എൻ്റെ മകൾ കൂടെ ഇല്ലെന്ന് എനിക്കറിയാം, പക്ഷേ അവളുടെ അമ്മയ്ക്ക് ഇന്നും അത്..

ശാലിനി
(രചന: ഷെർബിൻ ആന്റണി)

ഇയാൾക്കിത് എന്നാത്തിൻ്റെ കേടാ… അലവലാതി…

സ്കൂളിൻ്റെ മുന്നിൽ കാറ് നിർത്തിയിട്ട് പെമ്പിള്ളേരേ നോക്കി റ്റാറ്റാ കാണിച്ച് പോകുന്നത് സ്ഥിരം പതിവാ ഇങ്ങേർക്ക്.

എന്നും ഇത് കാണുന്ന രശ്മി ടീച്ചർക്ക് അന്ന് കലിയിളകി പിറുപിറുത്തോണ്ട് നില്ക്കുമ്പോഴാണ് തൊട്ട് പുറകെ വന്ന സൂസൻ ടീച്ചർ ചോദിച്ചത്

എന്നാ പറ്റി ടീച്ചറേ…യെന്നതാ കാര്യം…?

അല്ല ടീച്ചറേ… ഇങ്ങേരെന്നും ക്ലാസ്സ് തുടങ്ങുന്ന സമയത്ത് വന്ന് വണ്ടി നിർത്തി റ്റാറ്റയും കാണിച്ച് പോകുന്നത് കുറേ ആയി കാണുന്നത്,

ഇയാൾക്കെന്താ വല്ല സൂക്കേടുമുണ്ടോ…?പത്ത് നാല്പത് വയസ്സ് കാണും…. രശ്മി ടീച്ചർക്ക് ദേഷ്യം സഹിക്കുന്നില്ല.

അയ്യോ ടീച്ചറേ അത് നമ്മുടെ ശാലിനേടെ അച്ഛനാ….ഗോപീ കൃഷ്ണൻ. അവളെ കൊണ്ട് വിടാൻ വരുന്നതല്ലേ എന്നും.

രശ്മി ടീച്ചറ് പുതിയതായത് കൊണ്ട് മനസ്സിലാവാഞ്ഞിട്ടാ. സൂസ്സൻ പറഞ്ഞ് നിർത്തി.

ശാലിനിയോ… ഏത് ക്ലാസ്സിലെയാ… രശ്മിക്ക് ആശ്ചര്യവും ഒപ്പം കുറ്റബോധവും തോന്നി.

വൈകിട്ട് ക്ലാസ്സ് വിടുമ്പോൾ കൂട്ടി കൊണ്ട് പോകാൻ അങ്ങേര് വരും അപ്പോ കാണിച്ച് തരാട്ടോ…. അത് പറഞ്ഞിട്ട് സൂസ്സൻ ക്ലാസ്സ് റൂമിലേക്ക് പോയി.

രശ്മി ഒന്നും മനസ്സിലാവാതെ സൂസ്സൻ പോയതും നോക്കി നിന്നു.

ക്ലാസ്സ് വിടാറായപ്പോൾ രശ്മിയും സൂസ്സനും വരാന്തയിൽ നില്പുണ്ടായിരുന്നു.

അതാ….ഗോപീകൃഷ്ണൻ്റെ കാറെത്തി റോഡിലേക്ക് ചൂണ്ടി സൂസ്സൻ പറഞ്ഞു.

കാറ് കണ്ടതും ശാലിനിയെ തിരഞ്ഞ് രശ്മി ടീച്ചറുടെ കണ്ണുകൾ ആകാംക്ഷയിലായി.

അയാളിപ്പോൾ ഡിക്കി തുറക്കും അവളുടെ ബാഗ് വെയ്ക്കാനായിട്ട്.

സൂസ്സൻ പറഞ്ഞ് തീർന്നതും അയാൾ വന്ന് ഡിക്ക് തുറന്ന് എന്തോ അതിലിടുന്നത് പോലെ കാണിച്ചിട്ട് അടയ്ക്കുകയും ചെയ്യ്തു.

ഇനി അയാൾ അവളെ കയറ്റി ഡോർ അടച്ചതിന് ശേഷമേ ഡ്രൈവിംഗ് സീറ്റിലേക്ക് പോകൂ.

സൂസ്സൻ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയായിരുന്നു. ഒന്നൊഴികെ അയാൾ അല്ലാതെ മറ്റൊരാള് പോലും കൂടെ ഇല്ലെന്നത്.

ടീച്ചറേ വട്ട് കളിപ്പിക്കാതെ കാര്യം പറ…രശ്മി ടീച്ചർക്ക് ദേഷ്യവും സങ്കടവും ഒരുമ്മിച്ച് വന്നു.

എൻ്റെ രശ്മി ടീച്ചറേ ഇങ്ങള് ബേജാറാവണ്ട. ഞങ്ങളിത് സ്ഥിരം കാണുന്നതല്ലേ. കഴിഞ്ഞ കൊല്ലം നമ്മുടെ സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിച്ച് കൊണ്ടിരുന്ന ശാലിനിയുടെ അച്ഛനാണത്.

എന്നിട്ട് ശാലിനി ഇപ്പോൾ എവിടെയാ…..? രശ്മിക്ക് അതിശയം അടക്കാനായില്ല.

എന്നും ശാലിനിയെ ഇവിടെ കൊണ്ട് വന്ന് ആക്കുന്നതും തിരിച്ച് കൊണ്ട് പോകുന്നതും അദ്ദേഹം തന്നെയായിരുന്നു.

പക്ഷേ അന്ന് വൈകിട്ട് അദ്ദേഹത്തിന് ജോലിത്തിരക്ക് മൂലം വരാൻ പറ്റിയില്ല, പകരം വിട്ടത് ഡ്രൈവറെ ആയിരുന്നു.

നിർഭാഗ്യവശാൽ ശാലിനി റോഡ് ക്രോസ്സ് ചെയ്യുന്ന നേരം അതി വേഗത്തിൽ വന്ന ബസ്സ് അവളെയും കടന്ന് അതി വേഗത്തിൽ പാഞ്ഞു.

അതിനിടയിൽപ്പെട്ട് ആ കുഞ്ഞ് ദേഹം എന്തോരം വേദനിച്ചിട്ടുണ്ടാകും.
മുഴുമിക്കാനാവാതെ സൂസ്സൻ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു ഒറ്റ മകളായിരുന്നു ശാലിനി…

ഇത് കേട്ട രശ്മിയുടെ കണ്ണുകളിലേക്ക് ഇരുട്ട് കയറി. ഒന്നും പറയാനാവാതെ അവൾ സ്തബ്ധയായി നിന്നു.

പിറ്റേ ദിവസം രാവിലെ ഗോപീകൃഷ്ണൻ്റെ കാറ് കണ്ടതും രശ്മി അതിനരുകിലേക്ക് ചെന്ന് അയാളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

പക്ഷേ അയാൾ എന്നത്തേയും പോലെ കൈ വീശി കാണിച്ചിട്ട് യാത്രയായി.

ഊണിലും ഉറക്കത്തിലും രശ്മിയുടെ ചിന്ത ഗോപീകൃഷ്ണനിലും അയാളുടെ ഫാമിലിയെ പറ്റിയുമായിരുന്നു.

അടുത്ത ദിവസം വൈകിട്ട് അയാൾ ശാലിനിയെ കൊണ്ട് പോകാൻ വരുന്നതും കാത്ത് രശ്മി റോഡിൽ നിന്നു.

കാറ് പാർക്ക് ചെയ്തതും ടീച്ചർ അതിനടുത്തേക്ക് ചെന്നിട്ട് ചോദിച്ചു ശാലിനിയുടെ അച്ഛനല്ലേന്ന്.

കാറിനുള്ളിലിരുന്ന് തന്നെ ഗോപികൃഷ്ണൻ അതേന്ന് മറുപടി പറഞ്ഞെങ്കിലും പുറത്തേക്കിറങ്ങിയില്ല.

ഞാൻ ശാലിനിയുടെ ക്ലാസ്സ് ടീച്ചറാണ്…. രശ്മിക്ക് അയാളോട് എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ വേറൊന്നും വരുന്നില്ല.

ഗോപീകൃഷ്ണൻ സ്റ്റീയറിംഗിലേക്ക് കണ്ണുംനട്ടിരിപ്പായി. അയാളൊന്നും മിണ്ടാതായപ്പോൾ ടീച്ചർക്ക് പരിഭ്രമമായി, വിയർക്കാൻ തുടങ്ങി.

പതുക്കെ പിൻ വലിയാൻ തുടങ്ങിയ രശ്മിയെ അയാൾ വിളിച്ചു.

ടീച്ചറേ…..

അയാൾ ഡോറ് തുറന്ന് പുറത്തിറങ്ങി. ബാക്കിലെ ഡിക്കി തുറന്നിട്ടു.

അതിനകത്ത് ഒരു സ്കൂൾ ബാഗും കൂടെ ലഞ്ച് ബോക്സും കണ്ട രശ്മി ടീച്ചർ ആശ്ചര്യത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി.

എൻ്റെ മകൾ കൂടെ ഇല്ലെന്ന് എനിക്കറിയാം. പക്ഷേ അവളുടെ അമ്മയ്ക്ക് ഇന്നും അത് വിശ്വസിക്കാനായിട്ടില്ല.

എന്നും രാവിലെ അവളെ വിളിച്ചുണർത്തി, മിടുക്കിയാക്കി എന്നോടൊപ്പം സ്കൂളിലേക്ക് അയക്കും.

വീട്ടിൽ നിന്ന് ഇറങ്ങുന്നേരം അവൾ പ്രത്യേകം ഓർമ്മിപ്പിക്കും എത്ര തിരക്കുണ്ടേലും ഏട്ടാ…. ഏട്ടൻ തന്നെ പോയവളെ കൊണ്ടുവരണമെന്ന്….

ഞാനിതൊക്കെ ചെയ്യ്തില്ലെങ്കിൽ എനിക്ക് അവളെക്കൂടി നഷ്ട്ടമാകേണ്ടി വരും….

ചില സമയങ്ങളിൽ അവൾ കൂടെ തന്നെ ഉണ്ടെന്ന് എനിക്കും തോന്നാറുണ്ട് ആ ഒരു അനുഭൂതി പറഞ്ഞറിയിക്കുന്നതിനേക്കാളും വലുതാണ്.

പറഞ്ഞ് തീർന്നതും അയാൾ വണ്ടി സ്റ്റാർട്ട് ചെയ്യ്ത് മുന്നോട്ടെടുത്തു. അത് കേട്ട് തരിച്ച് നില്ക്കാനേ രശ്മിക്ക് സാധിച്ചുള്ളൂ….

Leave a Reply

Your email address will not be published. Required fields are marked *