ജന്മനാ താൻ തന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും ഒക്കെ ഒരു ഭാരം ആയിരുന്നു, കണ്ണ് കാണാത്തവൾ ആയതുകൊണ്ട് തന്നെ..

(രചന: ശ്രേയ)

” നീ ഇവിടെ ഇരിക്ക്.. ഞാൻ പോയി മരുന്ന് വാങ്ങി വരാം.. ”

ഹോസ്പിറ്റൽ ഫാർമസി ഏരിയയിൽ നിരത്തി ഇട്ടിരിക്കുന്ന കസേരകളിൽ ഒന്നിലേക്ക് അനു എന്ന അനാമികയെ ഇരുത്തിക്കൊണ്ട് ശ്രീജിത്ത്‌ പറഞ്ഞപ്പോൾ അവൾ അനുസരണയോടെ അവൻ വഴി കാണിച്ച കസേരയിലേക്ക് ഇരുന്നു.

അവൾ അവിടെ സേഫ് ആണ് എന്ന് ഒരിക്കൽ കൂടെ ഉറപ്പ് വരുത്തിക്കൊണ്ട് അവൻ ഫാർമസിയിലേക്ക് നടന്നു.

അവൻ തന്റെ അടുത്തു നിന്ന് നടന്നകന്നു എന്ന് മനസ്സിലാക്കിയപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

ഇവൻ തനിക്ക് ലഭിച്ച ഏറ്റവും വലിയ പുണ്യമാണ്. ഇവൻ എന്നൊരാൾ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ താൻ കഷ്ടപ്പെട്ട് പോയേനെ..!

അനു ചിന്തിച്ചു..

ആ നിമിഷം അവൾ ഓർത്തത് അപ്രതീക്ഷിതമായി അവൻ തന്റെ ജീവിതത്തിലേക്ക് കയറി വന്നതിനെ കുറിച്ചായിരുന്നു.

ജന്മനാ താൻ തന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും ഒക്കെ ഒരു ഭാരം ആയിരുന്നു. കണ്ണ് കാണാത്തവൾ ആയതുകൊണ്ട് തന്നെ മറ്റുള്ളവർക്ക് തന്നോടൊപ്പം എവിടെയെങ്കിലും വരാനോ ഒപ്പം കൂട്ടാനോ ഒക്കെ മടിയായിരുന്നു.

” ഇവളെയും കൊണ്ടുപോയാൽ ഒരിടത്ത് നിന്നും സമയത്ത് തിരികെ വരാൻ പറ്റില്ല.ഇവളെയും കൊണ്ട് നടക്കാൻ എന്നെക്കൊണ്ടൊന്നും പറ്റില്ല.”

സ്വന്തം അച്ഛൻ തന്നെ പറയുന്നത് ഒരിക്കൽ കേട്ടിട്ടുണ്ട്. അച്ഛന് തോന്നാത്ത വികാരങ്ങൾ ഒന്നും കൂട്ടുകാർക്ക് തോന്നണം എന്നില്ലല്ലോ.

പലരും മാറ്റി നിർത്തുമ്പോഴും സ്നേഹത്തോടെ ചേർത്തു പിടിച്ച ചിലരെങ്കിലും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

സ്നേഹത്തോടെയും കരുതലോടെയും പലതും ക്ഷമയോടെ പറഞ്ഞു തന്നിട്ടുള്ള ഒരുപാട് സുഹൃത്തുക്കൾ ഒപ്പമുണ്ട്. അതുമാത്രമാണ് ജീവിതത്തിൽ ഉള്ള കൈമുതൽ.

ക്ലാസുകളിൽ നോട്ടുകൾ ഒക്കെ എഴുതിയെടുക്കാൻ വളരെ പ്രയാസമായിരുന്നു. എന്നെ ഏതെങ്കിലും സ്പെഷ്യൽ സ്കൂളിൽ ചേർത്ത് പഠിപ്പിച്ചാൽ പോരെ എന്ന് പലപ്പോഴും സ്കൂളുകാർ അച്ഛനോടും അമ്മയോടും ഒക്കെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

പക്ഷേ ഒരിക്കൽ പോലും അവർ അതിന് തയ്യാറായിട്ടില്ല. അന്ന് തനിക്ക് അതിൽ വല്ലാത്ത ദേഷ്യവും സങ്കടവും ഒക്കെ തോന്നിയിട്ടുണ്ട്.

കാരണം മറ്റൊന്നുമല്ല സ്കൂളിൽ ഉള്ള കുട്ടികൾ കളിക്കുമ്പോഴും ചിരിക്കുമ്പോഴും ഒന്നും അവരോടൊപ്പം കൂടാൻ കഴിയാതെ മാറി നിൽക്കുകയായിരുന്നു തന്റെ രീതി.

അവർ കളിക്കുന്നതിനിടയിൽ ഞാൻ എന്നൊരാൾ ഉണ്ട് എന്ന് പോലും അവർ ശ്രദ്ധിക്കാറില്ല.

ഒരിക്കൽ ക്ലാസിലെ ജനാലയുടെ അടുത്തു നിന്ന എന്നെ ഓടിവന്ന ഒരു കുട്ടി തള്ളി താഴെയിട്ടു നെറ്റി പൊട്ടിച്ചതോടെ എനിക്ക് ക്ലാസിൽ നിന്ന് പുറത്തിറങ്ങാൻ പോലും ഭയമായിരുന്നു.

അന്ന് തന്റെ കരച്ചിൽ കണ്ട് പേടിച്ചിട്ട് ടീച്ചർമാർ വീട്ടിൽ നിന്ന് ആളിനെ വിളിച്ചു വരുത്തിയിരുന്നു. അന്ന് പക്ഷേ എല്ലാവരുടെയും മുന്നിൽ വച്ച് അച്ഛൻ എന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്.

” കണ്ണും കാണില്ല എന്നാൽ എല്ലാവരെയും ബുദ്ധിമുട്ടിക്കാൻ വേണ്ടി പുറത്തിറങ്ങി നിൽക്കുകയും ചെയ്യും.

ടീച്ചർമാരെ നിങ്ങളാരും ആ കുട്ടിയെ ചീത്ത പറയുകയൊന്നും വേണ്ട. എന്റെ മകൾ അവളുടെ കുറവുകൾ അംഗീകരിച്ചുകൊണ്ട് ക്ലാസ്സിന് അകത്ത് ഇരുന്നെങ്കിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാകില്ലായിരുന്നല്ലോ.. ”

അന്ന് തന്നെ ഒന്ന് ആശ്വസിപ്പിക്കുക പോലും ചെയ്യാതെ അച്ഛൻ പറഞ്ഞ വാക്കുകൾ ഒരുപാട് വേദനിപ്പിച്ചിരുന്നു.

പിന്നീട് കണ്ണ് കാണില്ല എന്നുള്ള ആ അവഗണനയെ ഒഴിവാക്കാനായിരുന്നു താൻ ശ്രമിച്ചിരുന്നത്. കുട്ടികളെ പേടിച്ചിട്ട് ക്ലാസിൽ നിന്ന് പുറത്തിറങ്ങാറില്ലായിരുന്നുവെങ്കിലും ആരുടെയൊക്കെയോ സൗഹൃദം താൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു.

എല്ലാവരെയും പോലെ കളിക്കാനും ചിരിക്കാനും ഒക്കെ തനിക്കും അവകാശമുണ്ട് എന്ന കാര്യം എല്ലാവരും മറന്നു.

എന്റെ നോട്ടുകൾ എഴുതി തന്നിരുന്നത് എന്റെ തൊട്ടടുത്തിരുന്ന കുട്ടി തന്നെയായിരുന്നു. ഒരുപക്ഷേ അവൾക്ക് തന്നോട് കരുണ തോന്നിയിരിക്കണം. മനസ്സിലാകാത്ത ഭാഗങ്ങൾ അവൾ തന്നെയായിരുന്നു പറഞ്ഞു തന്നിരുന്നത്.

വീട്ടിൽ വന്നാൽ തന്നെ പഠനത്തിൽ സഹായിക്കാൻ അമ്മയ്ക്കോ അച്ഛനോ ആർക്കും സമയമില്ല. അമ്മയ്ക്ക് പല പല ജോലിത്തിരക്കുകളാണ്. അച്ഛനാണെങ്കിൽ ഒന്നിനും വയ്യ എന്ന്..!

തൊട്ടടുത്തിരുന്ന കൂട്ടുകാരിയുടെ സഹായം കൊണ്ട് തന്നെയാണ് പത്താം ക്ലാസ് വരെ എത്തിയത്. പ്ലസ് വണ്ണിലും പ്ലസ്ടുവിലും എന്തു ചെയ്യും എന്നുള്ള സംശയം വന്നപ്പോൾ അവിടെയും സഹായത്തിനായി എത്തിയത് സ്കൂളിലെ ടീച്ചർമാർ ആയിരുന്നു.

എന്റെ നോട്ടുകൾ എഴുതി തരാനും എന്നെ പഠിക്കാൻ സഹായിക്കാനും ഒക്കെ അവർ മുന്നിൽ നിന്നു. അവരുടെയൊക്കെ സഹായം കൊണ്ട് തന്നെയാണ് പ്ലസ് ടു വരെ എത്തിയത്.

അതോടു കൂടി തന്നെ വിദ്യാഭ്യാസ ജീവിതം അവസാനിക്കുകയാണ് എന്ന് തനിക്ക് അറിയാമായിരുന്നു.

കാരണം ആകെയുള്ള ഒരു കോളേജ് ഒരുപാട് ദൂരെയാണ്. അവിടേക്ക് എന്തായാലും ഒറ്റയ്ക്ക് പോകാൻ സാധിക്കില്ല. എല്ലാ ദിവസവും അവിടേക്ക് കൊണ്ടാക്കാൻ അച്ഛൻ തയ്യാറാവുകയുമില്ല.

പഠനം അവസാനിച്ചു എന്ന് കരുതിയ ഇടത്ത് തനിക്ക് തുണയായി വന്നത് പത്താം ക്ലാസ് വരെ ഒപ്പം പഠിച്ച കൂട്ടുകാരിയായിരുന്നു.

അവളുടെ വീട് തന്റെ വീടിന്റെ അടുത്ത് ആയതുകൊണ്ടു തന്നെ അവൾ പഠിക്കുന്ന കോളേജിൽ തനിക്കും അഡ്മിഷൻ എടുത്താൽ ഒന്നിച്ചു പോയി വരാം എന്ന് വാക്കു പറഞ്ഞത് അവൾ ആയിരുന്നു.

ഒന്നിച്ച് ബസ്റ്റോപ്പിലേക്ക് നടക്കുമ്പോഴും ബസ് കയറുമ്പോഴും ഒക്കെ തന്നെ അവൾ ഒരുപാട് ശ്രദ്ധിച്ചിരുന്നു.

ഒരിക്കൽ ബസ്സിൽ ഇറങ്ങി കോളേജിലേക്ക് നടക്കുന്ന വഴിക്ക് ഒരു നിമിഷം അവളുടെ കയ്യിൽ നിന്നും തന്റെ കൈയുടെ പിടി വിട്ടു പോയി. പക്ഷേ അതേ നിമിഷത്തിൽ പാഞ്ഞു വന്ന ഒരു ബൈക്ക് തന്നെ ഇടിച്ചു ഇടിച്ചില്ല എന്നുള്ള മട്ടിൽ ബ്രേക്ക് ചെയ്തു നിർത്തി.

ആ ദേഷ്യത്തിൽ ബൈക്കിൽ വന്ന ചെറുപ്പക്കാരൻ തന്നെ ഒരുപാട് ചീത്ത പറഞ്ഞു. പക്ഷേ ആ നിമിഷം കരയാൻ അല്ലാതെ തനിക്ക് മറ്റൊന്നിനും കഴിയില്ലായിരുന്നു.

” സോറി ചേട്ടാ.. അവൾക്ക് കാണാൻ കഴിയില്ല.. അതുകൊണ്ട് പറ്റിപ്പോയതാണ്.. സോറി.. ”

കരഞ്ഞു കൊണ്ടിരിക്കുന്ന എന്നെ ആശ്വസിപ്പിക്കുന്നതിനോടൊപ്പം കൂട്ടുകാരിയായിരുന്നു അയാളോട് ക്ഷമ പറഞ്ഞത്.

പക്ഷേ എത്ര സമയം കഴിഞ്ഞിട്ടും ആ ബൈക്ക് അകന്നു പോകുന്നതിന്റെ ശബ്ദം താൻ അറിഞ്ഞിരുന്നില്ല. തന്റെ കണ്ണീര് ഒന്നു മാറിയപ്പോൾ കൂട്ടുകാരി തന്നെയും കൊണ്ട് ക്ലാസിലേക്ക് നടന്നു.

പിന്നീട് പല ദിവസങ്ങളിലും ആ ബൈക്കിന്റെ സാമീപ്യം ഞാൻ അറിയുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എന്നെ ബസ്റ്റോപ്പിൽ ഇരുത്തിയിട്ട് കൂട്ടുകാരി കടയിൽ സാധനം വാങ്ങാൻ പോയി.

ആ സമയത്ത് തൊട്ടടുത്ത് ഒരാൾ വന്നിരിക്കുന്നത് തനിക്ക് അനുഭവപ്പെടുകയും ചെയ്തു. ആരാണെന്ന് അറിയാത്തതിന്റെ ഒരു പരവേശം തനിക്ക് ഉണ്ടായിരുന്നു.

“എടാ താൻ പേടിക്കുക ഒന്നും വേണ്ട..ഇത് ഞാനാണ്. അന്ന് ബൈക്കിൽ..”

അയാൾ പരിചയപ്പെടുത്തിയപ്പോൾ ആ ശബ്ദം തനിക്ക് പരിചിതമാണ് എന്ന് ഉറപ്പായിരുന്നു. അയാൾ പരിചയപ്പെടുത്തി കഴിഞ്ഞപ്പോൾ ഒരു വെപ്രാളം തോന്നി. അന്നത്തെ സംഭവത്തിൽ വഴക്ക് പറയാനാണോ എന്നൊരു ഭയം.

” താൻ പേടിക്കേണ്ട.. ഞാൻ തന്നെ ചീത്ത പറയാൻ വന്നതൊന്നുമല്ല. അന്ന് എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാൻ ഒരുപാട് സ്പീഡിൽ ആയിരുന്നു അന്ന് വന്നത്.

സുഹൃത്തിന് ഒരു അത്യാവശ്യമായിട്ട് പെട്ടെന്ന് ഒരിടത്തേക്ക് പോകേണ്ടി വന്നു.അതിനിടയിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ അറിയാതെ ദേഷ്യം വന്നു പോയതാണ്. താൻ കാര്യമാക്കണ്ട കേട്ടോ.. ”

അവൻ പറഞ്ഞപ്പോൾ അറിയാതെ പുഞ്ചിരിച്ചു.

“എനിവേ ഞാൻ ശ്രീജിത്ത്.. എസ് ഐ സെലക്ഷൻ ഒക്കെ കഴിഞ്ഞ് നിൽക്കുകയാണ്. അധികം വൈകാതെ ജോലിയിൽ കയറാൻ കഴിയും എന്നാണ് പ്രതീക്ഷ..”

അവൻ പറഞ്ഞപ്പോൾ ഒരു ബഹുമാനം തോന്നിപ്പോയി.

” എന്താ തന്റെ പേര്..? ”

അയാൾ ചോദിച്ചപ്പോഴാണ് തന്റെ പേര് ഇതുവരെ പറഞ്ഞിട്ടില്ല എന്ന് ഓർത്തത്.

” അനാമിക.. ”

തങ്ങളുടെ സൗഹൃദം അന്നായിരുന്നു ആരംഭിച്ചത്. പിന്നീട് പലപ്പോഴും അയാളെ പല സ്ഥലങ്ങളിലും വച്ച് കണ്ടുമുട്ടേണ്ടി വന്നിട്ടുണ്ട്.

അപ്പോഴൊക്കെ ഇങ്ങോട്ട് വന്നു സംസാരിക്കാറും പരിചയം പുതുക്കാറും ഒക്കെയുണ്ട്. സ്റ്റേഷനിൽ ചാർജെടുത്ത കാര്യമൊക്കെ അദ്ദേഹം തന്നെയാണ് പറഞ്ഞത്.

കോളേജ് ജീവിതം അവസാനിക്കാറായപ്പോൾ ഒരിക്കൽ അദ്ദേഹം കാണാൻ വന്നിരുന്നു.

” എനിക്ക് തന്നെ ജീവിതത്തിൽ കൂടെ കൂട്ടിയാലോ എന്നൊരു തോന്നൽ.. ഞാൻ തന്റെ വീട്ടിലേക്ക് വന്നോട്ടെ..? ”

അവൻ ചോദിച്ചപ്പോൾ ആകെ ഒരു വെപ്രാളവും പരവേശവും ഒക്കെ ആയിരുന്നു.അച്ഛൻ എങ്ങനെ പ്രതികരിക്കും എന്ന് പോലും അറിയില്ല. ആ ഭയം ഉള്ളതുകൊണ്ടു തന്നെ വേണ്ട എന്നാണ് പറഞ്ഞത്.

പക്ഷേ അത് കാര്യമാക്കാതെ ഒരു ബ്രോക്കർ മുഖാന്തിരം ആലോചന വീട്ടിലെത്തി.

കണ്ണു പൊട്ടിയായ മകൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ് ഈ ആലോചന എന്ന് അറിയാവുന്നതു കൊണ്ടു തന്നെ അച്ഛന്റെ ഭാഗത്തു നിന്ന് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല.

കല്യാണം കഴിഞ്ഞിട്ടും താഴത്തും തലയിലും വയ്ക്കാതെ അത്രയും കാര്യമായി തന്നെയാണ് അദ്ദേഹം തന്നെ ശ്രദ്ധിക്കുന്നത്.

ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാൻ പുണ്യം ചെയ്യണം എന്ന് സുഹൃത്തുക്കൾ പലരും പറയുമ്പോൾ അഭിമാനത്തോടെ താൻ പുഞ്ചിരിക്കാറുണ്ട്.

” ചിന്തയൊക്കെ കഴിഞ്ഞെങ്കിൽ എഴുന്നേറ്റ് വരാൻ നോക്കൂ മാഡം.. എനിക്ക് ഡ്യൂട്ടിക്ക് കയറേണ്ടതാണ്.. ”

കയ്യിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞപ്പോൾ ചിന്തകളുടെ ലോകത്ത് നിന്ന് പെട്ടെന്ന് തിരികെ എത്തി.

അവന്റെ കയ്യിൽ കൈ ചേർത്തുകൊണ്ട് ഓരോ ചുവടും മുന്നോട്ട് വയ്ക്കുമ്പോൾ ജീവിതകാലം മുഴുവൻ ഇതിനുള്ള സൗഭാഗ്യം തനിക്ക് ഉണ്ടാകണം എന്ന് മാത്രമായിരുന്നു പ്രാർത്ഥന…