ആ മനുഷ്യനെ കണ്ടോ, അതാണ്‌ രാമേട്ടൻ.. ഒരുപാട് മോഹിച്ച്, ആഗ്രഹിച്ച്, പ്രാർത്ഥിച്ച് കിട്ടിയ കണ്മണിയെ വേട്ടപ്പട്ടികൾ കടിച്ചു..

തീരാവേദനയുടെ കാത്തിരിപ്പ്
(രചന: നിത്യാ മോഹൻ)

ഈ മഴ കുറയുന്ന ലക്ഷണമില്ല ദേവ്” നനഞ്ഞ ജാക്കറ്റ് ഊരിക്കൊണ്ട് നീരസത്തോടെ പ്രഭ പറഞ്ഞു.

നിന്നോട് പറഞ്ഞതല്ലേ കാറിന് പോകാമെന്ന്, അപ്പൊ നിനക്ക് ബൈക്കിൽ പോകാൻ മോഹം..

ഇതൊരു ട്രിപ്പല്ലെന്നോർക്കണം.. ഒരു വാർത്തയുടെ പൊരുളറിയാനുള്ള വരവാണ്.

സോറി ദേവ്.. അവൾ ക്ഷമാപണം നടത്തി..

അല്ലേലും ഈ മഴ മുഴുവനും കൊള്ളണമെന്നു നിനക്ക് വാശിയായിരുന്നല്ലോ, ദേവ് ബൈക്ക് ചായക്കടയുടെ സൈഡിലേക്ക് ഒതുക്കി വച്ചു.

ലേഖ,എന്നോട് സൂചിപ്പിച്ചിരുന്നു ദേവ്.. ഈ വാർത്തയുടെ സത്യാവസ്ഥ കണ്ടുപിടിക്കുവാൻ എനിക്കാവുമെന്ന്. എനിക്കപ്പോൾ ത്രിൽ ആണ് തോന്നിയത്.

എത്രയെത്ര മാഞ്ഞു പോയേക്കാവുന്ന വാർത്തകളാണ് ഈ പ്രഭയുടെ മിടുക്കുകൊണ്ട് തെളിഞ്ഞത്. ഇതിലും എന്തോ ഒരുപാട് വിശ്വാസം തോന്നി.

അങ്ങനെ വെറുതെ കളയേണ്ട ഒരു കാര്യമായി എനിക്ക് തോന്നിയില്ല. ചെറിയൊരു കോളത്തിൽ ഒരു സാധാരണ വാർത്തയായാണ് ഇവിടുത്തെ സംഭവം വന്നത്. ആരൊക്കെയോ ചേർന്ന് മുക്കിയതാ. അതാണ്‌ നിന്റെ ഹെല്പ് കൂടി ഞാൻ ചോദിച്ചത്.

ആ.. ശരി.. ശരി

ഫ്രീ ആയി കിട്ടുന്ന ഒരു ദിവസം അതും ഈ മഴ നനഞ്ഞു തീരാനാവും ഗതി.. അവൻ ദേഷ്യം കൊണ്ടു പിറുപിറുത്തു.

ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് അവൾ കണ്ണുകൊണ്ട് കാണിച്ചു.

സ്ഥലം പോലും അത്ര പരിചയമില്ല, അതിനിടയിൽ മഴയും..

“ഇവിടെ ചായയാണോ, കാപ്പിയാണോ?”

മെല്ലിച്ച ശരീരമുള്ള ഒരാൾ അവരോടായി ചോദിച്ചു. എന്താണ് പറയേണ്ടതെന്നു ദേവ് ആലോചിക്കുമ്പോഴേക്കും പ്രഭയുടെ ഉത്തരമെത്തി..

“കടുപ്പത്തിൽ രണ്ട് ചായ എടുത്തോളൂ ചേട്ടാ”

ദേവ് അവളെയൊന്നു നോക്കി.. ഗൗരവത്തിലായിരുന്ന അവന്റെ ചുണ്ടിൽ ചെറിയ ചിരി വിടർന്നു..

മ്മ്.. എന്തെ, ഇങ്ങനെ ഇളിക്കുന്നെ?

നിന്റെ ഫേസ് ഫുൾ..

ഇത്രയും പറഞ്ഞ് അവൻ ചുണ്ടുകൾ ഇറുക്കി ശബ്ദമില്ലാതെ ചിരിച്ചു.

വാട്ടർപ്രൂഫ് ആണ് പോലും.. അവളും ചിരിച്ചു. കണ്ണിൽ നിന്നും പടർന്നൊഴുകിയ മഷി, ജാക്കറ്റിൽ തുടച്ചിട്ട് സൈഡിൽ ഇട്ടിരുന്ന ബഞ്ചിലേക്ക് വച്ചു. പതിയെ പുറത്തേക്കു കൈകൾ നീട്ടി കുറച്ച് മഴവെള്ളം കയ്യിലെടുത്തു മുഖത്തേക്ക് ഒഴിച്ചു.

കാലം തെറ്റിയുള്ള മഴയാ, ഇന്നേക്ക് 6 മാസായി അവര് പോയിട്ട്,ചായക്കടയിൽ ബെഞ്ചിലിരിക്കുന്നവർ അടക്കം പറയുന്നു.

പ്രഭയും ദേവും പരസ്പരം നോക്കി.

ഇവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ ചേട്ടാ ?

ദേവിന്റെ ചോദ്യം കേട്ട് അവിടെയുള്ളവർ പരസ്പരം നോക്കി. ചായ ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ടിരുന്നായാൾ അവരെ ഇരുവരെയും മാറി മാറി നോക്കി ഒന്ന്, മൂളി..

ഇവിടുത്തുകാരല്ല ല്ലേ?

കടയുടെ ഒരു വശത്തായി കസേരയിൽ ചാരിയിരുന്ന ആളെ അവർ നോക്കി, തോളിൽ കിടന്ന തോർത്ത്‌ കുടഞ്ഞ് വീണ്ടുമയാൾ തോളിലേക്കിട്ടു.

നിങ്ങൾ ഇങ്ങോട്ട് മാറി നിന്നു സംസാരിക്കു, പത്രക്കാർ ടിവിക്കാർ എന്നൊന്നും പറഞ്ഞാൽ ഇവിടെ ഉള്ളവർക്ക് ആർക്കും ഇഷ്ടപ്പെടില്ല അയാൾ അടക്കം പറഞ്ഞു.

അവർ അയാളുടെ അരികിൽ ഇട്ടിരുന്ന ബെഞ്ചിലേക്കിരുന്നു.

ദേവ്, അയാളെ തന്നെ നോക്കി..

നിങ്ങൾ സംശയിക്കേണ്ട എന്റെ കടയാ ഇത്. എന്റെ പേര് രാമൻ.., നിങ്ങൾ?

ഞങ്ങൾ കുറച്ച് ദൂരെ നിന്നാ.. കുറച്ച് നാൾ മുൻപ് ഇവിടെ അടുത്തുണ്ടായ ഒരു സംഭവം അറിഞ്ഞിരുന്നു അതിനെക്കുറിച്ച്‌ കൂടുതൽ അറിയാൻ വന്നതാ.

ഞാൻ ‘ദേവ് നാരായൺ’.. ഇതെന്റെ ഫ്രണ്ട്, സഹപ്രവർത്തക ‘പ്രഭാദത്ത’. ഇരുകൂട്ടരും പരസ്പരം ചിരി കൈമാറി.

ഇവിടുത്തെ പ്രശ്നങ്ങൾ സർക്കാർ ഏറ്റെടുക്കുന്നില്ല കുഞ്ഞേ.. ഒരുപാട് പരാതികൾ പറഞ്ഞതാ.. കുറേ നാൾ മുൻപ് നിങ്ങളെപ്പോലെ പത്രത്തിൽ നിന്നോ ടിവിയിൽ നിന്നോ ഒക്കെ ആളുകൾ വന്നിരുന്നു.. ഒരു വലിയ ദുരന്തം നടന്നതറിഞ്ഞിട്ട്.

എന്നിട്ടെന്തായി അങ്ങോട്ടുമിങ്ങോട്ടും നടന്നതല്ലാതെ വലിയ ഒരു വാർത്ത വന്നിട്ടില്ല. പോലീസ് പറയുന്നത് അപ്പാടെ വിശ്വസിച്ച് അവര് മടങ്ങും. പത്രത്തിന്റെ ഏതെങ്കിലും മൂലയിൽ ഒരു ചെറിയ പരസ്യം പോലെ നടന്ന വാർത്തകൾ പേരിന് വന്നാലായി. നമ്മളിതൊക്കെ എത്രയെത്ര കണ്ടേക്കുന്നു.

കൊലപാതകം നടന്നാൽ പോലും ആരും അന്വേഷിക്കാനില്ല. അയാൾ മഴയിലേക്ക് കണ്ണുനട്ട് വെറുതെ ചിരിച്ചു.. ഇവിടെയുള്ളവർ എല്ലാവരും പാവങ്ങളാ കുഞ്ഞേ, ഇതേപോലെ കുഞ്ഞ് കുഞ്ഞ് കടകളും അല്ലറ ചില്ലറ പണികളും.. കന്നുകാലി വളർത്തലും.. കൃഷിയുമൊക്കെയായി ജീവിതമോടിക്കുന്ന ഒരു കൂട്ടം വിഡ്ഢികൾ..

അയാൾ വീണ്ടും ചിരിച്ചു.., തോളിൽ നിന്നും തോർത്തെടുത്തു മുഖം അമർത്തി തുടച്ചു.

ആ കടയിലൂടെ ദേവ് കണ്ണോടിച്ചു, മൂന്നു പേര് ഒരു ബഞ്ചിലിരുന്ന് ചായ കുടിക്കുന്നു, മെല്ലിച്ച ശരീരമുള്ളയാൾ പണിയിലാണ്, അയാൾ ചായ കൊണ്ടുവന്ന് തന്നിട്ട് വീണ്ടും അയാളുടെ ജോലിയിൽ മുഴുകി..

തങ്ങളെ ആരുമൊന്നു ശ്രദ്ധിക്കുന്നുപോലുമില്ല..

ആർക്കും ഇവിടുത്തെ ദുരിതങ്ങൾ പറയുന്നത് പോലും ഇഷ്ടമുണ്ടെന്നു തോന്നുന്നില്ല. അവിടമാകെ മൗനം പടർന്നു.

ചായയുടെ കാശ് കൊടുക്കുമ്പോൾ രാമേട്ടൻ പറഞ്ഞതനുസരിച്ച് ചായ കൊണ്ടുവന്ന് തന്ന ആളുടെ കയ്യിലേക്ക് നൽകി.

സമയം ഓടിക്കൊണ്ടിരുന്നു.. മഴയുടെ ശക്തി കുറഞ്ഞെന്നായപ്പോൾ.. അവരിരുവരും പോകുവാനൊരുങ്ങി.. വണ്ടിയിൽ കയറുമ്പോൾ.. രാമേട്ടൻ വേഗം വെളിയിലേക്ക് ഇറങ്ങി..

“കുഞ്ഞുങ്ങളെ, എനിക്ക് നിങ്ങളെ കണ്ടപ്പോൾ ഒരു ആശ്വാസമാണ് ”

ഇരുവരും പരസ്പരം നോക്കി അയാൾ ചിരിച്ചുകൊണ്ട് തുടർന്നു. ഈ അനാഥ സ്ഥലം ചിലപ്പോൾ നിങ്ങളുടെ വാർത്തകൾ കൊണ്ട് അറിയപ്പെടും. എന്തോ അങ്ങനെ അറിയപ്പെടുവാനുള്ള ഒരു വാർത്ത നിങ്ങൾക്ക് ലഭിക്കും..

അങ്ങനെ എന്റെ മനസ്സ് പറയുന്നു.. കുറച്ച് നേരം അയാൾ അവരെ തന്നെ നോക്കി നിന്നു.. മഴയിലൂടെ ആരുമറിയാതെ ഒലിച്ചിറങ്ങുന്ന കണ്ണുനീരിലും അയാൾ ചുണ്ടിൽ ചിരി വരച്ചു ചേർത്തു.

വളവുകളും തിരിവുകളുമൊക്കെയായി വഴികൾ കുറച്ച് പിന്നിട്ടു.. ഇതാണ് സ്ഥലം എന്ന് തോന്നുന്നു. ആരോടൊക്കെയോ വഴി ചോദിച്ച് ഇവിടെ വരെയെത്തി, ദേവ് മൊബൈൽ എടുത്തു സമയം നോക്കി. റേഞ്ച് കാണിക്കുന്നില്ല..

ബൈക്ക് ഒതുക്കി വച്ച് ഇരുവരും നടന്നു.. ഉള്ളിലേക്ക് ചെറിയൊരു വഴി.. മഴ മാറിയെങ്കിലും വെള്ളം അവിടവിടെയായി തളം കെട്ടി കിടന്നിരുന്നു. ആരോട് വഴി ചോദിക്കുമെന്ന് ചിന്തിച്ചു.

എങ്ങോട്ടാ?

ചോദ്യം കേട്ട് അവർ തിരിഞ്ഞു നോക്കി.

ഒരു കൊച്ച് പെൺകുട്ടി, ഏകദേശം ഏഴ്.. എട്ട്, വയസ്സ് കാണും.. നനഞ്ഞൊട്ടി അവിടെവിടെയായി പിഞ്ഞിക്കീറിയ മുഷിഞ്ഞ വേഷം.. അവളുടെ മുടിയിൽ നിന്നും ഇപ്പോഴും വെള്ളം ഇറ്റ് വീഴുന്നു. പ്രഭ ഒരു ചിരിയോടെ അവളെ നോക്കി.. അവളുടെ മുടിയിൽ നിന്നും വീഴുന്ന മഴത്തുള്ളി പോലെ, ആ കണ്ണുകളും തിളങ്ങുന്നു.

എന്താ മോൾടെ പേര്?

അതാണോ നിങ്ങൾക്ക് അറിയേണ്ടത് ?

അവളുടെ മറുപടി കേട്ട്, ചിരിയാലെ പ്രഭ, ദേവിനെ നോക്കി

അല്ലടീ, കാന്താരീ.., ഞങ്ങൾക്ക് വഴിയൊന്നു പറഞ്ഞു തരണം..

ദേവ് ഇടയിൽ കയറി പറഞ്ഞു.

ആ.. എങ്കിൽ എന്റെ പുറകെ വാ..

എങ്ങോട്ട്?

അതിന് ഞാൻ സ്ഥലം നിന്നോട് പറഞ്ഞില്ലല്ലോ?

എന്റെ ചേട്ടാ.. ഇവിടെ വരുന്ന പത്രക്കാർക്ക് അറിയേണ്ടത് ഒരു വഴിയെ ഉള്ളൂ..

അവൾ നടന്നു..,അവളുടെ കൊലുസ്സിന്റെ തേഞ്ഞു തീരാറായ കൊഞ്ചൽ പതിഞ്ഞ ശബ്ദത്തിൽ മൂളുന്നുണ്ടായിരുന്നു, അതിന് പുറകെ അവരിരുവരും നടന്നു.

ഇവള് ആള് കേമിയ, നമ്മൾ ന്യൂസ്‌ തേടി വന്നതാണെന്ന് അവൾക്ക് മനസ്സിലായി.. ദേവ്, പ്രഭയോട് ശബ്ദം താഴ്ത്തി പറഞ്ഞു.

ഇതാ.. ആ വീട്.. അവൾ വിരൽ ചൂണ്ടിയിടത്തേക്ക് അവര് നോക്കി. കാട് കയറി, ദ്രവിച്ച്‌ വീഴാറായ നിലയിൽ ഒരു വീട്..

എന്തെങ്കിലും ചോദിക്കും മുൻപേ അവൾ തിരികെ ഓടിപ്പോയി.. കൊലുസ്സിന്റെ കൊഞ്ചൽ അകന്നകന്ന് പോയി.

കുറച്ച് മാറി രണ്ടുമൂന്നു വീടുകളിൽ അവർ അന്വേഷിച്ചു. അവിടുള്ള എല്ലാവർക്കും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. നല്ല ആൾക്കാർ ആയിരുന്നു..

ഒരച്ഛനും സംസാരശേഷിയില്ലാത്തമ്മയ്ക്കും ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ ഒരു മോളും. നല്ല സുന്ദരിക്കുട്ടി, ആരുകണ്ടാലും ഒമനിച്ചു പോകുന്ന കുറുമ്പി..

ഒരു പുലർച്ചെ നാട്ടുകാർ ഉണർന്നത് ആ കുഞ്ഞിന്റെ മരണമറിഞ്ഞാണ്. കൊലപാതകം തന്നെയാണ് കീറിപ്പറിഞ്ഞു ആ കുഞ്ഞിന്റെ കിടപ്പു കണ്ട നാട്ടുകാർക്ക് അതേ പറയാനുള്ളൂ.

കുറേ നാള് ആ അച്ഛനും അമ്മയും മോളുടെ മരണത്തിന്റെ ഉത്തരവാദികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ പലയിടത്തും കയറിയിറങ്ങി.. അവസാനം അത് കാട്ടു മൃഗങ്ങൾ ആക്രമിച്ചതാണെന്ന് എഴുതി തള്ളി.. മകൾക്ക് നീതി ലഭിക്കാത്തത് കൊണ്ട് ആ മാതാപിതാക്കൾ വീട്ടിൽ തൂങ്ങി മരിച്ചു..

ഇന്നേക്ക് 6 മാസം തികഞ്ഞു.. എല്ലാം തേഞ്ഞു മാഞ്ഞു പോയി..

ആ ജീവനുകൾക്ക് നീതി കിട്ടിയോ സാറെ?

അയൽവാസിയായ ഒരമ്മ കരഞ്ഞുകൊണ്ടാണ് ചോദിച്ചത്. ഇവിടെയുള്ളവർക്ക് നീതി ലഭിക്കില്ല സാറേ.. നിങ്ങളെപ്പോലെ എത്രപേര് വന്നു.. ഇപ്പോൾ ഞങ്ങൾക്ക് ആരിലും ഒരു പ്രതീക്ഷയുമില്ല..

കുറേ വീട്ടുകാർ ഇവിടെ നിന്നും മാറി.. ഇപ്പോൾ വളരെ കുറച്ച് ആളുകളെ ഇവിടുള്ളൂ, എങ്ങോട്ട് പോകുമെന്ന് പോലും അറിയാത്ത ഞങ്ങൾ കുറച്ച് ആത്മാക്കൾ.. അവര് സാരിത്തലപ്പുകൊണ്ടു മുഖം തുടച്ചു.

തിരികെ പോരുമ്പോൾ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളായിരുന്നു പ്രഭയുടെ ഉള്ളിൽ. എന്തായാലും.. ഇനിയും വരേണ്ടി വരും.. ഈ വാർത്ത എല്ലാവരും അറിയണം.. അവർക്ക് നീതി കിട്ടണം..

കൊച്ച് കുട്ടിയെ പോലും..

പ്രഭയ്ക്ക് സങ്കടവും ദേഷ്യവും വന്നു. രാമെട്ടനെ ഒരിക്കൽ കൂടി കാണണമെന്ന് തോന്നിയിട്ടാണ്, അവിടെയെത്തിയപ്പോൾ ദേവ് വണ്ടി നിർത്തിയത്. അത് നന്നായെന്ന് പ്രഭ കൂട്ടിച്ചേർത്തു.. രാമേട്ടൻ പറഞ്ഞത് പോലെ ഈ വാർത്ത എല്ലാവരിലും എത്തുമെന്ന് ഉറപ്പും നൽകണം അവൾ തീരുമാനിച്ചു. കടയ്ക്കുള്ളിൽ ആരെയും കണ്ടില്ല.

ആരൂല്ലേ.. ?

കടയുടെ സൈഡിൽ, ചേർത്ത് ചായ്ച്ചു കെട്ടിയിരിക്കുന്ന ചായ്പ്പിൽ നിന്നും, മെല്ലിച്ച ആൾ ഇറങ്ങി വന്നു.

ആ.. ചായയാണോ നിങ്ങൾക്ക് വേണ്ടത്?

അല്ല ചേട്ടാ..

പിന്നെ.. ?

അയാൾ സംശയത്തോടെ നിന്നു.

രാമേട്ടൻ?

പ്രഭയുടെ ശബ്ദം പതറി.

ഓഹ്.. നിങ്ങൾ അങ്ങോട്ട്‌ തന്നെയാ പോയത് ല്ലേ, പരിചയമില്ലാത്ത ആളുകളെ കണ്ടപ്പോളെ തോന്നിയിരുന്നു.

രാമേട്ടൻ, എവിടെ?

പ്രഭയുടെ വീണ്ടുമുള്ള ചോദ്യത്തിന്.. അയാൾ രൂക്ഷമായി നോക്കി.

അപ്പൊ നിങ്ങൾ അവിടെ പോയത് എന്തിനാണ്.. ?

അയാൾ പിറുപിറുത്തു അകത്തേക്ക്പോയി, എന്തെന്ന് മനസ്സിലാകാതെ നിൽക്കുന്ന അവർക്ക് മുൻപിലേക്കു തിരികെ വന്ന അയാൾ നിറം മങ്ങി തുടങ്ങിയ ഒരു ഫോട്ടോ എടുത്തു നീട്ടി.

ആ മനുഷ്യനെ കണ്ടോ, അതാണ്‌ രാമേട്ടൻ.. ഒരുപാട് മോഹിച്ച്, ആഗ്രഹിച്ച്, പ്രാർത്ഥിച്ച് കിട്ടിയ കണ്മണിയെ വേട്ടപ്പട്ടികൾ കടിച്ചു കീറിയപ്പോൾ.. നടുങ്ങി നിന്ന മനുഷ്യൻ..

കൂടെയുള്ള മിണ്ടാപ്രാണിയെയും കൊണ്ട് എല്ലായിടത്തും കയറിയിറങ്ങി.. എന്തിനെന്ന് അറിയണ്ടേ? ആ ഫോട്ടോയിൽ കാണുന്ന കുരുന്നില്ലേ, അതിന്റെ ജീവന് നീതി കിട്ടാൻ.. ആ കുഞ്ഞ് ശരീരത്തിനോട് സാത്തന്മാർ കാണിച്ച കൊടും ക്രൂരതയ്ക്ക് നീതി കിട്ടാൻ.

പിന്നീട്.. പിന്നീട്.. അയാളുടെ മെല്ലിച്ച ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

അവരും.. അവരും.. പോയ്‌

കുറച്ച് നേരത്തേയ്ക്ക് ആ മനുഷ്യന് മിണ്ടുവാൻ കഴിഞ്ഞില്ല..

ഈ കാണുന്നത്, എന്റെ രാമേട്ടന്റെ കടയാ.. എന്നെ കൂടപ്പിറപ്പിനെ പോലെയാ കണ്ടത്.. അവസാനം.. പോകും മുൻപ് ഇത് എന്നെ ഏൽപ്പിച്ചു.. അയാൾ ഒരു ഭ്രാന്തനെപ്പോലെ പറഞ്ഞുകൊണ്ടേയിരുന്നു

ഞാനറിഞ്ഞില്ല.. എന്നന്നേക്കുമായുള്ള പോക്കാണെന്ന്.. അയാൾ ഇരു കൈകളും തലയിൽ വച്ച് അലറിക്കരഞ്ഞു !

ഞാൻ ഇവിടെ തനിയെ ആണെന്ന് തോന്നാറില്ല.. ഇടയ്ക്കെല്ലാം രാമേട്ടൻ ഇവിടെ വന്നിരിക്കുന്നത് പോലെ തോന്നും!

ദേവും, പ്രഭയും ആ ഫോട്ടോയിലേക്ക് നോക്കി വിറങ്ങലിച്ചു നിന്നു!!

ആ വഴിയരുകിലാണത്രേ അവളുടെ ശരീരം തണുത്തുറഞ്ഞു കിടന്നത്. അവിടെ നിന്നാണ് അവൾ അവരെ വഴികാട്ടാൻ കൊണ്ടുപോയത്!

ഒരക്ഷരം പരസ്പരം മിണ്ടുവാൻ അവർക്കായില്ല..

ശരീരം തളരുന്നത് പോലെ തോന്നിയ പ്രഭ, കടയിലെ ബഞ്ചിലേക്കിരുന്നു. അവളുടെ കാതിൽ കൊലുസ്സിന്റെ തേങ്ങൽ ഉയർന്നു.. ഹൃദയം വിങ്ങിപ്പൊട്ടുന്നു.. ഉറക്കെ കരയുവാൻ തോന്നുന്നു.. എന്താണിത്.. മരിച്ച രണ്ട് ആത്മക്കളെയാണോ അപ്പൊ തങ്ങൾ കണ്ടത് !!

ഈശ്വരാ!!

ദേവിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല.

ഫോട്ടോ തിരികെ മേടിച്ച് അയാൾ ചായ്പ്പിലേക്കു നടന്നു.

നിങ്ങൾക്ക് പറ്റുമെങ്കിൽ ഒരു നല്ല കാര്യം ചെയ്യ്.. ഈ കാര്യങ്ങളൊക്കെ ഒന്ന് പുറം ലോകത്തു എത്തിക്കൂ.. പാവം ആത്മക്കൾക്ക് ആശ്വാസമാകട്ടെ.. നിറഞ്ഞു വന്ന കണ്ണുകൾ അയാൾ തുടച്ചു.

‘വേഗം പൊയ്ക്കോ മക്കളെ, നല്ല മഴയ്ക്കുള്ള ലക്ഷണം, നേരത്തെ വീട് പറ്റ് ”

ദേവ്, ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. അവൾ ചെന്ന് കയറി.. ഇരുവരും പരസ്പരം ഒന്നും മിണ്ടാതെയിരുന്നു. അകന്നു പോകും വരെയും അവൾ ആ കസേരയിലേക്ക് നോക്കിയിരുന്നു, അവിടെ രാമേട്ടനുണ്ടെന്നു അവൾക്കു തോന്നി. അവൾ ചെവി പൊത്തി പിടിച്ചു.. കൊലുസ്സിന്റെ കൊഞ്ചൽ നേർത്ത് നേർത്ത് വരുന്നു!!

രാമേട്ടൻ ഇപ്പോഴും കസേരയിൽ ഇരിപ്പാണ്..

കാത്തിരിപ്പ്..

ഇന്ന് വന്നു പോയ കുട്ടികൾ തീർച്ചയായും ഇതൊരു വാർത്തയാക്കുമെന്നുള്ള

“പ്രതീക്ഷയുടെ കാത്തിരിപ്പ്” “ആത്മാവിന്റെ കാത്തിരിപ്പ് ”

തന്റെ കുഞ്ഞിന്റെ ജീവന് വിലയുണ്ടെന്നറിയിക്കുവാനുള്ള കാത്തിരിപ്പ്.. ഇനിയൊരു കുഞ്ഞ് ജീവനും കണ്ട തെരുവ് നായ്ക്കൾ കടിച്ചു പറിക്കരുതെന്നുള്ള തീരാവേദനയുടെ കാത്തിരിപ്പ്.