അമ്മയ്ക്ക് ഇപ്പൊ അച്ഛനോട് ഒട്ടും ഇഷ്ടമല്ല. ആരുടെയോ പേര് പറഞ്ഞാണ്എപ്പോഴും വഴക്ക്. അച്ഛൻ പറയും, നിനക്ക് ഭ്രാന്ത്‌..

അകലാൻ എന്തെളുപ്പം
(രചന: ശാലിനി മുരളി)

ആരുടെയും അനക്കം ഒന്നും കേൾക്കാഞ്ഞിട്ടാണ് മുറികളിലെല്ലാം കയറി നോക്കിയത്. അവധിക്കാലം ആഘോഷിക്കാൻ എത്തിയതാണ് കൊച്ചുമക്കൾ.
അപ്പൂപ്പൻ കൊച്ചുമക്കളെയും കൊണ്ട് തൊടിയിലെല്ലാം കയറിയിറങ്ങുമ്പോൾ തനിക്ക് അടുക്കളയിൽ നൂറുകൂട്ടം പണിയുണ്ടാവും..
ഓരോരുത്തരുടെയും ഇഷ്ട്ടങ്ങൾ പലതാണ്.

സ്കൂൾ അടച്ചപ്പോൾ മകൾ കുട്ടികളെ രണ്ടുപേരെയും ഏല്പിച്ചിട്ട് ഭർത്താവിനോടൊപ്പം തിരിച്ചു പോയി. അവൾക്കും മരുമകനും ബാങ്കിലാണ് ജോലി.. അവധി ആയിക്കഴിഞ്ഞാൽ പിന്നെ പകലുകളിൽ മക്കളെ തനിച്ചാക്കി പോകുന്നത് വല്ലാത്ത തലവേദന തന്നെ !
പോരെങ്കിൽ മൂത്തത് പെൺകുട്ടിയും ഇളയത് ഒരാണും..

ആരെയെങ്കിലും വിശ്വസിച്ചു വീട്ടിൽ നിർത്താനും പറ്റില്ലെന്നായിരിക്കുന്നു..
ഒരു മകനുള്ളത് വിദേശത്ത് ഭാര്യയും കുട്ടികളുമായിട്ട് കഴിയുന്നു.
വർഷാ വർഷം വന്നോന്നു മുഖം കാട്ടിയിട്ടു പോകും..
ഇനിയിപ്പോൾ വരവും കണക്കായിരിക്കും.

അച്ഛൻ ഒരു ദിവസം രാവിലെ പത്രത്തിലെ വാർത്ത ഉറക്കെ വായിക്കുന്നത് കെട്ടു..
വിമാന ടിക്കറ്റ് ഒക്കെ ഒരുപാട് കൂട്ടിയത്രേ..
പോരെങ്കിൽ രണ്ടു പെണ്മക്കൾ ഉള്ളത് കൊണ്ട് മരുമകൾ ഇപ്പോഴേ കരുതാൻ തുടങ്ങിയിരിക്കുന്നു..
അതുകൊണ്ട് ചിലവ് കൂടുമെന്ന് പറഞ്ഞു നാട്ടിലേക്കുള്ള യാത്രയും നിർത്തിയേക്കും..
എന്ത് ചെയ്യാനാ !

പ്രായമായി കഴിഞ്ഞാൽ അച്ഛനും അമ്മയും വീട്ടു കാവൽക്കാർ ആണ് ഇന്നത്തെ കാലത്ത്..
അല്ലെങ്കിലും നല്ല നിലയിൽ പഠിപ്പിച്ചു വിടുന്ന മക്കൾ വീട്ടിൽ അച്ഛനെയും അമ്മയെയും നോക്കി ഇരിക്കാൻ പറയാൻ പാടുണ്ടോ..?

പൊട്ടിച്ചിരിയും ബഹളവും കേൾക്കുന്നുണ്ടോ..
തെക്കിനി മുറിയിൽ നോക്കിയിട്ടും ആരെയും എങ്ങും കാണുന്നില്ല.
മിക്കപ്പോഴും നല്ല കാറ്റുണ്ടെന്നു പറഞ്ഞു അവിടെയാണ് ഉച്ചതിരിഞ്ഞ് ഇരിക്കാറ് പതിവ്.
എവിടെ പോയതായിരിക്കും.

മുറ്റത്തെ വെയിലൊക്കെ താന്നിരിക്കുന്നു. തുണികൾ ഒക്കെ പെറുക്കിയെടുത്തേക്കാം.
ഉണങ്ങാൻ വെച്ചിരുന്ന ഉപ്പിട്ട് പെരട്ടിയ മാങ്ങാ പൂളുകൾ വാട്ടം വെച്ചുതുടങ്ങിയിരിക്കുന്നു.
കുറച്ചു മോൾക്ക് കൊടുത്തു വിടണം. അവിടെ ഇതൊക്കെ എവിടുന്ന് കിട്ടാനാണ്.

“അമ്മൂമ്മേ ദാ ഇതുകണ്ടോ.. !”

അപ്പു കയ്യിലൊരു കരിമ്പും പിടിച്ചുകൊണ്ടു ഓടിവരുന്നു. അമ്മുവും അപ്പൂപ്പനും തൊട്ട് പിറകെ തന്നെയുണ്ട്.

“കൊള്ളാം ! മൂന്നാളും കൂടെ എവിടെ പോയതാ ഞാനിനി നോക്കാനൊരിടോം ഇല്ല.. ”

“പിള്ളാർക്ക് കുറച്ചു കരിമ്പു വെട്ടിക്കൊടുക്കാൻ ഭാസിയുടെ പറമ്പ് വരെകൊണ്ട് പോയതാ.
നീ ഇത്തിരി വെള്ളമിങ്ങെടുക്ക്.. ”

“അമ്മൂട്ടീ.. ഉടുപ്പേലൊക്കെ കറയാക്കല്ലേ..”

പിള്ളാർക്ക് ഇതൊക്കെ ഒരു കൗതുകം ആണ്.

കുട്ടികൾ എത്തിയതോടെയാണ്  വീടിനൊരു അനക്കമൊക്കെ വെച്ചത്.

ഇപ്പോൾ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി കഴിപ്പിക്കാനും കഴിക്കാനുമൊക്കെ ഒരുത്സാഹമുണ്ട്..

പഴുത്ത മാങ്ങാ പൂളിയതും, കശുവണ്ടി പഴവും, വരിക്ക ചക്കയുടെ ഉപ്പേരിയും പുഴുക്കും പിന്നെ അവധിക്കാലത്തു കിട്ടുന്ന പ്രകൃതിയുടെ എല്ലാം നന്മകളും കുട്ടികൾക്ക് എത്തിച്ചു കൊടുക്കാൻ തന്നെക്കാൾ ആവേശമാണ് അദ്ദേഹത്തിന്.

സ്വന്തമായി നട്ടുവളർത്തുന്ന പച്ചക്കറി തോട്ടത്തിലെ പയറും ചീരയും വെണ്ടയും ഒക്കെ കറിവെയ്ക്കുമ്പോൾ, കുട്ടികൾക്കും പുതിയൊരു അനുഭവം ആണ്..

വിഷമടിച്ചു രുചി കെടുത്തിയ വിഭവങ്ങളൊക്കെ നാവിൻ തുമ്പിലെ രസമുകുളകളെയെല്ലാം ശുഷ്ക്കമാക്കിയിരിക്കുന്ന കാലത്താണ് ഈ നന്മകൾ അവർക്ക് അമൃതേത്താകുന്നത് !

പഴുത്ത ചക്കയും അരിപ്പൊടിയും ശർക്കരയും ചേർത്ത് വഷണ ഇലയിൽ പൊതിഞ്ഞു
ആവി കേറ്റിയെടുത്ത അപ്പത്തിന്റെ രുചി രണ്ടാൾക്കും ഏറെ ഇഷ്ടമായെന്നു തോന്നി..
വയറു നിറയെ കഴിച്ച് തന്നെ വന്നു കെട്ടിപ്പിടിച്ചു താങ്ക്സും പറഞ്ഞാണ്
അമ്മു മുറിയിലേയ്ക്ക് പോയത്.

സന്ധ്യയ്ക്കുള്ള നാമജപത്തിനായി രണ്ടുപേരും മേല്കഴുകി വന്നു കഴിഞ്ഞിരുന്നു..
ആദ്യത്തെ രണ്ട് ദിവസം വലിയ മടിയായിരുന്നു. നിലത്തു വിരിച്ച പായയിൽ ചമ്രം പടിഞ്ഞിരിക്കാനും വിളക്കിനു മുൻപിൽ കൈകൂപ്പി പ്രാർത്ഥിക്കാനുമൊക്കെ
എന്തോ ഒരു വിമ്മിഷ്ടം പോലെ.
പക്ഷേ, അപ്പൂപ്പൻ സമ്മതിച്ചില്ല. നാപജപവും കഴിഞ്ഞ് കുറെ പുരാണ കഥകളുമൊക്കെ
പറഞ്ഞു രണ്ടുപേരെയും കയ്യിലെടുത്തു.

ഇപ്പോൾ ഇതാ വിളക്ക് കത്തിക്കാനും പൂക്കളിറുത്തു വരാനുമൊക്കെ രണ്ട് പേർക്കും
വലിയ ഉത്സാഹമായിരിക്കുന്നു..

എന്നും വൈകിട്ടു താരമോൾ വിളിക്കുമ്പോൾ ഒരുപാട് കഥകൾ പറയാനുണ്ടാവും രണ്ടാൾക്കും.

ചുരുക്കം പറഞ്ഞാൽ രണ്ടിനും ഇനി അങ്ങോട്ട്‌ വരുന്ന കാര്യം മടിയായിരിക്കുന്നു. അവളൊരു പരിഭവം പോലെയാണ് പറഞ്ഞത്..

“നീയും കൂടി അവധിയെടുത്തു രണ്ട് നാള് ഇവിടെ നിൽക്ക്..
മുകുന്ദനെയും കൂടി കൂട്ടിക്കോ..”

അവളപ്പോൾ ചിരിച്ചു കൊണ്ട് പറയും.. പിന്നെ എനിക്കുംതിരിച്ച്  ഇങ്ങോട്ട് വരാൻ തോന്നിയില്ലെങ്കിലോ എന്ന്..
അവൾ കുട്ടിയായിരുന്നപ്പോൾ നീണ്ട മുടിയും ഇരു വശത്തും പിന്നിയിട്ടു കൊണ്ട്
ഈ നടവഴിയിലെല്ലാം ഓടിനടക്കുമായിരുന്നു.

അച്ഛന്റെ സന്തത സഹചാരി !
ഇന്ന് ആഗ്രഹിച്ചിട്ടും കാലവും നേരവുമൊന്നും അനുവദിക്കുന്നുമില്ല.

“രാവിലെ പുട്ടും കടലയും പപ്പടവും കണ്ട് അപ്പൂന് വലിയ സന്തോഷമായി.  ”

ഈ അമ്മൂമ്മയ്ക്ക് എന്റെ ഇഷ്ടമൊക്കെ എങ്ങനെ അറിയാം? ”

അവൻ അത്ഭുതം കൂറി.
“അതിലിത്ര അതിശയിക്കാനൊന്നുമില്ല. മോന്റെ അമ്മയ്ക്കും ഇത് വലിയ ഇഷ്ടമായിരുന്നു.. ”

“പക്ഷെ അച്ഛന് പുട്ട് ഒട്ടും ഇഷ്ടല്ല. നെഞ്ച് എരിയുമെന്ന് പറയും.”

അമ്മുവിന്റെ പരാതി.

“അമ്മൂമ്മേ ഞാനും ചേച്ചിയും ഇനി ഇവിടെ നിന്ന് പഠിച്ചോളാം..
ഞങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് രണ്ട് പേർക്കും പേടിക്കുകയും വേണ്ട ”

അപ്പൂപ്പൻ അതുകേട്ടുറക്കെ ചിരിച്ചു.

“ഓഹ് പിന്നെ ! നിന്റെ ധൈര്യത്തിലല്ലേ ഞങ്ങൾ ഇവിടെ കഴിയേണ്ടത്.. ”

“മോൻ വിഷമിക്കണ്ട. അമ്മ വിളിക്കുമ്പോൾ ഞാൻ പറയാം അവളോട്‌..
കുഞ്ഞുങ്ങൾ ഒപ്പം ഉണ്ടെങ്കിൽ എന്ത് രസായിരിക്കും”

അത് കേട്ട് അവർ സംശയത്തോടെയാണ്  നോക്കിയത്..

“അമ്മൂമ്മയുടെ മോളൊക്കെ തന്നെയാ..
പക്ഷേങ്കിൽ എപ്പോഴും ദേഷ്യമാ..
ചുമ്മാതെ എല്ലാത്തിനും വഴക്ക് പറയും..”

പെട്ടന്ന് ഒരു നിശ്ശബ്ദത അവിടെ പടർന്നു..
അവൾ പണ്ടേ വലിയ ദേഷ്യക്കാരിയാണ്..
പോരെങ്കിൽ ഇപ്പോഴാകട്ടെ ജോലിയും തിരക്കും !

രാവിലെ കാപ്പികുടിയും കഴിഞ്ഞ് അന്നത്തെ പത്ര വാർത്തകളും പറഞ്ഞു
അപ്പൂപ്പൻ മക്കളെയും കൊണ്ട് പറമ്പിലേക്കിറങ്ങി.
ഇടയ്ക്ക് കാന്താരി പൊട്ടിച്ചത് അപ്പു അരത്തിണ്ണയിൽ കൊണ്ട് വെച്ചിട്ട് ഉറക്കെ പറഞ്ഞു..

“അപ്പൂപ്പൻ കപ്പ പറിക്കുന്നുണ്ട് കേട്ടോ. അപ്പൊ ഇന്നത്തെ കാര്യം കുശാലായി.. ”

അവന്റെ വർത്തമാനം കേട്ട് ചിരിച്ചു പോയി.  പാവത്തുങ്ങൾ !
എന്ത് സന്തോഷത്തോടെയാണ് കലർപ്പില്ലാത്ത ഈ മണ്ണിൽ ചവുട്ടി രസിക്കുന്നത്.

ഇന്നത്തെ കുട്ടികൾക്ക് നഷ്ടമാകുന്ന വലിയ അനുഗ്രഹങ്ങളും നന്മകളും.
ഇനിയിതുപോലെ കുട്ടികൾ ഒരു ഗ്രാമത്തിന്റെ സുകൃതം അറിയാൻ കഥപുസ്തകങ്ങളെ ആശ്രയിക്കേണ്ടി വരും.

അന്ന് വൈകിട്ടത്തെ യാത്ര കൃഷ്ണന്റെ അമ്പലത്തിലേക്കായിരുന്നു.
പട്ടു പാവാട തുന്നി കൊടുത്തത് അണിഞ്ഞു കണ്ണാടിയിൽ നോക്കി ഭംഗി നോക്കുന്ന
അമ്മുവിനെ കണ്ടപ്പോൾ താര കൊച്ചുകുട്ടിയായതു പോലെ തോന്നി.

അവളുടെ അതേ വട്ട മുഖം. തൊഴുതു കഴിഞ്ഞ് പടിക്കെട്ടിലിരുന്ന് പതിവുകാരോട് കുശലം പറഞ്ഞും, പടർന്നു പന്തലിച്ച ആലിന്റെ നിർമലമായ കാറ്റേറ്റും കുറച്ചു നേരം ഇരുന്നപ്പോൾ
ഈ കുട്ടികൾ തിരിച്ചു പോകുമ്പോൾ കനം കുറഞ്ഞു വരുന്ന രണ്ടു പഴയ ഹൃദയങ്ങൾക്ക്
ആ വേദന താങ്ങാനാവുമോയെന്ന വേവലാതി അറിയാതെ മനസ്സിലൊരു നൊമ്പരമായി.

രാത്രിയിൽ തണുത്ത വെള്ളം കൂജയിൽ നിന്ന് പകർന്നു കുടിക്കുന്ന അമ്മുവിന്
എന്തോ തന്നോട് പറയാനുണ്ടെന്ന് തോന്നി..
അവളുടെ മുടിയിലൂടെ പതിയെ തഴുകി ചേർത്ത് അടുത്ത് കിടത്തുമ്പോൾ
അവൾ മെല്ലെയൊന്നു എങ്ങിയതു പോലെ തോന്നി.

“എന്താ പറ്റിയത്.. അമ്മയെ കാണാൻ തോന്നുന്നുണ്ടോ..?”

“ഇല്ല.. പക്ഷേ  അച്ഛൻ ഒത്തിരി പാവമാ . അമ്മൂമ്മ അമ്മയോട് ഒന്ന് പറയുമോ
അച്ഛനോട് എപ്പോഴും വഴക്കിടല്ലെന്ന്.. ”

അതൊരു പുതിയ അറിവായിരുന്നു.
താരയാകട്ടെ ഇന്നേവരെ ഒന്നും പറഞ്ഞിട്ടുമുണ്ടായിരുന്നില്ല.
പിന്നെ എന്ത് പറ്റി?
അവളുടെ കുഞ്ഞു മുഖം കൈയ്ക്കുള്ളിൽ ഒതുക്കി പിടിച്ചു.
അടക്കിയ സ്വരത്തിൽ ആണ് ചോദിച്ചത്..

“എന്തെങ്കിലും പ്രശ്നം ഉണ്ടോ മക്കളെ അമ്മയും അച്ഛനും തമ്മിൽ.. ”

“ഉണ്ട്…രണ്ടു പേരും രണ്ടു മുറിയിലാണ് കിടക്കുന്നത്.
അമ്മയ്ക്ക് ഇപ്പൊ അച്ഛനോട് ഒട്ടും ഇഷ്ടമല്ല. ആരുടെയോ പേര് പറഞ്ഞാണ്
എപ്പോഴും വഴക്ക്. അച്ഛൻ പറയും, നിനക്ക് ഭ്രാന്ത്‌ ആണ്, സംശയരോഗമാണ്
എന്നൊക്കെ.. ആണോ അമ്മൂമ്മേ. എന്റെ അമ്മയ്ക്ക് അസുഖം ആണോ..?”

അവളുടെ വേവലാതിയോടുള്ള ചോദ്യം കേട്ട് മനസ്സ് നൊന്തു.
ഇവർക്ക് ഇത്രയും വിവരം ഇല്ലാതെ പോയോ. കൊച്ചു കുഞ്ഞുങ്ങളുടെ മുൻപിൽ വെച്ചാണോ ഇത്തരം സംസാരങ്ങൾ ഒക്കെ..

അവർ അവളുടെ മുടിയിഴകളിൽ തലോടി.

“മോള് വിഷമിക്കണ്ട. അമ്മൂമ്മ ചോദിക്കാം അമ്മയോട്.
നല്ല രണ്ട് അടി കിട്ടാത്തതിന്റെയാp കേട്ടോ..”

അത് കേട്ട് അവൾ നിഷ്കളങ്കമായി ചിരിച്ചു

അമ്മു ഉറങ്ങിക്കഴിഞ്ഞിട്ടും ഉറങ്ങാനാവാതെ ഒരു മാതൃ ഹൃദയം തേങ്ങിക്കൊണ്ടിരുന്നു..

പാവം കുട്ടി ! അവൾക്ക് എത്ര വിഷമം ഉണ്ടായിട്ടാവും തന്നോട് ഇത്  പറയാൻ തോന്നിയത്..
നേരമൊന്ന് വെളുക്കട്ടെ.. രണ്ടു ദിവസത്തെ ജോലി പോയാലും സാരല്ല്യ.
ഇങ്ങോട്ട് വരാൻ പറയണം അവളോട്.

പുറത്തെവിടെയോ പാതിരാകോഴിയുടെ കൂവൽ കേട്ടു !
രാവിലെ വാതിൽ തുറന്നു പുറത്തിറങ്ങുമ്പോൾ പതിവ് പോലെ അച്ഛൻ മുറ്റത്തെ കരിയിലകൾ കമ്പിൽ കുത്തിയെടുക്കുന്നു. നടുവിന് ലേശം വേദന ഈയിടെയായി കുറച്ചു കൂടീട്ടുണ്ട്. അതുകൊണ്ട് മുറ്റമടിക്കൽ കുറച്ചു ദിവസമായി നിർത്തി വെച്ചിരിക്കുവാണ്.
പയ്യെ അടുത്ത് ചെന്നു. എന്ത് പറയും.
എങ്ങനെ തുടങ്ങും..

“ഒന്നും പറയണ്ട.. ഞാൻ എല്ലാം അറിഞ്ഞു ”

അമ്പരപ്പോടെ നോക്കിനിന്നപ്പോൾ ആ  സ്വരം കുറച്ച് ഒന്ന് ഇടറി..

“ഇന്നലെ മോള് പറയുന്നത് ഞാനും കേട്ടു കുറച്ചൊക്കെ..
വെള്ളം എടുക്കാൻ വന്നതാ..
പക്ഷേ  കൊച്ച് പറയുന്നത് കേട്ട് വെളളം തൊണ്ടയിൽ നിന്ന് ഇറങ്ങിയില്ല.”

“നമ്മളെന്താ ചെയ്ക? ”

“ഞാൻ രാവിലെ അവളെ വിളിച്ചിരുന്നു. ഇന്ന് വെള്ളിയല്ലേ.
വൈകിട്ടോ നാളെ രാവിലെയോ എത്താൻ പറഞ്ഞിട്ടുണ്ട്.. ”

അവൾക്ക് ഇഷ്ടമുള്ളത് ഒക്കെയാണ് അന്നുണ്ടാക്കിയത്.
ഒത്തിരി നാളുകൾ കൂടിയാണ് വരുന്നത് . ഒരുപക്ഷെ ഒറ്റയ്ക്ക് ആയിരിക്കുമോ?

പക്ഷെ, പ്രതീക്ഷിച്ചതിനു വിപരീതമായി അവൾ ഉച്ചക്ക് വീട്ടിൽ എത്തി. ഒറ്റയ്ക്ക് തന്നെ.
വൈകിട്ട് എത്തിയേക്കാം എന്നാണ് മുകുന്ദൻ പറഞ്ഞതത്രേ!

ഉച്ച ഊണും കഴിഞ്ഞു മക്കൾ കളിക്കാനായി പറമ്പിലേയ്ക്ക് പോയതും, മകളെയും കൂട്ടി മുറിക്കുള്ളിലേയ്ക്ക് കയറി.

അമ്മയുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾ അവൾക്ക് ഒന്നും മനസ്സിലായില്ല. എത്ര നാള് കൂടി കാണുന്നതാണ്  എന്നിട്ട് ഒരു സന്തോഷവും കാണാനില്ല.

“എന്താണമ്മേ, അമ്മയ്ക്ക് എന്താ പറയാനുള്ളത്..”
“പറയാനല്ല, ചോദിക്കാനാണ് ചിലതൊക്കെ..”

അവൾ ഒന്ന് ഞെട്ടി.

“ഇത്തിരിയില്ലാത്ത ഒരു കുഞ്ഞ് പറഞ്ഞത് കേട്ടതിന്റെ ഷോക്കിലാണ് ഞാനും അച്ഛനും.അതിൽ എന്തെങ്കിലും സത്യം ഉണ്ടോന്ന് അറിയണം.നീയും അവനും തമ്മിൽ എന്ത് പ്രശ്നമാണുള്ളത്.”
അവൾ അനക്കം ഇല്ലാതെ ഇരുന്നു.

“എനിക്ക് പ്രശ്നം ഒന്നുമില്ല.”
“പിന്നെ, അവനാണോ പ്രശ്നം?”
“ഞാനും ജോലിക്ക് പോകുന്നുണ്ട്. പക്ഷെ എനിക്കൊരു പുരുഷ സുഹൃത്തുക്കളും ഇല്ല. ചാറ്റിങ്ങും ഇല്ല. ഇതൊക്കെ ഉള്ളവർക്ക് എന്തെങ്കിലും കുഴപ്പം കാണുമായിരിക്കും.”
അവൾ പൊട്ടിത്തെറിച്ചു.

“രാത്രി ആയാൽ ഒരോ അവളുമാരുടെ മെസ്സേജ് വായിച്ചു ഉറക്കം പോലുമില്ല. ഞാനിപ്പോൾ പ്രായമായത്രെ! എനിക്ക് വണ്ണം കൂടുന്നു, മുടി നരയ്ക്കുന്നു. കറുത്ത് തുടങ്ങി. ഗ്ലാമർ ഒട്ടുമില്ല.സാരി ഉടുക്കാൻ അറിയില്ല. ജീൻസ് ഇടുന്നില്ല, എങ്ങനെ കൂടെ കൊണ്ട് നടക്കും എന്നൊക്കെയുള്ള പ്രശ്നങ്ങൾ ആണ്.
അപ്പോൾ പിന്നെ ഞാൻ എന്ത് ചെയ്യണം. ആത്മഹത്യ ചെയ്യണോ. അതിന് എന്നെക്കിട്ടില്ല.
അതുകൊണ്ട് ആണ് സ്വയം ഒഴിഞ്ഞു മാറുന്നത്. ഇപ്പോൾ ഒരു മുറിയിൽ നിന്നേ ഒഴിഞ്ഞിട്ടുള്ളൂ. കുറച്ചു കഴിയുമ്പോൾ, ഒരുപക്ഷെ ജീവിതത്തിൽ നിന്ന് തന്നെ സെപറേറ്റ് ആയെന്ന് വരാം.”

“മായേ..”
വിളിച്ചത് അല്പം ഉറക്കെ ആയെന്ന് തോന്നുന്നു. അച്ഛൻ വാതിൽക്കൽ വന്നെത്തി നോക്കി.
അവൾ മുഖം തുടച്ചു കൊണ്ട് മുറിവിട്ട് പോകാൻ ഒരുങ്ങി.

“നിൽക്ക്.ഇതൊക്കെ നിന്റെ മാത്രം ചിന്തകൾ ആണെങ്കിലോ. മുകുന്ദൻ പറയുന്നത് മറ്റെന്തെങ്കിലും ആയാലോ.”
“എങ്കിൽ അമ്മ അത് മാത്രം വിശ്വസിച്ചാൽ മതി. എന്നെ വിട്ടേര്. ഞാൻ ഒരു സംശയരോഗിയാണല്ലോ.!
“അത് നീ അവനെക്കൊണ്ട് പറയിപ്പിച്ചിട്ടല്ലേ. നീ സ്വയം ഒന്ന് ചിന്തിക്ക്. എവിടെയാണ് തെറ്റെന്ന്. എന്നിട്ട് ഇവിടുന്ന് തിരിച്ചു പോകുമ്പോഴേയ്ക്കും ആ പഴയ മായയായിട്ട് വേണം ഇവിടുന്നു പോകാൻ. അല്ലാത്തപക്ഷം, മക്കൾ രണ്ട് പേരും ഇവിടെ തന്നെ നില്ക്കും. ഇവിടുത്തെ സ്കൂളിൽ  ചേർത്ത്  ഞങ്ങൾ പഠിപ്പിക്കും. നിങ്ങൾ രണ്ടുപേരുടെയും വഴക്ക് കണ്ടു അതുങ്ങൾ ആകെ പേടിച്ചിരിക്കുന്നു..ഇനിയെങ്കിലും നീ ഒരല്പം മാറാൻ നോക്ക്..

“ഞാൻ എങ്ങനെ മാറാനാണ്?. എനിക്ക് ഞാൻ ആകാനെ പറ്റൂ..”
“അത് ആയിക്കോ. നീ നീയായിട്ട് തന്നെ നിന്നാൽ മതി. പക്ഷെ, സ്വന്തം പുരുഷന്റെ തോന്നലുകളും, ചിന്തകളും മാറ്റിയെടുക്കാൻ നിന്നെക്കൊണ്ട് കഴിയുമല്ലോ.. ഒരു പെണ്ണിന്, അതും ഭാര്യയ്ക്ക് മാത്രമേ അത്രയും സ്വാതന്ത്ര്യം ഭർത്താവിലുള്ളൂ. അറിയുമോ.”

അമ്മ പറഞ്ഞത് മനസ്സിലായെങ്കിലും അവളുടെ ഉള്ള് ചൂട് പിടിച്ചു തന്നെ ഇരുന്നു.
എപ്പോഴും സ്ത്രീ മാത്രം മാറാൻ ഇതെന്താ പുരുഷന്മാരുടെ മാത്രം ലോകമോ?
ഭാര്യയുടെ ഇഷ്ടത്തിന് പ്രവർത്തിക്കാൻ എന്ത് കൊണ്ട് അവർക്ക് കഴിയുന്നില്ല.
മകളുടെ മനസ്സിലെ ചിന്തകൾ അമ്മയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

“നിനക്ക് ഇപ്പൊ എത്ര വയസ്സുണ്ട്. മുപ്പത്തി രണ്ട് വയസ്സുള്ള നീ അൻപത്തിയഞ്ചു കാരികളെപ്പോലെ നടന്നാൽ പിന്നെ ഏത് ആണുങ്ങൾക്കാണ് താല്പ്പര്യം തോന്നുക. നല്ല ഒരു ജോലിയും ആവശ്യത്തിന് കാശും ഉണ്ട്. എന്നിട്ടും നീയിങ്ങനെ പഴഞ്ചൻ മട്ടിൽ നടക്കാതെ ഒന്ന് മോഡേൺ ആകാൻ നോക്ക്. മാസത്തിൽ ഒരിക്കലെങ്കിലും പോയി ഒന്ന് ഫേഷ്യൽ ചെയ്യുകയോ, മുടി മിനുക്കുകയോ ഒക്കെ ചെയ്യാമല്ലോ. പിന്നെ ജീൻസും ടോപ്പും ഇട്ടാലെന്താ കുഴപ്പം. സ്വന്തം ഭർത്താവിന് ഇഷ്ടം അതാണെങ്കിൽ ധൈര്യമായി അങ്ങിടണം. നിനക്ക് അധികം വണ്ണമൊന്നുമില്ല. പിന്നെ, അത്യാവശ്യം നല്ല സുഹൃത്തുക്കൾ ഉണ്ടാകുന്നതിൽ ഒരു തെറ്റുമില്ല. നീയാണ് അവനെക്കാൾ ചെറുപ്പം അറിയാമോ.. ഇതിലൊക്കെ കൂടുതൽ ഒരമ്മ എങ്ങനെയാ ഇനി പറഞ്ഞു തരേണ്ടത്.”

അവളാകട്ടെ അമ്മയുടെ സംസാരം കേട്ട് വായും പൊളിച്ചിരുന്നു. തന്നെക്കാൾ
എത്ര വിശാലമായി ചിന്തിക്കുന്നുണ്ട് അമ്മ !

“ചെല്ല് പോയി മേലൊക്കെ കഴുകിയിട്ടു വന്നു കുഞ്ഞുങ്ങളോടൊപ്പം ഇരുന്നു കുറച്ചു നേരം നാമം ചൊല്ല്. ഇതൊക്കെ ചെയ്യാൻ നിനക്ക് അവിടെ നേരമൊന്നും കാണില്ലല്ലോ. അറിയോ, നിന്റെ മക്കൾക്ക് ഇപ്പൊ എല്ലാ കീർത്തനങ്ങളും അറിയാം..അത് അവിടെ ചെന്നാലും ഇനി മുടക്കാൻ പാടില്ല..കേട്ടോ. അവൻ വരുന്നതിനു മുൻപ് ഞാൻ എന്തെങ്കിലും കൂടി ചെയ്തു വയ്ക്കട്ടെ..”

അമ്മ മുറിവിട്ട് പോയിട്ടും അതെ ഇരിപ്പ് കുറേ നേരം കൂടി അവളിരുന്നു.
ആരുടെ ഭാഗത്താണ് തെറ്റ്?
കൂട്ടിയും കിഴിച്ചും നോക്കി..
എങ്ങും എത്താത്ത കുറെ ചോദ്യങ്ങളും ന്യായീകരണങ്ങളും സങ്കടങ്ങളും മാത്രം തനിക്ക് ചുറ്റും കിടന്നു കറങ്ങുന്നു…
വൈകിട്ട്, മക്കളോടൊപ്പം ഇരുന്ന് നാമം ചൊല്ലുമ്പോഴാണ് പടിക്കൽ ആളനക്കം കേട്ടത്..

“അച്ഛൻ..!!”

എന്ന് ആർത്തുവിളിച്ചു മക്കൾ ഓടിയിറങ്ങി..
കുറെ ദിവസങ്ങൾ കാണാതിരുന്നതിന്റെ സ്നേഹപ്രകടനങ്ങൾ അവരുടെ പെരുമാറ്റത്തിൽ മുഴുവനും പ്രകടമായിരുന്നു.. അവരെത്രമാത്രം അച്ഛനെ സ്നേഹിക്കുന്നുണ്ടെന്നതിന്റെ തെളിവ്.  അല്ലെങ്കിലും അങ്ങനെ പറിച്ചെറിയാൻ പറ്റുന്നൊരു ബന്ധമാണോ അത്‌..

അത്താഴം ആകെ ബഹളമയമായിരുന്നു. ചിരിയും തമാശയും അപ്പൂപ്പന്റെ കഥകളും പഴമ്പുരാണവും എല്ലാം കൂടി വയറും മനസ്സും വല്ലാതെ നിറഞ്ഞ് പോയി..
ഇതിനിടയിൽ മകൾ ഭർത്താവിനോട് ഒന്നും സംസാരിക്കുന്നത് കണ്ടില്ല.

കിടക്കാനായി പോകുന്ന മകളുടെ കയ്യിൽ വെള്ളം നിറച്ച ജഗ്ഗ്
ഏൽപ്പിക്കുമ്പോൾ അമർത്തിയൊന്ന് നോക്കി.

“നാളെ ഈ കല്ലിച്ച മുഖമല്ല ഞങ്ങൾക്ക് കാണേണ്ടത്.
എല്ലാം പറഞ്ഞു തീർത്ത് സന്തോഷത്തോടെ വേണം ഉറങ്ങാൻ.
ബന്ധങ്ങൾ നഷ്ടപ്പെടുത്തിക്കളയാൻ എളുപ്പമാണ്.
പക്ഷേ, തിരിച്ചു പിടിക്കാൻ അതിലേറെ പ്രയാസവും..
ഇത്രയും കാലമായിട്ടും ഞങ്ങൾ സ്നേഹിച്ചു ജീവിക്കുന്നത് നീ കാണുന്നില്ലേ..
ഞങ്ങൾക്ക് പരസ്പരം ഇഷ്ടപ്പെടാത്ത പല സ്വഭാവങ്ങളും ഉണ്ട്.
പക്ഷെ, അതൊക്കെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതം കൂടുതൽ മനോഹരമാകുന്നത്.
മക്കളെ ഇനിയും വിഷമിപ്പിക്കരുത്.അത്‌ മാത്രമേ അമ്മയ്ക്ക് പറയാനുള്ളൂ ”

ഒന്നും പറയാതെ കുനിഞ്ഞ മുഖത്തോടെ പോകുന്ന മകളെ നോക്കി ഒന്ന് നെടുവീർപ്പിട്ടു.
ഇന്നത്തെ കുട്ടികൾക്ക് ക്ഷമയൊട്ടുമില്ല. ഒരു മൊബൈൽ ഫോണും കൂടി
അവർക്കിടയിലേയ്ക്ക്  ഒരു വില്ലനായി വന്നതോടെ പരസ്പരമുള്ള വിശ്വാസം പോലുമില്ലാതായിരിക്കുന്നു !!

മുറിയിൽ അപ്പൂപ്പന്റെ ഇരുവശത്തുമായി കഥയും കേട്ട് കെട്ടിപ്പിടിച്ചു കിടക്കുന്ന
പേരക്കുട്ടികളെ കണ്ടപ്പോൾ മനസ്സൊന്ന് ആർദ്രമായി..
സ്നേഹവും സന്തോഷവും തിരിച്ചു പിടിക്കാനുള്ള അവരുടെ ശ്രമം.!
അവർ പറഞ്ഞിരുന്നില്ലെങ്കിൽ യാതൊന്നും അറിയാതെ പോയേനെ..
പെട്ടന്ന് തോന്നിയ ഒരു വാത്സല്യത്തോടെ മക്കളെ രണ്ടുപേരെയും ചേർത്ത്
ഒരു മുത്തം കൊടുത്ത് തിരിയുമ്പോൾ അപ്പു കുസൃതിയോടെ പറഞ്ഞു.

“കേട്ടോ അമ്മൂമ്മേ അപ്പൂപ്പൻ പിണക്കമാണെന്ന്..
അപ്പൂപ്പന് മാത്രം മുത്തം കൊടുത്തില്ലന്ന്.. ”

അതുകേട്ട് അമ്മു ഉറക്കെ ചിരിച്ചു.

“അപ്പൂപ്പൻ നല്ല കുട്ടിയായിട്ട് ഉറങ്ങിയാൽ ഒരു മുത്തം
കൊടുക്കാം എന്താ..”

“എങ്കിൽ ദേ.. ഞാൻ എപ്പോഴേ ഉറങ്ങി..”

അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.