അശോകന്റെ തെറ്റ്
(രചന: Nisha L)
“ദേ ഡാ ആരാ ആ വരുന്നതെന്ന് കണ്ടോ.. “??
“എവിടെ… “??
“പിറകിലേക്ക് നോക്കെടാ.. ”
“ആഹാ.. ക്ഷണിച്ചു വരുത്തി ഇലയിട്ടിട്ട് ചോറില്ല എന്ന് പറഞ്ഞ അശോകേട്ടനല്ലേ അത്… ”
“ആ അയാൾക്ക് ഭാര്യയെ പേടിയല്ലേ..
എല്ലാ ഉത്തരവാദിത്തവും ഭാര്യയെയും ഭാര്യവീട്ടുകാരേയും ഏല്പിച്ചിട്ട് കൈയും കെട്ടി ഇരുന്നാൽ ഇങ്ങനെ ഒക്കെ നടക്കും… ”
“അല്ലെങ്കിലും പെണ്ണുങ്ങൾ ഭരിക്കുന്ന വീട്ടിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി…. ”
ആ രണ്ടു ചെറുപ്പക്കാർ അവരുടെ മനസ് നിറയുവോളം കുറ്റം പറഞ്ഞു. അപ്പോഴേക്കും അശോകൻ നടന്ന് അവരുടെ അടുത്ത് എത്തിയിരുന്നു.
“അല്ലാ.. ആരിത്.. അശോകേട്ടനോ… “??
അശോകൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
“കല്യാണത്തിന്റെ ക്ഷീണമൊക്കെ മാറിയോ അശോകേട്ട.. ”
ഒരുവൻ അർത്ഥം വച്ചു ചോദിച്ചു.
അത് കേട്ട് അശോകൻ ഒരു പതർച്ചയോടെ തല താഴ്ത്തി.
“ശേഖരേട്ടന്റെ പറമ്പിൽ ഇത്തിരി പണിയുണ്ട്… ഞാൻ പോട്ടെ.. ”
പറഞ്ഞു കൊണ്ട് അയാൾ ധൃതിയിൽ മുന്നോട്ട് നടന്നു.
പിറകിൽ ആ ചെറുപ്പക്കാരുടെ കളിയാക്കി ചിരി കേട്ട് അയാൾ തല കുമ്പിട്ടു കൊണ്ട് തന്നെ കാലുകൾ വലിച്ചു വച്ച് നടന്നു.
ഒരാഴ്ച മുൻപ് നടന്ന മൂത്ത മകളുടെ കല്യാണദിവസം അയാളുടെ ഓർമയിലേക്കെത്തി…
രണ്ടു പെൺകുട്ടികളാണ് അശോകന്.
മൂത്തവൾക്ക് ഇരുപത്തിഒൻപത് വയസായി.
കുറച്ചു പേരുദോഷം കേൾപ്പിച്ച കുട്ടിയാണ് അവൾ. അതു കൊണ്ട് തന്നെ വിവാഹ ആലോചനകൾ പലതും വന്നെങ്കിലും ഒക്കെ ആ പേരിൽ മുടങ്ങി കൊണ്ടിരുന്നു.
അവൾക്ക് ഒരു പയ്യനെ ഇഷ്ടമായിരുന്നു. വീട്ടിൽ ആരുമില്ലാത്ത ഒരു ദിവസം അവൾ അവനെ വീട്ടിലേക്ക് ക്ഷണിച്ചു. നാട്ടുകാരിൽ ആരൊക്കെയോ അത് കണ്ടു. വീടിനു ചുറ്റും ആള് കൂടി.
“പെണ്ണ് മിടുക്കിയാണല്ലോ… ”
“വീട്ടിൽ ആരുമില്ലാത്ത നേരത്ത് ഒരുത്തനെ വിളിച്ചു കയറ്റാനുള്ള ധൈര്യം അപാരം തന്നെ.. ”
നാട്ടുകാർക്ക് ആഘോഷിക്കാൻ ഒരു കാരണം കിട്ടിയ സന്തോഷത്തിൽ അവർ പൊടിപ്പും തൊങ്ങലും വച്ച് പല പല കഥകൾ ഇറക്കി.
അന്ന് താൻ മകളെ ഒരുപാട് തല്ലി. പട്ടിണിക്കിട്ടു.
പിന്നീട് ഭാര്യ സുമതി മകളെ അവളുടെ ബന്ധു വീട്ടിൽ എത്തിച്ചു. പിന്നെ കുറെ നാൾ അവിടെയായിരുന്നു.
നാട്ടുകാർ പുതിയ കഥ കിട്ടിയപ്പോൾ ഇതു മറന്ന് അതിന് പിറകെ പോയി.. അപ്പോഴാണ് മകളെ തിരികെ വീട്ടിലേക്ക് കൊണ്ടു വന്നത്.
ഇതിനിടയിൽ നടന്നു ശേഖരേട്ടന്റെ വീട് എത്തിയത് അറിഞ്ഞതേയില്ല..
“ആ.. അശോകൻ എത്തിയോ… പിന്നാമ്പുറത്തെ ചായ്‌പ്പിൽ കാച്ചിലും ചേനയും ഉണ്ട്. അത് പൂള് വെട്ടി ചാരം തേച്ച് വെക്കൂ… എന്നിട്ട് പറമ്പിലേക്ക് ഇറങ്ങാം..”
“ശരി ശേഖരേട്ടാ…”
പറഞ്ഞുകൊണ്ട് അശോകൻ ചായ്പിലേക്ക് നടന്നു..
പൂള് വെട്ടുന്നതിനിടയിൽ അശോകന്റെ ഓർമ്മ മകളുടെ കല്യാണ ദിവസത്തിലേക്ക് വീണ്ടും ഓടിയെത്തി..
നാട് അടക്കം എല്ലാവരെയും വിളിച്ച് കല്യാണം നടത്തണമെന്ന് നിർബന്ധം സുമതിക്ക് ആയിരുന്നു. മകളെ കുറിച്ച് വേണ്ടാതീനം പറഞ്ഞ നാട്ടുകാരെ ഒന്നടങ്കം വിളിക്കണമെന്ന വാശി.
എല്ലാവരുടെയും മുന്നിലൂടെ മകൾ യോഗ്യനായ ഒരുത്തന്റെ കൈ പിടിച്ചു പോകുന്നത് നാട്ടിലുള്ളവർ കാണണം എന്ന നിർബന്ധബുദ്ധി…
അങ്ങനെ ആയിരത്തി അഞ്ഞൂറ് കല്യാണക്കുറി അടിച്ചു നാടുമുഴുവൻ കല്യാണം ക്ഷണിച്ചു.
ആദ്യ രണ്ടു പന്തി ഊണ് കഴിഞ്ഞപ്പോൾ തന്നെ ചോറിന് ക്ഷാമം ഉണ്ടാകും എന്ന് പാചകക്കാർ പറഞ്ഞു. അവധി ദിവസമാണ്. ഇനിയും ഉണ്ണാൻ ഒരുപാട് ആളുണ്ട്. കുറച്ച് അരി കൂടി ഇടേണ്ടി വരും. പാചകക്കാരൻ നാരായണേട്ടൻ പറഞ്ഞു.
അതു കേട്ട് വെപ്രാളത്തിൽ താൻ അപ്പോൾ തന്നെ സുമതിയോട് പറഞ്ഞതാണ്..
“സുമതി ചോറ് കഴിയാറായി ഒരു ചാക്ക് അരിയും കൂടി ഇടണം ഇല്ലെങ്കിൽ തികയില്ല..”
പക്ഷേ സുമതിക്ക് അത് കേട്ടിട്ട് ഒരു ഭാവമാറ്റവും ഇല്ലായിരുന്നു. അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“നിങ്ങൾ അവിടെ എങ്ങാനുംപോയി അടങ്ങിയിരിക്കു മനുഷ്യാ… ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കാൻ ഇവിടെ എന്റെ വീട്ടുകാർ ഉണ്ട്….ഒക്കെ ഭംഗിയായി അവർ ചെയ്തോളും… നിങ്ങൾ അതിനെ കുറിച്ച് ആലോചിക്കേണ്ട..”
ഇതു കേട്ടപ്പോൾ താൻ വിചാരിച്ചു അവർ അരി ഇടുമെന്ന്…
പക്ഷേ.. ക്ഷണിച്ചുവരുത്തിയ നാട്ടുകാർ ഇലയുടെ മുന്നിൽ കാത്തിരുന്നു മുഷിഞ്ഞു എഴുന്നേറ്റ് പോയപ്പോഴാണ് എല്ലാം കൈവിട്ടു പോയെന്ന് തനിക്ക് മനസ്സിലായത്.
പിന്നെ ഒരു ഓട്ടോ വിളിച്ച് ഏതൊക്കെയോ ഹോട്ടലിൽനിന്ന് കിട്ടാവുന്നത്ര ഊണു വാങ്ങി..
അതുമായി വന്നപ്പോഴാണ് നിറകണ്ണുകളുമായി യാത്രപറഞ്ഞ് ഇറങ്ങാൻ കാത്തുനിൽക്കുന്ന മകളെ കണ്ടത്..
“മക്കളെ ഊണ് കഴിച്ചിട്ടു പോകാം… ”
“വേണ്ടച്ചാ… ഇറങ്ങാനുള്ള മുഹൂർത്തമായി…. ” മരുമകൻ പറഞ്ഞു..
“പാവം കുട്ടി.. സ്വന്തം കല്യാണത്തിന് ഒരില ഊണ് കഴിക്കാൻ യോഗമില്ലാതായി അതിന്.. ”
“അതേ.. ചെക്കന്റെ വീട്ടുകാർക്കും ഊണ് കിട്ടിയില്ല… ”
“ഇനി എന്നും ഇതൊരു തീരാ ദുഃഖമാകും ആ കുട്ടിക്ക്… ”
“ആ കുട്ടികൾക്കെങ്കിലും ഇത്തിരി ചോറ് മാറ്റി വച്ചു കൂടായിരുന്നോ ഇവറ്റകൾക്ക്..”
“പാവം ഇലയുടെ മുന്നിൽ അരമണിക്കൂറെങ്കിലും കാത്തിരുന്നു കാണും ആ കുട്ടികൾ.. ”
“പാവം എന്നിട്ട് അവിടുന്ന് കണ്ണീർ പൊഴിച്ചു കൊണ്ടാണ് ആ പെൺകുട്ടി ഇറങ്ങി പോയത്… ”
“ശരിയാ… നമുക്ക് ഊണ് കിട്ടാഞ്ഞത് പോട്ടെന്ന് വയ്ക്കാം.. പക്ഷെ… ആ കൊച്ചുങ്ങൾക്ക്.. ”
“എല്ലാം നല്ല രീതിയിൽ നടന്നതായിരുന്നു.. ഇരുപത്തി അഞ്ചു പവൻ സ്വർണം,, ചെക്കന് സമ്മാനമായി ബൈക്ക് ഒക്കെ കൊടുത്തു… എന്നിട്ടാ ഈ എച്ചിത്തരം കാട്ടിയത്… ”
നാട്ടുകാരുടെ പിറു പിറുക്കലുകൾ അശോകന്റെ ചെവിയിൽ വീണു.
ശരിയാണ് അവർ പറയുന്നതൊക്കെ ശരിയാണ്. കടം വാങ്ങിയും പലിശക്കെടുത്തും സ്വർണവും കല്യാണചിലവും ഒക്കെ നടത്തി വളരെ ഭംഗിയായി തന്നെയാണ് എല്ലാം ചെയ്തത്..
എന്നിട്ടിപ്പോ അവസാനം കൊണ്ട് കലമുടച്ചത് പോലെയായി…
അന്ന് മുതൽ ആരുടെയും മുഖത്തേക്ക് തല ഉയർത്തി നോക്കാൻ ധൈര്യമില്ലാതായി..
എന്റെ തെറ്റാണ്. എന്റെ മകളുടെ വിവാഹം മറ്റാരെയെങ്കിലും ഏൽപ്പിച്ചു കൈയും കെട്ടി ഇരിക്കാൻ പാടില്ലായിരുന്നു.
ഭാര്യയും ഭാര്യവീട്ടുകാരും എല്ലാം നോക്കി കണ്ടു ചെയ്യുമെന്ന് വിചാരിച്ചു സമാധാനത്തോടെ ഇരിക്കരുതായിരുന്നു. താൻ തന്നെ മുന്നിൽ നിന്ന് നടത്തി കൊടുക്കേണ്ട ചടങ്ങായിരുന്നു…
എല്ലാം എന്റെ പിടിപ്പുകേട് … അവനവൻ ചെയ്യേണ്ട ജോലി അവനവൻ തന്നെ ചെയ്യണമായിരുന്നു. അവനവനോളം ഭംഗിയായി മറ്റൊരാൾക്കും ചെയ്യാൻ ആവില്ല എന്ന് ഓർക്കണമായിരുന്നു.
തോറ്റു പോയൊരു അച്ഛനാണ് ഞാൻ. തോറ്റു പോയൊരച്ഛൻ….
അയാളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി അടർന്നു താഴേക്കു വീണു.
പൂള് വെട്ടിയ അവസാന കഷ്ണത്തിലും ചാരം പൊത്തി തൂമ്പയുമെടുത്തു അശോകൻ പറമ്പിലേക്കിറങ്ങി മണ്ണിൽ ആഞ്ഞാഞ്ഞു വെട്ടി..
അപ്പോൾ അയാളുടെ മനസ്സിൽ കടം വാങ്ങിയ തുകകൾ തിരിച്ചടയ്ക്കുന്നതിനെ കുറിച്ചും ഇളയ മകളുടെ വിവാഹം പിഴവുകളില്ലാതെ നടത്തുന്നതിനെ കുറിച്ചുമുള്ള ചിന്തകളായിരുന്നു….