എങ്ങാനും ഉറങ്ങി പോയാൽ പിന്നെ ആദ്യരാത്രി എങ്ങനെ ആഘോഷിക്കും?? അതെ .. ഇന്നെൻ്റെ ..

(രചന: Sheeja Manoj)

ടക്… ടക്… ടക്.. Sക്.. ഹൃദയം പടപടാന്നിടിച്ചു കൊണ്ടേയിരിക്കുന്നു… സമയം 9 മണി കഴിഞ്ഞതേയുള്ളൂ…

ഒന്നുകിടക്കണമെന്നാഗ്രഹമുണ്ടെക്കിലും ഇന്നത്തെ ദിവസം അങ്ങനെ കിടന്നാൽ ശരിയാകുമോ..? എങ്ങാനും ഉറങ്ങി പോയാൽ പിന്നെ ആദ്യരാത്രി എങ്ങനെ ആഘോഷിക്കും?? അതെ .. ഇന്നെൻ്റെ ആദ്യരാത്രിയാണ്..ആശിച്ചു മോഹിച്ചു കാത്തിരുന്ന ആദ്യരാത്രി..!

രണ്ടു ദിവസമായി ഉറങ്ങിയിട്ടെങ്കിലും… ഇന്നത്തെ ദിവസം മുഴുവനും ആളും ബഹളവുമൊക്കെയായി ആകെ ക്ഷീണിതയാണെക്കിലും ഇന്ന് ഞാനുറങ്ങില്ല.. കുഞ്ഞിലേ മുതൽ നാണത്തോടെ മാത്രം മറ്റുള്ളവരുടെ നാവിൻതുമ്പിൽ നിന്ന് കേട്ട് പഴകിച്ച് … നാണത്തോടെ തന്നെ മനസിനുള്ളിലായ് പൂഴ്ത്തിവച്ച ദിനം… ആദ്യരാത്രി..!

വിരുന്നുകാരൊക്കെ മടങ്ങിപ്പോയി കഴിഞ്ഞു.. എന്നിട്ടും ഈ ഏട്ടനെന്താണോ വരാത്തത്?? മനസിലുണ്ടായിരുന്ന പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചു കൊണ്ട് ആദ്യ പ്രഹരം കിട്ടി കഴിഞ്ഞു. സ്നേഹത്തോടെ ഞാൻ ‘അമ്മേ ‘ന്നു വിളിച്ച എൻ്റെ അമ്മായിയമ്മ കയ്യിലൊരു ഗ്ലാസ് പാലു പോലും തന്നു വിട്ടില്ല.. പാലില്ലാതെ എങ്ങനെ ആദ്യരാത്രി ഘോഷിക്കും??? ആകെ ടെൻഷനായി..

സമയം വീണ്ടും മുൻമ്പോട്ട്… പത്തു മണി കഴിഞ്ഞിരിക്കുന്നു… കുളി ഒക്കെ കഴിഞ്ഞ് ഒരു ചുരിദാറും എടുത്തിട്ടു.. സെറ്റുസാരിയും മുല്ലപ്പൂവും ഒക്കെ പ്രതീക്ഷിച്ച എനിക്ക് കിട്ടിയ രണ്ടാമത്തെ യടി… ഛെ.. ഇതെന്തൊരു ആദ്യരാത്രി.. ഏട്ടനൊട്ടു വരുന്നുമില്ല… ഇന്നത്തെ ദിവസം ഒന്നും കഴിക്കാൻ പറ്റിയിട്ടില്ല..

വൈകിട്ട് കഴിച്ചപ്പം ഫോർമാലിറ്റി കാണിച്ച് ഭക്ഷണത്തില് വിരലോടിച്ചിട്ട് എഴുന്നേറ്റും പോരുന്നു.. ആദ്യ ദിവസമല്ലേ.. കല്യാണപ്പെണ്ണ് വലിച്ചു വാരി കഴിക്കുന്നവളാണെന്ന് കേൾപ്പിക്കേണ്ട.. എനിക്കു പ്രിയപ്പെട്ട പല ഐറ്റംസും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു.. ഇപ്പോഴാണെക്കിൽ വിശന്നിട്ട് കുടല് കരിയുന്നു..

സമയം 11 ആയി… കണ്ണുകളടഞ്ഞു പോകുന്നു.. കിടന്നാൽ ഉറങ്ങിപ്പോകും.. അതു കൊണ്ട് കിടന്നില്ല..

.’മോള് കിടന്നോ .. അവൻ വന്നോളും.. കൂട്ടുകാരെല്ലാം കൂടിപാർട്ടി നടത്തുവാ.. മോളാകെ ക്ഷീണിച്ചിരിക്കുവല്ലേ.. കിടന്നോ കേട്ടോ… .’പറഞ്ഞിട്ട് അമ്മ പോയി.. ശ്ശൊ… എന്തൊരു കഷ്ടമാ .. എൻ്റെ ആദ്യരാത്രി കുളമായോ… എന്തു ചെയ്യും.. വീണ്ടും ടെൻഷൻ..

അവസാനം ആളെത്തി …. ഒരല്പം നാണത്തോടെ ഞാൻ ചാടി എഴുന്നേറ്റു..
സോറി… അവന്മാരെല്ലാം കൂടി പാർട്ടി കൊടുക്കണോന്നും പറഞ്ഞ് ബഹളം വച്ചപ്പോൾ.. സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു.. ദേ.. ഞാനിപ്പം ഒന്നു കുളിച്ചിട്ട് ഓടി വരാം..

വീണ്ടും കാത്തിരിപ്പ്… ആദ്യരാത്രിയല്ലേ നന്നായി തേച്ചു കുളിക്കുവായിരിക്കും.. കുളിക്കട്ടെ. വേവുവോളം കാത്തിരിക്കാമെക്കിൽ ആറുവോളവും ആവാം.. അവസാനം ഏട്ടൻ കുളി കഴിഞ്ഞ് വന്നു…

പതുക്കെ കണ്ണാടി നോക്കി മുടിയൊക്കെ ഒന്നു ചീകി.. മുഖത്തൊരല്പം ക്രീമും എടുത്തിട്ട് ഒളി കണ്ണാൽ എന്നെ ഒന്നു നോക്കി… ആ ഒറ്റനോട്ടത്തിൽ എൻ്റെ ഉറക്കവും ക്ഷീണവും എല്ലാം പമ്പ കടന്നു.., മുഖത്തോട്ട് രക്തം ഇരച്ചു കയറി… നാണിച്ച് കണ്ണുകളുയർത്താനാവാതെ ആകെ പരവശയായി..

ഹലോ… ഇങ്ങനിരുന്നാൽ മതിയോ..കിടക്കേണ്ടേ..?? സമയം ഒരു പാടായി.. ഈ ഒരു നിമിഷത്തിനു വേണ്ടിയല്ലേ ഏട്ടാ ഞാനിത്ര നേരവും കാത്തിരുന്നതെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും പറഞ്ഞില്ല.. ‘എങ്കിൽ താൻ കിടന്നോ… ആകെ ക്ഷീണിച്ചിരിക്കുവല്ലേ… ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ ഫ്രഷാകും…’

എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി തീർക്കാനുണ്ട്.. ഞാൻ വന്നോളാം.. ഒറ്റയ്ക്കു കിടക്കാൻ പേടിയൊന്നും ഇല്ലല്ലോ അല്ലേ..എന്നും പറഞ്ഞ് ആള് ചെന്ന് ലൈറ്റ് ഓഫ് ചെയ്തിട്ട് പുറത്തേക്കിറങ്ങി കതക് ചാരി.. ആദ്യരാത്രി സമാപ്തം…!