അല്ല അച്ഛനെ കാണുമ്പോൾ പണ്ട് ഉള്ള സന്തോഷം ഇപ്പോൾ ഇല്ല അതു തന്നെ കാരണം..

വല്യ കുട്ടി
(രചന: Uthara Harishankar)

അച്ഛൻ കുട്ടിയോട് മോശമായി മറ്റോ പെരുമാറിയോ… രാത്രിയിലോ അമ്മ ഇല്ലാത്തപ്പോളോ മറ്റോ?

അ..ങ്ങനെ… അങ്ങനെ ഒന്നുമില്ല പേരമ്മേ, എന്താണ്

അല്ല അച്ഛനെ കാണുമ്പോൾ പണ്ട് ഉള്ള സന്തോഷം ഇപ്പോൾ ഇല്ല അതു തന്നെ കാരണം പിന്നെ ഇന്നത്തെ കാലം അങ്ങനെ ആണല്ലോ, ഓ കുക്കർ വിസിൽ അടിക്കുന്നുണ്ട് ഞാനിപ്പോൾ വരാം

അകന്നു പോകുന്ന കാൽപെരുമാറ്റത്തിനൊപ്പം മനസ്സ് വല്ലാതെ ഉലഞ്ഞു

പേരമ്മ പറഞ്ഞത് ശെരിയാണ് എനിക്ക്… എനിക്കിപ്പോൾ അച്ഛനെ ഇഷ്ടല്ലാ… ഒട്ടും തന്നെ ഇഷ്ട്ടല്ല എട്ടു മാസം മുൻപാണ് ഗൾഫിൽ നിന്നും ജോലി മതിയാക്കി അച്ഛൻ വരുന്നത്

അതിനു മുൻപ് ഓർമയിൽ അഞ്ചാൻക്ലാസ്സിൽ പഠിക്കുമ്പോൾ വന്നിട്ടുണ്ട്

കാവിലെ വേലയുടെ സമയത്ത്

അന്ന് അത്‌ വല്യ ആഘോഷമായിരുന്നു
കുറേ മിട്ടായി, മണമുള്ള റബ്ബർ, പേന കളർ പെൻസിൽ പാവ കുട്ടികൾ അങ്ങനെ അങ്ങനെ വല്യ പെട്ടിയിൽ നിറയെ സാധങ്ങൾ ആയിട്ട്

അന്ന് ഞാനും ദേവുവിനെ പോലെ ബലൂൺ ഒക്കെ ആയിട്ട് അച്ഛന്റെ മുതുകിൽ ഇരുന്നു പാട വരമ്പത്തൂടെ വന്നിട്ടുണ്ട്

മുത്തശ്ശി രാത്രി പറയാറുള്ള കഥയിലെ കുതിരപുറത്തു വരുന്ന രാജാവിന്റെ മുഖമായിരുന്നു പിന്നെ കുറച്ചു ദിവസത്തേക്ക് എനിക്കു

രണ്ടു മൂന്ന് ആഴ്ച കഴിഞ്ഞു മടങ്ങുമ്പോൾ അമ്മയുടെയും മുത്തശ്ശിയുടെയും ഒപ്പം ഞാനും കുറേ കരഞ്ഞു… കരഞ്ഞു കരഞ്ഞു ഉറങ്ങി

പിന്നെ ഒരിക്കൽ അച്ഛൻ ഫോൺ വിളിച്ചപ്പോൾ ഇനിയും നാട്ടിലേക്ക് വരാൻ കുറേ പൈസ വേണമെന്ന്

പറഞ്ഞ അന്ന് മുതൽ വീട്ടിൽ എവിടെ കാണുന്ന ചില്ലറ പൈസയും കുടുക്കയിൽ സൂക്ഷിക്കും…ഒരണ വിട്ട് പോകാതെ…

അങ്ങനെ കാത്തു കാത്തു അച്ഛൻ തിരികെ വന്നപ്പോളും വല്യ സന്തോഷമായിരുന്നു

പക്ഷെ പിന്നീട് അത്‌ മാറി മറഞ്ഞു…,

അമ്മയുടെയും മുത്തശ്ശി യുടെയും നടുവിലുള്ള കിടപ്പിൽ നിന്നും ഭിത്തിക്കും മുത്തശ്ശിക്കുമ്മ നടുവിലേക്ക് സ്ഥാനം മാറിയപ്പോൾ

വൈകിട്ട് ചായക്ക് കാ വറുത്തതിന് പകരം ചക്കയടയും പുഴുക്കും നിരത്തി വച്ചപ്പോൾ

മിച്ചറു ഒളിപ്പിച്ചു വെച്ച പാത്രത്തിൽ ആവുലോസുണ്ടയും അവിൽ വിളയിച്ചതും നിറഞ്ഞപ്പോൾ…

അതിൽ എല്ലാം മേലെ അമ്മ ഇപ്പോൾ എന്നോട് മിണ്ടുന്നതേ ഇല്ലാ…

മുടിയിൽ എണ്ണ തേച്ചു തരാറില്ല…

ഈർപ്പം വീട്ടില്ലെന്നു പറഞ്ഞു തല അമർത്തി തോർത്താറില്ല…

അതിലും എല്ലാം ഉപരി ഭക്ഷണം മതിയെന്നു പറയുമ്പോൾ വീണ്ടും വായിൽ കുത്തി നിറച്ചു തന്നിരുന്ന അമ്മയിപ്പോൾ നീരസത്തോടെ പറയും

മതിയെങ്കിൽ പോയി വേസ്റ്റ് പാത്രത്തിൽ ഇട്ടിട്ട് കൈ കഴുകു കുട്ടി,

ഉടനെ മുത്തശ്ശിയുടെ വക അടുത്തത് ആ പാത്രം കൂടി അങ്ങ് മോറി വയ്ക്കു വല്യ കുട്ടിയായില്ലേ?

ഉള്ളിലുള്ള അരിശം അപ്പോൾ നുരഞ്ഞു പൊങ്ങും എന്നാൽ അതു പലപ്പോഴും കണ്ണിൽ ഉരുണ്ടു കൂടി മുഖം വലിഞ്ഞു മുറുകും

എനിക്കിപ്പോൾ ടിപ്പു പട്ടിയോട് വരെ ദേഷ്യം വന്നു തുടങ്ങി പണ്ട് എന്റെ വല്യ ചെങ്ങാതി ആയിരുന്നു ഇപ്പോൾ അവനും അച്ഛൻറെ നിഴൽ വെട്ടം കണ്ടാൽ എന്നെ തഴയും

എന്നോ ഒരുവേള മനസ്സിൽ ചിന്തിച്ചു അച്ഛൻ വന്നില്ലായിരുന്നു എങ്കിൽ… ഈ വീടിന്റെ ഓരോ കോണും എന്നിൽ മാത്രമേ നിറയുക ഒള്ളു… ഞാനെന്ന ആൾ മാത്രം

ദേഷ്യം വെറുപ്പോ ന്ത്‌ പറയണം എന്ന് പോലും അറിയാത്ത അവസ്ഥ… അതങ്ങനെ ഉള്ളിൽ വേരിട്ടു മുളച്ചു…

കുട്ടി… എന്താ ഇത്ര ആലോചന

ഏയ്‌ ഒന്നുമില്ല പേരമ്മേ ഞാൻ ഇങ്ങനെ… അച്ഛൻ നല്ലത് ആണ്… പിന്നെ

അതു മതി കുട്ടി… എനിക്കറിയാം ഞാൻ വെറുതെ ചോദിച്ചു എന്നു മാത്രം കാര്യം എന്റെ ആങ്ങള ആണ്… പക്ഷെ… കാലം വല്ലാത്തത് അല്ലെ

ഒരു പക്ഷെ പെട്ടന്ന് അമ്മയുമായിട്ട് അകൽച്ച വന്നത് കൊണ്ടാകും…

അവരുടെ കല്യാണം കഴിഞ്ഞു ഒരു മാസം തികഞ്ഞപ്പോൾ അവൻ കടൽ കടന്നതാണ്…

പിന്നെ തിരികെ വന്നത് കുട്ടി അഞ്ചാൻ ക്ലാസ്സിൽ പഠിക്കുമ്പോൾ പിന്നെ അവനും മടുത്തിട്ടാ ഇപ്പോൾ നിർത്തി പോന്നത്…

കുട്ടിക്ക് 13 വയസ്സായപ്പോൾ… ഒരു തരത്തിൽ ഇപ്പോൾ വല്യ കുട്ടി ആയില്ലേ ഞാൻ പറയാതെ എല്ലാം മനസ്സിലാക്കുമല്ലോ

പക്ഷെ ഞാനിപ്പോ ഒറ്റക് ആയത് പോലെ

എന്തായാലും ഇനി ഒറ്റക്കാവില്ല ഒരു കുഞ്ഞു അനിയനെയോ അനിയത്തിയേയോ പ്രതീക്ഷിക്കാം
കുഞ്ഞാവയോട് പിണക്കം ഒന്നും കാണിക്കരുത് കേട്ടോ

കുഞ്ഞാവ… കുഞ്ഞാവയോ?

മ്മ് അതെ

സന്തോഷം കൊണ്ടു മനസ്സ് നിറഞ്ഞിരുന്നു… എന്റെ കയ്യിൽ തൂങ്ങാൻ… തല്ലു കൂടാൻ…

ക്ലാസ്സിലെ അനുവിനെ പോലെ .. യാസിനെ പോലെ ഞാനും ഒരു ചേച്ചി ആകാൻ പോകുന്നു… ഞാനും വല്യ കുട്ടിയായി…

Leave a Reply

Your email address will not be published. Required fields are marked *