മഹത്തായ ഭർത്താവ്
(രചന: ശ്യാം കല്ലുകുഴിയിൽ)
” ദേ മനുഷ്യാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്….” അത്താഴം കഴിഞ്ഞു വന്ന് കട്ടിലിൽ മലർന്ന് കിടന്ന് ഒരു കൈകൊണ്ട് ഭക്ഷണം കഴിച്ച് വീർത്ത വയറും തടവി മറുകൈ കൊണ്ട് മൊബൈലും തോണ്ടി ഇരിക്കുമ്പോൾ ആണ് കെട്ടിയോൾ അതും പറഞ്ഞ് മുറിയിലേക്ക് വന്നത്…
ഒന്നുകിൽ കുടുംബശ്രീ പെണ്ണുങ്ങളുടെ അടി, അല്ലേൽ അയൽവക്കകാരുടെ കുശുമ്പ്, ഇതൊന്നും അല്ലേൽ ബന്ധുക്കളുടെ കുറ്റം ഇത് ഏതെങ്കിലും ആകും എഴുന്നെള്ളിക്കാൻ ഉള്ളത് എന്ന് അറിയാവുന്നത് കൊണ്ട് വല്യ മൈൻഡ് ചെയ്തില്ല…
” ഞാൻ പറയുന്നത് നിങ്ങൾ കേൾക്കുന്നുണ്ടോ…” കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി കെട്ടി വച്ചുകൊണ്ട് അവൾ വീണ്ടും ചോദിച്ചു…
ഫേസ്ബുക്കിലെ ഏതോ ഗ്രൂപ്പിലെ ടാറ്റൂ ചലഞ്ചിൽ ഏതോ പെണ്ണ് ഇട്ട ഫോട്ടോ തെളിഞ്ഞ് വരുന്നതും നോക്കി കണ്ണും നട്ടിരിക്കുന്നതിനടയിൽ ആണ് കെട്ടിയോളുടെ ഒരോ ചോദ്യം, അവൾക്ക് ഒരു മൂളൽ കൊടുത്തുകൊണ്ട് വീണ്ടും മൊബൈലിൽ കണ്ണുംനട്ടിരുന്നു….
” ഇങ്ങേരുടെ ഒരു മൊബൈൽ…”
അത് പറഞ്ഞ് വന്നവൾ കയ്യിൽ നിന്ന് മൊബൈൽ തട്ടിപ്പറിച്ചു, എന്നിട്ട് സ്ക്രീനിലേക്ക് നോക്കിയിട്ട് എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി….
” കണ്ടവള്മാര് അവിടേം ഇവിടേമൊക്കെ ഓരോ പടം വരച്ചു വയ്ക്കും, എന്നിട്ട് അതിന്റെ ഫോട്ടോയും എടുത്തിടും, അത് നോക്കി വെള്ളമിറക്കാൻ കുറെ ആണുങ്ങളും, ഇവളുമാർക്ക് ചോദിക്കാനും പറയാനും ആരുമില്ലേ….”
പല്ലും കടിച്ചു പിടിച്ച് അവളത് പറഞ്ഞിട്ട് മൈബൈൽ എടുത്ത് ബെഡ്‌ഡിലേക്ക് വലിച്ചെറിഞ്ഞു. അവൾ അത്ര ദേഷ്യപെടണം എങ്കിൽ ആ പെണ്ണ് എവിടെ ആകും ടാറ്റൂ അടിച്ചത് എന്നായിരുന്നു എന്റെ ചിന്ത…
” ഇനി അവളെയും ഓർത്ത് ഇരിക്കാതെ കിടന്നുറങ്ങുന്നുണ്ടോ….”
കെട്ടിയോൾ അതും പറഞ്ഞ് ലൈറ്റും അണച്ചുവന്ന് കിടന്നു. അവൾ നല്ല ചൂടിൽ ആയത് കൊണ്ട് ആ ഫോട്ടോ ഞാൻ കണ്ടില്ലെന്ന് പറഞ്ഞാൽ അവളത് വിശ്വസിക്കില്ല, ഇനിയിപ്പോ മൊബൈൽ എടുത്ത് നോക്കാം എന്നുവച്ചാൽ അത് കണ്ടാൽ ഇന്ന് എന്റെ അന്ത്യമാകും അതുകൊണ്ട് തൽക്കാലം അതിനെ കുറിച്ച് ഒന്നും മിണ്ടാതെ ഇരിക്കുന്നത് ആണ് നല്ലത്…
” അല്ല നി എന്താ പറയാൻ വന്നത്…”
അപ്പോഴാണ് അവൾ എന്തോ പറയാൻ വന്ന കാര്യം ഓർത്തത്..ഞാൻ ചോദിച്ചിട്ടും ആളൊന്നും മിണ്ടുന്നലക്ഷണം ഇല്ല, ഈശ്വര ഈ പെണ്ണുങ്ങളുടെ ഈ കുശുമ്പ് എന്ന് തീരുമോ ആവൊ..
ഇവൾ പിണങ്ങിയൽ പിന്നെ ഇനി ഒരാഴ്ച മോന്തയും വലിച്ചിറക്കി നടക്കും, തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യം കാണിക്കും അത് കാണാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് പിണക്കം മാറ്റാനുള്ള ശ്രമം എന്നപോലെ പുറം തിരിഞ്ഞു കിടക്കുന്ന അവളുടെ അരികിലേക്ക് ചേർന്ന് കിടന്നു…
” ന്റെ സരസൂ….” അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞ്, വയറിലൂടെ കൈ ഇട്ട് അവളെ ചേർത്ത് പിടിച്ചതും പോയതിലും വേഗതയിൽ എന്റെ കൈ തിരിച്ചുവന്നു…
” സരസുവോ ഏത് സരസൂ… പറ മനുഷ്യ ഏവളാ അത്….”
എന്റെ സരസൂ വിളി കേട്ടതും കെട്ടിയോൾ തിരിഞ്ഞ് കിടന്ന് എന്റെ കഴുത്തിൽ രണ്ട് കയ്യും അമർത്തി ചോദിച്ചു, അവളുടെ പിടിത്തം മുറുകിയപ്പോൾ എനിക്ക് ശ്വാസം മുട്ടിത്തുടങ്ങി, പെട്ടെന്ന് അവളുടെ കൈ തട്ടി മാറ്റി കട്ടിലിൽ നിന്ന് എഴുന്നേറ്റു.
” അത്…. പെട്ടെന്ന് ആ സിനിമയിലെ ഡയലോഗ് വായിൽ വന്നത് അല്ലെ എല്ലാതെ എനിക്ക് ഈ സരസുനെ ഒന്നും അറിയില്ല..”
ഞാൻ കഴുത്തും തടവി ഭിത്തിയും ചാരി നിന്ന് പറയുമ്പോൾ അവൾ ഭദ്രകളിയെ പോലെ എന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി നിൽക്കുക ആയിരുന്നു… ഏത് നേരത്ത് ആണോ ആവൊ ആ പേര് വായിൽ കയറി വന്നത്, ഇനിയിപ്പോ പിണക്കം ഈ മാസം കഴിയുന്ന ലക്ഷണം ഇല്ല…
അൽപ്പനേരം എന്നെ അങ്ങനെ നോക്കി നിന്ന ശേഷം അവൾ വീണ്ടും കട്ടിലിൽ പുറം തിരിഞ്ഞു കിടന്നു…തൽക്കാലം മൗനമാണ് നല്ലത് എന്ന് ഓർത്ത് ഞാനും കട്ടിലിന്റെ മറുസൈസിൽ തിരിഞ്ഞു കിടന്നു….
പിറ്റേന്ന് രാവിലെ കുളിയും പല്ല് തേപ്പുമൊക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് ചെല്ലുമ്പോൾ കുട്ടികളോട് എന്തോ പിറുപിറുത്ത് കൊണ്ട് ജോലിയിൽ ആണ് കെട്ടിയോൾ. പിന്നെ അങ്ങോട്ട് പോകാതെ ഡൈനിങ് ടേബിളിൽ പോയി ഇരുന്നു..
എന്റെ മുന്നിലേക്ക് ചായയും പുട്ടും കൊണ്ട് വച്ചിട്ട് മുഖത്ത് പോലും നോക്കാതെ അവൾ തിരിഞ്ഞ് അടുക്കളയിലേക്ക് നടന്നു. പാത്രത്തിലേക്ക് നോക്കുമ്പോൾ എനിക്ക് ഏറെ ഇഷ്ടമല്ലാത്ത ഗോതമ്പ് പുട്ട് ആയിരുന്നു.
അല്ലേലും പിണങ്ങുമ്പോൾ വാശി തീർക്കാൻ അവളുടെ സ്ഥിരം പരിപാടിയാണ് ഈ പുട്ട്, ഇനിയിപ്പോ പിണക്കം മാറുമ്പോൾ അതിനും കൂടി എനിക്ക് ഇഷ്ടം ഉള്ളത് ഉണ്ടാക്കി വയ്ക്കും അവൾ..
” ഞാൻ പോകുവാ… വരുമ്പോൾ എന്തേലും വാങ്ങാൻ ഉണ്ടോ…” പോകാനായി റെഡിയായി ഇറങ്ങുമ്പോൾ ഒന്ന് കൂടി അടുക്കളയിൽ ചെന്ന് അവളോട് ചോദിച്ചു…
” വേണ്ട എന്തേലും വേണമെങ്കിൽ വൈകുന്നേരം വിളിക്കാം…” അത് പറഞ്ഞ് എന്റെ മുഖത്ത് പോലും നോക്കാതെ ഓരോ ജോലികൾ ചെയ്തുകൊണ്ടെയിരുന്നു അവൾ..
” എന്നാൽ ഞാൻ പോകുവാ….”
ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒന്ന് മൂളിയത് അല്ലാതെ മുഖത്തേക്ക് പോലും നോക്കാതെ ഇരുന്നപ്പോൾ വിഷമം തോന്നി, അൽപ്പനേരം കൂടി അവിടെ നിന്നിട്ട് തിരിഞ്ഞു നടന്നു,
പുറത്തേക്കുള്ള വാതിൽപ്പടിയിൽ ചെന്ന് തിരിഞ്ഞു നോക്കുമ്പോൾ നടുവിന് കയ്യും തങ്ങി എന്നെ തന്നെ നോക്കിനിൽക്കുകയാണ് കെട്ടിയോൾ. അവൾ കാണാതെ ചിരിച്ചുകൊണ്ട് ഞാൻ ഓഫീസിലേക്ക് പോയി…
ഓഫീസിൽ എത്തിയിട്ടും ഇരിക്കപ്പൊറുതി ഇല്ലാതെ ഫോൺ എടുത്ത് കെട്ടിയോളുടെ മൊബൈലിലേക്ക് വിളിച്ചു..
” ഉം.. എന്താ….” ഫോൺ എടുത്തയുടനെ കെട്ടിയോളുടെ ശബ്ദം ചെവിയിൽ പതിഞ്ഞു…
” ടി കെട്ടിയോളെ സത്യമായിട്ടും ഇന്നലെ ആ ഫോട്ടോ ഞാൻ കണ്ടില്ല, പിന്നെ മീശമാധവനിൽ ജഗതിയുടെ ഡയലോഗ് ഇല്ലേ അതാണ് അപ്പൊ വായിൽ വന്ന സരസൂ അല്ലാതെ എനിക്ക് ഒരു സരസുവുമായി യാതൊരു ബന്ധവും ഇല്ല…”
ഞാൻ ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞപ്പോൾ അപ്പുറത്ത് അൽപ്പനേരം മൗനമായിരുന്നു, ഹാവൂ അവൾ വിശ്വസിച്ചു എന്ന് ഓർത്തപ്പോൾ മനസ്സിന് ഒരു സമാധാനം ആയി…
” അപ്പൊ ആ നേരത്ത് നിങ്ങൾക്ക് അങ്ങനത്തെ പെണ്ണുങ്ങളുടെ അടുത്ത് പോയത് ഓർമ്മ വന്നോ, അതോ എന്നെ അങ്ങനെ ഉള്ള ഒരു പെണ്ണ് ആയി തോന്നിയോ നിങ്ങൾക്ക്…”
അത് കേട്ടതും എന്ത് മറുപടി പറയണം എന്നറിയാതെ ഇരുന്ന കസേരയിൽ നിന്ന് അറിയാതെ എഴുന്നേറ്റ് പോയി… തിരിച്ച് എന്തേലും മറുപടി പറയാൻ നാവ് പൊങ്ങും മുൻപേ അവൾ കാൾ കട്ട് ചെയ്തിരുന്നു… കോപ്പ് വീണ്ടും ഞാൻ ശശി, ഞാൻ അറിയാതെ കയ്യിൽ തലയും വച്ച് വീണ്ടും കസേരയിൽ ഇരുന്നു…
” എന്താ സാറേ ഫോൺ ചെയ്തിട്ട് തലയിൽ കയ്യും വച്ചിരിക്കുന്നത് വൈഫ് പിണങ്ങിയോ…”
എന്റെ ഇരിപ്പ് കണ്ട് എല്ലാം മനസ്സിലാക്കിയ പോലെ അതും ചോദിച്ച് മായാ എന്റെ അടുക്കലേക്ക് വന്നു.പണ്ടാരം ഇവൾക്ക് എങ്ങനെ മനസ്സിലായി നമ്മൾ പിണങ്ങി എന്ന്…
” ഏയ് പിണക്കമൊന്നും ഇല്ല, നാളെ പുള്ളിക്കരിയുടെ ബെർത്ഡേ ആണ് എന്ത് ഗിഫ്റ് കൊടുക്കുമെന്ന് ആലോചിച്ച് ഇരിക്കുക ആയിരുന്നു…” തൽക്കാലം രക്ഷപ്പെടാൻ വായിൽ തോന്നിയ ഒരു കള്ളം പറഞ്ഞു. അല്ലെ അവൾ ഓരോന്ന് ചൂഴ്ന്ന് ചോദിച്ചുകൊണ്ടേയിരിക്കും…
” ആഹാ അപ്പൊ ചിലവ് ഉണ്ട് ട്ടാ…”
മായ അത് പറഞ്ഞ് ബാക്കി ഉള്ള സ്റ്റാഫിനോട് എല്ലാം ആ സന്തോഷ വർത്ത അറിയിച്ചു, എല്ലാവർക്കും ചിലവ് വേണം മനുഷ്യൻ ഇവിടെ ആകെ പ്രാന്ത് പിടിച്ചിരിക്കുന്ന കാര്യം അവർക്ക് അറിയില്ലല്ലോ… ഉച്ച കഴിഞ്ഞാണ് ഓഫീസിൽ ഇൻസ്റ്റാൾമെന്റിൽ തുണി കച്ചവടം നടത്തുന്ന തമിഴൻ വന്നത്…
” സാറേ ഭാര്യയ്ക്ക് ഒരു സാരി ഗിഫ്റ് വാങ്ങി കൊടുക്ക്, ഇതാകുമ്പോൾ മാസം തോറും കുറേശ്ശെ കൊടുത്താൽ മതി….”
മായ അത് പറയുമ്പോൾ കൂടെ ഉള്ളവരും ഏറ്റു പിടിച്ചു. പിന്നെ വാങ്ങാതെ നിവർത്തി ഇല്ലാതെ ഒന്ന് എല്ലാവരു കൂടി ഒരു സാരി സെലക്റ്റ് ചെയ്‌തു തന്നു. സന്തോഷത്തോടെ തമിഴൻ മടങ്ങിയപ്പോൾ ഓഫീസിൽ ഉള്ളവർക്ക് തൽക്കാലം ലഡു വാങ്ങി കൊടുത്ത് തടി തപ്പി….
വീട്ടിൽ ചെല്ലുമ്പോൾ മുഖം വീർപ്പിച്ച് കെട്ടിയോൾ ടിവിയുടെ മുന്നിൽ ഇരിപ്പുണ്ട്. എന്നെ കണ്ടിട്ടും വല്യ മൈൻഡ് ഒന്നും ഇല്ല, ഇവള് ഇപ്പോഴും സരസുവിൽ നിന്ന് പിടി വിട്ടിട്ടില്ല എന്ന് മനസ്സിലായി…
ഞാൻ അത്താഴം കഴിച്ച് വേഗം മുറിയിൽ കയറി തലമുടി ചീകി വച്ച് അൽപ്പം പൗഡറൊക്കെ ഇട്ട് കട്ടിലിൽ ചാരി ഇരുന്നു. സാരി കാണുമ്പോൾ അവളുടെ പിണക്കം മാറുമെന്ന് എനിക്ക് അറിയാം, മൊബൈൽ കണ്ട് വീണ്ടും പിണക്കാമകണ്ട എന്ന് കരുതി നേരത്തെ മൊബൈൽ ഓഫ്‌ആക്കി വച്ചിരുന്നു…
അൽപ്പം കഴിഞ്ഞാണ് അവൾ മുറിയിലേക്ക് വന്നത്, വന്നയുടനെ മുറിയിലെ ലൈറ്റ് ഓഫ് ആക്കി ..
” ഏയ് ലൈറ്റ് ഓഫ് ആക്കല്ലേ…”
ഞാൻ അത് പറഞ്ഞപ്പോൾ ലൈറ്റ് ഓണാക്കി അവൾ കട്ടിലിൽ കിടന്നു. ഞാൻ മേശപ്പുറത് ഇരുന്ന കവറിൽ നിന്ന് സാരി പുറത്തെടുത്ത് പുറം തിരിഞ്ഞ് കിടക്കുന്ന അവളുടെ അരികിലേക്ക് ചെന്ന് അവൾക്ക് നേരെ നീട്ടി.അവൾ സരിയെയും എന്നെയും മാറി മാറി നോക്കി..
” കണ്ടപ്പോൾ കൊള്ളാമെന്ന് തോണി, നിനക്ക് ചേരും അത വാങ്ങിയത്…” അത് പറഞ്ഞ് അവളുടെ അരികിൽ ഇരുന്നു, അവളും കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു…
” പിണക്കം മാറ്റാൻ ഉള്ള അടവ് ആണോ ഇപ്പോൾ ഇങ്ങനെ ഒരു സാരി…” സാരി തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് അവൾ ചോദിച്ചു…
” ഏയ് അങ്ങനെ ഒന്നുമില്ല, ഇനിയിപ്പോ മാറുന്നെങ്കിൽ അതും നല്ലത് അല്ലെ…” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞെങ്കിലും അവളുടെ മുഖത്ത് ആ ചിരി കണ്ടില്ല…
” ഇത് ആരാ സെലക്റ്റ് ചെയ്തു തന്നെ…”
” അത് ഓഫീസിലെ മായ പറഞ്ഞു കൊള്ളാമെന്ന്…”
” ആഹാ അപ്പൊ അവളുമായി ആണ് അല്ലെ ഇപ്പോൾ കറക്കം…എനിക് വേണ്ട നിങ്ങളുടെ ഒരു കുന്തവും….”
അത് പറഞ്ഞു തീർന്നതും സാരി പറന്ന് മുറിയുടെ ഒരു മൂലയിൽ പോയി കിടന്നു. ഇനിയിപ്പോ തമിഴന്റെ കയ്യിൽ നിന്ന് വാങ്ങി എന്നു പറഞ്ഞാൽ അതിനാകും അടുത്ത വഴക്ക്. അതുകൊണ്ട് ഒന്നും മിണ്ടാതെ അൽപ്പനേരം കട്ടിലിൽ തന്നെ ഇരുന്നു…
പിന്നെ ഒന്നും മിണ്ടാതെ കട്ടിലിന്റെ മറുസൈഡിൽ പോയ് ചരിഞ്ഞു കിടന്നു. അൽപ്പം കഴിഞ്ഞപ്പോഴേക്കും അവളുടെ ചുടു നിശ്വാസനം എന്റെ കഴുത്തിൽ അടിച്ചു തുടങ്ങി എങ്കിലും ഞാൻ അനങ്ങാതെ കിടന്നു..
” ഉറങ്ങിയോ…” അവൾ മെല്ലെ ചെവിയിൽ ചൊദിച്ചപ്പോഴും ഞാൻ മിണ്ടാതെ കിടന്നു..
” അതേ.. പിണക്കമാണോ…” അവൾ ഒന്നുകൂടി എന്നിലേക്ക് ചേർന്ന് കിടന്ന് കൊണ്ട് വയറിലൂടെ കൈ ഇട്ട് അവളിലേക്ക് ചേർത്ത് പിടിച്ചു..
” മതി പിണക്കം.. “
ചെവിയിൽ മെല്ലെ കടിച്ചു കൊണ്ട് എന്നെ തിരിച്ച് അവൾക്ക് അഭിമുഖമായി കിടത്തി എന്റെ കണ്ണുകളിൽ നോക്കി കിടന്നു. അല്ലേലും അവളുടെ ആ ഒരു നോട്ടം മതി എന്റെ പിണക്കാമെല്ലാം അലിഞ്ഞു തീരാൻ…
” തീർന്നോ പിണക്കം…” അവൾ എന്റെ മൂക്കിൽ പിടിച്ച് വലിച്ചുകൊണ്ട് ചോദിച്ചു..
” ഇങ്ങനെ നോക്കിയാൽ പിന്നെ പിണങ്ങി ഇരിക്കാൻ പറ്റുമോ…”
” ആ അത് തന്നെയാണ് എനിക്കും പേടി… ഏവളെങ്കിലും നോക്കിയാൽ നിങ്ങൾ ഫ്ലാറ്റ് ആകും…”
” ഞാൻ അങ്ങനെ നിന്നെ വിട്ട്പോകുമോ…”
ഞാൻ അവളെ എന്നിലേക്ക് ഒന്നുകൂടി ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.. അവൾ ചിരിച്ചുകൊണ്ട് എന്റെ കണ്ണിൽ നോക്കി കിടന്നു…
” ആ സാരി ഇഷ്ടമായോ..”
അവൾ ചിരിച്ചുകൊണ്ട് തലയാട്ടി..
” രാവിലെ ഓഫീസിൽ പോയിട്ട് നിന്നെ വിളിച്ചില്ലേ, അപ്പൊ നി ദേഷ്യപ്പെട്ട് കാൾ കട്ട് ആക്കിയപ്പോൾ ആണ് ആ മായ കാര്യവും തിരക്കി വന്നത് അപ്പൊ ഞാൻ വെറുതെ പറഞ്ഞു നാളെ നിന്റെ ബെർത്ഡേ ആണെന്ന്,
അത് കഴിഞ്ഞാണ് ആ തമിഴൻ തുണിയും കൊണ്ട് വന്നത് അങ്ങനെ അവരുടെ നിർബന്ധത്തിനു വഴങ്ങി ആണ് ആ സാരി എടുത്തത്, ഇതൊക്കെ നിന്നെ പറഞ്ഞു മനസ്സിലാക്കും മുൻപേ നി എന്നെ സംശയിച്ചു….”
” എനിക് സംശയമൊന്നും ഇല്ല മനുഷ്യ,, പിന്നെ എന്റെ സ്വഭാവം നിങ്ങൾ അറിയല്ലോ….സോറി….”
അത് പറഞ്ഞവൾ കവിളിൽ ഒരു ഉമ്മ തന്നു.. പുലിയെ പോലെ കടിച്ചു തിന്നാൻ വന്നവൾ എത്ര പെട്ടെന്നാണ് പൂച്ച കുഞ്ഞുപോലെ എന്നിലേക്ക് ഒതുങ്ങി കൂടിയത് എന്ന് ആലോചിച്ചപ്പോൾ ചിരിയാണ് വന്നത്…
” എന്താ മനുഷ്യാ ചിരിക്കുന്നത്…”
” ഒന്നുമില്ല ഭാര്യേ, ഇനിയെന്നാണ് ഇതുപോലെ പിണങ്ങുന്നത് എന്ന് ആലോചിച്ച് ചിരിച്ചതാ…”
” ഇനിയിപ്പോ ഈ ആഴ്ച്ച ഇല്ല, അടുത്ത ആഴ്ചയെ ഉള്ളു എന്താ പോരെ…”
” ഓ..മതി മതി… അല്ല നി എന്താ ഇന്നലെ രാത്രി പറയാൻ വന്ന കാര്യം…”
” ഓ അതോ,… അതേ… നിങ്ങൾ രാവിലെ ഓഫീസിൽ പോകുമ്പോൾ അപ്പുറത്തെ മതിലിന്റെ സൈഡിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന അവളിലെ അവളെ നോക്കി നിങ്ങൾ ഇനി ഇളിക്കണ്ട…”
” ആരാ ആ സുബൈദയാണോ…”
” ആ അവള് തന്നെ, എനിക്ക് ഇഷ്ടമല്ല അതിനെ.. ആണുങ്ങളെ കാണുമ്പോൾ അവളുടെ ഒരു ചിരി…” അത് പറഞ്ഞ് അവൾ എന്റെ നെഞ്ചിലേക്ക് വീണ്ടും മുഖം അടുപ്പിച്ച് എന്നിൽ ചേർന്ന് കിടന്നു…
അപ്പോഴും മനസ്സിൽ ഒറ്റ സംശയമേ ഉണ്ടായിരുന്നുള്ളൂ ദൈവമേ നീ എന്തിനാ ഈ പെണ്ണുങ്ങൾക്ക് ഇത്ര കുശുമ്പ് കൊടുത്ത്….