അവനൊരു മുറപ്പെണ്ണുള്ളത് പറഞ്ഞിട്ടുണ്ട്, ഒരിക്കലും അവളോട്‌ മറ്റൊരു തരത്തിൽ തോന്നിയിട്ടില്ലെന്നു പറഞ്ഞിരുന്നു..

അവന്റെ മെസ്സേജുകൾ
(രചന: നിത്യാ മോഹൻ)

കടൽത്തീരത്ത് തിരകളെയെണ്ണി, ഉള്ളിലെ സങ്കടത്തെ ഇല്ലായ്മ ചെയ്യുവാൻ അവൾ ഏകയായി ഇരുന്നു.

അവിടെ വന്നിട്ട് കുറച്ച് നേരമായി, കുറേ ആളുകൾ അവിടവിടെയായി നിൽക്കുന്നു. തന്നെപ്പോലെ ദുഖിതരാണോ അവരൊക്കെ?, അവളുടെ ചിന്തയുടെ ഉത്തരവും അവൾ തന്നെ കണ്ട് പിടിച്ചു.

“അല്ല, അവരാരും ദുഖിതരല്ല…

വളരെ സന്തോഷത്തോടെ തിരയൊന്ന് പുൽകുവാൻ ഇറങ്ങി ചെല്ലുകയും, തിര ഓളം തല്ലി ശക്തിയായി വരുമ്പോൾ ആർത്തു ചിരിച്ചു തിരയെ തോൽപ്പിച്ചു ഓടി കരയിൽ കയറുകയും ചെയ്യുന്നു.

അവൾ തന്റെ സങ്കടങ്ങളിലേക്കു ഇറങ്ങി ചെന്നു, എന്തായിരിക്കും അവൻ തന്നോട് അവഗണന കാട്ടുന്നത്… ?

കഴിഞ്ഞ ആഴ്ച്ചവരെ കലപില സംസാരിച്ചവൻ, അങ്ങോട്ട് മെസ്സേജ് അയച്ചില്ലെങ്കിൽ പിണങ്ങുന്നവൻ… എന്തിനാവും ഇപ്പോൾ ഇത്രയും അകലം കാണിക്കുന്നത്.

അവനൊരു മുറപ്പെണ്ണുള്ളത് പറഞ്ഞിട്ടുണ്ട്, ഒരിക്കലും അവളോട്‌ മറ്റൊരു തരത്തിൽ തോന്നിയിട്ടില്ലെന്നു പറഞ്ഞിരുന്നു, ഇടയ്ക്കവൾ അവന്റെ ഫോൺ മേടിച്ച് നോക്കുമെന്നും അതവന് ഒട്ടും ഇഷ്ടമല്ല

പക്ഷെ അമ്മാവന്റെ ഒറ്റ മകൾ ആയതുകൊണ്ട് എല്ലാവരുടെയും പുന്നാരയാണെന്നുമൊക്കെ അവൻ പറഞ്ഞിട്ടുണ്ട് പല വട്ടം.

താൻ അയക്കുന്ന മെസ്സേജുകൾ അപ്പോൾ തന്നെ റിമൂവ് ചെയ്യണമെന്നും അവൾ നിർദ്ദേശം കൊടുത്തിരുന്നു,

ലീവ് തീരും വരെ, മെസ്സേജ് അയക്കുവാൻ പാടാണെന്നു പറഞ്ഞ അവനെ അവളാണ് ആശ്വസിപ്പിച്ചത്, എന്നിട്ടും അവനെന്തേ തന്നെ മറന്നൂ.

ഒരു ദിവസത്തെ മെസ്സേജ് അവൾ എടുത്തു നോക്കിയെന്നും വഴക്കായി വീട്ടിലെന്നും പറഞ്ഞിരുന്നു… അതായിരുന്നു ലാസ്റ്റ് മെസ്സേജ്. പിന്നീട് ഇതുവരെയും ഒരു വിവരവുമില്ല..

അങ്ങോട്ട്‌ വിളിച്ച് ആകെയുള്ള അവന്റെ സമാധാനവും കളയുവാൻ അവൾ ഒരുക്കമായിരുന്നില്ല.

അവനെ പരിചയപ്പെട്ടത് മുതൽ, ഇത്രയേറെ വർഷങ്ങൾ കടന്ന് പോയതോരോന്നും മനസ്സിൽ തിങ്ങി നിറയുന്നു, തോരാമഴയായി ഒഴുകുന്നു.. ഓർക്കരുതെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും വീണ്ടും വീണ്ടും ശല്യം ചെയ്യുന്ന ഓർമ്മകൾ!

അവൻ തനിക്ക് ആരായിരുന്നു?

ആരൊക്കെയോ ആയിരുന്നു..!

അതാകുമല്ലോ എന്തുണ്ടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കുവാൻ സാധിക്കുന്ന ഒരിടമായിരുന്നത്!

ഒരിക്കലും അവനെ കൂടുതൽ അറിയാൻ ശ്രമിച്ചിരുന്നില്ല, അല്ലെങ്കിൽ അറിഞ്ഞിട്ടും അവൻ തന്നിൽ നിന്നും അടർന്നു പോകില്ലയെന്ന് അവൾക്ക് എപ്പോഴൊക്കെയോ തോന്നിയിരുന്നു.

ചിന്തകളിൽ നിന്നും അവളുണർന്നത് “അമ്മേ… അമ്മേ ” എന്നുള്ള വിളി കേട്ടാണ്.

“മോളെ… അതാ തിരകൾ വീണ്ടും ശക്തിയായി വരുന്നു, കുറച്ചുകൂടി മുകളിലേക്ക് കയറിയിരിക്കാം” അമ്മ മറുപടി പറയുന്നു.

താൻ ഇരിക്കുന്നതിന്റെ കുറച്ച് മാറി ഒരു പെൺകുട്ടിയും അവളുടെ അമ്മയും.

മുകളിലേക്ക് കയറിയിരിക്കാൻ കുട്ടി സമ്മതിക്കുന്നില്ല, ഏകദേശം 10, 12 വയസ്സ് പ്രായം തോന്നും ആ കുട്ടിക്ക്. തിരകൾ വന്നു അവളുടെ കാലുകളെ ചുംബിച്ചപ്പോൾ ഇരു കൈകളും ശക്തിയായി കൂട്ടിയിടിച്ച്‌ അവൾ പൊട്ടി…. പൊട്ടി…ചിരിക്കുന്നു.

അങ്ങനെ ഓരോ തിരകളും തിരിച്ചു വരുമ്പോൾ അവൾ അമ്മയോട് ചോദിക്കുന്നു

“അമ്മേ, വരുന്നുണ്ടോ, വരുന്നുണ്ടോ… ?”

തിരകൾ വരുമ്പോൾ അമ്മ അതിന് ഉത്തരം നൽകുകയും ചെയ്യുന്നു, കുറച്ച് കഴിഞ്ഞാണ് അവൾക്ക്‌ മനസ്സിലായത്, ആ കുട്ടിക്ക് കണ്ണ് കാണില്ല. അവളുടെ മനസ്സിൽ കുട്ടിയോട് ഒരുപാട് അലിവ് തോന്നി…

തിരകൾ വരുന്നു എന്ന് ആ അമ്മ പറയുമ്പോൾ ആ കുഞ്ഞു നെഞ്ചിന്റെ മിടിപ്പ് ഉയരുന്ന ചലനവും, തിരകൾ പാദങ്ങളെ പുൽകുമ്പോളുള്ള ഭാവങ്ങളും ആ ചെറു മനസ്സ് ഈ ലോകത്തെ എത്ര മനോഹരമായി ആസ്വദിക്കുന്നുണ്ടാകുമെന്ന് അവൾ ഊഹിച്ചു.

കാഴ്ചയില്ലെങ്കിലും, ആ കുട്ടിയുടെ അകക്കാഴ്ചയെ ഭാവങ്ങളിലൂടെ തിരിച്ചറിയുവാൻ സാധിച്ചു.

തനിക്ക് ചുറ്റുമുള്ള ഒരുപാട് സന്തോഷങ്ങളെ കാണാതെ, ഒന്നിനെ മാത്രം നിനച്ചിരുന്നത് കൊണ്ടാണ് തനിക്കിങ്ങനെ ദുഃഖിക്കേണ്ടി വന്നതെന്ന് അവളോർത്തു.

താൻ അനുഭവിക്കുന്ന വെറുമൊരു നിരാശ, ആ കുട്ടിയുടെ മുൻപിൽ ഒന്നുമല്ലാത്ത പോലെ വീണുടഞ്ഞു.

ആ കുട്ടിയിലൂടെ…. അവൾ തിരകളെ ആസ്വദിച്ചു. അവിടെ നിന്നും പോരുമ്പോൾ അവളുടെ മനസ്സ് ഏറെ തണുത്തിരുന്നു, പുതിയൊരു തെളിച്ചം ആ കുട്ടിയിലൂടെ അവളിലേക്കു ഒഴുകിയിരുന്നു!

ഒരിക്കലും വിട്ടുപോകാത്ത ബന്ധങ്ങൾ എന്നും നമ്മെ തേടി വരുമെന്നുള്ള പ്രതീക്ഷയിൽ അവൾ തിരികെ നടന്നു.