ചായ തന്നു തിരിഞ്ഞു നടന്ന പെണ്ണ് ഒരു നിമിഷം നിശ്ചലമായി, തിരിഞ്ഞു നിക്കണോ അതോ..

ഞെട്ടിപ്പോയ പെണ്ണ് കാണൽ
(രചന: Sunaina Sunu)

“ഇനി പെണ്ണ് നോക്കി തെ ണ്ടി നടക്കാൻ എന്നെ കൊണ്ട് വയ്യ. അച്ഛനോട് ഞാൻ പറഞ്ഞതെന്താ? മറന്നോ”

ഇരിക്കുന്ന ഇടത്ത് നിന്നു ചാടി എണീറ്റു കൊണ്ട് ഹരി ഉറക്കെ അലറി .

ഹാളിലിരുന്ന എല്ലാവരും ഒരു നിമിഷം ഞെട്ടിപ്പോയി…

ചായ തന്നു തിരിഞ്ഞു നടന്ന പെണ്ണ് ഒരു നിമിഷം നിശ്ചലമായി. തിരിഞ്ഞു നിക്കണോ അതോ പോവണോ എന്നറിയാതെ അവൾ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് അന്തം വിട്ടു നോക്കി..

അവരാകട്ടെ എന്താണ് പെട്ടന്ന് സംഭവിച്ചതറിയാതെ പയ്യന്റെയും വീട്ടുകാരേയും തുറിച്ചു നോക്കി .

ബ്രോക്കറെ നോക്കി തനിക്ക് ഞാൻ വെച്ചിട്ടുണ്ടെടോ എന്നയാൾ കണ്ണുകൾ കൊണ്ട് ഗോഷ്ഠി കാണിച്ചു .

പെൺകുട്ടി തിരിഞ്ഞ് ഹരിയെ ചോദ്യഭാവത്തിൽ നോക്കി .

ഹരിയുടെ അമ്മയാകട്ടെ എന്തു ചെയ്യണമെന്നറിയാതെ അവന്റെ കൈക്ക് വലിച്ച് പിടിച്ചിരുത്താൻ ശ്രമിച്ചു .

ബ്രോക്കർ രാമൻകുട്ടി “ചെക്കനിങ്ങനെ ഇളക്കക്കാരനാണെന്നവര് പറഞ്ഞില്ലല്ലോ” എന്ന ചിന്തയിൽ ഇനി ഇവനെ ആരടെ തലയിൽ കെട്ടിവെക്കുമെന്ന് കൂലങ്കശമായി ചിന്തിച്ചു.

ഹരിയുടെ കൂട്ടുകാർ ചിരിയടക്കാൻ പാടുപെട്ടു .

ഹരിയുടെ അച്ഛനാവട്ടെ ഞാനൊന്നുമറിഞ്ഞില്ലേന്ന മട്ടിൽ കൈയ്യും കെട്ടി ഇരുന്നു .

അമ്മ അവന്റെ തുടയിൽ ആഞ്ഞൊരു നുള്ളു കൊടുത്തു .

പരിസരബോധം വന്ന ഹരി സൈക്കിളിൽ നിന്ന് വീണ ചിരിയോടെ മുണ്ടൊന്നു കൂട്ടിപ്പിടിച്ച് അൽപം കുനിഞ്ഞ് കൂടുതൽ വിനയത്തോടെ കസേരയിൽ ഇരുന്നു .

“അമ്മാ എനിക്ക് നൊന്തുട്ടാ ”

നുളളിയ ഭാഗം ആരും കാണാതെ ഉഴിഞ്ഞ് അമ്മയുടെ കാതിൽ അവൻ കൊഞ്ചി സങ്കടം പറഞ്ഞു .

“നാണം കെടുത്തിയല്ലോ കുരുത്തംകെ ട്ടവനേ ” അമ്മ പല്ലു കടിച്ചു മൊഴിഞ്ഞപ്പോൾ കൂടുതൽ കൊഞ്ചാനവൻ നിന്നില്ല .

അവൻ പെണ്ണിനെ നോക്കി .
അവളാകട്ടെ അവനെ സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു.

“ഹേയ് കുട്ടി ഞാനത്തരക്കാരല്ലാ ന്നു പറയണം എന്നുണ്ടായിരുന്നു.
ഛയ് മാനം പോയിക്കിട്ടി..

എല്ലാത്തിനും കാരണക്കാരനായ അച്ഛനെ നോക്കി. ഹരിയുടെ നോട്ടം കണ്ടു അയാൾ വേഗം പേപ്പർ എടുത്തു ചുരുട്ടി വീശാൻ തുടങ്ങി .

“ശ്ശൊ വല്ലാത്ത ചൂട്. മഴക്കാലമായതുകൊണ്ടാരിക്കും ലേ ഹരി .”

മെല്ലെ ഹരിയെ പാളി നോക്കി.. അവൻ നോട്ടം മാറ്റിയില്ലെന്നു കണ്ടു വേഗം ഒരു ലഡ്ഡു എടുത്തു കടിച്ചു ധൃതിയിൽ ലഡ്ഡുവിനു പകരം കയ്യിലിരുന്ന പേപ്പറിൽ ആയിപ്പോയി കടി.

അടുത്തേക്ക് വരാൻ അവൻ കണ്ണ് കൊണ്ട് കാണിച്ചു.. അയാൾ എല്ലാരേയും നോക്കി ചിരിച്ചു അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.

“എന്നെ നാണം കെടുത്തിയപ്പോൾ അച്ഛന് സമാധാനമായല്ലോ”

“എടാ ഹരി ഞാൻ എന്ത് ചെയ്തു. കുട്ടിയെ ഇഷ്ടപ്പെട്ടില്ലങ്കിൽ വേറെ നോക്കാം എന്നല്ലേ പറഞ്ഞോള്ളൂ.. അതിനെന്താ ”

തികട്ടി വന്ന ദേഷ്യം കടിച്ചമർത്തി .
അച്ഛനായി പോയി ഇല്ലേൽ കാണാർന്നു .
നാൽപ്പത്താറ് പെണ്ണ് കണ്ട് കഴിഞ്ഞു .

ചിലർക്ക് ചെക്കന് പൊക്കം പോര പോലും .വല്ല കവുങ്ങിനും കെട്ടിച്ചു കൊടുക്കരുതോ ഹും……..

ചിലർക്ക് നിറം കൊറഞ്ഞു പോയീന്ന്. ഈ ശ്വരാ അവരൊക്കെ വെള്ളപ്പാണ്ട് വന്ന് ..

ചിലർക്ക് അൽപം കഷണ്ടി ഉണ്ടോന്ന് സംശയം .. പുരികം പോലും കൊഴിഞ്ഞു പോയ പരട്ടക്കിളവനതു പറഞ്ഞപ്പോൾ വരാൻ വൈകുന്ന കാ ലനേ പ്രാകി .

ചിലർക്ക് സ ർ ക്കാർ ജോലി നിർബന്ധം .
തൊഴിലിരിപ്പ് സോറി തൊഴിലുറപ്പിന് രാവിലെ കഞ്ഞി തൂക്കുപാത്രത്തിലാക്കി പോകുന്നവരത് പറഞ്ഞപ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ആയി .

ബാക്കി വന്ന ആലോചനകൾ ഒരു വിധം ശരിയായി വന്നതായിരുന്നു .

എന്റെ അച്ഛനെന്ന മഹാൻ പല കാരണങ്ങൾ കൊണ്ട് അതൊക്കെ വേണ്ടാന്ന് വെപ്പിച്ചു.

“എന്നെ കൊണ്ട് പെണ്ണുകെട്ടിക്കില്ലെന്ന് അച്ഛനു നിർബന്ധമുണ്ടോ ”

“അതെന്താടാ മോനേ നീ അങ്ങനെ പറഞ്ഞത് .നിന്റെ കല്യാണം കാണാനല്ലേടാ ഞങ്ങൾക്ക് ആഗ്രഹം ”

“എങ്കിൽ ഇന്നത്തെ പെണ്ണ് കാണലിന് അച്ഛൻ വരണ്ട . അമ്മയും എന്റെ കൂട്ടുകാരും ഉണ്ട് . കല്യാണ രാവിലെ ദക്ഷിണ വാങ്ങിക്കാൻ മാത്രം വന്നാൽ മതി . പ്ലീസ് അച്ഛാ ഞാനൊന്നു കെട്ടിക്കോട്ടെ .”

“അയ്യേ നീ ഇങ്ങനെണോ കരുതിയത്. ഇത് ഏകദേശം നമുക്ക് ഒത്ത ആലോചനയാണ് .

നിനക്കും അവർക്കും ഇഷ്ടായാൽ പിന്നൊന്നും നോക്കാനില്ല കല്യാണം അങ്ങ് നടത്തിയേക്കാം . അച്ഛനൊന്നും മിണ്ടില്ല സത്യം .. ഞാനും കൂടി വരട്ടെ ടാ ”

“അത് വേണോ ”

“വേണം അവർ അവർ ചെക്കന്റെ അച്ഛൻ എവിടെന്ന് അന്വേഷിച്ചാലോ . മോശല്ലേടാ ”

” അത് അച്ഛന്റെ സ്വഭാവം അറിഞ്ഞാൽ പിന്നെ ചോദിക്കത്തേയില്ല”

“ഒന്നു പോടാ അവന്റൊരു തമാശ .അപ്പൊ നമ്മളെപ്പോഴാ പോകുന്നത് .?”

” ഉം .അതൊക്കെ പറയാം .പിന്നൊരു കാര്യം . പെണ്ണ് കണ്ട് നടന്ന് നടന്ന് എനിക്ക് മടുത്തു . നാട്ടിലെറങ്ങി നടക്കാൻ പറ്റുന്നില്ല . ഇന്ന് കൂട്ടുകാരേം കുടുംബത്തേം കൂട്ടി ചായ കുടിക്കാൻ പോണില്ലേ ന്നാ കാണുന്നവരുടെ ചോദ്യം .

ഈ പെണ്ണ് ആരായാലും വേണ്ടീല്ല. അവർക്കിഷ്ടമാണെങ്കിൽ ഞാൻ കെട്ടും .

ഇല്ലെങ്കിൽ ഇതോടെ ഈ പരിപാടി ഞാൻ നിർത്തും . അതു കൊണ്ട് അച്ഛൻ ദയവ് ചെയ്ത് ഇത് കൊളമാക്കരുത് . ഒറ്റയക്ഷരം മിണ്ടിപ്പോവരുതെന്ന്. മനസ്സിലായോ …..?”

കാറ്റുപോയ ബലൂൺ പോലെ അച്ഛൻ ഹരിക്ക് മുന്നിൽ നിന്ന് തല കുലുക്കി സമ്മതിക്കുന്നത് കണ്ട അവിടേക്ക് വന്ന ഹരിയുടെ അമ്മ ചിരിയടക്കാൻ പാടുപെട്ടു .

അതീവ സുന്ദരിയാണ് മായ . ചായ തന്നു തിരിഞ്ഞു പോയിട്ടും അവളുടെ സൗന്ദര്യത്തിൽ മയങ്ങി ഇരിക്കുമ്പോളാണ് അച്ഛനെന്ന മഹാന്റെ കൊനിഷ്ട് ചോദ്യം വന്നത് .

വേറെ നോക്കാന്ന് … ദൈവമേ അച്ഛനായി പോയി

“അച്ഛൻ ഞാൻ പറഞ്ഞതൊക്കെ മറന്നോ? ” ഹരി പതുക്കെ എന്നാൽ ദേഷ്യത്തിൽ ചോദിച്ചു .

“അതു പിന്നെ ശീലിച്ചു പോയ കാരണം അറിയാതെ ചോദിച്ചതാടാ ”

“എങ്കിലീ പ്രശ്നം വേഗം പരിഹരിക്ക്. എനിക്കിഷ്ടപ്പെട്ടു .അതവരോട് പറയ് ”

“അല്ലാ കുറെ നേരായല്ലോ അച്ഛനും മോനും കൂടി ഒരു രഹസ്യം. എന്താണ് ഞങ്ങളും കൂടി അറിയട്ടെ ”

പെണ്ണിന്റെ അച്ഛനതു പറഞ്ഞപ്പോൾ “ഹേയ് ഞങ്ങൾ ബിസിനസിന്റെ കാര്യം പറഞ്ഞതാ .

അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം. എന്റെ മകന് കുട്ടിയെ ഇഷ്ടമായ സ്ഥിതിക്ക് നല്ലൊരു മുഹൂർത്തം നോക്കി വേഗം നടത്താം എന്താ?”

അയാളത് പറഞ്ഞപ്പോൾ എല്ലാവരുടേയും മുഖം തെളിയുകയും അതുവരെ മുറുകി നിന്ന അന്തരീക്ഷത്തിന് പെട്ടെന്ന് അയവ് വരികയും ചെയ്തു .

താനുണ്ടാക്കിയ പ്രശ്നം ഇത്രവേഗം പരിഹരിക്കാൻ കഴിഞ്ഞതിൽ ഹരിയുടെ അച്ഛൻ കൃതാർത്ഥനായി .

ഹരി അച്ഛനെ നോക്കി പുഞ്ചിരിച്ചു .

ബ്രോക്കർ കിട്ടാൻ പോകുന്ന കമ്മീഷൻ എണ്ണിയെണ്ണി കൈവിരൽ കഴിഞ്ഞ് കാൽവിരലിലേക്കെത്തി .

അമ്മ പുതിയ മരുമോളെ ശരിക്ക് നോക്കാൻ തുടങ്ങി .

ഹരിയുടെ കൂട്ടുകാർ കല്യാണത്തിന് അവന് എട്ടിന്റെ പണി കൊടുക്കാനുള്ള ആലോചന തുടങ്ങി .

പെട്ടെന്ന് ഒരു ശബ്ദം എല്ലാരേം ഞെട്ടിച്ചു …

” നിങ്ങള് മാത്രം തീരുമാനിച്ചാൽ മതിയോ ..?”

അതുവരെ മിണ്ടാതിരുന്ന മായയാണ് ഇപ്പൊ ഞെട്ടിച്ചത് .

“എന്റെ കല്യാണം നടത്തുമ്പൊ കേവലം എന്റെ സമ്മതമെങ്കിലും ചോദിക്കണ്ടേ ..
നിക്ക് ഇഷ്ടപ്പെട്ടോന്ന് ആർക്കും അറിയണ്ടേ . അല്ലാ ഞാനല്ലേ കൂടെ ജീവിക്കേണ്ടത്. ”

മായ ഒരു മയവുമില്ലാതെ പറഞ്ഞു ..

മഴ വന്നാൽ ഒരു മുന്നറിയിപ്പും തരാതെ കൂടെ ഇറങ്ങിപ്പോവുന്ന കറന്റ് പോലെ മായയുടെ ഈ വാക്കുകൾക്കൊപ്പം എല്ലാരുടെ സന്തോഷവും ഇറങ്ങിപ്പോയി .. ഹരിയും ആകെ വിഷമത്തിലായി .

” നീയെന്താ മോളെ ഈ പറയുന്നത് . ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇങ്ങനെ തുറന്നടിച്ചു പറയണോ .? ഇതിപ്പൊ എല്ലാർക്കും വിഷമമായില്ലേ … ”

” എല്ലാരും ഞെട്ടിയോ? നിങ്ങളോ …? ”

ആകെ വിളറി വെളുത്തിരിക്കുന്ന ഹരിയോടവൾ ചോദിച്ചു .

ചിരിക്കാൻ മറന്ന് ഹരിമിഴിച്ചു നോക്കി .

ഇന്നുവരെ ഒരുത്തിയും മുഖത്ത് നോക്കി ഇങ്ങനെ പറഞ്ഞിട്ടില്ല . എന്നിട്ട് ഞെട്ടിയോ എന്ന ഒലക്കമ്മെലെ ചോദ്യം .

ഹരി ഒന്നും മിണ്ടിയില്ല .

മായ പതിയെ അവനടുത്തേക്ക് വന്നു .

“നിങ്ങൾക്ക് മാത്രമേ ഞെട്ടിക്കാൻ പാടുള്ളോ? ഞാനുമൊന്ന് ഞെട്ടിച്ചതാ .

എനിക്ക് നൂറുവട്ടം സമ്മതാ… പെണ്ണ് കണ്ട് കണ്ട് മടുത്തൂന്നല്ലേ പറഞ്ഞത്. ഇനി തെണ്ടി നടക്കണ്ടാ. അച്ഛാ എനിക്ക് ഹരിയേട്ടനെ മതി . അച്ഛനുമ്മയ്ക്കും സമ്മതമാണെങ്കിൽ ഞങ്ങളുടെ വിവാഹം നടത്തി തരണം … ”

“ഞങ്ങൾക്കും സമ്മതമാ മോളെ . അപ്പൊ നടത്താംലേ ഹരിയുടെ അച്ഛാ .”

“പിന്നെന്താ ഞങ്ങൾക്കുംസമ്മതം ”

ഹരിക്ക് ശ്വാസം നേരെ വീണു .

“ഇപ്പൊ ഞാൻ ശരിക്കും ഞെട്ടി കേട്ടോ ” അവൻ ശബ്ദം താഴ്ത്തി മായയോട് പറഞ്ഞു.

അവളൊരു കള്ളച്ചിരിയോടെ ഹരിയെ നോക്കി . ജീവിതത്തിലിനി വരാൻ കിടക്കുന്ന ഞെട്ടിക്കലുകൾ ഓർത്ത് പോയി അവനപ്പോൾ….

Leave a Reply

Your email address will not be published. Required fields are marked *