(രചന: ശ്യാം കല്ലുകുഴിയിൽ)
ചെമ്മൺ പാത കഴിഞ്ഞ് വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് കയറുമ്പോൾ തന്നെ ഉച്ചത്തിൽ മക്കൾ സന്ധ്യനാമം ജപിക്കുത് രാജൻ കേട്ട് തുടങ്ങി.
ഇടവഴി കഴിഞ്ഞ് വീടിന്റെ മുറ്റത്തേക്ക് എത്തുമ്പോൾ ഉമ്മറത്ത് കത്തിച്ചു വച്ച നിലവിളക്കിന് സമീപം മക്കൾക്കൊപ്പം അയാളുടെ ഭാര്യ സതിയും ഇരിപ്പുണ്ടായിരുന്നു..
രാജനെ കണ്ടപ്പോഴേക്കും കണ്ണടച്ച് കൈ കൂപ്പി നിലവിളക്കിലേക്ക് മൗനമായി പ്രാർത്ഥിച്ചു കൊണ്ട് സതി എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി. രാജൻ കയ്യിൽ ഇരുന്ന പൊതി സതിയെ ഏൽപ്പിച്ചു കൊണ്ട് കിണറ്റിൻ കരയിലേക്ക് നടന്നു.
അശയിൽ കിടന്ന തോർത്ത് ഉടുത്ത് കൊണ്ട് ഷർട്ടും മുണ്ടും മാറ്റി ബക്കറ്റിലേക്ക് വെള്ളം കോരി നിറയ്ക്കുമ്പോഴേക്കും കാച്ചിയെണ്ണയും കുളിച്ചിട്ട് ഉടുക്കാൻ ഉള്ള മുണ്ടുമായി സതി കിണറ്റിൻകരയിൽ എത്തിയിരുന്നു…
എണ്ണ വാങ്ങി തലയിൽ തേച്ച് ബാക്കി കയ്യിൽ പറ്റിയിരുന്ന എണ്ണ കയ്യിലും കാലിലും തേച്ചുകൊണ്ട് കപ്പ് കൊണ്ട് ബക്കറ്റിൽ നിന്ന് വെള്ളം കോരി തലയിലേക്ക് ഒഴിച്ചു തുടങ്ങി.
തണുത്ത വെള്ളം ശരീരത്തെ തഴകി ഇറങ്ങിയപ്പോൾ ആ വെള്ളം അയാളുടെ ശരീരത്തെ തണുപ്പിച്ചു എങ്കിലും മനസ്സിനെ പൊള്ളിച്ചു കൊണ്ടേയിരുന്നു…
കുളി കഴിഞ്ഞ് തലയും തോർത്തി ഉമ്മറത്തേക്ക് കയറുമ്പോഴേക്കും സതി കട്ടൻ ചായയുമായി അയാൾക്ക് അരികിലേക്ക് എത്തി. പതിവുപോലെ രാജൻ കൊണ്ട് വന്ന പൊതിയിൽ നിന്ന് പരിപ്പുവട എടുത്ത് മക്കൾക്ക് കൊടുത്ത് ഒന്ന് രാജന് നേരെ നേടിയെങ്കിലും അയാൾ വേണ്ടെന്ന് തലയാട്ടിയപ്പോൾ അത് സതിയും കഴിച്ചു.
മക്കൾ മുറിയിൽ കയറി പഠനം തുടങ്ങിയപ്പോൾ ടിവിയുടെ ശബ്ദം കുറച്ച് വച്ച് അതും ശ്രദ്ധിച്ച് സതി ടിവിയ്ക്കരികിൽ തന്നെ ഇരുന്നു. രാജൻ ഉമ്മറത്ത് ഇരുന്ന് പത്രം വായിക്കുമ്പോഴും അയാളുടെ മനസ്സും ചിന്തകളും വേറെ എവിടെയൊക്കെയോ ആയിരുന്നു….
അന്ന് എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുമ്പോഴും അയാൾ മറ്റെന്തോ ചിന്തയിൽ ആണെന്ന് സതിക്ക് മനസ്സിലായി.
പതിവ്പോലെ ഭക്ഷണം കഴിച്ച് ടിവിയിൽ വാർത്ത കേൾക്കാൻ ഇരിക്കാതെ രാജൻ അന്ന് നേരത്തെ കിടന്നു. അടുക്കളയിലെ ജോലി ഒതുക്കി ഉറങ്ങാൻ കിടന്ന മക്കളേയും നോക്കികഴിഞ്ഞ് സതി മുറിയിൽ ചെന്നപ്പോൾ രാജൻ കണ്ണും അടച്ച് കിടക്കുക ആയിരുന്നു..
” എന്തുപറ്റി ഇന്ന്…”
മുറിയിലെ അലമാരിയിലെ കണ്ണാടിയിൽ നോക്കി മുടി വാരി കെട്ടിക്കൊണ്ട് സതി ചോദിച്ചു… സതിയുടെ ശബ്ദം കേട്ടാണ് രാജൻ കണ്ണ് തുറന്ന് അവളെ നോക്കിയത്..
” ഏയ് ഒന്നുമില്ല.. എന്താ നിന്റെ കഴുത്തിൽ ഒരു പാട്, എന്തേലും കടിച്ചോ…”
രാജന്റെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ സതി അൽപ്പം പരുങ്ങി, അവൾ കൈ കൊണ്ട് പിൻ കഴുത്തിൽ തടവി,,,,
” ഓ അത് എന്തേലും കടിച്ചത് ആകും ഞാനും ഇപ്പോഴാ ശ്രശിച്ചത്….”
അത് പറഞ്ഞ് മുറിയിലെ ലൈറ്റ് അണച്ച് സതി കിടന്നു…
” എന്താ പറ്റിയത്,, എന്തേലും വിഷമം ഉണ്ടോ….”
സതി രാജന്റെ നെഞ്ചിലേക്ക് കൈ വച്ചുകൊണ്ട് ചോദിച്ചു. അന്ന് ആദ്യമായി അവളുടെ സ്പർശനം അയ്യാളുടെ ശരീരത്തെ പൊള്ളിച്ചു…
” ഒന്നുമില്ല….”
അത് പറഞ്ഞ് രാജൻ തിരിഞ്ഞ് കിടന്നു, സതിയും പിന്നെ ഒന്നും ചോദിക്കാതെ കിടന്നുറങ്ങി…
പിറ്റേന്ന് രാവിലെ രാജൻ ജോലിക്കും മക്കൾ സ്കൂളിലും പോയി. പന്ത്രണ്ട് മണിയോടെ സതിയുടെ വീട്ടുജോലിയൊക്കെ കഴിഞ്ഞപ്പോൾ അവളുടെ പഴയ മൊബൈൽ ശബ്ദിച്ചു തുടങ്ങി.
ഷെൽഫിന്റെ മുകളിൽ ഇരുന്ന മൊബൈൽ കൈയെത്തി പിടിച്ച് എടുത്തു. മൈബൈലിലെ സ്ക്രീനിൽ തെളിഞ്ഞ നമ്പർ കണ്ടപ്പോൾ സതിയുടെ മുഖത്ത് ഒരു ചിരി വിടർന്നു….
” ഹെലോ…..”
അടുക്കള വാതിൽ ചാരി, മൊബൈൽ ചെവിയിലേക്ക് വച്ച് മെല്ലെ പറഞ്ഞു കൊണ്ട് സതി കട്ടിലിലേക്ക് കിടന്നു…
” ജോലിയൊക്കെ കഴിഞ്ഞോ,, ഞാൻ വരട്ടെ….”
മറുതലയിൽ നിന്നുള്ള ശബ്ദം കേട്ടപ്പോൾ സതിയുടെ ചുണ്ടിൽ വീണ്ടും ചിരി വിടർന്നു…
” ഏയ് വേണ്ട അങ്ങേർക്ക് എന്തോ സംശയം ഉള്ളത് പോലെ തോന്നുന്നുണ്ട്, എന്തായാലും ഒരാഴ്ച കഴിയട്ടെ എന്നിട്ട് മതി….”
” എന്റെ മുത്തല്ലേ പ്ലീസ്, ഇന്ന് ഒരു തവണ കൂടി….”
മറുതലയിൽ നിന്ന് പരിഭവം നിറഞ്ഞ ശബ്ദം വീണ്ടും സതിയുടെ ചെവിയിൽ പതിഞ്ഞു…
” ഒന്ന് ക്ഷമിക്കടാ കള്ളാ,,, ഇന്നലെ ആക്രാന്തം മൂത്ത് കഴുത്തിൽ കടിച്ചു മുറിഞ്ഞ പാട് അങ്ങേര് കണ്ടു പിടിച്ചു,, ഞാൻ എന്തൊക്കെയോ കള്ളം പറഞ്ഞ് ആണ് രക്ഷപ്പെട്ടത്….”
അവൾ ചിരിച്ചുകൊണ്ട് പറയുമ്പോൾ അങ്ങേ തലയിൽ നിന്ന് ഉച്ചത്തിൽ ഉള്ള ചിരി മുഴങ്ങി…
” ആ നീ ഇരുന്ന് ചിരിച്ചോ ഇന്നലെ ഞാൻ അനുഭവിച്ച ടെൻഷൻ ഉണ്ടല്ലോ… അത്കൊണ്ട് കുറച്ച് ദിവസം കഴിഞ്ഞുമതി ഇനി ഒളിച്ചും പാത്തുമുള്ള കൂടി കാണൽ കേട്ടോ…”
” എന്നാ ശരി ചക്കരെ അങ്ങനെ ആകട്ടെ…”
അത് പറഞ്ഞ് അവൻ കാൾ കട്ട് ആകുമ്പോൾ ഒട്ടും കുറ്റബോധം സതിക്ക് ഇല്ലായിരുന്നു. അവൾ അടുത്ത കൂടികാഴ്ചയും സ്വപ്‌നം കണ്ട് കട്ടിലിൽ കിടന്നു..
പിന്നീടുള്ള ദിവസങ്ങളിലും രാജന്റെ അകൽച്ച അവൾ ശ്രദ്ധിച്ചിരുന്നു. എന്തുപറ്റിയെന്ന് എത്ര ചോദിച്ചിട്ടും അയാൾ ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി നടന്നതെയുള്ളൂ….
” എന്താ നിങ്ങളുടെ പ്രശ്നം ഇന്ന് അത് പറഞ്ഞിട്ട് ഉറങ്ങിയാൽ മതി…”
ഭിത്തിയിലേക്ക് നോക്കി ചരിഞ്ഞു കിടക്കുന്ന രാജന്റെ മുഖം തന്റെ നേർക്ക് തിരിച്ചുകൊണ്ട് സതി ചോദിച്ചു. രാജൻ അവൾക്ക് നേരെ ചിരിഞ്ഞ് സതിയുടെ കണ്ണുകളിൽ നോക്കി കിടക്കുമ്പോൾ അവളിൽ വശ്യമായ ചിരി വിരിഞ്ഞു…
” നിന്റെ സാമിപ്യവും,സ്പർശനവും ഒരുപാട് ഇഷ്ടമായിരുന്നു, പക്ഷെ ഇന്നിപ്പോൾ നിന്റെ സ്പർശനം എന്റെ ശരീരരത്തെ പൊള്ളിക്കുന്നുണ്ട്….”
രാജൻ അത് പറഞ്ഞപ്പോൾ സതിയുടെ മുഖത്തെ ചിരി മങ്ങി ഭയം നിഴലിച്ചു, അവൾ അയാളുടെ ശരീരത്ത് നിന്ന് കൈ പിൻവലിച്ച് അയാളുടെ മുഖത്ത് നോക്കി കിടന്നു…
” എന്താ, എന്താണ് നിങ്ങൾ ഈ പറയുന്നത്….” രാജനോട് അത് ചോദിക്കുമ്പോഴും ആയിരം ചോദ്യങ്ങൾ അവളുടെ മനസ്സിലൂടെ കടന്ന് പോയിരുന്നു…
” എനിക്ക് മാത്രം അവകാശമുള്ള ഈ ശരീരത്തെ അന്യപുരുഷന് കാഴ്ച്ചവയ്ക്കുന്നത് ഞാൻ കണ്ടു സതി…” അത് കേട്ടതും സതി ചാടി എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു…
” അന്നൊരു ദിവസം ജോലി ഉച്ചയ്ക്ക് കഴിഞ്ഞപ്പോൾ ഞാൻ നേരത്തെ ഇവിടെ എത്തി, ഉമ്മറവാതിൽ അടഞ്ഞു കിടന്നുപ്പോൾ നി അടുക്കളയിൽ ആകുമെന്ന് കരുതി അടുക്കള വശത്തേക്ക് വന്നു, ചാരിയിരുന്ന വാതിൽ തുറന്ന് അകത്തേക്കു വരുമ്പോൾ ഈ കിടപ്പുമുറിയിൽ നിന്റെ പിൻകഴുത്തിൽ മുഖം ചേർത്ത് നിൽക്കുന്ന മറ്റൊരാൾ,
അവന്റെ കൈകൾ നിന്റെ ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങുമ്പോൾ ഒരു വാക്ക് കൊണ്ടുപോലും എതിർക്കാതെ നിൽക്കുന്ന നിന്നെ കണ്ടപ്പോൾ ആ നിമിഷം ഈ ലോകത്ത് ഞാൻ ഇല്ലാതായിപോയെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി….”
രാജന്റെ വാക്കുകൾ സതിയുടെ മനസ്സിനെ കീറിമുറിച്ചപ്പോൾ അതുവരെ ഇല്ലാതിരുന്ന കുറ്റബോധം അവളിൽ ഉണ്ടായി തുടങ്ങി… അവൾ ഒന്നും മിണ്ടാതെ മുഖം കുമ്പിട്ടിരുന്നു കരയാൻ തുടങ്ങി….
” നീ എന്തിനാണ് ഇപ്പോൾ കരയുന്നത്, അന്ന് നി ഒന്ന് എതിർത്തിരുന്നേൽ അവനെ കൊന്നിട്ട് ജയിലിൽ പോയേനെ ഞാൻ,
പക്ഷെ അവന്റെ ഓരോ ചലനങ്ങളും ആസ്വദിക്കുന്ന നിന്നെ കണ്ടപ്പോൾ എനിക്ക് വെറുപ്പാണ് തോന്നിയത്, എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ നിനക്ക് എങ്ങനെ എന്റെ അരികിൽ കിടക്കാൻ തോനുന്നു സതി….”
അയാളുടെ ചോദ്യങ്ങൾ നേരിടാൻ കഴിയാതെ മുഖം കുമ്പിട്ടിരുന്നു കരയാനെ അവൾക്ക് ആയുള്ളൂ…
” അന്ന് നിങ്ങളെ രണ്ടുപേരെയും വെട്ടി വീഴ്ത്താൻ വാക്കത്തിയെടുത്തതാണ് ഞാൻ, പക്ഷെ എന്തിന് വേണ്ടി ഞാൻ അത് ചെയ്യണം, നി നിറഞ്ഞ മനസ്സോടെ അവനെ ആസ്വദിക്കുമ്പോൾ നിന്നെ കൊന്നിട്ട് എന്റെ മക്കളെ അനാഥരാക്കി ഞാൻ എന്തിന് ജയിലിൽ പോയി കിടക്കണം,
നാളെ എന്റെ മക്കളെ സമൂഹം നിന്റെ പേരും പറഞ്ഞ് കളിയാക്കുമ്പോൾ അവർ എത്ര ദുഃഖിക്കും, എന്റെ മക്കളുടെ കണ്ണുനീർ കണ്ടിട്ട് ഞാൻ എങ്ങനെ ജീവിക്കും…..”
” ചേട്ടാ…പ്ലീസ്…” രാജന്റെ വാക്കുകൾ അവളെ പൊള്ളിച്ചപ്പോൾ വിക്കി വിക്കി സതി പറയാൻ ശ്രമിച്ചു….
” ഞാൻ ഇതൊക്കെ ഇപ്പോൾ പറഞ്ഞത്, നിന്റെ കണ്ണുനീർ കാണാനോ, നിന്റെ ന്യായീകരണങ്ങൾ കേൾക്കാനോ അല്ല, അന്ന് ആ കാഴ്ച്ച കണ്ടത് മുതൽ ഞാൻ അനുഭവിക്കുന്ന വേദന,
ഇനിയും അത് സഹിച്ചൽ ചിലപ്പോൾ എന്റെ നെഞ്ചുപൊട്ടി പോകും, ഇനി ആ വേദന നി സഹിക്കണം, നിന്റെ അവസാന ശ്വാസം വരെ ചെയ്തുപോയ തെറ്റിനെ ഓർത്ത് നീറി നീറി നി കഴിയണം…”
രാജൻ അത്രയൊക്കെ പറയുമ്പോഴും അയാളിൽ ഭാവ വ്യത്യാസം ഒന്നും ഇല്ലതെ ശാന്തനായി തന്നെയാണ് സംസാരിച്ചത്…
” അന്ന് ആ കാഴ്ചയോടെ എന്റെ മനസ്സിൽ നി മരിച്ചു കഴിഞ്ഞു, നിന്റെ മനസ്സിലും ഞാൻ ഇല്ലാത്തത് കൊണ്ടല്ലേ എന്റെ സ്ഥാനത്ത് മറ്റൊരാൾ കയറി പറ്റിയത്,
ഇനി എനിക്ക് നിന്നെ ആവശ്യമില്ല എന്നുകരുതി നിന്നെ വീട്ടിൽ നിന്ന് ഇറക്കി വിടാനോ നാട്ടുകാരെ അറിയിച്ച് സ്വയം നാണം കെടാനോ ഞാനില്ല, കുട്ടികളെയും നോക്കി നിനക്ക് ഇവിടെ കഴിയാം, അവരുടെ മുഖം ഓരോ നിമിഷവും കാണുമ്പോൾ ചെയ്ത തെറ്റിനെ ഓർത്ത് പാശ്ചാതാപിക്കണം നി….
ചിലപ്പോൾ നിനക്ക് ഈ ജീവിതം അവസാനിപ്പിച്ചേക്കാൻ തോന്നിയേക്കാം, പക്ഷെ എനിക്ക് ഒരു പെൺകുട്ടി വളർന്ന് വരുന്നുണ്ട് അവൾക്ക് ഒരു അമ്മയുടെ സാമിപ്യം ആവശ്യമാണ് അത് നി മറക്കരുത്. അമ്മ ഇല്ലാതെ വളർന്ന നിനക്ക് ഞാൻ അത് പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ….”
അപ്പോഴും സതി ഒന്നും മിണ്ടാതെ തല കുമ്പിട്ട് എങ്ങലടിച്ച് കരയുകയായിരുന്നു, അയാൾ ഒന്ന് ഉച്ചത്തിൽ വഴക്ക് പറയുകയോ, രണ്ട് തല്ല് തരുകയോ ചെയ്തിരുന്നേൽ തനിക്ക് ഇത്ര വേദന ഉണ്ടാകുമായിരുന്നില്ല എന്നവൾക്ക് തോന്നിപ്പോയി…
” വർഷങ്ങൾക്ക് മുൻപ് നിന്റെ കൈപിടിച്ച് എന്നെ ഏല്പിക്കുമ്പോൾ നിന്നെ പൊന്നുപോലെ നോക്കിയേക്കണെ എന്നാണ് നിന്റെ അച്ഛൻ എന്നോട് പറഞ്ഞിരുന്നത്, ഈ നിമിഷം വരെ ഞാൻ ആ വാക്ക് തെറ്റിച്ചിട്ടില്ല, ഒരു ബുദ്ധിമുട്ടും നിന്നെ അറിയിക്കാതെ ആണ് ഞാൻ ഇതുവരെ കൊണ്ടെത്തിച്ചത് എന്നിട്ടും നിനക്ക് എങ്ങനെ തോന്നി എന്നോട്……”
ശരിയാണ് ഇതുവരെ അയാൾ വാക്കുകൊണ്ടോ നോട്ടം കൊണ്ടോ അവളെ വേദനിപ്പിച്ചിട്ടില്ല, തന്റെ എല്ലാ ആഗ്രഹങ്ങളും കഴിയുന്ന രീതിയിൽ അയാൾ സാധിച്ചു തന്നിട്ടുണ്ട് എന്നിട്ടും താൻ… അത് കൂടി ആലോചിച്ചപ്പോൾ സതിയുടെ കരച്ചിലിന്റെ ശബ്ദം കൂടി…
” നി ഇനി കരഞ്ഞു വിളിച്ച് കുട്ടികളെ ഉണർത്തണ്ട, നി എന്നും അവരുടെ മുന്നിൽ നല്ലൊരു ഭാര്യയായും, അമ്മയായും തന്നെ നിൽക്കട്ടെ, ഒരുപക്ഷേ അവർ അറിഞ്ഞാൽ നിന്നെ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് അവർ ആകും,
വാർദ്ധക്യത്തിൽ മക്കളുടെ തണലിൽ കഴിയുമ്പോൾ നിന്നെ വാക്കുകൾ കൊണ്ട് അവർ കുത്തി നോവിച്ചേക്കാം, വേണ്ട അവർ ഒന്നും ഒരിക്കലും അറിയരുത്, ഇതൊക്കെ നമ്മളിൽ തന്നെ അവസാനിക്കട്ടെ…..”
പിന്നെ ആ മുറിയിൽ സതിയുടെ അടക്കി പിടിച്ച കരച്ചിൽ മാത്രമേ കേൾക്കുന്നുണ്ടായിരുന്നുള്ളൂ.. കരഞ്ഞ് തളർന്ന് എപ്പോഴോ അവളും ഉറങ്ങിപ്പോയി….
” അച്ഛ അമ്മ എഴുന്നേറ്റില്ല….”
പിറ്റേന്ന് രാവിലെ ഉമ്മറത്ത് പത്രവും നോക്കി ഇരിക്കുമ്പോൾ ആണ് മക്കൾ എഴുന്നേറ്റ് വന്ന് അയാളോട് ചോദിക്കുന്നത്…
” ഇന്ന് ഞായറാഴ്ച അല്ലെ അമ്മ കുറച്ച് നേരം കൂടി ഉറങ്ങിക്കോട്ടെ, അടുക്കളയിൽ അച്ഛൻ കട്ടൻ ചായ ഇട്ടു വച്ചിട്ടുണ്ട് രണ്ടാളും പല്ലൊക്കെ തെച്ചിട്ട് അത് എടുത്ത് കുടിക് അപ്പോഴേക്കും അമ്മ എഴുന്നേറ്റ് വന്ന് കഴിക്കാൻ ഉണ്ടാക്കും….”
അത് കേട്ട് മക്കൾ അടുക്കളയിലേക്ക് പോയപ്പോൾ രാജൻ വീണ്ടും പത്രത്തിൽ കണ്ണോടിച്ച് ഇരുന്നു… സതി കണ്ണ് തുറക്കുമ്പോൾ രാജൻ അടുത്തില്ല എഴുന്നേറ്റ് അടുക്കളയിലേക്ക് ചെല്ലുമ്പോൾ മക്കൾ പല്ല് തേപ്പ് കഴിഞ്ഞ് വന്നിരുന്നു…
” അമ്മയുടെ മുഖം എന്താ തടിച്ചിരിക്കുന്നത് വയ്യേ….”
” ചെറിയ തലവേദന അതിന്റെ ആകും…..”
മോളെ ചേർത്ത് പിടിച്ച് സതി പറയുമ്പോൾ അവളുടെ മനസ്സ് നീറി പുകുയുന്നുണ്ടയിരുന്നു…
” അമ്മയ്ക്കും അച്ഛൻ കട്ടൻ ചായ ഇട്ട് വച്ചിട്ടുണ്ട് ….” രണ്ടു ഗ്ലാസ്സിൽ കട്ടൻ ചായ പകർന്ന് കൊണ്ട് മോൻ പറയുമ്പോൾ സതി ഒന്നും മിണ്ടാതെ ചിരിക്കാൻ ശ്രമിച്ചു…
ഒന്ന് ഉറക്കെ കരയാൻ പോലുമാകാതെ നീറുന്ന മനസ്സുമായി മക്കളെയും നോക്കി നിൽക്കാനേ സതിക്ക് കഴിഞ്ഞിരുന്നുള്ളൂ……