പ്രണയം @ മുപ്പത്തിയഞ്ച്
(രചന: ശ്യാം കല്ലുകുഴിയിൽ)
“പ്രണയിക്കുമ്പോൾ മുപ്പത്തിയഞ്ച് കഴിഞ്ഞവളെ പ്രണയിക്കണം, പതിനേഴുകാരിയെക്കാൾ പ്രണയത്തിന്റെ മാസ്മരിക ലോകത്തേക്ക് നിങ്ങളെ കൊണ്ട് പോകാൻ അവൾക്കേ കഴിയുള്ളൂ….”
മഴയുള്ള ഒരു വൈകുന്നേരം ഉമ്മറത്ത് സുലൈമാനിയും കുടിച്ച് മൊബൈലും തോണ്ടി ഇരിക്കുമ്പോൾ ആണ് ആരോ മുഖപുസ്തകത്തിൽ എഴുതി പോസ്റ്റിയത് സുലൈമാന്റെ കണ്ണിൽ പെട്ടത്.
അത് ഒന്ന് രണ്ട് വട്ടം വായിച്ച് കഴിഞ്ഞ് അതിന്റെ താഴെയുള്ള കമെന്റിലേക്ക് കൂടി സുലൈമാൻ കണ്ണോടിച്ചു…
അത് ശരിവച്ച് ഒരുപാട് കമെന്റുകൾ, ഒട്ടുമിക്കതും ഇട്ടേക്കുന്നത് സ്ത്രീകൾ ആണ് എല്ലാവരും ആ അഭിപ്രായത്തോട് യോജിച്ചപ്പോൾ സുലൈമാന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…
” സുബൈദാ… എടി സുബൈദാ…”
സുലൈമാൻ ഉമ്മറത്ത് ഇരുന്ന് നീട്ടി വിളിച്ചു…
” എന്താ…..”
അല്പം കഴിഞ്ഞപ്പോഴേക്കും വാതിലിന്റെ പിന്നിൽ സുലൈമാന്റെ ഭാര്യ ഹാജരായി…
” അല്ലടി നിനക്ക് ഇപ്പോൾ എത്ര വയസ്സായി…”
ഇതെന്താ പതിവില്ലാതെ പ്രായമൊക്കെ ചോദിക്കുന്നത് എന്ന് മനസ്സിലാകാതെ സുബൈദ വാതിലും ചാരി നിന്നു….
” നിങ്ങക്ക് ഇപ്പോൾ എന്തിനാ എന്റെ വയസ്സ് അറിഞ്ഞിട്ട്…”
സുബൈദ സംശയത്തോടെ സുലൈമാനെ നോക്കി…
” നി ഒന്ന് പറ മുത്തേ….”
” ങേ മുത്തേ ന്നാ… നിങ്ങൾക്ക് ഇതെന്താ മനുഷ്യാ….”
ആ മുത്തേ വിളിയിൽ അൽപ്പം നാണം തോന്നിയെങ്കിലും സുബൈദ അത് പുറത്ത് കാണിച്ചില്ല…
” മുപ്പത്തിയഞ്ച് കഴിഞ്ഞ് എന്തേയ്…”
സുലൈമാൻ ഒന്നൂടെ അവളെ നോക്കിയപ്പോൾ സുബൈദ അതും പറഞ്ഞ് അയാളെ നോക്കി തന്നെ നിന്നു…
” അല്ലടി ഈ മുപ്പത്തിയഞ്ച് കഴിഞ്ഞ സ്ത്രീകളെ പ്രണയിക്കുന്നതാണ് മനോഹരമെന്ന ചിലർ പറയുന്നേ, നിനക്ക് അങ്ങനെ പ്രണയം വല്ലതും തോന്നുന്നുണ്ടോ….”
” ഒന്ന് പോയെ മനുഷ്യ ഒരു പണിയും ഇല്ലാതെ ഓരോരുത്തർ എന്തേലും എഴുതി പിടിപ്പിക്കും അത് വായിക്കാൻ നിങ്ങളെ പോലുള്ള കുറെ എണ്ണങ്ങളും….”
അത് പറഞ്ഞ് സുബൈദ അകത്തേക്ക് പോയപ്പോൾ സുലൈമാൻ വീണ്ടും സുലൈമാനി കുടിച്ച് കൊണ്ട് വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു.
അപ്പോഴാണ് അപ്പുറത്തെ വീടിന്റെ വേലിക്കരികിൽ നിന്ന് തുണി അലക്കുന്ന മുബീനയെ കണ്ടത്. ഗൾഫിൽ ഉള്ള ഭർത്താവ് വീട്ടിൽ ഓട്ടോ വാങ്ങി ഇട്ട് അതിനൊരു ഡ്രൈവറെയും ഏൽപ്പിച്ച് തിരികെ ഗൾഫിലേക്ക് പോയപ്പോൾ
ആ ഡ്രൈവർക്കൊപ്പം നാടുവിട്ട് അവസാനം ആ ഡ്രൈവറും കയ്യൊഴിഞ്ഞപ്പോൾ തീരികെ വീണ്ടും സ്വന്തം വീട്ടിൽ വന്ന് ആദ്യ ഭർത്താവിൽ നിന്നും കാമുകനിൽ നിന്നുമായി കിട്ടിയ മൂന്ന് കുട്ടികളുമായി സ്വസ്ഥമായി ജീവിക്കുകയാണ് മുബീന..
സുലൈമാൻ മുബീനയെ നോക്കി സുലൈമാനിയും കുടിച്ചിരിക്കുമ്പോൾ മുബീനയുടെ നോട്ടം സുലൈമാനിലേക്ക് പതിഞ്ഞത്.
ആദ്യം നോക്കിയ മുബീന പെട്ടെന്ന് നോട്ടം തിരിച്ച് രണ്ടാമതും ഇടങ്കണ്ണിട്ട് നോക്കുമ്പോൾ സുലൈമാൻ അവളെ തന്നെ നോക്കി ഇരിക്കുകയാണ് ആ നോട്ടം കണ്ടപ്പോൾ മുബീനയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി സുലൈമാനിലും പ്രതിഭലിച്ചു..
” നിങ്ങൾ എന്ത് ദിവാസ്വപ്നം കണ്ടിരിക്കുകയാണ് ഇവിടെ…”
അതും ചോദിച്ച് സുബൈദ ഉമ്മറത്തേക്ക് വന്നപ്പോൾ സുലൈമാൻ പെട്ടെന്ന് മുബീനയിൽ നിന്ന് നോട്ടം വേറെ എങ്ങോട്ടേക്കോ മാറ്റി..
” ഞാൻ ഈ ചാറ്റൽ മഴയും ആസ്വദിച്ച് ഇരിക്കുക ആയിരുന്നു…”
സുലൈമാൻ അത് പറഞ്ഞ് വീണ്ടും വിദൂരദയിലേക്ക് കണ്ണുംനട്ട് ഇരുന്നെങ്കിലും ഇടയ്ക്ക് ആ കണ്ണ് മുബീനയിലും പതിയുന്നുണ്ടായിരുന്നു..
” നിങ്ങൾ കുറച്ച് ദിവസമായി ഈ ദിവസ്വപ്‍നം കാണൽ അല്പം കൂടുതൽ ആണ്….”
അത് പറഞ്ഞ് സുലൈമാൻ കുടിച്ച ഗ്ലാസ്സും എടുത്ത് കൊണ്ട് സുബൈദ അടുക്കളയിലേക്ക് പോയി,
അതിന് പിന്നാലെ സുലൈമാന്റെ കണ്ണ് മുബീനയെ തേടി പോയെങ്കിലും പഴയ സ്ഥലത്ത് മുബീന ഇല്ലായിരുന്നു. വീണ്ടും മഴയെ നോക്കി ഇരിക്കുമ്പോൾ സുലൈമാന്റെ മനസ്സിൽ മുബീനയുടെ ചിരിക്കുന്ന മുഖം ആയിരുന്നു….
അന്ന് രാത്രി അത്താഴം കഴിച്ച് കിടക്കുമ്പോഴും സുലൈമാന്റെ മനസ്സിൽ മുബീന ആയിരുന്നു.
അവൾക്കും ഏതാണ്ട് മുപ്പത്തിയഞ്ച് വയസ്സ് കാണും, കുട്ടിക്കാലത്ത് കുറെ അവളുടെ പുറകെ നടന്നത് ആണെങ്കിലും മൈൻഡ് ചെയ്തിരുന്നില്ല,
ഇതുവരെ ഇല്ലാതിരുന്ന അവളുടെ ആ ചിരിക്ക് പല പല അർത്ഥങ്ങൾ ഇല്ലേ എന്ന് സുലൈമാൻ പലകുറി തിരിച്ചും മറിച്ചും ആലോചിച്ചു. വീണ്ടും വീണ്ടും ആലോചിക്കുമ്പോൾ സുലൈമാൻ അറിയാതെ ചിരിച്ചുപോയി…
” എന്താ മനുഷ്യാ കിടന്ന് ചിരിക്കുന്നത്…”
കിടക്കാനായി സുബൈദ മുറിയിലേക്ക് വരുമ്പോൾ തനിച്ച് കിടന്ന് ചിരിക്കുന്ന സുലൈമാനെയാണ് കണ്ടത്…
” ഓ അതോ, അത് നമ്മുടെ പഴയ കാര്യങ്ങൾ ഓർത്ത് ചിരിച്ചതാ, അല്ല ഇതുവരെ നി എവിടെ ആയിരുന്നു…”
” എനിക്ക് നിങ്ങളെ പോലെ സ്വപ്‌നം കണ്ടിരിക്കൽ അല്ല പണി അടുക്കളയിൽ ഒരുപാട് ജോലിയുണ്ട്….”
അത് പറഞ്ഞ് സുബൈദ ലൈറ്റും അണച്ച് കിടന്നു. കിടന്ന് ഒരു പത്ത് മിനിറ്റ് കഴിയും മുൻപേ സുബൈദ പോത്തുപോലെ ഉറക്കവും തുടങ്ങി.
അപ്പോഴേക്കും സുലൈമാൻ മെല്ലെ എഴുന്നേറ്റ് സുബൈദയുടെ മൊബൈൽ എടുത്ത് അതിൽ മുബീനയുടെ നമ്പർ തിരഞ്ഞു..
മുബീന ഇത്ത, മുബീന ഇത്താത, മുബീന ആന്റി, മുബീന ഇളയുമ്മ… എന്ന് തുടങ്ങി കുറെ മുബീനയുടെ നമ്പർ അതിനിടയിൽ ആണ് മുബീന (ഓട്ടോ) എന്ന നമ്പർ കണ്ടത്.
ഇത് തന്നെയാണ് മുബീനയുടെ നമ്പർ എന്ന് സുലൈമാന് മനസ്സിലായി അല്ലാതെ ഓട്ടോയുമയി ബന്ധപ്പെട്ട് വേറെ ഒരു മുബീന ഈ നാട്ടിൽ എങ്ങും ഇല്ല. ആ നമ്പർ പെട്ടെന്ന് തന്നെ തന്റെ മൊബൈലിലേക്ക് സേവ് ചെയ്‌തു സുലൈമാൻ..
പെട്ടെന്ന് ആരും തിരിച്ചറിയതെ ഇരിക്കാൻ മുനീർ എന്നാണ് സുലൈമാൻ സേവ് ആക്കി വച്ചത്.
ഉടനെ തന്നെ വാട്സ് ആപ്പിൽ നോക്കുമ്പോൾ അവളുടെ മക്കളുടെ ഫോട്ടോ ആണ് ഇട്ടേക്കുന്നത്. അപ്പോൾ തന്നെ ഒരു ‘ ഹായ് ‘ അയച്ചു സുലൈമാൻ…
” എന്താ ഇക്കാ ഈ രാത്രിയിൽ…”
പെട്ടെന്ന് തന്നെ മുബീനയുടെ മെസ്സേജ് വന്നു. അത് കണ്ടപ്പോൾ സുലൈമാന്റെ മുഖത്ത് വീണ്ടും ചിരി വിടർന്നു..
” എന്താ ഇതുവരെ ഉറങ്ങിയില്ലേ…”
സുലൈമാൻ പെട്ടെന്ന് തന്നെ അടുത്ത മെസ്സേജ് അയച്ചു…
” ഇല്ല, ഇക്കാ എന്താ ഉറങ്ങാതെ…”
” ഉറക്കം വന്നില്ല….”
” സുബൈദ ഉറങ്ങിയോ…”
” അവൾ പണ്ടേ കട്ടിൽ കണ്ടാൽ ശവം അണല്ലോ…”
തന്റെ അരികിൽ കിടക്കുന്ന സുബൈദ ഉണർന്നോ എന്ന് നോക്കി കൊണ്ട് സുലൈമാൻ ആ മെസേജ് അയച്ചു. അതിനു മറുപടിയായി ചിരിക്കുന്ന ഒരു സ്മൈലിയാണ് മുബീന അയച്ചത്…
” എന്നാൽ ശരി ഇക്കാ… നാളെ കാണാം…”
പെട്ടെന്ന് മുബീന അത് പറഞ്ഞു പോയപ്പോൾ സുലൈമാന്റെ മനസ്സിൽ എന്തോ നഷ്ടബോധം തോന്നി.. സരമില്ല പയ്യെ തിന്നാൽ പനയും തിന്നാം എന്ന് മനസ്സിൽ ഓർത്ത് കൊണ്ട് സുലൈമാനും ഉറങ്ങി…
പിന്നെയുള്ള ദിവസങ്ങളിൽ പകൽ സമയങ്ങളിൽ വേലിക്ക് അപ്പുറവും ഇപ്പുറവും നിന്നും, രാത്രി വാട്സ് ആപ്പ് വഴിയും സുലൈമാനും മുബീനയും പര്സപരം അടുത്ത് തുടങ്ങി.
സുലൈമാൻ പുറത്തേക്ക് പോകുമ്പോഴും വരുമ്പോഴും വേലിക്കാരികിൽ എന്നും മുബീന പ്രത്യക്ഷപെട്ട് കൊണ്ടിരുന്നു…
” നിങ്ങളെ കാണുമ്പോൾ അവൾക്ക് ഒരു ഇളക്കം ഉണ്ടല്ലോ മനുഷ്യാ…”
ഒരിക്കൽ വേലിക്കരികിൽ നിൽക്കുന്ന മുബീനയെ കണ്ടപ്പോഴാണ് സുബൈദ അത് സുലൈമാനോട് പറഞ്ഞത്..
” എന്റെ മുബീന നിനക്ക് ഇതെന്താ…”
സുബൈദയോട് അത് പറഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ തന്നെയും നോക്കി ദേഷ്യത്തോടെ വാക്കത്തിയും പിടിച്ചു നിൽക്കുകയാണ് സുബൈദ…
” വന്ന് വന്ന് ആ പിഴച്ചവളുടെ പേരെ മാത്രമേ നാവിൽ വരുള്ളൂ അല്ലെ…”
സുബൈദ ദേഷ്യത്തോടെ പറയുമ്പോഴാണ് വിളിച്ച പേര് മാറിപ്പോയ കാര്യം സുലൈമാൻ ഓർത്തത്…
” ന്റെ മുത്തേ അത് അറിയാതെ വന്നതാ നി ക്ഷമി…”
മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്ത് നല്ലപിള്ള ചമയാൻ ശ്രമിച്ചു കൊണ്ട് സുലൈമാൻ പറഞ്ഞു..
” ആണേൽ നിങ്ങൾക്ക് കൊള്ളാം അല്ലെ എല്ലാം കൂടി ഞാൻ അങ്ങു ചെത്തി കളയും…”
കയ്യിൽ ഇരിക്കുന്ന വാക്കത്തി സുലൈമാന്റെ നേർക്ക് നീട്ടി അടിമുടി നോക്കി പറഞ്ഞുകൊണ്ട് സുബൈദ അടുക്കളയിലേക്ക് കയറി പോയി.
വിഷമിച്ചു കൊണ്ട് സുലൈമാൻ ഉമ്മറത്ത് ഇരിക്കുമ്പോൾ ചിരിക്കുന്ന മുഖവുമായി വേലിക്കരികിൽ മുബീന നിൽപ്പുണ്ട്. അവളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് സുലൈമാൻ പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി…
സുബൈദ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും സുലൈമാനും മുബീനയും രാത്രികളിൽ പരസ്പരം പുഷ്പിച്ചു കൊണ്ടേയുരുന്നു.
പല രാത്രികളിലും വേലി ചാടാൻ രണ്ടാളുടെയും മനസ്സ് കൊതിച്ചെങ്കിലും രണ്ടാളും ക്ഷമിച്ച് കിടന്നു..
പിന്നെയൊരു രാത്രി നീണ്ടുനിന്ന ചാറ്റിങ്ങിനിടയിൽ ആണ് മുബീനയ്ക്ക് അരികിലെത്താൻ സുലൈമാന്റെ മനസ്സ് വല്ലാതെ കൊതിച്ചത്.
അന്ന് രാത്രി പതിവില്ലാതെ വിയർത്ത് പരവേശം അനുഭവപ്പെട്ട സുലൈമാൻ മെല്ലെ എഴുന്നേറ്റ് അടക്കളയിൽ പോയി ഒരു കപ്പ് വെള്ളം ഒറ്റയടിക്ക് കുടിച്ചു,
തിരിച്ച് റൂമിൽ വന്ന് സുബൈദ നല്ല ഉറക്കമാണെന്ന് ഒന്നകൂടി ഉറപ്പ് വരുത്തി, മെല്ലെ അടുക്കള വാതിൽ തുറന്ന് ശബ്ദം ഉണ്ടാക്കാതെ മുബീനയുടെ വീട്ടിലേക്ക് നടന്നു.
വേലിക്കരികിൽ എത്തി കാൽ ഉയർത്തി വച്ചതും നെറുകും തലയ്ക്ക് എന്തോ പതിച്ചതും ഒരേ സമയത്ത് ആയിരുന്നു, ഒരു നിലവിളിയോട് കൂടി സുലൈമാൻ മൂക്കും ഇടിച്ച് നിലത്തേക്ക് വീണതും സുലൈമാന്റെ ബോധവും പോയി….
പിന്നെ കണ്ണ് തുറക്കുമ്പോൾ സുലൈമാൻ ആശുപത്രിയിൽ ആണ്. തല അനക്കുമ്പോൾ നല്ല വേദനയുണ്ട്, മൂക്കിൽ ഒട്ടിച്ചേക്കുന്ന പ്ലാസ്റ്ററിൽ തടവികൊണ്ട് ചുറ്റും നോക്കുമ്പോൾ താടിക്ക് കയ്യും കൊടുത്ത് സുബൈദ അടുത്ത് തന്നെ ഇരിപ്പുണ്ട്.
സുലൈമാൻ കണ്ണ് തുറന്നപ്പോൾ സുബൈദ അയാൾക്ക് അരികിലേക്ക് ചേർന്ന് നിന്ന് തലയിൽ മെല്ലെ തലോടി…
” പേടിക്കേണ്ട ഈ ഡ്രിപ്പ് തീർന്നാൽ വീട്ടിൽ പോകാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്….”
സുബൈദ അത് പറയുമ്പോൾ സുലൈമാൻ അവളെ ഒന്ന് നോക്കിയിട്ട് വീണ്ടും കണ്ണടച്ച് കിടന്നു. എന്തിനാ രാത്രി ഇറങ്ങിയത് എന്ന് സുബൈദ ചോദിക്കുമ്പോൾ എന്ത് കള്ളം പറയും എന്നായിരുന്നു സുലൈമാന്റെ ചിന്ത.
ഡ്രിപ്പ് കഴിഞ്ഞപ്പോഴേക്കും വീട്ടിലേക്ക് പൊയ്ക്കോളാൻ ഡോക്ടർ പറഞ്ഞു. ഒരു ഓട്ടോ വിളിച്ച് സുബൈദ സുലൈമാനെയും കൂട്ടി വീട്ടിലേക്ക് പോയി…
” ഇവിടെ ഏതോ ജിന്ന് ഉണ്ടെന്ന തോന്നുന്നെ നിന്ന നിൽപ്പിനല്ലേ എന്നെ അടിച്ച് താഴെ ഇട്ടത്….”
സുലൈമാനെ പിടിച്ച് കട്ടിലിൽ കൊണ്ട് കിടത്തി, നൈറ്റിക്ക് മുകളിൽ കൂടി ഇട്ടിരുന്ന പർദ്ദ ഊരി അയയിൽ ഇട്ട് സുബൈദ അടുക്കളയിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് സുലൈമാൻ തലയും തടവി അത് പറഞ്ഞത്…
” അല്ല നിങ്ങള് എന്തിനാ രാത്രി വേലിക്കരികിൽ പോയത്….”
സുബൈദ നടുവിന് കയ്യും കൊടുത്ത് കൊണ്ട് ചോദിച്ചു…
” അത് ഞാൻ മൂത്രമൊഴിക്കാൻ പോയത്…”
” നിങ്ങളെന്നും ആ വാഴയുടെ ചുവട്ടിൽ അല്ലെ പോകുന്നത്, പിന്നെന്താ ഇന്നലെ വേലിക്കാരികിൽ പോയത്..”
” അതാടി ഞാൻ പറഞ്ഞത് ഇവിടെ ഏതോ സാത്താന്റെ കളി ഉണ്ട് അല്ലെ ഞാൻ അങ്ങോട്ട് പോകേണ്ട കാര്യം ഇല്ലല്ലോ….”
സുലൈമാൻ വീണ്ടും തലയും തടവി കൊണ്ട് പറയുമ്പോൾ സുബൈദ അൽപ്പനേരം അയാളെ നോക്കി നിന്നു…
” അതേ ആ സാത്താൻ വേറെ ആരുമല്ല ഞാൻ തന്നെയാണ്…”
നൈറ്റി അൽപ്പം പൊക്കി ഇടുപ്പിൽ തിരുകി നടുവിന് കയ്യും കൊടുത്ത് സുബൈദ പറയുമ്പോൾ സുലൈമാൻ ഒന്നും മനസ്സിലാകാതെ അവളെ നോക്കി കിടന്നു…
” കുറച്ചായി ഞാൻ ശ്രദ്ധിക്കുന്നു നിങ്ങൾക്ക് ആ മുബീനയെ കാണുമ്പോൾ ഒരു ഇളക്കം, വേലിക്കരികിൽ നിന്നുള്ള ചിരിയും,
രാത്രി ആരെയും കാണാതെയുള്ള ചാറ്റും, ഒന്നും ഞാൻ അറിയില്ലെന്നാണോ നിങ്ങൾ കരുതിയത്. നിങ്ങളെ കയ്യോടെ പൊക്കാനാണ് ഞാനും ഇത്രയും നാളും ഒന്നും മിണ്ടാതെ ഇരുന്നത്…”
സുബൈദ അത് പറയുമ്പോൾ സുലൈമാൻ കട്ടിലിൽ ചുറ്റും തന്റെ മൊബൈൽ നോക്കി…
” നോക്കേണ്ട എന്റെ കയ്യിൽ ഉണ്ട്, അങ്ങേരുടെ ഒരു ഫേസ്‍ബുക്കും, വാട്സ്ആപ്പും, കുടുംബം കലക്കൻ ഓരോരുത്തർ ഓരോന്ന് എഴുതി പിടിപ്പിക്കും അതൊക്കെ വായിച്ച് വഴി തെറ്റാൻ നിങ്ങളെ പോലെ ഒരൊന്നും….
എടോ മനുഷ്യാ അദ്യം സ്വന്തം വീട്ടിൽ ഉള്ളതിനെ സ്നേഹിക്കാൻ നോക്ക്, അതെങ്ങനെ നാട്ടുകാരുടെ മുതലിനോട് അണല്ലോ എല്ലാത്തിനും ആക്രാന്തം…
ഇനി മേലിൽ ഈ സാധനം കൈ കൊണ്ട് എടുക്കുന്നത് ഞാൻ കണ്ടാൽ ഉണ്ടല്ലോ ആ രണ്ട് കയ്യും കൂടി ഞാൻ തല്ലിയൊടിച്ചിടും പറഞ്ഞേക്കാം….”
അത് പറഞ്ഞ് കലി തുള്ളി സുബൈദ അടുക്കളയിലേക്ക് പോകുമ്പോൾ ഒന്നും മിണ്ടാൻ കഴിയാതെ തലയും തടവി സുലൈമാൻ കട്ടിലിൽ നീണ്ടു നിവർന്ന് കിടന്നു…
മുപ്പത്തിയഞ്ചുകരിയെ പ്രണയിക്കാൻ പറഞ്ഞവർ സ്വന്തമായി മുപ്പത്തിയഞ്ച് വയസ്സുകാരി ഭാര്യ ഉള്ളവൻ മറ്റ് മുപ്പത്തിയഞ്ചുകാരിയെ നോക്കുന്നത് ആരോഗ്യത്തിന് ഹാനികരം എന്ന് കൂടി എഴുതി വയ്ക്കാത്തതിനെ പഴിച്ച് ഭാര്യ കൊണ്ട് വരുന്ന കഞ്ഞിയും കാത്ത് സുലൈമാൻ അങ്ങനെ കിടന്നു….