നിങ്ങളോട് ഉള്ള സ്നേഹം കൊണ്ടാണ് എനിക്ക് വീണ്ടും അതൊക്കെ കേൾക്കുമ്പോൾ സങ്കടം വരുന്നത്..

അനാഥ
(രചന: ശ്യാം കല്ലുംകുഴിയിൽ)

” എനിക്ക് ഇപ്പോൾ നിങ്ങളോട് വല്ലാത്ത ദേഷ്യം തോന്നുന്നുണ്ട്…” നന്ദിനി അത് പറയുമ്പോൾ മനു അവളുടെ അടി വയറ്റിൽ ചൂട് പിടിച്ച് കൊണ്ടിരിക്കുക ആയിരുന്നു..

” മനുഷ്യാ കേൾക്കുന്നുണ്ടോ, നിങ്ങളോടാ ഞാൻ പറയുന്നത്…” നന്ദിനി മനുവിന്റെ തലമുടിയിൽ പിടിച്ച് വലിച്ച് കൊണ്ട് ദേഷ്യം കാണിച്ചു …

” ദേ പെണ്ണേ പിടിച്ച് വലിക്കാതെ, ചൂട് വെള്ളമാണ് കയ്യിൽ അത് വീണ് എല്ലാം കൂടി പൊള്ളി പോകും പറഞ്ഞേക്കാം…”

നന്ദിനിയുടെ മുഖത്ത് നോക്കാതെ തന്നെ മനു അത് പറഞ്ഞു കൊണ്ട്,  വീണ്ടും അവളുടെ വയറ്റിൽ ചൂട് പിടിച്ചു കൊടുത്തു..

” നിങ്ങളത് അങ്ങോട്ട് വച്ചിട്ട് ഞാൻ പറയുന്നത് കേൾക്ക്…”

മനു ചൂട് വെള്ളം നിറച്ച പാത്രം മേശപ്പുറത്ത് വയ്ക്കുമ്പോഴേക്കും നന്ദിനി തലയിണ കട്ടിലിന്റെ പടിയിൽ വച്ച് അതിലേക്ക് ചാരി ഇരുന്നു. മനു അവൾക്കരികിൽ താടിക്ക് കയ്യും താങ്ങി നന്ദിനിയുടെ മുഖത്ത് നോക്കി ഇരുന്നു…

” നിങ്ങളെന്നെ വെറും പെണ്ണാക്കി കളഞ്ഞല്ലോ മനുഷ്യാ…” നന്ദിനി അത് പറയുമ്പോൾ മനു  അത്ഭുതത്തോടെയും സംശയതോടെയും അവളെ തന്നെ നോക്കി ഇരുന്നു…

” അപ്പൊ നി നേരത്തെ പെണ്ണ് അല്ലായിരുന്നോ….” ചുണ്ടിൽ ചിരി ഒളിപ്പിച്ചു വച്ചുകൊണ്ട് നന്ദിനിയുടെ മുഖത്ത് നോക്കി മനു പറയുമ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…

” അതല്ലടോ പറഞ്ഞത്…”

നന്ദിനി തലയിണ എടുത്ത് മനുവിന്റെ നേരെ അടിക്കാൻ ഓങ്ങി പറയുമ്പോൾ മനു അവളുടെ കയ്യിൽ നിന്ന് തലയിണ തട്ടി എടുത്ത്,അതവളുടെ മടിയിലേക്ക് ഇട്ടുകൊണ്ടു കിടന്നു…

” എല്ലാവരും ഉണ്ടായിട്ടും പെട്ടെന്ന് അനാഥ അക്കേണ്ടി വന്നവൾ ആണ് ഞാൻ, മരണം പ്രീയപ്പെട്ടവരെ നമ്മളിൽ നിന്ന് അകറ്റുമ്പോൾ ആണ് പലരുടെയും തനി സ്വഭാവം പുറത്ത് വരുന്നത്…”

നന്ദിനി പറഞ്ഞു തുടങ്ങുമ്പോൾ ആകാശത്ത് കാർമേഘം ഇരുണ്ട് കൂടിയത് പോലെ അവളുടെ മുഖത്തും ദുഃഖം നിഴലിച്ചു…

” എടോ താനിപ്പോ അനാഥ അല്ലല്ലോ എനിക്ക് നീയും നിനക്ക് ഞാനും ഇല്ലേ..ഇനി പഴയത് ഓർത്ത് കരയാൻ ആണ് ഭാവം എങ്കിൽ….” മനു പറയുമ്പോൾ നന്ദിനി മുഖത്ത് ഒരു ചിരി വരുത്താൻ ശ്രമിച്ചു…

” ബന്ധുക്കൾക്ക് ഒരു ബാധ്യതയായി തുടങ്ങിയപ്പോൾ ആണ് ഏതേലും ജോലി ഒപ്പിച്ച് ഹോസ്റ്റലിൽ നിൽക്കാം എന്ന് തീരുമാനിച്ചത്,, ജോലിക്ക് ഒക്കെ പോയി തുടങ്ങിയപ്പോൾ പിന്നെ ഞാൻ അഹങ്കാരിയായി, തന്റേടിയായി,, ഒരു വേശ്യവരെ ആക്കി എന്നെ…”

അത് പറഞ്ഞ് തീരുംമുമ്പേ നന്ദിനി മുഖം പൊത്തി കരയാൻ തുടങ്ങി.. അവളുടെ ഉള്ളിലെ ദുഃഖം കരഞ്ഞു തീർക്കട്ടെ എന്ന് കരുതി മനു അൽപ്പനേരം ഒന്നും മിണ്ടിയില്ല…

” മതി നന്ദു കരഞ്ഞത് എനിക്ക് അറിയല്ലോ നിന്നെ, അതുപോരെ  നിനക്ക്…”

” അതല്ല ഏട്ടാ, ആദ്യമൊക്കെ എനിക് അത് കേൾക്കുമ്പോൾ വിഷമം ആകുമായിരുന്നെങ്കിലും, പയ്യെ പയ്യെ അതൊന്നും മൈൻഡ് ചെയ്യാതെ ആയി, ആര് പറഞ്ഞാലും എനിക്ക് ഒന്നുമില്ല, എനിക്ക് എന്നെ അറിയല്ലോ എന്ന് മനസ്സിൽ പറഞ്ഞു പഠിച്ചു..

ആ മനസ്സിലേക്ക് ആണ് നിങ്ങൾ സ്നേഹത്തിന്റെ വിത്ത് പാകിയത്, നിങ്ങളോട് ഉള്ള സ്നേഹം കൊണ്ടാണ് എനിക്ക് വീണ്ടും അതൊക്കെ കേൾക്കുമ്പോൾ സങ്കടം വരുന്നത്,, നിങ്ങൾ എന്നെ വീണ്ടും വെറും പെണ്ണാക്കി….”

” ന്റെ നന്ദു പറയുന്നവർ പറയട്ടെ, നമ്മൾക്ക് പരസ്പരം അറിയല്ലോ ,നമുക്ക് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യവും ഇല്ല…ഇനി ഇതിന്റെ പേരിൽ കരഞ്ഞാൽ നി എന്റെ കയ്യിൽ നിന്ന് നല്ലത് വാങ്ങും കേട്ടോ…”

മനു അത് പറഞ്ഞു തീരുമ്പോഴേക്കും നന്ദിനിയുടെ ചുണ്ട് അവന്റെ കവിളിൽ മെല്ലെ ചുംബിച്ചു തുടങ്ങിയിരുന്നു..

” അപ്പൊ നാളെ നിന്റെ നാട്ടിലേക്ക് പോകുമ്പോൾ ഒരുപാട് കഥകൾ കേൾക്കാം അല്ലേ…” മനു ചിരിച്ചുകൊണ്ട് പറയുമ്പോൾ വീണ്ടും നന്ദിനിയുടെ മുഖത്ത് ദുഃഖം നിഴലിച്ചു…

” നമുക്ക് അങ്ങോട്ട് പോണോ ഏട്ടാ…” നന്ദിനിയുടെ വാക്കുകളിൽ ഒരു അപേക്ഷയുടെ സ്വരം ഉണ്ടായിരുന്നു..

” പോണം നന്ദു, നിന്നെ കരയിപ്പിച്ചവരുടെയും, നിന്റെ കണ്ണുനീർ കണ്ട് സന്തോഷിച്ചവരുടെയും മുന്നിലൂടെ നി സന്തോഷത്തോടെ നിൽക്കുന്നത് എനിക് കാണണം…”

മനു അങ്ങനെ പറയുമ്പോൾ എതിർത്ത് ഒന്നും പറയാൻ നന്ദിനിക്ക് തോന്നിയില്ല… പിറ്റേന്ന് നന്ദിനിയുടെ നാട്ടിലേക്ക് യാത്ര ആകുമ്പോൾ അവളുടെ മുഖത്ത് പഴയ സന്തോഷം ഇല്ലാത്തത് മനു ശ്രദ്ധിച്ചിരുന്നു.

” എന്താടോ ഒരു ഉത്സാഹ കുറവ് പോലെ….” പുറത്തെ കാഴ്ചകളിൽ കണ്ണ് ഉടക്കി ഇരിക്കുന്ന നന്ദിനിയോട് മനു ചോദിച്ചു…

” ഏയ്‌ ഒന്നുമില്ല…” അവൾ മുടികൾ ഒതുക്കി മുഖത്ത് ഒരു ചിരി വരുത്തി പറഞ്ഞു…

” തനിക്ക് താൽപര്യമില്ലേൽ നമുക്ക് അവിടേക്ക് പോകേണ്ടന്ന് വയ്ക്കാം…” മനു വണ്ടി റോഡ് സൈഡിൽ  ഒതുക്കി..  അൽപ്പനേരം രണ്ടാളും ഒന്നും മിണ്ടിയില്ല…

” നന്ദു, നിന്റെ കഴുത്തിൽ താലി കെട്ടിയവൻ ആണ് ഞാൻ.. ഒരിക്കലും ഞാൻ തന്നെ കൈവിടില്ല അത് എന്റെ വാക്ക്…നി ഇവിടെ ഏവന്റെയോ കൂടെ ആണെന്ന് ബന്ധുക്കൾ പറഞ്ഞു നടക്കുന്നതിലും നല്ലത് അല്ലെ നിന്റെ കഴുത്തിൽ ഒരാൾ താലി കിട്ടിയെന്ന് അവരെ ബോദ്ധ്യപ്പെടുത്തുന്നത്…”

അപ്പോഴും നന്ദിനി ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരിക്കുക ആയിരുന്നു…

” പോകാം ഏട്ടാ, എല്ലാവരുടെയും മുൻപിൽ എനിക്ക് തല ഉയർത്തി നിൽക്കണം….”

അല്പനേരത്തെ മൗനത്തിന് ശേഷം നന്ദിനി പറയുമ്പോൾ അവളുടെ വാക്കുകളിൽ അതുവരെ ഇല്ലാത്ത ആത്മവിശ്വാസവും,സന്തോഷവും ഉണ്ടായിരുന്നു….

കുറെ നാളായി അടഞ്ഞു കിടക്കുന്ന നന്ദിനിയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ അയൽവക്കത്തെ വീടുകളിൽ നിന്ന് പല തലകളും അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. വീടിന്റെ ഉള്ളിൽ ഓരോ കോണിലൂടെ കണ്ണോടിക്കുമ്പോഴും നന്ദിനിയുടെ മനസ്സിലൂടെ ഒരുപാട് ഓർമ്മകൾ ഓടി മറഞ്ഞുപോയി…

അച്ഛന്റെയും അമ്മയുടെയും മുറിയുടെ വാതിൽക്കൽ എന്തോ ആലോചിച്ചു നിൽക്കുമ്പോഴേക്കും മനു അവളെ പിന്നിലൂടെ കൈയിട്ട് അവന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് അൽപ്പനേരം അങ്ങനെ നിന്നു…

” എന്താ അച്ഛനെയും അമ്മയെയും ഓർമ്മ വന്നോ…” അവൻ മെല്ലെ നന്ദിനിയുടെ ചെവിയിൽ ചോദിച്ചപ്പോൾ അതെയെന്ന് തലയാട്ടി….

” മോളേ…..”

പുറത്ത് നിന്ന് ആരുടെയോ ശബ്ദം കേട്ടപ്പോൾ മനുവിൽ നിന്ന് മാറി നന്ദിനി പുറത്തേക്ക് നടന്നു… അമ്മായിയും അമ്മാവനും ഒപ്പം അവരുടെ മോളും നിൽക്കുന്നത് കണ്ടപ്പോൾ നന്ദിനി ചിരിച്ചുകൊണ്ട് അവരെ അകത്തേക്ക് വിളിച്ചു…

” ഇവിടെ ഒരു പെണ്ണിനേയും ചെറുക്കനേയും കണ്ടെന്ന് കുമാരൻ പറഞ്ഞപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചു അത് മോള് ആകുമെന്ന്…”

അമ്മാവൻ അത് പറഞ്ഞ് അകത്തേക്ക് കയറുമ്പോൾ നന്ദിനി ഒളികണ്ണിട്ട് ഉള്ളിൽ നിൽക്കുന്ന മനുവിനെ നോക്കി..മനു പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ അമ്മാവനും അമ്മായിയും സംശയത്തോടെ അവനെ നോക്കി…

” ആ അമ്മാവാ ഇത് മനു, ഞങ്ങളുടെ രെജിസ്റ്റർ മാര്യേജ് കഴിഞ്ഞു..”

” നന്നായി മോളെ ഇപ്പോൾ ആണ് അമ്മാവന് ഒരു ആശ്വാസമായത്, നിന്നെ ഓർത്തതായിരുന്നു എന്റെ ദുഃഖം…”

” അതേ മോളെ ഇങ്ങേര് എപ്പോഴും മോളുടെ കാര്യം പറയും,സ്വന്തം മോളെ കെട്ടിക്കറായി എങ്കിലും അങ്ങേരുടെ വിഷമം നിന്റെ ഭാവിയെ കുറിച്ച് ആയിരുന്നു,, എന്നും മോളുടെ കാര്യം പറയാനേ സമയമുള്ളു …”

അമ്മാവനെ സപ്പോർട്ട് ചെയ്ത് കൊണ്ട് അമ്മായിയും പറഞ്ഞപ്പോൾ നന്ദിനിക്ക് ഉള്ളിൽ ചിരിയാണ് വന്നത്…

” ഇവളും അതുപോലെ തന്നെ എപ്പോഴും അമ്മാവന്റെയും അമ്മയിയുടെയും വിശേഷങ്ങൾ പറയനെ സമയം ഉള്ളു… നിങ്ങളുടെ സ്നേഹത്തെ കുറിച്ച് പറയുമ്പോൾ സന്തോഷം കൊണ്ട് ഇവളുടെ കണ്ണുകൾ ഇപ്പോഴും നിറയും….”

മനു അത് പറഞ്ഞിട്ട് നന്ദിനിയെ നോക്കി കണ്ണിറുക്കി കാണിച്ചു, നന്ദിനി ചിരി പുറത്തേക്ക് വരാതെ ഇരിക്കാൻ ഏറെ പാടുപെട്ടു.

” മോന് എന്താ ജോലി…”

” ഞാൻ ചെറിയ ബസ്സിനസും കാര്യങ്ങളുമായി ഒക്കെ നടക്കുന്നു…”

” മോള് ജോലിയും കാര്യങ്ങളുമായി വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് കൊണ്ട് ഇവളെ കുറിച്ച് ഇല്ലാ കഥകൾ ഒരുപാട് പറയുന്നുണ്ട് നാട്ടിൽ, മോൻ അതൊന്നും കാര്യമാക്കണ്ട…”

അമ്മാവൻ കസേരയിൽ മലർന്നിരുന്ന് പറയുമ്പോൾ മനു ഇടങ്കണ്ണിട്ട് നന്ദിനിയെ നോക്കി, അവളുടെ മുഖത്ത് വീണ്ടും ദുഃഖം നിഴലിച്ചത് മനു ശ്രദ്ധിച്ചു…

” ഓ അതിലൊന്നും കാര്യമില്ല അമ്മാവാ…എല്ലാ നാട്ടിലും കാണും കുറെ പാഷണത്തിൽ ക്രിമികൾ, ആരേലും ഒന്ന് നന്നായി വന്നാൽ അപ്പൊ അവരെ കുറിച്ച് അപവാദം പറഞ്ഞു പരത്തൽ ആണ് അവരുടെ ജോലി,,

അതുമല്ല വഴി പിഴച്ചു പോകാൻ വീട്ടിൽ നിന്ന് മാറി നിൽക്കണം എന്നൊന്നും ഇല്ലല്ലോ, ഒരു സ്മാർട്ട് ഫോൺ കയ്യിൽ ഉണ്ടേൽ മനസ്സ് കൊണ്ടെങ്കിലും വ്യഭിചരിക്കാത്തവർ ഇല്ല….”

വന്നപ്പോൾ മുതൽ മൊബൈലും തോണ്ടി ഇരിക്കുന്ന അമ്മാവന്റെ മോളെ നോക്കി പറയുമ്പോൾ അമ്മയി കൈകൊണ്ട് അവളെ തട്ടിയിട്ട് മനുവിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു..

” ഇപ്പോഴത്തെ പിള്ളേർക്ക് ഇരുപത്തിനാലു മണിക്കൂറും മൊബൈൽ കയ്യിൽ വേണം…” ചമ്മൽ മറച്ചുവച്ചുകൊണ്ട് അമ്മായി പറയുമ്പോൾ മനു ഒന്ന് തലയാട്ടി…

” എന്നാൽ ശരി മോളെ ഞങ്ങൾ ഇറങ്ങട്ടെ പറമ്പിൽ കുറച്ച് പണിക്കാർ ഉണ്ട്, നിങ്ങൾ സമയം കിട്ടുന്നത് പോലെ അവിടേക്ക് ഇറങ്ങ്…”

അത് പറഞ്ഞ് അമ്മാവാനും കുടുംബവും മനുവിനോടും നന്ദിനിയോടും യാത്ര പറഞ്ഞ് ഇറങ്ങി..അവർ കൺവെട്ടത്തിൽ നിന്ന് മറഞ്ഞപ്പോൾ അതുവരെ പിടിച്ചു നിർത്തിയിരുന്ന ചിരിയുടെ കെട്ട് തുറന്ന് വിട്ടുകൊണ്ട് നന്ദിനി ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി..

” പയ്യെ ചിരി പെണ്ണേ അവർ കേൾക്കും…”

” പിന്നെ എങ്ങനെ ചിരിക്കാതെ ഇരിക്കും, ആ പോയ മുതലുണ്ടല്ലോ അത് ഇങ്ങനെ ചമ്മി നാറി പോകുന്നത് കാണാൻ ഒരുപാട് കൊതിച്ചത് ആണ്, എങ്കിലും മനുഷ്യ നിങ്ങളെ സമ്മതിക്കണം….”

അത് പറഞ്ഞു തീരും മുൻപേ നന്ദിനി വീണ്ടും പൊട്ടിച്ചിരിച്ചു…

” എന്നാ ഇനി പറ നി അനാഥയാണോ, എന്നോട് ദേഷ്യം ഉണ്ടോ…” മനു അത് ചോദിച്ചപ്പോൾ നന്ദിനി അവനെ കെട്ടിപ്പിടിച്ച്  അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് നിന്നു..

” അല്ല ഞാനിപ്പോൾ അനാഥ അല്ല, പിന്നെ എന്റെ ഈ തെമ്മാടിയോട് അല്ലെ എനിക്ക് ദേഷ്യവും, വിഷമവും, സന്തോഷവും, സ്നേഹവുമൊക്കെ കാണിക്കാൻ പറ്റുള്ളൂ…”

അത് പറഞ്ഞ് നന്ദിനി മനുവിന്റെ നെഞ്ചിൽ പതിയെ കടിക്കുമ്പോൾ മനു ഒന്നുകൂടെ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു……

Leave a Reply

Your email address will not be published. Required fields are marked *