പ്രതീക്ഷ
(രചന: Raju Pk)
അടുക്കളയിലെ പണികളെല്ലാം ഒതുക്കി മേലൊന്നു കഴുകി റോയിച്ചായനോട് ചേർന്ന് കിടക്കുമ്പോൾ പാവം പതിയെ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു ജോലിഭാരവും യാത്രാ ഷീണവും വല്ലാതെ തളർത്തിയിട്ടുണ്ടാവും.
കെട്ടിപ്പിടിച്ച് ആ മാറിലേക്ക് ചേർന്ന് കിടന്നപ്പോൾ പാതി ഉറക്കത്തിലും ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ നൽകി.
”ഞാൻ എന്നും പറയുന്നതല്ലേ രാത്രി ഭക്ഷണം കഴിഞ് പാത്രങ്ങൾ രാവിലെ കഴുകിയാൽ മതിയെന്ന് നിനക്കെല്ലാം അപ്പോൾ തന്നെ ചെയ്ത് തീർക്കണം. നിൻ്റെ എല്ലാ കാര്യങ്ങളും അങ്ങനെ ആണല്ലോ”
”ഭക്ഷണം കഴിച്ച പാത്രങ്ങൾ ഒരിക്കലും ഉണങ്ങാൻ ഇടരുതെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത് ആ വീട്ടിൽ ദാരിദ്ര്യം ഒരിക്കലും ഒഴിയില്ല”
”മക്കൾ ഉറങ്ങിയോ..?
”അല്പം മുൻപു വരെ മുറിയിൽ ബഹളം കേട്ടിരുന്നു, ഉറങ്ങിയെന്ന് തോന്നുന്നു. ഇച്ചായാ ഞാനൊരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യം തോന്നരുത്.
നമുക്ക് ഒരു മോളു കൂടി വേണം ഒരു പെൺകുഞ്ഞുണ്ടെങ്കിലേ വീടിന് ഐശ്വര്യം ഉണ്ടാവൂ”
”നീ ഈ ഐശ്വര്യത്തിൻ്റെ പേരും പറഞ്ഞ് ഇപ്പോൾ വീട്ടിൽ ആൺമക്കൾ നാലായി. ഇനിയും ഒരു പരിഷണത്തിന് നിൽക്കണോ.?
”വളർത്താൻ യോഗ്യതയുള്ളവർക്കേ പെൺകുട്ടികൾ ജനിക്കു എന്നാണ് തോന്നുന്നത് എനിക്കത് ഇല്ലെന്ന് തോന്നുന്നു,ഇനി ഉണ്ടാകുന്നതും”
”ഇച്ചായാ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്”
”എന്തായാലും നിൻ്റെ ആഗ്രഹം നടക്കട്ടെ.
രാത്രിയുടെ നിശബ്ദതയിൽ തളർന്നുറങ്ങുന്ന ഇച്ചായനോട് ചേർന്ന് കിടന്നിട്ടും ഒന്നുറങ്ങാൻ കഴിഞ്ഞില്ല മനസ്സുനിറയെ പെൺ കുഞ്ഞിൻ്റെ രൂപമായിരുന്നു.”
എൻ്റെ ആഗ്രഹം പോലെ അധികം വൈകാതെ അമ്മയാകാൻ പോകുന്ന സത്യം ഇച്ചായനോട് പറഞ്ഞു.
തുടക്കം മുതൽ തന്നെ ശരീരത്തിന് വല്ലാത്ത ഷീണവും ആറ് മാസമായതും പൂർണ്ണ ഗർഭിണിയായ പെണ്ണിൻ്റെ വയറും കണ്ടവർ എല്ലാവരും പറഞ്ഞു…
ഷീണവും വലിയ വയറും പെൺകുട്ടികളെ ഗർഭിണി ആകുമ്പോഴാണ്,മനസ്സ് സന്തോഷം കൊണ്ട് വീർപ്പുമുട്ടി അഞ്ചാം വട്ടമെങ്കിലും ഈശ്വരൻ ആഗ്രഹം സാധിച്ച് തന്നല്ലോ..?
വേദന തുടങ്ങി പ്രസവത്തിനായി ലേബർ റൂമിലേക്ക് കയറുമ്പോൾ സാധാരണ കരഞ്ഞ് യാത്ര പറയാറുള്ള ഞാൻ നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന ഇച്ചായനെ കളിയാക്കിയാണ് അകത്തേക്ക് കയറുന്നത് കാരണം മനസ്സ് നിറയെ മാലാഖ കുഞ്ഞിൻ്റെ രൂപമായിരുന്നു.
പതിവിലും വ്യത്യസ്ഥമായി ഇരട്ടക്കുട്ടികൾ പിറന്നപ്പോൾ വേദനക്കിടയിലും മനസ്സ് വല്ലാതെ തുള്ളിച്ചാടി.
ഇരുവശങ്ങളിലും ഓരോ കുഞ്ഞുങ്ങളെ കിടത്തിയ വെളുത്ത വസ്ത്രമണിഞ്ഞ മാലാഖയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു പാട് സന്തോഷത്തോടെ അവർ പറഞ്ഞു.
”രണ്ടും ആൺകുട്ടികളാണ്”.
നെഞ്ചിനകത്ത് വല്ലാത്ത നൊമ്പരം ആ വാക്കുകൾ ഉണ്ടാക്കിയെങ്കിലും അത് പുറത്ത് കാണിക്കാതെ മക്കളെ ഒന്നുകൂടി ചേർത്ത് പിടിച്ചു.
അല്ലെങ്കിലും ഈശ്വരൻ ചിലപ്പോഴൊക്കെ ഇങ്ങനെയാണ് പെൺകുട്ടിയാണെന്നറിയുമ്പോൾ വഴിയരികിൽ ഉപേക്ഷിച്ച് കളയുന്നവർക്ക് വീണ്ടും പെൺകുട്ടിയെ തന്നെ കൊടുക്കും.ഒരുപാട് ആഗ്രഹിക്കുന്നവരുടെ ഇഷ്ടത്തിന് ഒരു വിലയും കൽപ്പിക്കില്ല.
ഇച്ചായനെയും മക്കളേയും കണ്ടപ്പോൾ അറിയാതെ സങ്കടം കണ്ണുകളിലുടെ പൊട്ടി ഒഴുകി കണ്ണുകൾ തുടച്ച് കൊണ്ട് ഇച്ചായൻ പറഞ്ഞു.
” ഇരട്ടക്കുട്ടികൾ ആണെന്ന് അറിയാമായിരുന്നു നിനക്ക് വിഷമമാവണ്ട എന്ന് കരുതിയാണ് പറയാതിരുന്നത്”
”ആൺ കുട്ടികളായതുകൊണ്ട് വിഷമിക്കയൊന്നും വേണ്ട നമുക്ക് അത്ര പ്രായമൊന്നും ആയില്ലല്ലോ ദൈവത്തിന് ഇഷ്ടമുള്ളവരെ കൂടുതൽ പരീക്ഷിക്കും എന്നാലും അവസാനം ആഗ്രഹം നടത്തിക്കൊടുക്കും”
ഇച്ചായൻ്റെ വാക്കുകൾ കേട്ട് സത്യത്തിൽ ഞാനും ചിരിച്ചു പോയി വർഷങ്ങളായി പ്രാർത്ഥനയും നോമ്പും നോറ്റ് ആശുപത്രികളിൽ ഒരു കുഞ്ഞിന് വേണ്ടി കയറി ഇറങ്ങുന്ന എത്രയോ പേർ നമുക്കു ചുറ്റും.
ഇനി ചിലപ്പോൾ ഇച്ചായൻ പറഞ്ഞതു പോലെ പെൺകുഞ്ഞിനെ വളർത്താനുള്ള യോഗ്യത ഇല്ലാത്തതു കൊണ്ടാവാം.
ആൺമക്കൾ കൊണ്ടുവരുന്ന കുട്ടികളെ മകളായി സ്നേഹിക്കാം. എന്നല്ലാതെ കുഞ്ഞിലെ മുതൽ ചേർത്ത് നിർത്താൻ കഴിയില്ലല്ലോ എന്ന വിഷമം മനസ്സിൽ ഒരു നൊമ്പരമായി…