അമ്മ അത് കണ്ടിട്ട് പോലും ഇല്ല എന്ന് പറഞ്ഞ് എതിർക്കാൻ ശ്രമിച്ചിട്ടും ആ വാക്കുകൾ ശ്രദ്ധിക്കാതെ അമ്മായി അമ്മയുടെ മുറി..

(രചന: ശ്രേയ)

” പ്ഫാ… എന്റെ വീട്ടിലേക്ക് പെണ്ണ് ചോദിച്ചു കയറി വരാൻ നിനക്ക് നാണമില്ലേ..? എന്റെ മോൾടെ ഏഴയലത്തു നിൽക്കാനുള്ള യോഗ്യത എങ്കിലും നിനക്കുണ്ടോ..? ”

അമ്മാവൻ ചോദിച്ചപ്പോൾ കണ്ണുകൾ നീണ്ടത് വാതിൽക്കൽ നിന്ന് എന്നെ നോക്കി നിൽക്കുന്ന പെണ്ണിലേക്ക് ആയിരുന്നു.. അവളുടെ കണ്ണിലെ വെറുപ്പ് എന്നെ ചുട്ടു പൊള്ളിച്ചു.

” മീനു… നീയും ഇത് തന്നെയാണോ പറയുന്നത്..? ”

അവസാന ശ്രമം എന്ന നിലക്ക് അവളോട് ഒന്ന് ചോദിച്ചു നോക്കി. അത് കേട്ട് അവൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.

” എനിക്കിപ്പോൾ വന്നിരിക്കുന്നത് ഒരു ഡോക്ടറുടെ ആലോചന ആണ്. സ്വപ്നം കാണാൻ പോലും പറ്റാത്ത ബന്ധം..!

എന്തിനാ വെറുതെ ഓരോ സെന്റിമെന്റ്സ് പറഞ്ഞു എനിക്ക് വന്ന സ്വഭാഗ്യം തട്ടി കളയുന്നത് .? സതീഷേട്ടന് ചേരുന്ന ഒരു പെൺകുട്ടി ഇവിടെ എവിടെയെങ്കിലും ഉണ്ടാകും.. ”

അവൾ പറഞ്ഞപ്പോൾ വല്ലാത്തൊരു വേദന തോന്നി..!

കണ്ണ് നിറഞ്ഞെങ്കിലും അത് അവരെ കാണിക്കാൻ തോന്നിയില്ല.. പെട്ടെന്ന് തന്നെ തിരിഞ്ഞു നടന്നു..

പിന്നിൽ അച്ഛനും മകളും പലതും പറഞ്ഞു ചിരിക്കുന്ന ശബ്‌ദം കേൾക്കാം..!

നെഞ്ച് പൊട്ടുന്ന വേദനയോടെയാണ് വീട്ടിൽ വന്നു കയറിയത്. ആ സമയം മുഴുവൻ ചിന്തിച്ചത് വർഷങ്ങളായി തന്നെ പൊട്ടൻ കളിപ്പിക്കുന്ന അവളെയാണ്..

മീനു എന്ന മീനാക്ഷി.. ഒരേയൊരു അമ്മാവന്റെ ഒരേയൊരു മകൾ.. അച്ഛന്റെയും അമ്മയുടെയും വിവാഹം കഴിഞ്ഞ് അധികം നാളുകൾ അമ്മയ്ക്ക് അച്ഛനോടൊപ്പം ജീവിക്കാൻ കഴിഞ്ഞിട്ടില്ല.

ഒരു അറ്റാക്കിന്റെ രൂപത്തിൽ അച്ഛനെ ദൈവം മടക്കി വിളിച്ചു. അതോടെ തളർന്നു പോയ അമ്മയെ തിരികെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത് അമ്മയുടെ അച്ഛനായിരുന്നു. തങ്ങളുടെ മകൾ തങ്ങൾക്ക് ഒരു ഭാരമല്ല എന്ന് അവർ ഉറപ്പിച്ചു പറഞ്ഞിരുന്നു.

ആ സമയത്ത് അമ്മയുടെ വയറ്റിൽ എനിക്ക് അഞ്ച് മാസം ആയിരുന്നു പ്രായം.അമ്മയുടെ പ്രസവവും അതിനോട് അനുബന്ധിച്ച് ശുശ്രൂഷകളും ഒക്കെ അമ്മയുടെ വീട്ടുകാർ നല്ല രീതിയിൽ തന്നെ ചെയ്തു.

എനിക്ക് രണ്ടു വയസ്സ് പ്രായമുള്ളപ്പോഴാണ് അമ്മാവന്റെ വിവാഹം നടക്കുന്നത്. അമ്മാവന്റെ വിവാഹം കഴിഞ്ഞ് അമ്മായി വീട്ടിലേക്ക് കയറി വന്നപ്പോൾ മുതൽ അമ്മ അവർക്ക് ഒരു ദുശ്ശകുനം ആയി മാറി.

അമ്മായി അമ്മയെ എത്രത്തോളം ഉപദ്രവിച്ചാലും അതൊന്നും അമ്മയുടെ അച്ഛനോ അമ്മയോ അറിയാതെ അമ്മ ശ്രദ്ധിച്ചു.

പക്ഷേ ഒരിക്കൽ അമ്മായിയുടെ ഒരു മാല മോഷണം പോയി എന്ന് പറഞ്ഞ് തറവാട്ടിൽ ഒരു വലിയ ബഹളം തന്നെ നടന്നു. അത് അമ്മ എടുത്തതാണ് എന്ന് അമ്മായി ഉറപ്പിച്ചു പറഞ്ഞു.

അമ്മ അത് കണ്ടിട്ട് പോലും ഇല്ല എന്ന് പറഞ്ഞ് എതിർക്കാൻ ശ്രമിച്ചിട്ടും ആ വാക്കുകൾ ശ്രദ്ധിക്കാതെ അമ്മായി അമ്മയുടെ മുറി മുഴുവൻ അരിച്ചു പെറുക്കി. അമ്മയുടെയും എന്റെയും സാധനങ്ങൾ മുഴുവൻ വാരി എറിഞ്ഞു പരിശോധിച്ചിട്ടും അമ്മായി തെരഞ്ഞ സാധനം മാത്രം കിട്ടിയില്ല.

അമ്മ അത് മനഃപൂർവം എവിടെയോ കൊണ്ട് കളഞ്ഞതാണ് എന്ന് പറഞ്ഞ് അമ്മാവനെ കൊണ്ട് അമ്മയെ തല്ലിച്ചു. ഈ സംഭവങ്ങൾക്കൊക്കെ അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ ദൃക്സാക്ഷികൾ ആയിരുന്നു.

അന്നാണ് അമ്മ അവിടെ എന്തെല്ലാമാണ് അനുഭവിക്കുന്നത് എന്ന് അവർക്ക് മനസ്സിലായത്. അതോടെ അമ്മയെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റണം എന്നുള്ള തീരുമാനം അപ്പൂപ്പൻ എടുത്തു കഴിഞ്ഞിരുന്നു.

അതിന്റെ ഫലമായിട്ടാണ് തറവാടിനോട് അധികം ദൂരെയില്ലാത്ത രീതിയിൽ അമ്മയ്ക്ക് ഷെയർ ആയി കൊടുത്ത സ്ഥലത്ത് അപ്പുപ്പൻ ഒരു വീട് വച്ച് കൊടുക്കുന്നത്.

അമ്മ അവിടേക്ക് താമസം മാറി.പുറം പണിക്കൊന്നും പോയി അമ്മയ്ക്ക് ഒരു ശീലവും ഉണ്ടായിരുന്നില്ല. പക്ഷേ അമ്മയെ നല്ല രീതിയിൽ വിദ്യാഭ്യാസം കൊടുത്തിട്ടുള്ളത് കൊണ്ടുതന്നെ ആ സമയത്ത് അടുത്തുള്ള ഒരു സ്കൂളിൽ ജോലിക്ക് കയറ്റാൻ അപ്പൂപ്പന് കഴിഞ്ഞു.

അതോടെ ഞങ്ങളുടെ ജീവിതരീതി മെച്ചപ്പെട്ടു എന്ന് തന്നെ പറയാം. ഇടയ്ക്കൊക്കെ അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ ഞങ്ങളോടൊപ്പം വന്ന് താമസിക്കാറുണ്ട്.

ഞാൻ വളർന്നു. തറവാട്ടിലേക്കുള്ള പോക്ക് വരവുകൾ ഒക്കെ വളരെ കുറവായിരുന്നു. അഥവാ പോയാൽ തന്നെ മണിക്കൂറുകൾക്കുള്ളിൽ തിരികെ ഞങ്ങൾ ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങാറുണ്ട്.

കുറച്ചു ദിവസം അടുപ്പിച്ച് തറവാട്ടിൽ നിന്നത് അപ്പൂപ്പന്റെ മരണത്തിന് ആയിരുന്നു. ആ സമയത്താണ് അമ്മാവന്റെ മകൾ മീനുവുമായി താൻ ചങ്ങാത്തത്തിൽ ആവുന്നത്.

അവിടെയുണ്ടായിരുന്ന 16 ദിവസങ്ങൾ കൊണ്ട് ഞങ്ങൾ നല്ല കൂട്ടുകാരായി മാറി. പിന്നീട് ഇടയ്ക്ക് പുറത്തൊക്കെ വച്ച് കാണുമ്പോൾ ചിരിക്കും എന്നല്ലാതെ മറ്റ് സംസാരങ്ങൾ ഒന്നുണ്ടായിരുന്നില്ല.

ഞാൻ കോളേജിൽ പഠിക്കുമ്പോഴാണ് അമ്മൂമ്മ മരണപ്പെടുന്നത്. അന്ന് അവൾ പ്ലസ്ടുവിന് പഠിക്കുകയായിരുന്നു. ആ സമയത്തും 16 ദിവസത്തോളം ഞങ്ങൾ തറവാട്ടിൽ തന്നെയായിരുന്നു..

അന്നാണ് അവൾക്ക് എന്നോട് മറ്റൊരു തരത്തിലുള്ള ആറ്റിറ്റ്യൂഡ് ആണ് ഉള്ളത് എന്ന് ഞാൻ അറിയുന്നത്.

എന്നെ നോക്കുന്ന അവളുടെ ഓരോ നോക്കിലും സൗഹൃദത്തിലും സാഹോദര്യത്തിലും ഉപരി പ്രണയമാണ് ഞാൻ കണ്ടത്. അത് എനിക്ക് വല്ലാത്തൊരു ഞെട്ടൽ ആയിരുന്നു.

അവളെ പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും ഞാൻ പരാജയപ്പെട്ടു പോയി. എന്റെ പിന്നാലെ നടന്ന് അവൾ സ്നേഹം പിടിച്ചു വാങ്ങുകയായിരുന്നു.

അമ്മാവന്റെ മകളാണല്ലോ… അതുകൊണ്ടു തന്നെ മുറപ്പെണ്ണ് … അവൾ എനിക്കുള്ളത് തന്നെയാണ് എന്ന് എനിക്ക് ഉറപ്പായിരുന്നു..

അമ്മാവന്റെ പിടിപ്പുകേട് കൊണ്ടാവണം തറവാട് ക്ഷയിച്ചു തുടങ്ങി. പഠനം കഴിഞ്ഞ് എനിക്ക് ഒരു ജോലി കിട്ടിയപ്പോഴേക്കും തറവാട് അധപതനത്തിന്റെ വക്കിലായിരുന്നു.

അപ്പോഴൊക്കെ മീനുവും താനും തമ്മിലുള്ള പ്രണയം കൊടുമ്പിരി കൊണ്ടിരുന്നു.അവളുടെ ഓരോ സങ്കടങ്ങളും വിഷമങ്ങളും ഒക്കെ കേൾക്കുമ്പോൾ അവളെ ആശ്വസിപ്പിച്ചിരുന്നതും അവൾക്ക് ആവശ്യമായ പോക്കറ്റ് മണി നൽകിയിരുന്നതും ഒക്കെ താനായിരുന്നു.

അതൊക്കെ എന്റെ കടമയാണ് എന്ന് മാത്രമേ ചിന്തിച്ചുള്ളൂ.. എന്റെ പണത്തിൽ തന്നെയാണ് അവൾ പഠിച്ചത്.. അവൾക്ക് ഡോക്ടർ ആവാനായിരുന്നു താല്പര്യം.. അവൾ അങ്ങനെ തന്നെ ആവുകയും ചെയ്തു.

പക്ഷേ അവളുടെ സ്റ്റാറ്റസ് മാറിയതിനനുസരിച്ച് എന്നോടുള്ള അവളുടെ ആറ്റിറ്റ്യൂഡും മാറിയത് ഞാനറിഞ്ഞിരുന്നില്ല. അവൾക്ക് ഇപ്പോൾ എന്നെ വേണ്ട..

നെഞ്ചു പൊട്ടി കരഞ്ഞപ്പോൾ ആശ്വാസമായി ഉണ്ടായിരുന്നത് അമ്മ മാത്രമായിരുന്നു.

” അവൾക്ക് വേണ്ടെങ്കിൽ വേണ്ട.. നീ അതിന് ഇങ്ങനെ കരഞ്ഞ് നിന്റെ ജീവിതം തന്നെ വേണ്ടെന്നു വച്ചാൽ അമ്മയ്ക്ക് പിന്നെ ആരാ ഉള്ളത്..? ”

അമ്മയുടെ ആ ചോദ്യത്തിലാണ് ഞാൻ എന്റെ ജീവിതം തിരികെ പിടിച്ചു തുടങ്ങിയത്.

അതിനിടയിൽ അവളുടെ വിവാഹം ഉറപ്പിച്ചതും വിവാഹത്തിന്റെ തീയതി എടുത്തതും ഒക്കെ അറിഞ്ഞിരുന്നു. ഒരു കടമ പോലെ അമ്മാവൻ വീട്ടിൽ വന്ന് വിവാഹം ക്ഷണിക്കുകയും ചെയ്തു.

“വിവാഹത്തിന് തലേന്ന് തന്നെ വന്നേക്കണം.. അവൾക്ക് ആങ്ങളയുടെ സ്ഥാനത്ത് മറ്റാരുമില്ല എന്ന് നിനക്കറിയാമല്ലോ…”

അമ്മാവൻ അത് പറഞ്ഞപ്പോൾ സ്വയം പരിഹസിച്ചു കൊണ്ട് ഞാൻ ഒന്ന് ചിരിച്ചു. എന്നെ പുച്ഛിച്ചു കൊണ്ട് അമ്മാവൻ ഇറങ്ങി പോവുകയും ചെയ്തു.

അവളുടെ കല്യാണത്തിന് ഓരോ കാര്യങ്ങൾക്കു വേണ്ടി ഓടി നടക്കുമ്പോൾ വല്ലാത്തൊരു വേദന തോന്നിയിരുന്നു.

അവൾ എല്ലാവർക്കും മുന്നിൽ ചിരിച്ച് കളിച്ചു നിൽക്കുമ്പോൾ ഞാൻ മാത്രമാണ് ഞങ്ങളുടെ പ്രണയം പരാജയപ്പെട്ടു പോയതിൽ വേദനിക്കുന്നത് എന്ന് മനസ്സിലാക്കാൻ അധികം ബുദ്ധി ഒന്നും വേണ്ടി വന്നില്ല.

പിറ്റേന്ന് കല്യാണത്തിന് ഉടുത്തൊരുങ്ങി മണ്ഡപത്തിൽ കയറിയിട്ടും ചെറുക്കൻ വരാതായതോടെ എല്ലാവർക്കും ടെൻഷനായി. ഒടുവിൽ അന്വേഷിച്ചു പോയപ്പോഴാണ് അവന് മറ്റൊരു പ്രണയം ഉണ്ടായിരുന്നു എന്നും അവരുടെ വിവാഹം കഴിഞ്ഞു എന്നും ഒക്കെ അറിയുന്നത്.

അത്രയും നേരം സന്തോഷത്തോടെ നിന്നിരുന്ന അവളുടെയും അമ്മാവന്റെയും അമ്മായിയുടെയും ഒക്കെ മുഖം സങ്കടം കൊണ്ട് വിങ്ങിയിരിക്കുന്നത് കാണാൻ അധികം താമസം വേണ്ടി വന്നില്ല.

” ഈ മുഹൂർത്തത്തിൽ തന്നെ വിവാഹം നടന്നിട്ടില്ല എങ്കിൽ ഈ പെൺകുട്ടിയുടെ ജീവിതത്തിൽ ഇനി അങ്ങനെയൊരു സൗഭാഗ്യം ഉണ്ടാകും എന്ന് തന്നെ തോന്നുന്നില്ല.. ”

ജ്യോത്സ്യന്റെ അഭിപ്രായ പ്രകടനം കൂടിയായപ്പോൾ അമ്മാവൻ ആകെ തകർന്നു പോയിരുന്നു. പെട്ടെന്നാണ് കാഴ്ചക്കാരിൽ ഒരാളായി നിന്നിരുന്ന എന്റെ അടുത്തേക്ക് അമ്മാവൻ വന്നത്.

” ഞാൻ വേണമെങ്കിൽ മോന്റെ കാലു പിടിക്കാം. ഈ സമയത്ത് നിനക്കല്ലാതെ മറ്റാർക്കും ഞങ്ങളെ ഈ നാണക്കേടിൽ നിന്ന് രക്ഷിക്കാൻ കഴിയില്ല. അവളെ മോൻ സ്വീകരിക്കണം.. ”

അമ്മാവൻ പറയുന്നത് കേട്ടപ്പോൾ പൊട്ടി പൊട്ടി ചിരിക്കാൻ ആണ് എനിക്ക് തോന്നിയത്. പക്ഷേ ഞാൻ എന്നെ തന്നെ കൺട്രോൾ ചെയ്തു.

” അമ്മാവാ പറയുന്നതു കൊണ്ടൊന്നും തോന്നരുത്. എനിക്ക് അവളെ സ്വീകരിക്കാൻ കഴിയില്ല.. ഞാനും അവളും തമ്മിൽ എത്ര വർഷം ആത്മാർത്ഥമായി പ്രണയിച്ചതാണ് എന്ന് അമ്മാവനു അറിയാമോ..?

ക്ഷമിക്കണം ആത്മാർത്ഥ പ്രണയം എന്നൊന്നും പറയാൻ പറ്റില്ല. കാരണം പ്രണയം ആത്മാർത്ഥമായിരുന്നുവെങ്കിൽ മറ്റൊരാൾക്ക് വേണ്ടി ഉടുത്തൊരുങ്ങി താലി കെട്ടാനായി അവൾ ഇരുന്നു കൊടുക്കില്ലായിരുന്നു.

ഈ തറവാടിന്റെ മുറ്റത്ത് വന്ന് അവളെ എനിക്ക് വേണ്ടി ചോദിച്ചപ്പോൾ നിങ്ങൾ അച്ഛനും മകളും കൂടി എന്നെ പരിഹസിച്ചു വിട്ടത് ഞാൻ മറന്നിട്ടില്ല. ഞാൻ അവളുടെ സ്റ്റാറ്റസ് ചേർന്ന ആളല്ല എന്നല്ലേ പറഞ്ഞത്…?

ഇപ്പോഴും ആ സ്റ്റാറ്റസിന് വ്യത്യാസം ഒന്നുമില്ല.. അവൾക്ക് ചേരുന്ന ആളല്ല ഞാൻ.. അങ്ങനെ ആരെയെങ്കിലും കണ്ടുപിടിച്ച് അവളുടെ വിവാഹം നടത്തിക്കോളൂ.. ”

അത്രയും പറഞ്ഞു അമ്മയെയും ചേർത്തുപിടിച്ചു കൊണ്ട് തറവാടിന്റെ പടിയിറങ്ങുമ്പോൾ ഞങ്ങളെ തുറിച്ചു നോക്കി നിൽക്കുന്ന അമ്മാവനെ അകക്കണ്ണിൽ എനിക്ക് കാണാമായിരുന്നു..