പുരുഷൻ
(രചന: Ammu Santhosh)
“നീ എന്താ ഈ ഇട്ടിരിക്കുന്നത്? ശ്ശെ നിനക്ക് ഇത് ഒട്ടും ചേരുന്നില്ല. നിനക്ക് അറിയില്ലേ നീ കുറച്ചു തടിയുള്ള പെണ്ണാണെന്ന്.
ഇമ്മാതിരി ഡ്രസ്സ് ചേരില്ല എന്ന് എത്ര തവണ പറഞ്ഞിരിക്കുന്നു. തടി കുറയ്ക്കാൻ പറഞ്ഞാലും കേൾക്കില്ല. എന്ത് കണ്ടാലും വാരി വലിച്ചു തിന്നോളും “
ഞാൻ ശ്രീനി പറയുന്നത് കേട്ട് മിണ്ടാതെ നിന്നു. ശ്രീനി നല്ല സുന്ദരൻ ആണ്. എന്ന് കരുതി ആ ഭംഗി കണ്ടു പുറകെ കൂടിയതല്ല കേട്ടോ . ശ്രീനിക്ക് ആരുമില്ല. അച്ഛൻ മരിച്ചു പോയി. അമ്മ വേറെ വിവാഹം കഴിച്ചു.
ആ കഥകളൊക്കെ കേട്ടപ്പോൾ ഒരു ഇഷ്ടം . ആദ്യമൊക്കെ ശ്രീനിക്കും എന്നെ വലിയ ഇഷ്ടം ആയിരുന്നു. എന്റെ കാര്യത്തിൽ ശ്രീനി ഭയങ്കര പൊസ്സസ്സീവ് ആണ്. ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ശ്രീനിക്കിഷ്ടമല്ലാത്തത് കൊണ്ട് ഞാൻ അതൊക്കെ ഉപേക്ഷിച്ചു.
ശ്രീനിക്ക് പക്ഷെ ഇതൊക്കെ ഉണ്ട്. ശ്രീനി പറയുന്നത് ഞാൻ ഒരു ബുദ്ധി ഇല്ലാത്ത പെണ്ണാണ് എന്നാണ്. എന്നെ വേഗം ആൾക്കാർ പറ്റിക്കും എന്ന്. അത് കൊണ്ടാണ് ഞാൻ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം. എല്ലാം കളഞ്ഞത്.
ഭക്ഷണം എനിക്ക് വലിയ ഇഷ്ടമാണ്. ശ്രീനിക്ക് എല്ലാത്തിനും ഒരു നിയന്ത്രണം ഉണ്ട്. ഭക്ഷണം വളരെ ശ്രദ്ധിച്ചു കഴിക്കും. കാര്ബോഹൈഡ്രേറ്റ് കുറച്ചു കൊണ്ട് പഴങ്ങളും സലാഡുകളും കൂടുതൽ അങ്ങനെ ഒക്കെ.
പിന്നെ വ്യായാമം ഒരു രക്ഷ ഇല്ലാത്ത വ്യായാമം. എനിക്ക് മീൻ കറി കൂട്ടി ചോറ് ഉണ്ണുന്നതാണ് ഏറ്റവും ഇഷ്ടം. ശ്രീനിക്കൊപ്പം ആണെങ്കിൽ ചോറ് സമ്മതിക്കുകയേയില്ല. പിന്നെ വ്യായാമം.. ശ്രീനി നിർബന്ധിച്ചു ചെയ്യിക്കുമ്പോൾ കുറച്ചു ചെയ്യും. അതും പേടിച്ചിട്ട്.
“ഞാൻ ആയിട്ടാണ് നിന്നേ സഹിക്കുന്നത്. എന്തൊ ഒരു ഇഷ്ടം തോന്നി. അതാണ് അല്ലെങ്കിൽ എന്റെ ഗ്ളാമറിന് പറ്റിയ പെണ്ണാണോ നീ?
എനിക്ക് നിന്നെക്കാൾ നല്ല സുന്ദരി പെണ്ണിനെ കിട്ടിയേനെ “ശ്രീനി പറയുന്നതൊക്കെ തമാശ ആയിട്ട് ആണ് ഞാൻ എടുക്കുക.. എന്നോട് നല്ല സ്നേഹം ഉണ്ട് എന്ന് ഞാൻ വിശ്വസിച്ചു .
എന്റെ കൂട്ടുകാരെയൊന്നും ശ്രീനിക്ക് ഇഷ്ടം അല്ല.
“നിനക്ക് എന്തിന് ഇത്രയും കൂട്ടുകാർ. നിനക്ക് ഞാൻ പോരെ? ” ആ ചോദ്യത്തിൽ ഞാൻ വീഴും എന്റെ ലോകം തന്നെ ശ്രീനിയാണ്.
പക്ഷെ പതിയെ പതിയെ ഞാൻ കുറവുകൾ മാത്രം ഉള്ള വ്യക്തി ആണെന്ന് എനിക്ക് തോന്നി. എനിക്ക് തടി കൂടുതൽ ആണ്. കണ്ണട ഉണ്ട്. വലിയ നിറം ഇല്ല. പാടാൻ അറിയില്ല.
ഡാൻസ് അറിയില്ല. അതൊക്കെ പറഞ്ഞു എന്നെ കളിയാക്കി കൊല്ലും ശ്രീനി. എപ്പോഴും ശ്രീനി പറയും ഒരു കഴിവ് പോലും തരാതെ ദൈവം ഭൂമിയിലേക്ക് അയച്ച പെണ്ണാണ് ഞാൻ എന്ന്.
എന്റെ അപർണ ടീച്ചറെ ഞാൻ കണ്ടത് യാദൃശ്ചികമായിട്ടായിരുന്നു.
ഇപ്പൊ എന്താ ചെയ്യുന്നത് എന്ന ചോദ്യത്തിന് പഠനം കഴിഞ്ഞു നിൽക്കുന്നു എന്ന് മാത്രം ആണ് ഉത്തരം കൊടുത്തത്. എങ്കിൽ എന്റെ സ്ഥാപനത്തിൽ പോര് ഞാൻ എൻട്രൻസ് കോച്ചിങ് സെന്റർ തുടങ്ങി എന്ന് ടീച്ചർ പറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷം ആയി
“നീയോ ടീച്ചറോ? നിനക്ക് അതിന് പഠിപ്പിക്കാൻ വല്ലതും അറിയുമോ? വെറുതെ കുട്ടികളുടെ ഭാവി കളയാൻ. നീ പോകണ്ട “
ശ്രീനി പോകണ്ട എന്ന് പറഞ്ഞാൽ പോകണ്ട എന്ന് തന്നെ ആണ്. ടീച്ചർ ചോദിച്ചപ്പോൾ നുണ പറയാൻ എനിക്ക് തോന്നിയില്ല. എല്ലാം കേട്ട് ടീച്ചർ എന്റെ വിരലിൽ പിടിച്ചു
“ഒരു കാര്യം ഓർമ വേണം മോളെ. സെൽഫ് റെസ്‌പെക്ട് എന്നൊന്നുണ്ട്. അത് നമ്മുടെ ഉള്ളിൽ നിന്നു ഉണ്ടാകണം നമ്മളെ നമ്മൾ തന്നെ ബഹുമാനിക്കുക..
എന്നാലേ മറ്റുള്ളവർ അത് ചെയ്യു.ശ്രീനി യഥാർത്ഥത്തിൽ പ്രണയിക്കുന്നു എങ്കിൽ ഇത്രയധികം ഇടിച്ചു താഴ്ത്തി സംസാരിക്കില്ല. ഒരു പുരുഷൻമാരും അത് ചെയ്യില്ല.ഇത് പോലെ ആണെങ്കിൽ വിവാഹം കഴിഞ്ഞാലോ? ആലോചിച്ചു നോക്ക് “
ഞാൻ കുറെ ആലോചിച്ചു. സ്നേഹം എന്ന പേരിൽ ഞാൻ അനുഭവിച്ചത് ഒക്കെ സ്നേഹം തന്നെ ആയിരുന്നോ എന്ന്. എന്നെ ഇടംവലം തിരിയാൻ സമ്മതിക്കാതെ കാലിൽ ചങ്ങല ഇട്ട പോലെ നിയന്ത്രിച്ചത് സ്നേഹം ആയിരുന്നോ?
ഞാൻ പഠിപ്പിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ശ്രീനി പൊട്ടിത്തെറിച്ചു. എന്നെ അനുസരിച്ചു ജീവിക്കുന്ന ഒരു പെണ്ണിനെ മതി എന്ന് പറഞ്ഞു. അപ്പൊ ഇത്രയും നാൾ അടിമയെ പോലെ ഞാൻ കഴിഞ്ഞത്.. എല്ലാം അനുസരിച്ചത്..
എന്റെ ഹൃദയത്തിൽ അഗാധമായ ഒരു വേദന നിറഞ്ഞു. ശ്രീനി വാശിയോടെ എന്നെ അവഗണിച്ചു. ഞാൻ പഠിപ്പിക്കാൻ പോയി തുടങ്ങിയില്ലായിരുന്നു എങ്കിൽ ആ അവസ്ഥയിൽ ഭ്രാന്ത് വന്നേനെ
എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന്റെ സന്തോഷം എന്തെന്ന് ഞാൻ അറിഞ്ഞു. ഇഷ്ടം ഉള്ള ഭക്ഷണത്തിന്റെ രുചി എത്ര ആസ്വാദ്യകരമാണ് എന്ന് ഞാൻ അറിഞ്ഞു.
ആരോടും അനുവാദം ചോദിക്കാതെ എനിക്ക് സിനിമക്ക് പോകാം ഷോപ്പിംഗിനു പോകാം കൂട്ടുകാർക്കൊപ്പം കടൽ കാണാൻ പോകാം..
എത്ര ആനന്ദമാണ് അത് എന്നും ഞാൻ അറിഞ്ഞു. എന്റെ ശരീരം തടിക്കുകയോ മെലിയുകയോ ചെയ്തോട്ടെ. അത് ശ്രദ്ധിക്കാറില്ല ഇപ്പൊ ഞാൻ.
ഞാൻ എന്റെ ഫേസ്ബുക് ഒക്കെ ഓപ്പൺ ചെയ്ത് കൂട്ടുകാരെ എന്റെ ലിസ്റ്റിൽ ചേർത്തു. വാട്സാപ്പ് കൂട്ടായ്മകളിൽ പങ്കെടുത്തു പണ്ടെന്നോ മറന്ന എഴുത്തൊക്കെ പുനരാരംഭിച്ചു.
പിണങ്ങിയാലും ശ്രീനിയെ വെറുക്കാൻ എനിക്ക് കഴിഞ്ഞില്ലായിരുന്നു. ഞാൻ ശ്രീനിയുടെ പ്രൊഫൈൽ നോക്കും ഇടയ്ക്ക് ഒരു പെൺകുട്ടി ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കണ്ടു. കമ്മിറ്റഡ് എന്നും കണ്ടു. പിന്നെ ഞാൻ അങ്ങോട്ട് നോക്കാൻ പോയില്ല.
നമ്മുടേതല്ലാത്ത ഇടങ്ങളിൽ നിന്നു വേഗം പോരണം അല്ലെങ്കിൽ നിന്ദിക്കപ്പെടും എന്ന് അനുഭവം എന്നെ പഠിപ്പിച്ചു.
അമ്മയും അച്ഛനും ആലോചിച്ചു കൊണ്ട് വന്ന ഒരാളായിരുന്നു അരുൺ. ഞാൻ അരുണിനോട് എല്ലാം പറഞ്ഞു..
എനിക്ക് ഈ ജീവിതം ഇഷ്ടം ആണ്. ഇപ്പോഴാണ് സന്തോഷം അറിയുന്നത്. ഇനി ഒരു പരീക്ഷണം ഉടനെ വയ്യ. അച്ഛനോടും അമ്മയോടും എന്നെ ഇഷ്ടം അല്ല എന്ന് പറഞ്ഞേക്ക് എന്നും പറഞ്ഞു.
അരുൺ പോയി.. ഒരാഴ്ച കഴിഞ്ഞപ്പോൾ വിളിച്ചു
“ഞാൻ കുറെ ആലോചിച്ചു . തന്നെ എനിക്ക് ഒരു പാട് ഇഷ്ടം ആയി. കുറെ സമയം എടുത്ത് തന്നെ ആലോചിച്ചു നോക്കി.ഇഷ്ടം ആണെങ്കിൽ ഓക്കേ പറയു ” അരുൺ പറഞ്ഞു.
ഞാൻ എനിക്ക് കുറച്ചു സമയം കൂടി തരണം എന്ന് പറഞ്ഞു.
സത്യത്തിൽ എനിക്ക് കുറെ സമയം വേണമായിരുന്നു. ഞാൻ എന്തൊക്ക കോമാളി വേഷങ്ങളാണ് കെട്ടിയാടിയത് എന്ന് സ്വയം ബോധ്യപ്പെടുത്താൻ,
ഇനി ഒരിക്കലും ആത്മാഭിമാനം കളഞ്ഞൊരു ബന്ധത്തിലും, അത് സൗഹൃദം ആണെങ്കിൽ പോലും മാന്യത ഇല്ലെങ്കിൽ നിൽക്കാതിരിക്കാൻ മനസ്സൊരുക്കണമായിരുന്നു
,എന്റെ ജീവിതം എന്റെ സ്വാതന്ത്ര്യം ആണ് എന്നൊന്ന് കൂടി ഉറപ്പിക്കാൻ ഒക്കെ എനിക്ക് കുറച്ചു കൂടി സമയം വേണമായിരുന്നു…
അരുൺ കാത്തിരുന്നു. ഒന്നല്ല രണ്ടു വർഷങ്ങൾ…
ഞങ്ങൾ വിവാഹിതരായി …
പ്രണയം എന്നാൽ ബഹുമാനിക്കുക എന്നത് കൂടി ആണെന്ന് ഞാൻ പഠിച്ചു . പ്രണയം എന്നാൽ നമുക്ക് സ്വന്തം ആയി ഒരിടം തരിക കൂടിയാണ് എന്ന് അറിഞ്ഞു
പ്രണയം എന്നാൽ നോവിക്കാതെ സ്നേഹിക്കുക ആണെന്ന് മനസിലാക്കാനും മറ്റൊരു പുരുഷൻ വേണ്ടി വന്നു.
അല്ല…
ഇതാണ് പുരുഷൻ… പെണ്ണിനെ സ്നേഹിക്കുക മാത്രം അല്ല… അവളുടെ ഉടലിനെ കാമിക്കുക മാത്രം അല്ല…
അവളുടെ വ്യക്തിത്വത്തെ ബഹുമാനിക്കുന്നവൻ. അവളെ ഉയർച്ചയുടെ പടികൾ താണ്ടാൻ കൈത്താങ്ങാകുന്നവൻ.അവളുടെ എല്ലാമെല്ലാമാകുന്നവൻ . അവളെന്താണോ അത് പോലെ അവളെ സ്നേഹിക്കുന്നവൻ
അവനാണ് യഥാർത്ഥ പുരുഷൻ…