എനിക്ക് പതിനാറു വയസ്സുള്ളപ്പോഴാണ് എന്റെയമ്മ രണ്ടാമത് പ്രസവിക്കുന്നത്, അതൊരു പെൺകുഞ്ഞായിരുന്നു..

(രചന: അച്ചു വിപിൻ)

എനിക്ക് പതിനാറു വയസ്സുള്ളപ്പോഴാണ് എന്റെയമ്മ രണ്ടാമത് പ്രസവിക്കുന്നത്. അതൊരു പെൺകുഞ്ഞായിരുന്നു. പ്രസവിച്ചതമ്മയായിരുന്നെങ്കിലും അവളെ വളർത്തിയത് ഞാനായിരുന്നു.

അമ്മേ എന്ന് വിളിക്കും മുൻപേ ആദ്യമായി “ഏട്ടാ” എന്നെന്നെ കൊഞ്ചി വിളിച്ചവൾ…

എട്ടന്റെ കയ്യിൽ തൂങ്ങി നടന്നു ഏട്ടനാണെന്റെ ലോകം എന്ന് നൂറു വട്ടം പറഞ്ഞിരുന്നവൾ…

ഏട്ടന്റെ സകല പോക്കിരിത്തരത്തിനും കൂട്ട് നിന്നവൾ….

ഏട്ടന് വേണ്ടി എല്ലാവരോടും  തല്ലുകൂടിയവൾ….

രാത്രി കൂട്ടുകാരോടൊത്തു  കറങ്ങിയശേഷം വൈകി വരുമ്പോൾ വീട്ടുകാർ  കാണാതെ ഏട്ടന് വേണ്ടി വാതിൽ തുറന്നിട്ട് തന്നവൾ…

ഏട്ടാ എന്ന് വിളിച്ചു തന്റെ പുറകെ ചിണുങ്ങി കൊണ്ട് നടന്നവൾ…

എനിക്കിപ്പോ കല്യാണം ഒന്നും വേണ്ട  എന്ന്  പറഞ്ഞു വാശി പിടിച്ചു കരഞ്ഞവൾ…..

അങ്ങനെ എല്ലാമെല്ലാമായ ഏട്ടന്റെ പെങ്ങൾ  എത്ര പെട്ടെന്നാണൊരു കല്യാണപ്പെണ്ണായത്….

എത്ര പെട്ടെന്നാണ് വീട്ടിലൊരു കല്യാണപ്പന്തലുയർന്നത്..

ആൾക്കൂട്ടത്തിന് പുറകിൽ നിന്നും കല്യാണത്തലേന്ന്  മൈലാഞ്ചിയിടുന്ന പെങ്ങളെ  നോക്കി നിന്നപ്പോൾ അറിയാതെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊഴിഞ്ഞത് ആരും കാണാതെ മറച്ചു പിടിച്ചു…

കലവറയിലെ പാചകക്കാരോട് പെങ്ങളൂട്ടിയുടെ കല്യാണമാണ് സദ്യ ഒക്കെ കേമമാകണം എന്ന് പറയുമ്പോൾ തൊണ്ട വല്ലാതെ ഇടറിയിരുന്നു..

വീട്ടിൽ വന്ന അയൽക്കാരെയെല്ലാം നാളെ നേരത്തെ വന്നേക്കണം കേട്ടോ എന്ന് പറഞ്ഞു  യാത്രയാക്കി,

പന്തല് പണിക്കാരെയും പറഞ്ഞു വിട്ടു,പെങ്ങൾക്ക് രാവിലെ മുടിയിൽ ചൂടാനുള്ള മുല്ലപൂവും ഏർപ്പാടാക്കിയ ശേഷം വീടിന്റെ  ഉമ്മറത്ത് വന്നിരിക്കുമ്പോൾ നെഞ്ചിൽ മുൻപെങ്ങുമില്ലാത്ത വിധമൊരു വിങ്ങലായിരുന്നു…

നാളെ മുതൽ ഏട്ടാ എന്ന് വിളിച്ചുകൊണ്ടീ മുറ്റത്തുകൂടി ഓടിനടക്കാൻ അവളില്ല എന്ന സത്യം വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു…

ഇത്ര നാളും നിധി പോലെ ഞാൻ  കാത്തു സൂക്ഷിച്ച മാണിക്യം മറ്റൊരുത്തനു സ്വന്തമാകും എന്നോർത്തപ്പോൾ ചങ്കു പിടഞ്ഞു പോയി….

ഒടുക്കം ഓരോന്നാലോചിച്ചാ  ഉമ്മറത്തിണ്ണയിലിരുന്നു നേരം വെളുപ്പിച്ചു…

രാവിലെ ആയപ്പോൾ പിന്നെ  ഒരോട്ടമായിരുന്നു  അതിഥികളെ സ്വീകരിക്കാനും പെങ്ങൾക്ക് പോകാൻ ഉള്ള വണ്ടിക്കാരനെ വിളിക്കാനും രാവിലത്തെ ഭക്ഷണം ഏർപ്പാടാക്കാനും ഈ  ഏട്ടനല്ലാതെ പിന്നാരാണ്  മുൻപന്തിയിൽ നിൽക്കുക..

ഒടുക്കം ഒരുക്കങ്ങളെല്ലാം കഴിഞ്ഞു തലയിൽ മുല്ലപ്പൂവും ചൂടി ആഭരണങ്ങൾ എല്ലാം അണിഞ്ഞു ഒരു ദേവിയെ പോലെ മുന്നിൽ വന്നു നിൽക്കുന്ന പെങ്ങളെ  കണ്ണെടുക്കാതെ അൽപ നേരം നോക്കി നിന്നു…

എല്ലാവർക്കും ദക്ഷിണ കൊടുക്കുന്നതിന്റെ കൂടെ അവൾ എനിക്കും തന്നു നൂറിന്റെ നോട്ടിന്റെ മേൽ ഒരു രൂപ നാണയം വെച്ചൊരു വെറ്റിലയുമടക്കയും… നിർവികാരനായി നിൽക്കുന്ന എന്റെ കാലിൽ തൊട്ടനുഗ്രഹം മേടിക്കാൻ അവൾ  കുഞ്ഞിഞ്ഞപ്പോൾ  കണ്ണ് നിറയാതിരിക്കാൻ പരമാവധി ശ്രമിച്ചു…

ഒടുക്കം നിന്റെ കൈകളീ  പാദങ്ങളിൽ സ്പർശിച്ചപ്പോൾ  ചതിച്ചതീ ഏട്ടന്റെ കണ്ണുകളാണല്ലോ മോളെ…

എല്ലാം കഴിഞ്ഞു വീട്ടിൽ നിന്നുമിറങ്ങി പെങ്ങളുടെ കൈ പിടിച്ചു കാറിൽ കയറ്റുമ്പോൾ അന്നാദ്യമായി  ചങ്കു പൊടിഞ്ഞു പോയി…..

അങ്ങനെ കൊട്ടും കുരവയും ആർപ്പുവിളികളുമായി അടുത്തുള്ള അമ്പലനടയിൽ വെച്ചെന്റെ പെങ്ങളുടെ കഴുത്തിൽ താലി വീണ ധന്യ നിമിഷം സന്തോഷത്തോടെ ഞാൻ നോക്കിക്കണ്ടു…

വിയർപ്പ് പൊടിഞ്ഞയെന്റെ  ഉള്ളം കയ്യിൽ കരുതിയിരുന്ന അരളിപൂക്കൾ അവൾക്കു നേരെയുള്ള അനുഗ്രഹമായി ഞാൻ  ചൊരിഞ്ഞു…

ഒടുക്കം പെങ്ങളുടെ കൈ പിടിച്ചു മറ്റൊരാളുടെ കൈയിൽ ഏൽപ്പിക്കുമ്പോൾ അറിയാതെയെങ്കിലും എന്റെ കൈകൾ വിറച്ചിരുന്നു…

പിന്നെ സദ്യ കൊടുക്കുന്ന ഹാളിലും  ബന്ധുക്കളുടെ ഇടയിലും ക്ഷണിച്ചു വരുതിയ  അതിഥികൾക്കിടയിലും മുഖത്തൊരു ചിരിയും ഫിറ്റ്‌ ചെയ്തു ഞാൻ  ഓടി നടക്കുന്നതിനിടയിലും സ്റ്റേജിൽ നിൽക്കുന്ന പെങ്ങളെയും മതി വരാതെ നോക്കുന്നുണ്ടായിരുന്നു…

എല്ലാത്തിനുമവസാനം തന്റെ പെങ്ങൾക്ക് ഭർത്താവിന്റെ വീട്ടിലേക്കു പോകാൻ ഉള്ള നേരമായെന്ന തിരിച്ചറിവ് മനസ്സിൽ ഒരു വിങ്ങളുലവാക്കിയെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ തെക്കോട്ടും നോക്കി ഞാൻ  നിന്നു…

ഒടുക്കം പോകാൻ ഇറങ്ങിയ നേരം അവളുടെ കണ്ണുകൾ പരതിയതും എനിക്കായി മാത്രം ആയിരുന്നു…

അവസാനം  എന്നെ കണ്ടതിന്റെ ആശ്വാസത്തിൽ ഏട്ടാ എന്ന് വിളിച്ചെന്റെ  നെഞ്ചിലേക്കവൾ എങ്ങലടിച്ചു കൊണ്ട്  വീണപ്പോൾ അത്ര നേരവും പിടിച്ചു നിർത്തിയ  കണ്ണീർ എന്റെ കണ്ണിലൂടെ  മഴയായി പെയ്തിറങ്ങി….

കരയാതെ ചിരിച്ചു കൊണ്ട് പോയി വാ മോളെ എന്ന് പറഞ്ഞവളെ ആശ്വസിപ്പിച്ചു കാറിൽ കയറ്റിയിരുത്തിയ  ശേഷം അളിയന്റെ കൈ പിടിച്ചു കൊണ്ട് ഞാൻ പറയുന്നുണ്ടായിരുന്നു,

സ്നേഹിക്കാൻ മാത്രം അറിയാവുന്ന പൊട്ടി പെണ്ണാണവൾ ഇനി നീ വേണോട്ടോ  അവളെ നോക്കാൻ…. ഒരിക്കലും അവളുടെ കണ്ണുകൾ നിറയരുത്…

ഞാനതു പറയുമ്പോൾ എന്റെ കൈകൾ വിറച്ചെങ്കിലും എന്റെ കയ്യിൽ പിടിച്ചിരുന്ന അളിയന്റെ കൈകൾക്ക്‌ നല്ലുറപ്പുണ്ടായിരുന്നു….

കാറിന്റെ വെളിയിലേക്ക് തലയിട്ട് എന്റെ നേരെ തന്നെ നോക്കിക്കൊണ്ട്  ഭർത്താവിനൊപ്പം യാത്രയാകുന്ന പെങ്ങളെ നിറക്കണ്ണുകളോടെ ഞാൻ നോക്കി നിന്നു….

വല്ലപ്പഴും ഒരതിഥിയെ പോലെ മാത്രം ഇനി വന്നാലായി എന്ന് വിചാരിച്ച എന്റെ പെങ്ങൾ മൂന്നാമത്തെ പ്രസവത്തിനായി ഏട്ടാ എന്ന് ചിണുങ്ങി വിളിച്ചുകൊണ്ട്  വീണ്ടും വീട്ടിലേക്കു വരുമെന്ന് ഞാനന്ന് സ്വപ്നത്തിൽ പോലും ഓർത്തിരുന്നില്ല….

തീറ്റയും ഉറക്കവും ക്ഷീണവും  വാശിയുമായി ഹാളിലെ   ടീവിക്കു മുന്നിലുണ്ടവൾ അതിന്റെ കൂടെ “മാമാ” എന്ന് വിളിച്ചവളുടെ മൂത്ത രണ്ടു പുത്രന്മാർ എന്റെ മടിയിലും….ആഹാ ഇതിലും വലിയൊരു സ്വർഗം ഈ ഭൂമിയിൽ ഉണ്ടോ…

Leave a Reply

Your email address will not be published. Required fields are marked *