ആ രാജീവൻ നിനക്ക് ആ പെണ്ണിനെ മാത്രമേ കിട്ടിയുള്ളോ അമ്മയെ നോക്കാൻ വേണ്ടി..

എന്നെന്നും
(രചന: ശ്യാം കല്ലുകുഴിയിൽ)

രാത്രി ചോറ്‌ കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും കേട്ട് തുടങ്ങിയത്.

കഴിച്ചുകൊണ്ടിരുന്ന ചോറുപത്രം അടച്ച് വച്ച് കൈ കഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം മൂക്കിൽ അടിച്ചു തുടങ്ങി…

മുറിയിലെ ലൈറ്റ് തെളിയിക്കുമ്പോൾ കുറ്റം ചെയ്ത കുട്ടികളെ പോലെ നിഷകളങ്കമായാ ചിരിയുമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു…

” അയ്യേ…അല്ലേലും അമ്മയ്ക്ക് പണ്ടേ ഉള്ളതാണ് എന്തേലും കഴിച്ചയുടനെ ആപ്പിയിടൽ, പണ്ട് അച്ഛൻ എന്നും ഇത് പറഞ്ഞു കളിയാക്കുന്നത് ഓർമ്മയുണ്ടോ….”

ഞാൻ ചിരിച്ചുകൊണ്ട് മൂക്കത്ത് വിരലും വച്ച് പറയുമ്പോൾ അമ്മ പിന്നെയും നിഷ്കളങ്കമായി ചിരിച്ചു, അതിനൊപ്പം കണ്ണുനീരും ഒലിച്ചിറങ്ങുന്നത് കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞു തുടങ്ങി…

” അയ്യേ കൊച്ചു പിള്ളേരെ പോലെ കരയുകയാണോ, ഞാനൊരു തമാശ പറഞ്ഞതല്ലേ..”

അമ്മയുടെ കണ്ണുനീർ തടച്ച് അത് പറയുമ്പോൾ അമ്മ ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു കിടന്നു…

പിന്നെ അമ്മയുടെ നൈറ്റിയും, കട്ടിലിൽ വിരിച്ചിരുന്ന ബെഡ് ഷീറ്റും മാറ്റി ചൂട് വെള്ളം കൊണ്ട് ഒന്ന് കൂടി അമ്മയെ തുടച്ചു വൃത്തിയാക്കി,

ബെഡിൽ പുതിയ ബെഡ് ഷീറ്റും വിരിച്ച്, പുതിയ നൈറ്റിയും ഇട്ട് കിടത്തുമ്പോഴൊക്കെയും അമ്മ എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി കിടക്കുക ആയിരുന്നു…

” ഞാനിതൊക്കെ വെള്ളത്തിൽ മുക്കി ഇട്ടിട്ട് വരാം…”

അത് പറഞ്ഞ് മലവും മൂത്രവും പറ്റിയ തുണികളുമായി ബാത്ത് റൂമിൽ കയറി പൈപ്പിന്റെ ചുവട്ടിൽ ഇട്ട് അതിലേക്ക് വെള്ളം ചീറ്റി ഒഴിച്ച ശേഷമാണ്, ബക്കറ്റിൽ ഡെറ്റോൾ ഒഴിച്ച് തുണികൾ വീണ്ടും അതിലേക് മുക്കി ഇട്ടത്….

ഇതോകെ ചെയ്യുമ്പോൾ പതിവില്ലാതെ ഇന്നെന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

മനസ്സിന് ഒരു ആശ്വാസം കിട്ടുന്നത് വരെ അവിടെനിന്ന് കരഞ്ഞ ശേഷമാണ് മുഖവും കയ്യും കാലും കഴുകി തിരികെ അമ്മയുടെ അടുക്കലേക് വന്നത്…

” ഞാനെ ആ സ്പ്രേ അടിയ്ക്കാം…”

മുറിയിൽ ചെല്ലുമ്പോഴും എന്നെയും നോക്കി കിടക്കുന്ന അമ്മയുടെ മുഖത്ത് നോക്കിയാൽ കരഞ്ഞുപോകും എന്നത് കൊണ്ടാണ് അതും പറഞ്ഞ് അലമാരയിൽ നിന്ന് സ്പ്രേ എടുത്ത് മുറിയിലാകെ അടിച്ചത്.

ഒപ്പം അമ്മയുടെ തുണിയിലും, ബെഡ് ഷീറ്റിലും അടിച്ചു….

” ആഹാ ഇപ്പോൾ നല്ല മണം ആയല്ലോ…”

അത് പറഞ്ഞ് അമ്മയുടെ അരികിൽ ഇരിക്കുമ്പോഴും അമ്മയുടെ കണ്ണുകൾ എന്റെ മുഖത്ത് തന്നെ ആയിരുന്നു…

” എന്താ ഇങ്ങനെ നോക്കുന്നെ…”

അത് പറഞ്ഞ് ചുക്കി ചുളിഞ്ഞ അമ്മയുടെ കൈകൾ എടുത്ത് ചുംബിച്ച്, മെല്ലെ ആ കൈകളിൽ തടവി ഇരുന്നു…

” എനിക്ക് ഇതൊന്നും ഒരു ബുദ്ധിമുട്ട് അല്ലമ്മേ… എന്റെ കുഞ്ഞില്ലേ അമ്മയും ഇതുപോലെ എന്റെ മലവും മൂത്രവും കുറെ വാരിയതല്ലേ…..”

അത് പറഞ്ഞ് ആ മുഖത്ത് നോക്കുമ്പോൾ വീണ്ടും കണ്ണുനീർ ഒഴുകി തുടങ്ങിയിരുന്നു…

” ദേ ഇങ്ങനെ കരയാൻ ആണേൽ ഞാൻ എഴുന്നേറ്റ് പോകും കേട്ടല്ലോ…”

അമ്മയുടെ കണ്ണുനീർ തുടച്ചു നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് അത് പറയുമ്പോൾ അമ്മ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു…

” നാളെ ചിലപ്പോ പുതിയ ഹോം നേഴ്‌സ് വരും… ഓഫീസിലും കുറെ വർക്ക് പെന്റിങ് ഉണ്ട്… ”

അമ്മയുടെ കൈകൾ തടവി ഇരുന്ന് അത് പറയുമ്പോഴേക്കും അമ്മ കണ്ണുകൾ അടച്ച് ഉറക്കം പിടിച്ചിരുന്നു. എങ്കിലും കുറെ നേരം കൂടി അമ്മയുടെ അരികിൽ തന്നെ ഇരുന്നു…

ബെഡ് ഷീറ്റ് ഒന്നൂടെ നേരെ ഇട്ട്, മുറിയിലെ ലൈറ്റും അണച്ച് മുറിയിൽ നിന്ന് ഇറങ്ങി വീണ്ടും ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്നു.

” ഈ നാറ്റം പിടിച്ച വീട്ടിൽ ഇരുന്ന് നിങ്ങൾക്ക് എങ്ങനെ ഭക്ഷണം കഴിക്കാൻ പറ്റുന്നു… എനിക്കിവിടെ പറ്റില്ല…”

ഭക്ഷണം കഴിക്കുമ്പോൾ ഓർമ്മ വന്നത് നിമ്മി പറഞ്ഞ ആ വാക്കുകൾ ആണ്. നിമ്മി കൂടെ ജോലി ചെയ്യുന്നവൾ, ഓഫീസിൽ അവൾ ആദ്യം എത്തുമ്പോൾ കാര്യങ്ങൾ പറഞ്ഞ് കൊടുക്കാൻ എന്നെയാണ് ഏൽപ്പിച്ചത്,

അന്ന് തുടങ്ങിയത് ആയിരുന്നു നമ്മുടെ സൗഹൃദം. എന്നോടുള്ള പ്രണയം പറഞ്ഞതും അവൾ ആയിരുന്നു….

പലപ്പോഴും അവളോട് പറഞ്ഞിട്ടുണ്ട് വീടിനെ പറ്റിയും കിടപ്പിലായ അമ്മയെ പറ്റിയും.

അതൊന്നും അവൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു, എന്നാലും അവൾ എന്നിൽ നിന്ന് മാറാനും തയ്യാറായിരുന്നില്ല..

ആ ഒരു ദിവസം അവൾ വാശി പിടിച്ചാണ് എന്നോടൊപ്പം വീട്ടിൽ വന്നത്, അമ്മയുടെ അരികിൽ ഇരുന്ന് സംസാരിക്കുന്നതൊക്കെ കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം തോന്നിയെങ്കിലും അത് അതികനേരം നീണ്ടു നിന്നിരുന്നില്ല…

അന്നും ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും കേട്ടതും, കഴിപ്പ് നിർത്തി ഞാൻ മുറിയിലേക്ക് പോയതും,

പതിവുപോലെ മലത്തിലും മൂത്രത്തിലും കുളിച്ചു കിടക്കുന്ന അമ്മയെ വൃത്തിയാക്കി നിമ്മിയുടെ അരികിൽ എത്തുമ്പോൾ അവൾ തല കുമ്പിട്ട് ഭക്ഷണത്തിൽ വിരൽ ഓടിച്ചിരിക്കുക ആയിരുന്നു…

” താൻ കഴിച്ചില്ലേ,, കഴിക്ക്….”

അത് പറഞ്ഞ് അവൾക്കരികിൽ ഇരിക്കുമ്പോൾ ആദ്യം അവളൊന്നും മിണ്ടിയില്ല…

” ഈ നാറ്റം പിടിച്ച വീട്ടിൽ ഇരുന്ന് നിങ്ങൾക്ക് എങ്ങനെ ഭക്ഷണം കഴിക്കാൻ പറ്റുന്നു… എനിക്ക് പറ്റില്ല….”

അവളുടെ ശബ്ദം ഉച്ചത്തിൽ ആയിരുന്നു, വായിൽ വച്ച ഉരുള ഇറക്കാൻ പോലും മറന്ന് ഞാൻ അവളെ നോക്കി ഇരുന്നു…

” എനിക്ക് പറ്റില്ല ഈ വീട്ടിൽ, ഒന്നുകിൽ അമ്മയെ ഏതേലും അനാഥലായിൽ ആക്കാം, അല്ലെ ഇവിടെ സെർവെന്റിനെ നിർത്തി നമ്മുക്ക് വേറെ വീട്ടിലേക്ക് മാറാം…”

മുന്നിൽ ഇരുന്ന ഭക്ഷണം നീക്കി വച്ച് അതും പറഞ്ഞവൾ ഓർക്കാനിച്ചു കൊണ്ട് വാഷ് ബെയിസനിലേക്ക് ഓടി.

അൽപ്പനേരം കഴിഞ്ഞ് കയ്യും മുഖവും കഴുകി നിമ്മി തിരികെ വരുമ്പോഴും ഞാൻ ഭക്ഷണത്തിന്റെ മുന്നിൽ തന്നെ ഇരിക്കുക ആയിരുന്നു….

” ഞാൻ പറഞ്ഞിരുന്നതല്ലേ നിമ്മി, എന്റെ അവസ്ഥകൾ…”

എന്റെ മുന്നിൽ വന്ന് നിന്ന നിമ്മിയോട് അത് പറയുമ്പോഴും അവളുടെ മുഖത്ത് പുച്ഛം മാത്രം ആയിരുന്നു…

” ഞാൻ പറഞ്ഞാലോ രാജീവ്, എനിക്ക് ഈ നാറ്റം ഒന്നും പറ്റില്ല… അമ്മയോട് എനിക്ക് ഇഷ്ട കുറവ് ഒന്നും ഇല്ല, പക്ഷെ ഇങ്ങനെ ഒരുമിച്ച് നിൽക്കാൻ പറ്റില്ല…. ഇനി തീരുമാനം രാജീവന്റെ ആണ്…”

കൈകൾ കെട്ടി പുറത്തേക്ക് നോക്കി അവൾ നിൽക്കുമ്പോൾ, എന്ത് ചെയ്യണം എന്നറിയാതെ ഞാനും ഇരുന്നു…

” അമ്മയെ ഒഴിവാക്കി എനിക്ക് പറ്റില്ല നിമ്മി….”

നീണ്ട മൗനത്തിന് ശേഷമാണ് ഞാൻ അത് പറഞ്ഞത്…

” എന്ന നിങ്ങൾ അമ്മയെയും കെട്ടിപ്പിടിച്ച് ഇരുന്നോ,, ഒരുനാൾ നിങ്ങൾ ദുഃഖിക്കും….”

അത് പറഞ്ഞവർ വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോൾ എനിക് മറുത്ത് ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല, ഇന്നും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അവൾ ഇറങ്ങിപ്പോയ വതിലിലേക്ക് വെറുതെ നോട്ടങ്ങൾ പോകാറുണ്ട്….

ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പാത്രങ്ങൾ കഴുകി വച്ച് അമ്മയുടെ മുറിയിൽ ഒന്ന് കൂടി കയറി നോക്കി കട്ടിലിൽ വന്ന് കിടക്കുമ്പോൾ അന്ന് പതിവില്ലാതെ എന്തൊക്കെയോ വേദനകൾ മനസ്സിനെ അലട്ടിയിരുന്നു…

കിടന്ന് മൊബൈൽ എടുത്ത് നോക്കുമ്പോൾ നിമ്മിയുടെ സ്റ്റാറ്റസ് കണ്ടിരുന്നു, അവളുടെ സേവ് ദി ഡേറ്റ് ഫോട്ടോകൾ ഓരോന്ന് നോക്കി ഇരിക്കുമ്പോൾ എന്നിൽ ഒരു പുഞ്ചിരി വിടർന്നു വേദനയുള്ള ഒരു പുഞ്ചിരി.

അവൾ സന്തോഷവതിയാണ്, അല്ലേലും അവൾ എന്നും പ്രാധാന്യം കൊടുത്തിരുന്നത് അവളുടെ സന്തോഷങ്ങൾക്ക് ആയിരുന്നു…

മൊബൈലും മാറ്റി വച്ച് ഉറങ്ങാൻ ശ്രമിച്ചെങ്കികും അന്ന് എന്തോ തീരെ ഉറക്കം വന്നിരുന്നില്ല, തിരിഞ്ഞും മറിഞ്ഞും കിടന്ന് വെളുപ്പിന് എപ്പോഴോ ആണ് കണ്ണടച്ചത്….

രാവിലെ വീടും വൃത്തിയാക്കി മുറ്റത്ത് അങ്ങിങ്ങായി പൊടിച്ചു വന്ന പുല്ലുകൾ പിഴുത് കളയുമ്പോഴാണ്, ഗേറ്റ് തുറന്ന് ഒരു പത്ത് ഇരുപത്തിയഞ്ച് വ്വയസ്സ് പ്രായം തോന്നിക്കുന്ന പെണ്കുട്ടി കയറി വന്നത്.

മുറ്റത്തേക്ക് കയറി വന്ന അവരെ നോക്കി നിൽക്കുമ്പോൾ അവർ അരികിലേക്ക് വന്നു…

” ഞാൻ ഹോം നേഴ്സായിട്ട്…..”

വാക്കുകൾ മുഴുവിപ്പിക്കാതെ പകുതി പറഞ്ഞവർ നിർത്തി…

” ആ ഇന്നലെ വിളിച്ചിരുന്നു ഒരു ലേഡി വരുമെന്ന്,…”

ഞാൻ ഓർത്ത് എടുത്തപോലെ അവരോട് പറഞ്ഞു…

” കയറു…”

അവരോട് അത് പറഞ്ഞ് ഞാൻ പൈപ്പിൻ ചുവട്ടിൽ പോയി കയ്യും കാലും കഴുകി വരുമ്പോഴും അവർ പരിസരം ചുറ്റി നോക്കി മുറ്റത്ത് തന്നെ നിന്നതെയുള്ളൂ…

” വരൂ….”

ഞാൻ വീട്ടിലേക്ക് കയറുമ്പോൾ അവർ പിന്നാലെ വന്നു. നേരെ നടന്നത് അമ്മയുടെ മുറിയിലേക്ക് ആയിരുന്നു…

” ഇതാണ് അമ്മ, അമ്മയെ ആണ് നോക്കേണ്ടത്…”

അമ്മ അപ്പോഴും ഉറക്കം ആയിരുന്നത് കൊണ്ട് ഞാൻ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ അവരും പിന്നാലെ വന്നു…

” എന്താ പേര്…”

” അമല…”

അമലയുടെ സംസാരത്തിൽ എന്തൊക്കെയോ വിഷമം ഉള്ളത് പോലെയാണ് തോന്നിയത്…

” അതേ അമ്മ കിടപ്പിലായിട്ട് കുറെ മാസങ്ങൾ ആയി, വെറുതെ അങ്ങനെ കിടക്കും എന്നല്ലാതെ ഒന്നും സംസാരിക്കാനോ, അനങ്ങണോ പറ്റില്ല. അറിയാതെ തന്നെ മലവും മൂത്രവും പോകുന്നത് കൊണ്ട് ഇടയ്ക് ഇടയ്ക്ക് തുണി മാറ്റേണ്ടി വരും,

ഭക്ഷണം മിക്സിയിൽ അടിച്ച് പേസ്റ്റ് ആക്കിയാണ് കൊടുക്കുക, പിന്നെ വൈകുന്നേരം നിങ്ങൾക്ക് വീട്ടിൽ പോകാം, ഞായറാഴ്ച വേണേൽ ലീവും എടുക്കാം അതൊന്നും പ്രശനമില്ല,

പക്ഷെ വീട്ടിൽ വേറെ ആരും ഇല്ലാത്തത് കൊണ്ട്, ഭക്ഷണം നിങ്ങൾ ഒന്ന് വയ്‌ക്കേണ്ടി വരും അതിനുള്ളത് ഞാൻ അഡീഷണൽ ആയി തരാം…. ഇതൊക്കെയാണ് പറയാനുള്ളത് ഇനി നിങ്ങളുടെ തീരുമാനം…”

അതു പറയുമ്പോഴേക്കും ഞങ്ങൾ ഹാളിൽ എത്തിയിരുന്നു…

” എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്….”

മടിച്ചു മടിച്ചാണ് അമല സംസാരിച്ചത്, എന്താണെന്ന് അർത്ഥത്തിൽ ഞാൻ അമലയുടെ മുഖത്ത് നോക്കി…

” എനിക്ക് ഒരു മോൾ കൂടിയുണ്ട് അവളെയും കൂടി എന്റെയൊപ്പം നിർത്താൻ അനുവദിക്കണം…”

അമല ദയനീയമായി നോക്കിയാണ് അത് പറഞ്ഞത്….

” ഓഹ് ഇയാളുടെ കല്യാണം കഴിഞ്ഞത് ആണോ, ഹസ് എന്ത് ചെയ്യുന്നു….”

ഞാനത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് വീണ്ടും ദുഃഖം നിഴലിച്ചിരുന്നു…

” പുള്ളി കൂടെയില്ല…..”

അമലയുടെ ആ സംസാരത്തിൽ നിന്ന് മനസ്സിലായി അവർക്ക് അതിനെപ്പറ്റി കൂടുതൽ ഒന്നും പറയാൻ ആഗ്രഹം ഇല്ലെന്ന്. പിന്നെ അതിനെ പറ്റി ചോദിച്ചതും ഇല്ല…

” എന്നാൽ അമല നാളെ രാവിലെ മുതൽ വന്നോളൂ….”

ഞാനത് പറയുമ്പോൾ അമല തലയാട്ടി പോകാനായി ഇറങ്ങിയിരുന്നു…

പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും അമല എത്തിയിരുന്നു ഇടുപ്പിൽ ചിരിക്കുന്ന മുഖവുമായി, നരച്ച ഉടുപ്പ് ധരിച്ച ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു….

” ഈ മോളേയും കൊണ്ട് ജോലി ചെയ്യാൻ ബുദ്ധിമുട്ട് അകില്ലേ അമലയ്ക്ക്…”

ഞാൻ സംശയത്തോടെയാണ് അമലയോട് ചോദിച്ചത്…

” അതൊകെ ഞാൻ ചെയ്തോളാം…”

അവൾ അത് പറഞ്ഞ് അകത്തേക്ക് പോകുമ്പോഴും എനിക്ക് സംശയം ഉണ്ടായിരുന്നു. ഓഫീസിൽ പോകാൻ ഉള്ളത് അമലയോട് കാര്യങ്ങൾ പറഞ്ഞേൽപ്പിച്ച് ഞാൻ പെട്ടെന്നു തന്നെ വീട്ടിൽ നിന്ന് ഇറങ്ങി…

അന്ന് ഓഫീസിൽ ഇരിക്കുമ്പോഴും അമല അമ്മയെ നല്ലപോലെ നോക്കുമോ എന്നായിരുന്നു സംശയം, ഓരോ കാര്യങ്ങൾ ഓർമിപ്പിക്കാനായി ഞാൻ ഇടയ്ക്ക് ഇടയ്ക്ക് വീട്ടിൽ വിളിക്കുയും ചെയ്ത് കൊണ്ടിരുന്നു…

മനസ്സിന് ഒരു സമാധാനം ഇല്ലത്തത് കൊണ്ടാണ് അന്ന് നേരത്തെ ഇറങ്ങിയത്,

ഞാൻ ചെല്ലുമ്പോൾ അമ്മയുടെ മുറിയിൽ ഇരുന്ന് അമല കുഞ്ഞിന് പാൽ കൊടുക്കുക ആയിരുന്നു, എന്റെ കാൽപെരുമാറ്റം കെട്ടപ്പോഴേക്കും അവൾ പെട്ടെന്ന് ഷാൾ കൊണ്ട് മാറിടം മറച്ച് മുറിയിൽ നിന്ന് ഇറങ്ങി…

അന്ന് ആ മുറിയിൽ എന്തൊക്കെയോ പ്രത്യേകതകൾ തോന്നി. അമ്മയുടെ കിടക്കയൊക്കെ മനോഹരമായി വിരിച്ചിട്ടുണ്ട്, അമ്മയുടെ മുഖത്ത് പ്രത്യേക സന്തോഷം ഉള്ളത് പോലെ,

നെറ്റിയിൽ ഒരു ഭസ്മ കുറിയൊക്കെ ഇട്ടിരിക്കുന്നത് കണ്ടപ്പോൾ പഴയ അമ്മയെ തിരിച്ച് കിട്ടിയത് പോലെ. കുറച്ചു നേരം ആ മുഖത്ത് നോക്കിയിരുന്ന ശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്….

പുറത്ത് ഇറങ്ങുമ്പോൾ അമല കുട്ടിയേയും എടുത്ത് കൊണ്ട് നിൽപ്പുണ്ട്..

” താങ്ക്സ്…..”

അവളുടെ മുഖത്ത് നോക്കി അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്. പകരം അമല ഒന്ന് ചിരിച്ചതെയുള്ളൂ…

” എന്നാൽ അമല പൊയ്ക്കോളൂ… പിന്നെ വണ്ടിക്കൂലിക്ക് പൈസ എന്തേലും വേണോ…”

ഞാൻ ചോദിക്കുമ്പോൾ വേണ്ടന്ന് തലയാട്ടി അമല പോകാനായി ഇറങ്ങി….

” ദേ ഇതിരിക്കട്ടെ…”

അത് പറഞ്ഞ് കുറച്ചു പൈസ ഞാൻ നീട്ടുമ്പോൾ മടിച്ച് ആണെങ്കിലും അവൾ അത് വാങ്ങി ഇറങ്ങി…

പിന്നെയും ദിവസങ്ങൾ കടന്ന് പോയി, അമല അമ്മയെ നല്ലപോലെ നോക്കുന്നുണ്ട്, ആ ഒരു സന്തോഷം അമ്മയുടെ മുഖത്തും കാണാനുണ്ട്,

ഏറെയൊന്നും സംസാരിക്കില്ല എങ്കിലും അവളുടെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ട്, അതുപോലെ അവളുടെ മകളുടെ മുഖത്തും…

” ആ രാജീവൻ നിനക്ക് ആ പെണ്ണിനെ മാത്രമേ കിട്ടിയുള്ളോ അമ്മയെ നോക്കാൻ വേണ്ടി….”

ഒരുദിവസം രാവിലെ നടക്കാൻ ഇറങ്ങുമ്പോൾ ആണ് അയൽക്കാരൻ മാത്യു ചേട്ടൻ അത് പറഞ്ഞത്…

” അതെന്താ ചേട്ടാ….”

നടത്തം നിർത്തതെയാണ് ഞാൻ ചോദിച്ചത്…

” ആഹാ അപ്പൊ കാര്യങ്ങൾ ഒന്നും തിരക്കാതെയാണോ ജോലിക്ക് ആളിനെ നിർത്തുന്നത്….”

മാത്യു ചേട്ടൻ അത് പറയുമ്പോൾ നടത്തം നിർത്തി ഞാൻ സംശയത്തോടെ പുള്ളിയെ നോക്കി…

” അതേടോ ആ പെണ്ണ് പിഴയ….”

മാത്യു ചേട്ടൻ അത് പറയുമ്പോൾ ഞാൻ വീണ്ടും സംശയത്തിടെ പുള്ളിയെ നോക്കി…

” അവളെ കുറെയെണ്ണം ചേർന്ന് പീഡിപ്പിച്ചത… അതിൽ ഒരു കൊച്ചും ഉണ്ട് അതാണ് അവളുടെ ഒക്കത്ത് ഉള്ളത്….”

മാത്യു ചേട്ടൻ ചുറ്റും നോക്കി പതിയെ ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്…

“അതുമല്ല, നിന്റെ വീട്ടിൽ ആകുമ്പോൾ അമ്മ മാത്രമല്ലേ ഉള്ളു, അവൾക്ക് വേണേൽ അങ്ങോട്ട് ആളിനെ വിളിക്കാല്ലോ അവിടെയാകുമ്പോൾ ആരും സംശയിക്കത്തും ഇല്ല…

ഇടയ്ക്ക് ആരൊക്കെയോ വന്ന് പോകുന്നുണ്ട് എന്നാണ് അറിഞ്ഞത്, നി അവളെ പറഞ്ഞുവിട്ടു വേറെ നല്ല ആരെയെങ്കിലും വയ്ക്ക്…”

പുള്ളി അത് പറഞ്ഞ് പിന്നെ നിൽക്കാതെ മറ്റാരോടൊപ്പമോ നടക്കാൻ തുടങ്ങി….

പിന്നെ നടക്കാതെ ഞാൻ വേഗം വീട്ടിലേക്ക് പോയി, ഞാൻ ചെല്ലുമ്പോഴേക്കും അമലയും മോളും എത്തിയിരുന്നു.

ഞാൻ മുറിയിൽ കയറി വീടിനു ചുറ്റും വച്ചിട്ടുള്ള സി. സി. ടി. വി ക്യാമറ റെക്കോഡ് ചെയ്തത് മൊത്തം പരിശോധിച്ചു, അമല വന്ന ശേഷം ആരും അങ്ങനെ വീട്ടിലേക്ക് വന്നിട്ടില്ല. അമ്മുയുടെ മുറിയിലെ വീഡിയോയും ചെക്ക് ചെയ്തിട്ടും അസ്വഭാവികമായി ഒന്ന് കിട്ടിയില്ല…

അന്ന് ഓഫിസിലേക് പോകുമ്പോഴും എന്റെ ആലോചന അമലയെ കുറിച്ച് ആയിരുന്നു. ഓഫീസിൽ ചെന്ന് ഗൂഗിളിൽ അമലയുടെ കേസ് സെർച്ച് ചെയ്യുമ്പോൾ കണ്ടു, ജോലി കഴിഞ്ഞു വരവേ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വാർത്ത…

ആ വാർത്ത വായിക്കുമ്പോഴും ഓരോന്ന് അറിയുമ്പോഴും സത്യത്തിൽ ഞാൻ ഞെട്ടുക ആയിരുന്നു. കരഞ്ഞു വിളിക്കുന്ന അമലയുടെ അച്ഛന്റെയും അമ്മയുടെയും മുഖം,

പിന്നെ നാണക്കേട് കൊണ്ട് ആ ത്മഹത്യ ചെയ്യാൻ ശ്രമിക്കുമ്പോഴും അവളെ മാത്രം ജീവനോടെ വിട്ട വിധിയും, ഓരോന്ന് വായിച്ച് അറിയുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞിരുന്നു…

അന്ന് നേരത്തെ ഇറങ്ങി അമലയുടെ വീട് തിരക്കി ഇറങ്ങി, ആ വാർത്ത കണ്ട അഡ്രസ്സ് വച്ച് തിരക്കി ആ വീട്ടിൽ എത്തി..

” ഇവിടെയല്ലേ അമല താമസിക്കുന്നത്…”

ആ വീടിന്റെ കുറച്ച് മാറിയുള്ള ചെറിയ കടയിൽ നിന്ന് ഒരു നാരങ്ങ വെള്ളം വാങ്ങി കുടിക്കുമ്പോൾ കടക്കാരനോട് ചോദിച്ചു…

” സാറേ, ആ കൊച്ചിനെ ഏതോ തന്തയില്ലാത്ത കഴുവേറിടെ മക്കൾ പിച്ചി ചീന്തി എന്ന് കരുതി ആ കൊച്ച് അങ്ങനത്തെ ആളല്ല,

സാറിനെ പോലെ കുറെ എണ്ണം പകൽ വന്ന് എല്ലാം ചോദിച്ചറിഞ്ഞു പോകും എന്നിട്ട് രാത്രി ആകുമ്പോൾ ആരും അറിയാതെ വാതിൽ വന്ന് മുട്ടും…”

ദേഷ്യത്തോടെ ആ പ്രായം ചെന്ന കടക്കാരൻ പറയുമ്പോൾ ഞാൻ ഒന്നും മിണ്ടാതെ ആ പൊളിഞ്ഞു വീഴാറായ വീട് നോക്കി നിന്നു…

” ആ കൊച്ച്‌ പലയിടത്തും ജോലിക്ക് പോയതാ ഈ കേസ് അറിയുമ്പോൾ അവന്മാർക്കും വേണം അവളെ.. ചെറ്റകൾ…”

നീട്ടി തുപ്പിക്കൊണ്ട് അയാൾ വീണ്ടും പറഞ്ഞു…

” ഇപ്പോ കുറച്ചു ദൂരെയുള്ള ഏതോ ഒരു വീട്ടിൽ ഒരു അമ്മയെ നോക്കാൻ നിൽക്കുകയാണ് ആ പാവം. ആ സാറും നല്ലവൻ ആണെന്ന പറഞ്ഞത്.. എപ്പോഴാണാവോ ഇവരുടെയൊക്കെ സ്വാഭാവം മാറുന്നത്….”

അയാൾ അത് പറയുമ്പോൾ ഒന്നും മിണ്ടാതെ പൈസയും കൊടുത്ത് തിരികെ വീട്ടിലേക്ക് പോയി….

വീട്ടിൽ ചെല്ലുമ്പോൾ അമല പോകാൻ ഇറങ്ങി നിൽപ്പുണ്ടായിരുന്നു…

” അതേ എനിക്ക് ഇന്ന് രാത്രി മിക്കവാറും പുറത്ത് പോകേണ്ടി വരും അമലയ്ക്ക് വിരോധം ഇല്ലേ ഇന്ന് രാത്രി ഇവിടെ നിൽക്കുമോ….”

ഞാനത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു ഭയം നിഴലിക്കുന്നത് ഞാൻ കണ്ടിരുന്നു…

” ബുദ്ധിമുട്ട് ആണേൽ വേണ്ട ഞാൻ അത് ക്യാൻസൽ ചെയ്തോളാം…”

” സരമില്ല ഞാൻ നിന്നോളം…”

അമല മടിച്ച് ആണേലും സമ്മതിച്ചു…

” അമ്മയുടെ മുറിയോട് ചേർന്നുള്ള റൂം ഉപയോഗിച്ചോളൂ….”

ഞാൻ അത് പറയുമ്പോൾ അമല ഒന്നും മിണ്ടതേ ഉള്ളിലേക്ക് കയറിപ്പോയി…

അന്ന് പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ലായിരുന്നു എങ്കിലും കുളിച്ച് പുറത്ത് പോയി ഏറെ വൈകിയാണ് വീട്ടിൽ ചെന്നത്.

ഞാൻ ചെല്ലുമ്പോഴേക്കും അമ്മയുടെ കിടക്കയ്ക്ക് ചുവട്ടിൽ പായ വിരിച്ച് അമല മോളെ കിടത്തി ഉറക്കിയിരുന്നു ഒപ്പം അമലയും കിടന്നിരുന്നു…

” അപ്പുറത്തെ റൂം എടുക്കായിരുന്നില്ലേ…”

ഞാൻ അത് ചോദിക്കുമ്പോഴേക്കും അമല എഴുന്നേറ്റ് ഭിത്തിയും ചാരി നിന്നിരുന്നു…

” അത് സരമില്ല ഞാൻ ഇവിടെ കിടന്നോളം…”

അവൾ അത് പറയുമ്പോൾ ഉറങ്ങിക്കിടക്കുന്ന അമ്മയെ ഒന്ന് നോക്കിയിട്ട് ഞാൻ പുറത്തേക്ക് ഇറങ്ങി. ഇതാണ് കുറച്ചൂടെ സുരക്ഷിതമെന്ന് അവൾക്ക് തോന്നിക്കാണും….

പിന്നെയുള്ള ദിവസങ്ങളിൽ പലപ്പോഴും ഞാൻ ഏറെ വൈകിയാണ് വീട്ടിൽ എത്തിയിരുന്നത്, അത് അമലയെ വീട്ടിൽ നിർത്താൻ വേണ്ടി തന്നെ ആയിരുന്നു.

ഒരു പക്ഷെ അവൾക്ക് എന്നോട് ഭയം തോന്നിയാലും അവൾ വീട്ടിൽ സുരക്ഷിത ആയിരിക്കും എന്ന ആശ്വാസം ആയിരുന്നു എനിക്ക്….

” സാറേ…സാറേ…..”

തുറന്ന് കിടന്നിരുന്ന വാതിലിൽ ശകതമായി തട്ടിയാണ് ആ രാത്രി അമല എന്നെ വിളിച്ചത്…

” എന്താ എന്തുപറ്റി…”

ഞെട്ടി എഴുന്നേറ്റാണ് അതും ചോദിച്ച് ഞാൻ മുറിയിൽ നിന്ന് ഇറങ്ങിയത്…

” അമ്മയ്ക്ക് എന്തോ വയ്യയ്ക് പോലെ….”

അത് പറഞ്ഞ് അമല മുറിയിലേക്ക് ഓടിയപ്പോൾ പുറകെ ഞാനും ചെന്ന്. കണ്ണുകൾ മുകളിലേക്ക് ഉയർത്തി വായും തുറന്ന് ശ്വാസം നീട്ടി എടുക്കുന്ന അമ്മയെ കണ്ടപ്പോൾ ഞാനും ഭയന്നു.

ഞാനും അമലയും കൂടിയാണ് അമ്മയെ എടുത്ത് കാറിൽ കിടത്തിയത്. ഞാൻ വണ്ടി എടുക്കുമ്പോഴേക്കും അമല കുട്ടിയെയും തോളിൽ ഇട്ടുകൊണ്ടു വന്നിരുന്നു….

ഐ സി യു വിന്റെ പുറത്ത് എനിക്കൊപ്പം അമലയും ഉറക്കമൊഴിഞ്ഞ് ഇരുന്നിരുന്നു.

മൂന്ന് നാല് ദിവസം ഐ. സി യു വിൽ കിടന്ന ശേഷമാണ് അമ്മ മരണത്തിലേക് യാത്ര തിരിച്ചത്. അത്രയും ദിവസവും അമലയും മോളും ആശുപത്രി വരാന്തയിൽ തന്നെ ഉണ്ടായിരുന്നു…

അമ്മയുടെ ജീവനറ്റ ശരീരവുമായി വീട്ടിലേക്ക് പോകുമ്പോൾ ആംബുലൻസിൽ എന്റെ അരികിൽ അമലയും ഉണ്ടായിരുന്നു.

ഒന്നും മിണ്ടാതെ കണ്ണുകൾ കൊണ്ട് ഇടയ്ക്ക് എങ്കിലും അവൾ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ഇതിലും വല്യ മരണവും, ഒറ്റപ്പെടലും അനുഭവിച്ചത് കൊണ്ടാകും അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ അടർന്ന് വീഴാതെ ഇരുന്നത്….

അന്ന് പകൽ കഴിയാറായി സന്ധ്യ ആകുമ്പോഴാണ് അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത്. പതിയെ പതിയെ നാട്ടുകാരും ബന്ധുക്കളും ഒഴിഞ്ഞു തുടങ്ങിയപ്പോൾ ആ വീട്ടിൽ എനിക്കൊപ്പം അമലയും മോളും മാത്രമായി.

രാത്രി ഏറെ വൈകിയും അമ്മയുടെ കട്ടിലിൽ തന്നെ ഇരിക്കുമ്പോൾ അരികിലായി അമലും വന്നിരുന്നു….

” ജീവിതം അങ്ങനെയാണ് സാറേ, പ്രതീക്ഷിക്കാതെ ആകും പലതും നഷ്ടമാകുന്നത്… എങ്കിലും നമുക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോയെ പറ്റുള്ളൂ, ജീവിച്ചേ മതിയാകുള്ളൂ….”

അമല കട്ടിലിൽ കൈകൾ ഓടിച്ചുകൊണ്ട് അത് പറയുമ്പോൾ ഞാൻ തല കുനിച്ചിരുന്ന് ഒഴുകി വന്ന കണ്ണുനീർ തുടച്ചുകൊണ്ടിരുന്നു…

” എനിക് അറിയാം സാറിന്റെ വിഷമം, അത് മാറാൻ കുറെ സമയം എടുക്കും, ഒരുപക്ഷേ അമ്മയ്ക്ക് തുല്യമായി ഒരാൾ എത്തുന്നത് വരെ ആ കുറവ് നമ്മളെ വേദനിപ്പിച്ചു കൊണ്ടിരിക്കും…. ഇതോകെ നഷ്ടപ്പെട്ടവളാണ് ഞാനും…”

” അറിയാം അമല… തന്നെക്കുറിച് ഞാൻ എല്ലാം മനസ്സിലാക്കിയിട്ടുണ്ട്….”

ഞാനത് പറയുമ്പോൾ ഏറെ നേരം അമലയിൽ മൗനം മാത്രമായിരുന്നു. രണ്ടാളും ഒന്നും മിണ്ടാതെ കുറെ നേരം അങ്ങനെയിരുന്നു.

രാത്രി എപ്പോഴോ അമ്മയുടെ കട്ടിലിൽ ഞാൻ കിടക്കുന്നത് വരെ അരികിലായി അമലയും ഉണ്ടായിരുന്നു…

രാവിലെ എഴുന്നേറ്റ് വരുമ്പോഴേക്കും പോകാൻ തയ്യാറായി അമലയും മോളും നിൽപ്പുണ്ടായിരുന്നു..

” സാർ ഞങ്ങൾ ഇറങ്ങുകയാണ്…”

അമല അത് പറയുമ്പോൾ ഇടയ്ക്ക് എപ്പോഴോ അവളുടെ മുഖത്ത് ഉണ്ടായിരുന്ന സന്തോഷമാറി വീണ്ടും ദുഃഖം നിഴലിച്ചിരുന്നു.

അമലയോട് പോകരുതേ എന്ന് മനസ്സ് ഒരു നൂറു തവണ പറയുന്നുണ്ടായിരുന്നു എങ്കിലും അത് പുറത്തേക്ക് വന്നിരുന്നില്ല, അമല ഇറങ്ങുമ്പോൾ തോളിൽ തലചായ്ച്ച് കിടന്ന മോൾ ചിരിച്ചു കൊണ്ടെന്നെ നോക്കുന്നുണ്ടായിരുന്നു…

അവർ കണ്ണിൽ നിന്ന് മറയുന്നത് വരെ അവരെ അവരെ നോക്കി ഉമ്മറത്ത് തന്നെ ഇരുന്നു, അവർ പോയി കഴിഞ്ഞും അതേ ഇരുപ്പ് തുടർന്നു…

നേരം സന്ധ്യ ആകുമ്പോൾ മനസ്സിൽ എന്തൊക്കെയോ ഭയങ്ങൾ കടന്ന് വന്നപ്പോഴാണ് കാറും എടുത്ത് ഇറങ്ങിയത്. അമലയുടെ വീടിന്റെ മുന്നിൽ ഉള്ള ചെറിയ കടയ്ക്ക് മുന്നിൽ എത്തിയപ്പോഴേക്കും അമലയുടെ വീടിന്റെ മുന്നിലുള്ള ആൾക്കൂട്ടം കണ്ടു…

” എന്തുപറ്റി ചേട്ടാ….”

ആ കടയിൽ ഇറങ്ങി ചോദിക്കുമ്പോൾ കടക്കാരൻ എന്നെ സംശയത്തോടെ നോക്കി…

” ഓ സർ ആയിരുന്നോ… ആ കൊച്ച് ഏതോ അമ്മയെ നോക്കാൻ പോയിരുന്നത് അല്ലായിരുന്നോ,

അവർ മരിച്ചു ആ കൊച്ച് തിരികെ വന്നപ്പോൾ നാട്ടുകർക്ക് ആ പാവം കൊച്ചിനെ ചോദ്യം ചെയ്യണം, അവിടെ നിന്ന് പുറത്താക്കണം, ആ വീട്ടിൽ ഇനി താമസിപ്പിക്കില്ല എന്നണ് പറയുന്നേ….”

കൈകൾ മലർത്തി അയാൾ പറഞ്ഞു തീരും മുന്നേ ഞാൻ ആ വീട്ടിലേക്ക് നടന്നിരുന്നു. കൂടി നിന്ന ആൾക്കാരുടെ ഇടയിൽ നിന്ന് ഞാൻ മുന്നോട്ട് കയറി വരുമ്പോൾ അമല എന്നെ കണ്ടിരുന്നു…

എന്നെ കണ്ടപ്പോൾ ആ മുഖത്ത് ഒരു ആശ്വാസം വിരിയുന്നത് ഞാൻ കണ്ടിരുന്നു. കൂടി നിൽക്കുന്നവർ അവൾക്ക് നേരെ അസഭ്യ വർഷങ്ങൾ ചൊരിയുമ്പോഴും അമലയുടെ മുഖത്ത് ഭാവം മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല…

” വാ പോകാം….”

കൂടി നിന്നവരുടെ വായ് അടപ്പിച്ചു കൊണ്ടാണ് അതും പറഞ്ഞു ഞാൻ അമലയുടെ കയ്യിൽ ആദ്യമായി പിടിച്ചത്. തണുത്ത ആ കയ്യിൽ പിടിച്ചുകൊണ്ട് ഞാൻ ഇറങ്ങുമ്പോൾ അമല ഒന്നും മിണ്ടതെ മോളേയും കൂട്ടി ഇറങ്ങി.

അൽക്കൂട്ടത്തിന്റെ ഇടയിൽ കൂടി നടക്കുമ്പോൾ നാട്ടുകാർ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…

അമലേയും കൂട്ടി കാറിൽ കയറുമ്പോൾ ആ കടക്കാരൻ കൂപ്പുകൈകളുമായി എന്നെ നോക്കുന്നുണ്ടായിരുന്നു. കാർ നേരെ വീട്ടിൽ ഏതുന്നത് വരെ ഞങ്ങൾ ഒന്നും മിണ്ടിയിരുന്നില്ല…

” ഇതിൽ നിന്ന് ഇറങ്ങും മുന്നേ എനിക്ക് ചിലത് പറയാനുണ്ട്….”

കാർ പോർച്ചിൽ കാർ നിർത്തുമ്പോൾ അമല പറഞ്ഞു….

” ആ അമല പീഡനക്കേസ് ഞാനും വായിച്ചിരുന്നു. അതിൽ എനിക്കിനി ഒന്നും കൂടുതലായി അറിയേണ്ട കാര്യമില്ല. ഇവളെ ഞാൻ ഒരിക്കലും അന്യയായി കാണില്ല എന്നും എന്റെ മോൾ തന്നെയാകും….”

അമലയുടെ മടിയിൽ ഉറങ്ങുന്ന മോളുടെ മുടിയിൽ തഴുകിയാണ് അത് പറഞ്ഞത്…

” വീട്ടിൽ രാത്രി ഓരോ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് ഓരോ കാരണങ്ങൾ ഉണ്ടാക്കി ഇവിടെ പിടിച്ചു നിർത്തിയതും,

അമലയിൽ അമ്മ സന്തോഷവതിയായിരുന്നു, ആ സന്തോഷം എന്റെ ജീവിതത്തിൽ കൂടി തന്നൂടെ….”

അമലയുടെ കൈകളിൽ പിടിച്ച് കൊണ്ട് അത് പറയുമ്പോൾ അമല എന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു…

” അമ്മ ഉണ്ടായിരുന്നെങ്കിൽ അമ്മ തന്നെ ഈ കൈ പിടിച്ച് എനിക്ക് തന്നേനെ, മറ്റൊരു ലോകത്ത് ഇരുന്ന് അമ്മ സന്തോഷിക്കുന്നുണ്ടാകും….”

അത് കൂടി പറയുമ്പോൾ അമലയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി തുടങ്ങിയിരുന്നു….

” ഇനി കരയില്ലെന്ന് മനസ്സ് കൊണ്ട് ഉറപ്പിച്ചവൾ അല്ലെ…ഇനി ഈ കണ്ണുകൾ നിറയരുത്…”

ഒഴുകി വന്ന കണ്ണുനീർ തടച്ച് അത് പറയുമ്പോൾ അമല ഒന്ന് ചിരിക്കാൻ ശ്രമിച്ചു….

” മനസ്സ് തുറന്ന് എന്നെ ഇഷ്ടപ്പെടാനും, ഒരുമിച്ചൊരു ജീവിതം ആഗ്രഹിക്കുന്നത് വരെയും, നമ്മൾ പഴയ അമലയും സാറും ഏയ്‌ തന്നെ തുടരും….”

അത് പറഞ്ഞ് ഞാൻ കാറിൽ നിന്ന് ഇറങ്ങുമ്പോൾ പുറകെ അമലയും ഇറങ്ങി.

ഇപ്പോൾ അമലയുടെ മുഖത്ത് ആ പഴയ ഭയം ഇല്ലായിരുന്നു, എവിടെയൊക്കെയോ ആ മുഖത്ത് ആശ്വാസത്തിന്റെ, സ്നേഹത്തിന്റെ, തണലിൽ ചെറു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *