ഏതൊരു സ്ത്രീയും ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്ന സ്നേഹവും പരിചരണവും ഒക്കെയുണ്ട്, ഇതൊന്നും അച്ഛനിൽ നിന്ന്..

(രചന: ശ്രേയ)

” നിങ്ങൾക്ക് നിങ്ങളുടെ അച്ഛനെയാണോ അമ്മയെയാണോ ഏറ്റവും ഇഷ്ടം..? അങ്ങനെയെങ്കിൽ അതിനുള്ള കാരണം വിവരിക്കുക.. ”

മോളുടെ ക്ലാസിലെ വാട്സാപ്പ് ഗ്രൂപ്പിൽ ഇന്നത്തെ ഹോം വർക്കിന്റെ ചോദ്യം വന്നതാണ്. കൊറോണ വന്നതിനു ശേഷം എല്ലാം ഇങ്ങനെ ഒക്കെ ആണല്ലോ..!

ക്ലാസ്സിൽ കൊടുക്കുന്ന വർക്കുകൾ ഒക്കെ കൃത്യമായി ഗ്രൂപ്പിൽ അറിയിക്കാറുണ്ട്.

കുട്ടികളുടെ പഠനത്തെ കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കണം എന്ന് അധ്യാപകർക്ക് നിർബന്ധമാണ്. അതിന്റെ ഭാഗമായിട്ടാണ് ഇതേ സമ്പ്രദായം ഇപ്പോഴും തുടർന്ന് പോകുന്നത്.

പക്ഷെ ആ ചോദ്യം കണ്ടപ്പോ മുതൽ വല്ലാത്തൊരു കൗതുകം..! എന്റെ മകൾ എന്ത് ഉത്തരം ആയിരിക്കും എഴുതുകയെന്നത് ആയിരുന്നു എന്റെ കൗതുകം..!!

എന്തൊക്കെ പറഞ്ഞാലും അവൾ അവളുടെ അച്ഛനെയാകും ഇഷ്ടമാണ് എന്ന് പറയുക. കാരണം ഞാൻ അവളെ സ്നേഹിക്കുന്നതു പോലെ അവളുടെ അമ്മ ഒരിക്കലും അവളെ സ്നേഹിച്ചിട്ടില്ല…!

അത് ചിന്തിച്ചപ്പോൾ തന്നെ വല്ലാത്തൊരു ആത്മവിശ്വാസം വന്നു മൂടുന്നത് പോലെ തോന്നി.. അവളുടെ ഉത്തരം എന്താണെന്ന് വായിച്ചു നോക്കണം എന്ന് അപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചതാണ്.

ഫോണും നോക്കിയിരിക്കുന്നതിനിടയിൽ എപ്പോഴോ ഭാര്യ ആഹാരം കഴിക്കാനായി വന്നു വിളിച്ചു. ഫോണിൽ നോക്കി തല കുലുക്കി കൊണ്ട് തന്നെ അവൾക്ക് മറുപടിയും കൊടുത്തു.

“ഞാനിപ്പോ വരാം..”

എല്ലാ ദിവസവും ഞാൻ ഇങ്ങനെ ഒരു മറുപടി തന്നെയാണ് അവളോട് പറയാറ്. അറിയുന്നതു കൊണ്ടു തന്നെ അവൾ അവളുടെ കടമ തീർത്തു കൊണ്ട് അകത്തേക്ക് കയറിപ്പോയി.

മകളെ ആഹാരം കഴിക്കാൻ വിളിക്കുന്നത് എന്റെ പതിവാണ്. അവളെ തിരക്കി മുറിയിലേക്ക് ചെന്നപ്പോൾ അവൾ എന്തൊക്കെയോ എഴുതുകയാണ്.

അത് കണ്ടപ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടി വന്നത് ഇന്നത്തെ ഹോം വർക്കിന്റെ ക്വസ്റ്റ്യൻ ആണ്. ഒരുപക്ഷേ അവൾ അതിനുള്ള ഉത്തരം ആയിരിക്കാം എഴുതുന്നത്.

അത് ചിന്തിച്ചപ്പോൾ,ആ ഉത്തരം ഒന്ന് വായിച്ചു നോക്കാൻ തീരുമാനിച്ചു.

“മോളെ.. എഴുതാനുള്ളതൊക്കെ എഴുതിക്കഴിഞ്ഞോ..?”

മുറിയിലേക്ക് കയറി അവളോട് വാത്സല്യത്തോടെ ചോദിച്ചു. എന്നെ കണ്ടപ്പോൾ തന്നെ അവളുടെ മുഖം തെളിഞ്ഞിട്ടുണ്ട്.

” എഴുതിക്കഴിഞ്ഞു അച്ഛാ.. ”

ചിരിച്ചു കൊണ്ട് തലയാട്ടി അവൾ മറുപടി പറഞ്ഞു.

” എങ്കിൽ മോളു പോയി ഫ്രഷ് ആയി വന്നേ.. നമുക്ക് ആഹാരം കഴിക്കാം… ”

അവളെ അവിടെ നിന്ന് പറഞ്ഞു വിടേണ്ടത് എന്റെ ആവശ്യമായിരുന്നു. അവൾ എഴുതി വെച്ചിരിക്കുന്നതൊക്കെ വായിച്ചു നോക്കാനുള്ള കൊതി.. പക്ഷേ ഞാൻ അത് വായിക്കുന്നത് അവൾ അറിയാൻ പാടില്ല എന്നൊരു ആഗ്രഹം..!!

ഞാൻ പറഞ്ഞത് കേട്ടപ്പോൾ ചിരിച്ചു കൊണ്ട് ബുക്കും അടച്ചു വെച്ച് വാഷ്റൂമിലേക്ക് പോകുന്നത് കണ്ടു.

അവൾ വാഷ് റൂമിൽ കയറി വാതിൽ അടച്ചു കഴിഞ്ഞതിന്റെ തൊട്ടു പിന്നാലെ തന്നെ ഞാൻ അവളുടെ മലയാളം നോട്ട്ബുക്ക് കണ്ടുപിടിച്ചു.

അതിന്റെ ഓരോ താളുകളായി മറിക്കുമ്പോൾ അവൾ എന്നെക്കുറിച്ച് എത്ര മനോഹരമായിട്ടായിരിക്കും വിവരിച്ചിട്ടുണ്ടാവുക എന്നൊരു ചിന്ത മാത്രമായിരുന്നു എന്നിൽ ഉണ്ടായിരുന്നത്.

ഒടുവിൽ ആ ചോദ്യവും അതിനുള്ള ഉത്തരവും ഞാൻ കണ്ടെത്തി.. ആകാംക്ഷയോടെ അത് വായിച്ചു തുടങ്ങിയ എന്റെ മുഖം മങ്ങാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല..!

” എനിക്ക് ഏറ്റവും ഇഷ്ടം എന്റെ അമ്മയെയാണ്. കാരണം എന്റെ അമ്മയെപ്പോലെ എന്നെ സ്നേഹിക്കാൻ ഈ ഭൂമിയിൽ മറ്റാർക്കും കഴിയില്ല എന്നുള്ളതുകൊണ്ട് തന്നെ..!”

ഒരു വാചകത്തിൽ അവൾ എത്ര മനോഹരമായിട്ടാണ് അവളുടെ അമ്മയെയാണ് അവൾക്ക് ഇഷ്ടം എന്ന് പറഞ്ഞിരിക്കുന്നത്…!

പക്ഷേ അവളെ അവളുടെ അമ്മയെക്കാൾ കൂടുതൽ സ്നേഹിച്ചത് ഞാനല്ലേ..? എന്നിട്ടും അവൾ എന്തുകൊണ്ടാണ് അവളുടെ അമ്മയുടെ പേര് പറഞ്ഞത്..?

ആ ഒരു ചോദ്യം എന്റെയുള്ളിൽ വല്ലാത്തൊരു നോവ് തീർക്കുന്നുണ്ടായിരുന്നു. ഞാൻ അത് നോക്കി നിൽക്കുന്നതിന്റെ ഇടയ്ക്ക് തന്നെ മകൾ എന്റെ അടുത്തേക്ക് ഓടി വന്നു.

“അച്ഛാ എനിക്ക് വിശക്കുന്നു..”

അവൾ എന്റെ കയ്യിൽ തൂങ്ങിയപ്പോൾ അവളെ ഞാൻ ഒരു വിചിത്ര ജീവിയെ പോലെ നോക്കി. എന്നോട് ഇത്രയും അടുപ്പവും സ്വാതന്ത്ര്യവും കാണിക്കുന്ന ഈ കുട്ടി എന്തുകൊണ്ടാണ് അവളുടെ അമ്മയെയാണ് ഏറ്റവും ഇഷ്ടം എന്ന് പറയുന്നത്..?

അത് അവളോട് ചോദിച്ചറിയാതെ ഒരു സമാധാനവും കിട്ടില്ല എന്ന് തോന്നിയപ്പോഴാണ് അവളോട് അത് നേരിട്ട് ചോദിച്ചത്.

“മോളെ.. നിന്നെ ഏറ്റവും അധികം സ്നേഹിക്കുന്നത് ഞാനല്ലേ.?

നിനക്ക് ഇഷ്ടമുള്ള പലഹാരങ്ങൾ വാങ്ങി തരുന്നത് ഞാനല്ലേ..? അമ്മ എതിർത്തിട്ടും നിന്നെ രാത്രിയിൽ കറങ്ങാൻ കൊണ്ടുപോകുന്നതും ഐസ്ക്രീം വാങ്ങിത്തരുന്നതും ഒക്കെ ഞാൻ അല്ലേ..?

നിനക്ക് ഇഷ്ടമുള്ള നിന്റെ താല്പര്യം അനുസരിച്ച് മാത്രം ഓരോന്ന് ചെയ്യുന്ന എന്നെയല്ലേ നീ ഏറ്റവും അധികം സ്നേഹിക്കേണ്ടത്..?”

അറിയാതെ തന്നെ ആ ചോദ്യം ഉള്ളിൽ നിന്ന് പുറത്തേക്ക് വന്നു കഴിഞ്ഞിരുന്നു. അത് ഒരുപക്ഷേ അസൂയ എന്നും കുശുമ്പ് എന്നും എന്തു വേണമെങ്കിലും പറയാം.

” അച്ഛൻ എന്റെ ബുക്ക് തുറന്നു വായിച്ചിരുന്നു അല്ലേ..? ”

അവളുടെ ചോദ്യം കേട്ടപ്പോൾ എന്തോ ഒരു കള്ളത്തരം ചെയ്തതു പോലെ ഒരു ഫീലിംഗ് ആയിരുന്നു എനിക്ക്.

” അച്ഛൻ പറഞ്ഞത് ശരിയാണ്. എന്റെ ഇഷ്ടത്തിനും താല്പര്യത്തിനും അനുസരിച്ച് അച്ഛൻ ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്തു തരാറുണ്ട്.

എന്നെ പുറത്തേക്ക് കൊണ്ടു പോകാറുണ്ട്. ഒരുപാട് പലഹാരങ്ങൾ വാങ്ങി തരാറുണ്ട്. ഐസ്ക്രീം വാങ്ങി തരാറുണ്ട്. എനിക്കിഷ്ടമുള്ള ഒരുപാട് വസ്ത്രങ്ങൾ വാങ്ങി തരാറുണ്ട്.

എന്റെ താൽപര്യത്തിന് അനുസരിച്ച് അച്ഛൻ ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്തു തരാറുണ്ട്.. പക്ഷേ ഞാൻ ഒന്ന് ചോദിച്ചോട്ടെ..? ഇതിൽ ഏതെങ്കിലും ഒരു കാര്യം അച്ഛൻ അമ്മയ്ക്ക് ചെയ്തു കൊടുത്തിട്ടുണ്ടോ..? ”

ആ കുഞ്ഞ് ചോദിച്ചപ്പോൾ, വല്ലാത്തൊരു ജാള്യത തോന്നി.

” ഞാനെന്തു.. ”

അവളെ എതിർത്ത് സംസാരിക്കാൻ പോലും ആ നിമിഷം തനിക്ക് കഴിയുന്നുണ്ടായിരുന്നില്ല.

” അച്ഛാ… ഞാനൊരു ചെറിയ കുട്ടിയല്ല എന്ന് അച്ഛനു അറിയാമല്ലോ. എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി എന്ന നിലയ്ക്ക് കാണുന്നതും കേൾക്കുന്നതുമായ പല കാര്യങ്ങളും കേട്ടാലും കണ്ടാലും അറിയാൻ പറ്റുന്ന എല്ലാ ബോധവും എനിക്കുണ്ട്.

അച്ഛനും അമ്മയും എപ്പോഴും സന്തോഷത്തോടെ ഇരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു മകളാണ് ഞാൻ.

നിങ്ങളുടെ സ്നേഹം കണ്ടിട്ട് വേണം എനിക്ക് വളരാൻ എന്നൊരു ആഗ്രഹം മാത്രമാണ് എനിക്ക് ഉള്ളത്. പക്ഷേ എനിക്ക് അങ്ങനെ ഒരു ഭാഗ്യമുള്ളതായി അച്ഛന് തോന്നുന്നുണ്ടോ.?

അച്ഛൻ പറഞ്ഞില്ലേ അച്ഛൻ എന്നെ ഒരുപാട് സ്ഥലങ്ങളിൽ കൊണ്ടുപോകാറുണ്ടെന്ന്. അത് അച്ഛൻ പറഞ്ഞത് ശരിയാണ്. എന്നെ കൊണ്ടുപോകാറുണ്ട്.

എന്നെ മാത്രം..! നമ്മൾ രണ്ടാളും അല്ലാതെ ഇവിടെ എന്റെ അമ്മ എന്നൊരാൾ കൂടി ഉണ്ടെന്ന് അച്ഛൻ ഒരിക്കലും ഓർക്കാറില്ല. എനിക്കിഷ്ടമുള്ള ആഹാരങ്ങളും പലഹാരങ്ങളും ഒക്കെ അച്ഛൻ വാങ്ങി തരാറുണ്ട്.

അമ്മക്ക് ഇഷ്ടപ്പെട്ട ആഹാരം എന്താണെന്ന് അച്ഛനു അറിയാമോ..? അമ്മക്കിഷ്ടപ്പെട്ട നിറം എന്താണെന്ന് അറിയാമോ..? അമ്മയുടെ ഇഷ്ടങ്ങളെക്കുറിച്ച്..അനിഷ്ടങ്ങളെ കുറിച്ചോ അച്ഛന് എന്തെങ്കിലും ധാരണയുണ്ടോ..?

ഒരിക്കലും അങ്ങനെയൊന്നും അച്ഛനറിയില്ല.കാരണം അച്ഛൻ സ്നേഹിച്ചത് എന്നെ മാത്രമാണ്.നിങ്ങൾ നല്ലൊരു അച്ഛനാണ്.. പക്ഷേ ഒരിക്കലും നല്ലൊരു ഭർത്താവല്ല..”

മകൾ പറയുന്നത് കേട്ടപ്പോൾ അവൾക്ക് മുന്നിൽ തീരെ ചെറുതായി പോയതു പോലെ തനിക്ക് തോന്നി.. അവൾ പറഞ്ഞത് മുഴുവനും ശരിയാണ്. അത് അംഗീകരിച്ചു കൊടുക്കാതെ വയ്യ..!

” ഏതൊരു സ്ത്രീയും ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്ന സ്നേഹവും പരിചരണവും ഒക്കെയുണ്ട്. ഇതൊന്നും അച്ഛനിൽ നിന്ന് എന്റെ അമ്മയ്ക്ക് കിട്ടുന്നില്ല.

എന്നിട്ടും അമ്മ ഇപ്പോഴും അച്ഛനോടൊപ്പം ജീവിക്കുന്നുണ്ടെങ്കിൽ അതിന് ഒരേയൊരു കാരണം മാത്രമേ ഉള്ളൂ.. ഞാൻ എന്ന കാരണം..!

ഞാനെന്ന കുട്ടിക്ക് അച്ഛനെയും അമ്മയെയും എപ്പോഴും കൂടെയുണ്ടാകണം എന്ന് അമ്മയുടെ ആഗ്രഹം കൊണ്ട് മാത്രമാണ് അമ്മ എപ്പോഴും നമ്മളുടെ ഒപ്പം ഉള്ളത്.. അമ്മയ്ക്ക് എന്നോടുള്ള സ്നേഹം അല്ലേ അത്..?

സ്വന്തം ജീവിതം നഷ്ടപ്പെടുത്തിക്കൊണ്ട് അമ്മ എന്നെ സ്നേഹിക്കുമ്പോൾ എന്റെ അമ്മയ്ക്കാണ് എന്നോട് ഏറ്റവും അധികം സ്നേഹം എന്ന് പറയാൻ എനിക്ക് ഒരു മടിയുമില്ല.. ”

അത്രയും പറഞ്ഞുകൊണ്ട് അവൾ ആഹാരം കഴിക്കാൻ ആയി പോകുമ്പോൾ, എത്ര വലിയ പരാജയം ആയിരുന്നു ഞാൻ എന്ന് തിരിച്ചറിയുകയായിരുന്നു ആ നിമിഷം..!!

ഇനിയുള്ള ജീവിതത്തിൽ എങ്കിലും ഈ തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ കഴിയണം എന്നൊരു ആഗ്രഹത്തോടെയാണ് ഞാനും ആ ഡൈനിങ് ടേബിളിലേക്ക് ചുവടുവെച്ചത്..