രണ്ടാനമ്മയ്ക്ക് രണ്ടു പെണ്മക്കൾ ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ തന്റെ..

നിറനിലാവ്
(രചന: ശിവ പാർവ്വതി)

ഹാ, വന്നല്ലോ…. എന്നും മൂക്കറ്റം കുടിച്ച് നാലുകാലിൽ കേറി വന്നോളും. എന്റെ വിധിയിങ്ങനെ ഒരെണ്ണത്തിന്റെ കൂടെ പൊറുക്കാൻ ആണല്ലോ എന്റീശ്വരാ….

അയ്യോ, ഇവൾ ഇന്നും ഉറങ്ങിയില്ലാരുന്നോ…. അത് പിന്നെ… മോളെ… ചേട്ടൻ രണ്ടു ഗ്ലാസ്സെ കുടിച്ചോള്ളൂ.. അമ്മ സത്യം…

ദേ മനുഷ്യ ചത്തു തലയ്ക്കു മുകളിൽ ഇരിക്കുന്നവരെ പിടിച്ചു കള്ളസത്യം ഇടല്ലേ.. ശാപം കിട്ടും നിങ്ങൾക്ക്, ഞാൻ പറഞ്ഞേക്കാം.

കാലു നിലത്തു ഉറയ്ക്കുന്നില്ല, എന്നിട്ടാണ് രണ്ടു ഗ്ലാസ്സ്…

നിങ്ങളിങ്ങനെ കുടിച്ചു നടന്നോ.. ന്റെയും കൊച്ചിന്റെയും കാര്യങ്ങളൊന്നും നിങ്ങൾക്ക് അറിയണ്ടല്ലോ… ദിനവും അവൾ പേറുന്ന ദുഃഖമെല്ലാം കണ്ണുനീരായി അവളുടെ മിഴിയിൽ നിന്നും ഉതിർന്നു വീണു…

അത്യാവശ്യം സമ്പന്നകുടുംബത്തിലെ പെൺകുട്ടിയായിരുന്നു ആതിര… അമ്മ മരിച്ചു കഴിഞ്ഞപ്പോൾ അച്ഛൻ രണ്ടാമത് ഒരാളെ കൂടെ കല്യാണം കഴിച്ച എന്നുതൊട്ട് അവൾക്കെന്നും കണ്ണീർ മാത്രം നിറഞ്ഞ ജീവിതമായിരുന്നു..

രണ്ടാനമ്മയ്ക്ക് രണ്ടു പെണ്മക്കൾ ഉണ്ടായിരുന്നു.. അതുകൊണ്ട് തന്നെ തന്റെ കാര്യങ്ങൾ എല്ലാം അവർ തഴഞ്ഞു…

അവളാ വീട്ടിലെ കരടായി തോന്നിത്തുടങ്ങി എല്ലാവർക്കും. പതുക്കെ പതുക്കെ അച്ഛന്റെ അമിതമായ മ ദ്യപാനം കാരണം സ്വത്തുക്കൾ എല്ലാം തന്നെ ബിസിനസ്സ് പാർട്ണർസ് കൈക്കലാക്കി…

അതിനിടക്കാണ് പലപ്പോഴായി വീട്ടിൽ വന്നു പോയിരുന്ന രണ്ടാനമ്മയുടെ സഹോദരൻ രാഘവന്റെ കണ്ണുകൾ അവളിലേക്കായിരുന്നു എന്ന് മനസിലായത്..

എല്ലാം മനസിലായിട്ടും കണ്ണടച്ചു ഇരുട്ടാക്കിയിരുന്ന രണ്ടാനമ്മ ഒരുദിവസം അവളെ രാഘവനു മുന്നിൽ ഇട്ടു കൊടുത്തു… അന്ന് രാഘവന്റെ ശല്യം സഹിക്ക വയ്യാതെ ഇറങ്ങി ഓടിയ അവൾ ചെന്നുപെട്ടത് കണ്ണന്റെ മുന്നിൽ ആയിരുന്നു…

അച്ഛൻ ആരാണെന്ന് അറിയില്ല കണ്ണന് അതുകൊണ്ട് തന്നെ നാട്ടുകാർ അവന്റെ അമ്മയെ കുറിച്ചു പലതും പറയാറുമുണ്ട്. നാളിതുവരെ ഒരിക്കലും കണ്ണൻ ചോദിച്ചട്ടില്ല തന്റെ അമ്മയോട്…

ഒരു പക്ഷേ അമ്മയ്ക്കും അറിയില്ലായിരിക്കും.. പൈസയുടെ ബലത്തിൽ അന്ന് ആരുടെ ശാപമാണ് തന്റെ ഉദരത്തിൽ കുരുത്തതെന്ന്.

നാട്ടുകാരുടെ മുന്നിൽ നിത്യവും കുനിയുന്ന അമ്മയുടെ തല, ഇനി തന്റെ മുന്നിലും കുനിയണ്ട എന്ന് കരുതി തന്നെയാണ് പലരും പലകുറി ആവർത്തിച്ചും കളിയാക്കിയും തന്നോട് ചോദിച്ച ആ ചോദ്യം അമ്മയുടെ നേരെ അവൻ ആവർത്തിക്കാഞ്ഞത്…

നാട്ടുകാരുടെ വിശേഷണങ്ങൾ ഒരുപാട് ഉള്ളതുകൊണ്ട് തന്നെ കണ്ണന് നല്ല ഒരു ജോലി ഒന്നും തന്നെ ശെരിയായില്ല. ഇടയ്ക്ക് വാർക്കപണിയ്ക്ക് പോകും അതാണ് ഇരുവർക്കും അന്നം കഴിക്കാനുള്ള ഏക വരുമാനം…

പണിയെടുത്തു കിട്ടുന്നതിൽ നിന്ന് കഞ്ഞിക്കുള്ളത് എന്തേലും നുള്ളിപെറുക്കി കൊടുത്ത് പിന്നെ ബാക്കി വരുന്നതിന് മുഴുവൻ അവൻ കള്ളുകുടിച്ചു കളയും…

ഒരുപക്ഷെ അവന്റെയുള്ളിലെ സങ്കടങ്ങളും തനിക്ക് നേരെ വരുന്ന ഒളിയമ്പുകളുടെ വേദനയുമാവാം അവനെ ഒരു മുഴുകുടിയൻ ആക്കിയതും. എത്ര കുടിച്ചാലും എന്നും നാലു കാലിൽ വീട്ടിൽ വന്നു കിടക്കും…

ആതിര അന്ന് ഓടികയറിയത് കണ്ണന്റെ വീടിന്റെ ഇറയത്തേക്കായിരുന്നു…

രാത്രി എപ്പോഴൊ പേടിച്ചരണ്ട അവൾ അവിടെ കിടന്നു തന്നെ ഉറങ്ങി പോയിരുന്നു.

പിറ്റേന്ന് നേരം വെളുത്തപ്പോൾ ഇറയത്തു വന്ന കണ്ണന്റെ അമ്മ ലീലാമ്മയാണ് അന്ന് അവളെ തട്ടി ഉണർത്തിയത്.

അവളുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ അവർക്കും സങ്കടമായി. അവളെ പ്രസവിച്ചില്ലേലും അവരും ഒരു അമ്മയാണല്ലോ….

ആരോരുമില്ലാത്ത അവളെ ലീലാമ്മ അവിടെ താമസിപ്പിച്ചു… കണ്ണൻ ചോദിക്കാനോ പറയാനോ പോയില്ല, അവൻ അതൊന്നും ശ്രദ്ധിച്ചതേയില്ല…
ലീലാമ്മയുടെ സുഖത്തിലും ദുഃഖത്തിലും അവളും പങ്കുചേർന്നു.

അങ്ങനെ ഒരു വർഷം അവരൊരു കുടുംബമായി ജീവിച്ചു പോന്നു. പെട്ടെന്ന് ഒരു ദിവസം കണ്ണന്റെ അമ്മ അങ്ങുപോയി. പിന്നെ ആ വീട്ടിൽ കണ്ണനും ആതിരയും മാത്രമായി..

നന്നായിട്ട് മ ദ്യപിക്കുമെങ്കിലും ഒരിക്കൽ പോലും മോശമായ ഒരു നോട്ടം പോലും കണ്ണനിൽ നിന്നും അവൾക്ക് നേരെ ഉണ്ടായിട്ടില്ല, ഇന്നേവരെ.

എങ്കിലും അമ്മയില്ലാതെ താൻ ഇനി എങ്ങനെയിവിടെ കഴിയും…ആതിര ആരോടെന്നില്ലാതെ സ്വയം പതം പറഞ്ഞു പോന്നു.

ഒരിക്കൽ കണ്ണനിൽ നിന്നും അവൾക്ക് അതിനുള്ള ഉള്ള ഉത്തരം കിട്ടി.

ടി പെണ്ണേ നീ എന്താന്നോ, എങ്ങനെയാണെന്നോ ഒന്നും എനിക്ക് അറിയില്ല. ഇവിടുത്തെ സാഹചര്യവും തനിക്ക് അറിയാം എന്ന് കരുതുന്നു. എന്തായാലും നിന്നെ ഞാൻ ഇവിടുന്ന് ഇറക്കി വിടില്ല…

നിനക്ക് സമ്മതം ആണെങ്കിൽ എന്റെ ഒപ്പം കൂടാം ഇനിയുള്ള കാലം… അല്ലായെങ്കിലും നിനക്ക് ഇവിടെ കഴിയാം, ഒരിക്കലും നിനക്ക് ഞാനൊരു ശല്യമായി വരില്ല.

കണ്ണന്റെ വാക്കുകൾ കണ്ണീരും സങ്കടങ്ങളും മാത്രം നിറഞ്ഞ അവളുടെ ജീവിതത്തിൽ അതൊരു പുതിയ പ്രതീക്ഷകളുടെ തുടക്കമായിരുന്നു.

പരിഭവങ്ങളും പരാതിയും നിറഞ്ഞ ആതിരയുടെ കണ്ണുകളിലേക്ക് നോക്കി കണ്ണൻ ഇരുന്നു. മുന്നിൽ വിളമ്പിവെച്ച കഞ്ഞിയെടുത്തു മോന്താൻ തുടങ്ങിയപ്പോൾ പുറകിൽ നിന്നും മോളുടെ വിളി വന്നു..

അച്ഛാ…

അമ്മൂട്ടിയ്ക്ക് അച്ഛൻ വാരി തരോ.. കണ്ണുകളിൽ ഇരുട്ട് നിറഞ്ഞ അവൻ ദേഷ്യത്താലെ കുഞ്ഞിന്റെ ഇളം മുഖത്തെ രണ്ടു ഗോളങ്ങളിലേക്ക് തന്നെ തുറിച്ചു നോക്കി കൊണ്ടിരുന്നു. ജനിച്ചനാൾ മുതൽ അവൾ ഈ ലോകം കണ്ടിട്ടില്ല.

അവളുടെ കളിചിരികൾക്കതീതമായി ചലിക്കുന്ന രണ്ട് കണ്ണുകൾ ഉണ്ടെന്ന് മാത്രം. ശേഷം കഞ്ഞിയെടുത്തു ദൂരേക്ക് എറിഞ്ഞു..

“വേണേൽ തന്നെതാൻ എടുത്തു കുടിച്ചു എണിറ്റു പൊക്കോണം അസത്തെ !!! അതും പറഞ്ഞു കൊണ്ടവൻ മുണ്ടും മടക്കി കുത്തി എണിറ്റുപോയി…

വിങ്ങിപൊട്ടുന്ന തന്റെ കുഞ്ഞിനെ ചേർത്തു പിടിച്ചു കൊണ്ട് അവൻ ഇറങ്ങി പോകുന്നതും നോക്കി നിരകണ്ണാളെ അവൾ ഇരുന്നു. അവൾക്കും കരയുവാനേ കഴിഞ്ഞുള്ളൂ.

ഇപ്പോൾ മൂന്നു വർഷങ്ങൾ ആയി കണ്ണൻ ഈ വിധം തന്നെയും മോളെയും അകറ്റി നിർത്താൻ തുടങ്ങിയിട്ട്. എന്തേലും ചോദിച്ചാൽ തന്നെ ദേഷ്യപെട്ടു കൊണ്ട് ഇറങ്ങിപോകും.

എന്തൊക്കെ ആയാലും പകൽ മൊത്തം എവിടെ പോയാലും രാത്രിയാകുമ്പോൾ വന്നു തന്നെയും മോളെയും ചേർത്തു പിടിച്ചു ഉറങ്ങുമെന്ന് അവൾക്ക് അറിയാം…

കടൽക്കരയിൽ അസ്തമയ സൂര്യനെ നോക്കിയിരിക്കുകയായിരുന്നു ഡോ. ഡേവിഡ് കുര്യകോസ്..

അമ്മയും ഭാര്യയും തമ്മിലുള്ള സ്ഥിരം വഴക്കുകൾ കാരണം എല്ലാ ദിവസവും താൻ ജോലി കഴിഞ്ഞു ഏറെ വൈകിയാകും വീട് എത്തുക… ഇടക്ക് നൈറ്റ്‌ ഷിഫ്റ്റ്‌ കൂടെ എടുക്കാറുമുണ്ട്.

അന്നും ഡേവിഡ് തിരിച്ചു വരാത്ത ദിനങ്ങളെ ഓർത്തുകൊണ്ട് സന്ധ്യ സമയവും രാത്രിയും മുഴുവൻ കടലമ്മയുടെ മടിതട്ടിലേയ്ക്ക് ചാഞ്ഞു. എപ്പോഴോ, ഇടയ്ക്ക് കാറിലേക്ക് മാറിയിരുന്ന അദ്ദേഹം പതിയെ ഉറക്കത്തിലേക്ക് മയങ്ങി വീണു.

പിറ്റേന്ന് നേരം വെളുത്തു ആശുപത്രിയിലേക്ക് പോയപ്പോൾ ഇടനാഴിലൂടെ നടന്നു നീങ്ങിയ ഡേവിഡിന്റെ കണ്ണുകൾ വരാന്തയുടെ അറ്റത്തായി തൂണും ചാരി നിൽക്കുന്ന ആ രൂപത്തിലേക്ക് പതിഞ്ഞു..

താൻ എന്താടോ ഇവിടെ തന്നെ നിന്നു കളഞ്ഞേ….

ഹേ ഡോക്ടർ വന്നോ.. ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു നിന്നുപോയി..

അമ്മു മോൾ എന്തു പറയുന്നു..

സുഖമാണ് ഡോക്ടർ…. അവൾ കാഴ്ച്ച കിട്ടുന്നതിന്റെ സന്തോഷത്തിലാണ്..

മ്മ് ഡോ തനിയ്ക്ക് ഒന്നുടെ ആലോചിച്ചു കൂടെ..

ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ തന്റെ അവസാന നാളുകൾ മറിഞ്ഞു കൊണ്ടിരിക്കുവാണ്.

ഇല്ലാ ഡോക്ടർ, ഞാൻ എല്ലാം പലകുറി ആലോചിച്ചു തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞതാണ്. ഇനിയൊരു മാറ്റാമില്ല. എന്നിലൂടെ… എന്റെ മോൾക്ക് കാഴ്ച്ച തിരിച്ചു കിട്ടുമെങ്കിൽ എനിയ്ക്ക് സന്തോഷമേയുള്ളൂ. എനിക്ക് അതുമതി ഡോക്ടർ…

സർജറിയ്ക്ക് തീയതി തീരുമാനിച്ചോളൂ ഡോക്ടർ…

അമ്മേടെ മോൾക്ക് ഈ ഓപ്പറേഷൻ കൂടെ കഴിഞ്ഞാൽ കാഴ്ച്ച കിട്ടുവല്ലോ.. അമ്മേടെ പൊന്ന് ഈയൊരു ഉരുള കൂടെ കഴിച്ചേ… ആതിര സ്നേഹത്താൽ പൊതിഞ്ഞ ചോറുരുളകൾമോൾക്ക് വാരി നൽകി.

അച്ഛൻ വന്നോ അമ്മേ..

ഇല്ലല്ലോ മോളെ… ഇപ്പോൾ വരുട്ടോ…മോൾ മാമം മുഴുവൻ കയ്ക്കണേ..!!

അമ്മുട്ടി കഴിച്ചു കഴിയുമ്പോൾ അച്ഛ വരുട്ടോ..!!

ഓപ്പറേഷൻ തിയതി നാളെയാണ്. രണ്ടു ദിവസം മുന്നേ ആതിരയും മോളും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു…

ഹാ മിടുക്കി കുട്ടി ആണല്ലോ… രാവിലെ മാമം മുഴുവൻ കയിച്ചോ ഡാ… ഡോക്ടർ ഡേവിഡ് ആയിരുന്നു..

മ്മ്.. അമ്മുട്ടിയ്ക്ക് നാളെ കാഴ്ച്ച കിട്ടുമോ.. ഡോക്ടർ അങ്കിൾ..

അയ്യോ നാളെ തന്നെ പറ്റില്ലല്ലോ മോളെ…അതിന് കുറച്ചു ദിവസങ്ങൾ എടുക്കും. കാഴ്ച്ച കിട്ടുമ്പോൾ മോൾക്ക് ആരെയാ ആദ്യം കാണണ്ടേ…

മോളുടെ അച്ഛനെ..

അച്ഛനെ അത്രയും ഇഷ്ടമാണോ..

മ്മ്… മോൾക്ക് അച്ഛന്റെ മുഖം നിറയെ ഉമ്മകൾ വെക്കണം… മോൾക്ക്‌ കണ്ണുകാണാത്ത കൊണ്ടല്ലേ അച്ഛയ്ക്ക് അമ്മു മോളെ ഇഷ്ടം അല്ലാത്തെ..

ഇന്ന് ഒത്തിരി സന്തോഷത്തിലാണ് മോള്. കാഴ്ച്ച കിട്ടുമ്പോൾ ചെയ്യാനുള്ള കാര്യങ്ങൾ അവൾ ഇപ്പോഴേ അവൾ തീരുമാനിച്ചു വെച്ചിട്ടുണ്ട്…..

ആ കുഞ്ഞിന്റെ വാക്കുകൾ ഡേവിഡിന്റെ ഹൃദയം കീറി മുറിച്ചു.. കണ്ണുകൾ നിറഞ്ഞു… അടരാനായി തുളുമ്പി നിന്ന നീർ തിളക്കം അദ്ദേഹം ആരും കാണാതെ മറച്ചു പിടിച്ചു..

മോളുടെ തലമുടിയിൽ തഴുകി… ശേഷം ഡോറിന്റെ അടുത്തേയ്ക്ക് നടന്നു.. ഒരിക്കൽ കൂടെ ആ അമ്മയെയും മകളെയും തിരിഞ്ഞു നോക്കി മുന്നോട്ട് നടന്നു നീങ്ങി അദ്ദേഹം…

യാതൊരു കുഴപ്പവും കൂടാതെ തന്നെ ഓപ്പറേഷൻ ഭംഗിയായി കഴിഞ്ഞു മോളെ റൂമിലേയ്ക്ക് മാറ്റി..

അല്ല, കണ്ണൻ ഇതുവരെ വന്നില്ലേ ആതിരേ…

ഇല്ല ചേച്ചി, എവിടെ പോയോ എന്തോ. കാലത്തു വരാൻ പറഞ്ഞതാണ്. അതെങ്ങനെയാ, ആൾക്ക് എന്തേലും ഒക്കെ ഉത്തരവാദിത്തം ഉണ്ടായിട്ട് വേണ്ടേ… പക്ഷെ ഇന്നെങ്കിലും…. അവളൊന്നു തേങ്ങി കൊണ്ട് പറഞ്ഞു…

ചേച്ചി എന്തായിവിടെ???

നമ്മുടെ നാട്ടിൽ ആരോ ആക്‌സിഡന്റ് ആയിന്നാ കേട്ടത്, ഇവിടെ ഹോസ്പിറ്റലിൽ ഉണ്ട്…

നാട്ടിലെ മെമ്പർ സീനത്ത് ചേച്ചിയായിരുന്നു…

ശരി ആതിരേ… മനപ്പൂർവം ആണെന്നാണ് കേട്ടത്… ഓരോന്ന് കള്ളും കുടിച്ചോണ്ട് വഴി പോലും നോക്കാതെ വണ്ടിയോടിച്ചു കേറ്റികൊളും, പുറകെ നടക്കാൻ ആയിട്ട് ഞങ്ങൾ കുറേ എണ്ണം ഉണ്ടല്ലോ…

അതും പറഞ്ഞു അവർ നടന്നു നീങ്ങി.. മോളെ ഇപ്പോൾ ആർക്കും കാണാൻ കഴിയില്ല..

ആതിരയുടെയും മകളുടെയും കാര്യങ്ങൾ നോക്കാൻ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.. ഡേവിഡ് അവർക്ക് ഒപ്പം തന്നെ എല്ലാ കാര്യത്തിലും ഉണ്ടായിരുന്നു..

പക്ഷെ മോളുടെ ആഗ്രഹം പോലെ കണ്ണുകൾ തുറന്ന്‌ ആദ്യം കണ്ടത് അച്ഛന്റെ മുഖത്തെ ശോഭയിലേക്കായിരുന്നു… അമ്മുട്ടിയുടെ ഇന്ന് തന്റെ ലോകം നോക്കിക്കാണുന്നത് തന്റെ അച്ഛന്റെ കണ്ണുകളിലെ വെളിച്ചത്തിലൂടെയാണ്…

ആതിരയുടെ ബോധം മറഞ്ഞു.. അമ്മു അച്ഛന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി ഇരുന്നു.. അവൾ ഇടയ്ക്ക് ഇടയ്ക്ക് അവന്റെ നെറ്റിയിൽ കുഞ്ഞി ചുണ്ടുകൾ മുട്ടിച്ചു ഉമ്മകൾ നൽകി..

നിർജീവമായി കിടക്കുന്ന അച്ഛനെയാണ് അച്ഛൻ നൽകിയ വെളിച്ചത്തിലൂടെ അവൾ കണ്ടത്..

കണ്ണൻ നേരത്തെ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചപോലെ.. ഓപ്പറേഷന്റെ തലേന്ന് മകളെ കണ്ടു ഇറങ്ങി പിറ്റേന്ന് കാലത്തു ടൗണിൽ കാറും ബൈക്കും കൂട്ടി ഇടിച്ചു ഉണ്ടായ അപകടത്തിൽ കണ്ണൻ മരിച്ചു.. ആതിരയും അമ്മുവും ഒന്നും അറിഞ്ഞില്ല..

മരിച്ച കണ്ണന്റെ കണ്ണുകൾ മണിക്കൂറുകൾക്കുള്ളിൽ അമ്മൂട്ടിയുടെ കണ്ണിൽ വെളിച്ചം പകർന്നു…. ആരും ഒന്നും അറിഞ്ഞില്ല… എല്ലാം അവൻ തീരുമാനിച്ച പോലെ നടന്നു… അവനിലെ സ്വാർത്ഥനായ അച്ഛൻ തന്നെ വിജയിച്ചു…

കണ്ണന്റെ രോഗം ഡേവിഡ് മാത്രം ആയിരുന്നു അറിഞ്ഞത്. തലച്ചോറിൽ ചോദിക്കാതെ കയറി കൂടിയ അതിഥി അവിടെ വളർച്ച തുടങ്ങി..

ഇടയ്ക്ക് ഉണ്ടായ തലകറക്കത്തിലൂടെ ആ സത്യം അറിഞ്ഞപ്പോൾ തന്റെ ആതിരയും മോളും മാത്രമായിരുന്നു അവന്റെ മനസ്സ്‌ നിറയെ.. ഉള്ളത് വിറ്റുപെറക്കിത്തന്നെ ചികിത്സ നടത്തിയാൽ…നാളെ താൻ പോയാൽ പിന്നെ അവർ തനിച്ചാകില്ലേ..

ഇടയ്ക്ക് വേദനകൾ മറക്കാനും എല്ലാവരിൽ നിന്നും സത്യങ്ങൾ മറച്ചു പിടിക്കാനും വേണ്ടി അവൻ സ്വയം കണ്ടു പിടിച്ചതായിരുന്നു മ ദ്യത്തിന്റെ സഹായം..

കണ്ണന്റെ എരിയുന്ന കനലിലേയ്ക്ക് നോക്കി നിന്നു കഴിഞ്ഞു പോയ ഇന്നലകൾ ഓർത്തു ഡേവിഡ്…

അപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ നീർക്കണം നിറഞ്ഞു തുളുമ്പി നിന്നിരുന്നു, അവ കവിൾ തടത്തിലൂടെ ചാലിട്ടോഴുകി ഭൂമിയെ പുൽകി…

ഡോക്ടർ അങ്കിൾ.. ആ വിളിയാണ് ഡേവിഡ് ഓർമകൾക്ക് കടിഞ്ഞാൺ ഇടിച്ചത്…

അമ്മുനെ കൈകളിൽ എടുത്തു കൊണ്ട് ആ കുഞ്ഞി കവിളിൽ മൃദുലമായി ഒരു നനുത്ത മുത്തം നൽകി അയാൾ..

അച്ഛൻ എന്ന മൂന്നക്ഷരത്തിൽ മറഞ്ഞിരിക്കുന്ന സ്നേഹകടൽ പലപ്പോഴും മക്കൾ അറിയുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *