ഇളം തെന്നൽ
(രചന: ശ്യാം കല്ലുംകുഴിയിൽ)
“ഉണ്ണിയേട്ടാ…..” വർഷങ്ങൾക്ക് ശേഷം കൃഷ്ണയുടെ ആ വിളി കേട്ടപ്പോൾ അത് ഒന്നുകൂടി കേൾക്കാനുള്ള ആഗ്രഹം കൊണ്ട് ഉണ്ണി കേട്ടില്ലെന്ന് നടിച്ചിരുന്നു…
” ഉണ്ണിയേട്ടാ…….” കൃഷ്‌ണ വീണ്ടും വിളിച്ചപ്പോൾ ഉണ്ണി തിരിഞ്ഞവളെ നോക്കി. പണ്ട് അവളിൽ ഉണ്ടായിരുന്ന നിഷകളങ്കമായ ചിരി വീണ്ടും ഉണ്ണി കണ്ടു..
” എന്നെയൊന്ന് തറയിൽ ഇരുത്താമോ…”
” ഏയ് അതൊന്നും വേണ്ട, തറയിൽ ഇരിക്കേണ്ട. തണുപ്പ് കൂടി വരുന്നുണ്ട്….”
” പിന്നേ അരയ്ക്ക് താഴെ തളർന്ന് ഒരു അനക്കവും ഇല്ലാതെ ഇരിക്കുന്ന എനിക്ക് ഇനി എന്ത് വരാൻ ആണ് ഉണ്ണിയേട്ടാ….”
അവൾ അത് പറഞ്ഞ് ദയനീയമായി ഉണ്ണിയെ നോക്കി….ഉണ്ണി എഴുന്നേറ്റ് വീൽ ചെയറിൽ നിന്ന് അവളെ എടുത്ത് ഉമ്മറത്ത് തറയിൽ ഇരുത്തി.. അവളിലിൽ നിന്ന് അൽപം മാറി ഉണ്ണിയും ഇരുന്നു…. പരസ്പരം ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി ഇരുന്നു രണ്ടുപേരും….
ഉണ്ണിക്ക് ഓർമ്മവച്ച നാൾ മുതൽ അവന്റെ അമ്മയ്ക്ക് മംഗലത് തറവാട്ടിലെ അടുക്കള പണിയയായിരുന്നു.
കുട്ടികളും മുതിർന്നവരുമായി ഒരുപാട് പേർ അടങ്ങുന്ന വല്യ തറവാട് ആയിരുന്നെങ്കിലും ഇപ്പോൾ മാധവൻ നായരും ശാരദാമ്മയും അവരുടെ ഏക മകളായ കൃഷ്‌ണയും മാത്രേ ഉള്ളു…
ഉണ്ണിക്ക് അച്ഛനെ കണ്ട് ഓർമ്മയില്ല അമ്മയാണ് അവനെല്ലാം, അമ്മ തറവാട്ടിലേക്ക് വരുമ്പോൾ അവരുടെ കയ്യും പിടിച്ച് ഉണ്ണിയും ഉണ്ടാകും, അവന്റെ അമ്മ അടുക്കളയിൽ ഓരോ പണി എടുക്കുമ്പോൾ അവൻ അതെല്ലാം നോക്കി അടുക്കളയിലെ ഒരു മൂലയിൽ ഇരിക്കും…
ഉണ്ണിയേക്കാൾ അഞ്ചു വയസ്സിന് ഇളയത് ആണ് കൃഷ്ണ, കൃഷ്‌ണ ജനിച്ചു കഴിഞ്ഞപ്പോൾ ഉണ്ണിയുടെ അമ്മയ്ക്ക് ജോലി കൂടി, കൃഷ്‌ണയെ കുളിപ്പിക്കാൻ എണ്ണ തേയ്ക്കുമ്പോഴും കുളിപ്പിക്കുമ്പോഴും ഉണ്ണി കൗതുകത്തോടെ അതും നോക്കി ഇരിക്കും…
“എന്റെ മോളെ നിനക്ക് ഇഷ്ടമായോ ചെക്കാ….” എന്ന് ശാരദാമ്മ ചോദിക്കുമ്പോൾ മുൻ നിരയിലെ പുഴുപ്പല്ല് കാണിച്ച് ചിരിക്കും ഉണ്ണി…
” നിന്റെ പല്ല് കണ്ടാൽ എന്റെ മോള് പേടിക്കുമല്ലോ…” ശാരദാമ്മ അവന്റെ പല്ലുകളെ നോക്കി പറയുമ്പോൾ ഉണ്ണി വായും പൂട്ടി താടിയ്ക്ക് കയ്യും കൊടുത്ത് കൃഷ്ണനെ നോക്കി ഇരിക്കും…
” ചെക്കാ നി കൃഷ്ണ മോളുടെ അരികിൽ പോയി ഇരിക്ക്..പിന്നെ മോളെ ഉണർത്തരുത് കേട്ടോ…”
ശാരദാമ്മ മോളെ ഉറക്കി കിടത്തി വന്നിട്ട് അടുക്കളയിൽ ഇരിക്കുന്ന ഉണ്ണിയോട് പറയുമ്പോൾ അവൻ ഓടി തൊട്ടിലിൽ കിടക്കുന്ന കൃഷ്ണയുടെ അരികിലായി തറിയിൽ ഇരിക്കും. ഇടയ്ക്ക് അവൾ ഉണരുമ്പോൾ മെല്ലെ തൊട്ടിൽ അട്ടികൊടുക്കും…
ആയിടയ്ക്ക് ആണ് ഉണ്ണിയെ അമ്മ സ്കൂളിൽ ആക്കുന്നത്, സ്കൂളിൽ പോകുമ്പോൾ കൃഷ്ണയെ കാണാതെ ഇരിക്കേണ്ടി വരുമല്ലോ എന്ന ദുഃഖം ആയിരുന്നു ഉണ്ണിക്ക്. സ്കൂൾ വിട്ടാൽ അവൻ ഓടി വരും കൃഷ്ണയെ കാണാൻ…
” അപ്പടി വിയർപ്പ് നാറുന്നു, പോയി കുളിച്ചു വാ ചെക്കാ,,”
കൃഷ്ണയെ കാണാൻ ഓടി വരുമ്പോൾ ശാരദാമ്മ അവനെ ശകാരിക്കും. അവൻ വേഗം പോയി കുളിച്ച് കട്ടികൂറ പൗഡർ കയ്യിൽ തട്ടിയിട്ട് അത് രണ്ടു കയ്യിലുമാക്കി മുഖത്ത് തേച്ച്, മുടി ചീകി ഒതുക്കിയിട്ട് വേഗം കൃഷ്ണയുടെ അരികിലേക് ഓടും…
കാലങ്ങൾ കടന്ന് പോയപ്പോൾ എന്തിനും ഏതിനും ഉണ്ണിചേട്ടാ എന്നും വിളിച്ചുകൊണ്ട് കൃഷ്ണയും ഉണ്ണിയുടെ പുറകെ നടക്കും.
” എന്നെ ഉണ്ണി ചേട്ടൻ സ്കൂളിൽ കൊണ്ട് പോയാൽ മതി….”
കൃഷണയെ ആദ്യമായി സ്കൂളിൽ ചേർക്കുമ്പോൾ ഉണ്ണിയ്ക്ക് ഒപ്പം പോകാനായി അവൾ വാശിപിടിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ ഉണ്ണിയുടെ കയ്യും പിടിച്ചാണ് കൃഷ്ണ സ്കൂളിൽ പോകുന്നതും വരുന്നതും.
വരുന്ന വഴിക്ക് കൃഷ്ണ വാശി പിടിക്കുമ്പോൾ ആരും കാണാതെ ചെടിയിലെ പൂവ് പറിച്ചും, മാങ്ങാ എറിഞ്ഞിട്ടും,തുമ്പിയെ പിടിച്ചും, തോട്ടിൽ ഇറങ്ങി കളിച്ചുമൊക്കെയാണ് തിരികെ വീട്ടിൽ എത്തുന്നത്.
വീട്ടിൽ എത്തിയാൽ മിക്കപ്പോഴും തല്ലും വഴക്കും കിട്ടുന്നത് ഉണ്ണിക്ക് ആകും,എന്നാലും കൃഷണയുടെ സന്തോഷത്തിന് വേണ്ടി ഉണ്ണി എന്തും ചെയ്യുമായിരുന്നു…
” മോനെ എത്രയൊക്കെ ആയാലും നി ഒരു അടുക്കള പണിക്കാരിയുടെ മോളാണ്, അവരൊക്കെ വല്യ ആൾക്കാരും വല്യ പൈസക്കാരുമാണ്.
നീയും കൃഷ്‌ണ മോളും വളർന്നു വരുന്ന പ്രായം ആണ്, ഇനി പഴയപോലെ വല്യ കളിയും ചിരിയും ഒന്നും വേണ്ട,നാളെ നമ്മളായിട്ട് അവർക്ക് ഒരു ചീത്തപ്പേര് വരുത്തരുത്…”
കഞ്ഞിയും ചമ്മന്തിയും നാരങ്ങ അച്ചാറും കൂട്ടി അത്താഴം കഴിക്കാൻ ഇരിക്കുമ്പോൾ ആണ് ഉണ്ണിയുടെ അമ്മ അത് പറയുന്നത്.
അന്ന് ആ പത്താം ക്ലാസ്സുകാരന് അതിന്റെ അർത്ഥം മനസ്സിലായില്ല എങ്കിലും അമ്മ പറഞ്ഞതിൽ എന്തെലും കാര്യം ഉണ്ടെന്ന് അവന് അറിയാമായിരുന്നു. ഉണ്ണി കൃഷ്ണയിൽ നിന്ന് അകന്ന് നിൽക്കാൻ ശ്രമിച്ചു എങ്കിലും കൃഷ്ണ വാശിപിടിച്ച് അവനൊപ്പം കൂട്ട് കൂടും…
ഉണ്ണി പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ആണ് പെട്ടെന്നുള്ള അമ്മയുടെ മരണം. അത് അവനെ ആകെ തളർത്തിയിരുന്നു…
” നാളെ മുതൽ നി വീട്ടിലേക്ക് വാ, പണിക്കാരെ സഹായിക്കാൻ കൂടെ നിൽക്ക്…” ഒരു ദിവസം രാത്രി മാധവൻ നായർ വന്ന് ചുരിട്ടി പിടിച്ച പൈസ ഉണ്ണിയുടെ കൈയ്യിൽ വച്ച് കൊടുത്ത് അത് പറയുമ്പോൾ ഉണ്ണി ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നതെയുള്ളൂ…
പിറ്റേന്ന് രാവിലെ നരച്ച് കീറാറായ കവി മുണ്ടും സ്കൂളിൽ ഇട്ടുകൊണ്ടു പോയിരുന്ന യൂണിഫോമിന്റെ ഷർട്ടും ഇട്ടുകൊണ്ട് ഉണ്ണി മാധവൻ നായരുടെ വീട്ടിലേക്ക് നടന്നു…
” ആ നീ വന്നോ…അടുക്കളയിലേക്ക് ചെന്ന് ആദ്യം എന്തേലും കഴിക്ക്….” ഉണ്ണിയെ കണ്ടപ്പോൾ ശാരദാമ്മ പറഞ്ഞു. ഉണ്ണി ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു. അവിടെ അമ്മയ്ക്ക് പകരം പുതിയ ജോലിക്കാരി സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.
അവൻ പാത്രം എടുത്ത് അതിലേക്ക് ദോശ എടുക്കുമ്പോൾ അവർ അവനെ നോക്കി ഒന്ന് ചിരിച്ചു. ഒരു നുള്ളു ദോശ വായിലേക്ക് വയ്ക്കുമ്പോൾ അമ്മയുടെ ഓർമ്മകൾ തികട്ടി വന്ന് ദോശ ഇറക്കാൻ കഴിയാതെ പെട്ടെന്ന് കരച്ചിൽ പുറത്തേക്ക് വന്നു..
ഉള്ളിൽ നിന്ന് ശാരദാമ്മയുടെ ശബ്ദം കേട്ടപ്പോൾ അവൻ പെട്ടെന്ന് കണ്ണ് തുടച്ച് ദോശ കഴിച്ചു..
” എന്താ മോനെ ചെയ്യുക, അവൾക്ക് അത്രേ ആയുസ്സ് ദൈവം കൊടുത്തുള്ളു.. മോന് നമ്മളൊക്കെ ഉണ്ടല്ലോ എന്തിനാ കരയുന്നത്…”
ആദ്യമായി ആണ് ശാരദാമ്മ സ്നേഹത്തോടെ അവനോട് സംസാരിക്കുന്നത്, അത് കേട്ടപ്പോൾ ഉണ്ണി വീണ്ടും കരഞ്ഞുപോയി. ശരദാമ്മ അവനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു…
പത്താം ക്ലാസ് അവൻ ജയിച്ചെങ്കിലും തുടർന്ന് പഠിക്കാൻ അവൻ പോയില്ല. പതിയെ പതിയെ അവൻ ആ വീട്ടിൽ ചെറിയ ചെറിയ ജോലികളൊക്കെ ചെയ്യാൻ തുടങ്ങി,
അടുക്കളയിൽ സഹായിക്കും,കടയിൽ പോയി സാധനങ്ങൾ വാങ്ങും,പറമ്പിൽ പണിക്കാരെ സഹായിക്കും. അങ്ങനെ ഒരു സമയവും വെറുതെ ഇരിക്കാതെ എന്തേലും ജോലികൾ ചെയ്തുകൊണ്ടേ ഇരിക്കും. മാസാവസാനം കുറച്ച് പൈസ മാധവൻ നായർ കയ്യിൽ വച്ച് കൊടുക്കും..
ദിവസങ്ങൾ കടന്ന് പോകവെ കൃഷ്‌ണ പതിയെ ഉണ്ണിയെ മറന്ന് തുടങ്ങി. സ്കൂളിൽ പോകാനും വരാനും പുതിയ കൂട്ടുകാരെ കിട്ടി അവൾക്ക്. അവളുടെ മാറ്റങ്ങൾ ഉണ്ണി മാറി നിന്ന് നോക്കി കണ്ടു.
ഇടയ്ക്ക് ഉണ്ണിയെ കാണുമ്പോൾ ഒന്ന് ചിരിക്കുമെന്ന് അല്ലാതെ കൂടുതൽ ഒന്നും അവർ പര്സപരം മിണ്ടറില്ല… വർഷങ്ങൾ കഴിയവെ തറവാട്ടിലെ കാര്യങ്ങളൊക്കെ നോക്കി നടപ്പ് ഉണ്ണിക്കായി….
പ്ലസ് ടു കഴിഞ്ഞ് അകലെ ഉള്ള കോളേജിലേക്ക് പോകാൻ കൃഷ്ണ വാശിപിടിച്ചപ്പോൾ മാധവൻനായർക്ക് ആ വശിക്ക് മുന്നിൽ തോറ്റുകൊടുക്കേണ്ടി വന്നു…
” എല്ലാവർക്കും വിഷമം ഉണ്ട് ,നാട്ടിൽ ഏതേലും കോളേജിൽ നോക്കിയാൽ പോരെ..” ഇടയ്ക്ക് കൃഷണയെ തനിച്ച് കിട്ടിയപ്പോൾ ഉണ്ണി അവളോട് പറഞ്ഞു..
” ഇല്ല എനിക്ക് അവിടെ തന്നെ പോകണം…”
അത്രമാത്രം പറഞ്ഞിട്ട് കൃഷ്ണ മറ്റെന്തോ ജോലിയിൽ മുഴുകിയപ്പോൾ ഉണ്ണി തിരിഞ്ഞു നടന്നു. സംസാരത്തിൽ പോലും അവൾക്ക് ഉണ്ടായ മാറ്റം ഉണ്ണി ശ്രദ്ധിച്ചിരുന്നു…
കൃഷ്ണ കോളേജിലേക്ക് പോകുന്ന ദിവസം റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കാൻ മാധവൻനായർക്കും ശാരദാമ്മയ്കും ഒപ്പം ഉണ്ണിയും പോയിരുന്നു..
ട്രെയിൻ ചലിച്ചു തുടങ്ങുമ്പോൾ കൈ വീശി എല്ലാവർക്കും യാത്ര പറയുന്ന കൂട്ടത്തിൽ കൃഷണയുടെ ഒരു നോട്ടം ഉണ്ണിയുടെ മുഖത്തും പതിഞ്ഞു. ഉണ്ണിയും ചിരിക്കുന്ന മുഖവുമായി അവൾക്ക് യാത്ര നൽകി..
മോള് പോയ ശേഷം പിന്നീടുള്ള ദിവസങ്ങളിൽ മാധവൻ നായർ വീട്ടിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കും. ഇടയ്ക് അവധി ഉള്ള ദിവസങ്ങളിൽ കൃഷ്‌ണ വരുമ്പോൾ വിളിക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നത് ഉണ്ണി ആയിരുന്നു.
” മുഖത്ത് നല്ല ക്ഷീണം ഉണ്ടല്ലോ ആളാകെ ക്ഷീണിച്ചു അവിടത്തെ ആഹാരം ഒന്നും പിടിക്കുന്നില്ലേ…”
തറവാട്ടിലേക്ക് പോകുമ്പോൾ കാറിൽ മൊബൈലും നോക്കി ഇരിക്കുന്ന കൃഷ്‌ണയോട് ഉണ്ണി ചോദിച്ചെങ്കിലും കൃഷ്ണ ഹെഡ് സെറ്റിൽ എന്തോ കേൾക്കുന്ന തിരക്കിൽ ആയിരുന്നു. പിന്നെ വീട് എത്തുന്നത് വരെ ഉണ്ണി ഒന്നും മിണ്ടിയില്ല…
കൃഷ്‌ണ വീട്ടിൽ എത്തുമ്പോഴേക്കും അവൾക്ക് ഇഷ്ടമുള്ള ആഹാരങ്ങൾ അടുക്കളയിൽ തയ്യാറായി കഴിഞ്ഞിരുന്നു.
അവൾ എത്തിയ ശേഷമാണ് വീണ്ടും തറവാട്ടിൽ ഒച്ചയും അനക്കാവുമൊക്കെ വന്നത്. രാവിലെ എഴുന്നേറ്റ് കുളിച്ചുള്ള അമ്പലത്തിൽ പോക്കും, വീട്ടിൽ ഉള്ള ബഹളവുമൊക്കെയായി ഒരാഴ്ച്ച വളരെ പെട്ടെന്ന് ആണ് പോയത്..
കൃഷ്‌ണ തിരികെ പോകുമ്പോൾ ഉണ്ണിയാണ് റെയിൽവേ സ്റ്റേഷൻ വരെ കൊണ്ടാക്കിയത്. പോകുന്ന വഴിക്ക് രണ്ടാളും പര്സപരം ഒന്നും മിണ്ടിയിരുന്നില്ല. ട്രെയിൻ ചലിച്ചു തുടങ്ങുമ്പോൾ കൃഷണയുടെ ഒരു നോട്ടം പ്രതീക്ഷിച്ചു എങ്കിലും നിരാശയായിരുന്നു ഫലം…
” ടാ ഉണ്ണി ഒന്ന് എഴുന്നേറ്റേ…” രാത്രി എപ്പോഴോ മാധവൻ നായരുടെ ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടാണ് ഉണ്ണി ചാടി എഴുന്നേറ്റത്..
” പോയേട ഉണ്ണി നമ്മുടെ കൃഷ്ണ മോള് പോയ്… അവൾക്ക് എന്തോ അപകടം പറ്റി…” ഉണ്ണി വാതിൽ തുറക്കുമ്പോൾ മൊബൈലും നീട്ടി പിടിച്ച് കരഞ്ഞു കൊണ്ട് നിൽക്കുന്ന മാധവൻ നായരെ ആണ് കണ്ടത്.ഉണ്ണി അദ്ധേഹത്തിന്റെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി ചെവിയിലേക്ക് വച്ചു…
” ഹെലോ….” ഉണ്ണി മെല്ലെ പറഞ്ഞപോൾ മറു തലയിൽ എന്തൊക്കെയോ ബഹളങ്ങൾ കേൾക്കുന്നുണ്ടായിരുന്നു…
” ആ… ഹെലോ … അതേ പേടിക്കാൻ ഒന്നുമില്ല കൃഷ്ണയ്ക്ക് ചെറിയ ഒരു ആക്‌സിഡന്റെ പറ്റി… ആരെങ്കിലും ഇവിടേക്ക് വരണം..ഞങ്ങൾ എല്ലാം ഹോസ്പിറ്റലിൽ ഉണ്ട്….”
മറുതലയിൽ നിന്ന് വിക്കി വിക്കിയുള്ള സ്ത്രീ ശബ്ദം നിലച്ചപ്പോൾ കേട്ടത് ഒന്നും വിശ്വസിക്കാൻ കഴിയതെ നിൽക്കുക ആയിരുന്നു ഉണ്ണി…
” എന്താ ഉണ്ണി,എന്തുപറ്റി എന്റെ മോൾക്..” ഉണ്ണിയുടെ ഷർട്ടിൽ പിടിച്ചു കുലുക്കികൊണ്ട് മാധവൻ നായർ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരുന്നു…
” ഇങ്ങനെ കരയാൻ വേണ്ടി ഒന്നും പറ്റിയില്ല.. ചെറിയ ഒരു അപകടം നമുക്ക് ഇപ്പോൾ തന്നെ അവിടേക്ക് തിരിക്കാം…”
ഉണ്ണി അത് പറഞ്ഞ് മാധവൻ നായരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി. ഉണ്ണി കാർ സ്റ്റാർട്ട് ചെയ്യുമ്പോഴേക്കും മാധവൻ നായർ കരഞ്ഞു തളർന്ന ശാരദാമ്മയെയും പിടിച്ചുകൊണ്ട് കാറിൽ കയറി..
പിറ്റേന്ന് ഏതാണ്ട് ഉച്ചയ്ക്ക് ആണ് അവർ ഹോസ്പിറ്റലിൽ എത്തുന്നത്. അവർ എത്തുമ്പോൾ അവളുടെ കൂട്ടുകർ എല്ലാം ആശുപത്രിയിൽ ഉണ്ടായിരുന്നു..
മാധവൻ നായരുടെ ഒപ്പം ഉണ്ണിയും ഡോക്ടറിന്റെ മുറിയിലേക്ക് നടന്നു..ആക്‌സിഡന്റിൽ കൃഷ്ണയുടെ അരയ്ക്ക് താഴെ തളർന്ന് പോയെന്ന് ഡോക്ടർ പറഞ്ഞപ്പോൾ വിശ്വസിക്കാനാകാതെ തളർന്ന് ഇരുന്ന് പോയ് മാധവൻ നായർ…
അവിടെ നിന്ന് തിരികെ നാട്ടിലെ ആശുപത്രിയിൽ കുറെ നാൾ കിടന്നു കൃഷ്‌ണ,കാര്യമായാ പുരോഗതി ഒന്നും ഇല്ലാതെ വന്നപ്പോൾ എല്ലാം ദൈവത്തിനു വിട്ടുകൊടുത്ത് കൊണ്ട് വീട്ടിലേക്ക് കൊണ്ട് വന്നു കൃഷ്ണയെ…
പിന്നെയുള്ള കൃഷ്ണയുടെ ലോകം ഇലക്ട്രിക്ക് ഹീൽ ചെയറിൽ വീടിനുള്ളിലും മുറ്റത്തുമായി ഒതുങ്ങിക്കൂടി…
പലപ്പൊഴും നിറഞ്ഞ കണ്ണുകളുമായി തന്നെ മാറിനിന്ന് നോക്കുന്ന ഉണ്ണിയുടെ മുഖം അവൾ കണ്ടില്ലെന്ന് നടിച്ചിരുന്നു. ഓടി ചാടി നടന്ന കൃഷ്‍ണയുടെ അവസ്‌ഥ കാണാൻ വയ്യാത്തത് കൊണ്ട് ഉണ്ണിയും അവളുടെ മുൻപിൽ ചെന്ന് നിൽക്കാതെ ഇരിക്കാൻ ശ്രദ്ധിച്ചിരുന്നു…
” എന്താ ഉണ്ണിയേട്ടാ ആലോചിക്കുന്നത്….”
കൃഷ്ണയുടെ ചോദ്യം കേട്ടപ്പോൾ ആണ് ഉണ്ണി ഓർമ്മകളിൽ നിന്ന് ഉണർന്നത്. ഉണ്ണി അവളുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചുകൊണ്ട് വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു. അകലെ ഉത്സവം നടക്കുന്ന അമ്പലത്തിൽ നിന്ന് ഉച്ചത്തിൽ ഉള്ള ചെണ്ടയുടെ ശബ്ദം മുഴങ്ങി തുടങ്ങിയിരുന്നു….
” ഉണ്ണിയേട്ടന് ഓർമ്മയുടെ നമ്മുടെ കുട്ടിക്കാലം, സ്കൂൾ വിട്ടുവരുന്ന വഴിയിൽ മാങ്ങാ എറിഞ്ഞിട്ടതും തോട്ടിൽ കളിച്ച് ഉടുപ്പ് നിറയെ ചെളി ആക്കിയതുമൊക്കെ..”
” പിന്നെ ഓർമ്മ ഇല്ലാതെ ഇരിക്കുമോ നിനക്ക് വേണ്ടി എത്ര അടിയാ അന്നൊക്കെ ഞാൻ കൊണ്ടത്…” ഉണ്ണി ചിരിച്ചുകൊണ്ട് പറയുമ്പോൾ കൃഷ്ണയും ചിരിച്ചു…
” അന്നെന്താ ഉണ്ണിയേട്ടൻ എന്റെ പേര് പറയാതെ ഒറ്റയ്ക്ക് അടിയെല്ലാം വാങ്ങിയത്….”
” നിന്നോടുള്ള ഇഷ്ടം കൊണ്ട്, അടികൊണ്ട് നി വേദനിക്കുന്നത് കാണാൻ പറ്റാത്തത് കൊണ്ട്…” ഉണ്ണി അത് പറയുമ്പോൾ കൃഷ്ണ താടിക്ക് കയ്യും കൊടുത്ത് അവനെ തന്നെ നോക്കിയിരുന്നു…
” ഉണ്ണിയേട്ടന് ഇപ്പോഴും ആ സ്നേഹം എന്നോട് ഉണ്ടോ..”
” ആ സ്നേഹം ഒന്നും ഒരിക്കലും വറ്റുന്നതല്ല…”
” എന്നോട് അത്ര സ്നേഹം ഉണ്ടേൽ അമ്പലത്തിൽ ദീപാരാധന തൊഴാൻ എന്നെ ഒന്ന് കൊണ്ടു പോകുമോ അവിടെ വരെ ….”
ഉണ്ണി സംശയത്തോടെ കൃഷ്ണയെ നോക്കി. അവൾ അപ്പോഴും താടിക്ക് കയ്യും കൊടുത്ത് ഉണ്ണിയെ തന്നെ നോക്കിയിരിക്കുക ആയിരുന്നു… ഉണ്ണിയെഴുന്നേറ്റ് മുണ്ട് മടക്കിക്കുത്തി തറയിൽ നിന്ന് കൃഷ്‌ണയെ വാരിയെടുത്തു..
” എന്നെ ഇങ്ങനെ എടുത്തുകൊണ്ട് തന്നെ പോകണം..” വീൽ ചെയറിന്റെ അടുക്കലേക്ക് നീങ്ങിയ ഉണ്ണിയുടെ കഴുത്തിലൂടെ കയ്യിട്ടു പിടിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് പഴയ കുസൃതി നിറഞ്ഞ ചിരി വീണ്ടും ഉണ്ണി കണ്ടു…
ഉണ്ണി അവളെയും എടുത്തുകൊണ്ട് അമ്പലത്തിലേക്ക് നടന്നു. കൃഷ്‌ണ കൊച്ചു കുഞ്ഞിനെ പോലെ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്നു..
ദീപാരാധന കഴിഞ്ഞ് നട തുറന്നപ്പോൾ ഉണ്ണി കൃഷ്ണയെയും കൊണ്ട് എത്തി. അന്ന് ദേവിക്ക് വല്ലാത്ത ചൈതന്യം ഉള്ളത് പോലെ തോന്നി ഉണ്ണിക്ക്.
അമ്പലത്തിൽ കൂടിനിന്ന എല്ലാവരും ഉണ്ണിയേയും കൃഷ്ണയെയും നോക്കി നിലക്കുമ്പോൾ, ഒഴുകി വരുന്ന കണ്ണീരോടെ കൃഷ്ണ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് കൈ കൂപ്പി തൊഴുതത് ഉണ്ണിയെ ആയിരുന്നു…
അവരുടെ രണ്ടു പേരുടെയും ആയുരാരോഗ്യത്തിന് വേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കാൻ നാട്ടുകർക്കൊപ്പം മാധവൻ നായരും ശരദാമ്മയും കൂടി ഉണ്ടായിരുന്നു…..