അമ്മയും അവന്റെ ഭാര്യയുമായി ചേരാതെ വന്നപ്പോൾ അവൻ ഒരു ദിവസം പൊറുതി ഭാര്യവീട്ടിലേ..

(രചന: ലിസ് ലോന)

“ഇതിപ്പോ ഒരുപാട് വട്ടമായി.. കേൾക്കുന്ന നിങ്ങൾക്ക് ഒരു കൂസലും ഇല്ലെങ്കിലും ആവർത്തിച്ചോണ്ടിരിക്കാൻ ഞങ്ങൾക്ക് മടിയുണ്ട്.. പദ്മേ..പദ്മേ”

സുധേച്ചിയുടെ ശകാരമാണല്ലോ ഇന്നത്തെയും സുപ്രഭാതമെന്നോർത്ത് പദ്മ അടുക്കള ജനാലയിലൂടെ എത്തിനോക്കി.

അവളുടെ ഊഹം തെറ്റിയില്ല ആശിച്ചു മോഹിച്ചുവച്ച അവരുടെ പ്ലാവാണ് വില്ലൻ ..

പദ്മയുടെ ഭർത്താവ് ദാസൻ അതിനൊരു പേരും ഇട്ടിട്ടുണ്ട് ..രാമുട്ടി പേരിട്ട ശേഷമാണ് അത് കായ്ക്കാൻ തുടങ്ങിയതെന്ന ന്യായമുണ്ട് അയാൾക്ക് ..

ഇത്ര നാളും ഇലകൾ വീണിട്ട് അടിച്ചുവാരി നടുവൊടിഞ്ഞെന്ന പരാതിയായിരുന്നു അയല്പക്കത്ത് നിന്നും ,ഇന്നിപ്പൊ ചക്കയാണ്.

ചോറിവിടെയും കൂറവിടെയും എന്ന് കേട്ടിട്ടേയുള്ളൂ ഈ പ്ലാവിനിത് എന്തിന്റെ കേടാണ് അങ്ങോട്ട് ചാഞ്ഞുവളർന്ന കൊമ്പിൽ മാത്രം കായ്ക്കാൻ ..തലയിൽ തല്ലി പദ്മ.

അവരുടെ മുറ്റത്തേക്ക് നിൽക്കുന്ന കൊമ്പിലുള്ള ചക്ക മൂത്തപ്പോൾ മുതൽ വെട്ടിയിടാൻ വേണ്ടി ഭർത്താവിന്റെ ചെവിയിൽ നൂറുവട്ടം ഓതിയതാണവൾ, ഒന്നൂടെ ആവട്ടെടിയെന്നും ചൊല്ലി താളം ചവിട്ടി ഇപ്പോൾ ചക്കയതാ അപ്പുറത്തെ മുറ്റത്ത് അത്തപൂക്കളമിട്ട് കിടക്കുന്നു..

ഭാഗ്യം ഇനി കുരുവിനി കഴുകിയെടുത്താൽ മതി ഒന്നൊഴിയാതെ ചക്കക്കുരു പട്ടാളം ചക്കപ്പൂക്കളത്തിന് പുറത്ത്‌ പരേഡിലുണ്ട്.

തലക്ക് കയ്യും കൊടുത്തു നിൽക്കുന്ന പദ്മയുടെ തലവട്ടം ജനാലക്കൽ കണ്ടതും അരിശം പിടിച്ച് സുധേച്ചിയുടെ മൂക്കും മുഖവും ചുവക്കുന്നത് അവൾ ശ്രദ്ധിച്ചു.

ലാബ് ടെക്‌നിഷ്യൻ ആയ പദ്മയും ഭർത്താവ് ദാസനും രണ്ട് മക്കളുമാണ് പ്രസ്തുത പ്ലാവിന്റെ ഉടമസ്ഥർ..

പ്ലാവിന്റെ ആകെയുള്ള മൂന്ന് ശിഖരത്തിലെ രണ്ടിലെയും ചക്ക മുഴുവനും ചെന്ന് വീഴുന്നത് കേന്ദ്രസർക്കാർ ജോലിക്കാരനായ വിജയന്റെയും ഭാര്യ സുധയുടെയും പൊലീസുകാരനായ മകൻ സതീഷിന്റെയും മുറ്റത്താണ് ..

അമ്മയും ഭാര്യയുമായുള്ള ചെറിയ ഉരസലുകൾ വഷളാകും മുൻപേ സ്വരം നന്നായി ഇരിക്കുമ്പോഴേ ഓഹരിയായി കിട്ടിയ സ്ഥലത്ത് കടം വാങ്ങിയും

പെണ്ണിന്റെ പണ്ടങ്ങൾ വിറ്റും ചെറിയൊരു വീടൊന്ന് പണിത് മുൻഭാഗം മാത്രം തേച്ച് മുൻവാതിലും പിൻവാതിലും അടച്ചുറപ്പാക്കി താമസം തുടങ്ങിയതാണ് ദാസൻ.

സ്ഥിരമായി ജോലിയൊന്നും ഇല്ലെങ്കിലും കിട്ടിയ പണിക്കെല്ലാം പോകുകയും തന്നെക്കൊണ്ട് കഴിയുന്ന വിധം വീടിന്റെ അറ്റകുറ്റപണികൾ തനിയെ ചെയ്യുകയും ചെയ്യുന്ന കഠിനാധ്വാനിയാണ് ദാസൻ..

ഭർത്താവിനൊപ്പം തന്നാലായതെന്ന് കരുതി കിട്ടുന്ന ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ച് ഒന്ന് രണ്ട് മാസകുറികളിൽ ഭാര്യയും ചേർന്നിട്ടുണ്ട്.

എങ്ങനെയൊക്കെ തലകുത്തി നിന്നിട്ടും അരിഷ്ടിച്ചു ജീവിച്ചിട്ടും വീടുപണി മാത്രം മുഴുവനാകാതെ നീണ്ടുപോകുന്നു.

കാതൽ കാര്യമായില്ലെങ്കിലും വേണ്ടിയില്ല പ്ലാവിന്റെ ഉള്ള തടി അറുത്ത് ആ അടുക്കളഭാഗത്തെ സിമെന്റ്റ് കട്ടിള മാറ്റാമെന്ന് കുറെ തവണയായി പദ്മ വഴക്കിടുന്നു..

പോട്ടെ കർട്ടൻ മാത്രം കിടക്കുന്ന ഉമ്മറത്തെ ജന്നലിന് രണ്ടോ മൂന്നോ പാളിയെങ്കിലും ..

ങേ..ഹേ അങ്ങേർക്കൊരു കൂസലുമില്ല.

ആകെയുള്ള ഏഴു സെന്റിൽ ഫലവൃക്ഷമായി ഈ ഒരൊറ്റ പ്ലാവും പിന്നെ പിന്നാമ്പുറത്തുള്ള ദാസന്റെ ഭാഷയിൽ ഇനിയും പേരിടാത്തതുകൊണ്ട് മാത്രം കായ്ക്കാത്ത ഒരു മാവുമാണ് ഉള്ളത് .

ഡി എൻ എ ടെസ്റ്റ് പോലും ആവശ്യമില്ലാത്ത വിധം പിള്ളേര് രണ്ടിനും ദാസനെ പോലെ ചക്കപ്രാന്തും!
അല്ലെങ്കിൽ എന്നേ ഈ പ്ലാവങ്ങു മുറിച്ച് അയല്പക്കക്കാരുമായുള്ള അടിപിടിയും ഒഴിവാക്കി അറുത്ത് മരമെടുത്തേനേ അവർ .

“സുധേച്ചി ദാ വരണൂ ഞാൻ.. ഈ അരിയൊന്നു വാർത്തിട്ട് ഓടിവന്ന് വൃത്തിയാക്കിക്കോളാം..”

പദ്മയുടെ സ്വരം കേട്ടിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല വീടിനകത്തേക്ക് തുറിച്ചുനോക്കിയ ശേഷം അമർത്തി ചവുട്ടി അവരകത്തേക്ക് നടന്ന് പോയി..

ഗ്യാസ് തീരാനായി എന്ന് തോന്നുന്നു.. നീലവെളിച്ചമിപ്പോൾ കുറേശ്ശേ പച്ചനിറത്തിലാണ് കത്തുന്നത്..

ബുക്ക് ചെയ്ത ഗ്യാസ് സമയത്ത് എത്തിയില്ലെങ്കിൽ പുലർച്ചെ എഴുന്നേറ്റ് വിറകടുപ്പ് ഊതാൻ തുടങ്ങണം..
സ്റ്റവ് ഓഫാക്കുമ്പോൾ പദ്മ ഓർത്തു..

രാവിലെ പത്രമിടാൻ പോയ ദാസേട്ടനെത്തും മുൻപേ രാവിലത്തേയും ഉച്ചത്തെയും ഭക്ഷണം ഉണ്ടാക്കി മക്കളെ സ്കൂളിലേക്ക് ഒരുക്കിയിരുത്തി വച്ചിട്ട് വേണം ലാബിലേക്ക് ഓടാൻ..

രാവിലെ ക്ലോക്കിന്റെ സൂചി എട്ടുമണികഴിഞ്ഞ്‌ മുന്നോട്ട് നാലോ അഞ്ചോ മിനുട്ട് നീങ്ങിയാൽ അന്നത്തെ ദിവസം മുഴുവൻ അവിടുന്നുള്ളതും കൂടി കേൾക്കണം..

വൈകുന്നേരം ഡ്യൂട്ടിസമയം കഴിഞ്ഞ് സൂചി എത്ര മുൻപോട്ട് പോയാലും ഇത് ബാധകവുമല്ല.

മുതലാളിയുടെ കൂടാതെ വൈകി വന്ന ടെക്‌നിഷ്യനോട്‌ വെറും വയറോടെ ഷുഗർ നോക്കാൻ വരുന്ന രോഗികളുടെ മുഷിച്ചിലും പരാതിയും വേറെയുമുണ്ട്.

വേഗം ചോറ് വാർക്കാനിട്ട ശേഷം ഉടുത്തിരുന്ന നൈറ്റിയുടെ കുത്ത് അഴിച്ചിട്ട് പഴയൊരു ബക്കറ്റും ചൂലുമെടുത്ത് പദ്മ ധൃതിയിൽ അപ്പുറത്തേക്ക് നടന്നു.

സുധേച്ചിയെ പുറത്തേക്ക് കാണാനില്ല.. ആരെയോ കൂവിത്തോൽപിക്കും കണക്ക് കുക്കറിന്റെ നിലവിളി അകത്ത് നിന്നും ഇടതടവില്ലാതെ കേൾക്കാനുണ്ട്.. അവർ വരും മുൻപേ മുറ്റം വൃത്തിയാക്കി മടങ്ങാമെന്നു കരുതി അവൾ.

” ചായ കുടിച്ചോ നീയ് ?.. ഇല്ലെങ്കിൽ വാ ഇത് കുടിച്ചിട്ട് ചെയ്യാം..”

എത്രെ പെട്ടെന്നാണ് സുധേച്ചിയുടെ സ്വഭാവം മാറുന്നത്..

വേണ്ടെന്ന് മറുപടി നൽകി മുറ്റത്തു പറ്റിപ്പിടിച്ച ചക്ക കോരി ബക്കറ്റിലേക്ക് ഇട്ടു അവൾ.

“ആ തെങ്ങിന്റെ കടക്കലേക്ക് ഇട്ടോ..നെറച്ചും മണ്ണായതോണ്ട് അതീന്ന് ഇനി ഒന്നും എടുക്കാനും പറ്റില്ലല്ലോ.”
എളിയിൽ കൈ കുത്തിനിന്ന് സുധേച്ചി നിർദ്ദേശിച്ചത് അവൾ അനുസരിച്ചു.

ചൂലും ബക്കറ്റും കൊണ്ട് പദ്മ മടങ്ങിവരുമ്പോഴേക്കും മുറ്റത്ത് സൈക്കിൾ ഉരുട്ടി ദാസനെത്തി.

“ദാസേട്ടാ ആ കയ്യും മുഖവും കഴുകി അകത്തേക്ക് കയറിയാൽ മതി ട്ടാ… എല്ലായിടത്തും കൊറോണ പരന്നിട്ടുണ്ട് ന്നാ കേട്ടത്.. അടുത്ത ലോക്ക് ഡൌൺ എന്നത്തെക്കാണാവോ ഇനി..

ആ പിന്നേയ് ഈ പ്ലാവിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിക്കോ.. ഇയ്ക്ക് വയ്യ ഇനി അവരുടെ വായിലിരിക്കുന്നത് കേൾക്കാൻ..”

” അതീ ചക്കകാലം കഴിഞ്ഞാൽ നിന്നോളുമെടീ ..നീ ഒരു ചെവിട്ടിൽ കേട്ടിട്ട് മറ്റേ ചെവിട്ടിലൂടെ കളഞ്ഞോ അല്ലെങ്കിൽ കേൾക്കാത്തപോലെ ഇരുന്നോ രാമുട്ടിയും ഞാനും ചെയ്യുന്ന കൂട്ട്..”

മുൻപൊരിക്കൽ പ്ലാവിന്റെ വേരിറങ്ങി മതില് വിള്ളുന്നെന്ന കാരണത്തിൽ പരസ്പരം ചീത്തവിളിയും വഴക്കുമൊക്കെ നടന്നതാണ് സുധേച്ചിയും വിജയേട്ടനുമായി.

ഈ വർഷത്തെ ചക്കകാലം കൂടി കഴിഞ്ഞാൽ വെട്ടിക്കോളാമെന്ന് ഉറപ്പ് കൊടുത്ത് ഇതിപ്പോൾ മൂന്നാമത്തെ കൊല്ലമാണ്..പ്ലാവിനരികിലെ മതിൽ മുഴുവൻ വേരുകൾ നിറഞ്ഞു.

മിണ്ടാതേം കേൾക്കാതെയും ഇരുന്നാൽ അങ്ങനെയങ്ങു പോകുന്നിടം വരെ പോകട്ടെയെന്നാണ് ദാസന്റെയും മനസ്സിൽ.

പല്ലിറുമ്മികൊണ്ട് വന്ന അരിശം പദ്മ അടക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്..

ദാസന്റെ അമ്മയാണ് ,നാളെ മുതൽ അവിടെ ലോക്ക് ഡൌൺ ആയതുകൊണ്ട് ഇന്ന് കുറച്ച് പച്ചക്കറിയും പലവ്യഞ്ജനവും കൊണ്ടുകൊടുക്കാമോയെന്നു ചോദിച്ചിരുന്നു അതിനാകും.

അനിയൻ വീട്ടിലുണ്ടാകുമല്ലോ എന്നോർത്താണ് അന്ന് ഈ പണി തീരാത്ത വീട്ടിലേക്ക് താമസം മാറ്റിയത് അമ്മയും അവന്റെ ഭാര്യയുമായി ചേരാതെ വന്നപ്പോൾ അവൻ ഒരു ദിവസം പൊറുതി ഭാര്യവീട്ടിലേക്കാക്കി വീട്ടുചിലവ് വീണ്ടും ദാസന്റെ തലയിലും.

അന്ന് ലാബിൽ നല്ല തിരക്കുണ്ടായിരുന്നു പദ്മക്ക്.. ടെക്‌നീഷ്യൻമാരുടെ എണ്ണം കുറവായതുകൊണ്ട് ഉള്ളവർക്ക് നിന്നു തിരിയാൻ നേരമില്ലാത്ത വിധം തിരക്ക്..

ഉച്ചക്ക് കൊണ്ടുപോയ ചോറ്റുപാത്രം തൊടുകപോലും ചെയ്യാതെ ആ ഭാരവും ഒഴിഞ്ഞ വയറുമായാണ് വൈകുന്നേരം ഇറങ്ങിയത്.

ജോലി ചെയ്യുന്നിടത്ത് നിന്നും മിനിമം ബസ് ചാർജ് മാത്രമുള്ള ദാസന്റെ വീട്ടിലെത്തും മുൻപേ അമ്മായിഅമ്മ മൂന്നാലുവട്ടം വേണ്ടുന്ന സാധനങ്ങൾ ഓർമിപ്പിക്കാനായി അവളെ വിളിച്ചിരുന്നു.

ഒരു ലോക്ക് ഡൌൺ കഴിഞ്ഞ് ഒന്ന് ശ്വാസമെടുത്ത് നിവർന്ന് വരുന്നതേയുള്ളൂ.. ഈ പേരും പറഞ്ഞ് ശമ്പളം കുറച്ചിട്ടുണ്ട് ..

വിളിച്ചെടുത്ത കുറിയുടെ ആളുകൾ ദിവസം തെറ്റിയപ്പോൾ മുതൽ വിളിയാണ്.. മിച്ചം പിടിച്ച കയ്യിലുള്ള പൈസക്ക് അവൾ ദാസന്റെ വീട്ടിലേക്കുള്ള അവശ്യസാധനങ്ങൾ വാങ്ങി..

” നീ ഇങ്ങോട്ടേക്ക് കേറാൻ നിക്കണ്ട സാധനങ്ങൾ ആ പടിക്കൽ വച്ചിട്ട് വേഗം മടങ്ങിക്കോ പദ്മെ.. നിന്റെ ലാബിലെ ആണെന്ന് തോന്നുന്നു ഒരാളുടെ റിപ്പോർട്ട് പോസിറ്റീവ് വന്നെന്നും പറഞ്ഞ് അവിടെ കണ്ടൈൻമെൻറ് സോൺ ആക്കിയെന്ന് ദേ ഇപ്പൊ ന്യൂസുണ്ട്..

നീയിനി ഇങ്ങു കേറിവന്നാൽ അച്ഛനും ഞാനും വയസ്സായതല്ലേ സാധനങ്ങൾ ഞാൻ മാറ്റിവച്ചിട്ട് നാളെ എടുത്തോളാം..”

ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയാണല്ലോ ദൈവമേ…കയ്യിൽ മടങ്ങിപോകാനുള്ള ബസ് കാശല്ലാതെ ഒന്നും വാങ്ങാനായി അഞ്ചു പൈസയില്ല. ചെന്നാൽ വീടും പൂട്ടി കോറന്റീനിൽ ഇരിക്കേണ്ടി വരും.

തലക്കുള്ളിലൂടെ സൈറൺ വിളിച്ച് ട്രെയിൻ ഓടാൻ തുടങ്ങി..

ദാസനെ വിളിക്കാനായി ഫോൺ എടുക്കുമ്പോഴേക്കും ഇങ്ങോട്ട് വിളി വന്നു.

” നീയെവിടെത്തി പദ്മേ?.. എങ്ങനേലും വീട്ടിലെത്താൻ നോക്ക് ഇവിടാകെ പ്രശ്നമാണ്..”

ദാസന്റെ സ്വരത്തിലെ പരിഭ്രമത്തിന്റെ കാരണം അറിയുന്നത്കൊണ്ട് ഒരു മൂളലിൽ മറുപടിയൊതുക്കി ഫോൺ കട്ടാക്കി അവൾ.

ബസിൽ പോയാൽ അതിലുണ്ടായിരുന്നവർ മുഴുവൻ നാളെ ബുദ്ധിമുട്ടിലാകുമെന്നോർത്താണ് ഓട്ടോയ്ക്ക് കൈ കാണിച്ചത്, സ്ഥലം അറിയിച്ചതും പറ്റില്ലെന്ന് മറുപടി.

നാലോ അഞ്ചോ‌ കിലോമീറ്ററോളമുണ്ട് വീട്ടിലേക്ക്.. ദൂരത്തേക്കാൾ മനസ്സിലെ വേവും ചൂടും അധികമായതിനാൽ കാലുകൾ വലിച്ചുനീട്ടി അവൾ നടക്കാൻ തുടങ്ങി..

എവിടെത്തിയെന്നറിയാൻ വിളിക്കുന്ന ദാസന്റെ കാൾ കണ്ടിട്ടും അവളെടുത്തില്ല..

മനസ്സിലെ ഭാരവുമായി വലിച്ചുനീട്ടിയുള്ള നടത്തത്തിൽ പട്ടിയെപ്പോലെ കിതക്കുന്നത് കൊണ്ട് സംസാരിക്കാൻ സാധിക്കില്ല..

മൂന്നുമണിക്ക് കുടിച്ച ചായക്ക് ശേഷം ഒരു തുള്ളി വെള്ളം അകത്തുചെന്നിട്ടില്ല.. എന്തെങ്കിലും കഴിച്ചോയെന്നോ എങ്ങനെ പോകുന്നെന്നോ കയ്യിൽ പൈസ വല്ലതുമുണ്ടോയെന്ന ഒരു ചോദ്യവും പോയിടത്തുനിന്നും കേട്ടില്ല..

വിശപ്പിനേക്കാളും ദാഹത്തിനേക്കാളുമുപരി എന്താകും ഇനി മുന്നോട്ടുള്ള കാര്യങ്ങളെന്നോർത്താണ് അവൾ ആധി പിടിച്ചത്..

പണയം വച്ച സ്വർണത്തിന്റെ പലിശ… സൊസൈറ്റിയിലെ ലോണിന്റെ കുടിശിക..വിളിച്ചെടുത്ത കുറികൾ .. വീട്ടിലെ ചിലവ് എല്ലാം കൂടി തലച്ചോറ് പുകയുന്നുണ്ട്..

വിയർത്തുകുളിച്ച ശരീരത്തോടെ വീട്ടുപടിക്കൽ എത്തുമ്പോഴേ കാണാം പോലീസും വാർഡ് കൗൺസിലറും ആരോഗ്യപ്രവർത്തകരും അയല്പക്കക്കാരും റോഡിനരികെ കാവൽ നിൽക്കുന്നത്..

” എന്താ കുട്ടി ഒരു ഉത്തരവാദിത്തവുമില്ലാതെ ഇങ്ങനെ ഓടിനടക്കുന്നത്.. നിങ്ങടെ ലാബിൽ വന്ന രോഗിയാണ് പോസിറ്റീവ് ആയിട്ടുള്ളത്..

അയാൾ പോയ സ്ഥലത്തേക്കൊക്കെ അന്വേഷിച്ചെത്തി വേണ്ടത് ചെയ്തു ഞങ്ങൾ.. ടെസ്റ്റ് എടുത്ത സ്ഥലത്തുണ്ടായിരുന്ന നിങ്ങൾ ലോകം മുഴുവൻ കറങ്ങിയാണ് വരുന്നത്..”

മുൻകരുതലുകൾ എല്ലാം എടുത്തിട്ടാണ് ചെയ്തതെന്ന് ഉത്തരം കൊടുക്കണമെന്ന് കരുതിയെങ്കിലും ആരുടെ സ്വരമാണതെന്ന് പോലും നോക്കാതെ ദാസനോട് കുറച്ച് വെള്ളം ചോദിച്ചു അവൾ…

മടുമടാ വെള്ളം കുടിച്ചിറക്കുന്ന അവളെ നോക്കി ഭർത്താവും മക്കളും നിൽക്കുമ്പോൾ വീടിന്റെ പടിയടച്ച് സീൽ വെയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു പുറത്തുനിന്നവർ..

“മ്മ്‌ടെ അരിയും സാധനങ്ങളും കഴിയാനായിട്ടാ ദാസേട്ടാ.. അമ്മക്കും അച്ഛനും വാങ്ങിച്ചുകൊടുത്തു കഴിഞ്ഞാൽ എന്റെ കയ്യിലെ പൈസ തീരും മറക്കണ്ട എവിടുന്നെങ്കിലും ഒന്ന് കാശ് മറിച്ച് സാധനങ്ങൾ വാങ്ങിക്കോ..”

രാവിലെ ജോലിക്ക് ഓടാൻ നേരത്ത് അവൾ വിളിച്ചുപറഞ്ഞത് ദാസന്റെ തലയിലൂടെ ഓടി…

വേറെന്തൊക്കെയോ പണിത്തിരക്കിൽ ആരോടും ചോദിക്കാനും ഒന്നും വാങ്ങാനും പറ്റിയില്ലല്ലോ ഭഗവാനെ…

അത്യാവശ്യ സാധനങ്ങൾ അടങ്ങിയ ഒരു ചാക്ക് കെട്ട് മുറ്റത്തേക്ക് എടുത്ത് വച്ച് ചെയ്യേണ്ടുന്ന കാര്യങ്ങൾ വിശദമാക്കി തന്ന് മുറ്റത്തേക്ക് പോലും ഇറങ്ങരുതെന്ന് നിർദ്ദേശിച്ച് വന്നവരെല്ലാം മടങ്ങിപ്പോയി..

അകത്ത് വെറും നിലത്ത് ചമ്രം പടിഞ്ഞിരുന്നു പദ്മ..

മരുമകൾ ഗേറ്റ് വരെ വന്നുപോയത് കൊണ്ട് മാത്രം തങ്ങളെയും നിർബന്ധിത കോറാന്റിനിലാക്കിയെന്ന് വിളിച്ചുപറഞ്ഞ അമ്മായിയമ്മ വീട്ടുസാധനങ്ങളെല്ലാം അവളെത്തിച്ചതുകൊണ്ട് ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്ന് പറയാൻ മനപ്പൂർവം മറന്നു.

ഇവിടെ പട്ടിണിയാണെങ്കിലും അവിടേക്കുള്ളത് ഈ മരുമകൾ കൃത്യമായി എത്തിച്ചില്ലേയെന്ന് നാവിൻതുമ്പത്ത് വരെ വന്നിട്ടും വഴക്ക് വേണ്ടെന്ന് കരുതി ഒന്നും ചോദിക്കാതെ ദാസനും അവരുടെ പരാതികൾ കേട്ടു നിന്നു.

ദിവസങ്ങൾ ആഴ്ചകളായി ..കോവിഡ് രോഗികളുടെയും അവരുമായി സമ്പർക്കത്തിലായവരുടെയും എണ്ണം കൂടുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ നീണ്ടുപോകാൻ തുടങ്ങി ..

മുടക്കമില്ലാതെ കുറിക്കാരനും പലിശ്ശക്കാരനും സൊസൈറ്റിക്കാരും മാത്രം എന്നത്തേക്ക് പൈസയുമായി വരാനാകുമെന്ന് പദ്മയുടെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നു .

വീടിന് പുറത്തേക്ക് ഇറങ്ങാൻ പോലും സാധിക്കാതെ ഇരുന്ന ദിവസങ്ങൾക്കിടയിലാണ് ഒരു ദിവസം സുധേച്ചിയുടെ വിളിക്കൊപ്പം നീളമുള്ള തോട്ടിയിൽ കൊളുത്തി ഒരു പ്ലാസ്റ്റിക് കവർ ജനാലക്കൽ എത്തിയത്.

വയ്യായ്മകളൊന്നുമില്ലല്ലോയെന്ന ചോദ്യങ്ങൾക്കൊപ്പം കുട്ടികൾക്കായി കുറച്ച് പലഹാരങ്ങളും കുഞ്ഞു കുഞ്ഞു കവറുകളിൽ കെട്ടി കറികളും പിന്നെ സ്ഥിരമായി എത്താൻ തുടങ്ങി.

സുധേച്ചിയുടെ മുറ്റത്തേക്ക് വീഴുന്ന ചക്കകളുടെ ഒച്ച കേട്ടാലും എത്തിനോക്കാത്തത്കൊണ്ട് ആരാണ് മുറ്റം വൃത്തിയാക്കുന്നത് എന്നറിയില്ല എങ്കിലും ഓരോ തവണ ശബ്ദം കേൾക്കുമ്പോഴും എല്ലാമൊതുങ്ങിയാൽ ആദ്യം പ്ലാവ് മുറിക്കണമെന്ന് ഓർക്കും അവൾ.

കുറെ ദിവസങ്ങൾക്ക് ശേഷം കോവിഡ് ടെസ്റ്റ് എടുത്ത് രണ്ടുപേരും നെഗറ്റീവാണെന്നറിഞ്ഞു ..

തട്ടിയും മുട്ടിയും ആണെങ്കിലും ജീവിതം മുൻപുണ്ടായിരുന്ന ട്രാക്കിലേക്ക് എത്തണമെങ്കിൽ എത്രത്തോളം ഓടണമെന്ന് രണ്ടുപേർക്കും ഒരു നിശ്ചയവും ഇല്ല..

ദാസൻ വീടിന് പുറത്തേക്കിറങ്ങുന്നത് കണ്ടതും സതീശനും സുധേച്ചിയും കൂടി അവരെ കാണാൻ വീട്ടിലേക്ക് കയറിവന്നു.

വിജയേട്ടന് കോവിഡ് ആയി ജോലിസ്ഥലത്ത് പെട്ടുപോയതും ആരും അടുത്തില്ലാതെ കഷ്ടപെടുന്നതും നിറമിഴികളോടെ സുധേച്ചി അവരോട് സങ്കടം പങ്കുവെച്ചു.

“കാര്യങ്ങളെല്ലാം ഒരു ഒഴുക്ക് ആകുന്നത് വരെ ദേ ഇത് നീ കയ്യിൽ വച്ചോ ദാസാ.. കയ്യിലിത് കൂട്ടിവച്ചിട്ടൊന്നും കാര്യമില്ലെന്ന് ദൂരെ അച്ഛൻ ആരുമില്ലാതെ കഷ്ടപ്പെടുന്നത് കേൾക്കുമ്പോൾ അറിയുന്നുണ്ട് ഞാൻ..”

വീടിന് മുകളിലേക്ക് വീഴാതെ മരം മുറിക്കാനൊരാളുടെ കൂലിക്കും വീട്ടാവശ്യത്തിനുള്ള പൈസക്കുമായി വിൽക്കാൻ ഊരിയ ആകെ ബാക്കിയുണ്ടായിരുന്ന പദ്മയുടെ ചളുങ്ങിയ വിവാഹമോതിരമിരുന്ന ദാസന്റെ പോക്കറ്റിലേക്ക് ഇറങ്ങാൻ നേരം കുറച്ചേറെ നോട്ടുകൾ സതീശൻ തിരുകിവച്ചു..

” സതീശാ …. ഞാൻ ..”

പണ്ടത്തെ വഴക്കിന് ശേഷം നേർക്കുനേരെ വഴിയിൽ കണ്ടാൽപോലും അവനെ അവഗണിച്ചു നടന്നതോർത്ത് കൺകോണിൽ ഉരുണ്ടുകൂടിയ നീർതുള്ളികളെ നിയന്ത്രിച്ച് ഇടറിയ സ്വരത്തിൽ ദാസൻ വിളിച്ചു..

“സാരല്ല്യ വച്ചോ നീ.. ആവശ്യങ്ങളുണ്ടെങ്കിൽ ചോദിക്കാനും മടിക്കണ്ട ..നാളെ ആർക്ക് ആരാണ് താങ്ങായി വരുന്നതെന്ന് ദൈവത്തിനെ അറിയൂ…”

ചുവരിൽ പിടിച്ച് പടിയിറങ്ങി ഊരിയിട്ട ചെരുപ്പ് കാലിലേക്ക് തിരുകികയറ്റുമ്പോൾ സുധേച്ചി പദ്മയെ നോക്കി..

“പിന്നെ പദ്മേ ആ ചെറ്യേ കൊമ്പിലെ ചക്ക മൂത്തിട്ടുണ്ട് അത് എനിക്ക് തരണേ..

വിജയേട്ടൻ വരുമ്പോഴേക്കും ഇത്തിരി ചക്ക വറുത്തത് ഉണ്ടാക്കി വെക്കണം..വരുമ്പോ കുറച്ച് ചക്ക എരിശ്ശേരിയും ..പാവം നാവിലെ രുചിയൊക്കെ പോയിന്ന് പറഞ്ഞുകേട്ടപ്പോ സങ്കടാവാ…”

“അല്ല ഞാനാ പ്ലാവ് ഇന്ന് വൈകുന്നേരത്തേക്ക് മുറിപ്പിക്കാൻ പോകാണ് സുധേച്ചി…”

“നീയൊന്ന് മിണ്ടാതിരുന്നേ ദാസാ…പ്ലാവ് മുറിക്കണം പോലും… ഇനിയൊരു പ്ലാവ് വച്ചുണ്ടാക്കി അതിന്റെ ചക്ക തിന്ന് വിഷ്ണുപാദം പൂകാനുള്ള ആയുസ്സൊന്നും ദൈവം എനിക്ക് തന്നിട്ടില്ല..

അതവിടെ നിക്കട്ടെന്നേ.. ഇടക്കൊരു അരിശം പിടിക്കലും ചെറ്യേ വഴക്കൊന്നും ഇല്ലാതെ എന്ത് അയല്പക്കം..അതിന് നിന്റെ രാമുട്ടി അവിടെ വേണം..”

അകലെ കിടക്കുന്ന ബന്ധങ്ങളേക്കാളും അടുത്തുള്ള ശത്രുക്കളാകും ചിലപ്പോഴെങ്കിലും ചേർത്തുനിർത്താൻ ഉണ്ടാകുകയെന്നോർത്ത് മനസ്സ് നിറഞ്ഞ സന്തോഷത്തോടെ

ദാസനും ഈറൻകണ്ണുകളോടെ പദ്മയും അവരെ നോക്കിനിൽക്കുമ്പോൾ പുഞ്ചിരിക്കുന്ന മുഖത്തോടെ സുധേച്ചിയും സതീശനും പടിയിറങ്ങിപോയി…

അടുപ്പമുണ്ടെങ്കിലും അകന്നെ നിൽക്കാൻ പാടുവെന്നും അകന്നിരിന്നാലും അടുപ്പമുണ്ടായിക്കോളുമെന്ന സത്യം ഒന്നുകൂടി മനസിലാക്കിച്ച് കൊറോണയുടെ ഒന്നാം ജന്മദിനം കഴിഞ്ഞപ്പോഴും

ഇനിയെത്രെ ദുരിതം തന്നാലും ഞാനിവർക്കൊപ്പമുണ്ടെന്ന് ഓർമിപ്പിച്ച് രാമുട്ടിമാർ ഇപ്പോഴും അയൽപക്കത്തെ തൊടിയിലേക്ക് ഇലകളും അടുക്കളയിലേക്ക് ചക്കകളും പൊഴിച്ചുകൊണ്ട് പലയിടത്തും നായകനായി നിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *