ചേടത്തി വന്നാൽ ഞാനാ ഭാഗത്തേയ്ക്ക് പോകില്ല, കുറച്ചു ദിവസം മുൻപ് ചേടത്തീടെ കണ്ണിൽ പെട്ടുപോയി..

(രചന: Shincy Steny Varanath)

“ഇവിടാരുമില്ലേ…ആനിയമ്മോ…”

“ഓ… ഇവിടുണ്ട് ചേടത്തി”

ആ വിളി കേട്ട മഹതി എന്റെ അമ്മ, വിളിച്ചത് നാട്ടിലെ കരകമ്പി മറിയചേടത്തി.  നാട്ടിലെ സകല അലുക്കുലുത്ത് കേസുകളും കുടഞ്ഞിടാനുള്ള വരവാണ്.

വീട്ടിലെന്തെങ്കിലും പ്രത്യേകിച്ചുണ്ടാക്കിയാൽ ഉറപ്പായും ഹാജരുവയ്ക്കും. അഞ്ചാറുവീട് അപ്പുറമാണ് താമസമെങ്കിലും എങ്ങനെ മണം കിട്ടുന്നോ ആവോ… പഴയ എൻജിനല്ലേ… ഇപ്പോഴും നല്ല കണ്ടീഷനിലാണ്… ഫുൾ വർക്കിങ്ങും.

പരദൂഷണം പറച്ചില് പ്രോത്സാഹിപ്പിക്കരുതെന്ന് പറഞ്ഞാൽ അമ്മ കേൾക്കില്ല. കുറ്റം പറയുന്നപോലെ കേൾക്കുന്നതും പാവമാണെന്നൊക്കെ ക്ലാസെടുത്തുനോക്കിയിട്ടും മഹതി മറിയ ചേടത്തിക്കുള്ള പ്രോത്സാഹനം തുടർന്നു കൊണ്ടേയിരുന്നു.

വാർത്താവായനയ്ക്കൊപ്പം നന്ദി സൂചകമായി, അമ്മ ചേടത്തീടെ വയറും നിറയ്ക്കും.

ചേടത്തിവന്നാൽ ഞാനാ ഭാഗത്തേയ്ക്ക് പോകില്ല.
കുറച്ചു ദിവസം മുൻപ് ,ചേടത്തീടെ കണ്ണിൽപെട്ടുപോയി. കണ്ടപാടെ ചേടത്തിക്കറിയണ്ടത്,  ”കഴിഞ്ഞ തവണ സ്ഥലം മാറിപ്പോയ വികാരി അച്ചൻ ഇപ്പോൾ എവിടെയാ മോളെ  ഇരിക്കുന്നേ “

”കസേരേലാണെന്നാണ് എന്റെ അറിവെന്ന് ” സത്യസന്ധമായി മറുപടി പറഞ്ഞത് ചേടത്തിക്കത്ര പിടിച്ചില്ല.

ആണ്ടെ…എന്റെ അമ്മേടെ കണ്ണ് മിഴിഞ്ഞ് തള്ളി നിൽക്കുന്നു.

എന്റെ നിഷ്കളങ്കത ചേടത്തിക്ക് അത്രയ്ക്ക് പിടിക്കുന്നില്ലാത്തതുകൊണ്ട്, കൂടിക്കാഴ്ച മനപ്പൂർവ്വം ഒഴുവാക്കിയിരിക്കുവാണ്.

ഇന്ന് ഉച്ചവരെയെ ക്ലാസുണ്ടായിരുന്നുള്ളു. തുള്ളിക്കളിച്ച് വീട്ടിലെത്തിയപ്പോഴെക്കും 3 മണിയായി.

എവിടേലുമൊന്ന് തല ചായ്ക്കണം എന്ന് വിചാരിക്കുമ്പോഴാണ്, അമ്മേടെ വിളി വരുന്നത്. അപ്പൻ ചക്ക പറിച്ച് വെച്ചിട്ടുണ്ട്. ഒരുക്കാൻ കൂടണം… വെറുപ്പിക്കാൻ നിൽക്കാതെ കൂടി. പച്ച ചക്കച്ചുളയും നല്ലോണം അകത്തോട്ട് പോകുന്നുണ്ട്…

അങ്ങനെ ചക്ക വേവിച്ചിറക്കി വച്ചപ്പോഴെ അപ്പനും ആങ്ങളയും കഴിച്ചു. എന്നെ വിളിച്ചപ്പോൾ കുളി കഴിഞ്ഞ് വിശാലമായിട്ട് തിന്നാമെന്ന് കരുതി ക്ഷണം വിനയപൂർവ്വം നിരസിച്ചു.

‘ഉണ്ടിട്ടു കുളിക്കുന്നവരെ കണ്ടാൽ കുളിക്കണം’ എന്ന് എവിടെയോ കേട്ടിട്ടുണ്ട്.
ഇത് അതൊന്നുമല്ല കാര്യം, ചക്ക തിന്ന് കഴിഞ്ഞാൽ, ഞാൻ പെരുമ്പാമ്പ് ഇരവിഴുങ്ങിയ അവസ്ഥയിലാകും.

പിന്നെ എവിടെയെങ്കിലും ചാരി വയ്ക്കണം. കുളി നടക്കില്ല. പോരാത്തതിന് ചക്കയ്ക്ക് കൂട്ടായി ഇന്നലത്തെ ചിക്കൻ കറിയുമുണ്ട്. കുളി കഴിഞ്ഞിട്ട് ഒരു പിടിപിടിച്ചാൽ കട്ടിലേൽക്കേറി നീണ്ട് നിവർന്ന് കിടക്കാം.

അപ്പനും മോനും വിളിച്ചപ്പോൾ, അമ്മയും ആ കൂടെ കൂടി വെട്ടി വിഴുങ്ങി. എനിക്കുള്ള കറി ഞാനാദ്യമെ വിളമ്പിമാറ്റി വെച്ചു. ആങ്ങളയെ വിശ്വസിക്കാൻ പറ്റില്ല.

അമ്മയ്ക്കാണെങ്കിൽ മോനോടപാര സ്നേഹവും. കറിപോകുന്ന വഴി കാണില്ല. എല്ലാവരുടെയും തീറ്റ കഴിഞ്ഞ്, എന്റെ കറി സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയാണ്  കുളിക്കാനുള്ള ഒരുക്കം തുടങ്ങിയത്. അപ്പോഴാണ് ചേടത്തീടെ എൻട്രി. ചേടത്തിയെ കണ്ടതേ അപ്പനും ആങ്ങളയും കളം കാലിയാക്കി.

ഏതായാലും ചേടത്തി പോകണമെങ്കിൽ സമയം പിടിക്കും, വിശാലമായ നീരാട്ടിനുള്ള സമയമുണ്ട്.

എന്നെങ്കിലും വെളുത്ത് കാണും എന്ന അവസാനിക്കാത്ത പ്രതീക്ഷയിൽ,
സോപ്പിട്ട് പതപ്പിച്ച്… ചകിരിയിട്ട് ഉരച്ച്… വിശാലമായ കുളി പാസാക്കി…

ഡൗ സോപ്പിട്ട് കുളി തുടങ്ങിയിട്ട് ഒരാഴ്ചയായി… എന്റെ കവിളിന് മാത്രം ഒരു മാറ്റവുമില്ല.

കഴിഞ്ഞ ആഴ്ച തേച്ചത്, എന്റെ ആത്മാർത്ഥ സുഹൃത്ത് അനുമോള് റെക്കമെന്റ് ചെയ്ത ച ദ്രിക യായിരുന്നു. അവളാണൊ അ മല പോ ളാണൊ, ആരോ പറ്റിച്ചതാണ്. അതിനും എന്റെ തൊലിയിൽ ഒരു മാറ്റവും സൃഷ്ടിക്കാൻ പറ്റിയില്ല.

സ്വന്തം കവിളേൽ പിടിച്ച്, സോ… സ്വീറ്റ്… പറഞ്ഞ്, കുണുങ്ങി വരുമ്പോൾ, അമ്മയും ചേടത്തിയും അന്തി ചർച്ചയുടെ അതിതീവ്ര മേഘലയിലാണ്. തീവ്രത കൂടുമ്പോഴറയിയാം…

സ്വരം താഴും… കുശുകുശുപ്പ് തുടങ്ങും. വേറാരേലും കേട്ടാൽ അടിയുറപ്പുള്ള എന്തോ കാര്യമാണ്. ചെവി ഭിത്തിയോട് ചേർത്ത് ഞാൻ നിന്നു.

കേട്ടു പരിചയമുള്ള പേരാണ് പരാമർശിക്കുന്നത്.
”നീയറിഞ്ഞോ,തോമാ ചേട്ടന്റെ മകള് അനുന്, ശർദ്ധിയാണെന്ന്. “

എപ്പോ… ഉച്ചയ്ക്ക് കോളേജിന്ന് ഒന്നിച്ചാണല്ലോ വന്നത് (എന്റെ ആത്മഗതം)

” ഇപ്പഴത്തെ പെൺപിള്ളേരല്ലെ, എന്താന്നാർക്കറിയാം” ചേടത്തി

“ഒന്നും പറയാൻ പറ്റില്ല ” അമ്മ

അതെന്താ പറയാൻ പറ്റാത്തത്, അവൾക്ക് ശർദ്ധിച്ചാലെന്താ… (ആത്മഗതം)

കാര്യമറിയണമല്ലോ…

എന്റെ റൂമിലേക്ക് പോകണമെങ്കിൽ ചേടത്തിയെ കടന്നു പോയെപ്പറ്റു. എന്തായാലും പോകാൻ തീരുമാനിച്ചു. എന്നെ കണ്ടതേ അമ്മയും ചേടത്തിയും കുശുകുശുപ്പ് നിർത്തി…

ചേടത്തിയെ ഞാനൊന്നു നോക്കി ചിരിച്ചു. കാര്യമായെന്തോ ചവയ്ക്കുന്നുണ്ട്… മുന്നിലിരിക്കുന്ന പാത്രത്തിലേക്കൊന്നേ നോക്കിയുള്ളു. എന്റെ സർവ്വനാഡികളിലുമൊര് തളർച്ച ബാധിച്ചു.

‘എന്റെ ചക്ക… എന്റെ ചിക്കൻ’

പോയി… എല്ലാം പോയി…

എന്റെ മുഖത്ത് മിന്നി മറയുന്ന അപൂർവ്വ ഭാവങ്ങൾ നോക്കി, അമ്മ ഞെളിപിരി കൊള്ളുന്നുണ്ട്.

തീറ്റേടെ കാര്യത്തിൽ കണ്ണും മൂക്കുമില്ലാത്ത പെണ്ണാണ്… വല്ല അബദ്ധവും പറഞ്ഞാൽ കുഴപ്പമാകും…

”മോള് ചക്കതിന്നതാകുമല്ലേ… വീട്ടിലുള്ളവള് എനിക്കിതൊന്നും ഉണ്ടാക്കി തരില്ല. ഇവിടെ വരുമ്പോഴാണ് വയറു നിറയുന്നത്. മോടെ അമ്മച്ചി ഭാഗ്യമുള്ളവളായിരുന്നു. എന്തു നല്ലോണമാ ആനിയമ്മ ഏലി ചേടത്തിയെ നോക്കിയെ…”

ചേടത്തി കത്തികയറുകയാണ്.
ചേടത്തീടെ പൊക്കലിൽ അമ്മ പുളകം കൊണ്ടിരിക്കുവാണ്…

പിന്നെ… അമ്മച്ചിനെ നല്ലോണം നോക്കി… ‘തള്ളയെന്റെ പുക കണ്ടിട്ടേ ചാകൂള്ളെന്ന് ‘ പറയുന്നത് എത്ര തവണ കേട്ടിട്ടുണ്ട്.

അമ്മച്ചിയില്ലാതിരുന്നത് നന്നായി, അല്ലെങ്കിലിപ്പോൾ ചോരപ്പുഴയൊഴുകിയേനെ… ഞാൻ ഒന്നൂടെ ചേടത്തീടെ പാത്രത്തിലോട്ട് നോക്കി, കോഴിക്കറിയുടെ അരപ്പ് ഒന്നൂടെ വടിച്ച് നക്കുന്നുണ്ട്. കുറച്ചു ചക്കപ്പുഴുക്ക് പാത്രത്തിന്റെ അരിക് ചേർന്നിരിപ്പുണ്ട്.

“ഇത് മതിയെടി ആനിയമ്മേ… വയറു നിറഞ്ഞു “.

കടിച്ചു പിടിച്ച് അടച്ചുവച്ച പല്ലിളകാൻ തുടങ്ങിയപ്പോൾ ഞാൻ മുറിയിലേക്ക് കേറിപ്പോന്നു.

വിശന്നിട്ട് മേല… ചക്ക പുഴുങ്ങിയതു കൊണ്ട് വൈകിട്ടത്തേന് ചോറു വെച്ചിട്ടില്ല. നല്ലോണം വിശന്നിട്ട് തിന്നാനാണ് ചക്ക തീറ്റ താമസിപ്പിച്ചതിന്റെ വേറൊരു കാരണം.

ഇപ്പം നല്ലോണം വിശന്നു…

‘മോളേ… ഇപ്പോഴേതാ കാലം, കൈത്താക്കാലമാണൊ? ദനഹാക്കാലമാണൊ…, കഴിഞ്ഞ ആഴ്ച അച്ചനെന്താ പള്ളിയിൽ പറഞ്ഞത്?” – ചേടത്തി

നിങ്ങള് വരുന്നിടത്ത് കഷ്ടകാലമാണെന്നറിയാം (ആത്മഗതം)

“അറിയില്ല ചേടത്തി… കഴിഞ്ഞ ആഴ്ച ഞാൻ പള്ളീൽപ്പോയില്ല. എനിക്ക് ശർദ്ധിയായിരുന്നു.” എന്റെ മര്യാദയുടെ ഭാഷ.

അമ്മേടെ കണ്ണാണ്ടേ വീണ്ടും മുഴുത്ത് മുഴുത്ത് വരുന്നു.

“ഈ പെൺപിള്ളേർക്കെന്താണാവോ ഇങ്ങനെ ശർദ്ധി…അനുവിനും ശർദ്ധിയാണെന്ന് പറയുന്ന കേട്ടു ” ചേടത്തിയൊരു നെടുവീർപ്പ് സമം ചേർത്തു പറഞ്ഞു.

”ഇവള്, കഴിഞ്ഞയാഴ്ച ഒരു ഊഴ ചക്കപ്പഴം മുഴുവൻ കുത്തിയിരുന്ന് തിന്നു. വൈകിട്ടായപ്പോഴെക്കും ശർദ്ധിയും തുടങ്ങി. ചക്കപ്പഴം പണ്ടേ ഇവൾക്ക് വയറ്റിൽ പിടിക്കില്ല, പറഞ്ഞാൽ കേൾക്കില്ല. മരുന്ന് മേടിച്ചു, അപ്പഴേ കുറഞ്ഞു “. അമ്മ ശ്വാസം വിടാതെ പറഞ്ഞു.

കഴിഞ്ഞയാഴ്ച ചക്കപ്പഴം… ഞാൻ തിന്നില്ലല്ലോ? അമ്മയെന്തോക്കെയാണീ പടച്ചു വിടുന്നത്… (അന്തരംഗത്തിൽ)

“എന്നാൽ ഞാനിറങ്ങുവാണെ… ഇങ്ങനെ വല്ലപ്പോഴുമിറങ്ങാം “.

‘വേണമെന്നില്ലാ ‘ന്ന് പറയണമെന്നുണ്ട്, അമ്മേടെ മുഖത്തോട്ട് നോക്കിയപ്പോൾ വേണ്ടെന്ന് വച്ചു.

ചേടത്തി നടയിറങ്ങീന്ന് മനസ്സിലായപ്പോൾ, അമ്മയാണ്ടെ വെട്ടിത്തിളച്ചു വരുന്നു.

“നിന്നോടാരാ കഴിഞ്ഞ ആഴ്ച ശർദ്ധിച്ച കാര്യം ഇവിടെ എഴുന്നള്ളിക്കാൻ പറഞ്ഞത്, തള്ളയിത് ഇനി എവിടെയെല്ലാം പോയി പറയുവോ ആവോ “.

”ശർദ്ധീടെ കാര്യമല്ലെ പറഞ്ഞുള്ളു. നാണക്കേടായതു കൊണ്ടാ ഒഴിച്ചിലിന്റെ കാര്യം ഞാൻ പറയാതിരുന്നത് ” ഞാൻ

“രണ്ടുമുണ്ടായിരുന്നെന്ന് പറഞ്ഞാൽ കുഴപ്പമില്ലായിരുന്നു. ശർദ്ധി തന്നെയാകുമ്പോഴാണ് പ്രശ്നം ” അമ്മ

“ഞാനെപ്പഴ ചക്കപ്പഴം തിന്നത്? അമ്മയെന്തിനാ നുണ പറഞ്ഞത് “

“നീ കിട്ടുന്നതെല്ലാം തിന്നുന്നതല്ലെ? കാര്യങ്ങളൊന്ന് മയപ്പെടുത്താൻ പറഞ്ഞതാ “

“അനു ശർദ്ധിച്ചതിന് ഇങ്ങനെ വല്ലതുമായിരിക്കുമെന്ന് അമ്മയ്ക്ക് പറയത്തില്ലായിരുന്നോ?”

‘അത് നിന്റെ കാര്യമല്ലെ എനിക്കറിയൂ… ഉറപ്പില്ലാത്ത കാര്യം ഞാൻ പറയാറില്ല ”

” അതവിടെ നിൽക്കട്ടെ, അമ്മയോടാരു പറഞ്ഞു എന്റെ ചക്കയും കറിയും പരദൂഷണത്തിനെടുത്തുകൊടുക്കാൻ ”

”ചേടത്തിക്ക് മനസ്സിലായെടി, ഇവിടെ ചക്കയും കറിയുമുണ്ടെന്ന്… ചക്കയുണ്ടോന്ന് ഇങ്ങോട്ട് ചോദിച്ചു. ഇല്ലാന്ന് എങ്ങനെയാ നുണ പറയുന്നത് “

‘ കറിയെങ്കിലും എനിക്ക് വെച്ചൂടായിരുന്നോ “

“പ്രായമായ ആളല്ലെ, കറിയിരിക്കുമ്പോൾ, അച്ചാറെങ്ങനെയാ കൊടുക്കുന്നേ… പോരാത്തതിന് നേരത്തെ കറി ചൂടാക്കിയ കൊണ്ട് ഇവിടെയെല്ലാം മണവുമുണ്ടായിരുന്നു.

കൊടുത്തില്ലേൽ, കറിയുണ്ടായിട്ടും ഞാൻ കൊടുത്തില്ലാന്ന് നാട് മുഴുവൻ പാട്ടക്കും… ചേടത്തീടെ പാത്രത്തിൽ കുറച്ചു ചക്കയിരുപ്പുണ്ട്. കൈ കൊണ്ട് തൊട്ടിട്ടില്ല, ഞാൻ ശരിക്കും നോക്കിയതാ, മുളക് പൊട്ടിച്ച് തരാം. നീയത് തിന്നോ…”

ബേഹ്… ബേഹ്…

”ഒന്നു പതിയെ ശർദ്ധിക്കടി… ചേടത്തി നടക്കല്ലിറങ്ങിയതേയുള്ളു. കഴിഞ്ഞ ആഴ്ച തുടങ്ങിയ ശർദ്ധി ഇതുവരെ തീർന്നില്ലെന്ന് എല്ലാരോടും പറയും “.

ചേടത്തി കൈയിട്ടിളക്കി, താടി തുമ്പിലൂടെ ഇറച്ചിച്ചാറുമൊഴുക്കി പരുവപ്പെടുത്തിയ ചക്ക എന്നോട് തിന്നാൻ പറഞ്ഞാൽ ശർദ്ധിയല്ലാതെ… ആലിപ്പഴം പൊഴിയുമോ…

‘എനിക്ക് വിശക്കുന്നു… ”

”എന്റെ ചക്ക… എന്റെ ചിക്കൻ…”

Leave a Reply

Your email address will not be published. Required fields are marked *