അഞ്ചു വയസുള്ള കുട്ടിയുടെ അമ്മയായ തന്നോട് ഇഷ്ടം പറയുക അതും ഫസ്റ്റ് സൈറ്റ് ലവ്..

(രചന: Kannan Saju)

” ശ്രാവൺ എന്റെ മോളേ സുഖമില്ലാതെ ഹോസ്പിറ്റലിൽ കൊണ്ടു വരുമ്പോൾ ആണ് ആദ്യമായി തന്നെ ഞാൻ കാണുന്നത്..

ആ എന്നോട് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നി എന്ന് പറയാൻ ഇത് ഗൗതം മേനോന്റെ തമിഴ് സിനിമ അല്ല ജീവിതം ആണ്  “

ആ തൃസന്ധ്യ നേരത്തു അവരുടെ പാദങ്ങളെ ഇടയ്ക്കിടെ വന്നു പുൽകി മറയുന്ന തിരമാലകളെ സാക്ഷിയാക്കി ശ്രാവൺ ആയിഷയോടു തന്റെ പ്രണയം പറഞ്ഞു…

കെട്ടാൻ പോകുന്ന പെണ്ണിന്റെ കന്യകാത്വം ഒരു സേതുരാമയ്യർ സിബിഐ യെ പോലെ ചികഞ്ഞു നടക്കുന്ന കൂട്ടർക്കിടയിൽ അഞ്ചു വയസുള്ള കുട്ടിയുടെ അമ്മയായ തന്നോട് ഇഷ്ടം പറയുക.. അതും ഫസ്റ്റ് സൈറ്റ് ലവ്…

” ആയിശ എന്താ ആലോചിക്കുന്നേ?  മറ്റെന്തെങ്കിലും ഉദ്ദേശം ആവുമെന്ന് കരുതിയാണോ ?  “

തന്റെ ഷർട്ടിന്റെ ബട്ടൻസ് നാലെണ്ണം തുറന്നു ഷർട്ട് മേലോട്ട് വലിച്ചിട്ടു തണുത്ത കാറ്റിന്റെ തൂവൽ സ്പർശം നെഞ്ചിനോട് ചേർത്തു അയ്യാൾ മുകളിലേക്ക് നോക്കിക്കൊണ്ടു ആയിശുവിനോട് ചോദിച്ചു..

” മറ്റെന്താണ് ശ്രാവൺ ?  എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.. എനിക്ക് 33 നിനക്ക് 28…  ഞാൻ ടീച്ചർ നീ ഡോക്ടർ… ഒന്നും പോരാത്തതിന് ഞാനൊരു വിധവ, അഞ്ചു  വയസുള്ള കുട്ടിയുടെ അമ്മ….

പുരുഷന്റെ സാമിപ്യം രണ്ട് വർഷമായി ഇല്ലാത്തവൾ.. എന്നിൽ തുടിക്കുന്ന വികാരത്തെ മുതലെടുക്കാൻ അല്ലേ നിന്റെ ഈ പ്രൊപോസൽ നാടകം…. ?  “

ആയിശു അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…. ശ്രാവൺ അവളുടെ കണ്ണുകളിലേക്കു നോക്കി…

” ഒരു സന്ധ്യ സമയം… ജോലിയും വീടും മാത്രമായി കഴിയുന്ന സമയം… തിരക്കുകൾ ഒഴിഞ്ഞു എന്നോ നഷ്ടമായ അമ്മയെ ഓർത്തു കസേരയിൽ ചാരി കിടക്കുമ്പോൾ മുന്നിൽ നിന്നും ഒരു ശബ്ദം…

കണ്ണുകൾ തുറന്ന ഞാൻ കാണുന്നത് നനഞ്ഞു കുളിച്ചു തോളിൽ കുഞ്ഞുമായി നിക്കുന്ന ഒരു മാലാഖയെ ആണ്…

നിമിത്തങ്ങളിൽ ഞാൻ വിശ്വസിക്കുന്നു.. എന്റെ അമ്മയെ ഓർമിച്ച ആ നിമിഷം നീ ഓടി കയറി എന്റെ മുന്നിലെക്കു വന്നത്….  “

” മാലാഖ… ”  അവൾ ചിരിച്ചു….

” പ്രസവിച്ച മാലാഖ  ” അവൾ വീണ്ടും അത് പറഞ്ഞു ചിരിച്ചു

” ജനനം മുതൽ മരണം വരെ ഒരുവൾ മാലാഖ തന്നെയാണ് ആയിഷ….  അവർക്കാ തോന്നലുണ്ടാവണം എങ്കിൽ അവർ മാലാഖയാണെന്നു തിരിച്ചറിയുന്നവന്റെ മുന്നിൽ അവൾ എത്തണം “

” കേൾക്കാൻ നല്ല രസം ഉണ്ട് ശ്രാവൺ…..  പക്ഷെ പ്രായോഗിക ജീവിതത്തിൽ നടക്കില്ല ‘

” മുൻവിധികൾ മാറ്റി വെക്ക് ആയിഷ….  ആർത്തവം നിലച്ചു ചുക്കി ചുളിഞ്ഞ മെയ്യോടെ ഇരിക്കുന്ന സ്ത്രീയെ അന്നും ആരോഗ്യവാനായ പുരുഷൻ ചേർത്തു പിടിക്കുന്നത് നീ കണ്ടിട്ടുണ്ടോ?

പ്രതീക്ഷ വറ്റിയ അവളുടെ മോഹങ്ങൾ അസ്വസ്ഥമാക്കുന്ന മനസ്സിനെ അറിഞ്ഞു അവളുടെ നെറ്റിയിൽ ചുംബിക്കുന്ന പുരുഷനെ നീ കണ്ടിട്ടുണ്ടോ?  “

ആയിഷ ഒന്നും മിണ്ടാതെ ഇരുന്നു…

” ചില ആളുകൾക്ക് ഒരു വിചാരം ഉണ്ട്.. അവരുടെ ജീവിതത്തിൽ അവരു കണ്ടത് മാത്രമേ ലോകത്തു നടക്കുന്നുള്ളൂ എന്ന്…

അങ്ങനല്ല ആയിഷ.. നമ്മളൊക്കെ പൊട്ടക്കുളത്തിലെ തവളകൾ ആണ്.. നമുക്കും അപ്പുറം ഒരു ലോകം ഉണ്ട്…

എന്റമ്മയുടെ അവസാന നാളുകൾ ഞാൻ ഇന്നും ഓർക്കുന്നു.. ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത പെണ്ണും അമ്മയായിരിക്കും… അമ്മയുടെ അവസാന ശ്വാസം നിലക്കുമ്പോളും എന്റെ അച്ഛൻ അരികിൽ ഉണ്ടായിരുന്നു…

കീമോ കഴിഞ്ഞു മുടിയുടെ ലക്ഷണങ്ങൾ പോലും ഇല്ലാതെ ഒട്ടിയ തലയോട്ടിയിൽ അദ്ദേഹം നിരന്തരം തലോടിയിരുന്നു… അമ്മയെ തന്റെ നെഞ്ചോട് ചേർത്തിരുത്തി കഞ്ഞി കോരി കൊടുക്കുന്നത് ഞാൻ നോക്കി ഇരുന്നിട്ടുണ്ട്… “

ആയിഷ മണൽ തരികളിൽ വെറുതെ കൈകൊണ്ടു വരച്ചു കൊണ്ടിരുന്നു….

” നിന്നെ ഞാൻ പ്രണയിക്കുന്നു ആയിഷ…  നിനക്ക് മുന്നിൽ ഇനിയും ഒരു ജീവിതം ഉണ്ട്… കുഞ്ഞിന് ജന്മം നൽകുമ്പോൾ സ്ത്രീ ഒന്ന് കൂടി പവിത്രമാവുകയാണ് ചെയ്യുന്നത്…

അവൾ നിന്നിൽ നിന്നും വന്നതാണ്.. നിന്നെ സ്നേഹിക്കുന്ന എനിക്ക് അവളെയും സ്നേഹിക്കാൻ കഴിയും… ഈ പ്രൊപോസൽ ഒരു പ്രണയാഭ്യർത്ഥന മാത്രമല്ല,

ആയിഷയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ നാമ്പുകൾ മുളച്ചു…. അവൾ ശ്രാവണിന്റെ കണ്ണുകളിലേക്കു നോക്കി….

” എന്റെ പെണ്ണായി വരാമോ എന്റെ ജീവിതത്തിലേക്ക്… അറ്റം അറിയാത്ത ഈ കടൽ പോലെ നിന്റെ ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ ഉണ്ടാവും എന്നെനിക്കറിയാം.. പക്ഷെ എല്ലാത്തിനും ഉത്തരം തിരയാൻ നിന്നാൽ നമ്മുടെ ജീവിതം കടന്നു പോകും..

എന്റെ പ്രഭാതങ്ങളിൽ നിന്റെ അധരങ്ങളിൽ ചുംബിച്ചു കവിളുകളിൽ തലോടി നിന്റെ കണ്ണുകൾ കണ്ടു ഉണരണം എനിക്ക്…

എന്റെ സായാഹ്നങ്ങളിൽ നിന്റെ മടിയിൽ തല വെച്ചു എന്റെ സ്വപ്‌നങ്ങൾ പങ്കു വെക്കുന്നതിനൊപ്പം നിന്റെ മോഹങ്ങൾ അറിയണം എനിക്ക്…

എന്റെ കുറവുകൾ നിന്നാൽ അംഗീകരിക്കപ്പെടുമ്പോൾ നിന്റെ മോഹങ്ങൾ എന്നാൽ പൂവണിയുമ്പോൾ അതിലും മനോഹരമായി എന്താണ് പെണ്ണെ ഈ ഭൂമിയിൽ ഉള്ളത്?  “

ആയിഷ ഒന്നും മിണ്ടാതെ കടലിലേക്കും നോക്കി ഇരുന്നു…

” എന്താ ഒന്നും പറയാത്തത്?  ” അത് ചോദിക്കുമ്പോൾ ചെറുതായെങ്കിലും ശ്രാവണിന്റെ മുഖം വാടിയിരുന്നു..

” ഞാൻ ഒരു കാര്യം പറഞ്ഞ ശ്രാവണ് വിഷമാവുമോ ?  ” അസ്തമിക്കാൻ തയ്യാറെടുത്ത സൂര്യനെ പോലെ അവന്റെ മുഖം വാടിയിരുന്നു.

” എന്നും രാത്രിയിൽ എന്റെ മടിയിൽ കിടക്കാതെ ഇടയ്ക്കു എന്നെയും മടിയിൽ കിടത്തുമോ?  “

ശ്രാവൺ ഞെട്ടലോടെ അവളെ നോക്കി. ആയിശു മനസ്സ് തുറന്നു ചിരിച്ചു..

” ഇങ്ങോട് ചേർന്നിരിക്കടി ” അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു… അവൾ ചേർന്നിരുന്നു. അവന്റെ തോളുകളിൽ തല ചായ്ച്ചു

” നമുക്ക് എല്ലാ വർഷവും ഈ ദിവസം ഇവിടെ വരണം…  നിന്റെ തോളിൽ ഇങ്ങനെ തല ചായ്ച്ചു എനിക്കിരിക്കണം ശ്രാവൺ..

ഈ രാത്രിയോട്.. ഈ കടലിനോടു… ഈ തിരമാലകളോട്.. നിന്നെ എനിക്ക് നൽകിയ ഈ പ്രപഞ്ചത്തോട് നിന്റെ താളുകളിൽ ചാരി കിടന്നുകൊണ്ട് എനിക്ക് നന്ദി പറയണം “

” അതിനെന്താ വരാലോ ” അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടു അവൻ പറഞ്ഞു….

” ഉപ്പുപ്പാ ” വർഷങ്ങൾക്കിപ്പുറം ആ ദിവസം തനിയെ കടൽ തീരാതിരുന്ന ശ്രാവണിനെ പിന്നിൽ നിന്നും ആയിഷയുടെ ആദ്യ മകളുടെ മകൾ വിളിച്ചു..

അവൻ ഞെട്ടലോടെ തിരിഞ്ഞു…  അവൾ വയസ്സനായ ശ്രാവണെ നോക്കി ചിരിച്ചു… അവന്റെ മകൾ വന്നു കൊച്ചു മകള്ക്കു മുന്നേ അവനെ കെട്ടിപിടിച്ചു …..

” ഞാൻ വീട്ടിലേക്കു പോയില്ല… എനിക്കറിയർന്നു അച്ഛൻ ഉമ്മാടെ അടുത്തു ഇവിടെ ഉണ്ടാവും എന്ന് “

അവന്റെ കണ്ണുകൾ നിറഞ്ഞു…  ആയിശു മരിച്ചു അഞ്ചു വർഷങ്ങൾ കഴിയുന്നു…. ആ ആത്മാവ് ഇന്നും അവിടെ ഉണ്ടന്ന് അവൻ വിശ്വസിക്കുന്നു…

” ആഹാ.. കണ്ട പാടെ അപ്പനും മോളും തുടങ്ങിയോ?  ” അവളുടെ ഭർത്താവിനൊപ്പം വന്ന ശ്രാവൺനും ആയിഷക്കും ജനിച്ച ഗുൽമോഹർ പറഞ്ഞു…

അവനറിയാം… അത്രമേൽ അച്ഛന് ആയിഷയെ പോലെ അവളും പ്രിയപ്പെട്ടതാണെന്നു……

ആ തീരത്തിന്റെ ഏതോ ഒരു കോണിൽ നിറ കണ്ണുകളോടെ, ആനന്ദ കണ്ണീരോടെ ആയിഷയുടെ ആത്മാവ് അതെല്ലാം കാണുന്നുണ്ടായിരുന്നു…..

” പ്രണയം മഹത്വരമാണ് അത് ഉള്ളിൽ നിന്നും വിരിയുമ്പോൾ “

Leave a Reply

Your email address will not be published. Required fields are marked *