നിങ്ങളാരേയും ഇത് വരെ പ്രേമിച്ചിട്ടില്ലേ മനുഷ്യാ, കല്ല്യാണത്തിനു ശേഷം ഈ ഒരു ചോദ്യം..

മാലാഖ
(രചന: ഷെർബിൻ ആന്റണി)

നിങ്ങളാരേയും ഇത് വരെ പ്രേമിച്ചിട്ടില്ലേ മനുഷ്യാ….? കല്ല്യാണത്തിനു ശേഷം ഈ ഒരു ചോദ്യം കേൾക്കാത്ത ഭർത്താക്കന്മാർ വിരളമാണ്.

മൂന്ന് മാസത്തിനു ശേഷം ഒരു രാത്രിയിൽ എൻ്റെ ഭാര്യയും ഈ ചോദ്യം ഉന്നയിച്ചു. ഇവളോട് സത്യം പറഞ്ഞാൽ ഭാവിയിൽ അതിനെ ചൊല്ലി യാതൊരു ദൂഷ്യവുമുണ്ടാവില്ലെന്ന് എനിക്കുറപ്പാണ്.

കാരണം ഇത്രയും ദിവസത്തിനുള്ളിൽ അത്ര നല്ലൊരു ബന്ധമായത് വളർന്നു കഴിഞ്ഞു. അവളെല്ലാ കാര്യത്തിലും എന്നെപ്പോലെ തന്നെ ഓപ്പൺ മൈൻഡാണ്.

ഉണ്ടോന്നോ…. കൊള്ളാം, മൂന്ന് നാലെണ്ണം മാത്രേ സക്സ്സസായുള്ളൂ. ബാക്കിയെല്ലാം വൺവേ ആയിരുന്നു.

അത് കേട്ട് അവൾ ചിരിച്ചിട്ട് ചോദിച്ചു, എന്നിട്ട് സെറ്റായതൊക്കെ എന്ത് സംഭവിച്ചു….?

അതൊക്കെ കുട്ടിക്കളിയായി തന്നെ കലാശിച്ചു. അത്ര സീരിയസ്സായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല.

അതിലെ ആരെയെങ്കിലും നിങ്ങൾക്ക് കാണണമെന്ന് തോന്നിയിട്ടുണ്ടോ പിന്നീടെപ്പോഴെങ്കിലും. അവള് വിടുന്ന മട്ടില്ല.

എന്താ നീയിപ്പോ ഇങ്ങനെയൊക്കെ ചോദിക്കാൻ…?എനി ഡൗട്ട്….??

ഏയ് ഞാൻ ചുമ്മാ ചോദിച്ചതാണേ. അത് പറഞ്ഞിട്ടവൾ എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു.

ഏറേ നേരത്തേ നിശബ്ദയ്ക്ക് ശേഷം ഞാൻ പറഞ്ഞു ഇത് വരെ പ്രണയിക്കാത്ത ഒരുത്തിയെ മാത്രം ഇടയ്ക്ക് കാണണമെന്ന് ഒരു മോഹം ഉണ്ടായിരുന്നു.

അതാരാ….? ആകാംക്ഷയോടെ അവൾ മുഖമുയർത്തി.

ഒരിക്കൽ പോലും ഞങ്ങൾ പരസ്പരം മിണ്ടിയിട്ട് പോലുമില്ല. പക്ഷേ അവളെ എവിടെയെങ്കിലും വെച്ച് ഒന്ന് കാണണമെന്ന് തോന്നിയിട്ടുണ്ട്.

സസ്പെൻസടിപ്പിച്ച് കൊല്ലാതേ വേഗം കാര്യം പറ മനുഷ്യാ. അവൾക്ക് ധൃതിയായി.

നിന്നെ പെണ്ണ് കാണാൻ വരുന്നതിനു മുന്നേ കണ്ടതാണവളെ. പേര് അനിതയെന്നായിരുന്നു.

എന്നിട്ടെന്ത് പറ്റി….?

എനിക്കിഷ്ട്ടപ്പെട്ടു, ഇളം കറുപ്പാണെങ്കിലും മിടുക്കിയായിരുന്നു അവൾ. പക്ഷേ നിൻ്റെ അത്രയും പോര.

ഭാര്യയാണെങ്കിലും ഇടയ്ക്കൊന്ന് സുഖിപ്പിച്ചില്ലെങ്കിൽ സ്വഭാവം മാറുന്നത് എപ്പോഴാണെന്ന് പറയാൻ പറ്റില്ലല്ലോ.

സുഖിപ്പിക്കല് ഞാൻ വരവ് വെച്ചു, ബാക്കി പറ അവൾ ചിരിച്ചോണ്ട് വീണ്ടും ചോദിച്ചു.

അനിതയ്ക്കും എന്നെ ഇഷ്ട്ടപ്പെട്ടുവെന്ന് ബ്രോക്കറ് പറഞ്ഞറിഞ്ഞു. പക്ഷേ പെണ്ണിൻ്റെ അപ്പന് എന്നെ ബോധിച്ചില്ലത്രേ.

അവളെ പെണ്ണ് കാണാൻ ചെന്നപ്പോ ഇൻ്റർവ്യൂ ബോർഡിന് മുന്നിലിരിക്കുന്ന ഫീലായിരുന്നു എനിക്ക്.

അമ്മാതിരി ചോദ്യങ്ങളായിരുന്നു ആ തന്തപ്പടി ചോദിച്ചിരുന്നത്. സ്ഥിരം ജോലിയാണോ മാസം എത്ര കിട്ടും വേറെ എന്തെങ്കിലും വരുമാനമുണ്ടോ എന്നൊക്കെ.

അപ്പഴേ ഞാനുറപ്പിച്ചു ഇതൊരു നടയ്ക്ക് പോകുന്ന കേസല്ലെന്ന്.

എല്ലാം കഴിഞ്ഞ് ഞങ്ങൾ അവിടുന്നിറങ്ങി ഗെയ്റ്റ് ചാരുന്ന നേരം ഞാനൊന്നറിയാതെ അകത്തേക്ക് നോക്കി. ജനലിൻ്റെ കർട്ടൻ മാറ്റി രണ്ട് തിളങ്ങുന്ന കണ്ണുകൾ എന്നെ നോക്കുന്നുണ്ടായിരുന്നു.

ആ കല്ല്യാണം നടക്കാതിരുന്നത് നന്നായി. അതുകൊണ്ടല്ലേ ഇത്രേം നല്ലൊരു കെട്ട്യോനേ എനിക്ക് കിട്ടിയത്. അവള് തിരിച്ച് എന്നേം ഒന്ന് സുഖിപ്പിച്ച് പകരം വീട്ടി.

പിന്നീട് ആ വഴി പോകുമ്പോഴൊക്കെ ബസ്റ്റോപ്പിലും മറ്റും ആ തിളങ്ങുന്ന കണ്ണ് ഒരു നോക്ക് കണ്ടിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചിട്ടുണ്ട്.

അക്കാര്യം ഞാനേറ്റു, അടുത്ത ഞായറാഴ്ച എൻ്റെ വീട്ടിൽ പോകുന്ന വഴി നമ്മുക്ക് അനിതയുടെ വീട്ടിലും കേറാം. ഞാനുമൊന്ന് കാണട്ടേടോ ആ കറുത്ത സുന്ദരിയെ.

അയ്യോ…. അത് വേണ്ട, അവിടെ ചെന്നിട്ട് നമ്മളെന്ത് പറയും….? എനിക്ക് പരിഭ്രമമായി.

അതിനൊക്കെ വഴിയുണ്ട്. എൻ്റെ പുന്നാര കെട്ട്യോൻ്റെ ഈ ഒരാഗ്രഹം പോലും സാധിച്ച് തന്നില്ലെങ്കിൽ പിന്നെ ഞാനെന്ത് പൊണ്ടാട്ടിയാടോ. അത് പറഞ്ഞിട്ടവൾ വീണ്ടും എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു.

ബൈക്ക് ഓടിച്ച് പോയിക്കൊണ്ടിരുന്നപ്പോഴും എൻ്റെ ചിന്ത അവരെ എങ്ങനെ ഫെയ്സ് ചെയ്യുമെന്നായിരുന്നു. അനിതയുടെ വീട് എത്താറായപ്പോൾ വണ്ടി നിർത്തി ഞാനവളോട് ചോദിച്ചു

നമ്മുക്കങ്ങോട്ട് പോകണോ…? അനിത അവിടെ ഇല്ലങ്കിലോ, കല്യാണമൊക്കെ കഴിഞ്ഞ് പോയിക്കാണും….?? അവളെ പിന്തിരിപ്പിക്കാനായ് ഞാൻ പലതും പറഞ്ഞ് നോക്കി.

അത് സാരമില്ല, അനിതയുടെ നമ്പരെങ്കിലും കിട്ടുമല്ലോ. ഞാൻ സംസാരിച്ചോളാം നിങ്ങള് പേടിക്കേണ്ട മനുഷ്യാ.

ഗെയ്റ്റ് തുറന്ന് അകത്ത് കയറി ബെല്ലടിച്ച് കാത്ത് നിന്നു. ഒരു പ്രായം ചെന്ന സ്ത്രീ വാതിൽ തുറന്ന് പുറത്തേക്ക് വന്നു. അനിതയുടെ അമ്മയായിരുന്നു അത്.

ആരാ…മനസ്സിലായില്ലല്ലോ…?

ഭാഗ്യം രക്ഷപ്പെട്ടു, എന്നെ കണ്ടിട്ട് തിരിച്ചറിഞ്ഞില്ല. ഞാനൊന്നാശ്വസിച്ചു.

അനിതയില്ലേ ഇവിടെ…? അവളാണത് ചോദിച്ചത്.

കൂടെ പഠിച്ചതാണോ…? അകത്തേക്ക് വരൂ.ആ സ്ത്രീയുടെ പുറകെ അവളും, മടിച്ച് മടിച്ച് ഞാനും അകത്തേക്ക് ചെന്നിരുന്നു.

അപ്പച്ചനെന്ത്യേ….? ഞാനറിയാതെ ചോദിച്ചു പോയി.

ഒരു റൂമിൻ്റ വാതില് തുറന്നിട്ട് അനിതയുടെ അമ്മ ചോദിച്ചു പുള്ളിക്കാരനെ അറിയുമോന്ന്. കിടപ്പിലാണ് സംസാരിക്കാനൊന്നും പറ്റില്ല. ഞാനൊന്ന് പോയി എത്തി നോക്കി.

അനിതയുടെ കല്ല്യാണമൊക്കെ കഴിഞ്ഞല്ലേ…? ഇത്രയും നേരമായിട്ടും കാണാതായപ്പോൾ അവൾ ചോദിച്ചു.

അവരകത്ത് പോയി ഒരു കല്ല്യാണ ആൽബം എടുത്തിട്ട് ഞങ്ങളുടെ നേരെ നീട്ടി. കല്യാണ വേഷത്തിൽ ചെറുക്കനേം പെണ്ണിനേം കണ്ടിട്ട് അവൾ പതുക്കെ എന്നോട് പറഞ്ഞു അനിത മിടുക്കിയാ പക്ഷേ ചെക്കനത്ര പോരെന്ന്.

അനിതയുടെ നമ്പരൊന്ന് തരാമോ, ആൽബം തിരിച്ച് ഏല്പിക്കുമ്പോൾ അവൾ ചോദിച്ചു.

ഏങ്ങലടിച്ചോണ്ട് ആ സ്ത്രീ പറഞ്ഞു ഇന്നത്തേക്ക് ഒരു കൊല്ലവും രണ്ട് മാസവുമാകുന്നു അവൾ പോയിട്ട്.

ഒന്നും മനസ്സിലാകാതെ ഞങ്ങൾ പരസ്പരം നോക്കി. അവൾ പോയതറിഞ്ഞ ഷോക്കിലാണ് അപ്പന് സ്ട്രോക്ക് വന്നതും കിടപ്പിലായതും.

അവളോടി പോയി ആ അമ്മയെ കെട്ടിപ്പിടിച്ചു. അവളുടെ കണ്ണിൽ നിന്നും ഒഴുകുന്നുണ്ടായിരുന്നു.

പെരുന്നാള് കൂടാൻ വന്നതാ രണ്ട് പേരും കൂടി. പിറ്റേ ദിവസം ജോലിക്ക് പോകുന്നത് കൊണ്ട് വെളുപ്പിനേ പോയതാ….ആക്സിഡൻ്റായിരുന്നു. അനിത മൂന്ന് മാസം പ്രഗ്നനൻ്റായിരുന്നു അന്നേരം.

കൂടുതല് കേൾക്കാൻ മനസ്സ് അനുവദിക്കാത്തതിനാൽ ഞാൻ പതുക്കെ പുറത്തേക്കിറങ്ങി. കുറച്ച് നേരത്തിനു ശേഷം അമ്മയെ സമാധാനിപ്പിച്ച് സാരി തുമ്പ് കൊണ്ട് കണ്ണ് തുടച്ച് അവളും വന്നു പുറത്തേക്ക്.

വണ്ടിയുടെ പുറകിലിരുന്ന് അവൾ ചോദിച്ചു പോകേണ്ടിയിരുന്നില്ലല്ലേന്ന്.

മറുപടിയായ് ഞാനൊന്ന് മുളീ.

ഇല്ലെങ്കിൽ നിങ്ങളുടെ മനസ്സിലെങ്കിലും അവൾ ജീവിച്ചിരുന്നേനേ. എന്നെങ്കിലും കാണുമെന്നുള്ള ഒരു പ്രതീക്ഷയെങ്കിലും നിങ്ങളുടെ ഉള്ളിലുണ്ടായിരുന്നേനേ.

അവളെൻ്റെ മനസ്സ് വായിച്ചിരുന്നു. തുടക്കത്തിലേ ഞാൻ പറഞ്ഞില്ലേ ഈ മാലാഖയുടെ മൈൻഡ് ഓപ്പണാണെന്ന്…

Leave a Reply

Your email address will not be published. Required fields are marked *