക് അപ്പുറത്തുള്ള ചില സ്നേഹങ്ങൾ ഉണ്ട് അത് ആ സ്നേഹത്തിന് അടിമപ്പെടാനുള്ള വാശിയാണ്… ഒരു വാശി…

Leave a Reply

Your email address will not be published. Required fields are marked *