ദാമ്പത്യ ജീവിതത്തിൽ ഇതൊക്കെ സാധാരണയാണ്, എല്ലാം കണ്ടും കേട്ടും അഡ്ജസ്റ്റായി പോകേണ്ടത് ഞാനാണെന്ന് പറഞ്ഞു…

(രചന: ശിവപദ്മ)

” കെട്ടിച്ച് വിട്ടാൽ അവിടെ നിൽക്കണം… കുടുംബജീവിതം ആവുമ്പോൾ അങ്ങനെ പല പല പ്രശ്നങ്ങളും ഉണ്ടാകും, എന്ന് വച്ച് എടുപിടീന്ന് ഓടി ഇങ്ങ് പോരുവല്ല വേണ്ടത്…”  അച്ഛൻ്റെ ഓരോ വാക്കുകളും കേൾക്കേ വീണയുടെ മനസ് അതിയായി വേദനിച്ചു..

” അച്ഛൻ്റെ രാജകുമാരി ആയിരുന്നില്ലേ ഞാൻ, പിന്നെ എന്താ ഇങ്ങനെ…” അവൾ ചിന്തിച്ചു.

” ഇനി ഇപ്പൊ തുടങ്ങും ഓരോരുത്തർ ചോദ്യങ്ങൾ… പുറത്ത് ഇറങ്ങി നടക്കാൻ പറ്റോ… ” അച്ഛന് മകളെ കുറിച്ച് അല്ല ചിന്ത എന്നറിഞ്ഞതും അവൾ കൂടുതൽ വേദനിച്ചു.

” നിങ്ങൾ ഒന്ന് സമാധാനപ്പെടു നാളെ എങ്ങനെയും പറഞ്ഞവിടാം അവളെ…” അമ്മയാണ്… അമ്മയെങ്കിലും കൂടെ ഉണ്ടാവും എന്ന് കരുതി…

” ചാകേണ്ടി വന്നേലും ആ നരകത്തിലേക്ക് ഇനി ഇല്ല… ” കണ്ണുകൾ അമർത്തി തുടച്ച് മനസിലെന്തോ ഉറപ്പിച്ചു…

 

കണ്ണുകൾ പതിയെ ചിമ്മി തുറക്കുമ്പോൾ അവൾ കണ്ടത് മുകളിലെ കറങ്ങുന്ന ഫാനാണ്..

അതിൽ നിന്നും മനസിലായി ആ ശ്രമവും പാഴായി പോയി എന്ന്…

 

” എന്തിനാ മോളേ നീ ഇങ്ങനെ ഒക്കെ ചെയ്യുന്നത്, അച്ഛനേയും അമ്മയേയും കുറിച്ചെങ്കിലും ഒന്ന് ഓർത്തൂടെ…”  അമ്മയാണ്..

” അവൾക്ക് അതൊന്നും അറിയണ്ടല്ലൊ… ഓരോന്ന് അറിഞ്ഞ് ആൾക്കാർ ഓരോന്ന് ചോദിച്ചു വരുന്നുണ്ട്… ഞാൻ അവരോട് ഒക്കെ എന്ത് പറയണം എന്നും കൂടി നീ ഒന്ന് പറഞ്ഞു തരാമോ… ”  അച്ഛനിപ്പോഴും നാട്ടുകാർ എന്ത് പറയും എന്ന ചിന്തയാണ്… ഈ അവസ്ഥയിലും മകളുടെ മനസ്സ് മനസിലാക്കാൻ ഒന്ന് ശ്രമിക്കുന്നില്ലല്ലൊ…

” ഇതൊരു ആശുപത്രിയാണ് ഇവിടെ നിന്ന് ബഹളം വയ്കരുത്… ”  അങ്ങോട്ടേക്ക് വന്ന സിസ്റ്റർ അയാളെ നോക്കി പറഞ്ഞു… അവരെയും അവളെയും മാറി നോക്കി പല്ലിറുമ്മി കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി…

 

” ഹലൊ വീണ… ഇപ്പൊ എങ്ങനെയുണ്ട്… ”  റൗണ്ട്സിന് വന്ന ഡോക്ടർ അവളോട് ചോദിച്ചു.

” മ്.. കുഴപ്പമില്ല ഡോക്ടർ… ” തളർച്ച ബാധിച്ച ശബ്ദത്തിൽ അവൾ പറഞ്ഞു.

” ഇനി ഇങ്ങനെ ഉള്ള അബദ്ധം ഒന്നും കാണിക്കരുത് കേട്ടോ മ്… ആത്മഹത്യ ഒരു പ്രശ്നത്തിൻ്റെയും പരിഹാരമല്ലടൊ…” അവർ അവളെ ആശ്വസിപ്പിച്ചു.   അവളവരെ നിർവികാരതയോടെ നോക്കി കിടന്നു.

കൂടെ നിന്ന് സിസ്റ്റർക്കും അവളുടെ അച്ഛനും അമ്മയ്ക്കും കുറച്ചു നിർദേശങ്ങൾ നൽകി അവർ പുറത്തേക്കു ഇറങ്ങാൻ തുടങ്ങി.

” ഡോക്ടർ… ” അവൾ വിളിച്ചു.

“എന്താ വീണ… ”

” ഡോക്ടർ എനിക്ക്… എനിക്ക് ഒരു സൈക്യാട്രിസ്റ്റിൻ്റെ സഹായം ആവശ്യമാണ്… എന്നെയൊന്നു ഹെൽപ് ചെയ്യാമോ.. ” അവളുടെ മാനസികാവസ്ഥ അവർക്ക് മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.

” സൈക്യാട്രിസ്റ്റിനെ കാണാൻ നിനക്ക് എന്താ ഭ്രാന്താണൊ… ഇനി അതും കൂടി അറിയിക്ക് മറ്റുള്ളവരെ… ” അച്ഛനാണ്..

” ഭ്രാന്തുള്ളവരാണ് സൈക്യാട്രിസ്റ്റിനെ കാണുന്നത് എന്ന് തന്നോടാരാ പറഞ്ഞത്… ” ഡോക്ടർ അയാൾക്ക് നേരെ ചീറി…   അവരുടെ ഭാവത്തിൽ അയാളൽപം ഒന്ന് ഒതുങ്ങി.

” ഇവിടെ തന്നെയുണ്ട് ബെസ്റ്റ് ഡോക്ടറേറ്റ്, ഇപ്പൊ തന്നെ അപ്പോയ്മെന്റ് എടുക്കാം വീണ… ധൈര്യമായിട്ട് ഇരിക്ക്… ” അവളുടെ കവിളിൽ ഒന്ന് തലോടി അയാളെ നോക്കി കൊണ്ട് അവർ പുറത്തേക്കു ഇറങ്ങി.

” ഇരിക്ക് വീണ… ഈശ്വരി ഡോക്ടർ പറഞ്ഞിരുന്നു വീണയുടെ കാര്യം… എല്ലാം പറഞ്ഞോളൂ കേൾക്കാൻ ഞാൻ തയാറാണ്… ” വീണയെക്കാൾ ഒന്നോ രണ്ടോ വയസ് മാത്രം കൂടുതൽ ഉള്ള ഒരു ചെറുപ്പക്കാരൻ ആയിരുന്നു ഡോക്ടർ. അഭിഷേക്…

” എവിടെ നിന്നാണ് പറയേണ്ടത് എന്നറിയില്ല ഡോക്ടർ…  ചെറുപ്പം മുതൽ അനുഭവിക്കുന്നത് ആണ്… അച്ഛന് വലിയ സ്നേഹാണ്… പക്ഷേ എനിക്ക് വേണ്ടിയല്ല അച്ഛൻ ഓരോന്നും ചെയ്ത് തന്നിരുന്നത്… മറ്റുള്ളവരെ കാണിക്കാൻ ആണ്… പഠിത്തം പാതി വഴി നിർത്തി വിവാഹം കഴിപ്പിച്ചതും നാട്ടുകാരുടെ ചോദ്യം ഭയന്നാണ്…  പക്ഷേ അതിൽ തുടങ്ങി എൻ്റെ താളം തെറ്റാൻ…

ആദ്യം ഒക്കെ ഭയങ്കര സ്നേഹമായിരുന്നു, എല്ലാവരുടെയും മുന്നിൽ വളരെ മാന്യൻ.. ആർക്കും ഒരു തെറ്റും കണ്ട് പിടിക്കാൻ കഴിയല്ല അത്ര നല്ല അഭിനേതാവ്… അതു കൊണ്ട് തന്നെ ആണ് ഞാൻ എന്തൊക്കെ പറഞ്ഞിട്ടും അച്ഛനും അമ്മയും എന്നെ വിശ്വസിക്കാത്തത്…” അവൾ കണ്ണ് തുടച്ചു.

” ഹസ്ബൻ്റ് ഉപദ്രവിക്കുമായിരുന്നൊ…” ഡോക്ടർ ചോദിച്ചു.

” മ്… ഒരുപാട്… എന്തിനാണ് എന്ന് അറിയില്ല ഡോക്ടർ… പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ വേണ്ട… ഞാൻ.. ഞാൻ കരയുന്നത് കാണുമ്പോൾ അയാൾക്ക് വല്ലാത്ത ഒരു ലഹരിയായിരുന്നു.   ആള് വലിയ ബുദ്ധിമാനാണ്, പുറമേ ശരീരത്തിൽ പാടുകൾ വീഴാത്ത രീതിയിൽ ആണ് ഉപദ്രവം….”   വേദനിപ്പിക്കുന്ന ഓർമകൾ അവളുടെ കവിളുകൾ നനയിച്ച് കൊണ്ടിരുന്നു…

” അയാളുടെ വീട്ടുകാര്… അവരുടെ സ്റ്റാൻഡ് എന്താ… ”

” അയാളുടെ വീട്ടുകാരല്ലേ ആൾക്ക് ഒപ്പം അല്ലേ നിൽക്കൂ…  ഞങ്ങളുടെ കുഞ്ഞിനെ അയാള് നശിപ്പിച്ചപ്പോഴും അവർ കുറ്റപ്പെടുത്തിയത് എന്നെയാണ്… ”

” കുഞ്ഞ്?…”

 

” ഒരു തവണ പ്രഗ്നൻ്റായതാരുന്നു, പക്ഷേ ഇയാളുടെ ഉപദ്രവവും മാനസിക സമ്മർദ്ദവും എനിക്ക് അതിനെ നഷ്ടമായി.. ”

” വീണയുടെ വീട്ടുകാർക്ക് ഇതറിയില്ലേ…”

” ഇല്ല… അന്ന് എല്ലാം അവസാനിപ്പിച്ച് വരാൻ തുടങ്ങിയത് ആണ് പക്ഷേ… ചെയ്തു പോയതിന് എല്ലാം മാപ്പ് പറഞ്ഞു കരഞ്ഞപ്പോൾ… എല്ലാം ഞാനും ക്ഷമിച്ചു, വീണ്ടും പുതിയ ഒരു ജീവിതം തുടങ്ങി… പക്ഷേ അതിന് നീർകുമിളയുടെ ആയുസേ ഉണ്ടായുള്ളൂ…   തുടർച്ചയായി ഉള്ള ഉപദ്രവം മാനസിക പീഢനം… മുറ്റത്തേക്ക് ഇറങ്ങാൻ പോലും അനുവാദം ഇല്ലായിരുന്നു… പഴയതിലും കൂടുതലായി ഉപദ്രവം… ഒടുവിൽ എല്ലാം വീട്ടിൽ അറിയിച്ചു…ഹ്..ഹ്… പക്ഷേ അവിടുന്ന് കിട്ടിയ മറുപടി ആണ് എന്നെ ഏറെ വേദനിപ്പിച്ചത്…”

” എന്തായിരുന്നു…”

” ദാമ്പത്യ ജീവിതത്തിൽ ഇതൊക്കെ സാധാരണയാണ്, എല്ലാം കണ്ടും കേട്ടും അഡ്ജസ്റ്റായി പോകേണ്ടത് ഞാനാണെന്ന് പറഞ്ഞു… പിന്നെയും എല്ലാം സഹിച്ചു… ഒടുവിൽ… സഹികെട്ട് ഞാൻ ഇറങ്ങി പോന്നു… ഇപ്പൊ അച്ഛനും അമ്മയും എന്നെയൊന്നു കേൾക്കാൻ പോലും കൂട്ടാക്കാതെ കുറ്റപ്പെടുത്തിയപ്പോ ഒറ്റയ്ക്ക് ആയി എന്ന് തോന്നിയപ്പോൾ… ” അവൾ വിങ്ങി പൊട്ടി.

“വീണ… നമ്മൾ എല്ലായിപ്പോഴും ഒറ്റയ്ക്ക് ആണ് എന്നുള്ളത് മനസിൽ ഫിക്സ് ചെയ്തു വയ്ക്കുക… എല്ലാവരും എല്ലായിപ്പോഴും മോട്ടിവേറ്റ് ചെയാൻ ഉണ്ടാവില്ല… നമ്മൾ സ്വയം തോൽക്കില്ല എന്ന് തീരുമാനിച്ചു ജീവിക്കണം… എനിക്ക് അറിയാം പറയുന്നത്ര എളുപ്പം അല്ല കാര്യങ്ങൾ എന്ന് പക്ഷേ… ഇത്രയും സഫർ ചെയ്തില്ലേ… അതൊക്കെ തനിക്ക് മുന്നോട്ട് പോകാൻ ഉള്ള കരുത്ത് ആണ്… തോറ്റു എന്ന് നമ്മൾ സമ്മതിക്കുന്നത് വരെ നമുക്ക് ജയിക്കാൻ ഉള്ള അവസരമാണ് അത് പ്രയൊജനപ്പെടുത്തി എടുക്കേണ്ടത് നമ്മുടെ മിടുക്ക് ആണ്… സ്വന്തം കാലിൽ നിൽക്കാൻ തനിക്ക് ഉള്ള സമയമാണ് ഇനി… തനിക്ക് അതിന് കഴിയും…

” എനിക്ക് മനസിലായി ഡോക്ടർ, പക്ഷേ അച്ഛനും അമ്മയും… ”

” അവരുടെ കാര്യം ഞാൻ നോക്കീകൊള്ളാം… വീണ മെൻ്റലിയീം ഫിസിക്കലിയും ഓകെ ആയാൽ മതി…”

” ഞാൻ ശ്രമിക്കാം ഡോക്ടർ..”

” മ്”

വീണ ഡോക്ടറെ കണ്ട് ഇറങ്ങിയ ശേഷം അവളുടെ അച്ഛനെയും അമ്മയെയും ഡോക്ടർ വിളിപ്പിച്ചു.

“ഇരിക്കൂ… ”

” അവൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ ഡോക്ടർ… ” അച്ഛനാണ്.

” നിങ്ങളുടെ പേര്?.. ”

” രഘുനാഥ്… ”

” വീണയ്ക് പ്രശ്നങ്ങൾ ഉണ്ട് അതിന്റെ കാരണം നിങ്ങളാണ്… ”

” ഞങളൊ…

” അതെ നിങ്ങൾ തന്നെ… മക്കളെ വളർത്തുന്നത് നമുക്ക് വേണ്ടി ആയിരിക്കണം അല്ലാതെ നാട്ടുകാർക്ക് വേണ്ടി ആവരുത്… ”

” ഡോക്ടർ പറയുന്നത്..

” വിശദമായി തന്നെ പറയാം… ”  ഡോക്ടർ വീണ പറഞ്ഞ കാര്യങ്ങൾ, മരുമകൻ്റെ സ്വഭാവം ഉൾപ്പെടെ വിശദമായി പറഞ്ഞു കൊടുത്തു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഇതുവരെ ചെയ്തു കൂട്ടിയതിനെ ഓർത്ത് അയാൾക്ക് കുറ്റബോധം തോന്നി.

” ഡോക്ടറേ… എൻ്റെ മോള്… അവള് ഓരോന്ന് പറഞ്ഞിട്ടും ഞാനത് വിശ്വസിച്ചില്ല… അവൾ വീട്ടിൽ വന്ന് നിന്നാ നാട്ടുകാർ എന്ത് പറയും എന്ന് കരുതി.. ഞാൻ.. ”

” നിങ്ങളുടെ ഈ ചിന്താഗതി ഉള്ളത് കൊണ്ടാണ് അവൾ ഈ അവസ്ഥയിൽ എത്തിയത്… നാട്ടുകാരുടെ വാ മൂടി കെട്ടുക എന്ന് പറയുന്നത് ഒരുകാലത്തും നടക്കാത്ത കാര്യമാണ്… അവരുടെ സൗകര്യത്തിനല്ല നിങ്ങളുടെ മകളുടെ സന്തോഷത്തിന് വേണ്ടിയാണ് നിലകൊള്ളേണ്ടത്… അവൻ്റെ അടുത്ത് നിന്ന് രക്ഷപ്പെട്ടു വരുമ്പോൾ അവളുടെ ആശ്വാസം നിങ്ങളായിരുന്നിരിക്കില്ലേ…
ഏത് പ്രതിസന്ധിയിലും എൻ്റെ അച്ഛനും അമ്മയും എൻ്റെ കൂടെ ഉണ്ടാവും എന്ന് അവൾ വിശ്വസിച്ചിട്ടുണ്ടാവില്ലേ… ആ വിശ്വാസം നഷ്ടമായപ്പോൾ ഇനിയും അവൻ്റേ ഭ്രാന്തിന്  പാത്രമാകേണ്ടി വരും എന്ന് ഉറപ്പായപ്പോൾ ആണ് അവൾ സ്വയം അവസാനിപ്പിക്കാൻ നോക്കിയത്…

നോക്ക് രഘുനാഥ്… പെൺമക്കളെ ഒരു ബാധ്യതയായി കാണുന്നത് കൊണ്ടാ അവരെക്കാൾ പ്രാധാന്യം നിങ്ങൾ നാട്ടുകാർക്ക് കൊടുക്കുന്നത്… അവൾക്ക് ഇനിയും ജീവിതം ഉണ്ട് പക്ഷെ അത് അവൾക്ക് തുണയായി നിങ്ങളും ഉണ്ടാവണം…

” എൻ്റെ മോളെ ഇനി തനിച്ചാക്കില്ല ഞാൻ…”

” രഘുനാഥ്… വീണയെ പോലുള്ള പല പെൺകുട്ടികളും സ്വയം ജീവനൊടുക്കാൻ ശ്രമിക്കുന്നതും ജീവനെടുക്കുന്നതും  അവൾക്ക് ഒരു താങ്ങായി വീട്ടുകാർ പോലും ഇല്ലല്ലോ എന്നൊരു ചിന്ത വരുമ്പോഴാണ്…  ഇനിയെങ്കിലും മകളുടെ കൂടെ നിൽക്കണം…” അവരെ പറഞ്ഞു വിടുമ്പോൾ ഡോക്ടർക്ക് ഉറപ്പായിരുന്നു വീണയുടെ ജീവിതം ഇനി സന്തോഷകരമാകും എന്ന്…

 

” എൻ്റെ മോള് അച്ഛനോടും അമ്മയോടും ക്ഷമിക്കണം… മറ്റുള്ളവർ എന്ത് പറയും എന്ന ചിന്തയിൽ എൻ്റെ കുഞ്ഞിനേ മനസിലാക്കാൻ കഴിഞ്ഞില്ല… ഇനി അച്ഛനും അമ്മയും ഉണ്ട് മോൾക്ക് എന്നും…” അച്ഛൻ്റെ മാറോടു ചേർന്ന് സങ്കടങ്ങൾ പെയ്തിറങ്ങുമ്പോൾ…  അവൾ വീണ്ടും അച്ഛൻ്റെ രാജകുമാരി ആവുകയായിരുന്നു…

 

” ആഹ് മോളേം കൂട്ടി വരും എന്ന് എനിക്ക് അറിയായിരുന്നു…” മരുമകൻ്റെ വീട്ടിൽ വീണയേയും കൂട്ടി വരുമ്പോൾ അവൻ്റെ അമ്മ പുശ്ചത്തോടെ പറഞ്ഞു.

” മഹേഷ് എവിടെ… ”

” ഞാനിവിടെ ഉണ്ട് അച്ഛാ… ” വിനയകുനയനായി അവൻ മുന്നിൽ വന്ന് നിന്നതും വീണ അച്ഛൻ്റെ കൈയിൽ മുറുകെ പിടിച്ചു.

” വെറുതെ ഒരു കാര്യമില്ലാതെ എല്ലാവരെയും വെറുതെ വിഷമിപ്പിച്ചു വീണേ…  നിനക്ക് എന്തിന്റെ കുറവാണ് ഞാൻ വരുത്തിയത്… എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നത്… ” അവൻ അഭിനയിച്ച് തകർക്കുന്നുണ്ട്…

” മോന് എൻ്റെ മോളോട് ഇത്രയും സ്നേഹം ഉണ്ടായിരുന്നത് ഞാനറിഞ്ഞില്ല… അറിയാൻ ഇത്തിരി വൈകി പോയ്.. ” പറയലും അവൻ്റെ കരണം പുകച്ച് ഒന്ന് കൊടുക്കുകയും ഒന്നിച്ച് നടന്നു.

” എടൊ താൻ എൻ്റെ മോനേ… ” മഹേഷിന്റെ അമ്മ അയാൾക്ക് നേരെ ചീറി.

” ദേ മിണ്ടിപ്പോയ ഇത് പോലെ ഒന്നങ്ങ് തരും ഞാൻ… എടാ എല്ലാവരെയും എല്ലാകാലത്തും പറ്റിച്ച് എൻ്റെ കുഞ്ഞിനെ വേദനിപ്പിച്ചു രസിക്കാം എന്ന് കരുതിയോ നീ… വിടില്ലടാ നിന്നേ… എൻ്റെ മോൾ അനുഭവിച്ചു ഓരോന്നിനും അതിൻ്റെ നൂറിരട്ടി ആയി നിനക്ക് ഞാൻ തരും… നിങ്ങളും കാത്തിരുന്നോ…”

” നിങ്ങളെന്ത് ചെയ്യും എന്നാ… എത്ര നാള് നിർത്തും ഇവളെ നിങ്ങളുടെ കൂടെ..ഓ ” മഹേഷിന്റെ അമ്മയാണ്.

” എനിക്ക് ജീവനുള്ള കാലത്തോളം… ഇതുവരെ നിന്റെയൊക്കെ അഭിനയത്തിൽ വീണ് അവളെ ഞാൻ ഒറ്റപ്പെടുത്തി ഇനി അതില്ല… അവളുടെ കൂടെ ഉണ്ടാവും ഞാൻ എല്ലാത്തിനും…”  വീണയെ ചേർത്ത് പിടിച്ചു അയാൾ നടന്നു.
ആ ചേർത്ത് പിടിക്കലിൽ
അതുവരെയില്ലാത്ത ഒരു ധൈര്യം തോന്നി വീണയ്ക്ക്… ഇനിയാണ് താൻ ജീവിക്കാൻ തുടങ്ങുന്നത് എന്ന തീരുമാനം എടുത്തവൾ…