എപ്പോൾ ആണെന്ന് അറിയില്ല ദിനേശേട്ടന്റെ സ്വഭാവത്തിൽ മാറ്റം സംഭവിച്ചത്, വീട്ടിൽ വന്നാൽ എല്ലാത്തിനും..

ജീവിത ചലഞ്ച്
(രചന: ശ്യാം കല്ലുംകുഴിയിൽ)

അഞ്ചു വർഷം മുൻപ് ആയിരുന്നു എന്റെ കല്യാണം, അച്ഛനും അമ്മയും ഇല്ലാതെ ബന്ധുവീട്ടിൽ ആട്ടും തുപ്പുമേറ്റ് അടുക്കള പണിയുമെടുത്ത് കിടക്കുമ്പോൾ എങ്ങനെയെങ്കിലും ആ വീട്ടിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു എനിക്ക്.

അപ്പോഴാണ് ദിനേശേട്ടനും അമ്മയും കൂടി പെണ്ണ് കാണാൻ വരുന്നത്, അവർക്ക് പെണ്ണിനെ മാത്രം മതിയെന്ന് പറഞ്ഞപ്പോൾ ബന്ധുക്കൾ പെട്ടെന്ന് തന്നെ കല്യാണം ഉറപ്പിച്ചു…

കിട്ടാതെ പോയ അമ്മയുടെ സ്നേഹം  തന്നാണ് ആ അമ്മ എന്നെ സ്വീകരിച്ചത്, ദിനേശേട്ടനും നല്ല സ്നേഹം തന്നെയായിരുന്നു. ഒരു വർഷം കഴിഞ്ഞ് മോള് ജനിക്കുമ്പോൾ വീട്ടിലെ സന്തോഷം കൂടിയതേയുള്ളൂ…

പിന്നെ എപ്പോൾ ആണെന്ന് അറിയില്ല ദിനേശേട്ടന്റെ സ്വഭാവത്തിൽ മാറ്റം സംഭവിച്ചത്, വീട്ടിൽ വന്നാൽ എല്ലാത്തിനും ദേഷ്യം,

പതിവില്ലാതെ ഉള്ള മ ദ്യപാനം പിന്നെ ദിവസവും വീട്ടിൽ വരാതെയായി,ചിലവിന് പൈസ പോലും തരില്ല, പിന്നെയങ്ങോട്ട് പട്ടിണി ആയിരുന്നു ജീവിതത്തിൽ…

വളരെ വൈകിയാണ് അറിയുന്നത് പുള്ളിക്ക് വേറെ ഏതോ സ്ത്രീയുമായി ബന്ധം ഉണ്ടെന്ന്,അതിൽ ഒരു കുട്ടിയും ഉണ്ടത്രേ,

പലരും ഒരുപാട് സംസാരിച്ചു നോക്കി, ഞാനും അമ്മയും കാലുപിടിച്ച് കരഞ്ഞു പറഞ്ഞു നോക്കി എന്നിട്ടും ദിനേശേട്ടന്റെ ആ ബന്ധത്തിൽ നിന്ന് മാറിയില്ല.

വീടും സ്ഥലവും അമ്മയുടെ പേരിൽ ആയത് കൊണ്ട് അമ്മ മരിക്കുന്നത് വരെ കേറികിടക്കൻ ഒരിടമായി അതാണ് ഏക ആശ്വാസം…

പതിവുപോലെ നാലരയ്ക്ക് മുറിയിൽ അലറാത്തിന്റെ ശബ്ദം മുഴങ്ങി. ഇത്ര പെട്ടെന്ന് നേരം വെളുത്തോ എന്ന പതിവ് സംശയവുമായി തന്നെയാണ് ഇന്നും അലാറം ഓഫ് ആക്കിയത്.

അൽപ്പനേരം കൂടി കിടക്കാൻ മനസ്സ് കൊതിച്ചെങ്കിലും വൈകിച്ചെന്നാൽ ആ തള്ളയുടെ മുഖം കാണാൻ വയ്യാത്തത് കൊണ്ട് മടിച്ച് ആണേലും എഴുന്നേറ്റു അൽപ്പനേരം പായയിൽ തന്നെ ഇരുന്നു…

എത്ര വേണ്ടെന്ന് വച്ചാലും കുട്ടിക്കാലത്ത് മുത്തശ്ശി ശീലിപ്പിച്ചത് പോലെ അൽപ്പനേരം ദൈവത്തെ കൈ കൂപ്പി പ്രാർത്ഥിച്ചു. എന്നെങ്കിലും പവപ്പെട്ടവരുടെയും മുന്നിൽ ഈ ദൈവങ്ങളൊക്കെ ഒന്ന് കണ്ണ് തുറന്നാൽ മതിയായിരുന്നു…

ഇന്നലെ അമ്മ അടുപ്പിന്റെ ചോട്ടിൽ എടുത്തുവച്ച ചുള്ളി കമ്പുകളും വിറകും അടുപ്പിലേക്ക് വച്ച് മണ്ണെണ്ണ കുപ്പിയിൽ ഉണ്ടായിരുന്ന അവസാന തുള്ളി മണ്ണെണ്ണയും അതിലേക്ക് ഒഴിച്ച് തീ കത്തിച്ചു.

ഗ്യാസ് തീർന്നിട്ട് ഒരാഴ്ച്ചയായി ഇനി അമ്മയുടെ പെൻഷൻ തുക കിട്ടുമ്പോഴേ ഗ്യാസ് എടുക്കാൻ കഴിയുള്ളൂ അതിനു മുൻപേ മിക്കവാറും ഈ അടുപ്പിൽ ഊതി ഊതി എന്റെ ഗ്യാസ് തീരാതെ ഇരുന്നാൽ ഭാഗ്യം…

ആറര ആയപ്പോഴേക്കും അടുക്കള പണി ഒരുവിധം ഒതുക്കി കുളിച്ചു റെഡിയായി,ഇനി കഴിച്ചുകൊണ്ട് ഇരിക്കാൻ സമയമില്ല, രാവിലെ ഉണ്ടാക്കി വച്ച തണുത്ത കട്ടൻ ചായ ഒറ്റവലിക്ക് കുടിച്ച് കഴിഞ്ഞപ്പോൾ ആണ് മോൾ എഴുന്നേറ്റ് കണ്ണും തിരുമി വന്നത്..

പതിവ് ഉള്ള അവളുടെ ചുംബനം നെറ്റിയിൽ നൽകി ഇറങ്ങുമ്പോൾ അമ്മ പടി വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു..അമ്മയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്നത്തേയും പോലെ ആ കണ്ണുകൾ നിറഞ്ഞു തുടങ്ങി…

ബസ്സ് ഇറങ്ങി ജോലിക്ക് നിൽക്കുന്ന വീട്ടിലേക്ക് ഓടുകയായിരുന്നു, താമസിച്ചാൽ പിന്നെ അത് മതി വൈകുന്നേരം വരെ അവർക്ക് ചീത്ത വിളിക്കാൻ.

ഗേറ്റ് തുറന്ന് ആ വല്യ വീടിന്റെ അടുക്കള വാതിൽ വഴി അകത്തെക്കുകയറി.

ഇന്നലെ കഴിച്ച എച്ചിൽ ഉണങ്ങി പിടിച്ച പാത്രങ്ങൾ എല്ലാം അടുക്കളയിൽ സിങ്കിൽ ഇട്ടിട്ടുണ്ട്, രണ്ട് പെണ്ണുങ്ങൾ ഉള്ള വീട് ആണ് കഴിച്ച പാത്രങ്ങളിൽ വെള്ളം പോലും ഒഴിച്ചുവയ്ക്കില്ല ഇവറ്റകൾ…

പാത്രങ്ങൾ എല്ലാം കഴുകി വച്ച് ചായ ഇട്ട് അത് ഫ്ലാസ്കിൽ പകർത്തി, ആ ഫ്ലാസ്‌ക്കും ഗ്ലാസ്സും കൂടി ഡൈനിങ് ടേബിളിൽ കൊണ്ട് വച്ചു. ചൂലും എടുത്ത് ആ വല്യ മുറ്റമടിക്കാൻ തുടങ്ങി.

അപ്പോഴേക്കും മീൻകാരൻ പുറത്ത് വന്ന് നീട്ടി ഹോൺ അടിച്ചു തുടങ്ങി, മീനും വാങ്ങി അടുക്കളയിലേക്ക് ചെല്ലുമ്പോൾ ടെസ്സയുടെ അഞ്ച് വയസ്സുള്ള മോൻ എഴുന്നേറ്റ് വന്നു.

അവന് ഒരു ഗ്ലാസ് ചായ തണുപ്പിച്ച് കൊടുക്കുമ്പോൾ അതും വാങ്ങി മൊബൈലും തോണ്ടി അവൻ മുറിയിലേക്ക് പോയി…

പണവും, സ്റ്റാറ്റസും നോക്കി ഏതോ ബിസിനസ്സുകാരനെ ടെസ്സ തന്നെയാണ് കണ്ട് പിടിച്ചത്.

ആദ്യ നാളുകളിൽ സന്തോഷവും സ്നേഹവുമൊക്കെ അതികനാൾ നീണ്ടു നിൽക്കാതെ വന്നപ്പോൾ പിരിയാൻ അവർ സ്വയം തീരുമാനിക്കുക ആയിരുന്നു.

ഏതോ വക്കീലിന്റെ മുൻപിൽ പരസ്പരം പിരിയാനുള്ള ധാരണ പത്രം ഒപ്പിടുമ്പോൾ ടെസ്സയുടെയും മോന്റെയും ജീവിതം സുരക്ഷിതമാക്കാനുള്ള തുക കൂടി എഴുതി ചേർക്കാൻ ടെസ്സയുടെ അമ്മ മറന്നിരുന്നില്ല…

ഉച്ചയ്ക്ക് എല്ലാവരും കഴിച്ച പാത്രങ്ങൾ കഴുകിവച്ച് മുറിയിൽ പോയി അലക്കാൻ ഉള്ള തുണികൾ എടുക്കുമ്പോൾ ആണ് ടെസ്സയുടെ അമ്മയോട് രണ്ടായിരം രൂപ അഡ്വാൻസ് ആയി ചോദിച്ചത് അത് ചോദിക്കുമ്പോൾ മേക്കപ്പ്  ഇട്ട അവരുടെ മുഖത്ത് ഭാവങ്ങൾ മാറി മറിഞ്ഞു.

നാളെ കുടുംബകോടതിയിൽ പോകണം വക്കീലിന് ഫീസ് കൊടുക്കണം എന്നൊക്കെ പറഞ്ഞപ്പോൾ മടിച്ച് ആണെങ്കിലും അവർ പൈസ തന്നു….

വൈകുന്നേരം പോകാൻ ഇറങ്ങുമ്പോൾ മുറ്റത്തെ ഊഞ്ഞാലിൽ മൊബൈലിൽ സംസാരിച്ചിരിക്കുക ആയിരുന്നു ടെസ്സ..

” നിന്റെ കേസ് ഇതുവരെ തീർന്നില്ലേ…”   എന്ന് അവൾ ചോദിക്കുമ്പോൾ ആ വാക്കുകളിൽ എവിടെയോ കളിയാക്കൽ ഉണ്ടയിരുന്നു.. തിരിച്ച് എന്റെ  മറുപടികൾക്ക് കാതോർക്കാതെ ടെസ്സ വീണ്ടും ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നു…

തുണയില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നത്തിന്റെ ബുദ്ധിമുട്ടും,ധൈര്യവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ മറ്റുള്ളവരുടെ പ്രശംസയും, സഹതാപവും, സഹായ വാഗ്ദാനങ്ങളുമൊക്കെ ഏറ്റു വാങ്ങുന്ന തിരക്കിൽ ആയിരുന്നു ടെസ്സ…

സത്യത്തിൽ ഒരു നാണയത്തിന്റെ ഇരു വശങ്ങൾ ആണ് ടെസ്സയും ഞാനും. ഒരു വശത്ത് ഭാവി ജീവിതം സുരക്ഷിതമാക്കുമ്പോഴും ജീവിക്കാൻ ബുദ്ധിമുട്ട് പറയുന്നവരും, ഒരിടത്ത്‌ പണം ഇല്ലാത്തതിന്റെ  ബുദ്ധിമുട്ടിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ നെട്ടോട്ടം ഒടുന്നവരും..

ഒരിടത്ത് എല്ലാം നേടി എടുക്കാൻ പണവും, പിടിപാടും ഉള്ളവരും മറു വശത്ത് പണം ഇല്ലാത്തതിന്റെ പേരിൽ ആരോടും പരാതി പറയാൻ നിൽക്കാതെ മാറി നിൽക്കേണ്ടി വരുന്നവരും….

രണ്ടുപേരും തമ്മിൽ ഒറ്റ സാമ്യം മാത്രമേയുള്ളൂ ഇവർ രണ്ടു പേരും നമ്മുടെ സമൂഹത്തിൽ നമുക്ക് ചുറ്റും തന്നെയാണ് ജീവിക്കുന്നത് എന്ന ഒറ്റ സാമ്യം…

Leave a Reply

Your email address will not be published. Required fields are marked *