കാട്ടുപെണ്ണ്
(രചന: സൗമ്യ സാബു)
ആനന്ദ് പതുക്കെ ക്യാമറ സൂം ചെയ്തു.
“അനങ്ങല്ലേടാ മോനെ,, അങ്ങനെ തന്നെ ഇരിക്ക്” ക്ലിക്ക് ചെയ്യാൻ തുടങ്ങിയതും ചവിട്ടി നിന്ന കല്ലിളകി അവൻ നിരങ്ങി വീണു.
ശ്ശെ വീഴാൻ കണ്ട നേരം, നല്ലൊരു പടം കിട്ടിയേനെ “
മൂട്ടിലെ ചെളി തുടച്ചു എഴുന്നേറ്റപ്പോഴേക്കും “അറഞ്ഞിക്കാ” തിന്നു കൊണ്ടിരുന്ന മലയണ്ണാൻ ഒറ്റചാട്ടത്തിനു മരങ്ങൾക്കിടയിൽ മറഞ്ഞു.
“ആനന്ദ്”
പ്രൊഫഷൻ കൊണ്ട് എഞ്ചിനീയർ ആണെങ്കിലും ആൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി.
ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ ധാരാളം സുഹൃത്തുക്കൾ ഉള്ളതു കൊണ്ട് പെർമിഷൻ എടുത്ത് സമയം കിട്ടുമ്പോൾ ഒക്കെ ക്യാമറയും തൂക്കി കാട് കയറും.
എന്തോ, പണ്ട് തൊട്ടേ കാടിനോടും മൃഗങ്ങളോടും ഇഷ്ട്ടമാണ്. അങ്ങനെ ഒരു യാത്രയിലാണ് ഇന്നും.
വള്ളിപ്പടർപ്പുകൾക്കിടയിലൂടെ ആനന്ദ് പതുക്കെ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങി. കാട്ടിൽ അങ്ങനെയാണ്. തലയ്ക്കു ചുറ്റും കണ്ണ് വേണം, ഒരേ സമയം കണ്ണും കാതും കൈകാലുകളും പ്രവർത്തിക്കണം.
“ഇന്ന് വെറുതെ ആയോ?? ഒരു പട്ടികുറുക്കനേയും കാണുന്നില്ലല്ലോ”
ശ്രദ്ധിച്ചു നടക്കുന്നതിനിടയിൽ പെട്ടെന്നൊരു കരച്ചിൽ കേട്ടതു പോലെ
ചെവി വട്ടം പിടിച്ചു.. തോന്നിയതാണോ??
പിന്നെയും കേട്ടു, അമർത്തിപിടിച്ച കരച്ചിൽ.. ആരോ വായ പൊത്തിപ്പിടിച്ചിരിക്കുന്നത് പോലെ.. അടിക്കാട് ഞെരിയുന്നത് കേൾക്കാം.. ആനന്ദ് ശബ്ദം കേട്ടിടത്തേക്കു ഓടി ചെന്നു.
നിലത്ത് കിടന്നു പിടയുകയാണ് ഒരു പെൺകുട്ടി. അവളുടെ വാ പൊത്തി മേലേക്ക് അമരുന്ന ഒരാൾ.
കൈകൾ കൊണ്ട് അവളയാളുടെ പുറത്തു തല്ലുകയും തള്ളി മാറ്റാൻ ശ്രമിക്കുന്നും ഉണ്ട്. മറ്റൊരാൾ അവളുടെ കാലുകൾ വലിച്ച് പിടിച്ചു വച്ചിരിക്കുന്നു.
കണ്മുന്നിൽ നടക്കുന്നത് എന്താണെന്ന് ബോധ്യം വരാൻ അവനു ഒരു നിമിഷമെടുത്തു.
കയ്യിൽ കിട്ടിയ കാട്ടുകമ്പ് കൊണ്ട് രണ്ടാളെയും തലങ്ങും വിലങ്ങും അടിച്ചു. തിരിച്ച് ആക്രമണത്തിനു സമയം കിട്ടാതെയുള്ള അടിയിൽ അവർ പിന്തിരിഞ്ഞോടി.
അഴിഞ്ഞുലഞ്ഞ ചേല നേരെയാക്കി പെൺകുട്ടി പ്രയാസപ്പെട്ട് എഴുന്നേറ്റ് അവന്റെ നേരെ കൈകൾ കൂപ്പി.
അവൾ എന്തോ പറയാൻ ശ്രമിച്ചു എങ്കിലും ഇരച്ചു കയറി വന്നൊരു കരച്ചിലിൽ അത് മുങ്ങിപ്പോയി.
അവൻ അവളെ അടിമുടി നോക്കി. കാടിനുള്ളിൽ ഏതോ ആദിവാസി ഊരിൽ ഉള്ളതാവും.
കാട്ടുഞാവൽ പോലൊരു പെണ്ണ്…
ഏറിയാൽ 20 വയസ്സ് കാണും. എണ്ണക്കറുപ്പിൽ ചാലിച്ച സൗന്ദര്യം. വെള്ളിക്കിണ്ണത്തിൽ വീണ ഉരുണ്ട കറുത്തമുന്തിരി പോലെ കണ്ണുകൾ, ചുരുളൻ മുടി, വിടർന്ന അധരങ്ങൾ !
പെണ്ണ് സുന്ദരിയാണല്ലോ !!കണ്ടാൽ ആരും ഒന്നു മോഹിച്ച് പോകും
“പേടിക്കണ്ട ! ഇനി അവർ വരില്ല, തന്റെ ഊര് അടുത്താണോ ?? കൊണ്ട് വിടാം..
” കൊറച്ച് പോണം സാർ ! എനക്ക് അങ്ങോട്ട് പോകാൻ പേടിയാണ്..
അതെന്താ?? തന്റെ അച്ഛനും അമ്മയും ഒക്കെ ഇല്ലേ??
മറുപടിയായി കണ്ണീർ കവിളിലൂടെ ചാലിട്ടൊഴുകി.. കരഞ്ഞു തീരട്ടെ എന്ന് കരുതി ആനന്ദ് ഒന്നും മിണ്ടിയില്ല..
“എനക്ക് അമ്മാ ഇല്ലാ സാർ, അപ്പായും രണ്ടാഴ്ച മുൻപ് പോയി”.. അവൻ വല്ലാതെയായി.
“ഹോ,,,, വേറെ ആരും ഇല്ലേ നിനക്ക്?
ചിറ്റി ഉണ്ട്, അപ്പായുടെ രണ്ടാം ഭാര്യ.. ബേറെ ആരും ഇല്ലാ., എനക്ക് അവരെ പേടിയാണ്. അവനു സഹതാപം തോന്നി.
അല്ലാ, ഇതെന്താ ഇവിടെ?? അവർ ആരാ? തന്നെ ഉപദ്രവിച്ചവർ??
“അപ്പാ മരിച്ചതിനാല് എനക്ക് പൊല ആണ്. ഊരിലെ നിയമമുണ്ട്,, പതിനാലു ദിവസം ഊര് വിട്ട് ഒറ്റയ്ക്ക് നിക്കണം.. ഇബടെ ആണ് എനക്ക് കുടിൽ കെട്ടീത്.ഇന്ന് ഊരിലേക്ക് പോണം
അപ്പോ അവരോ??
അവർ സെമ്പനും മുരുഹനും.. സെമ്പൻ എനക്ക് മുറയാണ്.. പക്ഷേ എനക്ക് ഇഷ്ടമല്ല.എന്നെ മംഗലം ചെയ്യണം എന്ന് പറഞ്ഞു കുടിച്ച് വന്നു എപ്പോളും ശല്യം ചെയ്യും.
എനക്ക് അറിയാം അവനു മംഗലം ചെയ്യാൻ അല്ലാ, പോറെസ്റ്റിലെ വാച്ചർ സാറമ്മാർ കാശ് കൊടുത്തിട്ടുണ്ട്.. അതിനാ.. അവർ കുടീലു വന്നു എന്നെ വിടണം എന്ന് പറഞ്ഞു, പറ്റില്ലന്ന് പറഞ്ഞപ്പോ അപ്പായെ സെമ്പനും ചേർന്ന് തല്ലി. അന്നാ അപ്പാ പോയത്”..
പറഞ്ഞു തീർന്നതും അവൾ മുഖം പൊത്തി കരഞ്ഞു.. എല്ലാം കേട്ട് അമ്പരന്ന് നിൽക്കുകയാണ് ആനന്ദ്.
പാവം കുട്ടി..
“എന്നെ ഊരിലേക്ക് കൂട്ടാൻ വന്നതാ അവർ, , വരില്ലന്ന് പറഞ്ഞപ്പോളാ അവർ എന്നെ.. “
“സാരമില്ല,, ഞാൻ കൊണ്ടാക്കാം”,
അവളുടെ ഒപ്പം ഊരിലേക്ക് നടക്കുമ്പോഴും മാനം രക്ഷിക്കാൻ ഇനി എന്തൊക്കെ അവൾ സഹിക്കേണ്ടി വരും എന്നായിരുന്നു അവന്റെ ചിന്ത.ഒരു പക്ഷേ കാത്തിരിക്കുന്നത് നല്ലതൊന്നും ആവില്ല.
എന്താ തന്റെ പേര്??
“അഴകി”
ഹ്മ്മ് അഴകി ചേർന്ന പേര് തന്നെ ,, അവൻ മനസ്സിൽ പറഞ്ഞു..
അവർ നടന്ന് പാറക്കെട്ട് നിറഞ്ഞ ഒരു അരുവിക്ക് സമീപം എത്തി.അടുത്ത് എവിടെയോ ആന ഉണ്ടാവണം. കാറ്റിനൊപ്പം ആനച്ചൂരു മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ട്. ഒരു പടം എടുക്കാൻ പറ്റിയാൽ ഒത്തു.
ബാഗ് താഴെ വച്ച് പാന്റ് മുട്ട് വരെ മടക്കി ആനന്ദ് വെള്ളത്തിലേക്കിറങ്ങി. മുട്ടിനു താഴെ രക്തം കുടിച്ചു വീർത്തു കൊണ്ടിരുന്ന തോട്ടപ്പുഴുക്കളെ വലിച്ചു പറിച്ച് വെള്ളത്തിലേക്ക് ഞൊട്ടിച്ച് വിട്ടു.
തണുത്ത വെള്ളം കൈകളിൽ കോരി മുഖത്തേക്ക് ചെപ്പി.അഴകി പതുക്കെ അരുവി ഒഴുകിയെത്തുന്ന ചെറിയ വെള്ളചാട്ടത്തിനു കീഴെക്ക് ഇറങ്ങി. പതഞ്ഞു ചാടുന്ന വെള്ളത്തിനു താഴേ അവൾ വിഷമങ്ങൾ മറന്ന് നിന്നു.
കരയിലേക്ക് കയറിയ അവനാ സുന്ദര കാഴ്ചയിലേക്ക് നോക്കി . ഒരു വേള മനസ്സിനെ ശാസിച്ചു എങ്കിലും വീണ്ടും നോക്കാതിരിക്കാനായില്ല.
കാട്ടു പെണ്ണിന്റെ കൊതിപ്പിക്കുന്ന അംഗലാവണ്യം…
ക്യാമറ എടുത്ത് പതിയെ ഫോക്കസ് ചെയ്തു. നല്ലൊരു ഫ്രയിമിനായി പിന്നോക്കം നടന്നു.
അഴകി അരുവിയിൽ നിന്നും കയറി, കുരങ്ങൻമാർ വെപ്രാളപ്പെട്ടു അപകടശബ്ദം ഉണ്ടാക്കുന്നത് കേട്ടു അവൾ ചുറ്റും നോക്കി. നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി പാഞ്ഞു..
ശ്വാസം പോലും വിടാൻ മറന്ന് അനങ്ങാതെ നിൽക്കുന്ന ആനന്ദ് അവന്റെ മുന്നിൽ പുറവും മസ്തിഷ്ക്കവും പൊടിമണ്ണിൽ പുതച്ചു നിൽക്കുന്ന കാട്ടുകൊമ്പൻ “കൊലയാനൈ” എന്ന് ഊരിൽ അറിയപ്പെടുന്ന ഒറ്റയാൻ ആണതെന്ന് അവൾ തിരിച്ചറിഞ്ഞു.
അവന്റെ മുന്നിൽ പെട്ടാൽ രക്ഷപ്പെടൽ അസാധ്യമാണ്. തുമ്പിക്കൈ മുന്നോട്ട് നീട്ടിയാൽ അവനകപ്പെടും..
അത്ര വലിയ മൃഗം ആണെങ്കിലും വരുന്നത് അറിയുകേ ഇല്ല. അതേ സമയം ഒരു കാട്ടുകോഴി ആണെങ്കിൽ ആ പ്രദേശം മുഴുവൻ അറിയും.
ആനന്ദ് കണ്ണുകൾ ഇറുക്കിയടച്ചു.അനങ്ങിയാൽ ഒറ്റയാൻ മുന്നോട്ടു വരും. തന്റെ അവസാനമാണെന്ന് അവനു തോന്നി. പെട്ടെന്ന് കയ്യിലൊരു പിടുത്തം വീണു, ഒപ്പം അവനെയും വലിച്ചു കൊണ്ട് ഓടി..
ആന കൊലവിളി മുഴക്കി പിന്നാലെ പാഞ്ഞുവെങ്കിലും എന്തോ ഭാഗ്യത്തിന് പിന്തിരിഞ്ഞു.
രണ്ട് കിലോമീറ്ററോളം ഓടിയതിനു ശേഷമാണ് അഴകി അവന്റെ കയ്യിലെ പിടുത്തം വിട്ടത്. കാൽമുട്ടിൽ കൈകൾ വെച്ച് അവൾ കിതച്ചു.
ജീവൻ തിരിച്ച് കിട്ടി എന്ന് വിശ്വസിക്കാനാവാതെ ആനന്ദ് മരച്ചുവട്ടിലേക്കിരുന്നു. മാനം മറച്ചു നിൽക്കുന്ന മരങ്ങളിൽ കരിമന്തികൾ നീണ്ട വാൽ താഴേക്കിട്ടു മലർന്ന് മയങ്ങുന്നുണ്ട്. ചിലവ അവരെ ഉറ്റു നോക്കിയിരിക്കുന്നു.
അവൾ അവനു നേരെ കൈ നീട്ടി..
“സാർ ഇത് ആനത്താരയാണ്, പോകാം”
അവർ വീണ്ടും നടപ്പാരംഭിച്ചു.
എത്താറായോ അഴകി??
ഇനി കുറച്ചേ ഉള്ളു…
എന്നാലും ഇത്രയും ദൂരെ എങ്ങനെ നീ ഒറ്റയ്ക്ക് നിന്നു? ആനയും കടുവയും ഒക്കെ ഉള്ള കാടല്ലേ?
“തീ കൂട്ടിയാൽ അവ അടുക്കില്ല.ഊരിൽ ഓരോ പകലും രാത്രിയും പേടിച്ചു കഴിഞ്ഞതിനേക്കാൾ എനക്ക് ധൈര്യം ഒറ്റയ്ക്ക് നിന്നപ്പോൾ ആയിരുന്നു” മൃഗങ്ങളെക്കാൾ പേടിക്കണ്ടതു മനുഷ്യരെയാ സാറെ”
ഈ സാർ വിളി നിർത്തുമോ?
അവൾ അവനെ നോക്കി ചിരിച്ചു..
നിങ്ങളുടെ ഊരിൽ നട്ടെല്ലുള്ള ആണുങ്ങൾ ഇല്ലേ??
” എതിർക്കാൻ പേടിയാണ്. പിന്നെ ഇഷ്ടം പോലെ കള്ളും കഞ്ചാവും കൊടുത്തു മയക്കും. ആണുങ്ങളെ കൊണ്ട് കഴിയാത്തതു പെണ്ണുങ്ങൾ എങ്ങനെ നോക്കാനാ?? ഊരിലിപ്പോ വെളുത്ത പിള്ളാരുടെ എണ്ണം കൂടി”
മനുഷ്യവാസത്തിന്റേതായ അടയാളങ്ങൾ കണ്ടു തുടങ്ങി. ഊരിന് പുറത്ത് എത്തിയതും ഒരു നായ ഓടി വന്ന് അവളുടെ കാലിൽ കെട്ടിപിടിച്ചും നക്കിയും സ്നേഹം പ്രകടിപ്പിച്ചു.
“എന്റെതാ,, “കുമുരു ” അവൾ കുനിഞ്ഞു അതിന്റെ തലയിൽ തലോടി..
“ഇനി ഞാൻ പൊക്കോളാം “
അതെന്താ അഴകി? എന്നെ ഊരിലേക്ക് വിളിക്കുന്നില്ലേ?
അത് സാർ, മംഗലം കഴിയാത്ത പെണ്ണിനെ അന്യപുരുഷന്റെ ഒപ്പം കണ്ടാൽ ഊരിൽ വലിയ പ്രശ്നമായിടും.
ഹോ ഓരോ ആചാരങ്ങൾ എന്തായാലും ഞാൻ നീ വീട്ടിലേക്കു കയറുന്നത് കണ്ടിട്ടേ പോകുന്നുള്ളൂ “
“അതാ അബടെ എൻ കുടി ” അവൾ ഒരു കുടിലിന് നേരെ കൈ ചൂണ്ടി..അവിടെ ആളുകൾ കൂടി നിൽപ്പുണ്ട്..
“എന്നാ നീ ചെല്ല്,, ഞാൻ ഇവിടെ നിക്കാം “
അവൾ തിരിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി നിന്നു. കണ്ണുകൾ നിറഞ്ഞൊഴുകിയതല്ലാതെ ഒരക്ഷരം പോലും മിണ്ടാൻ അവൾക്കായില്ല.
കൂടെ വന്ന നേരം കൊണ്ട് ആനന്ദിന്റെ ഉള്ളിലും എവിടെയൊക്കെയോ അവൾ തന്റെ ആരോ ആണെന്നൊരു തോന്നൽ ഉളവായിരുന്നു.
അവൾ പോവാണ്, ഹൃദയത്തിലൊരു മുള്ള് കൊണ്ട് കുത്തി വലിക്കുന്നത് പോലെ.. അവളൊന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്നവനാശിച്ചു. പക്ഷേ അതുണ്ടായില്ല.
ഇതും ഒരു നിയോഗം എന്നാശ്വാസിച്ച് മടങ്ങാൻ ഒരുങ്ങുമ്പോൾ ആണ് ഒരു അട്ടഹാസം മുഴങ്ങിയത്. അവൻ തിരിഞ്ഞു നോക്കി.
“അബടെ നില്ലേടി, എൻ കുടീലു നീ കേറണ്ട” ചിറ്റി മുറ്റത്തേക്കു ചാടി
അഴകി വെച്ച കാൽ പിന്നോട്ടെടുത്തു.. ചുറ്റിനും ആള് കൂടി.. സെമ്പകം, വല്ലി, തേയി, കറുപ്പൻ, തുടങ്ങി എല്ലാവരും ഉണ്ട്.. മുൻപന്തിയിൽ സെമ്പനും മുറുഹനും. അവരുടെ തലയിൽ നിന്നും രക്തം ഒഴുകുന്നുണ്ട്. ഊര് മൂപ്പൻ അവളുടെ മുന്നിലേക്ക് വന്നു.
“ഊരിലെ നിയമം തെറ്റിച്ച് പതിനാലു നാൾ നാട്ടുവാസി പുരുഷനോട് ഒപ്പം കഴിഞ്ഞ്, അവനോട് ഒപ്പം ഊരിൻ മക്കളെ കൊല്ലാൻ നോക്കിയ നിന്നെ ഊര് വിലക്കിയിരിക്കുന്നു”. ഇനി ഇബടെ കാണരുത്.
അഴകി ഞെട്ടി, എന്താ പറയുന്നത്?? ഞാൻ അങ്ങനൊന്നും..
“ഞങ്ങൾ കണ്ടതാ മൂപ്പാ, കൂട്ടാൻ ചെന്നപ്പോ നാട്ടുവാസിയോടോപ്പം ഇവൾ കുടിലിൽ കെട്ടിപിടിച്ചു കെടക്കുന്നതു ഞങ്ങൾ കണ്ടു. ” ഇവളും അവനും ചേർന്ന് ഞങ്ങളെ അടിച്ച് കൊല്ലാറാക്കി”
സെമ്പനും മുരുഹനും മുന്നോട്ട് വന്നു. അവർ അവളെ നോക്കി പരിഹസിച്ചു.. ഏൻ തേവരെ അവൾ നെഞ്ചിൽ കൈ വെച്ചു.
“കള്ളമാണ് മൂപ്പാ…
കള്ളം കാണിച്ചതു നീ താൻ,, അപ്പൊ ഇവരെ ആര് അടിച്ചത്?? ഇത് ഊര്കൂട്ടത്തിൻ വിലക്ക്, ഇനി മാറ്റമില്ല. അവൾ ഏങ്ങിക്കരഞ്ഞു.
ഊരിൽ നേരത്തെ എത്തി, നടന്നതിന് വിപരീതമായി തന്നെപ്പറ്റി മോശം പറഞ്ഞിരിക്കുന്നു. ഊര് വിലക്കിയാൽ ഇനി എങ്ങോട്ട് പോകും?? അവൾ നിസ്സഹായയായി ചിറ്റിയെ നോക്കി.
അവർ വെറുപ്പോടെ നോക്കുന്നത് കണ്ടപ്പോൾ തന്നെ വിശ്വസിക്കാൻ ആരുമില്ല എന്നവൾക്ക് മനസ്സിലായി. ഇബടെ ബാടി സെമ്പൻ അവളുടെ കൈയിൽ പിടിച്ച് ഊരിന് പുറത്തേക്കു വലിച്ചു.
“നീ എങ്ങോട്ട് പോകും?? ഇബടെ നിന്നും പുറത്തായാൽ നീ എന്റെ കയ്യിലാ.. അയാൾ അവളുടെ ചെവിയിൽ മുറുമുറുത്തു.
അയാൾ അവളെ നിലത്തേക്ക് തള്ളിയിട്ടു. എല്ലാം കേട്ട് നിന്ന ആനന്ദിന്റെ കാൽക്കലേക്ക് അവൾ മുഖമടിച്ചു വീണു. അവനെ കണ്ടതും സെമ്പന്റെ മുഖം പ്രേതത്തേ കണ്ടതു പോലെ വിളറി.
ചെവിയും കവിളും ചേർത്ത് പടക്കം പൊട്ടുന്നതു പോലെ ഒരൊച്ച കേട്ട് അഴകി ചാടിയെഴുന്നേറ്റു. കൈ കുടയുന്ന ആനന്ദും, നില തെറ്റി കറങ്ങി പോകുന്ന സെമ്പനും..
“വാ,, എന്റെ വീട്ടിലേക്കു നിനക്ക് ഒരു വിലക്കും ഇല്ല. തന്റെ കയ്യിൽ മുറുക്കിപിടിച്ച ആനന്ദിനെ വിശ്വാസം വരാതെ അവൾ നോക്കി.
“അതേടി നിന്നെ ഞാനങ്ങ് എടുക്കുവാ”
അത് സാർ,,ഞാൻ ഒരു കാട്ടുപെണ്ണ്, നിങ്കൾക്ക് ചേ… പറഞ്ഞ് തീരും മുന്നേ അവന്റെ ചൂണ്ടു വിരൽ അവളുടെ ചുണ്ടിൽ പതിഞ്ഞു.
“കാട്ടിലെ ആണെലും നാട്ടിലെ ആണേലും നീ പെണ്ണല്ലേ? അത് മതി.. എനിക്ക് ജാതിയോ മതമോ കുലമോ ഒന്നും പ്രശ്നം അല്ല. ആകെ ഉള്ളത് ആണും പെണ്ണും. അതാണ് എന്റെ മതോം ജാതീം കുലോം ഒക്കെ..”
നീ വാ, ഇപ്പൊ നടന്നാലേ രാത്രിക്കു മുന്നേ വീട് എത്തൂ.. നടക്കുന്നതു സ്വപ്നമോ മിഥ്യയോ എന്നറിയാതെ അവൾ അവനൊപ്പം പുതിയൊരു ലോകത്തേക്ക് ചുവടു വെച്ചു.