സുജിത്തിന്റെ കല്യാണം കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ അവന്റെ ഭാര്യ ഉണ്ടല്ലോ ഇതൊക്കെ ചെയ്തു കൊടുക്കാൻ..

(രചന: Sivapriya)

“എടാ നീ ആ പാത്രമൊന്നും കഴുകാൻ നിക്കണ്ട, സിങ്കിൽ ഇട്ടാൽ മതി. ഞാൻ കഴുകി വച്ചോളാം. നീ പോയിരുന്നു പഠിക്ക്.” ഭാരതിയമ്മ മകൻ സുജിത്തിനോട് പറയുന്നത് കേട്ടപ്പോൾ മാളവികയ്ക്ക് ദേഷ്യം വന്നു.

“അമ്മയാണ് അവനെ ഇങ്ങനെ മടിയനാക്കുന്നത്. അവൻ കഴിച്ച പാത്രം സ്വയം കഴുകി വച്ചെന്ന് പറഞ്ഞ് കൈ ഒടിഞ്ഞു പോകാത്തൊന്നുമില്ലല്ലോ.

അവനവൻ കഴിച്ച പാത്രവും ഇട്ട വസ്ത്രവും മറ്റുള്ളവരെ കൊണ്ട് കഴുകിപ്പിക്കുന്നത് തന്നെ ചീപ്പ് സ്വഭാവമാണ്.” അനിയൻ, കഴിച്ച പാത്രം കഴുകി വയ്ക്കാൻ അടുക്കളയിലേക്ക് പോകുമ്പോൾ അമ്മ അവനോട് പറഞ്ഞത് കേട്ട് മാളവിക അമ്മയോട് ദേഷ്യപ്പെട്ടു.

“നീ മിണ്ടാതിരിക്കടി… അവന് അടുത്ത ആഴ്ച പരീക്ഷ തുടങ്ങും. ഇഷ്ടം പോലെ പഠിക്കാനുമുണ്ട്. അപ്പോഴാ ചെറുക്കനെ കൊണ്ട് അവൾക്ക് പാത്രം കഴുകിക്കേണ്ടത്.” ഭാരതിയമ്മ അവളോട്‌ പറഞ്ഞു.

“ഹോ ഒരു പാത്രം കഴുകുന്നത് മല മറിക്കുന്ന പണിയല്ലേ.”

“ഇവിടെ പാത്രം കഴുകി ഇരിക്കാനല്ല ഞാൻ അവനെ കഷ്ടപ്പെട്ട് എഞ്ചിനീയറിംഗ് പഠിപ്പിക്കാൻ വിടുന്നത്.”

“എങ്കിൽ പിന്നെ അമ്മയ്ക്ക് അവന്റെ ഡ്രസ്സ് കൂടെ കഴുകി കൊടുത്തൂടെ. അത് അവൻ ഒറ്റയ്ക്കല്ലേ ചെയ്യുന്നത്.?” മാളവിക ചോദിച്ചു.

“എനിക്ക് സമയം ഉണ്ടായിരുന്നെങ്കിൽ അതും ഞാൻ ചെയ്തു കൊടുത്തേനെ. ജോലിക്ക് പോകാൻ ഉള്ളത് കൊണ്ടാ… അല്ലെങ്കിൽ അവന്റെ തുണികൾ ഞാൻ തന്നെ കഴുകി കൊടുത്തേനെ.”

“എന്നും അമ്മയ്ക്കിങ്ങനെ അവന്റെ വസ്ത്രങ്ങളും കഴിച്ച പാത്രവും കഴുകി കൊടുക്കാൻ പറ്റോ.?”

“അവൻ പെണ്ണ് കെട്ടുന്നത് വരെ ഞാൻ ചെയ്തു കൊടുക്കും. സുജിത്തിന്റെ കല്യാണം കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ അവന്റെ ഭാര്യ ഉണ്ടല്ലോ ഇതൊക്കെ ചെയ്തു കൊടുക്കാൻ.”

“ഓഹ്… ഇതാണോ അമ്മയുടെ മനസ്സിലിരിപ്പ്. മോനെ കൊണ്ട് പെണ്ണ് കെട്ടിക്കുന്നത് അവന്റെ എച്ചിൽ പാത്രം കഴുകാനും തുണി അലക്കാനുമാണോ? ഇതൊക്കെ അവനവൻ സ്വയം ചെയ്യേണ്ട കാര്യങ്ങളാണ്.

ജോലിക്ക് പോകുന്ന പെണ്ണ് ആണെങ്കിൽ അവള് ഇതൊക്കെ ചെയ്തിട്ട് പോണോ? വീട്ടുജോലികൾ ചെയ്യാൻ ആൺ പെൺ വ്യത്യാസം കാണരുത്. എല്ലാം പങ്കിട്ട് വേണം ചെയ്യാൻ.” മാളവികയ്ക്ക് ദേഷ്യം വന്നിരുന്നു.

“നീ നിന്റെ വീട്ടിൽ എന്തോ ചെയ്യ്. ഇവിടെ അതൊന്നും നടക്കില്ല. അവന് ജോലി ഉള്ള പെണ്ണിനെ കൊണ്ട് ഞാൻ അല്ലെങ്കിലും കെട്ടിക്കാൻ ഉദ്ദേശിക്കുന്നില്ല. ജോലി ഉള്ളവൾക്ക് അഹങ്കാരം കൂടുതൽ ആയിരിക്കും.

വല്ല പ്ലസ്‌ ടു ക്വാളിഫിക്കേഷൻ ഉള്ള ഏതെങ്കിലും പെണ്ണ് ആവുമ്പോൾ പറയുന്നത് അനുസരിച്ചു അടങ്ങി ഒതുങ്ങി കിടക്കും.” ഭാരതിയമ്മ ഗാർവോടെ പറഞ്ഞു

“അമ്മ ഇത്രയൊക്കെ ചിന്തിച്ചു വച്ചിട്ടുണ്ടോ?” പുച്ഛത്തോടെ അവൾ ചോദിച്ചു.

“പിന്നില്ലാതെ… വന്ന് കയറുന്ന പെണ്ണ് അവനോട് കഴിച്ച പാത്രം തന്നതാൻ കഴുകി വച്ചാൽ മതിയെന്ന് പറഞ്ഞാൽ അവളുടെ മുഖത്തടിക്കും ഞാൻ.

അവന്റെ കാര്യം നോക്കി വീട്ടുകാര്യോം നോക്കി അടങ്ങി ഒതുങ്ങി കഴിയുന്ന ഒരു പെണ്ണിനെ മാത്രേ ഞാൻ അവന് വേണ്ടി കണ്ട് പിടിക്കൂ. ജോലി ഉള്ളതൊക്കെ പറഞ്ഞത് അനുസരിക്കാതെ തന്നിഷ്ടം കാണിച്ചു നടക്കും.”

“ഛെ… ഇങ്ങനെ ചിന്തിക്കാനും പറയാനും അമ്മയ്ക്ക് നാണമാകുന്നില്ലേ? അവന്റെ ഭാര്യയുടെ മുഖത്തടിക്കാൻ അമ്മയ്ക്ക് എന്താ അധികാരം. എന്റെ അമ്മായിഅമ്മ എന്നെ തല്ലിയാലും എന്റെ തെറ്റ് കൊണ്ടാണെന്നല്ലേ അമ്മ പറയൂ.”

“സംശയം എന്ത്… കല്യാണം കഴിച്ച് വിട്ടാൽ നീ പിന്നെ അവിടെ ഉള്ളതാ. ജീവിക്കേണ്ടതും അവർക്കൊപ്പം ആണ്. അപ്പോൾ അവർ പറയുന്നത് അനുസരിച്ചു കഴിയേണ്ടി വരും.”

“ഹോ എന്റെ ഭാഗ്യം… അമ്മയെ പോലൊരു അമ്മായി അമ്മയെ കിട്ടാത്തത്. ഈ വീട്ടിലേക്ക് കെട്ടി കയറി വരുന്ന പെണ്ണിന്റെ കഷ്ടകാലം തന്നെ.” മാളവിക തലയക്ക് കൈ കൊടുത്തു.

“എന്റെ മോൻ പഠിച്ചു എഞ്ചിനീയറായി നല്ല ശമ്പളമുള്ള ജോലി തന്നെ വാങ്ങിക്കും. പിന്നെ വീട്ടിൽ വാഷിംഗ്‌ മെഷീൻ ഉൾപ്പെടെയുള്ള സകല സാധനങ്ങളും വാങ്ങി ഇടും. സ്വന്തം കാലിൽ നിന്നിട്ട് കെട്ടുന്ന പെണ്ണിനെ പോറ്റാൻ കഴിവായിട്ടേ അവൻ പെണ്ണ് കെട്ടു. അപ്പോൾ വരുന്നവൾക്ക് ഇവിടെ എന്താണ് ഒരു കുറവുണ്ടാവുക?

അലക്കാൻ വാഷിംഗ്‌ മെഷീൻ, അരയ്ക്കാൻ മിക്സി, തറ തുടയ്ക്കാൻ മോപ്പ് ഉണ്ട്, പിന്നെ ടി വി, ഫ്രിഡ്ജ് എല്ലാം ഉണ്ടല്ലോ ഇവിടെ. ഇനി ഇല്ലാത്ത സാധനം ജോലി കിട്ടിയ ശേഷം അവൻ വാങ്ങി ഇടും. ഇത്രേം സൗകര്യം പോരെ. വന്ന് കേറുന്ന പെണ്ണിന് ഇതൊക്കെ നോക്കി നടത്തി കഴിയാൻ എന്താ ബുദ്ധിമുട്ട്?” ഭാരതിയമ്മ മകളെ നോക്കി.

“അമ്മയോട് തർക്കിച്ചിട്ട് കാര്യമില്ല. നിനക്കും ഇതേ അഭിപ്രായം ആണോടാ.” അമ്മയുടെ അടുത്തിരിക്കുന്ന സുജിത്തിനെ നോക്കി മാളവിക ചോദിച്ചു.

“അമ്മയുടെ അഭിപ്രായം തന്നെയാ എനിക്ക്. ഞാൻ കല്യാണം കഴിച്ച് കൊണ്ട് വരുന്ന പെണ്ണ് ഇവിടുത്തെ കാര്യങ്ങൾ നോക്കി അടങ്ങി ഒതുങ്ങി കഴിയണം. അവൾക്ക് ഈ വീട്ടിൽ ഒരു കുറവും ഞാൻ വരുത്തില്ല.”

“അമ്മയുടെ മോൻ തന്നെ നീ. ചുരുക്കത്തിൽ നിങ്ങൾക്ക് ആവശ്യം പൈസ കൊടുക്കാതെ ഫ്രീ ആയി ഒരു ജോലിക്കാരിയെ ആണ്. എന്തിനാ ഒരു പെങ്കൊച്ചിന്റെ ജീവിതം പാഴാക്കുന്നത്.” മാളവികയ്ക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല.

“എന്റെ മോൻ ജോലി ചെയ്ത് കഷ്ടപ്പെട്ട് ചിലവിന് കൊണ്ട് കൊടുക്കുമ്പോൾ അവൾക്ക് വച്ചുണ്ടാക്കി കൊടുത്ത് വീട്ടിൽ ഒന്നും അറിയാതെ കഴിഞ്ഞാൽ പോരെ.”
ഭാരതിമ്മയാണ് അത് പറഞ്ഞത്.

“എങ്കിൽ പിന്നെ അമ്മ എന്താ അച്ഛന്റെ വീട്ടിൽ എല്ലാം സഹിച്ചു കിടക്കാത്തത്. അമ്മയെ അമ്മയുടെ അമ്മായിഅമ്മ കുറേ ദ്രോഹിച്ചതല്ലേ. എന്നിട്ടാണോ വന്ന് കയറുന്ന പെണ്ണിനെ മുഖത്തടിക്കും, ഇവിടെ വച്ചുണ്ടാക്കി ഇവന്റെ കാര്യം നോക്കി അടങ്ങി ഒതുങ്ങി കഴിയണം എന്നൊക്കെ പറയുന്നത്.”

“നിന്റെയൊക്കെ തന്തയുമായി ഇവനെ താരതമ്യം ചെയ്യണ്ട. അയാളെ കൂടെ ആ വീട്ടിൽ കഴിഞ്ഞിരുന്ന ആറു വർഷങ്ങൾ എനിക്ക് ദുരിതം നിറഞ്ഞത് മാത്രം ആയിരുന്നു. അമ്മയും മോനും കൂടെ എന്നെ കൊല്ലാകൊല ചെയ്തിട്ടുണ്ട്.

അതിരാവിലെ എണീറ്റ് വിറകടുപ്പിൽ വച്ചുണ്ടാക്കി കൊടുക്കുകയും, ദൂരെയുള്ള കിണറ്റിൽ പോയി വെള്ളം കോരികൊണ്ട് വരുകയും, പൊടി കുഞ്ഞുങ്ങളായ നിങ്ങളെയും നോക്കി,

വിശപ്പ് മാറ്റാനുള്ള ആഹാരം പോലും കിട്ടാതെ, അയാളുടെ അടിയും തൊഴിയും കൊണ്ട്, അമ്മായി അമ്മയുടെ വായിലിരിക്കുന്ന വൃത്തികെട്ട വർത്തമാനവും കേട്ട് കുറേ സഹിച്ചു കഴിഞ്ഞിട്ടുള്ളതാ ഞാൻ.

വീട്ടിലുള്ള വസ്തു വകകൾ വിറ്റ് തിന്ന് എന്റെ കൈയിലെയും കാതിലെയും സ്വർണം ഊരി വാങ്ങി കെട്ടുതാലിയും വിറ്റ് പൈസ വാങ്ങി കള്ളും മോന്തി നടപ്പായിരുന്നു അയാൾ.

അയാൾക്ക് പൈസ കിട്ടാൻ വേണ്ടി കണ്ടവന്മാരെ വീട്ടിൽ വിളിച്ചു കൊണ്ട് വന്ന് എന്നെ കാഴ്ച വയ്ക്കുമെന്ന സ്ഥിതി വന്നപ്പോഴാ നിങ്ങളെയും കൊണ്ട് ഞാൻ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നത്.

അങ്ങനത്തെ വൃത്തികെട്ടവനാണ് നിങ്ങളുടെ അച്ഛൻ. അവനെ പോലുള്ള നാറിയെ അച്ഛൻ എന്ന് പറയുന്നത് നിങ്ങൾക്ക് അപമാനം ആണ്. അയാളെ പോലെ കുടുംബം നോക്കാത്ത വൃത്തികെട്ടവനായിട്ടല്ല എന്റെ മോനെ ഞാൻ വളർത്തുന്നത്.

മര്യാദയ്ക്ക് ജോലിക്ക് പോയി എന്നേം നിങ്ങളേം നോക്കിയിരുന്നെങ്കിൽ ഞാൻ ഇറങ്ങി പോരില്ലായിരുന്നു. ജോലി ചെയ്ത് വീട്ട് ചിലവ് നടത്തിയെങ്കിൽ പറയുന്നത് അനുസരിച്ചു ഞാനും കുടുംബം നോക്കി നിങ്ങളേം നോക്കി കൂടെ കഴിഞ്ഞേനെ. ഇങ്ങനെ ജോലിക്ക് പോയി കഷ്ടപ്പെടില്ലായിരുന്നു.

ഇവൻ ജോലി കിട്ടി നല്ല കുടുംബ നാഥനായി ചിലവുകൾ നോക്കി നടത്തുമ്പോൾ അവന്റെ ഭാര്യയായി വരുന്നവൾക്ക് ഇവനെ അനുസരിച്ചു കഴിയാൻ എന്താ ബുദ്ധിമുട്ട്.”

“അമ്മ പറഞ്ഞത് അമ്മയുടെ ജീവിതം. അത്രേം കഷ്ടപ്പെട്ട അമ്മ തന്നെ ഇങ്ങനെ പറയണം. ഇന്നത്തെ കാലത്ത് ഭാര്യക്കും ഭർത്താവിനും ജോലി ഉണ്ടെങ്കിലേ ഒരു കുടുംബം കഴിഞ്ഞു പോകു. പെട്ടെന്ന് ഒരാൾക്ക് വയ്യാതെ കിടന്ന് പോയാലും മറ്റേ ആൾ ഉത്തരവാദിത്വം ഏറ്റെടുത്തു നടത്തില്ലേ. അമ്മ ജോലിക്ക് പോകുന്നോണ്ടല്ലേ ഞങ്ങളെ നന്നായി വളർത്താൻ പറ്റിയത്.”

“നിങ്ങളുടെ അച്ഛൻ നന്നായി നോക്കിയിരുന്നെങ്കിൽ ഞാൻ ജോലിക്ക് പോവില്ലയിരുന്നു. വീട്ടിൽ ഇരുന്ന് വീട്ട് കാര്യങ്ങൾ നോക്കി കഴിയുമായിരുന്നു.”

“എന്തായാലും അമ്മയെ പോലൊരു അമ്മായി അമ്മയെയും ഇവനെ പോലൊരു കോന്തനെയും ഭർത്താവായി കിട്ടാത്തത് എന്റെ ഭാഗ്യം.” മാളവിക തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു.

“കുടുംബം നല്ല രീതിയിൽ നോക്കുന്ന ആണുങ്ങൾ നിന്നെ പോലുള്ളവർക്ക് കോന്തമാർ.. എന്തായാലും നിന്റെ സ്വഭാവമുള്ള മരുമകളെ കിട്ടാതിരിക്കട്ട എനിക്ക്.”

“എന്തായാലും ഞാൻ രക്ഷപെട്ടു ഇതുപോലെ ഒരു കുടുംബത്തിലാണ് ചെന്ന് കയറിയിരുന്നെങ്കിൽ ഞാൻ അപ്പൊത്തന്നെ ഇറങ്ങി പോയേനെ.”

“നീ നിന്റെ ഇഷ്ടത്തിനു കണ്ടുപിടിച്ച ജീവിതം അല്ലെ. അവസാനം വരെ ഇങ്ങനെ ജീവിച്ചാൽ മതി.”

“ജീവിക്കും… ഇനി എന്നെങ്കിലും ഒരുമിച്ച് പോകാൻ ബുദ്ധിമുട്ട് തോന്നിയാൽ മാന്യമായി തന്നെ പിരിയുകയും ചെയ്യും. എനിക്ക് ജോലി ഉള്ളോണ്ട് ആരെയും ആശ്രയിക്കാതെ തന്നെ മുന്നോട്ട് ജീവിക്കാനും പറ്റും.

അല്ലാതെ അമ്മ പ്രതീക്ഷിക്കുന്ന പോലെ കരഞ്ഞു വിളിച്ചു ഇങ്ങോട്ട് ഓടി വരില്ല ഞാൻ. അങ്ങനെ ഞാൻ ഒരു ആശ്രയത്തിനായി വന്നാലും അമ്മ പറയും ഞാൻ മര്യാദയ്ക്ക് അവരെ അനുസരിച്ചു ജീവിക്കാത്തോണ്ടാ ഈ ഗതി വന്നതെന്ന്.

എന്തായാലും ഞങ്ങൾക്കിടയിൽ അങ്ങനെ ഒന്നും ഉണ്ടാവില്ലെന്ന് ഉറപ്പാണ്. അമ്മയുടെയും മോന്റെയും സ്വഭാവം ഇതാണെങ്കിൽ ഇവിടെ വന്ന് കയറുന്ന മരുമകൾ എത്ര നാൾ വാഴുമെന്ന് കണ്ടറിയാം. അപ്പോൾ ഞാൻ ഒരു വരവ് കൂടി വരും.

ഇപ്പോഴും നേരം വെളുക്കാത്ത എൺപതുകളിൽ നിന്ന് വണ്ടി കിട്ടാത്ത നിങ്ങളോട് തർക്കിച്ചിട്ട് കാര്യമില്ല. സ്ത്രീകൾ പുരുഷന് വിധേയപ്പെട്ട് ജീവിക്കേണ്ടവരല്ല. പരസ്പരം സുഖ ദുഃഖങ്ങളിൽ ഇണയായും തുണയായും ജീവിക്കേണ്ടവരാ.

നാളെ നീയൊന്ന് കിടന്നു പോയാൽ നിന്റെ ഭാര്യയ്ക്ക് ജോലി ഉണ്ടെങ്കിൽ അവൾ പൊന്ന് പോലെ നിന്നെ നോക്കും, അതുവരെ അവളെ എങ്ങനെയാണോ നീ നോക്കിയിരുന്നത് അതിനെ ആശ്രയിച്ചിരിക്കും എല്ലാം.”
സുജിത്തിനോട് മാളവിക പറഞ്ഞു.

“നീ നിന്റെ അഭിപ്രായം അല്ലെ പറഞ്ഞത്. ജീവിതത്തോടുള്ള നിന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്. നിന്റെ അതേ ചിന്താഗതി ഉള്ള ആളെ തന്നെ നിനക്ക് ഭർത്താവായി കിട്ടി.

എന്റെ ചിന്താഗതി ഇങ്ങനെയാണ്. ഇതേ കാഴ്ചപ്പാടുള്ള എന്നെ അനുസരിച്ചു കഴിയുന്ന ഒരു പെണ്ണിനെ ഞാൻ ആഗ്രഹിക്കുന്നതിൽ എന്താ തെറ്റ്. നിനക്ക് നിന്റേതായ ആഗ്രഹങ്ങൾ അഭിപ്രായങ്ങൾ ഉണ്ടല്ലോ. അതുപോലെ ആണ് എന്റേതും.

നിന്നെ തിരുത്താൻ ഞാൻ വരാറില്ലല്ലോ.
നീ ജോലിക്ക് പോണ്ട… ചേട്ടന്റെ ചിലവിന് വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്ക്.. എന്നൊക്കെ ഞാൻ പറയുന്നില്ലല്ലോ. നിനക്ക് നിന്റേതായ ഇഷ്ടങ്ങൾ ഉള്ളത് പോലെ എനിക്ക് എന്റേതായ ഇഷ്ടങ്ങൾ കാണും. അതുകൊണ്ട് എന്നെ ചോദ്യം ചെയ്യണ്ട നീ.” സുജിത്ത് ചേച്ചിയെ നോക്കി പറഞ്ഞു.

“ഇതുവരെ നേരം വെളുക്കാത്ത ആങ്ങളയെയും അമ്മയെയും ഉണ്ടായി പോയത് എന്റെ തെറ്റല്ലല്ലോ.

പിന്നെ നാളെ ഞാൻ തിരിച്ചുപോവും. ഒരാഴ്ച ലീവ് കിട്ടിയപ്പോൾ നിങ്ങളുടെ കൂടെ നിൽക്കാൻ വേണ്ടി വന്നതാ. ഇനിയും ഇവിടെ നിന്നാൽ അമ്മയുമായി അടിയാവും ഞാൻ.

എന്നോട് തന്നെ അമ്മ ഇങ്ങനെ പോരെടുക്കാൻ വരുമ്പോൾ ഇങ്ങോട്ട് വരുന്ന പെണ്ണ് കുറച്ചു കഷ്ടപ്പെടും.” മാളവിക ഇരുവരെയും നോക്കി പറഞ്ഞിട്ട് തന്റെ മുറിയിലേക്ക് പോയി.

“അവള് പറയുന്നതൊന്നും നീ കാര്യമാക്കണ്ട മോനെ. പണ്ടേ നിന്റെ ചേച്ചി തന്നിഷ്ടക്കാരി ആയിരുന്നു. എന്റെ ചേച്ചിയുടെ അതേ സ്വഭാവമാണ് അവൾക്ക് കിട്ടിയിരിക്കുന്നത്.

ഞാൻ മാറ്റാൻ ശ്രമിച്ചു നോക്കിയിട്ടും നടന്നില്ല. പിന്നെ അടിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴി അടിക്കണം എന്നല്ലേ പഴഞ്ചൊല്ല്. അങ്ങനെ ഒരു സാധനം ആണ് അവൾ. അവസാനം വരെ നന്നായി ജീവിച്ചു കണ്ടാൽ മതി.” ഭാരതിയമ്മ മകനോടായി പറഞ്ഞു.

മാളവിക അത് കേട്ടെങ്കിലും തിരിച്ച് ഒന്നും പറഞ്ഞില്ല. ചില ആൾക്കാരെ ഒരിക്കലും പറഞ്ഞു തിരുത്താൻ പറ്റില്ലെന്ന് അവൾക്ക് മനസിലായി. അതിപ്പോ സ്വന്തം അമ്മയായാലും അനിയനായാലും ശരി.