വേറെ ഒരു നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഇയാളുടെ ഈ ശല്യങ്ങളൊക്കെ സഹിച്ച് അവിടെ പിന്നെയും പിന്നെയും..

(രചന: സൂര്യ ഗായത്രി)

അവസാന ബസും പോയി. ഇനി അടുത്ത ബസ്സ് എട്ടര മണിക്ക് ശേഷമേ ഉള്ളൂ. അവൾ ആ വെയ്റ്റിങ് ഷെഡിലേക്കു ഇരുന്നു…..

എന്നും ഇതുപോലാണ് ഇറങ്ങാൻ നേരം അര്ജന്റ് എന്നും പറഞ്ഞു എന്തെങ്കിലും വർക്ക്‌ തരും.

ഇത്രയും വയസും പ്രായവും ആയിട്ടും അയാൾക്ക് തന്നെ കാണുമ്പോഴുള്ള അസുഖത്തെക്കുറിച്ച് ഓർക്കുമ്പോൾ അവളുടെ ചുണ്ടിൽ പുച്ഛ ചിരി വിരിയും..

ഏകദേശം അറുപതു വയസിനോട് അടുത്ത് പ്രായമുണ്ട് പ്രതാപൻ സാറിന് പക്ഷേ അയാൾക്ക് അവളെ കാണുമ്പോഴുള്ള ചേഷ്ടകളെല്ലാം മധുരപതിട്ടുകാരന്റെതാണ്…

രണ്ടുവർഷത്തോളമായി ഈ കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്… ഇതിനുമുമ്പ് ഇരുന്ന മാനേജർ ഒരു പാവം സാറായിരുന്നു.. അതിനു ശേഷമാണ്പ്രതാപൻ സാർ വന്നത്. വിവാഹം കഴിഞ്ഞിട്ടില്ല പെണ്ണുങ്ങളെ കാണുമ്പോൾ വല്ലാത്തൊരു ചൊരുക്കാണ്…

എത്രയൊക്കെ നേരത്തെ ഇറങ്ങണമെന്ന് വിചാരിച്ചാലും നേരമാവുമ്പോൾ പ്രതാപൻ സാറ് എന്തെങ്കിലും ഒരു പണിയുമായി വരും..

താനിപ്പോൾ അവിടെ ജോലിക്ക് ജോയിൻ ചെയ്തതേയുള്ളൂ രണ്ടുവർഷം പ്രോബെഷൻ പിരീഡ് ആണെന്ന് പറഞ്ഞിട്ടാണ് തന്നോട് ഈ കാണിക്കുന്നത് മേഡുകളെല്ലാം….

ആളൊരു പഞ്ചസാര ആണെന്ന് ഓഫീസിൽ എല്ലാപേർക്കും അറിയാം.. എത്ര പറഞ്ഞാലും നാണമില്ലത്ത സ്വഭാവം ആണ്…..

ഫയൽ എടുക്കാനെന്നു പറഞ്ഞു വിളിപ്പിച്ചു അറിയാത്തപോലെ മുട്ടിയുരുമ്മിയും തൊട്ടും തലോടലും ഒക്കെ ഒരു പതിവാണ്.

വേറെ ഒരു നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഇയാളുടെ ഈ ശല്യങ്ങളൊക്കെ സഹിച്ച് അവിടെ പിന്നെയും പിന്നെയും ചെല്ലുന്നത്. ഏതെങ്കിലും ഒരു ജോലി ശരിയായിരുന്നെങ്കിൽ അപ്പോൾ വലിച്ചെറിഞ്ഞിട്ട് പോയേനെ.

സമയം പോകുന്നതല്ലാതെ ബസുകൾ ഒന്നും തന്നെ വരുന്ന ലക്ഷണമില്ല. എന്നും എത്തുന്ന നേരം കഴിഞ്ഞു കാണാതെ ആയാൽ അമ്മ പരിഭ്രമിക്കും.

അച്ഛനാണെങ്കിൽ എഴുന്നേറ്റ് വന്ന് ബസ്സ്റ്റാൻഡിൽ നിൽക്കാനുള്ള ആവത് പോലുമില്ല.

ഒടുവിൽ ബാഗ് തുറന്നു പേഴ്സ് എടുത്തു നോക്കി.. 100 രൂപയോളം കയ്യിലുണ്ട്. ഓട്ടോ പിടിച്ചു പോയാൽ എങ്ങനെയായാലും ഒരു 60 രൂപയാകും.

ഇനി രാത്രിയായതുകൊണ്ട് തിരികെ ഓട്ടം കിട്ടില്ലെന്നോ മറ്റോ പറഞ്ഞേ പൈസ കൂടുതൽ ചോദിച്ചാൽ. ബാക്കിയുള്ളത് വീട്ടിൽ നിന്നെങ്കിലും നുള്ളി പെറുക്കി കൊടുക്കാം എന്നുള്ള വിചാരത്തിൽ അവൾ ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു.

ഓട്ടോക്കാരൻ അവൾക്ക് അടുത്തായി ഓട്ടോ നിർത്തി. അവൾ ഓട്ടോക്കുള്ളിലേക്ക് കയറി..

അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ അവനെ തന്നെ നോക്കിയിരുന്നു. അവളുടെ കണ്ണുകളിൽ പെയ്യാൻ ഒരു നീർതുള്ളി തിളങ്ങി.

25 വയസ്സ് പ്രായം വരുന്ന ചെറുപ്പക്കാരൻ. എവിടെക്കാ ചേച്ചി പോകേണ്ടത്.

എനിക്ക് തോപ്പുംപടിക്കാണ് പോകാനുള്ളത്..

ഒരുപാട് ലേറ്റ് ആയതുകൊണ്ട് ബസ്
കിട്ടിയില്ല.

ചേച്ചി പ്രൈവറ്റ് സ്ഥാപനത്തിലാണോ ജോലി ചെയ്യുന്നത്..

അതെ.

ഇത്രയും നേരം ഒന്നും ചേച്ചി നിൽക്കരുത് കേട്ടോ ഈ സ്ഥലത്താണെങ്കിൽ ഒന്നാമത് ബസ് അധികം ഇല്ലാത്ത റൂട്ടാണ്.

ആ പയ്യൻ ഒരു നല്ല ചെറുപ്പക്കാരൻ ആണെന്ന് അവൾക്ക് ഇതിനോടകം തന്നെ മനസ്സിലായിക്കഴിഞ്ഞു.

വീട്ടിൽ ആരൊക്കെയുണ്ട്.

എനിക്ക് അമ്മയും ചേച്ചിയും ഒരു അനിയനും ഉണ്ട്

ചേച്ചിയും അനിയനുമൊക്കെ എന്ത് ചെയ്യുന്നു.

ചേച്ചി കിടപ്പിലാണ് ഒരു രണ്ടുവർഷമായി കാണും.

ചേച്ചിക്ക് എന്താ പറ്റിയത്.

ചേച്ചി ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. പെട്ടെന്നു ഒരുദിവസം വൈകുന്നേരം ഹർത്താൽ എന്നറിഞ്ഞത്. അവിടെയുള്ള സ്റ്റാഫ് ഒക്കെ എങ്ങനെയൊക്കെ വണ്ടികൾ അറേഞ്ച് ചെയ്താണ് പോയത്.

ഈ കൂട്ടത്തിൽ ചേച്ചിയും കൂടെ ജോലി ചെയ്യുന്ന മറ്റൊരു ചേച്ചിയും കൂടി ഒരു ഓട്ടോ പിടിച്ചാണ് പോയത്. കൂടെയുണ്ടായിരുന്ന ചേച്ചി പകുതിക്ക് വെച്ച് ഇറങ്ങിയപ്പോൾ പിന്നീട് ചേച്ചി മാത്രമായി. ഓട്ടോക്കാരൻ ചേച്ചിയെയും കൊണ്ട്. പരിചയമില്ലാത്ത വഴികളിലൂടെ ഒക്കെ ഓടി.

ചേച്ചി വണ്ടി നിർത്താനായി ബഹളം വെച്ചിട്ട് ഒന്നും അയാൾ കേട്ടില്ല. ഒടുവിൽ ചേച്ചി വണ്ടിയിൽ നിന്നും എടുത്തു ചാടി. പിന്നാലെ വന്ന വണ്ടി ചേച്ചിയെ ഇടിച്ചു തെറിപ്പിച്ചും പോയി.

ആ അപകടത്തിൽ ചേച്ചിയുടെ നട്ടെല്ലിന് കാര്യമായ ക്ഷതം ഏറ്റു. ഇപ്പോൾ ചേച്ചി ഒരേ കിടപ്പിലാണ്. ചേച്ചിക്ക് സുഖമില്ലാതെ കിടപ്പിലായിരുന്നപ്പോൾ ഞാൻ പ്ലസ്ടുവിന് പഠിക്കുകയായിരുന്നു.

പിന്നെ കുടുംബത്തിന്റെ കാര്യവും നോക്കുന്നതിനു വേണ്ടി ഞാൻ ഓട്ടോ ഡ്രൈവർ ആയി. എനിക്ക് താഴെ ഒരു അനിയൻ ഉണ്ട് അവനെ പഠിപ്പിക്കുന്നത് ഞാനാണ്.

ചേച്ചിയുടെ ചികിത്സയും അനിയന്റെ പഠിപ്പും എല്ലാംകൂടി പൈസ ഒന്നും തികയുന്നില്ല അതുകൊണ്ട് രാവിലെ മാർക്കറ്റിൽ ചുമട് എടുക്കാൻ കൂടി പോകും. അങ്ങനെ ഒരു വിധം കാര്യങ്ങളൊക്കെ തട്ടിമുട്ടി പോവുകയാണ്.
.
ചേച്ചിയുടെ വിവാഹമൊക്കെ ഏകദേശം പറഞ്ഞു ഉറപ്പിച്ചിരിക്കുകയായിരുന്നു അപ്പോഴാണ് ഈ അപകടം നടന്നത് എഴുന്നേറ്റ് നടക്കാൻ കഴിവില്ലാത്ത ഒരു പെണ്ണിനെ ആര് കെട്ടാനാ.

ചേച്ചിക്ക് അതിൽ വിഷമം ഒന്നുമില്ല. പക്ഷേ അമ്മയുടെ കാലം കഴിഞ്ഞാൽ പിന്നെ ചേച്ചിയുടെ കാര്യം എന്താകും എന്ന സങ്കടം ഉണ്ട് എനിക്ക്.

അമ്മ പിന്നെ തൊഴിലുറപ്പിന് മറ്റുമൊക്കെ പോകും അമ്മയെ കൊണ്ടാകുന്ന എന്തെങ്കിലും ഒരു സഹായം ആവട്ടെ എന്ന് കരുതി. ഞാൻ അമ്മയോട് പണിക്ക് പോകണ്ട എന്ന് എത്ര പറഞ്ഞാലും അമ്മ കേൾക്കില്ല.

ഇന്നിപ്പോൾ ഞാൻ പിഎസ്സിയുടെ ഒരു കോച്ചിംഗ് ക്ലാസിനു പോയി ചേർന്ന് ചേച്ചി നൈറ്റ് ക്ലാസിന്. ഇതും കൂടി എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് പഠിച്ച് ഒരു ജോലി എഴുതിയെടുക്കാൻ ശ്രമിക്കണം.

വീടിനടുത്തുള്ള ഒരു സാറ് കുറച്ചു ദിവസമായി പറയുന്നു ഇന്നാണ് അതിനുള്ള സമയം കിട്ടിയത്. ഞാൻ അവിടെ പോയിട്ട് വരുന്ന വഴിയാണ് ചേച്ചിയെ കണ്ടത്.

. ഇത്രയും ലേറ്റ് ആയിട്ട് ഒന്നും ചേച്ചി ഇനി ഇറങ്ങാൻ നിൽക്കരുത് ആറുമണിക്ക് ശേഷം തരുന്ന ഒരു ജോലിയും ചെയ്യാൻ പറ്റില്ലെന്ന് ചേച്ചി മുഖത്തടിച്ചത് പോലെ തന്നെ പറയണം.

ഇവന്മാരുടെയൊക്കെ അസുഖം വേറെയാണ്. കിട്ടാനുള്ളത് കിട്ടിക്കഴിയുമ്പോൾ ഈ അസുഖത്തിന് ഒരു ശമനം വരും. പാവങ്ങളോട് എന്തും ആവാം എന്നാണ് ഇവന്റെയൊക്കെ വിചാരം.

ചേച്ചിയുടെ വീട്ടിൽ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ.

എന്റെ വീട്ടിൽ ഞാനും അച്ഛനും അമ്മയും മാത്രമേ ഉള്ളൂ.

വർത്തമാനം പറഞ്ഞ് വീട് എത്തിയത് അവൾ അറിഞ്ഞതേയില്ല. ഓട്ടോയിൽ നിന്നിറങ്ങി മീറ്റർ നോക്കുമ്പോഴേക്കും 65
രൂപയായി. അവൾ പേഴ്സണൽ നിന്ന് 100 രൂപ എടുത്തു കൊടുത്തു.

അവൻ ബാക്കി ചില്ലറ എടുത്തു കൊടുത്തപ്പോഴേക്കും അവൾ അത് വാങ്ങിയില്ല. തിരികെ ഇവിടുന്ന് അങ്ങോട്ട് ഓട്ടം ഒന്നും കിട്ടില്ല. അതുകൊണ്ട് ഇത് ഇരിക്കട്ടെ.. പിന്നെ വീട്ടിലേക്ക് വരികയാണെങ്കിൽ ഒരു ഗ്ലാസ് കട്ടൻ ഇട്ടു തരാം..

എന്തുകൊണ്ടോ അവളുടെ സ്നേഹപൂർവ്വമുള്ള ആക്ഷണം അവൻ നിരസിച്ചില്ല.

മകളോടൊപ്പം കയറി വരുന്ന ചെറുപ്പക്കാരനെ കണ്ടപ്പോൾ അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ വിടർന്നു. അമ്മ ഓടി അവന്റെ അടുത്തേക്ക് വന്ന് അവനെ തൊടുകയും തലോടുകയും ഒക്കെ ചെയ്യുന്നു.

അവനെ അതു കണ്ടപ്പോൾ ഒന്നും മനസ്സിലായില്ല. അമ്മ അവന്റെ കൈകളെ പിടിച്ചു കൊണ്ട് നേരെ അച്ഛന്റെ അടുത്തേക്ക് പോയി. കിടക്കുകയായിരുന്നു അച്ഛൻ.

അവനെ ക സേരയിൽ ഇരുന്നതും അമ്മ കൈകൾ പിടിച്ച് അച്ഛന്റെ കൈകളിൽ വച്ച് കൊടുത്തു. അയാൾ അവന്റെ കൈകൾ പതിയെ എടുത്ത് ഒന്ന് ചുംബിച്ചു.

അവിടെ എന്താണ് നടക്കുന്നതെന്ന് അവന് മനസ്സിലായില്ല.. അവിടേക്ക് വരേണ്ടിയിരുന്നില്ല എന്നുപോലും പെട്ടെന്ന് അവനു തോന്നിപ്പോയി.

.അപ്പോഴേക്കും ഒരു ഗ്ലാസ് കട്ടനുമായി അവൾ എത്തിയിരുന്നു.

അച്ഛന് എങ്ങനെയാ ചേച്ചി സുഖമില്ലാതെ ആയത്.

അച്ഛൻ ഒരു മൂന്നുവർഷം മുമ്പ് കിടപ്പിലായതാണ്. തീരെ കിടപ്പിലാണെന്ന് പറയാൻ പറ്റില്ല അച്ഛന്റെ അത്യാവശ്യം കാര്യങ്ങളൊക്കെ അച്ഛൻ തന്നെ ചെയ്യും.

കട്ടൻ മുത്തി കുടിക്കുമ്പോൾ ആണ് അവൻ ചുമരിൽ ഉള്ള ഒരു ഫോട്ടോയിലേക്ക് നോക്കിയത്..

കയ്യിൽ ഇരുന്ന ഗ്ലാസ്‌ താഴേക്ക് വച്ച് അവൻ വേഗം ആ ഫോട്ടോയുടെ അടുത്തേക്ക് ചെന്നു. അവന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഇത് ഇതാരാ ചേച്ചി.

എന്റെ അനിയനാണ്.

മൂന്നുവർഷം മുമ്പ് കോളേജിൽ വച്ച് നടന്ന ഒരു വഴക്കിനിടയിൽ അവൻ കൊല്ലപ്പെട്ടു. അതിനു ശേഷം ആണ് ഞങ്ങളുടെ കുടുംബം തകർന്നത്. ഇന്ന് നിന്നെ കണ്ടപ്പോൾ അവനെ കണ്ടത് പോലെ തോന്നി.. അമ്മയ്ക്കും അച്ഛനും ആ അത്ഭുതമാണ്.

അമ്മ അവന്റെ അടുത്തേക്ക് വന്നു.. ഇടയ്ക്കു ഒക്കെ മോൻ ഇവിടെ ഒന്ന് വരണേ. നിന്നെ കാണുമ്പോൾ ഞങ്ങടെ മോൻ മുന്നിൽ വന്നു നിൽക്കുന്നപോലെ.. വെറുതെ ഒന്ന് കാണാമല്ലോ. അതിനുവേണ്ടി മാത്രം.

അവളോട്‌ യാത്രപറഞ്ഞു തിരികെ പോകുമ്പോൾ. മറ്റൊരു അച്ഛനെയും അമ്മയുടെയും കൂടി സ്നേഹത്തിന് പാത്രം ആകാൻ പോകുന്നവന്റെ സന്തോഷമായിരുന്നു അവന്റെ മനസ്സിൽ.

തന്നെ കാണുമ്പോൾ അവരുടെ മുഖത്ത് ഉണ്ടാകുന്ന ആ സന്തോഷം അതു കൊടുക്കുന്നതിനുവേണ്ടി. ഇനിയും തിരികെ വരാമെന്ന് ഉറപ്പോടുകൂടി. അവൻ അവിടെ നിന്നും പോയി.

ചില ബന്ധങ്ങൾ വിധി കൂട്ടിയിണക്കുന്നതാണ് എന്ന വിശ്വാസത്തോടെ..

Leave a Reply

Your email address will not be published. Required fields are marked *