സ്നേഹിച്ച പെണ്ണിന്റെ ശരീരം അവളുടെ സമ്മതമില്ലാതെ സ്വന്തമാക്കുന്നത് ഒരിക്കലും ആണത്തമല്ല, അതിനു പറയുന്ന..

എന്റെ
(രചന: വരുണിക വരുണി)

“”ഏതു നേരവും തിരക്കെന്ന് പറയുന്നത് മനപ്പൂർവം ഞാനൊരു ശല്യമായി വരാതിരിക്കാനല്ലേ ഏട്ടാ??? അല്ലെങ്കിൽ ഈ കഴിഞ്ഞ രണ്ട് വർഷമായി ഇല്ലാത്ത എന്ത് തിരക്കാണ് ഇപ്പോൾ??? എന്തും സഹിക്കുന്നതിനു ഒരു പരിധിയുണ്ട് മഹിയേട്ടാ.. എന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് വാ തുറന്നു പറയണം. അല്ലാതെ ഊഹിച്ചു കണ്ട് പിടിക്കാനും വേണ്ടിയുള്ള കഴിവൊന്നും എനിക്കില്ല.

എന്നും ഒരു ദിവസം ഒരു നേരമെങ്കിലും എന്നോട് കാര്യം പറയാതെ ഉറങ്ങാൻ പറ്റാത്തിരുന്ന ചേട്ടൻ ഇപ്പോൾ ഇത്രയും മാറണമെങ്കിൽ എന്തെങ്കിലും കാരണം വേണമെല്ലോ. അത് എന്താണെന്നാണ് ഞാൻ ചോദിച്ചത്. പറയാൻ പറ്റുന്നതാണെങ്കിൽ പറയാം, അല്ലെങ്കിൽ പിരിയാം. രണ്ടായാലും എനിക്ക് സമ്മതം…..””

കടലിനു അഭിമുഖമായി ഇരുന്നു സ്വാതി പറഞ്ഞതും, മഹേഷ്‌ എന്ന മഹി ഒന്നും മിണ്ടാതെ വെറുതെ എവിടേയ്‌ക്കോ നോക്കിയിരുന്നു. അവൾക്ക് വേണ്ട ഒരു മറുപടി കൊടുക്കാൻ അവന്റ കൈയിൽ ഇല്ലായിരുന്നു എന്നതായിരുന്നു സത്യം.

അല്ലെങ്കിൽ തന്നെ എന്താണ് അവളോട് പറയേണ്ടത്?? സ്നേഹം തൂക്കി വിറ്റാൽ സമൂഹത്തിൽ മാന്യമായി ജീവിക്കാൻ പറ്റില്ലെന്നോ?? അതോ അവളെയും അവളുടെ വീട്ടുകാരുടെയും കടത്തിന്റെ ഉത്തരവാദിത്തം കൂടി തലയിൽ വെയ്ക്കാൻ തനിക്ക് താൽപര്യമില്ലെന്നോ???

അല്ലെങ്കിൽ തന്നെ ലക്ഷങ്ങൾ സ്ത്രീധനമാണ് ആതിരയുടെ വീട്ടുകാർ പറഞ്ഞത്. 101 പവൻ സ്വർണവും, കാറും, ലക്ഷങ്ങൾ അക്കൗണ്ടിലും. അങ്ങനെയുള്ളപ്പോൾ എന്തിനാണ് യാതൊരു ഗതിയുമില്ലാത്ത ഇവളെ പോലെ ഒരാൾ???

രണ്ട് കൊല്ലം പ്രണയിച്ചു എന്നത് സത്യമാണ്. പക്ഷെ ഇടയ്ക്കൊരോ ഉമ്മയല്ലാതെ വേറെ ഒന്നും തന്നെ ചെയ്യാൻ പെണ്ണ് സമ്മതിച്ചിട്ടില്ല. അതും എപ്പോഴോ തന്റെ നിർബന്ധത്തിന് വഴങ്ങി. അല്ലാതെ എന്തെങ്കിലും ചെയ്യാൻ പോയാൽ ഉടനെ പതിവൃത ചമയാൻ തുടങ്ങും. അതോടെ ഉള്ള മൂടും പോകും. അത് കൊണ്ട് തന്നെ ഒരുപാട് സെന്റിമെൻസിന്റെ കാര്യമില്ല.

“”ഇങ്ങനെ ഒന്നും പറയാതെ എന്തെങ്കിലും ഒന്ന് വാ തുറന്നു പറ മഹേഷേട്ടാ. എന്താണ് എന്നെ വേണ്ടെന്നു വെയ്ക്കാനുള്ള കാരണം??? എന്തെങ്കിലും കാര്യമായ കാര്യമില്ലാതെ ഏട്ടൻ ഇങ്ങനെ ചെയ്യില്ല. അതെന്താണെന് പറഞ്ഞാൽ എനിക്ക് അത്രയും സമാധാനം.

അതോ ഇനി എന്റെ കൈയിൽ നിന്നുമുള്ള എന്തെങ്കിലും തെറ്റാണോ?? അങ്ങനെയെങ്കിൽ എന്താണെങ്കിലും പറ. പരിഹാരം കാണാം. അതോ ഇനി ഞാൻ ഒഴിഞ്ഞു പോകണോ???””

സ്വാതിയുടെ ആ ചോദ്യം കൂടിയായതും, മഹേഷിന്റെ പരിധി വിട്ടിരുന്നു.

“”ഒന്ന് നിർത്തുന്നുണ്ടോ പുല്ലേ. എനിക്ക് ഈ ബന്ധം ഇനി മുന്നോട്ടേക്ക് കൊണ്ട് പോകാൻ താല്പര്യമില്ലെന്ന് പറഞ്ഞു, അത് അത്രേയുള്ളൂ. അതിനു വേണ്ടി ഇങ്ങനെ ഒരായിരം ചോദ്യം ചോദിക്കേണ്ട കാര്യമില്ല. നോ പറഞ്ഞാൽ അത് accept ചെയ്യാൻ പഠിക്കണം. പിന്നെ നീ ഇത്ര തിളയ്ക്കാൻ വേണ്ടി നിന്നെ ഞാൻ കയറി പീഡിപ്പിച്ചിട്ടില്ലല്ലോ.

ഇനി കാരണം അറിഞ്ഞില്ലെങ്കിൽ ഉറക്കം വരില്ലെന്നാണെങ്കിൽ ചെവി തുറന്നു തന്നെ കേട്ടോ. നിന്നെ പോലെ കടത്തിന് മുകളിൽ കടമുള്ള ഒരു പെണ്ണിനെ എനിക്ക് വേണ്ട.

നമ്മുടെ കല്യാണം മാന്യമായി നടത്താനുള്ള പൈസയെങ്കിലും നിന്റ അച്ഛന്റെ കൈയിൽ ഉണ്ടോ?? ഇപ്പോൾ തന്നെ വിളിക്കുമ്പോഴൊക്കെ നിനക്ക് പറയാനുള്ളത് വീട്ടിലെ പ്രാരാബ്ധവും പിന്നെ കുറെ പ്രശ്നങ്ങളും മറ്റുമാണ്.

എനിക്ക് ആവിശ്യമുള്ള എന്തെങ്കിലും നീ പറയാറുണ്ടോ?? അതിനേക്കാൾ ഉപരി, കല്യാണം കഴിഞ്ഞാൽ പിന്നീട് ജീവിക്കാൻ പൈസ വേണം.

അല്ലാതെ തമ്മിൽ സ്നേഹമുണ്ടെന്ന് പറഞ്ഞാൽ സന്തോഷമായി ജീവിക്കാൻ പറ്റില്ല… അത് കൊണ്ട് തന്നെ ഇനി ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ എനിക്ക് ഒട്ടും താല്പര്യമില്ല….””

യാതൊരു മയവുമില്ലാതെ മഹേഷ് പറഞ്ഞതും, സ്വാതിയുടെ കണ്ണ് നിറഞ്ഞിരുന്നു. അത് പക്ഷെ അവൻ ഇനി ഈ ബന്ധം വേണ്ടെന്ന് പറഞ്ഞതിലല്ല. അതിനേക്കാൾ ഉപരി, അതിനു വേണ്ടി അവൻ പറഞ്ഞ കാരണങ്ങളാണ്.

ഇത്ര നാളും കൂടെ നടന്നിട്ട് താൻ അറിഞ്ഞില്ലല്ലോ അവന്റെയുള്ളിൽ ഇത്ര മാത്രം ചിന്തകളാണെന്ന്. അല്ലെങ്കിലും പല കാരണങ്ങൾ കൊണ്ട് ഒരു ബന്ധം വേണ്ടെന്നു വെയ്ക്കുമ്പോൾ പെണ്ണ് തേപ്പുകാരി. അതെ സമയം അതൊരു ചെക്കനാണെങ്കിൽ ആർക്കും ഒന്നും പറയാനില്ലല്ലോ.

പിന്നീട് വീണ്ടും മഹേഷ്‌ എന്തോ പറയാൻ പോയപ്പോഴേക്കും സ്വാതിയുടെ സ്വരം ഉയർന്നിരുന്നു.

“”ഇങ്ങനെ ഓരോ കുറ്റങ്ങൾ പറയാനും വേണ്ടി എന്റെ നേരെ ശബ്ദമുയർത്തേണ്ട കാര്യമില്ല മഹിയേട്ടാ. നല്ലൊരു ഓപ്ഷൻ മുന്നിലേക്ക് വന്നപ്പോൾ ഞാനൊരു അധികപ്പറ്റായി.

അത് വാ തുറന്നു പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂ. അതിനു വേണ്ടി ഒരാളെ ഇത്രയധികം insult ചെയ്ത് സംസാരിക്കേണ്ട കാര്യമില്ല. mutual respect എന്ന് പറയുന്ന ഒരു കാര്യമുണ്ട്. ഏതൊരു ബന്ധത്തിലും ആദ്യം വേണ്ടത് അതാണ്‌. അതില്ലാതെ മുന്നോട്ട് പോകുന്നതിൽ ഭേദം നമ്മൾ പിരിയുന്നത് തന്നെയാണ്.

പിന്നെ ഏട്ടൻ പറഞ്ഞെല്ലോ… എന്റെ വീട്ടിലെ കാര്യവും മറ്റും. എന്തെ?? പ്രണയിച്ചപ്പോൾ ഇതൊന്നും അറിഞ്ഞില്ലായിരുന്നോ?? ഓരോ കാര്യവും വള്ളി പുള്ളി വിടാതെ പറഞ്ഞിട്ടല്ലേ നമ്മൾ സ്നേഹിക്കാൻ തുടങ്ങിയത്?? എന്റെ ഏതെങ്കിലും കാര്യം ഞാൻ മറച്ചു വെച്ചിട്ടുണ്ടോ?? വീട്ടിലെ കാര്യങ്ങൾ എല്ലാം ഞാൻ ഏട്ടനോട് പറഞ്ഞിട്ടില്ലേ???

നമ്മൾ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടെന്ന് പറഞ്ഞപ്പോൾ, അതൊന്നും എനിക്കൊരു പ്രശ്നമല്ല, ഞാൻ സ്നേഹിച്ചത് നിന്നെയാണെന്ന് പറഞ്ഞത് ഏട്ടൻ തന്നെയല്ലേ???

ഒന്നും വേണ്ട, എനിക്ക് വേണ്ടത് നിന്നെയാണ്, നമ്മൾ ഒരുമിച്ച് ജോലി ചെയ്താൽ കിട്ടുന്നതും ശമ്പളമാണ്, അതിനുള്ള കഴിവും വിദ്യാഭ്യാസവും നമുക്കുണ്ടെന്നെല്ലാം പറഞ്ഞതും ഞാനല്ല. ഏട്ടൻ തന്നെയാണ്. അതെല്ലാം പക്ഷെ വെള്ളത്തിൽ വരച്ച വരയാണെന്ന് അറിയാൻ ഞാൻ ഒരല്പം വൈകി.

ഒന്നാലോചിച്ചാൽ ഇപ്പോഴെങ്കിലും അറിഞ്ഞത് നന്നായി. ഇങ്ങനെയുള്ള toxic ആയ ഒരാളോടൊപ്പം കഴിയുന്നതിലും നല്ലത് കല്യാണം തന്നെ കഴിക്കാതിരിക്കുന്നതാണ്.

പിന്നെ നിന്നെ ഞാൻ പീഡിപ്പിച്ചിട്ടില്ലെന്നൊക്കെ വലിയ കാര്യം പോലെ പറഞ്ഞെല്ലോ. സ്നേഹിച്ച പെണ്ണിന്റെ ശരീരം അവളുടെ സമ്മതമില്ലാതെ സ്വന്തമാക്കുന്നത് ഒരിക്കലും ആണത്തമല്ല, അതിനു പറയുന്ന പേര് മറ്റു പലതുമാണ്.

കല്യാണം കഴിയുന്നതിനു മുൻപ് ബെഡ് ഷെയർ ചെയ്യുന്നതൊന്നും തെറ്റെന്നു വിശ്വസിക്കുന്ന ഒരാൾ അല്ല ഞാൻ. പക്ഷെ അതിനു എന്റെ മൈൻഡ് കൂടി ഒന്ന് prepare ആകണം. അല്ലാതെ നിർബന്ധിക്കുമ്പോൾ സമ്മതം പറയാൻ സൗകര്യമില്ലായിരുന്നു.

എന്തായാലും അത് നന്നായി. അല്ലെങ്കിൽ ഒരു കുഞ്ഞിനെ തന്നതിന് ശേഷം നിങ്ങൾ വേണമെങ്കിൽ പറഞ്ഞേനെ ആ കൊച്ചിന്റെ അച്ഛൻ ആരാണെന്ന് അറിയില്ലെന്ന്. അങ്ങനെയും പറയാൻ മടിയില്ലാത്തവൻ ആണ് നിങ്ങൾ എന്ന് ഈ നേരം കൊണ്ട് എനിക്ക് മനസിലാക്കി തന്നതിന് നന്ദി.

അത്ര സംസ്കാരമുള്ള വാക്കുകൾ ആണെല്ലോ കുറച്ചു നേരം മുമ്പ് പറഞ്ഞു തീർന്നത്. എന്തായാലും എല്ലാം പറഞ്ഞു തീർന്നത് നന്നായി. ഇനിയും ഒരു ശല്യമായി ഞാൻ പുറകെ വരില്ലല്ലോ.

അപ്പോൾ പിന്നെ മഹേഷ്‌ നായർ എന്ന മഹിയേട്ടാ… നിങ്ങളും ഞാനും തമ്മിലുള്ള എല്ലാ ബന്ധവും ഇവിടെ അവസാനിച്ചു. ഇനി ഞാൻ മരിച്ചാൽ പോലും നിങ്ങൾ കാണാൻ വരണമെന്നില്ല. നിങ്ങളുടെ പുറകെ ഒന്നിനും ഞാൻ വരികയുമില്ല. എന്തായാലും അതിന്റെ ആവിശ്യം തത്കാലം എനിക്കില്ല.

എന്തായാലും എന്നേക്കാൾ നല്ലതിനെ എവിടെയോ കണ്ട് വെച്ചത് കൊണ്ടല്ലേ ഇപ്പോൾ ഇങ്ങനെയൊരു സംസാരം തന്നെ വന്നത്. Wish you all the best…. “”

അത്ര മാത്രം പറഞ്ഞു സ്വാതി അവിടെ നിന്നും നടന്നു പോകുമ്പോൾ, തിരിച്ചൊന്നും പറയാനില്ലാത്ത അവസ്ഥയിലായിരുന്നു മഹേഷ്‌.