(രചന: ശിഖ)
ആര്യയ്ക്കിത് ഒൻപതാം മാസമാണ്. കല്യാണം കഴിഞ്ഞു അഞ്ചുവർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ്. രണ്ട് പേർക്കും പ്രത്യേകിച്ച് കുഴപ്പങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും ആര്യയ്ക്കും ശ്രീഹരിക്കും ദൈവം ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിച്ചിരുന്നില്ല.
ആ അഞ്ചുവർഷക്കാലവും അമ്മായി അമ്മയുടെ വായിലിരിക്കുന്ന കുത്തുവാക്കുകൾ മുഴുവനും അവൾ കേട്ടതാണ്. പ്രണയ വിവാഹമായിരുന്നത് കൊണ്ട് ആര്യയുടെ വീട്ടുകാർ അവളോട് പിണക്കത്തിലായിരുന്നു.
മകൾ ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷം ആര്യയുടെ അമ്മ സുലോചന അവളെ ഇപ്പൊ എന്നും വിളിച്ചു സുഖ വിവരങ്ങൾ അന്വേഷിച്ചു തുടങ്ങിയിരുന്നു. പക്ഷേ അച്ഛനും ആങ്ങളമാരുമൊക്കെ അവളോട് ഉടക്കിൽ തന്നെയാണ്.
ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ മുതൽ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള അമ്മായി അമ്മയുടെ സ്നേഹ പ്രകടനങ്ങളൊക്കെ ആര്യയെ ശ്വാസം മുട്ടിച്ചു തുടങ്ങി.
അതുവരെയുള്ള അവരുടെ വെറുപ്പ് നിറഞ്ഞ പെരുമാറ്റം അവളുടെ മനസ്സിൽ നിന്ന് പോയിട്ടില്ലായിരുന്നു. പിന്നെ ആർക്ക് വേണ്ടിയാണ് ഈ സ്നേഹ പ്രകടനങ്ങൾ, ആരെ കാണിക്കാനാണ്. ശ്രീഹരി മാത്രം അന്നും ഇന്നും അവളെ സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ ഉണ്ടായിരുന്നുതാണ് അവളുടെ ഏക ആശ്വാസം.
വീട്ടുകാർ പ്രണയത്തെ എതിർത്തപ്പോൾ അഞ്ചുവർഷം മുൻപാണ് ആര്യ ശ്രീഹരിയോടൊപ്പം ഒളിച്ചോടി അവിടേക്ക് വന്നത്. അന്ന് മുതൽ ആര്യയുടെ വീട്ടുകാർ അവളെ തിരിഞ്ഞുനോക്കിയിട്ടില്ല.
ഒരു സ്വകാര്യ സ്ഥാപനത്തിൽ മാനേജറാണ് ശ്രീഹരി. ശ്രീഹരിക്ക് മൂത്തതായി ഒരു ചേട്ടനും ചേച്ചിയുമുണ്ട്. അവർ വിവാഹം കഴിഞ്ഞു സെപ്പറേറ്റ് ആണ് താമസം. ശ്രീഹരിയുടെ അച്ഛൻ പ്രവാസിയാണ്.
“എടാ മോനേ… നീയിങ്ങനെ ഇരുപത്തി നാല് മണിക്കൂറും അവളേം കെട്ടിപ്പിടിച്ചിരിക്കാതെ പണിക്ക് പോവാൻ നോക്കെടാ. ലോകത്ത് ആദ്യമായിട്ട് പ്രസവിക്കുന്നത് നിന്റെ ഭാര്യ മാത്രമല്ല. ഞാനും മൂന്ന് പെറ്റതാ. അപ്പോഴൊന്നും നിന്റെ അച്ഛനിങ്ങനെ എന്റെ അടുത്ത് അട്ടിപ്പേറി കിടന്നിട്ടില്ല.” ശാരദ മകൻ ശ്രീഹരിയോട് പറഞ്ഞു.
അമ്മായി അമ്മയുടെ വർത്തമാനം കേട്ടപ്പോൾ ആര്യയ്ക്ക് നല്ല ദേഷ്യം വന്നു.
“എല്ലാരും പ്രസവിച്ചിട്ടുണ്ടാകും. പക്ഷേ എന്റെ ഭാര്യ ഗർഭിണി ആകുന്നതും പ്രസവിക്കാൻ പോകുന്നതും ആദ്യമായിട്ടാണ്. പോരാത്തതിന് ഇതിപ്പോ ഒൻപതാം മാസമാണ്, ഇവളെ നന്നായി ശ്രദ്ധിക്കണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.”
“ഇവളെ നോക്കാൻ ഞാനില്ലേ ഇവിടെ. എന്തായാലും പ്രസവത്തിനുള്ള ചിലവൊന്നും ഇവള്ടെ തന്ത കൊണ്ട് തരാൻ പോണില്ല. നിന്റെ അച്ഛനും അഞ്ചുപൈസ തരില്ല. നീ തന്നെ എല്ലാം നോക്കണ്ടേ. നീ നിന്ന് കറങ്ങാതെ ജോലിക്ക് പോവാൻ നോക്ക് ചെക്കാ. അവൾക്ക് തല്ക്കാലം കുഴപ്പമൊന്നുമില്ലല്ലോ.
എന്റെ മോളേ ശ്രീതുവിനെ പോലെ തന്നാ എനിക്ക് ഇവളും. അവള് പ്രസവിച്ചു കിടന്നപ്പോഴും നോക്കിയത് ഞാനല്ലേ. ഇവള്ടെ കാര്യോം ഞാൻ തന്നെ നോക്കിക്കോളാം. ഇപ്പഴേ ലീവ് എടുത്തിട്ട് നീ വെറുതെ ശമ്പളമൊന്നും കളയാൻ നിക്കണ്ടാ. ഗവണ്മെന്റ് ഉദ്യോഗം ഒന്നുമല്ലല്ലോ.”
“എന്നാലും അമ്മേ… അവൾക്ക് വയ്യാതിരിക്കുമ്പോ ഞാനെങ്ങനെ ഓഫീസിൽ പോയി സമാധാനത്തോടെ ഇരിക്കും.” ശ്രീഹരി പ്രതിരോധത്തിലായി.
“നിനക്കെന്താടി കൊച്ചേ കുഴപ്പം. വയ്യായ്ക വല്ലോം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാ പോരെ. വെറുതെ ഇവനെ ജോലിക്ക് വിടാതെ പിടിച്ചു അടുത്ത് കിടത്തണോ.”
“എനിക്ക് കാലിനൊക്കെ നീരായിട്ട് നല്ല വേദനയാ അമ്മേ. നാടുവിനും ഭയങ്കര വേദനയാ. ഏട്ടനുണ്ടെങ്കിൽ എനിക്ക് നടുവും കാലുമൊക്കെ തിരുമി തരും. അമ്മയോടെങ്ങനെയാ ഞാനെന്റെ കാലും നടുവുമൊക്കെ തിരുമാൻ പറയുന്നത്.” വല്ലായ്മയോടെ ആര്യ അവരെ നോക്കി.
“പേറടുക്കാറാകുമ്പോ ഇങ്ങനെയൊക്കെ കാണും. പെണ്ണുങ്ങളായാൽ ഇതൊക്കെ കുറച്ചു സഹിക്കണം. നീ നോക്കി നിക്കാതെ ജോലിക്ക് പോ ചെക്കാ. അവൾക്ക് ഞാൻ തിരുമി കൊടുത്തോളാം.” ശാരദ മകനെ ഓഫീസിൽ പറഞ്ഞു വിട്ടു.
മനസ്സില്ലാ മനസ്സോടെയാണ് ശ്രീഹരി ജോലിക്ക് പോയത്. ശാരദ ആര്യയ്ക്ക് വേണ്ടി എല്ലാം ചെയ്ത് കൊടുക്കുമെങ്കിലും അവളുടെ വീട്ടുകാർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പറഞ്ഞു നൂറുകുറ്റം പറയും.
അത് കേൾക്കാൻ മടിച്ചിട്ട് അവൾ അവരോട് ഒന്നും പറയാനും മിനക്കെടില്ല.
ശ്രീഹരിയോട് മാത്രമാണ് ആര്യ അവളുടെ വയ്യായ്കകൾ തുറന്ന് പറയുന്നത്. ഒൻപതാം മാസം തുടങ്ങിയപ്പോൾ മുതൽ അവൾക്ക് അസ്വസ്ഥതകൾ ഏറെയാണ്. അതിന്റെ കൂടെ അമ്മായി അമ്മയുടെ സ്നേഹത്തിൽ ചാലിച്ചുള്ള ചൊറിഞ്ഞ സംസാരം നല്ല അരോചകമാണ്.
“സ്വന്തം മോള് പെറാനായിട്ടും നിന്റെ അമ്മയ്ക്ക് ഒന്ന് ഇവിടെ വരെ വന്ന് നോക്കാൻ പോലും തോന്നിയില്ലല്ലോടി മോളെ.” ആര്യയുടെ അരികിലേക്കിരുന്ന് അവരത് പറഞ്ഞു.
“അമ്മ എന്നും വിളിച്ചു എന്റെ കാര്യങ്ങളൊക്കെ തിരക്കാറുണ്ട്. പിന്നെ ഇവിടെ വന്ന് നിന്ന് എന്നെ നോക്കുന്നതും എന്നെ അങ്ങോട്ട് കൊണ്ട് പോകുന്നതും അച്ഛനും ആങ്ങളമാർക്കും ഇഷ്ടമില്ലാത്തത് കൊണ്ടല്ലേ വരാത്തത്.
പക്ഷേ പ്രസവം കഴിഞ്ഞാൽ എന്നെ അങ്ങോട്ട് കൊണ്ട് പോകുമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. കുഞ്ഞിനെ കാണുമ്പോൾ അവരുടെയൊക്കെ ദേഷ്യോം മാറും. അല്ലെങ്കിലും ഞാനവരോട് ചെയ്തത് തെറ്റല്ലേ. അതിന്റെ വിഷമം ദേഷ്യമായി മാറി, അത്രന്നെ.”
“അയ്യടി… ഇത്രയും നാൾ നിന്നെ നോക്കാൻ അറിയാമെങ്കിൽ പേറ് കഴിഞ്ഞും നിന്നെ ഇവിടെ കൊണ്ട് വന്ന് ഞാൻ തന്നെ നോക്കും. അതിന് നിന്റെ വീട്ടുകാരെ സഹായമൊന്നും വേണ്ട.”
“അമ്മ നോക്കിയ വിശേഷമൊന്നും പറയാതിരിക്കുന്നതാ ഭേദം. ഗർഭിണി ആകുന്നതിനുമുൻപ് വരെ എന്നെ മച്ചിയെന്ന് വിളിച്ചു ആക്ഷേപിച്ചതിന് കണക്കില്ലല്ലോ.
ഇപ്പൊ എവിടുന്ന് വരുന്നു ഈ സ്നേഹമൊക്കെ? കുറേ നാളായി ഞാൻ ചോദിക്കണമെന്ന് വിചാരിക്കുവായിരുന്നു. എനിക്ക് വേണ്ടി എന്ത് ചെയ്യുമ്പോഴും എന്റെ അമ്മയെയും അച്ഛനെയും ഒരു നൂറു കുറ്റം പറയില്ലേ. അല്ലേലും ഗർഭിണിയായിട്ടും അമ്മയോട് ഞാൻ ഒന്നും പറഞ്ഞു ബുദ്ധിമുട്ടിക്കാൻ വന്നിട്ടില്ലല്ലോ.
എന്റെ ബുദ്ധിമുട്ട് ഒക്കെ ഞാൻ ഹരിയേട്ടനോടല്ലേ പറയുന്നത്. അതൊക്കെ ഏറ്റുപിടിച്ചു സ്വയം ചെയ്യുന്നത് അമ്മയാണ്. ഗർഭിണി ആയ ശേഷം ജോലി ഒന്നും ചെയ്യിപ്പിക്കാത്തത് ഡോക്ടർ റസ്റ്റ് പറഞ്ഞോണ്ടല്ലേ. എന്നിട്ട് അതൊക്കെ അമ്മയുടെ മഹത്വം പോലെ എല്ലാരോടും പറഞ്ഞു നടക്കും.” അരിശത്തോടെ ആര്യ മുഖം വെട്ടിച്ചു.
“കൊള്ളാടി നല്ല കാര്യായിപ്പോയി. നിനക്ക് വേണ്ടി ഓരോന്ന് ചെയ്തു തരുന്ന എന്നോട് ഇങ്ങനെ തന്നെ പറയണം. അല്ലേലും നിന്റെ വീട്ടുകാരെ പറ്റി ഇല്ലാത്തത് ഒന്നുമല്ല ഞാൻ പറഞ്ഞത്. നിന്നെ നോക്കാൻ വന്ന എന്നെ പറഞ്ഞാൽ മതി.” കെറുവിച്ചുകൊണ്ട് ശാരദ അവിടെ നിന്നും പോയി.
അല്ലേലും തനിക്ക് വയ്യെന്ന് കണ്ടാൽ സഹായിക്കാനെന്ന വ്യാജേന അടുത്ത് കൂടിയിട്ട് ഇതുപോലെ ഓരോ കുത്തുവാക്കുകൾ പറഞ്ഞു വഴക്കിട്ട് പോകലാണ് അവരുടെ സ്വഭാവം.
പ്രസവം കഴിഞ്ഞും ഇവിടെ തന്നെയാണെങ്കിൽ തനിക്ക് ഭ്രാന്ത് പിടിച്ചു പോകുമെന്ന് അവൾക്ക് തോന്നി.
ദിവസങ്ങൾ കഴിഞ്ഞുപോയി.
ഒരു ദിവസം സന്ധ്യയ്ക്ക് ശ്രീഹരിയുടെ വരവും കാത്ത് ഉമ്മറ തിണ്ണയിൽ ഇരിക്കുകയായിരുന്നു ആര്യ.
അപ്പോഴാണ് അടിവയറ്റിൽ നിന്നൊരു കൊളുത്തിപ്പിടുത്തം പോലെ അവൾക്ക് തോന്നിയത്.
“അയ്യോ… അമ്മേ…” അടിവയറ്റിൽ കയ്യമർത്തി ആര്യ അലറിപ്പോയി.
ഇരുന്നിടത്ത് നിന്ന് ഒന്ന് എഴുന്നേൽക്കാൻ പോലുമാവാതെ വേദന കൊണ്ടവൾ ഉറക്കെ കരഞ്ഞുപോയി.
“എന്താടി കൊച്ചേ? എന്ത് പറ്റി നിനക്ക്.” വിളക്ക് വയ്ക്കുകയായിരുന്ന ശാരദ അവളുടെ നിലവിളി കേട്ട് പൂജാ മുറിയിൽ നിന്ന് ഓടി വന്നു.
“അമ്മേ… എനിക്ക് തീരെ വയ്യ… വേദന സഹിക്കാൻ പറ്റുന്നില്ല.” വയറിൽ കയ്യമർത്തി ആര്യ ഒരുവിധം പറഞ്ഞൊപ്പിച്ചു.
അതേ സമയത്താണ് ശ്രീഹരിയുടെ കാർ ഗേറ്റ് കടന്ന് വന്നത്. വേദന കൊണ്ട് കരയുന്ന തന്റെ പെണ്ണിനെ കണ്ട് അവന്റെ നെഞ്ചൊന്ന് പിടഞ്ഞു.
“ആര്യേ… മോളെ… എന്ത് പറ്റിയെടി നിനക്ക്.” കാറിന്റെ ഡോർ വലിച്ചു തുറന്ന് അവൾക്കടുത്തേക്ക് അവൻ ഓടിപ്പാഞ്ഞു വന്നു.
“മോനെ… ഇവൾക്ക് വേദന തുടങ്ങിയതാന്ന് തോന്നുന്നു. എത്രേം പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോണം.” ശാരദ പറഞ്ഞു.
“ഞാൻ വണ്ടി തിരിച്ചിടാം. അപ്പഴേക്ക് അമ്മ അവളുടെ സാധനങ്ങളൊക്കെ എടുത്ത് വണ്ടിയിൽ വയ്ക്ക്.” ശ്രീഹരി വേഗം ചെന്ന് കാർ തിരിച്ചിട്ട ശേഷം ആര്യയെ താങ്ങിപ്പിടിച്ചു സീറ്റിൽ കൊണ്ട് കിടത്തി.
ശാരദ അകത്തുപോയി ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ തയ്യാറാക്കി വച്ചിരുന്ന ബാഗ് എടുത്തുകൊണ്ടു വന്ന് കാറിൽ കയറി.
കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.
ഹോസ്പിറ്റൽ എത്താറായപ്പോൾ അവൾക്ക് വേദനയ്ക്ക് അൽപ്പം ശമനം തോന്നി തുടങ്ങി. ഡോക്ടർ അഡ്മിറ്റ് ആവാൻ പറഞ്ഞ ഡേറ്റിനു ഇനിയും രണ്ട് ദിവസം കൂടി ഉണ്ട്.
ആര്യയെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു, ഡോക്ടർ അവളെ പരിശോധിക്കുന്ന സമയം കൊണ്ട് അവളുടെ വീട്ടിലേക്ക് വിളിച്ചു അമ്മയോട് വിവരം പറഞ്ഞു.
അരമണിക്കൂറിനുള്ളിൽ അവളുടെ രണ്ട് ചേട്ടന്മാരും അച്ഛനും അമ്മയോടൊപ്പം പിണക്കമൊക്കെ മറന്ന് ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയത് കണ്ടപ്പോൾ ശ്രീഹരിയുടെ മനസ്സ് സന്തോഷം കൊണ്ട് തുടികൊട്ടി. പക്ഷേ ശാരദയ്ക്കത് ഇഷ്ടമായില്ല. അവർ അവരോടൊന്നും വല്യ ലോഹ്യത്തിനു പോയതുമില്ല.
“മോനെ… അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ? ഡോക്ടർ എന്ത് പറഞ്ഞു.?” ആര്യയുടെ അച്ഛൻ സഹദേവൻ അവനോട് ചോദിച്ചു.
“ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല, ഡോക്ടർ പരിശോധിക്കുന്നതേയുള്ളൂ അച്ഛാ.” വിനയത്തോടെ ശ്രീഹരി അയാൾക്കരികിൽ ഇരുന്നു.
തങ്ങളുടെ കുഞ്ഞിപ്പെങ്ങൾ ഹോസ്പിറ്റലിൽ ആണെന്ന് കേട്ടപ്പോൾ തന്നെ പിണക്കം മറന്ന് വന്ന ചേട്ടന്മാരുടെ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ അവരവളെ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് അവന് മനസ്സിലായി.
നേഴ്സ് ചൂണ്ടി കാണിച്ച ബെഡിൽ കയറി അടിവസ്ത്രങ്ങളൊക്കെ മാറ്റി കാലുകൾ അകത്തി വച്ച് കിടക്കുകയായിരുന്നു ആര്യ അപ്പോൾ.പുരുഷനായ ആ യുവ ഡോക്ടർക്ക് മുന്നിൽ അങ്ങനെ കിടക്കാൻ അവൾക്ക് ആകെ നാണക്കേട് തോന്നി.
ഇതുവരെ അവളെ സ്ഥിരമായി നോക്കികൊണ്ടിരുന്ന ഡോക്ടർ ഒരു സ്ത്രീയായിരുന്നു. പക്ഷേ ഇപ്പൊ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് രൂപേഷ് എന്ന ഈ ഡോക്ടർ മാത്രമാണ്. അയാൾ തന്നെ മോശമായി നോക്കുന്നുണ്ടോ എന്നറിയാൻ അവൾ ഇടയ്ക്കിടെ രൂപേഷിനെ നോക്കി. പക്ഷേ ഒരു ഭാവ വ്യത്യാസവുമില്ലാതെ അയാൾ തന്റെ ഡ്യൂട്ടി ചെയ്യുന്നത് കണ്ടപ്പോൾ അവൾക്കല്പം സമാധാനം തോന്നി.
ഡോക്ടർ കയ്യിലൊരു ഗ്ലൗസ് അണിഞ്ഞു അവൾക്കരികിലേക്ക് വന്നു. ശേഷം ചൂണ്ടു വിരലും നടുവിരലും അവളുടെ യോനിയിലെ ദ്വാരത്തിനുള്ളിൽ കൂടി കടത്തി ഗർഭപാത്രം എത്ര വികസിച്ചുവെന്ന് പരിശോധിച്ചു.
യോനിക്കുള്ളിൽ കൂടി ഇരുവിരലുകൾ കടത്തി കറക്കിയപ്പോൾ ആ നിമിഷം വേദന കൊണ്ട് അവൾ ഉറക്കെ കരഞ്ഞുപോയി.
പരിശോധന കഴിഞ്ഞു ഡോക്ടർ അവിടെ നിന്ന് പോയി. പക്ഷേ കാലൊന്ന് നിലത്ത് കുത്താൻ കഴിയാത്ത വിധം വേദനയായിരുന്നു ആര്യയ്ക്ക്. വല്ല വിധേന വസ്ത്രം ശരിയാക്കി അവൾ അവിടെ നിന്നെഴുന്നേറ്റു.
“പ്രസവം അടുക്കാറായിട്ടുണ്ട്. എന്തായാലും ആര്യയെ ഇവിടെ അഡ്മിറ്റ് ചെയ്യുകയാണ്. പെയിൻ വന്നാൽ ഡ്യൂട്ടിയിൽ ഉള്ള നഴ്സിനെ അറിയിക്കണം. ഇപ്പൊ തല്ക്കാലം റൂമിലേക്ക് മാറ്റുവാണ്. യൂട്രസ് കുറച്ച് കൂടി വികസിക്കേണ്ടതുണ്ട്. രാവിലെ വരെ നമുക്ക് നോക്കാം.” ശ്രീഹരിയോടും ആര്യയോടുമായി പറഞ്ഞിട്ട് രൂപേഷ് ഡോക്ടർ അവളെ റൂമിലേക്ക് മാറ്റി.
ഡോക്ടറിന്റെ വിരൽ കടത്തിയുള്ള പരിശോധന കഴിഞ്ഞപ്പോൾ മുതൽ ആര്യയ്ക്ക് അവിടെ മുഴുവനും നല്ല വേദനയെടുക്കാൻ തുടങ്ങിയിരുന്നു. ഒപ്പം വയറ്റിൽ കിടക്കുന്ന കുഞ്ഞ് താഴേക്ക് കൂടുതൽ ഇറങ്ങുന്ന പോലെ.
കടുത്ത വേദനയിൽ ഉറങ്ങാൻ പോലും കഴിയാതെ അവൾ അവശയായി കിടക്കുമ്പോൾ മുറിയിൽ രണ്ട് അമ്മമാർ തമ്മിൽ വഴക്ക് തുടങ്ങിയിരുന്നു.
അതവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ ഇരുവരോടും തർക്കിച്ചു സംസാരിക്കാൻ ആ നിമിഷം അവൾക്ക് കഴിഞ്ഞില്ല. കാരണം ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിന്റെ ബുദ്ധിമുട്ട് അവളപ്പോൾ പൂർണമായും മനസിലാക്കുകയായിരുന്നു.
പ്രസവ ശേഷം അവളെ ഏത് വീട്ടിലേക്ക് കൊണ്ട് പോകുമെന്നതിനെ ചൊല്ലിയായിരുന്നു തർക്കം. ആര്യയ്ക്കും ശ്രീഹരിക്കും അതൊക്കെ കേട്ട് ദേഷ്യം വരുന്നുണ്ടായിരുന്നു. രണ്ടുപേരെയും പിണക്കാൻ പറ്റില്ലല്ലോ എന്നോർത്ത് അവർ സംയമനം പാലിച്ചു. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആകുമ്പോൾ ഉചിതമായ ഒരു തീരുമാനം എടുക്കാമെന്ന് ശ്രീഹരി അവൾക്ക് ഉറപ്പ് കൊടുത്തിരുന്നു.
അവരുടെ ബഹളം കേട്ട് ഭ്രാന്ത് പിടിച്ചിരിക്കുമ്പോഴാണ് ഫ്ലൂയിഡ് ലീക്കായി അവളെ ലേബർ റൂമിലേക്ക് മാറ്റിയത്.
ഒടുവിൽ അധികം കാത്തിരിപ്പിക്കാതെ തന്നെ ആര്യ ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചു. രൂപേഷ് ഡോക്ടർ തന്നെയാണ് അവളുടെ പ്രസവമെടുത്തത്. ആ നേരത്തൊന്നും അവൾക്കൊരു നാണക്കേടും തോന്നിയില്ല എങ്ങനെയെങ്കിലും കുഞ്ഞിനെ മാത്രം കണ്ടാൽ മതിയെന്ന ചിന്തയായിരുന്നു. അതിൽ ആര്യയ്ക്ക് അത്ഭുതം തോന്നി.
പിറ്റേന്ന് രാവിലെ അമ്മയെയും കുഞ്ഞിനെയും റൂമിലേക്ക് മാറ്റുമ്പോൾ ബന്ധുക്കളുടെ ഒരു പ്രവാഹം തന്നെയായിരുന്നു.
“ഡിസ്ചാർജ് ആകുമ്പോൾ കൊച്ചിനേം അമ്മേം ഞാൻ എന്റെ വീട്ടിലേക്ക് തന്നെ കൊണ്ടോവും. ഇത്രേം നാൾ നോക്കാൻ അറിയാങ്കി ഇനിയും ഞാൻ തന്നെ നോക്കും.” ആര്യയുടെ ബന്ധുക്കൾക്ക് മുന്നിൽ ഒരു പോരിന് തുടക്കമിട്ട് കൊണ്ട് ശാരദ പറഞ്ഞു
“അങ്ങനെ പറഞ്ഞാ എങ്ങനെ ശരിയാവും. എന്റെ മോളെ നോക്കാൻ ഞാനുണ്ട്. അവളേം കൊച്ചിനേം കാണാൻ കൊതിയോടെ കാത്തിരിക്കുവായിരുന്നു ഞാൻ. അവളുടെ അച്ഛനും ആങ്ങളമാരും പിണക്കം മറന്ന് വന്നത് ഈ പിള്ളേ കൂടി കണ്ടിട്ടാ. അവളെ ഞാൻ അങ്ങോട്ട് വിടുന്ന പ്രശ്നമില്ല.” ആര്യടെ അമ്മ സുലോചനയും വിട്ട് കൊടുത്തില്ല.
പ്രസവം കഴിഞ്ഞു കിടക്കുന്ന പെണ്ണിന് ഇത്തിരി സ്വസ്ഥതയും സമാധാനവുമാണ് വേണ്ടതെന്ന് പോലും ഓർക്കാതെയുള്ള അവരുടെ തർക്കങ്ങൾ കണ്ട് ആര്യയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.
“നിങ്ങളാരും ഇതിന്റെ പേരിൽ ഇവിടെ കിടന്ന് തമ്മിൽ തല്ലണ്ട. എന്റെ ഭാര്യേം കൊച്ചിനേം ലീവ് എടുത്ത് നിന്ന് ഞാൻ തന്നെ നോക്കിക്കോളാം. അതിന് ഞാനൊരു വാടക വീട് എടുത്തിട്ടുണ്ട്. പ്രസവം കഴിഞ്ഞാൽ ഇങ്ങനെയൊക്കെ തന്നെ ആകുമെന്ന് ഞാൻ നിനച്ചതാ.
പിന്നെ അമ്മയ്ക്ക് അവളെ കൂടെ വന്ന് നിന്ന് നോക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഞാൻ എതിർ പറയില്ല. പിന്നെ എന്റെ അമ്മയോട്, അടിയുണ്ടാക്കാനും എന്റെ ഭാര്യേടെ സമാധാനം കളയാനുമായിട്ട് അങ്ങോട്ടേക്ക് വരണ്ട. ഇപ്പൊത്തന്നെ എല്ലാരും ഇവിടുന്ന് പൊക്കോ. ബൈ സ്റ്റാൻഡേർ ആയിട്ട് ഒരാള് മതിയെന്ന ഡോക്ടർ പറഞ്ഞത്. തല്ക്കാലം ഞാൻ നിന്നോളാം ഇവിടെ.” ശ്രീഹരി എല്ലാവരോടുമായി അങ്ങനെ പറഞ്ഞപ്പോൾ ആർക്കും ഒന്നും പറയാനില്ലായിരുന്നു.
അത് കണ്ട് ആര്യ ഊറിചിരിച്ചുകൊണ്ട് അവനെ നോക്കി. അവളും ആഗ്രഹിച്ചത് അതായിരുന്നു.
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയപ്പോൾ ശ്രീഹരി വാടകയ്ക്ക് എടുത്ത വീട്ടിലാണ് അവർ പോയത്. കൂടെ സുലോചനയും പോയി. ഇരുവീട്ടുകാർക്കും പരാതിയില്ലാതെ ആ പ്രശ്നം അങ്ങനെ പരിഹരിക്കപ്പെട്ടു.