അച്ഛൻ എങ്ങനെ നിന്നോട് നന്നായിട്ടാണോ പെരുമാറുക, ആ ചോദ്യത്തിന്റെ അർത്ഥം എനിക്ക് അറിയാം..

അമൃത്
(രചന: Ammu Santhosh)

അനന്തപദ്മനാഭൻ എന്റെ അച്ഛനാണോ എന്ന് ആദ്യം എന്റെ മുഖത്തു നോക്കി പരിഹാസത്തോടെ ചോദിച്ചത് എന്റെ സ്കൂളിലെ പ്രധാന അധ്യാപികയാണ്.

അതേ എന്ന് പറഞ്ഞപ്പോൾ അവർ സ്കൂളിൽ എന്നെ ചേർക്കാൻ നേരം അമ്മ പൂരിപ്പിച്ചു കൊടുത്ത ഒരു ഫോം എടുത്തു കാണിച്ചു. അതിൽ അച്ഛന്റെ പേരിന്റെ നേരെ വിനോദ് എന്ന് എഴുതി യിട്ടുണ്ടായിരുന്നു.

എന്താ നിന്റെ നാവിറങ്ങിപ്പോയോ നിനക്ക് എത്ര അച്ഛനുണ്ടെടി എന്ന് ചോദിച്ചപ്പോൾ ഞാൻ മേശപ്പുറത്തിരുന്ന വെള്ളം നിറച്ച ജാർ എടുത്തു അവരുടെ മുഖത്ത് ഒഴിച്ചു.

എന്നിട്ട് പറഞ്ഞു എന്റെയച്ഛൻ അനന്തപദ്മനാഭൻ ആണ്. ഞാൻ അനന്തപദ്മനാഭന്റെ ഒറ്റ മകളാണ് എന്ന്. അതേ ഞാൻ എന്റെ അച്ഛന്റെ ഒറ്റ മകളായിരുന്നു.

ഇപ്പോഴും നല്ല ഓർമയുണ്ട്. ഞാൻ സ്കൂളിലേക്ക് പോകുമ്പോൾ വഴിയരുകിൽ അച്ഛൻ എന്നെ നോക്കി നിൽക്കുമായിരുന്നു.

ദിവസവും ഒരു മുട്ടായി നീട്ടും. അമ്മ എന്നെ വലിച്ചെടുത്തു ധൃതി യിൽ നടക്കും. എനിക്ക് അച്ഛനെ ഇഷ്ടമായിരുന്നു. അച്ഛന് കരുണ നിറഞ്ഞ കണ്ണുകളായിരുന്നു.

വിനോദ് എന്നത് എനിക്ക് ജന്മം തന്നിട്ട് ഞങ്ങളെ ഉപേക്ഷിച്ചു പോയ മനുഷ്യന്റെ പേരാണ്. അയാളെ എനിക്കോർമ്മയില്ല. ഞാനോ അമ്മയോ അയാളെ തിരഞ്ഞു പോയിട്ടുമില്ല.

ഒരു ദിവസം ഞാനും അമ്മയും സഞ്ചരിച്ച ഓട്ടോ അപകടത്തിൽ പെട്ടു. എന്റെ പരിക്കുകൾ ഗുരുതരമായിരുന്നു.

എനിക്കോർമ്മ വരുമ്പോളൊക്കെ ഞാൻ ആ മുഖം കണ്ടു കണ്ണുനീരിനാൽ നനഞ്ഞ അച്ഛന്റെ മുഖം.

“എന്റെ കുഞ്ഞാ ഒന്ന് കണ്ടോട്ടെ “എന്ന് അച്ഛൻ കെഞ്ചി ചോദിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.

അമ്മയ്ക്ക് പാവം തോന്നിയിരിക്കാം. അച്ഛൻ എന്റെ ബെഡിനരികിൽ വന്നു. എന്നെ ഉമ്മ വെച്ചു കരഞ്ഞു.. “എന്റെ മോളെ “എന്ന് നിലവിളിച്ചു..

പിന്നെ വളർന്നപ്പോൾ അച്ഛൻ എന്നോട് ഒരു കഥ പറഞ്ഞു അച്ഛനും ഒരു മകൾ ഉണ്ടായിരുന്നു എന്നെ പോലെ തന്നെ..

ഒരപകടത്തിൽ അവർ മരിച്ചു പോയപ്പോൾ അച്ഛൻ ഏറെ നാൾ ഭ്രാന്താശുപത്രിയിലായി.. ഭ്രാന്തൻ എന്ന വിളിപ്പേര് മാറാൻ ഈ നഗരത്തിൽ വന്നു. വന്ന അന്നാണ് എന്നെ ആദ്യം കാണുന്നത്.

അച്ഛന്റെ മകളുടെ അതേ മുഖമാണത്രെ എനിക്ക്. അമ്മക്ക് അച്ഛൻ എന്നോടടുക്കുന്നത് ആദ്യമൊന്നും ഇഷ്ടം ആയിരുന്നില്ല.

പിന്നെ മനസിലായിട്ടുണ്ടാവും.. അല്ലെങ്കിലും എന്റെ അച്ഛൻ പാവമാണ്..

കൂട്ടുകാരിൽ പലർക്കും അറിയാം എല്ലാം. ചിലർ ചോദിക്കും

“അച്ഛൻ എങ്ങനെ? നിന്നോട് നന്നായിട്ടാണോ പെരുമാറുക? ”

ആ ചോദ്യത്തിന്റെ അർത്ഥം എനിക്ക് അറിയാം. സ്വന്തം അച്ഛനായിരുന്നെങ്കിൽ അവർ അങ്ങനെ ചോദിക്കുമോ? ഞാൻ ഒരു ദിവസം അച്ഛനോട് അതെല്ലാം പറഞ്ഞു കരഞ്ഞു.

“അച്ചോടാ എന്റെ മോളു ഇത്ര ധൈര്യം ഇല്ലാത്തവളാണോ? പെൺകുട്ടികൾ നല്ല മിടുക്കികളാവണം.

പരിഹസിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കണം. ആക്രമിക്കാൻ വരുന്നവനെ ആക്രമിക്കുക തന്നെ..

അതിനാണ് അച്ഛൻ മോളെ കരാട്ടെ പഠിപ്പിക്കുന്നത്.. ബോൾഡ് ആവണം.. എന്റെ മോൾ ആരുടെ മുന്നിലും തല കുനിക്കരുത്. അച്ഛന് അത് ഇഷ്ടമല്ല “അച്ഛൻ മൂർച്ച യോടെ പറഞ്ഞു..

“ഇങ്ങനെ പറഞ്ഞു കൊടുത്തു് കൊച്ച് വഷളാകും കേട്ടോ “അമ്മ പുഞ്ചിരിയോടെ പറയും..

അച്ഛൻ എന്നെ ചേർത്ത് പിടിച്ചു അമ്മയെ നോക്കും

“എന്റെ മോള് മിടുക്കിയാ ”

പിന്നീട് ഒരിക്കലും ആരുടെയും മുന്നിൽ ഞാൻ തല കുനിച്ചു നിന്നില്ല.

ഞാൻ പഠിച്ചു.. നന്നായി തന്നെ.. അച്ഛൻ എന്നെ പഠിപ്പിച്ചു. വളർത്തി..

കല്യാണാലോചനകൾ വന്നപ്പോഴും പഴയ പ്രശ്നം.. വിനോദ് ആണല്ലോ അച്ഛൻ.. അപ്പൊ ഇത് രണ്ടാനച്ഛൻ ആണ് അല്ലെ..

എനിക്കൊരച്ഛനെയുള്ളൂ ഞാൻ ശാന്തമായി പറഞ്ഞു

അച്ഛൻ ഞാൻ കാണാതെ കരയുന്നത് ഞാൻ അറിഞ്ഞു. എനിക്ക് ഉടനെ കല്യാണം വേണ്ടെന്ന് ഞാൻ അച്ഛനോട് പറഞ്ഞു..

അച്ഛനെ വേദനിപ്പിക്കുന്നതൊന്നും തത്കാലം വേണ്ട.. എന്റെ അച്ഛനെ അംഗീകരിക്കുന്ന ഒരാൾ മതി എനിക്ക്..

ജന്മം കൊടുത്താലും അച്ഛൻ എന്നാ പദവിയുടെ മൂല്യം മറക്കുന്നവരുടെ ഇടയിൽ എന്റെ അച്ഛൻ എത്രയോ ഉയരത്തിലാണ് ?

ഒരു രാജകുമാരിയെപ്പോലെ എന്നെ വളർത്തിയ എന്റെ അച്ഛൻ..ഊണിലും ഉറക്കത്തിലും എന്നെ ഓർത്തു ജീവിക്കുന്ന എന്റെ അച്ഛൻ..

ആ പാവത്തിന്റെ കണ്ണ് നനയിച്ചിട്ട് എനിക്ക് എന്ത് സന്തോഷം?ഈ ഭൂമിയിലെ ഏത് സന്തോഷവും എനിക്കെന്റെ അച്ഛനിലും താഴെയാണ്..

ഈ ജന്മത്തിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നതും എനിക്ക് ഇങ്ങനെ ഒരച്ഛനെ തന്നതിലാണ്..

അച്ഛൻ എന്നത് മക്കൾക്ക് വേണ്ടി ജ്വലിക്കുന്ന കനലാണെന്ന്, അവർക്ക് വേണ്ടിയുരുകി തീരുന്ന മെഴുകുതിരിയാണെന്ന് നമ്മൾ അറിയാഞ്ഞിട്ടാണ്..

അതറിഞ്ഞു കഴിഞ്ഞാ പിന്നെ ഭൂമിയിലെ സ്വർഗം എവിടെയാണെന്ന് ചോദിച്ചാൽ നമ്മളാ മുഖം കാട്ടിക്കൊടുക്കും.. അലിവുള്ള പൊന്മുഖം അച്ഛന്റെ മുഖം..

Leave a Reply

Your email address will not be published. Required fields are marked *