വിവാഹം കഴിഞ്ഞ നാൾ മുതൽ അവൾ ശ്രീനിഷിൽ നിന്നും ശ്രീക്കുട്ടിയിൽ നിന്നും എപ്പോഴും കളിയാക്കലുകൾ കേട്ടിരുന്നു..

(രചന: Sivapriya)

“ഏട്ടാ ഈ ചുരിദാർ എനിക്ക് ചേരില്ലേ.” തുണിക്കടയിൽ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനിടയിൽ അർച്ചന ഭർത്താവ് ശ്രീനിഷിനോട് ചോദിച്ചു.

“അതേ… നമ്മൾ വന്നത് ശ്രീകുട്ടിക്ക് ഡ്രസ്സ്‌ എടുക്കാനാ, നിനക്കല്ല. അല്ലെങ്കിൽ തന്നെ ഇരുപത്തി നാല് മണിക്കൂറും അടുക്കളയിൽ കിടന്ന് നിരങ്ങുന്ന നിനക്കെന്തിനാ ഈ വില കൂടിയ ചുരിദാറും സാരിയുമൊക്കെ.”

ശ്രീനിഷ് അങ്ങനെ പറയുമെന്ന് അർച്ചന സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.
അവളുടെ കണ്ണുകൾ പൊടുന്നനെ നിറഞ്ഞു. ചുറ്റും നോക്കിയപ്പോൾ അവൻ പറഞ്ഞത് എല്ലാരും കേട്ടിട്ടുണ്ടെന്ന് അവൾക്ക് മനസിലായി.

ചിലർ അവളെ നോക്കി വാ പൊത്തി ചിരിച്ചു. മറ്റ് ചിലർ സഹതാപത്തോടെ നോക്കി നിന്നു. ശ്രീനിഷ് അതൊന്നും ശ്രദ്ധിക്കാതെ അനിയത്തിക്കുള്ള ഡ്രസ്സ്‌ തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു.

അർച്ചനയ്ക്ക് ആകെ നാണക്കേട് തോന്നി.
നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു കൊണ്ട് അവൾ കൈയിലിരുന്ന ഡ്രസ്സ്‌ എടുത്ത സ്ഥലത്ത് തന്നെ വച്ചു.

“ഏട്ടത്തി ഞങ്ങളെ നാണം കെടുത്താനായിട്ടാണോ കൂടെ വന്നത്?” ശ്രീക്കുട്ടി അവളുടെ അടുത്ത് വന്ന് ചോദിച്ചു.

“മോളെ… ഞാൻ.” അർച്ചനയ്ക്ക് വല്ലായ്മ തോന്നി.

“ചേച്ചിക്ക് ഡ്രസ്സ്‌ എടുക്കാൻ വേണ്ടിയല്ലല്ലോ വന്നത്. പിന്നെ എന്തിനാ വെറുതെ ഏട്ടനെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പൊക്കിപിടിച്ചോണ്ട് ചെല്ലുന്നേ. അല്ലെങ്കിൽ തന്നെ ഇത്രയും നല്ല ചുരിദാർ ഒക്കെ ഏട്ടത്തിക്ക് വാങ്ങി തന്നിട്ടും പ്രയോജനമില്ലല്ലോ.

അടുക്കള പണി ചെയ്യുന്നവർക്ക് നല്ലത് മുഷിഞ്ഞ ഡ്രെസ്സുകൾ തന്നെയാ. അതുകൊണ്ട് ഏട്ടനെ ദേഷ്യം പിടിപ്പിച്ചു ആ വായിൽ നിന്ന് ഓരോന്ന് കേട്ട് എന്നെകൂടി നാണം കെടുത്തരുത്.” അത്രയും പറഞ്ഞിട്ട് ശ്രീക്കുട്ടി ചുരിദാർ തപ്പാൻ തുടങ്ങി.

പൊട്ടി വന്ന സങ്കടം ഉള്ളിലൊതുക്കി അർച്ചന ഒരു സൈഡിലേക്ക് ഒതുങ്ങി മിണ്ടാതെ നിന്നു.

“നീയിവിടെ എന്തോ സ്വപ്നം കണ്ട് നിക്കുവാ. പോയി പിള്ളേർക്കുള്ള ഡ്രസ്സ്‌ എടുത്തോണ്ട് വാ. അതിനല്ലേ കൂടെ ചാടി പുറപ്പെട്ട് വന്നത്. എന്നിട്ടിവിടെ സ്വപ്നം കണ്ട് നിന്നാൽ മതിയല്ലോ.” അവളുടെ അടുത്തേക്ക് വന്ന് ശ്രീനിഷ് അത് പറഞ്ഞപ്പോഴാണ് കുട്ടികൾക്കുള്ള ഡ്രസ്സ്‌ എടുക്കുന്ന കാര്യം മറന്ന് പോയത് അവൾ ഓർത്തെടുത്തത്.

“ഇവിടെ എവിടെയാ കുട്ടികളുടെ ഡ്രസ്സ്‌..?” അർച്ചന അവനോട് ചോദിച്ചു.

“സെക്കന്റ്‌ ഫ്ലോറിലാ, പെട്ടന്ന് എടുത്തിട്ട് വരണം. ഇത് കഴിഞ്ഞിട്ട് നിനക്ക് സൂപ്പർ മാർക്കറ്റിൽ കൂടെ പോകാനില്ലേ..”

“ശരി ഏട്ടാ..” അർച്ചന തലയാട്ടി കൊണ്ട് മുന്നോട്ട് നടന്നു.

എസ്കലേറ്ററിൽ കയറി പരിചയമില്ലാത്തത് കൊണ്ട് പേടിച്ചിട്ട് അവൾ സ്റ്റെപ് കയറിയാണ് സെക്കന്റ്‌ ഫ്ലോറിലേക്ക് പോയത്.

“ഹോ ഇങ്ങനെയൊരു വിവരം കെട്ട സാധനം.” ആ കാഴ്ച കണ്ട് ശ്രീനിഷ് പുച്ഛത്തോടെ തലയ്ക്കടിച്ചുകൊണ്ട് ശ്രീകുട്ടിയുടെ അടുത്തേക്ക് പോയി.

“ഏട്ടനെന്തിനാ ഏട്ടത്തി കൂടെ വരട്ടേന്ന് ചോദിച്ചപ്പോൾ വരാൻ സമ്മതിച്ചത്. ഏട്ടത്തിയെ എവിടെ കൂട്ടികൊണ്ട് പോയാലും നമ്മളെ നാണം കെടുത്താനായി എന്തെങ്കിലും ഒപ്പിച്ചു വെയ്ക്കും. ഇപ്പൊ തന്നെ കണ്ടില്ലേ ഒരു ആവശ്യമില്ലാതെ ഏട്ടനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ആ ചുരിദാറും എടുത്തോണ്ട് വന്നത്.” ശ്രീകുട്ടിക്ക് അമർഷം തീരുന്നുണ്ടായിരുന്നില്ല.

“ആദിക്കും ചിന്നൂനും ഡ്രസ്സ്‌ എടുക്കാൻ ഉണ്ടെന്ന് പറഞ്ഞോണ്ടാ കൂടെ വരാൻ ഞാൻ സമ്മതിച്ചത്. കഴിഞ്ഞ ആഴ്ച ഞാൻ എടുത്തു കൊണ്ട് കൊടുത്തത് സൈസ് ശരിയായില്ല. പിന്നെ വീട്ടിലേക്ക് ഈ മാസത്തെ സാധനങ്ങൾ വാങ്ങിക്കാൻ ഉണ്ട്. അതിന് അവള് പോയാലെ ശരിയാവൂ.

വീട്ടിലേക്ക് എന്തൊക്കെ സാധനം വേണമെന്ന് അവൾക്കല്ലേ അറിയൂ. ഇത് കഴിഞ്ഞു വേണം സൂപ്പർ മാർക്കറ്റിലേക്ക് പോവാൻ. അതാ പിന്നെ കൂടെ വരാൻ സമ്മതിച്ചത്.”

“ലോക വിവരം പോലുമില്ലാത്ത ഈ പട്ടികാട്ട് സാധനത്തിനെ ഏട്ടൻ എങ്ങനെ സഹിക്കുന്നു. വെറും പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളതിനെയൊക്കെ കെട്ടികൊണ്ട് വരുമ്പോൾ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി.

സത്യം പറഞ്ഞാ എനിക്ക് ഇഷ്ടല്ല ഏട്ടാ, ഏട്ടത്തിയെ. നന്നായി ഒന്ന് ഒരുങ്ങി നടക്കാനോ ആളുകളോട് എങ്ങനെ ബിഹെവ് ചെയ്യണമെന്നോ അറിയില്ല. എന്റെ ഏട്ടത്തി ആണെന്ന് പറയാൻ തന്നെ എനിക്ക് നാണക്കേട് ആണ്.” ശ്രീക്കുട്ടി പറഞ്ഞു.

“ഒന്നൂല്ലേലും അവളുടെ അച്ഛൻ തന്ന സ്ത്രീധനം കൊണ്ടാണ് നമ്മളിന്ന് ഈ നിലയിൽ എത്തിയത്. അതാ പിന്നെ ഞാൻ അവളെയങ്ങു സഹിക്കുന്നത്. വീട്ടിലെ ജോലിയും ചെയ്ത് മക്കളെ കാര്യോം നോക്കി അടങ്ങി ഒതുങ്ങി കഴിയുന്നില്ലേ.”

“പണ്ട് ഏട്ടത്തിയുടെ അച്ഛൻ തന്നതിന്റെ ഇരട്ടി ഇന്ന് ഏട്ടന് തിരിച്ചു കൊടുക്കാൻ പറ്റില്ലേ. മാത്രല്ല ഏട്ടന്റെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ് നമ്മളിന്ന് നല്ല നിലയിൽ എത്തിയത്. അതുകൊണ്ട് ആ ക്രെഡിറ്റ്‌ ഏട്ടത്തിക്ക് കൊടുക്കണ്ട.”

അതേസമയം സെക്കന്റ്‌ ഫ്ലോറിൽ കുട്ടികൾക്കുള്ള ഡ്രസ്സ്‌ എടുക്കുകയായിരുന്നു അർച്ചന. അവളുടെ മനസ്സിൽ ശ്രീനിഷും ശ്രീക്കുട്ടിയും പറഞ്ഞ വാക്കുകളായിരുന്നു. അതവളെ അത്രമേൽ നോവിച്ച് കൊണ്ടിരുന്നു.

അർച്ചനയ്ക്ക് പതിനെട്ട് വയസ്സുള്ളപ്പോഴാണ് ശ്രീനിഷ് അവളെ വിവാഹം കഴിക്കുന്നത്. അഞ്ചു വർഷം മുൻപായിരുന്നു അവരുടെ വിവാഹം.

അർച്ചനയുടെ അച്ഛന്റെ സുഹൃത്തായിരുന്നു ശ്രീനിഷിന്റെ അച്ഛൻ സഹദേവൻ. ശ്രീനിഷ് എഞ്ചിനീയറിംഗ് പഠിച്ചവനാണ്. പൊതുവെ പഠിക്കാൻ പുറകിലായിരുന്ന അർച്ചന കഷ്ടിച്ചാണ് പത്താം ക്ലാസ്സ്‌ കടന്ന് കൂടിയത്. അത് കഴിഞ്ഞു തുടർന്ന് പഠിക്കാൻ പോയെങ്കിലും പ്ലസ്‌ ടു തോറ്റ് വീട്ടിൽ ഇരിപ്പായി.

പിന്നെ തയ്യൽ ക്ലാസ്സിന് പോകുമ്പോഴാണ് അർച്ചനയുടെ വിവാഹം ശ്രീനിഷുമായി നടത്തി കൊടുക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ഒറ്റ മകളാണ് അവൾ. അവരുടെ സമ്പത്ത് മുഴുവനും അവൾക്കുള്ളതായിരുന്നു.

സാമ്പത്തികമായി തകർന്ന് നിന്നിരുന്ന ശ്രീനിഷിന്റെ കുടുംബത്തിനു കൈത്താങ് ആയത് അർച്ചനയുടെ അച്ഛൻ അവൾക്ക് കൊടുത്ത സ്വത്തുക്കൾ മാത്രമാണ്.

അതുകൊണ്ട് ബിസിനസ്‌ നടത്തിയാണ് ശ്രീനിഷ് ഇന്ന് കാണുന്ന നിലയിൽ എത്തിയത്. അർച്ചനയുടെ വിവാഹം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞ സമയത്താണ് ഒരു ആക്‌സിഡന്റിൽ അർച്ചനയുടെ അച്ഛനും അമ്മയും മരിച്ചുപോയി.

ശ്രീനിഷിനും അർച്ചനയ്ക്കും നാല് വയസ്സുള്ള ഇരക്കുട്ടികളാണ് ഉള്ളത്. പഠിപ്പ് കുറവായത് കൊണ്ട് വിവാഹം കഴിഞ്ഞ നാൾ മുതൽ അവൾ ശ്രീനിഷിൽ നിന്നും ശ്രീക്കുട്ടിയിൽ നിന്നും എപ്പോഴും കളിയാക്കലുകൾ കേട്ടിരുന്നു.

ഈയിടെയായി ശ്രീകുട്ടിയുടെ പരിഹാസങ്ങളും കുത്തുവാക്കുകളും പരിധി വിടുകയാണ്. ശ്രീനിഷ് പിന്നെ പണ്ടത്തെ പോലെതന്നെ ഇപ്പോഴും. അർച്ചനയേക്കാൾ രണ്ട് വയസ്സിന് ഇളയതാണ് ശ്രീക്കുട്ടി. ബാംഗ്ലൂരിൽ എം ബി എ ചെയ്യുകയാണ്.

വിവാഹം കഴിഞ്ഞ ആദ്യ കുറച്ചു നാളുകൾ അവൾക്ക് വേണ്ടതൊക്കെ പറയാതെ തന്നെ ശ്രീനിഷ് വാങ്ങി നൽകിയിരുന്നു. പിന്നെ പിന്നെ ശ്രീക്കുട്ടിയുടെ വാക്കുകൾ കേട്ട് അത് കുറഞ്ഞു വന്നു. ശ്രീക്കുട്ടി ഉപയോഗിച്ച് പഴകിയ ഡ്രെസ്സുകളാണ് പിന്നീട് അർച്ചനയ്ക്ക് ഇടാൻ കിട്ടിയിരുന്നത്.

വെറുതെ വീട്ടിലിരിക്കുന്ന അവൾക്ക് എന്തിനാണ് പുത്തൻ പുതിയ ഉടുപ്പുകൾ എന്നായിരുന്നു അവരുടെ ചിന്ത. അർച്ചന തന്റെ വിഷമങ്ങൾ ആരോടും പറയാതെ മനസ്സിൽ തന്നെ അടക്കി വച്ചു.
ശ്രീനിഷിന്റെ അച്ഛനും അമ്മയും പാവമായത് കൊണ്ട് അവൾ എല്ലാം സഹിച്ചു പോന്നു.

കുട്ടികൾക്കുള്ള ഡ്രസ്സ്‌ എടുത്ത് താഴേക്ക് വരുമ്പോൾ ശ്രീകുട്ടിയുടെ പർച്ചേസിംഗ് കഴിഞ്ഞിട്ടില്ലായിരുന്നു.

“നീ ഒരു ഓട്ടോ പിടിച്ച് സൂപ്പർ മാർക്കറ്റിലേക്ക് പൊയ്ക്കോ. ഞങ്ങൾ ഇവിടുത്തെ പർച്ചേസ് കഴിഞ്ഞു നിന്നെ വിളിക്കാൻ അങ്ങോട്ട്‌ വന്നോളാം. ബിൽ പേ ചെയ്ത് കഴിഞ്ഞു എന്നെ വിളിച്ച മതി.” അർച്ചനയുടെ കൈയ്യിൽ നിന്നും ഡ്രെസ്സുകൾ വാങ്ങികൊണ്ട് ശ്രീനിഷ് പറഞ്ഞു.

“ശരി ഏട്ടാ.” അവൻ കൊടുത്ത ക്രെഡിറ്റ്‌ കാർഡും ക്യാഷും വാങ്ങി അവൾ പുറത്തേക്ക് നടന്നു.

അർച്ചന ഒരു ഓട്ടോ പിടിച്ച് സൂപ്പർ മാർക്കറ്റിലേക്ക് പോയി. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം വാങ്ങിയ ശേഷം ബിൽ പേ ചെയ്യാൻ വേണ്ടി ക്യാഷ് കൗണ്ടറിന് മുന്നിൽ നിൽക്കുമ്പോഴാണ് അവൾ ശ്രീനിഷിനെ വിളിക്കുന്നത്.

“ഏട്ടാ… ഞാൻ ബിൽ അടിക്കാൻ നിക്കുവാ. കഴിയുമ്പോ എത്തില്ലേ?”

“നീ ഓട്ടോ പിടിച്ചു വീട്ടിലേക്ക് പൊക്കോ. ശ്രീകുട്ടിക്ക് സിനിമയ്ക്ക് പോണോന്ന് പറഞ്ഞു. ഞങ്ങളിപ്പോ തിയേറ്ററിലേക്ക് പൊക്കോണ്ടിരിക്കാ. സിനിമയൊക്കെ കണ്ട് പുറത്തൂന്ന് ഫുഡ് കഴിച്ചിട്ടേ ഇനി വീട്ടിലേക്കുള്ളു. അതോണ്ട് നീയിനി ഞങ്ങൾക്കായിട്ട് രാത്രിയിലേക്ക് ഒന്നും ഉണ്ടാക്കണ്ട.”

“ഇത്രേം സാധനങ്ങളും കൊണ്ട് ഞാനെങ്ങനെ ഒറ്റയ്ക്ക് പോകും. നേരത്തെ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇത്രയും സാധനങ്ങൾ വാങ്ങില്ലായിരുന്നല്ലോ.” അർച്ചനയ്ക്ക് സങ്കടം വന്നിരുന്നു.

“പെട്ടെന്ന് തീരുമാനിച്ചതാ. നീ എങ്ങനേലും വീട്ടിൽ ചെല്ലാൻ നോക്ക്.” അത്രയും പറഞ്ഞിട്ട് അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ അവൻ കാൾ കട്ട്‌ ചെയ്തു.

നാല് വലിയ ബിഗ് ഷോപ്പറിൽ സാധനങ്ങൾ നിറച്ച് ഓട്ടോയിൽ വീട്ടിലേക്ക് പോകുമ്പോൾ അർച്ചനയുടെ ഉള്ളം വിങ്ങിപൊട്ടി. എപ്പഴും കാറിൽ വന്ന് സാധനം വാങ്ങി ഡിക്കിയിലും ബാക്ക് സീറ്റിലുമിട്ട് കൊണ്ട് പോകുന്നത് കൊണ്ട് ബിഗ് ഷോപ്പർ കൈയ്യിൽ കരുതാറില്ലായിരുന്നു.

ഇന്ന് പതിവിന് വിപരീതമായി ശ്രീനിഷ് കാറുമായി പോയത് കാരണം വാങ്ങിയ സാധനങ്ങൾ എല്ലാം ട്രോള്ളിയിൽ അവിടെ തന്നെ വച്ചിട്ട് തൊട്ടടുത്തുള്ള കടയിൽ പോയി ബിഗ് ഷോപ്പർ വാങ്ങി വന്ന് അതിൽ സാധനങ്ങൾ നിറച്ച ശേഷം കുറച്ച് കഷ്ടപ്പെട്ടാണ് ഓട്ടോ സ്റ്റാൻഡ് വരെ അവൾ നടന്നത്.

പഠിപ്പും ലോക വിവരവും ജോലിയും ഒന്നും ഇല്ലാത്തത് കൊണ്ടാണ് തനിക്ക് ഭർത്താവും നാത്തൂനും യാതൊരു വിലയും കൽപ്പിക്കാത്തതെന്ന് അവൾക്കറിയാം.

പക്ഷേ അതിന് എന്താ ചെയ്യാന്ന് അവൾക്കറിയില്ലായിരുന്നു. മനസ്സിന് ഇഷ്ടപ്പെട്ട ഒരു ജോഡി ഡ്രസ്സ്‌ എടുക്കാനും ആരെങ്കിലും കനിയണം.

വീട്ടിൽ ഒരു തയ്യൽ മെഷീൻ ഉണ്ട്. കുട്ടികൾക്ക് വീട്ടിലിടാനുള്ള വസ്ത്രങ്ങൾ അവൾ അതിൽ തുന്നി കൊടുക്കാറുണ്ട്.

വീട്ടിലെ പണി കഴിഞ്ഞു ഒഴിവ് സമയം ഇനിമുതൽ അയല്പക്കത്തുള്ളവരുടെ കൈയ്യിൽ നിന്നും തുണികൾ വാങ്ങി തയ്ച്ചു കൊടുക്കണമെന്ന് അവളോർത്തു.

അർച്ചന നന്നായി തയ്ക്കുന്നത് കൊണ്ട് എല്ലാവരും അവളോട്‌ ഡ്രസ്സ്‌ തയ്ച്ചു തരുമോന്ന് നിരന്തരം ചോദിക്കാറുണ്ട്. ശ്രീനിഷിന് അതൊന്നും ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഇത്രയും നാൾ അവൾ അതേപറ്റി ചിന്തിക്കാതിരുന്നത്.

ഇങ്ങനെ മറ്റുള്ളവരെ ഇഷ്ടത്തിന് ജീവിച്ചാൽ ചില സമയങ്ങളിൽ ഇതുപോലെ നാണം കെട്ട് നിക്കേണ്ടി വരുമെന്ന് അർച്ചനയ്ക്ക് ബോധ്യമായി. ആദ്യമായാണ് ഇങ്ങനെയൊരു അപമാനം എല്ലാവരുടെയും മുന്നിൽ വച്ചു. അവൾക്കത് സഹിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇനി മുതൽ തന്റെ ഇഷ്ടങ്ങൾക്ക് വേണ്ടി കൂടെ സമയം മാറ്റി വയ്ക്കണമെന്ന് അർച്ചന മനസ്സിലുറപ്പിച്ചു. സ്വന്തം കാര്യത്തിനെങ്കിലും ഇനിയങ്ങോട്ട് ആരുടെയും മുന്നിൽ കെഞ്ചേടി വരരുതെന്ന് അവൾ അന്നത്തെ സംഭവത്തോടെ തീരുമാനമെടുത്തു.