ഡോ തനിക്കു നാളെ ഒരു സർപ്രൈസ് ഉണ്ട്, ഏറെ നാളുകൾക്കു ശേഷം വന്ന അവന്റെ ആ മെസ്സേജ്..

കറുപ്പിന്റെ കൂട്ടുകാരൻ
(രചന: Athulya Sajin)

ഡോ.. തനിക്കു നാളെ ഒരു സർപ്രൈസ് ഉണ്ട്…

ഏറെ നാളുകൾക്കു ശേഷം വന്ന അവന്റെ ആ മെസ്സേജ് എന്നിൽ എന്ധെന്നില്ലാത്ത സന്തോഷം ഉണ്ടാക്കി…..

എന്താണ്…. എന്ന് ചോദിക്കുന്നതിന്  മുന്നേ മെസ്സെഞ്ചറിന്റെ  പച്ച ലൈറ്റ് ഓഫ് ആക്കി കക്ഷി സ്ഥലം വിട്ടു….

ഇയാൾ ഇങ്ങനെ തന്നെയാണ്   പ്രതീക്ഷയുടെ വാക്ക് തന്ന്  ഒരു ക്ലൂ പോലും തരാതെ അങ്ങ് മുങ്ങിക്കളയും…

പിന്നെ ഏറെ നേരം കാത്തു നിന്നിട്ടും ആ വെട്ടം തെളിഞ്ഞില്ല…

I’m waiting….

എന്ന് തിരിച്ചു ഒരു മെസ്സേജ് ഇട്ട് നെറ്റ് ഓഫ്‌ ചെയ്തു കിടന്നു….

ഫേസ്ബുക് ൽ ചുരുക്കം ചില സൗഹൃദങ്ങൾ മാത്രമേ ഉള്ളു… അതിൽ മുൻ പന്തിയിൽ നിൽക്കുന്ന സുഹൃത്ത് ആണ് സേതു…

ഒരിക്കൽ എഴുത്ത് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്ത ഒരു ചെറിയ പോസ്റ്റിന്റെ കമന്റ്‌ ബോക്സിൽ ആണ് ഇയാളെ ആദ്യമായി കാണുന്നത്..

‘കറുപ്പിന്റെ കൂട്ടുകാരൻ ‘ എന്ന ഐഡി നേം… …
വെളുത്തു തുടുത്തിരിക്കുന്ന ഒരു പയ്യൻ… രണ്ടും തമ്മിലുള്ള അന്തരം എന്നിൽ കൗതുകം ഉണ്ടാക്കി…

വെണ്‌മയിലെഴുതിയ നിന്റെ മുഖചിത്രത്തേക്കാൾ കരിനീലക്കണ്ണുകളോടാണ് എനിക്ക് പ്രിയം….
അധരങ്ങളിലെ ചുവപ്പിനെക്കാൾ കാർക്കൂ ന്തൽ കറുപ്പിനാണു എൻ ഹൃത്തടത്തിൽ സ്ഥാനം….
നിന്റെ ഉടലഴകിൽ ഭ്രാമിക്കാനല്ല നിന്റെ കരുണയിൽ ലയിക്കാനാണു എന്റെ ജീവൻ…….

എന്ന എന്റെ വരികൾക്ക് താഴെ..

കറുപ്പില്ലാതെ വെളുപ്പിന് എന്തു ഭംഗി അല്ലെ മാഷേ….  ഇങ്ങനെ കുറിച്ചത് കണ്ടാണ് ഞാൻ പോലും ആ വരികളിലെ കറുപ്പിന്റെ പ്രാധാന്യത്തെ കുറിച്ചു ചിന്തിച്ചതു….

പിന്നെ ഫ്രണ്ട് റിക്വസ്റ്റ് രൂപത്തിൽ വീണ്ടും അയാൾ കടന്നു വന്നു…  ഞങ്ങൾ വളരെ വേഗം സുഹൃത്തുക്കളായി.. സൗഹൃദത്തിനപ്പുറം അതിലും മിഴിവുള്ള ഒരു സാഹോദര്യ ബന്ധമായി മാറുകയായിരുന്നു….

ചാറ്റുകളിൽ ഇടയ്ക്കിടെ കടന്നുവരുന്ന വിപ്ലവചുവയുള്ള വാക്കുകൾ അവനിലെ സഖാവിനെ എനിക്ക് മുന്നിൽ വെളിപ്പെടുത്തി…

പേര് സേതു എന്നാണെന്നും വീട് കണ്ണൂർ ആണെന്നും പറഞ്ഞു…

ഒരിക്കൽ എന്റെ സംശയം ഞാൻ ചോദിച്ചു…

കറുപ്പിനോട് എന്താ ഇത്രയും പ്രിയം…??

കറുപ്പിനോട് പ്രിയം മാത്രമല്ല.. സ്നേഹമാണ്… ആരാധനയാണ്… അതിലെല്ലാം ഉപരി ഭ്രാന്ത് ആണ്…

ഇതിനൊക്കെ ഒരു കാരണം ഉണ്ടാവില്ലേ… അതാ ഞാൻ ചോദിച്ചത്…??

കാരണം ഉണ്ട്.. ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ  സ്നേഹിച്ചിരുന്നതും ഇപ്പോൾ സ്നേഹിക്കുന്നതുമായ രണ്ടു  പേർ കറുത്തിട്ടാണ്…

ആരൊക്ക…???

ഒന്ന് എന്റെ അമ്മ…. എന്റെ അമ്മയുടെ കരുണ നിറഞ്ഞ ആ ഇരുണ്ട മുഖത്തു കാണുന്ന ചൈതന്യം ഒരു വെളുത്ത മുഖത്തും ഞാൻ ഇന്നേവരെ കണ്ടിട്ടില്ല…

അമ്മയുടെ ഇരുണ്ട നിറത്തെ ചൊല്ലി അച്ഛന്റെ വീട്ടുകാർ എന്നും അമ്മയെ കളിയാക്കുന്നത് കണ്ടു വളർന്ന ബാല്യമാണ് എന്റെത്…

കണ്ണുനീരിനിടയിലും സുന്ദരമായി പുഞ്ചിരിക്കാനുള്ള കഴിവ് സ്ത്രീകൾക്ക് മാത്രം എങ്ങനെ ലഭിച്ചു എന്നത് എനിക്കെന്നും അത്ഭുതമാണ്….

ആ എണ്ണക്കറുപ്പിന്റെ ആരാധകനാണ് ഞാൻ…

അമ്മ ഇപ്പോൾ….???

ഇല്ല… മരിച്ചു പോയി

അപ്പോൾ രണ്ടാമത്തെ ആൾ??

എന്റെ പ്രണയിനി… ഉണ്ണിമായ….

ഓ.. അപ്പോൾ ഒരു കള്ളക്കാമുകനാണല്ലേ…

അതേ…

അപ്പൊ എന്നാ കല്യാണം…

അത്…. കല്യാണം അത് നടക്കുമോ എന്നറിയില്ല…

അതെന്താ…. വൺ സൈഡ് ആണോ??

അതേ… അവൾക്കെന്നോട് ഇഷ്ട്ടമുണ്ട്.. അതെനിക്കറിയാം… എന്നാൽ അവളുടെ സാഹചര്യം അവളെ തടയുന്നു…

പിന്നെ എന്റെ അച്ഛൻ ഇതിന് എതിരാണ്..

അവൾ കറുത്തിട്ടായതു കൊണ്ടാണോ..? അതോ ജാ തി വേറെ ആയത് കൊണ്ടോ…??

അത് രണ്ടും ആയിരുന്നെങ്കിൽ എന്റെ അച്ഛൻ അമ്മയെ വിവാഹം ചെയ്യുമായിരുന്നില്ലല്ലോ….

പിന്നെന്താ പ്രശ്നം…

അവളുടെ കല്യാണം കഴിഞ്ഞതാണ്… മാത്രമല്ല അവൾക്കൊരു കുഞ്ഞുമുണ്ട്….

അയ്യോ.. അപ്പൊ ഭർത്താവ്??

മരിച്ചു പോയി… അവൾക് വേറെ ആരുമില്ല… കുഞ്ഞുമായി തനിച്ചു ജീവിക്കുന്നു…

അവളുടെ ഏകാന്തതക്ക്‌ ഒരു കൂട്ട് കൊടുക്കണം എന്നു തോന്നി…

നല്ല കാര്യം… ആട്ടെ ഇങ്ങനെ ഒരാളെ ഇഷ്ട്ടപ്പെടാനുള്ള കാരണം???

അവളുടെ കറുപ്പിൽ ഞാൻ എന്റെ അമ്മയെ ആണ് കണ്ടെത്തിയത്… ആ കുഞ്ഞിന്റെ കണ്ണുകളിൽ എന്നെത്തന്നേയും….

ഇനിയെന്തു ചെയ്യും???

സമ്മതിപ്പിക്കണം… വേറെ വഴിയില്ല….

ഗുഡ് ലക്ക്… എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും….

ഒരുപാട് നന്ദി….

അതിനു ശേഷം പിന്നെ ദിവസങ്ങൾക്കു ശേഷം ഇന്നാണ് അവന്റെ മെസ്സേജ് തേടി വരുന്നത്….

ഇയാളോട് എന്തുകൊണ്ടാണ് ഇത്രയും ആത്മബന്ധം എന്നറിയില്ല… ഒരു പക്ഷെ അതൊരു ഫേക്ക് ഐഡി ആയിരിക്കാം.. അയാൾ പറയുന്നത് മുഴുവൻ പച്ചക്കള്ളവുമാവാം… എങ്കിലും അതെല്ലാം സത്യമായെങ്കിൽ എന്ന പ്രാർത്ഥനയാണ് എന്റെയുള്ളിൽ….

എന്താടോ ഭാര്യേ ഇനിയും കിടന്നില്ലേ.. എന്താ ഇത്ര ആലോചന.. വിനുവേട്ടൻ അടുത്ത് വന്നിരുന്നത് പോലും അറിഞ്ഞിരുന്നില്ല… എന്റെ എല്ലാ സൗഹൃദങ്ങളും വിനുവേട്ടൻടെതു കൂടിയാണ്…

അതേയ്  ഇന്ന് സേതു ഒരു മെസ്സേജ് അയച്ചു.. നാളെ എന്തോ സർപ്രൈസ് ഉണ്ടെന്നു പറഞ്ഞു…

വിനുവേട്ടന് എന്തു തോന്നുന്നു.. എന്താവും സർപ്രൈസ്..

അത് അറിയാൻ ഇനി അതികം നേരം ഒന്നുമില്ലല്ലോ… താനൊന്നു ക്ഷമിക്കേടോ…

രാവിലെ അടുക്കളയിൽ തിരക്കിട്ട പണികൾക്കിടയിലാണ് വിനുവേട്ടൻ വിളിച്ചത്…

തെല്ലു ഈര്ഷ്യയോടെയാണ് പൂമുഖത്തേക്ക് ചെന്നത്.   ..  അപ്പോൾ ഫോണിൽ നോക്കിയിരിക്കുന്നു…

ഈ തിരക്കിനിടയിൽ എന്തിനാ വിളിച്ചേ… തനിക്ക് ഒരു കാര്യം കാണിച്ചു തരാനാ…

എന്താ കാര്യം?

ഇങ്ങോട്ട് ഒന്ന് നോക്കിക്കേ എന്ന് പറഞ്ഞു കൊണ്ട് ഫോൺ എന്റെ നേരെ നീട്ടി…

അതിലെ ഫോട്ടോ കണ്ടു ഞാൻ ഞെട്ടി…
സേതുവിന്റെ വിവാഹ ഫോട്ടോ… അതേ ഇത് അവൾ തന്നെ… ആ കുഞ്ഞിനെ അവൻ എടുത്തു നിൽക്കുന്നു… അവളെ ചേർത്തുപിടിച്ചിരിക്കുന്നു…

ആ കുഞ്ഞിന്റെ മുഖത്തു യാതൊരു അപരിചിതത്വവുമില്ല.. മറിച്ചു ആ കണ്ണുകളിൽ തിളങ്ങുന്ന സന്തോഷം മാത്രം….

അവളുടെ ഉള്ളിലെ വിരഹത്തിന്റെ തീനാളങ്ങൾ എന്നന്നേക്കുമായി കെട്ടടങ്ങിയ പോലെ ആ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞിരിക്കുന്നു….

എന്റെ കണ്ണുകൾ നിറഞ്ഞു വന്നു… എന്നാൽ അവന്റെ ചുണ്ടിൽ എപ്പോഴും കുടികൊള്ളുന്ന ആ പുഞ്ചിരി ഇന്ന് എന്റെ ചുണ്ടുകളും കടം കൊണ്ടിരിക്കുന്നു…

ഇത്രയും നല്ലൊരു സുഹൃത്തിനെ തന്നതിന് ഞാൻ ദൈവത്തിനോട് എന്നും നന്ദിയുള്ളവളായിരിക്കും….

നിന്റെ പ്രിയ സഖി നിന്നോട് ചേർന്നപ്പോളാണ് നിന്റെയുള്ളിലെ നന്മയുടെ വെളുപ്പിന് ഭംഗി ഏറിയത് സുഹൃത്തേ…….

ഇങ്ങനെ കറുപ്പിനെ ഭ്രാന്തമായി പ്രണയിക്കുന്ന ആളുകൾ ഉണ്ടാകുമോ എന്നറിയില്ല…. ഇത് വെറും സങ്കല്പികമായ കഥയാണ്…..

ഈ സങ്കൽപ്പം യാഥാർഥ്യത്തിൽ എത്തി നിൽക്കാനായി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു…., കാത്തിരിക്കുന്നു…..

Leave a Reply

Your email address will not be published. Required fields are marked *