അമ്മേന്റെ ആഗ്രഹങ്ങൾ എന്തൊക്കെയാണ്, ആ ചോദ്യത്തിൽ എല്ലാവരും ഒന്നു..

അമ്മയുടെ മോഹങ്ങൾ
(രചന: Vandana M Jithesh)

ഒരു സാധാരണ ദിവസം ഞങ്ങൾ വീട്ടിലെല്ലാവരും ഊണ് കഴിഞ്ഞു ഹാളിൽ ഇരിക്കുകയാണ്.. ഞാൻ മൂത്ത കുട്ടിയെ ഉറക്കി ചെറിയവളെ ഉറക്കാൻ നോക്കുന്നു.. കൂടെ അമ്മയും ഉണ്ട്..

ഭർത്താവ് മൂത്തമകളെ കെട്ടിപിടിച് ഒരു മൂലയിൽ ഉണ്ട്.. അച്ഛൻ ഏതോ കണ്ടു പഴകിയ സിനിമ കാണുന്നു.. അനിയൻ ഫോണിലേക്ക് കണ്ണും പൂഴ്ത്തി ഇരിക്കുന്നുണ്ട്.. എല്ലാം സാധാരണം..

പെട്ടെന്ന് അനിയൻ ബോധോദയം വന്ന പോലെ എണീറ്റു..

” അമ്മേന്റെ ആഗ്രഹങ്ങൾ എന്തൊക്കെയാണ് ”

ആ ചോദ്യത്തിൽ എല്ലാവരും ഒന്നു കുലുങ്ങിയ പോലെ തോന്നി.. അമ്മയും ഇതെന്താണപ്പാ എന്ന ഭാവം..

” എനിക്കെന്താ ആഗ്രഹം.. ഇനി നിനക്ക് ഒരു ജോലിയായി കാണണം.. പിന്നേ.. അസുഖമൊന്നും ഇല്ലാതെ.. ”

” അതല്ല.. ”

പറയാൻ അവൻ സമ്മതിച്ചില്ല..

” എന്റെ ജോലി.. ജീവിതം.. അതൊക്കെ എന്റെ ആണ്.. ഇവളുടെ കല്യാണം കുട്ടികൾ ഒക്കെ ഇവളുടെ ആണ്..

ഞാൻ അമ്മേന്റെ കാര്യാ ചോദിച്ചത്.. അമ്മയുടെ ഓരോ ആഗ്രഹങ്ങൾ ഉണ്ടാവില്ലേ? നടന്നത്..

ആഗ്രഹിച്ചിട്ട് നടക്കാഞ്ഞത്.. ആഗ്രഹിച്ചിട്ട് കാര്യമില്ല എന്നു കരുതി ഉള്ളിലെവിടെയോ കുഴിച്ചിട്ടത്.. ”

ഇത്തവണ എല്ലാവരുടെയും ശ്രദ്ധ അമ്മയിലേക്കായി.. അമ്മയുടെ നോട്ടം നേരെ അച്ഛനിലേക്കാണ് പോയത്..

അച്ഛനും അമ്മയെ ആണ് നോക്കുന്നത്.. രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ എന്നെനിക്ക് സംശയം തോന്നി..

“അമ്മ ഇവിടേക്ക് കല്യാണം കഴിഞ്ഞു വരുമ്പോൾ 20 വയസ്സാണ് പ്രായം..

സ്വന്തം വീടല്ലാതെ വേറൊരു ലോകത്തേക്ക് ആദ്യായി വന്നതാണ്‌.. ഒരുപാട് പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട്. അച്ഛനൊന്നും അന്ന് ഇത്പോലെ വർതതാനമൊന്നും പറയാറില്ല.. ”

ശബ്ദത്തിൽ കുഞ്ഞു നോവ്.. കുഞ്ഞു പരിഭവം..

” പിന്നേ ഇവളുണ്ടായി.. അന്നൊന്നും അമ്മയ്ക്ക് യാതൊരു ആഗ്രഹങ്ങളും ഇല്ല.. അങ്ങനെ ആഗ്രഹിക്കണം എന്നുപോലും അറിയില്ല.. പിന്നേ നീയുണ്ടായി..

അതിനിടയ്ക്ക് അമ്മയും അച്ഛനും ഒക്കെ മാറി.. അച്ഛൻ ദാ കണ്ടില്ലേ നിങ്ങള്.. ഇതുപോലെ അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരനായി.. ”

അമ്മയുടെ കണ്ണിൽ കണ്ട പ്രണയം ഞങ്ങൾ മൂന്നു മക്കളും കൗതുകത്തോടെ നോക്കി.. ഞങ്ങൾക്ക് ഒന്നും പറയാനില്ലാത്ത പോലെ..

“അച്ഛനും അമ്മയും കൂടി നിങ്ങളെ പോലെ ടൂറൊന്നും പോകാറില്ല.. ഞങ്ങൾക്ക് അങ്ങനെ മോഹവും ഇല്ല.. അമ്മയ്ക്കിഷ്ടം നിങ്ങളൊക്കെ ഉള്ള നമ്മുടെ ഈ വീടാണ്.. ഇതാണ് അമ്മയുടെ ലോകം..”

അമ്മയൊന്നു നിർത്തി.. ഞങ്ങളെ ഒക്കെ നോക്കി..

” പിന്നേ മനുഷ്യരല്ലേ ചെറിയ ചെറിയ ആശകളൊക്കെ ഉണ്ടാവാറുണ്ട്.. ഒരു സിനിമയ്ക്ക് പോകാൻ.. ഒരു ദിവസം ഗുരുവായൂർ പോയി നിന്നു നിർമാല്യം തൊഴാൻ..

അടുക്കളയിൽ കേറാൻ മടി തോന്നുമ്പോ ഒന്ന് ഹോട്ടൽഫൂഡ് വരുത്താൻ.. ഒന്ന് കടല് കാണാൻ പോകാൻ.. അങ്ങനെയൊക്കെ.. പറഞ്ഞാൽ ഒക്കെ അച്ഛൻ നടത്തിത്തരും എന്നറിയാം..

പക്ഷേ ചെറുപ്പം തൊട്ട് ഒക്കെ ഉള്ളിലൊതുക്കി ശീലിച്ചത് കൊണ്ടാവും ഒന്നും പുറത്തേക്ക് വരാറില്ല.. എവിടെയോ തട്ടിത്തടഞ്ഞങ്ങനെ.. ”

അമ്മയുടെ ശബ്ദത്തിൽ ഒരിടർച്ച വന്ന പോലെ.. ഞങ്ങളൊക്കെ നിശബ്ദരായി.. തൊണ്ടക്കുഴിയിൽ എന്തോ തടഞ്ഞിരിക്കുന്ന പോലെ..

” എല്ലാരും റെഡി ആയെ.. ഇന്ന് കടല് കണ്ടിട്ട് തന്നെ ബാക്കി കാര്യം.. ”

എന്റെ കെട്ടിയോൻ പെട്ടെന്ന് എണീറ്റു.. അമ്മ അയ്യോ വേണ്ട എന്നൊക്കെ പറയുന്നുണ്ട്..

പക്ഷേ പുള്ളിക്കാരൻ വിട്ടില്ല.. പിന്നേ ഒക്കെ പെട്ടെന്നായിരുന്നു.. ഉറങ്ങിക്കിടക്കുന്നതിനെ കുത്തിപ്പൊക്കി റെഡി ആക്കി ബീച്ചിലേക്ക്..

വേണ്ട വേണ്ട എന്നു പറയുമ്പോളും അമ്മയുടെ ധൃതിയും ആവേശവും കണ്ട് സന്തോഷമോ വേദനയോ ഒക്കെ തോന്നുന്നുണ്ടായിരുന്നു.

വണ്ടി ബീച്ചിലേക്ക് അടുത്ത് കടലിരമ്പം കേട്ടപ്പോൾ അമ്മ അതിശയപ്പെടുന്നത് എന്നേ പോലെ മറ്റുള്ളവരും ആസ്വദിക്കുകയാണെന്ന് തോന്നി..

കടല് കണ്ടപ്പോൾ കടലിനെ തൊട്ടപ്പോൾ അച്ഛന്റെ കൈ മുറുക്കി പിടിച്ചു അമ്മ പരിഭ്രമത്തോടെ നിൽക്കുന്നത് ഞങ്ങൾ മൂന്നുപേരും കൗതുകത്തോടെ നോക്കി..

ആദ്യത്തെ പരിഭമം മാറിയപ്പോൾ നാലുവയസ്സുകാരി പേരക്കുട്ടിക്കൊപ്പം കടലിൽ കളിക്കുന്ന അമ്മയെ കണ്ടപ്പോൾ എന്തുകൊണ്ടോ എന്റെ കണ്ണ് നിറഞ്ഞു.. ഇരുവശവും നിന്ന അനിയന്റെയും ഭർത്താവിന്റെയും മനസ്സിലും അത് തന്നെയാവും..

” ഇൻസ്റ്റാ യിൽ ഒരു post കണ്ടപ്പോ വെറുതെ ചോദിച്ചതാ.. പക്ഷേ.. ”

അനിയൻ പാതി നിർത്തിയ ആ വരിയിൽ ഉണ്ടായിരുന്നു ബാക്കിയെല്ലാം.. ഒരുപാടൊരുപാട് സന്തോഷത്തോടെ ഞങ്ങൾ മടങ്ങി പോന്നു..

അതൊരു തുടക്കമായിരുന്നു.. അമ്മയുടെ കുഞ്ഞുകുഞ്ഞു മോഹങ്ങളിലേക്കുള്ള യാത്രയുടെ തുടക്കം..

പിന്നേ ഞാനില്ലെങ്കിലും അവർ സിനിമയ്ക്ക് പോയി.. അനിയൻ ഓഫീസിൽ നിന്നു വരുമ്പോൾ പലപ്പോളും ബിരിയാണിപ്പൊതികൾ വീട്ടിലെത്തി…

ഓരോന്നും വിളിച്ചു പറയുമ്പോൾ അമ്മയും ഞാനും സന്തോഷിച്ചു.. അളക്കാനാവാത്ത അത്രയും..

അവിടെ മാത്രമായിരുന്നില്ല ആ യാത്ര തുടങ്ങിയത്.. അന്ന് കടല് കണ്ട പോക്കിന് ശേഷം വീട്ടിൽ എത്തിയപ്പോൾ

ഭർത്താവ് പുള്ളിക്കാരന്റെ അമ്മയോട് അന്നോളം ഞാൻ കേട്ടതിൽ വെച്ച് ഒരമ്മയോട് ചോദിക്കാവുന്ന ഏറ്റവും മനോഹരമായ ആ ചോദ്യം ചോദിക്കുന്നത് കേട്ടു..

“അമ്മേന്റെ ആഗ്രഹങ്ങൾ എന്തൊക്കെയാണ് “

Leave a Reply

Your email address will not be published. Required fields are marked *