ങേ കല്യാണമോ എനിക്കോ, അവൻ ആഹ്ലാദത്തോടെ ഓടി നടന്നു പണികൾ എല്ലാം ചെയ്തു..

(രചന: Nisha L)

“ഈ പൊട്ടൻ ഇത് എവിടെ പോയി കിടക്കുന്നു.. ആ ഷെഡ് ഒന്ന് തൂത്തു വാരി ഇടാൻ പറഞ്ഞിട്ട് ചെയ്തില്ലല്ലോ.. പൊട്ടാ… ടാ പൊട്ടാ.. “

“ആ വരുന്നച്ചാ… “

“നീയി ഷെഡ് അടിച്ചു വാരാഞ്ഞത് എന്താ…? ”
“അത് ഞാൻ… ചേച്ചി പറഞ്ഞു വെള്ളം കോരി കൊടുക്കാൻ.. അതിനു പോയതാ.. ഷെഡ് ഇപ്പോൾ വൃത്തിയാക്കാം അച്ഛാ.. “

“വാസുവേ… ആ പൊട്ടൻ ചെക്കൻ ഇവിടില്ലേ..? “

“ഉണ്ടല്ലോ നായരേട്ടാ.. “

“ആ നാളെ അവിടെ കുറച്ചു പറമ്പ് കിളയ്ക്കാൻ ഉണ്ട്.. അങ്ങോട്ട് പറഞ്ഞു വിടണേ വാസുവേ.. “

“ശരി ചേട്ടാ.. “

“ടാ പൊട്ടാ.. നാളെ നായരേട്ടന്റെ വീട്ടിലാ  പണി കേട്ടല്ലോ.. “

“ശരിയച്ചാ.. “

ഓർമ വെച്ച നാൾ മുതൽ കേൾക്കുന്ന വിളിയാണ് “പൊട്ടൻ “എന്ന്… അമ്മയുടെ “മോനെ “എന്നുള്ള വിളി ഓർമകളിൽ എവിടെയോ മുഴങ്ങി കേൾക്കുന്നു..

ആ വിളി കേട്ട് കൊതി തീരും മുൻപേ… ആ മെല്ലിച്ച കൈകളുടെ തലോടൽ വാങ്ങി കൊതി തീരും മുൻപേ അമ്മയെ മരണം കൂട്ടിക്കൊണ്ട് പോയി.. നാലാം ക്ലാസ്സ്‌ വരെ പഠിച്ചുള്ളൂ..

“ഈ പൊട്ടനൊക്കെ പഠിക്കാനാണോ അതോ ഉച്ച കഞ്ഞി കുടിക്കാനാണോ വരുന്നത്”?  എന്ന സാറിന്റെ ചോദ്യം പലവട്ടം കേട്ടപ്പോൾ സ്കൂളിൽ പോക്ക് നിർത്തി. എഴുതാനും വായിക്കാനും കണക്കു കൂട്ടാനും ഒന്നും അറിയില്ല. അതുകൊണ്ട് തന്നെ പലരും കൂലി കുറച്ചു തന്ന് പറ്റിച്ചിട്ടുണ്ട്.

മനസ്സിൽ നന്മ വറ്റാത്ത ചിലർ അർഹിക്കുന്ന കൂലി തന്നിട്ടുമുണ്ട്.. ഇപ്പോൾ നോട്ടിന്റെ നിറം നോക്കി കൂലി വാങ്ങിക്കാൻ കുറച്ചൊക്കെ പഠിച്ചു. എന്നിട്ടും കാര്യമൊന്നും ഇല്ല.. കിട്ടുന്ന ചില്ലറ തുട്ടുകൾ പോലും അച്ഛനും കൂടെപ്പിറപ്പുകളും കൈക്കലാക്കും..

ശരീരം ഉറച്ചു തുടങ്ങും മുൻപേ ജോലിഎടുത്തു തുടങ്ങിയയതാണ്.. എന്ത് ജോലി ചെയ്യാനുമുള്ള മനസുമുണ്ട്.. പക്ഷേ കൈയിൽ പത്തു രൂപ തികച്ചെടുക്കാനില്ല.

“നിന്റെ കൈയിൽ കാശ് വയ്ക്കണ്ട… നിനക്ക് സൂക്ഷിക്കാൻ അറിയില്ല.. “അങ്ങനെ ഓരോ കാരണം പറഞ്ഞു ജോലി ചെയ്തുണ്ടാക്കിയ കാശോക്കെ അവർ കൈക്കലാക്കി…

അങ്ങനെ ദിവസങ്ങൾ,, മാസങ്ങൾ,, വർഷങ്ങൾ കടന്നു പോയി..

“ടാ.. പൊട്ടാ.. നിനക്ക് നാൽപ്പത് വയസായി.. പ്രായം കൂടി കൂടി വരികയാ.. നിന്റെ കാര്യങ്ങൾ നോക്കാനൊന്നും ഇവിടെ ആരുമില്ല.. അതുകൊണ്ട് നിനക്ക് ഒരു പെണ്ണിനെ ഞങ്ങൾ കണ്ടു വച്ചിട്ടുണ്ട്.. “

“എന്തിനാ ചേച്ചി..? “

“നിനക്ക് കല്യാണം കഴിക്കാൻ.. “

“ങേ.. കല്യാണമോ.. എനിക്കോ.. ” അവൻ ആഹ്ലാദത്തോടെ ഓടി നടന്നു പണികൾ എല്ലാം ചെയ്തു..

കല്യാണം..” പൊട്ടന് ” കല്യാണം…. എനിക്കുമൊരു പെണ്ണ്… എനിക്കുമൊരു കുടുംബം..

വീട്ടുകാർ മാത്രമുള്ള ആരവങ്ങൾ ഇല്ലാത്ത സദ്യവട്ടങ്ങൾ ഇല്ലാത്ത ഒരു കുഞ്ഞു താലി കെട്ട്..

പല്ലുകൾ ഉന്തിയ.. കട്ടിയില്ലാത്ത മുടിയുള്ള മെലിഞ്ഞു വിളറിയ എന്റെ പെണ്ണ്… എന്റെ രാജകുമാരി.. അവൾ എന്നെപോലെ പൊട്ടിയല്ല.. അവൾക്ക് എഴുത്തും വായനയും അറിയാം.. കണക്കു കൂട്ടാനും അറിയാം.. പൊട്ടന്റെ ഭാഗ്യം..

പൊട്ടന്റെ പെണ്ണായതു കൊണ്ട് വീട്ടുപണി മുഴുവൻ അവൾ ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു.. പൊട്ടന് തുണക്ക് എന്നുപറഞ്ഞു കെട്ടിച്ചിട്ട് ഇപ്പോൾ അവളെ  വെറുതെ കിട്ടിയ വേലക്കാരിയെപ്പോലെ പണിയെടുപ്പിക്കുന്നു..

ഒരിക്കൽ പോലും അവളെന്നെ “പൊട്ടൻ “എന്നു വിളിച്ചില്ല… പൊട്ടൻ എന്നല്ല… അവൾ എന്നെ ഒന്നും തന്നെ വിളിച്ചില്ല..

ഇതിനിടയിൽ എപ്പോഴോ അവൾ ഗർഭിണിയായി…

“പൊട്ടൻ പണി പറ്റിച്ചല്ലോ.. ” എന്ന് എല്ലാരും ആർത്തു പറയുന്നത് കേട്ട് എനിക്ക് എന്തോ പോലെ തോന്നി..

ഗർഭത്തിന്റെ അവസാനനാളുകളിൽ അവളെ അവളുടെ വീട്ടുകാർ കൂട്ടി കൊണ്ട് പോയി… ഞാനും അവളോടൊപ്പം പോയി. ഭാഗ്യം അവളുടെ വീട്ടിൽ ആരും എന്നെ ഒറ്റപ്പെടുത്തിയില്ല..

എന്റെ പെണ്ണ് പ്രസവിച്ചു.. ഒരു കുഞ്ഞു മാലാഖ പെൺകുട്ടി..

ഇനി എന്റെ വീട്ടിലേക്ക് എന്റെ പെണ്ണിനെയും കുഞ്ഞിനെയും കൊണ്ട് പോകുന്നില്ല.. ഇവിടെ എവിടേലും ഒരു കുഞ്ഞു ഷെഡ് കെട്ടി ജീവിക്കണം.. അവളുടെ വീട്ടുകാരുടെ സഹായത്തോടെ ഞാനൊരു ഒറ്റ മുറി വീടുണ്ടാക്കി അവളെയും കുഞ്ഞിനെയും കൊണ്ട് അങ്ങോട്ട് മാറി..

എന്റെ കുഞ്ഞിന് ഇപ്പോൾ മൂന്നു വയസായിരിക്കുന്നു..

രാവിലെ ഞാൻ ജോലിക്ക് പോകാനിറങ്ങിയതാണ്..

“അയ്യോ.. അമ്മേ.. “

എന്തോ ഒന്ന് ശക്തിയിൽ ഇടിച്ചതു മാത്രം ഓർമയുണ്ട്..

ഞാൻ ഇതെവിടെയാണ്.. അയ്യോ ആ റോഡിൽ ചിതറി കിടക്കുന്നത് എന്റെ ശരീരമല്ലേ.. ഞാൻ.. ഞാൻ മരിച്ചോ..??? എന്റെ പെണ്ണ്.. എന്റെ കുഞ്ഞ്.. അവർക്കിനി ആരുണ്ട്..

“ആ പൊട്ടൻ വണ്ടി ഇടിച്ചു ചത്തു.. “

ആരൊക്കെയോ പറയുന്നത് ഞാൻ കേട്ടു.
ആരൊക്കെയോ എന്റെ ശരീരം വാരി കൂട്ടുന്നു.. പോലീസ് വരുന്നു.. എന്തൊക്കെയോ എഴുതുന്നു..

ഇപ്പോൾ എന്റെ ശരീരം എന്റെ വീട്ടിലാണ്.. എന്റെ പെണ്ണ് കരഞ്ഞു തളർന്നു കിടക്കുന്നു.. ഒന്നുമറിയാത്ത എന്റെ കുഞ്ഞും അവളുടെ കൂടെ കരയുന്നു..

അതെന്താ എല്ലാവരുടേയും കൈയിൽ ഒരു പേപ്പർ കഷ്ണം കൊടുക്കുന്നത്.. സഞ്ചയനക്കുറി…!

ആരോ ഒരു ചെറുപ്പക്കാരൻ അത് വായിക്കുന്നു.. ഒന്ന് ചെവിയോർത്തു നോക്കി.. ആ കേൾക്കുന്നുണ്ട്…

എന്റെ അഭിവന്ദ്യ ഭർത്താവ് “മാധവൻ (45)” വാഹനാപകടത്തിൽ മരണപെട്ടിരിക്കുന്നു…

ആര്… ആര്.. മരണപ്പെട്ടുന്ന്..

“മാധവൻ.. മാധവൻ..”

അപ്പോൾ… അപ്പോൾ… എനിക്കൊരു പേരുണ്ടായിരുന്നോ..??

”  മാധവൻ “എന്ന്…ഒരിക്കൽ പോലും ആരും ആ പേര് ചൊല്ലി എന്നെ വിളിച്ചിട്ടില്ലല്ലോ…

” ഞാൻ പൊട്ടനല്ല.. ഞാൻ മാധവനാണ്.. മാധവൻ..”

എന്റെ ആത്മാവ് ഉറക്കെ കേണു .. അല്ലയോ ലോകമേ.. എനിക്ക് കൂടി ചെവി തരൂ.. എനിക്കൊരു പേരുണ്ട്.. എന്നെ ഒരിക്കൽ എങ്കിലും ആ പേരൊന്നു വിളിക്കൂ.. കേൾക്കാനുള്ള കൊതി കൊണ്ടാണ്..
പക്ഷേ…

ആരും എന്റെ വിളി കേട്ടില്ല… പൊട്ടനായി ജനിച്ചു,, പൊട്ടനായി ജീവിച്ചു,,,  പൊട്ടനായി മരിച്ച മാധവനാണ് ഞാൻ…” മാധവൻ.”..

Leave a Reply

Your email address will not be published. Required fields are marked *