ഊർന്നു വീണ സാരിത്തലപ്പ് നേരെയാക്കി ഞാൻ ചാടിയെഴുന്നേറ്റു…. നാലു ദിവസം മുൻപ് ഒരു ജോലിക്കെന്നും പറഞ്ഞു പുറപ്പെട്ടു..

അതിജീവനം
(രചന: ഭാവനാ ബാബു)

എന്താടി ,കതകും മലർത്തി വച്ചു നീയിരുന്ന് പകൽ കിനാവ് കാണുവാണോ”?

ഇച്ചായന്റെ ശബ്ദം ഇടിമുഴക്കം പോലെയാണ് എന്റെ കാതുകളിൽ മുഴങ്ങിയത്. ഊർന്നു വീണ സാരിത്തലപ്പ് നേരെയാക്കി ഞാൻ ചാടിയെഴുന്നേറ്റു….

നാലു ദിവസം മുൻപ് ഒരു ജോലിക്കെന്നും പറഞ്ഞു പുറപ്പെട്ടു പോയ ആളാണ് ഈ പാതി രാത്രി കേറിവന്നിരിക്കുന്നത്. ഇച്ചിരി അകത്താക്കിയിട്ടുണ്ടെന്ന് ആ കണ്ണുകൾ കാണുമ്പോഴേ അറിയാം.

അത് പിന്നെ ഇച്ഛായാ നാട്ടിൽ നിന്നും, നാൻസിയുടെ
കത്ത് ഉണ്ടായിരുന്നു…അതും വായിച്ചു എന്തോ ആലോചിച്ചങ്ങനെയിരുന്നു പോയി….

“എന്താ വിശേഷം , ആ കിളവനെങ്ങാനും വടിയായോ”?

അപ്പച്ചനെക്കുറിച്ചു പറഞ്ഞത് കേട്ടപ്പോൾ എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

“ഇച്ചായൻ എന്തിനാണ് അപ്പച്ചനെക്കുറിച്ചു ഇങ്ങനെയൊക്കെ വേണ്ടാതീനം പറയുന്നത്…അങ്ങനെ എങ്ങാനും സംഭവിച്ചാൽ പാവം നാൻസിയുടെ ഗതി എന്താകും”

“ഓ അതൊന്നും എനിക്ക് അറിയാൻ മേല…നിന്റെ ചത്തു മലച്ചപോലുള്ള ഇരുപ്പ് കണ്ട് അറിയാതെ ചോദിച്ചതാണ്. നീയൊന്നു ക്ഷമി…”

എന്തായാലും ഒരു വഴക്കിന് പോകേണ്ടെന്നു കരുതി ഞാനും ആ സംസാരം നീട്ടിക്കൊണ്ട് പോയില്ല.

“നീയെന്തേലും കഴിക്കാൻ എടുത്തു വയ്ക്ക്.എനിക്ക് വിശന്നിട്ടു വയ്യ”.

“ഇവിടെ തിന്നാൻ ഒന്നുമില്ല.ഒക്കെ വാങ്ങി തന്നിട്ടാണല്ലോ യാത്ര പോയത്”…

ഞാൻ പറഞത് ശ്രദ്ധിക്കാതെ ഇച്ചായൻ വേഗം അടുക്കളയിലേക്ക് നടന്നു.

“ഇവിടെ ഒരു മണി അരിപോലുമില്ലെന്നു എനിക്കറിയാം…പക്ഷെ നിന്റെ സരസ്വതി ചേച്ചി നിന്നെ പട്ടിണിക്കിടില്ലെന്നു എനിക്കുറപ്പുണ്ട്.”

ആ പറഞ്ഞത് സത്യം തന്നെയായിരുന്നു…. ഊരും പേരും അറിയാത്ത ഈ മഹാനഗരത്തിൽ എനിക്ക് ആകെ കിട്ടിയ ഒരു കൂട്ടാണ് ചേച്ചി..അമ്മച്ചി പോയതിൽ പിന്നെ ആ സ്നേഹം എനിക്ക് തന്നിട്ടുള്ളത് ചേച്ചിയാണ്.മൂന്ന് നേരവും ആ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിച്ചാണ് ഞാൻ വിശപ്പ് അടക്കുന്നതും..

റെജിച്ചായൻ അപ്പോഴേക്കും ഊണ് കഴിക്കാൻ തുടങ്ങിയിരുന്നു… സാമ്പാറും , തോരനും, പിന്നെ ഒരു കഷ്ണം പൊരിച്ച മീനും….വിശപ്പ് ഉള്ളത് കൊണ്ട് വാരി വലിച്ചാണ് ഇച്ചായൻ ചോറുണ്ണുന്നത്…

“ഇച്ഛായാ , ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യം പിടിക്കുമോ”?

“ആദ്യം കാര്യമെന്താണെന്ന് എഴുന്നെള്ളിക്ക് . എനിക്ക് ഈ മുഖവുരയൊന്നും ഇഷ്ടമല്ലെന്നു നിനക്കറിഞ്ഞൂടെ”?

“സരസ്വതി ചേച്ചി അടുത്ത മാസം നാട്ടിലേക്ക് പോകുന്നുണ്ട്…കൂട്ടിന് എന്നെ കൂടി വിളിച്ചു…ഞാനും പൊയ്ക്കോട്ടേ ഇച്ചായാ”?

“നീ പോയാൽ പിന്നെ എന്റെ കാര്യങ്ങളോ.ഏയ് വേണ്ട അതൊന്നും ശരി ആകില്ല…ഇപ്പൊ ഒരു ബിസിനസ് ഏതാണ്ട് ഒത്തു വന്നിട്ടുണ്ട്”

“അപ്പൊ ജോലി ശരിയായോ… ആകാംഷയോടെയുള്ള എന്റെ ചോദ്യം കേട്ടതും എന്നെയൊന്നു നോക്കി.”ആ ഏതാണ്ട് ഒക്കെ ശരിയായി വരുന്നു”.

“അല്ല ആൻസീ , ഇപ്പോൾ നാട്ടിലെന്താണ് ഇത്രക്കും വിശേഷം? മുംബൈയിൽ വന്നിട്ട് ഏകദേശം ഒരു വർഷമായി ..ഇത് വരെ നീ ഇങ്ങനെ ഒരാഗ്രഹം എന്നോട് പറഞ്ഞിട്ടില്ലല്ലോ”?

“അടുത്തത്തിന്റെ അടുത്ത മാസം നാൻസിയുടെ മനസ്സമ്മതമാണ്.അവൾക്ക് വല്ലാത്ത നിർബന്ധം ഞാനും അവൾക്കൊപ്പം ഉണ്ടാകണമെന്ന്”.

“ആഹാ ,അത് കൊള്ളാല്ലോ.ആരാ ചെക്കൻ”?

“നമ്മുടെ മാത്തുക്കുട്ടി”

“ആ പൊട്ടൻ മാത്തുവോ… കഷ്ടം നിന്റെ അനിയത്തിക്ക് വേറെ വർക്കത്തുള്ള ആരേം കിട്ടിയില്ലേ ?”

“അവൻ അത്ര പൊട്ടനൊന്നുമല്ല…ഇപ്പൊ പശു കറവയൊക്കെ നിർത്തി, ഒരു സ്റ്റേഷനറി കട തുടങ്ങി.എന്തൊക്കെ പറഞ്ഞാലും, അവൻ അപ്പച്ചന്റെ മുന്നിൽ പോയി അവളെ മിന്ന് കെട്ടാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞല്ലോ”

“അത് നീ എനിക്കിട്ട് ഒന്ന് വച്ചതാണല്ലോ”.

“അങ്ങനെ എങ്കിൽ അങ്ങനെ.എനിക്ക് അവളുടെ മനസ്സു ചോദ്യത്തിന് പോകണം അത്ര തന്നെ”.

“നീ ഇപ്പൊ ഇങ്ങോട്ടും പോണില്ല.നമ്മടെ കൈയിൽ നിറയെ പൈസയൊക്കെ വന്നിട്ട് നമുക്കൊരുമിച്ചു നാട്ടിലേക്ക് പോകാം”.

“കഴിഞ്ഞ ഒരു വർഷമായി നിങ്ങൾ ഇത് തന്നെ പറയുന്നു.പള്ളിയിൽ കൊയറിൽ പാട്ട് പാടാൻ വന്ന റെജിയോട് എനിക്ക് തോന്നിയ ഒരു അടുപ്പം…അത് മറക്കാൻ പറ്റാതെ എപ്പോഴോ വല്ലാതെ വളർന്നു…അപ്പച്ചനോട് പെണ്ണ് ചോദിക്കാൻ പറഞ്ഞപ്പോൾ , സമയമായില്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറി.

ഒടുവിൽ ഒരു സുപ്രഭാതത്തിൽ “എനിക്ക് ഒരു ജോലി ശരിയായി ,നമുക്ക് ഇപ്പോൾ തന്നെ നാട് വിടണമെന്ന് പറഞ്ഞു എന്നെ നിർബന്ധിച്ചു.അന്ന് മടിച്ചു നിന്ന എന്നോട് നിങ്ങൾ ആത്മഹത്യ ഭീഷണി മുഴക്കി…ഒടുവിൽ എത്തിയതോ , ഈ മുംബൈയിലും. എന്നിട്ടോ ഒരു ജോലിക്കും പോകാതെ കള്ളും കുടിച്ചു ഇങ്ങനെ നടക്കുന്നു.”

“എന്റെ കൈയിന്നു മേടിച്ചു കൂട്ടാതെ , വല്ലതും നക്കി , പോയി കിടന്ന് ഉറങ്ങാൻ നോക്ക്.”

കുറച്ചു ചോറും , കറിയും പ്ലേറ്റിൽ ബാക്കി ഇരിക്കുന്നുണ്ടായിരുന്നു…വിശപ്പ് തീരെ ഇല്ല..ചോറിൽ വിരൽ ഇട്ട് ഞാൻ വെറുതെ കുത്തി വരച്ചു കൊണ്ടിരുന്നു… അപ്പോഴും നാൻസി എഴുതിയ വരികൾ ആയിരുന്നു മനസ്സ് നിറയെ…

“ചേച്ചിക്ക് അറിയോ, ഇപ്പൊ അപ്പച്ചൻ കുടിക്കുകയൊന്നുമില്ല.ജോലി കഴിഞ്ഞാൽ നേരെ വീട്ടിലെത്തും…ആ കൈയിൽ എന്നും ഒരു പലഹാരപ്പൊതിയും ഉണ്ടാകും…ചേച്ചിക്ക് ഏറ്റവും ഇഷ്ടമുള്ള വഴയ്ക്കാപ്പമാകും മിക്കവാറും.ഞാനത് കഴിക്കുമ്പോൾ , പാവം അപ്പച്ചന്റെ കണ്ണ് നിറയുന്നത് കാണാം.

അല്ലേലും അമ്മച്ചി പോയതിൽ പിന്നെയല്ലേ ചേച്ചീ,അപ്പച്ചൻ ഇങ്ങനെ ആയത്… ആ സങ്കടം കാണാൻ ഇനി എനിക്ക് വയ്യ…ചേച്ചിക്ക് ഇനിയെങ്കിലും ചേട്ടായിയെം കൂട്ടി നാട്ടിലേക്ക് വന്നുകൂടെ , ?

പാവം ശോശാമ്മ ചേച്ചി , ചേട്ടായി പോയതിൽ പിന്നെ ആകെ വിഷമത്തിലാണ് ആകെയുള്ള മോനല്ലേ റെജിച്ചായൻ.സഹിക്കാൻ പറ്റുമോ…?

എന്റെ മനസ്സമ്മതത്തിനെങ്കിലും നിങ്ങൾ രണ്ടാളും വരുമോ ?ശോശാമ്മ ചേച്ചിയെ ഞാനിപ്പോൾ അങ്ങനെയാണ് സമാധാനപ്പെടുത്തി വച്ചിരിക്കുന്നത് …എന്നാലും, മാത്തുക്കുട്ടിച്ചായൻ അപ്പച്ചന്റെ മുന്നിൽ പോയി സംസാരിച്ചല്ലോ…

ഒത്തിരി നന്മയുള്ള മനുഷ്യനാണ് ചേച്ചീ…എനിക്ക് സ്ത്രീധനം ഒന്നും തരേണ്ടെന്നും പറഞ്ഞു…എങ്കിലും അപ്പച്ചൻ പത്തു പവൻ കൊടുക്കാമെന്നു ഇച്ചായന് വാക്ക് കൊടുത്തു…ഈ സമയത്ത് ചേച്ചി കൂടി ഉണ്ടെങ്കിൽ ഞങ്ങൾ എത്ര സന്തോഷിച്ചേനെ….

“ചേച്ചിക്ക് വരാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല മോളേ…ഈ നരകത്തിൽ നിന്ന്‌ ഒരു മോചനം തരാൻ മരണത്തിന് മാത്രമേ ഇനി കഴിയൂ…സരസ്വതി ചേച്ചി പറഞ്ഞപോലെ… ഒരു പഴുത് കിട്ടിയാൽ രക്ഷപ്പെടണം”..പക്ഷെ ആ ധൈര്യം പോലും ചോർന്നു പോയിരിക്കുന്നു…പട്ടിണിയും ,കഷ്ടപ്പാടും… ഒപ്പം അയാളുടെ കണ്ണിൽ ചോരയില്ലാത്ത മർദനവും….

“നീ ഇത് വരെ തിന്ന് തീർന്നില്ലേ…ആ ലൈറ്റ് ഒന്ന് അടക്ക്…ബാക്കിയുള്ളോർക്ക് ഉറങ്ങണം…” ഇച്ചായന്റെ ശബ്ദം കേട്ടതും ഞാൻ ചാടിയെഴുന്നേറ്റു….

ബാക്കി വന്ന ,ചോറും ,കൂട്ടാനും വേസ്റ്റ് ബക്കറ്റിലേക്ക് നീക്കി വച്ചു…ഇന്ന് ഇനി പാത്രങ്ങൾ ഒന്നും കഴുകാൻ വയ്യ…വല്ലാത്ത ക്ഷീണം… ഇനി രാത്രി എന്റെ ദേഹത്ത് അയാളുടെ പരവേശവും , ഭ്രാന്തും കൂടി ഉണ്ടെങ്കിൽ കഥ കഴിഞ്ഞത് തന്നെ.

വായും ,മുഖവും കഴുകി റൂമിലേക്ക് ചെന്നപ്പോൾ അയാൾ നല്ല ഉറക്കം പിടിച്ചിരുന്നു… അത് കണ്ടപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി…അനക്കം ഉണ്ടാക്കാതെ , ആ.കട്ടിലിന്റെ ഓരത്ത് ഞാൻ തലയും വച്ചു കിടന്നു.

ഇന്നിനി ഉറക്കം വരില്ല…ചിന്തകൾ പൂത്ത് ,തലച്ചോറിന് കനം വച്ചു തുടങ്ങിയിരിക്കുന്നു…അപ്പോഴാണ് അയാളുടെ ഫോണിൽ തുടരെ തുടരെയുള്ള മെസ്സേജ് ടോൺ കേട്ടത്…രാത്രിയുടെ നിശബ്ദതയിൽ ആ ശബ്ദത്തിന് ഏറെ കനമുണ്ടായിരുന്നു.

ഇനിയത് ഓഫ് ചെയ്യാതെ കിടക്കാൻ പോലും പറ്റില്ല. ഞാൻ ആ ഫോൺ കൈയിലെടുത്തു….വാട്ട്‌സ് ആപ്പിലെ ഏതോ ഗ്രൂപ്പിൽ നിന്നാണ് മെസ്സേജ് വരുന്നത്…

ഒരു രസത്തിന് ഞാൻ അത് ഓപ്പണാക്കി….”ബാഡ് ബോയ്സ്”അതാണ് ഗ്രൂപ്പിന്റെ പേര്….അതിൽ തന്നെ എന്തോ വശപ്പിശക് ഉള്ളപോലെ.മടിച്ചു മടിച്ചു ഞാനത് വായിക്കാൻ തുടങ്ങി.

ഏതോ ഒരു പെണ്കുട്ടിയുമായി സൗഹൃദം കൂടാനുള്ള തിരക്കിലാണ് എല്ലാവരും…ഒരു തരം ലേലം വിളി….ഒരു ദിവസം ആ പെൺകുട്ടിയുമായി ചിലവിടാം അതാണ് കരാർ.ഇപ്പോൾ പതിനായിരം വരെ എത്തി നിൽക്കുന്നു.ഇച്ചായനാണ് ഫോട്ടോ ഇട്ടിരിക്കുന്നതെന്ന് ആ റിപ്ലൈകളിൽ നിന്നും എനിക്ക് മനസ്സിലായി…

ഞെട്ടലോടെ ഞാൻ മെസ്സേജസ് മുകളിലേക്ക് സ്ക്രോൾ ചെയ്തു…ആ പിക്ച്ചർ കണ്ടു ഞാനൊന്ന് ഞെട്ടി…അവൾക്ക് എന്റെ ഛായയായിരുന്നു….ഒരു ജീവിതം തരാൻ വലിച്ചിറക്കി കൊണ്ട് പോയ മനുഷ്യൻ എന്നെ ഓൺലൈനിൽ ലേലത്തിന് വച്ചിരിക്കുന്നു. ആ സത്യം ഉൾക്കൊള്ളാൻ കഴിയാതെ ഞാൻ ഞെളി പിരി കൊണ്ടു.അയാളെ അപ്പോൾ തന്നെ കൊന്ന് തള്ളാനുള്ള കലി എനിക്കുണ്ടായിരുന്നു. എന്നിട്ടും ഞാൻ മനസ്സിനെ ശാന്തമാക്കി…പാടില്ല,ഈ ചെകുത്താനെ കൊന്നാൽ എന്റെ വയറ്റിൽ തുടിക്കുന്ന ജീവന് വേറെ ആരുണ്ട്….

ഇന്നലെയാണ് ഞാൻ ആ സത്യം അറിഞ്ഞത്…ഒരു അമ്മയാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് തുള്ളി ചാടേണ്ടതാണ്. പക്ഷെ ഒരു തരം മരവിപ്പ് ആയിരുന്നു മനസ്സ് നിറയെ.

എന്തായാലും ഇയാളോട് പറയാതിരുന്നത് നന്നായി…അല്ലെങ്കിൽ ഇയാൾ തന്നെ ഇതിനെ ഇല്ലാതാക്കിയേനെ… ഈ നരകത്തിൽ നിന്നും എങ്ങനെ എങ്കിലും രക്ഷപ്പെടണം. ആപ്പോൾ അത് മാത്രമായിരുന്നു ,എന്റെ ലക്ഷ്യം

ഞാൻ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു…ഒരു ബാഗിൽ ആവശ്യം വേണ്ട സാധനങ്ങളൊക്കെ കുത്തിത്തിരുകി…. സരസ്വതി ചേച്ചിയുടെ ഫ്ലാറ്റിലേക്ക് ഞാൻ വേഗത്തിൽ നടന്നടുത്തു.

കുറേനേരം ബെല്ലടിച്ചപ്പോഴാണ് ചേച്ചി ഡോർ തുറന്നത്…ഈ രാത്രി എന്നെ കണ്ടതും ചേച്ചി അമ്പരന്നു…

“എന്താ മോളെ ,ഈ അസമയത്ത്, ചോദ്യം കേട്ടതും ,ഞാനാ മാറിലേക്ക് ചാഞ്ഞു ഏങ്ങിക്കരയാൻ തുടങ്ങി…ഈ കരച്ചിലും ബഹളവുമൊക്കെ കേട്ട് ചേച്ചിയുടെ ഭർത്താവ് ചന്ദ്രേട്ടനും ഞങ്ങൾക്കരികിലേക്ക് വന്നു.

ഒറ്റ ശ്വാസത്തിൽ ഞാൻ നടന്നതൊക്കെ ചേച്ചിയോട് പറഞ്ഞു….

“എനിക്ക് നാട്ടിൽ പോണം ചേച്ചീ…ഈ കുഞ്ഞിന് വേണ്ടി എനിക്ക് ജീവിക്കണം”. അപേക്ഷാസ്വരത്തിൽ ഞാൻ പറഞ്ഞു…

“ഈ സമയത്ത് നാട്ടിലേക്ക് വണ്ടിയൊന്നും ഇല്ലല്ലോ മോളേ…

ചേച്ചിയുടെ വാക്കുകൾ കേട്ടതും ഞാനാകെ തളർന്നു കസേരയിലിരുന്നു…

“സരോ , നമ്മുടെ സണ്ണിച്ചായൻ , വെളുപ്പിന് ലോഡുമായി തമിഴ്‌നാട്ടിലേക്ക് പോകുന്നുണ്ട്…അതിൽ നമുക്ക് ഇവളെ കേറ്റി വിട്ടാലോ”

“എട്ടാ ,പക്ഷെ ഇവളുടെ വീട് കോട്ടയത്തല്ലേ ?തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ഇവൾ പിന്നെ എങ്ങനെ പോകും”?

“അത് സാരമില്ല ചേച്ചീ….എനിക്ക് ഈ മുംബൈ ഒന്ന് കടന്നു കിട്ടിയാൽ മതി”

എനിക്ക് സമ്മതമാണെന്നറിഞ്ഞപ്പോൾ,
ചന്ദ്രേട്ടൻ വേഗം സണ്ണിച്ചായനെ വിളിച്ചു.

“അവൻ സമ്മതിച്ചു…തമിഴ്‌നാട്ടിൽ നിന്നും അവൻ നിന്നെ ബസ് കേറ്റി വിടും.ഒന്നു കൊണ്ടും നീ പേടിക്കേണ്ട”….

“ചേച്ചി ,ഈ സണ്ണിച്ചായൻ ആള് എങ്ങനെയാണ്”? എനിക്ക് ഇപ്പോൾ ആരെയും വിശ്വാസമില്ല ചേച്ചീ.

“നിന്നെ ഞാൻ അങ്ങനെ വല്ലവരുടെയും കൈയിൽ ഏല്പിക്കുമോ മോളേ…അവൻ മനസ്സിൽ നന്മയുള്ള ഒരുത്തനാണ്.

സരസ്വതി ചേച്ചി പറഞ്ഞാൽ പിന്നെ സംശയിക്കേണ്ട കാര്യമില്ല…ഞാൻ വെറുതെ ആ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സണ്ണിച്ചായൻ ട്രക്കുമായി വന്നു. വന്നു… ഏകദേശം നാൽപ്പത്തഞ്ചു കഴിഞ്ഞ ഒരു മധ്യവയസ്ക്കൻ ,അതായിരുന്നു സണ്ണിച്ചായൻ.

“സണ്ണി ഇതാണ് മോള്…സൂക്ഷിച്ചു കൊണ്ട് പോകണെ”സരസ്വതിച്ചേച്ചി കരുതലോടെ ഓർമ്മിപ്പിച്ചു…

വണ്ടിയിൽ കേറാൻ ഒരുങ്ങിയതും , കുറച്ചു പൈസ ചേച്ചി എനിക്ക് തന്നു…ഇനി ഒരിക്കലും നീ ഇങ്ങോട്ട് വരരുത് എന്നു കാതിലൊരു മുന്നറിയിപ്പും.

“ഇല്ല ചേച്ചി…ഇനി എന്റെ ജീവിതത്തിൽ അയാൾ ഇല്ല..നശിച്ച ഓർമ്മകൾ ഇല്ല.ഞാനും എന്റെ കുഞ്ഞും മാത്രം…

അപ്പോൾ എനിക്ക് ചേച്ചിയെ ഒന്ന് കെട്ടിപ്പിടിക്കണമെന്നു തോന്നി…ചന്ദ്രേട്ടൻ ഉള്ളത് കൊണ്ട് അതൊരു കടമായി ഞാൻ ഉള്ളിൽ കരുതി വച്ചു.കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണുനീർ ഞാൻ മറയ്ക്കാൻ ശ്രമിച്ചു.

സണ്ണിച്ചായന്റെ ഹോൺ അടി കേട്ടതും ,ഞാൻ വണ്ടിയിലേക്ക് കേറി….ഒരു മുരൾച്ചയോടെ വണ്ടി സ്റ്റാർട്ട് ആയി….ഇരുൾ നിറഞ്ഞ വഴികൾ താണ്ടി ,അതിജീവനത്തിന്റെ പ്രകാശം തേടി എന്റെ ജീവിതത്തിന്റെ യാത്ര ഇവിടെ നിന്നും തുടങ്ങുകയാണ്. പ്രത്യാശ നിറഞ്ഞ മറ്റൊരു തുടക്കം…