എന്റെ കന്നി പെണ്ണ് കാണലിനു ഇടാൻ ഒരു പുതിയ ഡ്രസ്സ്‌ പോലും ഇല്ലേ, ബഹളം വയ്ക്കാതെ..

എന്റെ പാരിജാതം
(രചന: ശിവാനി കൃഷ്ണ)

ട്രെയ്‌നിങ്ങിനു പോണം ന്ന് പറഞ്ഞപ്പോ അതിനെന്താ നല്ലതല്ലേ ന്ന് പറഞ്ഞ അമ്മയാണ് ഇപ്പോ പോണ്ട ന്ന് ഒറ്റവാക്കിൽ പറഞ്ഞു നിർത്തിയേക്കുന്നെ….

“എന്തുവാമ്മ… ആകെ ഞങ്ങക്ക് നാല് പേർക്കേ സെലെക്ഷൻ കിട്ടിയിട്ടുള്ളു.. നല്ല ചാൻസ് ആണ്.. അമ്മ അല്ലേ ആദ്യം വിടാന്ന് പറഞ്ഞത്… പിന്നെ ഇപ്പോ എന്തുവാ..”

“ഞാൻ അറിഞ്ഞോ നീ കണ്ട ഉഗാണ്ടയിലൊക്കെ ആണ് ട്രെയിനിങ് ന്ന് പറഞ്ഞു പോണേ ന്ന് ”

“പിന്നേ… ബാംഗ്ലൂർ അങ്ങ് ആഫ്രിക്കയിൽ അല്ലേ..”

“ഏത്‌ കാട്ടുമുക്കിലായാലും നീ ഇപ്പോ പോണ്ട.. ഇവിടെ അടുത്ത് വല്ല കമ്പനിയിലും ചെയ്താമതി…”

“ഇതെന്നാ കഷ്ടമാണ്… പെൺകുട്ടികൾക്ക് ഇവിടെ ആവിഷ്കാരസ്വാതന്ത്ര്യം ഇല്ലേ..”

“പെൺകുട്ടികൾക്ക് ഉണ്ട്‌..മൂന്ന് കൊമ്പും രണ്ട് വാലുമുള്ള എന്റെ മോൾക്ക് തൽക്കാലം ഇല്ല..

ഇനി അവിടെ പോയി എന്തേലും പണി ഒപ്പിച്ചിട്ട് ഇടയ്ക്ക് ഇടയ്ക്ക് അങ്ങോട്ട് ഓടി പിടിച്ച് വരാൻ ഞങ്ങക്ക് നേരമില്ല… എനിക്ക് ഇവിടെ വാഴയും കോഴിയുമൊക്കെ ഉള്ളതാ…”

“അമ്മ ഇങ്ങനെ വാഴയേം കൊഴിയേം ഒക്കെ പരുപാലിച്ചിരുന്നോ… എന്റെ പൊന്നുംകൂടം പോലത്തെ ജീവിതമാണ് ഈ കോഴിക്കൂട്ടിൽ പുകഞ്ഞു തീരുന്നത്..”

“ഞാൻ നിന്റെ അച്ഛനോട് ഇടയ്ക്ക് പറയാറുള്ളതാ… ”

“എന്ത്?”

“ആയ കാലത്ത് രണ്ട് വാഴ വെച്ച മതിയാർന്നു ന്ന്…അന്നങ്ങേരു കുടിച്ചിട്ട് വന്നു എന്നേ സ്നേഹിച്ചില്ലാരുന്നെങ്കിൽ നിനക്ക് പകരം പറമ്പ് നിറെ വാഴ നിന്നേനെ…”

“അമ്മാ…..”

“ഹഹ…. പോടീ… പോയി തേങ്ങ തിരുവാൻ നോക്ക്…”

“തേങ്ങ തിരുവി കളയാൻ ഉള്ളതല്ല എന്റെ ജീവിതം.. പറക്കാനുള്ളതാണ്.. എന്റെ അച്ഛാ സമ്മതിക്കും..”

“ഓ…ചെല്ല്..”

“പിന്നെ..”

“എന്താ…”

“നാല് മണി ആകുമ്പോ ഉമ്മറത്തേക്ക് ഒരു പാൽ ടീ…”

“പ്ഫാ…”

ആ സെക്കന്റ്‌ പറന്നു റൂമിൽ എത്തിയ ഞാൻ പോത്ത് പോലെ കിടന്നുറങ്ങി…

കുറച്ച് കഴിഞ്ഞപ്പോ മാതാശ്രീ കുത്തിപ്പൊക്കുകയാണ് ഉണ്ടായത്..

“എന്തമ്മാ…. ഉറങ്ങാനും സമ്മതിക്കില്ല..”

“ഉച്ചക്ക് കിടന്ന് ഉറങ്ങാൻ നിനക്ക് നാണമില്ലേ.. എഴുനേറ്റ്‌ പോയി കുളിച്ചു ഒരുങ് ”

“ഹയ്യ് എവിടെ പോണു… ബീച്ചിലാണോ..”

“എങ്ങും പോണില്ല… നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്…അതിയാൻ ഇപ്പോ വിളിച്ചു പറഞ്ഞതാ…അവർ ഇപ്പോ വരും… വേഗം ചെല്ല്…”

“കാണാൻ വരുന്നെനു കുളിക്കുന്ന എന്തിനാണ്.. ഈ ആവശ്യം ഇല്ലാത്തപ്പോ കുളിക്കാൻ പറയരുത് ന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്…”

“പോയി കുളിക്കാൻ… ആ ചെക്കൻ ഇനി ബോധം കെട്ട് വീണിട്ട് ആളുകളെ കൊണ്ട് പറയിക്കാൻ…”

“ഹും..”

കെട്ടിക്കാൻ വന്നേക്കുന്നു… പുര നിറഞ്ഞു നിക്കുന്നെന്നും വെച്.. അത് ന്നോട് പറഞ്ഞാൽ പോരെ.. പട്ടിണി കിടന്നെങ്കിലും ഞാൻ തടി കുറയ്ക്കില്ലേ… അച്ഛക്ക് നോക്കിക്കോ.. ഇന്ന് വരട്ടെ.. മിണ്ടില്ല ഞാൻ…

എന്തൊക്കെ ആയിരുന്നു… ബാംഗ്ലൂർ… പ്രേമം… അടിച്ചുപൊളി… എന്നിട്ട് ഇപ്പോ ഏതോ മണുകുണാഞ്ചനേം കെട്ടി അവന്റെ പിള്ളേരേം പെറ്റ് അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ ജീവിക്കാനാണല്ലോ എന്റെ വിധി…

കുളിച്ചില്ലങ്കി ഇനി അവർ വന്നിട്ട് പോകുമ്പോ പിടിച്ച് വിഴുങ്ങും ന്ന് അറിയാവുന്നോണ്ട് കുളിച്ചിട്ട് വന്നു… അപ്പോഴേക്കും ഒരു സാരീം പൊക്കിപിടിച്ചു നിൽക്കുന്നു..അമ്മേടെ കല്യാണ സാരി ആണ് പോലും..

“എന്റെ കന്നി പെണ്ണ് കാണലിനു ഇടാൻ ഒരു പുതിയ ഡ്രസ്സ്‌ പോലും ഇല്ലേ..”

“ബഹളം വയ്ക്കാതെ ഉടുത്തിട്ട് വരാൻ നോക്കിയേ നീ …”

“ഹും…”

സാരിയൊക്കെ ചുറ്റി ഒരുങ്ങി കെട്ടി നിന്നു.. ഇനി ഞാനായിട്ട് കുറയ്ക്കുന്നത് എന്തിനാ… അല്ല പിന്നെ…

“അമ്മാ…. അവർ വന്നോ…”എന്നും ചോയ്ച്ചു വാ കീറിക്കൊണ്ട് പുറത്തേക്ക് വന്നതും ഒരു അഞ്ചാറു പേര് ഹാളിൽ ഇരുന്നു എന്നേ തന്നേ നോക്കുന്നു…

ഈൗ… ഒരു ഇളി കൊടുത്തിട്ട് അടുക്കളയിലോട്ട് ഓടി…

“അമ്മാ… അവർ വന്നെങ്കിൽ പറഞ്ഞൂടെ… ബൈ ദുബായ് അതിൽ ഏതാ എന്നേ കെട്ടാൻ പോകുന്ന സേട്ടൻ… തിടുക്കത്തിൽ നന്നായി നോക്കാൻ പറ്റിയില്ല…”

“നീ എന്റെ വയറ്റിൽ തന്നെയാണോ പിറന്നത്..”

“അതെനിക് എങ്ങനെ അറിയാം.. ആണെന്ന് നിങ്ങൾ പറഞ്ഞു.. ഞാൻ വിശ്വസിച്ചു..”

“ഞാൻ ഒന്നും പറഞ്ഞില്ല.. ചായ കൊണ്ട് കൊടുക്ക് അവർക്ക്..”

“ഓക്കേ…”

ട്രേയും പിടിച്ചു ചെന്നപ്പോ ഒരു സോഫയിൽ മൂന്നെണ്ണം നിരന്നിരിപ്പുണ്ട്… ഇതെന്നാ സീതാസ്വയംവരമോ… ഇതിലിപ്പോ ഏതാണാവോ…

നോക്കി നിൽക്കുന്നത് കണ്ടിട്ടാകും ആ ബ്രോക്കർ തെണ്ടി അങ്ങോട്ട് കൊടുക്ക് മോളെ എന്ന് പറഞ്ഞു സൈഡിൽ ചൂണ്ടി കാണിച്ചു…

അവിടെ ഇരിക്കുന്ന മൊതലിനു കൊണ്ട് കൊടുത്തപ്പോ ആ ബ്രോക്കർ വീണ്ടും കിടന്ന് ഇളിക്കുന്നു…

ഇങ്ങേരെ ഞാൻ ഇന്ന് ചാണകം കൊണ്ട് അഭിഷേകം നടത്തും.

“അതല്ലേ കൊച്ചേ..അപ്പ്രത്…”

അടുത്ത സൈഡിൽ കൊണ്ട് ചെന്നപ്പോ അതുമല്ല നടുക്കത്തെയാന്ന്… ഇതവന് നേരെ അങ്ങ് പണഞ്ഞൂടെ…

“എടുത്തോണ്ട് പോടാ നിന്റെ ചായ…”

കുനിയുന്നതിനിടക്ക് പയ്യെ ആണുട്ടോ പറഞ്ഞത്.. ഇല്ലങ്കിൽ ആളുകൾ എന്ത് വിചാരിക്കും..

എല്ലാർക്കും ചായ കൊടുത്തിട്ട് തിരിച്ചു വന്നു നിന്നപ്പോ നടുക്ക് എന്നേ തന്നേ ഞെട്ടി തരിച്ചു നോക്കിയിരിക്കുന്ന അങ്ങേരെ നോക്കി എത്ര സ്നേഹത്തോടെ ആണ് ഞാൻ ചിരിച്ചതെന്ന് അറിയാമോ..

മൂന്നും കൊള്ളാം എങ്കിലും നടുക്കത്തവൻ തന്നെയാ സൂപ്പർ… ജിം ബോഡി ആണെന്ന് കണ്ടാലറിയാം… ആഹ് ന്റെ ഭാഗ്യം…

അവർ ഓരോന്ന് ഒക്കെ പറയുന്നുണ്ടെങ്കിലും ഞാൻ മൂന്നു പേരേം സ്കാൻ ചെയ്തോണ്ട് നിന്നു…

“എന്നാ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ..”

“അയ്യോ.. അതെങ്ങനെ ശരിയാവും.. ഒറ്റയ്ക്ക് സംസാരിക്കണ്ടേ..”

ഏതോ കാലമാടൻ കിളി തലേന്ന് ഇറങ്ങി പോയ സമയം അറിയാതെ പിഞ്ചു ബാലിക ആയ ഞാൻ ചോദിച്ചു പോയി… എല്ലാരും കൂടി ഒറ്റ ചിരിയാരുന്നു…

“ചെല്ല് മോനെ.. മോളോട് സംസാരിച്ചിട്ട് വാ..”

ആഹ് എന്തായാലും നാണംകെട്ടു… ഇനിയിപ്പോ കൊണ്ട് പോയേക്കാം.. നേരെ ടെറസിൽ പോയി..

അങ്ങേര് മാവിലെ മാങ്ങയുടെ എണ്ണം എടുക്കുന്നതല്ലാതെ നാക്ക് പോലും പുറത്തിടുന്നില്ല..

“നിങ്ങടെ പേര് എന്താ..”

“ദേവ്….”

“എന്ത്.. ദേവനോ…”

“ദേവ്…”

“ഓ ദേവ്… ദേവേട്ടാ ന്ന് ഒക്കെ എങ്ങനെയാ വിളിക്കാ.. ഒരു സുഖമില്ല..”

“നല്ലതാണല്ലോ..”

ആഹ് നാവ് പൊങ്ങുന്നുണ്ട്…

“മ്മ്… പിന്നെ..കുറച്ച് കണ്ടിഷൻസ് ഉണ്ട്‌ നിക്ക്..”

“എന്താ…”

“വെച് തരുന്നത് എന്തായാലും ഒരക്ഷരം മിണ്ടാതെ തിന്നോണം.. പിന്നെ കുടിക്കുന്നതൊന്നും കുഴപ്പമില്ല…

പക്ഷേ ഒരു പെഗ് കുടിക്കുമ്പോഴേക്കും പാമ്പാവുമെങ്കിൽ ആ പണിക്ക് പോകരുത്… അത് പോലെ എന്നോട് അത് ചെയ് ഇത് ചെയ് ന്ന് പറയരുത്.. Especially കുളിക്ക് പല്ല് തേയ്ക്ക് എന്നൊന്നും എന്നോട് പറയാൻ വരരുത്…”

“എന്നുവെച്ചാൽ നീ പറയുന്നതും കേട്ട് അടങ്ങി ഒതുങ്ങി നിന്നോണം…”

“ആ അങ്ങനേം പറയാം..”

“ഓഹോ…”

നടന്നു നടന്നു നേരെ നടന്നു
വിറച്ചു ഞാൻ പിറകോട്ടു നടന്നു
ഭിത്തിയിൽ ചെന്നിടിച്ചു നിന്നു… ആര് കെട്ടി ഭിത്തി ഇവിടെ… അയ്യോ അയ്യോ സത്താ മതിയേ…

പാട്ടൊക്കെ കഴിഞ്ഞപ്പോ അങ്ങേര് ഇങ് മുന്നിൽ എത്തിയിരുന്നു…

രണ്ട് സൈഡും കയ്യും കൂടി വെച്ചപ്പോ പ്രിയമാനസത്തിലെ ശിവനെ പോലുണ്ട്…

“എന്താടി നിന്റെ പേര്…”

“പേ.. പേരോ…”

“ആഹ്… What’s your name?”

“പാരി…”

“ഏഹ്…”

“പാരി… ജാത…”

“ഓഹ്… പാരിജാതം.. അല്ല പാരിജാതയുടെ കണ്ടിഷൻസ് എന്തൊക്കെയാ… ഒന്നൂടി പറഞ്ഞേ…”

“അത്.. അയ്യേ അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. ഈ ദേവേട്ടന്റെ ഒരു കാര്യം..”

“അച്ചോടാ.. ഏട്ടന്റെ മോൾ ചുമ്മാ പറഞ്ഞതാണോ..”

“മ്മ്…”

“നിനക്ക് ഒരു കൊമ്പുണ്ട് ന്ന് എനിക്ക് നേരത്തെ അറിയാരുന്നു… കേട്ടോടി… അതറിഞ്ഞിട്ട് തന്നെയാ ട്രെയ്‌നിങ്ങിനു നിന്നെ ഞാൻ സെലക്ട്‌ ചെയ്തതും ഇപ്പൊ ദേ ഇവിടെ നിക്കുന്നതും ”

“ഏഹ്…”

“ഹഹ…പിന്നെ നീ എന്നാ കരുതി… നിനക്ക് മാർക്ക്‌ ഒക്കെ ഉണ്ടെങ്കിലും സെലക്ട്‌ ചെയ്യാൻ തക്കതൊന്നുമില്ല.. പിന്നെ കെട്ടിന് മുൻപ് പെണ്ണുമ്പിള്ളയെ കുറച്ച് നാൾ കാണാല്ലോ ന്ന് ഓർത്തിട്ടാ..”

“നിങ്ങടെ പേരെന്താ..”

“ദ്രുവ്… ദ്രുവ് ദേവ്..”

സിവനെ….

“ഓഹ്.. അപ്പോ യോഗ്യത ഇല്ലാതെ കിട്ടുന്നൊരു ജോലി എനിക്ക് വേണ്ട.. ചേട്ടൻ പോയാട്ടെ…”

“ഏട്ടൻ ചുമ്മാ പറഞ്ഞതല്ലേ വാവേ… ഇനി നിന്നേം കൊണ്ടേ ഞാൻ പോണുള്ളൂ..”

“എനിക്ക് വരാൻ താല്പര്യം ഇല്ലെങ്കിലോ…”

“തൂക്കി എടുത്തോണ്ട് പോകാൻ ഈ ദേവനറിയാം..”

“ഓഹ് ഇപ്പോ പൊങ്ങും…വെറുതെ ഇരുന്നു തിന്നിട്ട് ഉണ്ടായ തടി ആണിത്… അങ്ങനെ ഒന്നും പൊങ്ങില്ല..”

“ആഹാ അതൊന്നു കാണണമല്ലോ “എന്ന് പറഞ്ഞെങ്ങേരെന്നെ പൊക്കി എടുത്തു കറക്കി….

“അയ്യോ… ഇറക്ക്… ഇറക്ക് ”

ഒരു അഞ്ചു മിനിറ്റ് കറക്കിയിട്ട് ഇറക്കിയപ്പോഴേക്കും എന്റെ തലച്ചോറ് അവിയാലായി…

“കൊല്ലുവോ നിങ്ങൾ…”

“ഹഹ നിനക്ക് അല്ലാരുന്നോ ഡൌട്ട്..”

“അഹ് അത് പോട്ടെ… എന്നേ എങ്ങനെ അറിയാം..”

“ബ്രോക്കർ വഴി..”

“വെറുതെ കള്ളം പറഞ്ഞു ബുദ്ധിമുട്ടണ്ട.. സത്യം പറ..”

“ഈൗ….. എല്ലാർക്കും മുന്നിൽ നിന്ന് ഡാൻസ് കളിക്കുമ്പോൾ ഓർക്കണമായിരുന്നു.. ആ ആൾക്കൂട്ടത്തിനിടയ്ക്ക് പ്രണയിക്കാൻ മുട്ടി നിൽക്കുന്ന ഹൃദയങ്ങൾ ഉണ്ടാകുമെന്ന്..”

“ഓഹോ.. അങ്ങനെയാണോ..”

“അതേ അതേ..”

അപ്പോഴേക്കും പുറത്തു ന്ന് കൊട്ട് വന്നു…

“ഇനി നിന്നാൽ അവർ ന്ത്‌ കരുതും… ഏട്ടന്റെ മോൾ വേഗം ബാഗ് ഒക്കെ പാക്ക് ചെയ്… നാളെ അല്ലേ ജോയിൻ ചെയ്യേണ്ടത്… ഒരുമിച്ചു പോവാം…”

“ഏഹ്… നിങ്ങടെ കൂടയോ..”

“പിന്നല്ലാതെ…അച്ഛനും വരുന്നുണ്ട്…”

“ആഹ് എന്നാ വരാം… ദ്രുവ്.. ഏട്ടാ… ട്ടാ… ട്ടാ… ”

“ശരി എന്റെ പാരിജാതമേ…”

അങ്ങേരെ പുറത്തിറക്കി വിടുന്നതിനിടയിൽ മുതുകിനിട്ടൊരു ചവിട്ട് കൊടുത്തു..

ഇപ്പോഴേ നിലയ്ക്ക് നിർത്തിയില്ലങ്കിൽ ഇങ്ങേര് എന്റെ തലയിൽ കേറി ഇറങ്ങും… ഈ പാരിയുടെ കളി ദേവൻ കാണാൻ കിടക്കുന്നതെ ഉള്ളു…

Leave a Reply

Your email address will not be published. Required fields are marked *