ഒരോട്ടോക്കാരന്റെ മകൻ
രചന: Bhavana Babu
“ഡാ മോനേ ഇന്ന് നീ 10 മണി വരെ ഓട്ടോയുമിട്ട് കറങ്ങി നടക്കാതെ വേഗം വീട്ടിലെത്തണേ.ഇത്തിരി വൈകുമ്പോൾ തന്നെ എന്റെ ഉള്ളിലെന്തോ വല്ലാത്തൊരാധിയാണ്.”
ഓട്ടോ സ്റ്റാർട്ട് ചെയ്തു പോകാനൊരുങ്ങിയപ്പോഴാണ് ചോറ്റു പാത്രവുമായി പിന്നിൽ നിൽക്കുന്ന അച്ഛനെ, ഞാൻ കണ്ടത്.
പാത്രം വാങ്ങി വണ്ടിയുടെ പിറകിൽ വയ്ക്കുമ്പോൾ വീണ്ടും അച്ഛനെന്തൊക്കെയോ എന്നോട് പറയാനുണ്ടെന്നാ മുഖം കണ്ടപ്പോഴെനിക്ക് മനസ്സിലായി.
“എന്നും നീയെന്റെ ഓട്ടോ ഓടിച്ചുപോകുന്നത് കാണുമ്പോൾ തന്നെ അറിയാതെന്റെ കണ്ണ് നിറയാറുണ്ട്. എന്റെ മകൻ എന്നെപോലൊരു ഏഴാം കൂലിക്കാരനാകരുത് എന്ന മോഹത്തോടെയാണ് ഞാൻ നിന്നെ പി. ജി വരെ പഠിപ്പിച്ചത്. പക്ഷെ അന്നത്തെയാ നശിച്ച ആക്സിഡന്റ് കാരണം ഞാൻ കിടപ്പിലായി.എന്നെ സംരക്ഷിച്ച് നീ വലിയൊരു കടക്കാരനുമായി ”
വാക്കുകൾ ഇടറിക്കൊണ്ട് അച്ഛനത് പറഞ്ഞപ്പോൾ എനിക്കും വല്ലാത്ത വിഷമമായി
“അച്ഛൻ വീണ്ടും കഴിഞ്ഞതൊക്കെ ഓർത്ത് എന്തിനാണ് ഇങ്ങനെ സങ്കടപ്പെടുന്നത്?”
അമ്മ മരിച്ചതിൽ പിന്നെയാണ് അച്ഛൻ എന്നെയോർത്ത് ഏറെ നീറിയിട്ടുള്ളതെന്ന് ഞാനോർത്തു.
“അതല്ലെടാ മക്കളെ, ഞാൻ വരുത്തി വച്ച കടം വീട്ടാനല്ലേ നീയിങ്ങനെ പകലന്തിയോളം ഓട്ടോ ഓടുന്നത് “?തോളിലെ ചുട്ടി തോർത്തുകൊണ്ട് മിറർ തുടച്ചും കൊണ്ട് അച്ചൻ ചോദിച്ചു
“അന്ന് അച്ഛനെ ജീവനോടെ കിട്ടില്ലെന്നാണ് ഡോക്ടർമാരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്. അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കിൽ ഞാനത് എങ്ങനെ സഹിക്കുമായിരുന്നു അച്ഛാ ”
ആ ദിവസങ്ങൾ ഓർത്തുകൊണ്ട് സങ്കടത്തോടെ ഞാൻ അച്ഛനോട് ചോദിച്ചു.
“ഇതിനേക്കാൾ ഭേദം അതായിരുന്നു മക്കളെ.ഇതിപ്പോൾ എഴുന്നേറ്റു നടക്കാം. പക്ഷെ പണിയെടുത്തു ജീവിക്കാൻ പറ്റില്ല…. അന്ന് ഞാനെന്റെ ഓട്ടോയുടെ കീ പ്രാർത്ഥനയോടെ നിന്റെ ഉള്ളം കൈയിലേക്ക് വച്ചു തന്നപ്പോൾ നീയെനിക്ക് തന്നൊരു വാക്കുണ്ട്…. അതൊരിക്കലും മറന്നു പോകരുത് “.
പ്രതീക്ഷയൊടെയുള്ള അച്ഛന്റെയാ നോട്ടത്തിലുണ്ടായിരുന്നു എന്നോടുള്ള സ്നേഹവും, കരുതലുമെല്ലാം.
“ഒന്നും ഞാൻ മറന്നിട്ടില്ലച്ഛാ….ജനറൽ കാറ്റഗറിക്കാരന്റെ പട്ടിണിക്കും , പ്രശ്നങ്ങൾക്കുമൊക്കെ വേർതിരിവി ല്ലെങ്കിലും ലിസ്റ്റിൽ കേറി കൂടാൻ നല്ലോണം കഷ്ടപ്പെട്ടെ പറ്റു. ഞാൻ നന്നായി പഠിക്കുന്നുണ്ട് . വൈകാതെ അച്ഛന്റെ സ്വപ്നം ഞാൻ നിറവേറ്റും ”
ഒന്നു രണ്ട് ലിസ്റ്റിൽ എന്റെ പേരുള്ള കാര്യം ഞാൻ മനഃപൂർവം അച്ഛനിൽ നിന്നും മറച്ചു വച്ചു.
“ഉം ശരി എന്നാൽ വിട്ടോ….. പിന്നെ സ്റ്റാൻഡിലെ പ്രശ്നത്തിലൊന്നും നീ വല്ലാതങ് തലയിടാൻ നിൽക്കേണ്ട കേട്ടല്ലോ “?
അച്ഛന്റെ കാർക്കശ്യ സ്വരം കേട്ടപ്പോഴാണ് അച്ഛനെ ആസ്വസ്ഥപ്പെടുത്തുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായത്.
അച്ഛൻ ഇപ്പോഴും ഹരിയുടെ പ്രശ്നോം മനസ്സിലിട്ട് നടക്കുകയാണല്ലേ….?
“ഹരിയുടെ കാര്യമൊന്നുമല്ല… എനിക്ക് ആണായിട്ടും പെണ്ണായിട്ടും നീ മാത്രമേ യുള്ളൂ … അതിന്റെ ആധിയിൽ പറഞ്ഞതാണ്.തെറ്റായെങ്കിൽ ഈ കെളവനോട് നീയങ്ങ് ക്ഷമിക്ക് “.
അച്ഛന്റെ മുഖത്തെ പരിഭവം മറച്ചു വച്ചു കൊണ്ടായിരുന്നു എന്നോടത് പറഞ്ഞത്.
“അച്ഛാ, നമ്മൾ ഓട്ടോക്കാരും മനുഷ്യരല്ലേ, കൂട്ടത്തിലൊരുത്തനെ കൈ വച്ചാൽ പിന്നെയത് ചോദിച്ചില്ലെങ്കിൽ ആണെന്നും പറഞ്ഞു മീശ വച്ചു നടന്നിട്ടെന്തു കാര്യം “?
എന്റെ ആവേശം കേറിയ പറച്ചിൽ കേട്ടതും അച്ഛൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കാൻ തുടങ്ങി…..
“ഇതെന്താ, എന്നോട് പിണങ്ങി പോകുവാണോ “?
ഒരു ചെറു ചിരിയോടെയാണ് ഞാനത് അച്ഛനോട് ചോദിച്ചത് ….
“ഇനി ഞാൻ നിന്നാൽ ശരിയാകില്ല…. അപ്പൊ ഞാൻ കുറച്ചു മുന്നേ പറഞ്ഞത് മറക്കേണ്ട…. ഇരുട്ടും മുന്നേ വീട്ടിലെത്തണമെന്ന് ”
ഓരോന്നും ചിന്തിച്ചും കണക്കു കൂട്ടിയും സ്റ്റാൻഡിലെത്തിയപ്പോൾ ഹരിയുടെ ഓട്ടോ കിടക്കുന്നത് കണ്ടു….
“എടാ നീയിന്നു വണ്ടിയെടുത്തോ ” മുഖത്തെ മുറിവുകളിലേക്ക് മെല്ലെ തലോടിക്കൊണ്ട് ഞാനവനോട് ചോദിച്ചു.
“അടുത്ത മാസം മൂത്ത പെങ്ങളുടെ കല്യാണമല്ലേ…. അല്ലെങ്കിൽ തന്നെ ഒന്നും കൂട്ടിയാൽ കൂടുന്നില്ല…. അപ്പൊ പിന്നെ വണ്ടിയും വീട്ടിലിട്ട് സമാധാനമായി കിടന്നുറങ്ങാൻ പറ്റുമോ ഡാ “?
സങ്കടം നിറച്ചുള്ള അവന്റെ വാക്കുകൾ കേട്ടതും മറുത്തൊന്നും പറയാൻ കഴിയാതെ ഞാൻ മിണ്ടാതെ നിന്നു.
അപ്രതീക്ഷിതമായി പെയ്ത മഴ കാരണം എനിക്ക് നിറയെ ഓട്ടം കിട്ടി…. വാച്ചിൽ നോക്കിയപ്പോൾ സമയം ഒൻപതര.ഇനിയും തിരിച്ചു പോയില്ലെങ്കിൽ അച്ഛന്റെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും.അല്ലെങ്കിൽ തന്നെ രാവിലെ ഫുൾ സെന്റിയടിച്ചിട്ടാണ് എന്നെ പറഞ്ഞയച്ചത്. അങ്ങനെ റിവേഴ്സ് ഗിയറിട്ട് വണ്ടി തിരിച്ചതും തൊട്ട് മുന്നിലൊരു പെൺകുട്ടി കൈ കാണിച്ചു.
ആദ്യം അവളെ മൈൻഡ് ചെയ്യാതെ തിരിച്ചു പോകാമെന്നു കരുതിയതാണ്. അപ്പോഴാണ് പരിഭ്രമിച്ചുള്ള അവളുടെ നോട്ടവും, തോളിലെ വലിപ്പമുള്ള ബാഗും തൂങ്ങിയുള്ള നിൽപ്പും ഞാൻ ശ്രദ്ധിച്ചത്.
പിന്നെ ഒന്നും ഓർക്കാൻ നിന്നില്ല. അവളുടെ മുന്നിലേക്ക് ഞാൻ ഓട്ടോ വളച്ചു നിർത്തി….
“എങ്ങോട്ടാ “?
“അതൊക്കെ വഴിയേ പറയാം ചേട്ടാ… തല്ക്കാലം ഇപ്പൊ ഒന്നും മിണ്ടാതെ വണ്ടി നേരെ മുന്നോട്ട് വിട്ടോ ”
അതും പറഞ്ഞു അവൾ വണ്ടിയിലേക്ക് ഒറ്റ ചാട്ടം…..
“ഇതൊക്കെ എവിടുന്ന് കയറും പൊട്ടിച്ചു വരുന്നപ്പാ “എന്ന് മനസ്സിൽ പറഞ്ഞു ഞാൻ ഓട്ടോ സ്റ്റാർട്ട് ആക്കി സ്പീഡിൽ വിട്ടു.
“ചേട്ടാ കുറച്ചു കൂടി സ്പീഡിൽ, എന്റെ പുറത്ത് ചെറുതായി തോണ്ടി, അവൾ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു.
മിററിലൂടെ ഞാൻ അവളെ നോക്കിയപ്പോൾ ഫോൺ വായോട് ചേർത്തു വച്ചു അവൾ ആരോടോ പതിയെ സംസാരിക്കുകയാണ്, ഇടയിൽ അവൾ കരയുന്നുമുണ്ട്…..
“കൊച്ചേ കൊറേ നേരമായല്ലോ ഈ പോക്ക് തുടങ്ങിയിട്ട്, ഇറങ്ങാനുള്ള സ്ഥലം ഏതാണെന്നു പറ “അക്ഷമയോടെ ഞാൻ അവളോട് പറഞ്ഞു.
“ചേട്ടൻ എന്നെ ഇവിടെ ഇറക്കിയാൽ മതി ”
ചിലമ്പിച്ച ശബ്ദത്തിൽ അവൾ പറഞ്ഞു.
അപ്പോഴാണ് ഞാനാ സ്ഥലം ശ്രദ്ധിച്ചത്. പുല്ലമന കോളനി…. രാത്രി ആയാൽ കള്ളും, കഞ്ചാവും, പിന്നെ പെൺവാണിഭവും അരങ്ങേറുന്ന നാട്….
“കൊച്ചേ നിനക്ക് ഇവിടെത്തന്നെയാണോ ഇറങ്ങാനുള്ളത് “?
വിശ്വാസമാകാത്ത മട്ടിൽ ഞാൻ അവളോട് ചോദിച്ചു….
എന്റെ ചോദ്യം കേട്ടതും അവൾ ഒറ്റക്കരച്ചിൽ.
“എനിക്കിനി മരിച്ചാൽ മതി. ചേട്ടനെന്നെ ഇവിടെ ഇറക്കിയിട്ട് തിരിച്ചു പൊയ്ക്കോ “.
ഒരു തരം വാശിയോടെയാണ് അവളത് പറഞ്ഞത്.
ഈശ്വര പുലിവാലായല്ലോ എന്നോർത്ത് ഞാൻ ഓട്ടോ സഡൻ ബ്രേക്കിട്ട് നിർത്തി….
“നീ ഇങ്ങനെ കെടന്ന് മോങ്ങാതെ കാര്യം പറയ് കൊച്ചേ “?
ഉള്ളിലെ ദേഷ്യമടക്കി ഞാൻ അവളോട് ചോദിച്ചു
“അത് പിന്നെ ചേട്ടാ, ഞാൻ ആരോടും പറയാതെ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്.എന്നെ കൊണ്ട് പോകാമെന്നു പറഞ്ഞവൻ സമയമായപ്പോൾ കാലുമാറി. ആ തെണ്ടി എന്നെ തേച്ചു ”
കവിളിലൂടെ ചാലിട്ടൊഴുകിയ കണ്ണുനീർ തുടച്ചു കൊണ്ടാണ് അവളത് പറഞ്ഞത്. പക്ഷെ എനിക്കെന്തോ അവളുടെയാ സംസാരം കേട്ടതും അറിയാതെ ചിരി വന്നു.
അത് കണ്ടപ്പോഴുള്ള അവളുടെ രൂക്ഷമായ നോട്ടം ഞാൻ തീർത്തും അവഗണിച്ചു.
“ബെസ്റ്റ്…. നല്ല കാമുകൻ… അല്ല ഇനിയിപ്പോ എന്താ നിന്റെ പ്ലാൻ…. ഞാൻ നിന്നെ നിന്റെ വീട്ടിൽ കൊണ്ടാക്കട്ടെ “?
“അയ്യോ വീട്ടിലേക്കോ, അവിടേക്ക് ഞാനില്ല ചേട്ടാ എനിക്കെന്റെ അമ്മയെ പേടിയാ എന്നെ വല്ല ഹോസ്റ്റലിലും കൊണ്ടാക്കുമോ “?
“പിന്നെ പാതി രാത്രി നിന്റെ അപ്പൻ ഹോസ്റ്റൽ തുറന്ന് വച്ചിരിക്കുകയല്ലേ…. തേപ്പ് കിട്ടിയതോടെ നിന്റെ ബോധവും പോയോ കൊച്ചേ ?
ഒരൽപ്പം ദേഷ്യത്തോടെ ഞാനവളോട് ഉച്ചത്തിൽ കയർത്തു.
എന്റെ സംസാരം ശ്രദ്ധിച്ചിട്ടാകണം, വഴിയേ പോകുന്നവരൊക്കെ എന്നെ മറ്റൊരർത്ഥത്തിൽ നോക്കാൻ തുടങ്ങി …. ഇനിയും ഇവിടെ നിന്നാൽ പണി കിട്ടുമെന്ന് എനിക്ക് ഉറപ്പായി….
“നിന്റെ ഫ്രണ്ട്സ് ആരെങ്കിലും ഉണ്ടോ
ഇവിടെ “?
ആകാംഷയോടെ ഞാനവളോട് ചോദിച്ചു.
ഇല്ലെന്നർത്ഥത്തിൽ അവൾ മെല്ലെ തലയാട്ടി.
“ഒരു കാര്യം ചെയ്യാം, ഇന്ന് തല്ക്കാലം നീയെ ന്റെ വീട്ടിൽ നിൽക്ക്. നേരം വെളുക്കുമ്പോൾ ഞാനും അച്ഛനും നിന്റെ കാര്യത്തിലൊരു തീരുമാനമുണ്ടാക്കാം ”
“ങ്‌ഹേ…. ചേട്ടന്റെ വീട്ടിലേക്കോ “?
ഒരൽപ്പം പരിഭ്രമത്തോടെയാണ് അവൾ ചോദിച്ചത്….
“നിനക്ക് വിശ്വാസം ഉണ്ടെങ്കിൽ വന്നാൽ മതി. ഇല്ലെങ്കിൽ ഞാൻ നിന്നെ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ഇറക്കാം. എന്താ അത് മതിയോ “?
“അയ്യോ അത് വേണ്ട ചേട്ടാ, ചേട്ടന്റെ വീട്ടിലേക്ക് ഞാൻ വരാം “.
“നീയിങ്ങനെ എന്നെ ചേട്ടാന്നൊന്നും വിളിക്കേണ്ട… എന്റെ പേര് ശ്യാം…. എന്താ നിന്റെ പേര് “?
“ദിവ്യ…”. മൃദു സ്വരത്തിൽ അവൾ പറഞ്ഞു.
ഏകദേശം മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴാണ് ഞാൻ അവളേം കൊണ്ട് വീട്ടിലെത്തിയത്. പ്രതീക്ഷിച്ചത് പോലെ അച്ഛൻ മുറ്റത്ത് അക്ഷമനായി ഉലാത്തുന്നുണ്ട്.
ഓട്ടോയിൽ നിന്നും ഇറങ്ങി, എന്റെ പിന്നാലെ നടന്നു വരുന്ന ദിവ്യയെ കണ്ടതും അച്ചൻ ചെറുതായൊന്നു ഞെട്ടി…..
“ആരാ മോനേ ഈ പെൺകുട്ടി “? തെല്ലൊരു പരിഭ്രമത്തോടെ അച്ചൻ ചോദിച്ചു.
“അച്ചന്റെ മരുമകളാ, നിലവിളക്കും കത്തിച്ചു ഐശ്വര്യത്തോടെ അകത്തേക്ക് കേറ്റിക്കൊ ”
ചെറിയൊരു ചിരിയോടെ ഞാനത് പറഞ്ഞതും, ദിവ്യ എന്റെ നേർക്ക് ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി.
“ഏതാടാ ഈ കൊച്ചു “? ടെൻഷൻ അടിപ്പിക്കാതെ നീ കാര്യം പറയ്.”?
ഞാൻ നടന്നതൊക്കെ ഒറ്റ ശ്വാസത്തിൽ അച്ഛനെ പറഞ്ഞു കേൾപ്പിച്ചു.
“എന്റെ കൊച്ചേ നീ എന്തൊരു പണിയാ ഈ കാണിച്ചേ…. വളർത്തി വലുതാക്കിയ അച്ഛനേം അമ്മേം മറന്ന് ഇന്നലെ കണ്ട ഏതോ ഒരുത്തന്റെ പിന്നാലെ.അതുമൊരു വാഴപ്പോള പോലത്തെ നട്ടെല്ലുള്ളവന്റെ കൂടെ വല്ലാത്ത ബുദ്ധി മോശം ആയിപ്പോയല്ലോ “?
അച്ഛന്റെ കുറ്റപ്പെടുത്തൽ കേട്ടതും ദിവ്യയുടെ തല ലജ്ജയോടെ കുനിഞ്ഞു.
“മാമ, ഞാനെന്റെ പ്രണയം വീട്ടിൽ പറഞ്ഞതാണ്…. പക്ഷെ അമ്മക്ക് ഇഷ്ടമായില്ല. അതുകൊണ്ടാണ് ഞാൻ മനസ്സില്ല മനസ്സോടെ വീട് വീട്ടിറങ്ങിയത്…. പക്ഷെ അവനെന്നെ ചതിച്ചു ”
അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നു.
“എന്തായിരുന്നു നിന്റെ അമ്മ അവനു കണ്ടുപിടിച്ച കുറ്റം….?”
ചോദ്യം എന്റേതായിരുന്നു.
“കൂലിപ്പണിക്കാരനായത് കൊണ്ട് അമ്മയ്ക്കവനെ ബോധിച്ചില്ല ”
“അല്ല ദിവ്യെ നീയിത് ആരോടാ ഈ പറയുന്നത്?വർഷങ്ങൾക്ക് മുന്നേ നിന്നെക്കാൾ വലിയ തേപ്പ് കിട്ടിയ മഹാനാണ് ഈ നിൽക്കുന്ന എന്റെയച്ഛൻ ”
അത് കേട്ടതും പെട്ടെന്നച്ഛന്റെ മുഖമൊന്നു വാടി.
“ആണോ മാമ, മാമനെ ആരാ സ്നേഹിച്ചു വഞ്ചിച്ചത്?”
ദിവ്യയുടെ ചോദ്യം കേട്ടതും അച്ഛൻ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി.
ഞാൻ എന്തെങ്കിലും ചോദിച്ചു അച്ഛനെ വിഷമിപ്പിച്ചോ എന്ന അർത്ഥത്തിൽ ദിവ്യ എന്നെയൊന്നു നോക്കി….
അങ്ങനെ ഒന്നുമില്ലെന്ന് ഞാൻ അവളെ കണ്ണടച്ചു കാണിച്ചു.
“ശ്യാമേ, മോളെയും വിളിച്ചോണ്ട് വാ, നമുക്ക് അത്താഴം കഴിക്കാം.”
ദിവ്യ കൈകഴുകി ഒന്നും മിണ്ടാതെ എന്റെ പിന്നാലെ വന്നു…. ഊണു മേശയിൽ വച്ച പാത്രങ്ങളിൽ അച്ഛൻ കഞ്ഞി വിളമ്പി. ഒപ്പം പയറു തോരനും, ചുട്ട പപ്പടവും.
“മോൾക്ക് കഞ്ഞി കുടിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ”
“ഉണ്ടെന്ന് പറഞ്ഞാൽ ഇപ്പൊ അച്ഛൻ ബിരിയാണി വച്ചു തരും “ചൂട് കഞ്ഞി ഊതിയാറ്റി കുടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“ഡാ ചെക്കാ, മിണ്ടാതെ വല്ലോം അകത്താക്കി പോയി കിടക്കാൻ നോക്ക്. അവന്റെയൊരു ഇളക്കം “ദിവ്യയെ നോക്കി അർത്ഥം വച്ചൊരു നോട്ടം പാസാക്കിയാണ് അച്ഛനത് പറഞ്ഞത്.
“മാമൻ മറ്റേ കഥ പറഞ്ഞില്ലല്ലോ?”
ദിവ്യയുടെ ചോദ്യം കേട്ടതും ഇവളത് വിട്ടില്ലേ എന്ന മട്ടിൽ അച്ചൻ അവളെയും എന്നെയും മാറിമാറി നോക്കിക്കൊണ്ട് ആ സംഭവം പറയാൻ തുടങ്ങി………
“ഞാൻ അഞ്ചു വർഷം ഒരു പെൺകുട്ടിയെ ആത്മാർത്ഥമായി സ്നേഹിച്ചു. ഒരു ജീവിതമുണ്ടെങ്കിൽ അവൾക്കൊപ്പം മാത്രമെന്ന് സ്വപ്നം കണ്ടു നടന്നു. പക്ഷെ ഒരു ഗൾഫുകാരന്റെ ആലോചന വന്നപ്പോൾ അവളെന്നെ നിഷ്കരുണം ഒഴിവാക്കി. ജീവിക്കാൻ നിവൃത്തിയില്ലാത്ത ഒരു ഓട്ടോക്കാരനെ അവൾക്ക് വേണ്ടെന്ന്. അതാണ് അവളെന്റെ പ്രണയത്തിനു നൽകിയ വില.”
“വല്ലാത്ത കഷ്ടം തന്നെ ”
സങ്കടത്തോടെ ദിവ്യ പറഞ്ഞു.
“തേപ്പ് കിട്ടുന്ന ആദ്യത്തെ ആൾ നീയല്ലെന്ന് ഇപ്പോൾ നിനക്ക് മനസ്സിലായല്ലോ?ദിവ്യയെ നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
“അനുഭവിക്കുന്നവർക്കേ അതിന്റെ സങ്കടം മനസ്സിലാകൂ.അല്ലെ മാമാ “?
വിഷമത്തോടെ അച്ഛന്റെ മുഖത്തേക്ക് നോക്കികൊണ്ട് ദിവ്യ പറഞ്ഞു.
“ശരിയാണ് മോളെ….. ഒന്നു രണ്ട് വർഷമെടുത്തു പിന്നെയെല്ലാം ഒന്ന് നേരെ ആകുവാൻ. അപ്പോഴാണ് കീർത്തിയുടെ ആലോചന എനിക്ക് വരുന്നതും, ഞാൻ അവളെ എല്ലാം അറിയിച്ചു കൊണ്ട് വിവാഹം കഴിക്കുന്നതും. പതിയെ ഞാൻ അവളുടെ സ്നേഹം മനസ്സിലാക്കി അവളെ ജീവനോളം സ്നേഹിച്ചു. പക്ഷെ ഒരുപാട് കാലം അവൾ എനിക്കൊപ്പം ഉണ്ടായില്ലല്ലോ എന്നൊരു സങ്കടം മാത്രം ബാക്കിയായി.”
“അല്ല, നിന്റെ അമ്മക്ക് സത്യത്തിൽ എന്താ പ്രശ്നം? അല്ലെങ്കിലും നീ സ്നേഹിച്ച ചെക്കൻ ഒരു കഴിവില്ലാത്തവനാണ് മോളെ “.
“അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ മോളേയുള്ളു . അച്ഛൻ ആളൊരു പാവമാണ്. പക്ഷെ അമ്മ ഭയങ്കര വാശിക്കാരിയാ…. വെട്ടൊന്ന് മുറി രണ്ട്. അതാണ് പ്രകൃതം ”
കഞ്ഞിയിൽ സ്പൂണിട്ട് മെല്ലെ ഇളക്കി കൊണ്ട് ദിവ്യ പറഞ്ഞു.
“എന്തായാലും, നാളെ രാവിലെ തന്നെ മോളെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കണം ”
അച്ഛൻ പറയുന്നത് കേട്ടതും ദിവ്യ ചാടിയെഴുന്നേറ്റു.
“അയ്യോ അച്ഛാ, അതെനിക്ക് പേടിയാ…. നേരത്തെ ശ്യാമേട്ടനോടും ഞാനത് പറഞ്ഞതാ “.
ഇല്ലെയെന്നർത്ഥത്തിൽ അവളെന്നെ പാളി നോക്കി.
“മോളൊന്നും വിചാരിക്കരുത്…. എന്റെ മോന്റെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല. നാളെ മോളുടെ പേരിൽ അവനെന്തെങ്കിലും പേര് ദോഷം ഉണ്ടായാൽ, എനിക്കത് സഹിക്കാൻ പറ്റില്ല “.
അച്ഛന്റെ വാക്കുകൾ ശരിയാണെന്നു എനിക്ക് മനസ്സിലായി.പക്ഷെ ദിവ്യ ഇപ്പോഴും അന്ധാ ളിച്ചിരിപ്പാണ്
“ദിവ്യെ, നീയെന്തിനാ ഇങ്ങനെ പേടിക്കുന്നത്? നിന്നെ നാളെ നിന്റെ വീട്ടുകാരെ ഏൽപ്പിക്കുന്നു. എന്നെ കുറിച്ച് നിനക്കോ, നിന്റെ വീട്ടുകാർക്കോ ഒരു പരാതിയുമില്ലെന്ന് അവരിൽ നിന്ന് എഴുതി വാങ്ങുന്നു…. ഇത്രേ ഉള്ളൂ കാര്യം “.
കാര്യങ്ങൾ ലാഘവത്തോടെ പറഞ്ഞിട്ടും, ദിവ്യയുടെ പേടി മാറിയില്ലെന്ന് അവളുടെ മുഖം കണ്ടപ്പോൾ തന്നെയെനിക്ക് ഉറപ്പായിരുന്നു.
“നാളത്തെ കാര്യം ആലോചിച്ചു ടെൻഷൻ അടിക്കാതെ മോളിപ്പം ചെന്ന് കിടക്കാൻ നോക്ക്… ശ്യാമേ, നിന്റെ മുറി മോൾക്ക് ഒഴിഞ്ഞു കൊടുത്തിട്ട്, നീ എനിക്കൊപ്പം വന്ന് കിടക്ക് ”
ലൈറ്റ് ഓഫ് ആക്കി അച്ഛനൊപ്പം കിടന്നപ്പോൾ അച്ഛന്റെ മനസ്സ് വല്ലാതെ ആസ്വസ്ഥമാണെന്ന് എനിക്ക് മനസ്സിലായി.
അച്ഛൻ എന്താണ് ഒന്നും മിണ്ടാത്തത്? എന്തോ കാര്യമായി കറങ്ങുന്നുണ്ടല്ലോ മനസ്സിൽ ”
അച്ചനെ പറ്റി ചേർന്നു കിടന്നു കൊണ്ടാണ് ഞാൻ ചോദിച്ചത്.
“എടാ, ആ. ദിവ്യ കൊള്ളാം അല്ലെ…. നല്ല കൊച്ച് ”
അച്ഛൻ എന്നെയും, അവളെയും ഓർത്തു എന്തൊക്കെയോ കിനാവ് കാണുകയാണെന്നെനിക്ക് മനസ്സിലായി.
“ഇതെങ്ങോട്ട് കേറി കേറി പോകുന്നത്? മതി നിർത്തിക്കെ. എനിക്ക് നല്ല ഉറക്കം വരുന്നു. ബാക്കി കഥയൊക്കെ നാളെ സ്റ്റേഷനിൽ ചെന്നിട്ട് .”
തിരിഞ്ഞു കിടന്ന് ഉറങ്ങാൻ തുടങ്ങി യപ്പോഴാണ് വീണ്ടും അച്ഛന്റെ വകയൊരു ചോദ്യം .
“അല്ലേടാ, മോനെ സത്യത്തിൽ നിനക്കവളെ കണ്ടിട്ട് ഒന്നും തോന്നിയില്ലേ.”
“ഒരു പെണ്ണിനെ ആദ്യം കാണുമ്പോ തന്നെ എന്തോന്ന് തോന്നാൻ ? ഇപ്പോഴല്ലേ അച്ഛന്റെ സൂക്കേടെനിക്ക് പിടികിട്ടിയത് . ഇങ്ങനെ ഒറ്റ നോട്ടത്തിൽ കണ്ട് മയങ്ങി പ്രേമിച്ചു പിന്നാലെ പോയത് കൊണ്ടാണ്, ആ രാജി ചുമരിൽ തേച്ചൊട്ടിച്ചു പൊടിയും തട്ടി പോയത്.”
രാജിയുടെ പേര് കേട്ടതും അച്ഛന്റെ മിണ്ടാട്ടം തന്നെ നിന്നുപോയി.
“നിന്നോട് പറഞ്ഞിട്ട് ഒരു കാര്യോമില്ല. എനിക്കെ നന്നായിട്ട് ഉറക്കം വരുന്നു ”
അതും പറഞ്ഞു, പുതപ്പ് തലയിലേക്ക് വലിച്ചിട്ടു അച്ഛൻ തിരിഞ്ഞു കിടന്നു.
പിറ്റേദിവസം രാവിലെ അച്ഛനും, ഞാനും കൂടിയാണ് ദിവ്യക്കൊപ്പം സ്റ്റേഷനിലേക്ക് പോയത്.
കുറച്ചു നേരം കാത്തിരുന്നപ്പോൾ എസ്. ഐ വന്നു. കോൺസ്റ്റബിൾ ഞങ്ങളെ അദേഹത്തിന്റെ ക്യാബിനിലേക്ക് കൊണ്ടു പോയി.
ആദ്യം എസ്. ഐ യെ കണ്ട് ദിവ്യ ഒന്ന് പരുങ്ങിയെങ്കിലും,പിന്നീട് നടന്നതെല്ലാം വിശദമായി തന്നെ അവൾ പറഞ്ഞു. ഒടുവിൽ അവൾ വീട്ടിലെ നമ്പർ അദ്ദേഹത്തിന് കൈമാറി.
ദിവ്യയുടെ വീട്ടുകാർ എത്തിയിട്ടേ ഞങ്ങൾക്ക് പോകാൻ കഴിയൂ എന്ന് കോൺസ്റ്റബിൾ അറിയിച്ചതും, ഞാൻ അച്ഛനെയും കൊണ്ട് മെല്ലെ പുറത്തേക്ക് ഇറങ്ങി.
ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് ഒരു സ്ത്രീ കരഞ്ഞു വിളിച്ചു കൊണ്ട് എസ് ഐ യുടെ ക്യാബിനിലേക്ക് ഓടി കയറിയത്.
ദിവ്യയുടെ അമ്മ വന്നിട്ടുണ്ടെന്ന് കോൺസ്റ്റബിൾ അറിയിച്ചതോടെ ഞങ്ങൾ വീണ്ടും എസ് ഐ യുടെ ക്യാബിനിലേക്ക് പോയി.
ദിവ്യയെ അവർ രൂക്ഷമായി എന്തൊക്കെയോ പറയുന്നുണ്ട്. അത് കേട്ടിട്ടും അവൾ ഒന്നും മിണ്ടാതെ തലകുനിച്ചുനിന്നു കരയുകയാണ്.
“ഇതാണ് നിങ്ങളുടെ മകളെ വഴിയിൽ വലിച്ചെറിയാതെ രക്ഷിച്ച ചെറുപ്പക്കാരൻ. ഒപ്പമുള്ളത് അവന്റെ അച്ഛനാണ് .”
എസ് ഐ യുടെ വാക്കുകൾ കേട്ടതും അവളുടെ അമ്മ എന്നെയും അച്ഛനെയും മാറി മാറി നോക്കി.
“രാജി……… രാജലക്ഷ്മി” അച്ചന്റെ ചുണ്ടുകൾ മന്ത്രിക്കുന്നത് കേട്ട് നടുക്കത്തോടെ ഞാനവരെ നോക്കി.
“ശ്യാം ഇതാണ് എന്റെ അമ്മ “എങ്ങൽ അടക്കി കൊണ്ട് ദിവ്യ പറഞ്ഞു.
അച്ചന്റെ മുഖത്തേക്ക് ഒരു വട്ടം നോക്കിയതോടെ അവർ ജാള്യതയോടെ നോട്ടം പിൻവലിച്ചു.
ഭാവിയിൽ ദിവ്യയെ കൊണ്ട് ഒരു പ്രശ്നവും എനിക്ക് വരാത്ത രീതിയിൽ കാര്യങ്ങളൊക്കെ സോൾവ് ചെയ്ത്, ഞാനും അച്ഛനും സ്റ്റേഷന്റെ വെളിയിലേക്കിറങ്ങി. അച്ഛൻ കുറച്ചു മുന്നിലായിട്ടാണ് നടന്നത്
“മോനേ ഒത്തിരി നന്ദിയുണ്ട് കേട്ടോ” ദിവ്യയുടെ അമ്മയുടെ സ്നേഹം നിറച്ച സംസാരം കേട്ടതും എനിക്കെന്തോ വല്ലാത്ത അരിശം വന്നു.
“എനിക്ക് നിങ്ങളുടെ നന്ദിയും, കടപ്പാടുമൊന്നും വേണ്ട.കൂലിപ്പണിക്കാർ എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും അലർജിയാണ്. ഞാൻ ഇന്നലെ നിങ്ങളുടെ മകളോട് കാണിച്ച സംസ്കാരമെനിക്ക് പകർന്നു തന്നത് എന്റെ അച്ഛനും അമ്മയുമാണ്. ആന്റിക്ക് ഓട്ടോക്കാരെന്ന് കേൾക്കുമ്പോഴേ പുച്ഛമല്ലേ? “അകലെ നിൽക്കുന്ന അച്ഛനെ നോക്കികൊണ്ട് ഞാൻ അവരോട് ചോദിച്ചു.
അച്ഛനെ തേച്ചിട്ട് പോയ ആ സ്ത്രീയോട് അത്രയെങ്കിലും പറയണമെന്നെനിക്ക് തോന്നി.
എന്റെ ചോദ്യത്തിന് ഉത്തരമായി വിളറിയ ഒരു ചിരിയോടെ അവർ ദിവ്യയെയും കൊണ്ട് വേഗത്തിൽ നടന്നു പോയി.
അഞ്ചാറ് ചുവട് നടന്നതും ദിവ്യയെന്നെ മെല്ലെയൊന്ന് തിരിഞ്ഞു നോക്കി. ഞങ്ങളുടെ കണ്ണുകൾ പരസ്പരംഅറിയാതൊന്നു ഉടക്കിയതും, വേർപിരിയലിന്റെ ചെറിയൊരു വേദന കാരണം ചെറു ചിരിയോടെ ഞാൻ പിന്തിരിഞ്ഞു നടന്നു.
“അല്ല, നീയിന്ന് വണ്ടിയെടുക്കുന്നില്ലേ “?
എന്റെ മുഖത്തെ മാറ്റം ശ്രദ്ധിച്ചുകൊണ്ടാണ് അച്ഛനത് ചോദിച്ചത്.
“ഇന്ന് നമുക്കൊരു സിനിമയൊക്കെ കണ്ട് പുറത്തുന്ന് ഫുടൊക്കെ കഴിച്ചു പതുക്കെ വീട്ടിൽ പോകാം. കുറേ നാളായില്ലേ അച്ഛാ നമ്മൾ ഇങ്ങനെയൊന്ന് എൻജോയ് ചെയ്തിട്ട് “?
ഉള്ളിലെവിടെയോ അടക്കി വച്ച സങ്കടം പുറത്തു കാണിക്കാതെ ഞാൻ അച്ഛനോട് പറഞ്ഞു.
“എന്നാലും ദിവ്യയുടെ അമ്മ രാജിയാകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല മോനെ “.
“സന്തോഷമായില്ലേ ഗോപിയേട്ടാ ഒരു ചെറു ചിരിയോടെ ഞാൻ അച്ഛനോട് ചോദിച്ചു.
“നിനക്ക് ദിവ്യയെ ഇഷ്ടമാണെങ്കിൽ നമുക്കത് ആലോചിക്കാം “.
അച്ഛൻ വീണ്ടും അവളെ കുറിച്ച് പറഞ്ഞപ്പോൾ എനിക്കെന്തോ ഇഷ്ടമായില്ല.
“ദേ അച്ഛാ, എനിക്കിപ്പോൾ നല്ല ദേഷ്യം വരുന്നുണ്ട് കേട്ടോ. ഇന്നലെ രാത്രി തന്നെ ഞാനെല്ലാം ക്ലിയർ ആയി പറഞ്ഞതാണ് എനിക്ക് അവളോട് ഒരു പ്രേമോമില്ലെന്നു ”
“ഈശ്വരാ ഈ ചെക്കന്റെ മനസ്സെന്തോന്ന്? കല്ലോ, ഇരുമ്പോ മറ്റോ ആണോ?”
പിന്നിൽ നിന്നും അച്ഛൻ പിറുപിറുക്കുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.
ചക്രങ്ങൾക്ക് വേഗം കൂടി ഓട്ടോ മുന്നോട്ട് പായുമ്പോഴും മറക്കാൻ പറ്റാത്ത വിധം ദിവ്യയൊരു ചെറിയ വേദനയായി എന്റെ ഹൃദയത്തിലെവിടെയോ ഒരു കുഞ്ഞു പൊട്ടിനോളം വലുപ്പത്തിൽ പറ്റിച്ചേർന്നു.